അതറിഞ്ഞോണ്ട് തന്നാ  വീട്ടിൽ വന്നു അന്തസായി പെണ്ണ് ചോദിക്കാൻ തീരുമാനിച്ചത്…പിന്നെന്താ പ്രശ്നം..

എഴുത്ത്: കർണൻ സൂര്യപുത്രൻ

==============

കോഫീ ഷോപ്പിന്റെ മൂലയിലെ ടേബിളിൽ അവൾക്കു അഭിമുഖമായി  അരുൺ ഇരിപ്പ് തുടങ്ങിയിട്ട് കുറെ നേരമായി..അവൾ ഒന്നും മിണ്ടാതെ ജാലകത്തിലൂടെ പുറം കാഴ്ചകൾ നോക്കി ഇരിക്കുന്നു…പുറത്ത് മഴ പെയ്യുന്നുണ്ട്..

“വൃന്ദാ…” അരുൺ വിളിച്ചു..അവൾ അവനെ നോക്കി..

“താനൊന്നും പറഞ്ഞില്ല?”

“ഞാനെന്തു പറയാനാ?”…

“എടോ, എനിക്കു തന്റെ അവസ്ഥയൊക്കെ മനസിലാകും…അതറിഞ്ഞോണ്ട് തന്നാ  വീട്ടിൽ വന്നു അന്തസായി പെണ്ണ് ചോദിക്കാൻ തീരുമാനിച്ചത്…പിന്നെന്താ പ്രശ്നം?”

വൃന്ദ, മെല്ലെ ചായ കപ്പ്‌ എടുത്തു കുടിച്ചു..

“അരുണേട്ടാ…ഇത്  ശരിയാകുമെന്നു തോന്നുന്നില്ല..നിങ്ങളുടേത് ഒരു വലിയ കുടുംബമാണ്….എല്ലാവരും നല്ല നിലയിൽ ജീവിക്കുന്നവർ..ഞാനോ?..എന്റെ ഒൻപതാമത്തെ  വയസിൽ  അമ്മ വേറൊരാളുടെ കൂടെ ഓടിപ്പോയി..അതും അച്ഛന്റെ കൂട്ടുകാരന്റെ കൂടെ..ആ  ഷോക്കിൽ നിന്ന് പുറത്ത് വരാൻ കഴിയാതെ  അച്ഛൻ ആത്മഹത്യ ചെയ്തു..അച്ഛമ്മയാ ഇത്ര വരെ നോക്കിയത്..അവർക്ക് പ്രായമായി….രോഗിയുമാണ്..അവരെ സംരക്ഷിക്കാനാ  നിങ്ങളുടെ കടയിൽ സെയിൽസ് ഗേൾ ആയി  ജോലി ചെയ്യുന്നെ…ആ  എന്നെയാണോ നിങ്ങളുടെ വീട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ടു പോകേണ്ടത്??? നല്ല കാര്യം!!!”

“ഇതൊക്കെ എനിക്ക് അറിയാവുന്നതല്ലേ…?”

“എല്ലാം അറിഞ്ഞുകൊണ്ടാണോ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നെ…ഷോപ്പിലെ മറ്റുള്ളവരുടെ നോട്ടവും കമന്റടിയുമൊക്കെ നിങ്ങൾക്ക് കാണേണ്ടിവരുന്നില്ല…ഇതൊക്കെ ഞാനാ നേരിടുന്നെ…നിങ്ങളെ ഞാൻ വശീകരിച്ചു വച്ചിരിക്കുകയാണെന്നാ കാഷ്യർ സിന്ധു ചേച്ചി പറഞ്ഞത്…..”

അവളുടെ കണ്ണുകൾ  നിറഞ്ഞൊഴുകി….

“ഞങ്ങളൊക്കെ പാവപ്പെട്ടവരാ…ചെറിയ ലോകം, ചെറിയ  സ്വപ്‌നങ്ങൾ…എന്തൊക്കെ സഹിച്ചും ക്ഷമിച്ചുമാണ് ഓരോ ദിവസവും  കടന്നു പോകുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലും പറ്റില്ല…ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു പെണ്ണ്….വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തും വരെ എന്തൊക്കെ നേരിടുന്നു എന്നറിയാമോ?. റോഡിൽ, ബസിൽ, കടയിൽ…നോട്ടം കൊണ്ടും സംസാരം കൊണ്ടും ശരീരത്തെ കീറി മുറിക്കുന്നവർ….ഒരാശ്വാസത്തിനു സോഷ്യൽ മീഡിയയിൽ കയറിയാൽ  അവിടെയും….ഇതെല്ലാം അവഗണിച്ചു നില നിൽപ്പിന് വേണ്ടി ജോലി ചെയ്യാൻ ശ്രമിക്കുമ്പോൾ നിങ്ങളും….എനിക്കു മടുത്തു….”

അവൾ വിതുമ്പി കരഞ്ഞു…അരുൺ ടേബിളിന് മുകളിൽ ഇരുന്ന അവളുടെ കൈ പിടിച്ചമർത്തി…..

“എടോ…താനിങ്ങനെ കരയാതെ…. “

“ഇതൊന്നും എനിക്കു ഷോപ്പിൽ വച്ചു പറയാൻ പറ്റില്ല…അരുണേട്ടന്റെ കേബിനിലേക്ക് ഞാൻ  കയറുമ്പോൾ  തന്നെ  അർത്ഥം വച്ചുള്ള ചിരിയാണ് എല്ലാർക്കും…അതാ  വിളിച്ച ഉടനെ ഇങ്ങോട്ട് വന്നത്….ഇതൊന്നു പറയാൻ…ഉപദ്രവിക്കരുത്…ജോലി മതിയാക്കിയാലോ എന്ന് പല തവണ ആലോചിച്ചതാ…നിവൃത്തികേട് കൊണ്ടാ പിന്നേം വരുന്നത്…പക്ഷേ ഇനിയും അരുണേട്ടൻ ഇങ്ങനെ തന്നെയാണെങ്കിൽ ഞാൻ  ഷോപ്പിലേക്ക് വരില്ല…”

അവൾ എണീറ്റു….അരുണും….പുറത്തിറങ്ങിയപ്പോൾ ചെറിയ  ചാറ്റൽ മഴ മാത്രമേ ഉള്ളൂ…അവൾ കുട തുറന്ന് അവനെ  നോക്കി…

“പോട്ടെ അരുണേട്ടാ….വിഷമിപ്പിച്ചെങ്കിൽ മാപ്പ്…ഞാൻ ഒരിക്കലും അരുണേട്ടന് ചേരില്ല…”

അവൾ  നടന്നകലുന്നതും നോക്കി അരുൺ നിന്നു….

പിറ്റേ ദിവസം രാവിലെ  തന്നെ അരുൺ തന്റെ  ടെക്സ്റ്റ്‌ടൈൽ ഷോപ്പിൽ എത്തി…ടൗണിൽ തന്നെ  ഉള്ള കടയാണ്….അത്യാവശ്യം നല്ല കച്ചവടം ഉണ്ട്‌….രാവിലെ ആയതിനാലാവണം  തിരക്കൊന്നുമില്ല…മൂന്നോ നാലോ കസ്റ്റമേഴ്സ് മാത്രമേ ഉള്ളൂ…ലേഡീസ് സെക്ഷനിൽ ഡ്രെസ്സുകൾ മടക്കി വെക്കുന്ന വൃന്ദയെ  അരുൺ കണ്ടു…

“വൃന്ദാ….ഇങ്ങു വാ…” അരുൺ ഉറക്കെ വിളിച്ചു….എല്ലാരും അവനെ നോക്കി..അവൾ  ഭയത്തോടെ അവന്റെ അടുത്തേക്ക് വന്നു…അരുൺ അവളുടെ  കൈയിൽ പിടിച്ചു വലിച്ചു കൗണ്ടറിനു അടുത്ത് വന്നു…

“എന്റെ സ്റ്റാഫ്‌ എല്ലാരും ഒന്നിങ്ങോട്ട് വാ…കുറച്ച് സംസാരിക്കാൻ ഉണ്ട്‌… “

അവൻ കസ്റ്റമേഴ്സിനെ നോക്കി..

“ഒരു നിമിഷം വെയിറ്റ് ചെയ്യണേ പ്ലീസ്‌.. “

അവർ തലയാട്ടി…സ്റ്റാഫ്‌  7 പേരും സെക്യൂരിറ്റിയും കൗണ്ടറിനു അടുത്തേക്ക് വന്നു…കൗണ്ടറിൽ ഇരുന്ന സിന്ധു എഴുന്നേറ്റു നിന്ന് അമ്പരപ്പോടെ നോക്കി…

“എന്റെ അപ്പൂപ്പൻ തുടങ്ങിയതാണ് ഈ കട..അന്ന് ഇത് വളരെ  ചെറുതായിരുന്നു..അച്ഛന്റെ കാലമായപ്പോൾ കട  വലുതാക്കി..പക്ഷേ  കുറച്ചു കഴിഞ്ഞപ്പോൾ  ബിസിനസ്‌ നഷ്ടത്തിലായി..കഴുത്തോളം കടം കയറി ജീവിതം  വഴിമുട്ടിയപ്പോൾ എല്ലാരും കൂടി ആ ത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാ…പക്ഷേ  ഞാൻ അച്ഛന് ധൈര്യം നൽകി…അങ്ങനെ പാതി വഴിയിൽ പഠനം ഉപേക്ഷിച്ചു ഞാനും അച്ഛന്റെ കൂടെ രാപകൽ ഇല്ലാതെ അധ്വാനിച്ചു….അങ്ങനാ ഈ നിലയിൽ  എത്തിയത്…ഇന്ന് എല്ലാം ഉണ്ട്‌..ഈ കട കൂടാതെ വേറെ മൂന്നു ബിസിനസും ഉണ്ട്‌…ഇതൊന്നും പാരമ്പര്യമായി  കിട്ടിയതല്ല..നല്ല വണ്ണം  കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ….”

അരുൺ ഒന്ന് നിർത്തി…

“പറഞ്ഞു വന്നത്, ഒരാളുടെ കഷ്ടപ്പാട് എനിക്കു മനസിലാകും…അതൊക്കെ കൊണ്ട് തന്നെയാ  നിങ്ങളോടൊക്കെ വളരെ  സ്നേഹത്തോടെ പെരുമാറുന്നത്…പക്ഷേ  ഇവിടെ ചിലർ ഈ  പെങ്കൊച്ചിനെ പറ്റി വേണ്ടാത്തത് പറഞ്ഞു  നടക്കുന്നുണ്ടെന്നു ഞാൻ  അറിഞ്ഞു…ശരിയാ , എനിക്ക് ഇവളെ  ഒരുപാട് ഇഷ്ടം ആണ്…അത്  നീയൊക്കെ കരുതുംപോലെ കാര്യം  കഴിഞ്ഞ് ഒഴിവാക്കാൻ  അല്ല….മരണം വരെ  കൂടെ ഉണ്ടാവാനാ…ഒരു കാര്യം കൂടി പറയാനുണ്ട്…ഇന്നല്ലെങ്കിൽനാളെ ഞാൻ ഇവളെ വിവാഹം കഴിക്കും..അതായത് എന്റെ ഭാര്യയാകാൻ പോകുന്ന പെണ്ണാണിത്…ഇവളെ പറ്റി അനാവശ്യം പറയുന്നവരെ അടിച്ചു കരണം പുകയ്ക്കും…അത്  ആണായാലും  പെണ്ണായാലും…കേട്ടല്ലോ???..ഇനി എല്ലാവരും അവരവരുടെ ജോലി ചെയ്തോ…..”

വൃന്ദ തറയിൽ നോക്കി ശിലപോലെ നില്കുകയാണ്…അരുൺ അവന്റെ കേബിനിലേക്ക് കയറി പോയി…കണക്കെല്ലാം നോക്കി കഴിഞ്ഞപ്പോൾ  ഇന്റർകോം എടുത്ത് കൗണ്ടറിൽ വിളിച്ചു..

“സിന്ധൂ, വൃന്ദയോട് ഒന്നിങ്ങു വരാൻ പറ..”

“അയ്യോ..അവള് പോയി..”

“പോകാനോ “?

“കുറച്ച് നേരം  അവിടെ തന്നെ നില്കുന്നുണ്ടായിരുന്നു…പിന്നെ ബാഗുമെടുത്ത് നടന്നു…വിളിച്ചിട്ട് ഒന്നും മിണ്ടിയില്ല…”

“ശരി…താങ്ക്സ്..”

“വെക്കല്ലേ…ഒരു മിനുട്ട് “

“എന്താ..”

“സോറി…ഞങ്ങളുടെ തെറ്റാ…കാര്യമറിയാതെ….”

“തെറ്റു മനസിലായല്ലോ..അത്  മതി….വിട്ടേക്ക്…ജോലിയിൽ ശ്രദ്ധിക്ക്…”

അരുൺ ലൈൻ കട്ട് ചെയ്തു…മൊബൈൽ എടുത്ത് വൃന്ദയെ വിളിച്ചു…സ്വിച്ച്ഓഫ് എന്ന് പറയുന്നു….അരുൺ മേശപ്പുറത്തിരുന്ന cctv സ്ക്രീൻ ഫോർവേഡ് ചെയ്തു നോക്കി…അവൾ  കൗണ്ടറിനടുത്തു നില്കുന്നു…എല്ലാരും അവളെ നോക്കുന്നുണ്ട്…കുറച്ചു നേരം അങ്ങനെ നിന്നിട്ട് നേരെ നടന്നു ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങുന്നു…പുറത്തിറങ്ങിയ ശേഷം  കണ്ണുകൾ തുടച്ചു കൊണ്ട് ബസ്റ്റാന്റിന് നേരെ നടക്കുന്നു….അരുൺ മൊബൈലിൽ  അച്ഛന്റെ നമ്പറിലേക്ക് വിളിച്ചു…….

അടുത്ത ദിവസം  രാവിലെ…വൃന്ദയുടെ  വീടിന്റെ മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നു…അതിൽ  നിന്നു അരുണിന്റെ അച്ഛനും അമ്മയും അനിയത്തിയും ഇറങ്ങി..പിന്നാലെ ബൈക്കിൽ അരുണും…

“നീയെന്താടാ  വൈകിയത്?”

“ഷോപ്പിൽ ലോഡ് വന്നിരുന്നു..അതൊന്നു ചെക്ക് ചെയ്യാൻ പോയതാ…”

“ആ  കൊച്ച് ഇവിടെ ഇല്ലേ?” അച്ഛൻ സംശയത്തോടെ  ചുറ്റും നോക്കി…

“ഉണ്ടാകും…ഷോപ്പിലെത്തിയിട്ടില്ല…”

ഓടിട്ട ഒരു പഴയ  വീടാണ്…പടിക്കെട്ടുകളിലെ സിമന്റ് അടർന്നു പോയിട്ടുണ്ട്…മങ്ങിയ പെയിന്റ്…മുറ്റത്തിന് വലതു വശം ഒരു തുളസിചെടി…ഇതിൽ  നിന്നാവണം അവളെന്നും മുടിയിൽ ചൂടുന്നതെന്നു  അരുൺ ഓർത്തു….

വാഹനങ്ങളുടെ ശബ്ദം കേട്ട് പരിഭ്രമത്തോടെ വൃന്ദ പുറത്തേക്ക് വന്നു…നിറം മങ്ങിയ ഒരു പഴയ  ചുരീദാർ ആണ് അവൾ ഇട്ടിരുന്നത്…മുടി അലസമായി പാറിപറക്കുന്നു….ഉറങ്ങാത്തതു കൊണ്ടും കരഞ്ഞത് കൊണ്ടും ചുവന്നിരിക്കുന്ന കണ്ണുകൾ…അതിൽ  ഭയവും  വേവലാതിയും  നിറഞ്ഞു നിന്നു..

“ഇന്ന് കടയിൽ  കണ്ടില്ല..ഫോൺ  വിളിച്ചിട്ട് എടുക്കുന്നുമില്ല..അതാ  നേരിട്ട് വന്നത് “

അരുൺ ഗൗരവത്തോടെ  പറഞ്ഞു..

“മതിയെടാ…കുട്ടി ആകെ പേടിച്ചിരിക്കുകയാ…” അമ്മ ശാസിച്ചു…അച്ഛൻ അവളെ നോക്കി

“അകത്തോട്ടു വന്നോട്ടെ മോളേ?? അച്ഛമ്മയെ ഒന്ന് കാണണം…”

അവൾ വാതില്പടിയിൽ നിന്നും ഉള്ളിലോട്ടു ഒതുങ്ങി നിന്നു…അരുണും കുടുംബവും അകത്തോട്ടു കയറി..രണ്ടു മുറികളും അടുക്കളയും മാത്രമുള്ള  പുകനിറഞ്ഞ ഒരു വീട്….ആയുർവേദമരുന്നിന്റെ രൂക്ഷഗന്ധം…ഒരു മുറിയിലെ കട്ടിലിൽ അച്ഛമ്മ കിടക്കുന്നുണ്ട്…മങ്ങിയ വെളിച്ചം മാത്രമേ ഉള്ളൂ….

എല്ലാരേയും കണ്ടപ്പോൾ അച്ഛമ്മ എഴുന്നെല്കാൻ ശ്രമിച്ചു….

“വേണ്ട കിടന്നോ…” പറഞ്ഞു കൊണ്ട് അച്ഛൻ  അവരുടെ  കട്ടിലിൽ ഇരുന്നു…

“ഇപ്പൊ എങ്ങനെ ഉണ്ട്‌…?”

“നടക്കാനൊന്നും വയ്യ….ഒന്ന് വീണായിരുന്നു…നടുവിന് കീഴ്പോട്ട് എന്നും വേദനയാ…ഇപ്പൊ ശ്വാസം മുട്ടലും ഉണ്ട്‌ “

അച്ഛമ്മ കിതപ്പോടെ പറഞ്ഞു..

“ഡോക്ടറെ കാണിച്ചില്ലേ?”

“ഇവിടെ അടുത്ത് ആയുർവേദാസ്പത്രി ഉണ്ട്‌..അവിടുത്തെ മരുന്ന് കഴിക്കുന്നുണ്ട്…”

“അതേ, ഞങ്ങൾ  വന്ന  കാര്യം പറയാം…എന്റെ പേര് പ്രഭാകരൻ..ഇത് ഭാര്യ  സുമ..ഈ  നില്കുന്നത് മൂത്ത മോൻ അരുൺ..അത് ഇളയവൾ  അനു…ഞങ്ങൾക്ക് ടൗണിൽ ഒരു തുണിക്കട ഉണ്ട്‌…വൃന്ദമോള് അവിടാ ജോലി ചെയ്യുന്നെ…”

അച്ഛമ്മ അരുണിനെ നോക്കി തളർച്ചയോടെ  പുഞ്ചിരിച്ചു…

“മോനെപറ്റി എന്റെ കുട്ടി എപ്പോഴും പറയാറുണ്ട്…മോൻ ജോലിക്കാരോടൊക്കെ നല്ല രീതിയാണ് പെരുമാറുന്നതെന്നും…എല്ലാരേയും സഹായിക്കാറുണ്ടെന്നുമൊക്കെ….നന്നായി പഠിച്ചിരുന്നതാ എന്റെ മോള്…എന്നെ കൊണ്ടാവും വിധം എല്ലാം ചെയ്തിരുന്നു…പക്ഷേ  ഇപ്പൊ കണ്ടോ…എനിക്ക് വേണ്ടി അവള് എല്ലാം നിർത്തി…സഹായിക്കാൻ ആരും ഇല്ല…എന്റെ കാലം കഴിഞ്ഞാൽ ഇവളെന്തു  ചെയ്യുമെന്നാലോചിച്ചു എന്നും ഞാൻ കരയും…..”

അവൾ ചുമരിൽ ചാരി  നില്കുകയാണ്…നിർവികാരതയോടെ..

അച്ഛൻ മെല്ലെ അച്ഛമ്മയുടെ കൈയിൽ പിടിച്ചു..

“അതങ്ങനെയാ…നമുക്ക് കഷ്ടകാലം വരുമ്പോൾ ആരും ഉണ്ടാവില്ല….ഞങ്ങള് വന്നത് ഒരു കാര്യം സംസാരിക്കാനാ…ഇവന്  വൃന്ദമോളെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്‌….അമ്മ സമ്മതിച്ചാൽ  ബാക്കി ഏർപ്പാടുകൾ പെട്ടെന്ന് നോക്കണം…”

അച്ഛമ്മ ഞെട്ടലോടെ അരുണിനെയും വൃന്ദയെയും നോക്കി…അനുകുട്ടിയും അമ്മയും ചിരിയോടെ  വൃന്ദയ്ക്ക് അടുത്തെത്തി…

“വാ മോളേ, നമുക്ക് അപ്പുറത്തേക്ക് പോകാം….അവര്  സംസാരിക്കട്ടെ..”

അവളുടെ കൈ പിടിച്ച് അവർ മുറിയിൽ നിന്നിറങ്ങി…

“അമ്മ മറുപടി ഒന്നും പറഞ്ഞില്ല?”

“ഞാനെന്താ പറയ്യാ???? ഇവിടുത്തെ കാര്യമൊക്കെ നിങ്ങൾക്ക്…..”

“ഞങ്ങൾക്ക് എല്ലാം അറിയാം…” അച്ഛൻ ഇടയ്ക്ക് കയറി..

“അവളുടെ  അമ്മ ഒളിച്ചോടിയതും അച്ഛൻ ആത്മഹത്യ ചെയ്തതും  ഒന്നും അവളുടെ  തെറ്റ് അല്ലല്ലോ..പിന്നെ സാമ്പത്തികമാണ് അമ്മ ഉദ്ദേശിച്ചതെങ്കിൽ അതിലൊന്നും വലിയ  കാര്യമില്ല…എപ്പോ വേണേലും വരും  പോകും..താങ്ങും  തണലുമായി ഒരാൾ കൂടെ  ഉണ്ടാകുന്നതാണ് ഏറ്റവും വലിയ സമ്പത്ത്….ഞങ്ങളും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്….ഞങ്ങൾക്ക് മനസിലാകും…അതൊക്കെ വിട്ടേക്ക്…. അമ്മക്ക് സമ്മതമാണോ? അതറിഞ്ഞാൽ  മതി….”

ആ പാവം സ്ത്രീയുടെ കണ്ണുകൾ  നിറഞ്ഞൊഴുകി…അവർ  അച്ഛന്റെ കൈകൾ  പിടിച്ച് നെഞ്ചോട് ചേർത്തു..

“അപ്പൊ സമ്മതിച്ചു…!!അരുണേ…നിനക്ക് സമാധാനം ആയല്ലോ??? ഇനി നിങ്ങളായി നിങ്ങള്ടെ പാടായി…എന്റെ ജോലി കഴിഞ്ഞു….എന്നാൽപ്പിന്നെ ഞങ്ങൾ ഇറങ്ങുകയാ  അമ്മേ…”

“അയ്യോ ഒരു ഗ്ലാസ്‌ ചായ പോലും കുടിക്കാതെ…മോൻ അവളെ ഒന്ന് വിളിക്കാമോ?”

“ചായയൊക്കെ പിന്നെ..ഇനിയെന്നും വരാലോ…പോയിട്ട് കുറച്ച് പണി ഉണ്ട്‌…”

അച്ഛൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു..അച്ഛമ്മയോട് യാത്ര പറഞ്ഞു അരുണും…അടുക്കളയിൽ  നിന്നും അമ്മയും അനിയത്തിയും ഇറങ്ങി വന്നു…

“സുമേ, ആ  കൊച്ച് എവിടെ??”

അവർ അടുക്കളയിലേക്ക് കൈ ചൂണ്ടി…അടുക്കളയിലെ  വെറും നിലത്ത് കാൽമുട്ടുകളിൽ മുഖം പൂഴ്ത്തി അവൾ  ഇരിക്കുന്നുണ്ടായിരുന്നു….ഒരു അനക്കവും ഇല്ല….

പ്രഭാകരൻ അരുണിനെ നോക്കി…

“മോനെ…അവളോട് സംസാരിച്ചിട്ട് വന്നാൽ മതി…ഞങ്ങൾ ഇറങ്ങാം…”

അരുൺ തലയാട്ടി…അവർ കയറിയ കാർ പോയപ്പോൾ അരുൺ അടുക്കളയിലേക്ക് നടന്നു…മെല്ലെ ചെന്ന് അവളുടെ  അടുത്തിരുന്നു…അവൾ അനങ്ങിയില്ല…മുഖം ഉയർത്തിയുമില്ല….അരുൺ മെല്ലെ അവളുടെ  ചുമലിലൂടെ കയ്യിട്ടു ചേർത്തു പിടിച്ചു..ആ  ശരീരം  ചെറുതായി വിറയ്ക്കുന്നതായി അവനു അനുഭവപ്പെട്ടു…

“വൃന്ദാ “..

മറുപടി ഇല്ല…അവൻ ബലം പ്രയോഗിച്ച് അവളുടെ  മുഖം ഉയർത്തി…കണ്ണുകൾ  നിറഞ്ഞൊഴുകുന്നുണ്ട്….കരച്ചിൽ പുറത്ത് വരാതിരിക്കാൻ ആവണം, ചുണ്ടുകൾ കടിച്ചു പിടിച്ചിട്ടുണ്ട്…ദയനീയമായി  അവൾ അവനെ നോക്കി…വാത്സല്യത്തോടെ അവൻ അവളെ  മടിയിലേക്ക് ചായ്ച്ചു കിടത്തി….

“ഇനി നിനക്ക് കരയേണ്ടി  വരില്ല..എന്നും ഞാനുണ്ട് കൂടെ…”

അലതല്ലിയുള്ള കരച്ചിലായിരുന്നു മറുപടി…അവൻ അലിവോടെ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു….കരച്ചിലടങ്ങും വരെ  അവനതു  തുടർന്നു…

കണ്ണീരു പെയ്തു തോർന്നപ്പോൾ അവൻ പറഞ്ഞു

“നാളെ മുതൽ  നീ  കടയിൽ വരണ്ട…”

“എന്തേ? എന്നെ പിരിച്ചു വിട്ടോ….?”

പതിഞ്ഞ സ്വരത്തിൽ അവൾ  ചോദിച്ചു…

“അതെ….നിന്റെ പഠിത്തം കംപ്ലീറ്റ് ചെയ്യണം….എനിക്കോ പഠിക്കാൻ പറ്റിയില്ല…ഭാവിയിൽ മക്കൾക്കു നാലക്ഷരം  പറഞ്ഞുകൊടുക്കണ്ടേ…അച്ഛമ്മയുടെ കാര്യം  ആലോചിച്ചു വിഷമിക്കണ്ട…അതെല്ലാം ഞങ്ങൾ പ്ലാൻ ചെയ്തു കഴിഞ്ഞു…..”

അവൾ ഒന്നും മിണ്ടിയില്ല…

“അരുണേട്ടാ…”

“ഉം “

“ഞാൻ കുറച്ചു നേരം ഒന്ന് ഉറങ്ങിക്കോട്ടെ…..പേടിയില്ലാതെ ഉറങ്ങിയിട്ട് കുറെ ആയി…”

അരുണിന് വല്ലാതെ സങ്കടം വന്നു…അവൻ  അവളുടെ മുഖം മെല്ലെ തിരിച്ചു. മിഴികളിൽ  മൃദുവായി ചുംബിച്ചു….

“ഉറങ്ങിക്കോ…ഞാനുണ്ട്..ഇനി എന്നും….”

ജീവിതത്തിൽ ആദ്യമായി  ആ വീടിനുള്ളിൽ പ്രകാശം  നിറയുന്നതായി വൃന്ദയ്ക്ക് തോന്നി….ഇതൊരു  സ്വപ്നമാണോ??ആണെങ്കിൽ തന്നെ ഇതിൽ നിന്നും ഉണരാതിരിക്കട്ടെ  എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൾ കണ്ണുകൾ ഇറുക്കി അടച്ചു…..

-end