എന്നിലെ പെണ്ണ് ഇതെല്ലാം ആഗ്രഹിക്കുന്നു.എനിക്ക് നിന്റെ തോളിൽ  തലചായ്ച്ചു വെച്ച് കുറച്ചു നേരം എല്ലാം മറന്നൊന്നുറങ്ങണം…

ഒറ്റക്ക് പാടുന്ന പൂങ്കുയിൽ…

Story written by Navas Amandoor

===========

“എന്റെ കല്യാണം ഉറപ്പിച്ചു..നിന്നോടാ  ആദ്യം പറയുന്നത്..”

ആസിഫ് പെട്ടന്നങ്ങനെ പറഞ്ഞപ്പോൾ ഉള്ള് ഒന്നു നൊന്തു. ഒന്നിനും അർഹതയില്ലാത്തവളുടെ നോവിന് പടച്ചോൻ പോലും വില കല്പിക്കില്ല.

“സുന്ദരിയാണോ…നിന്റെ പെണ്ണ്..?”

“ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി അവളാണ്..സാഹിറ.”

“ഫോട്ടോ എനിക്ക് അയക്കോ..”

“ഞാനിന്ന് വരുവല്ലേ നിന്നെ കാണാൻ..അപ്പൊ നേരിട്ട് കാണിച്ചു തരാം.”

ആസിഫിനെ അവൾ പരിചയപ്പെട്ടിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ. മുഖപുസ്തകത്തിൽ, ഒറ്റപ്പെടലിന്റെ നോവിൽ കുറിക്കുന്ന വരികളിലൂടെ അവൻ സാഹിറയുടെ കൂട്ടുകാരനായി.

“ഒറ്റക്ക് പാടുന്ന ഈ പൂങ്കുയിലിന്റെ പാട്ട് കേട്ട് ഒരിണയും വരില്ലെന്ന് അറിഞ്ഞുകൊണ്ട്..പൂങ്കുയിലേ, നീ പിന്നെയും പാടുന്നല്ലോ.”

സാഹിറയും ആസിഫും പെട്ടന്നങ്ങ് അടുത്തു. ചിലർ അങ്ങനെയാണ്. ഒരു വാക്കിനാൽ വലിയൊരു സന്തോഷത്തിന്റെ വാതിൽ തുറക്കും. മിണ്ടാൻ കാത്തിരുന്നപോലെ ചാറ്റിങ്ങിൽ അവൾ സന്തോഷങ്ങളും സങ്കടങ്ങളും പറഞ്ഞു. അവൻ നല്ല കേൾവിക്കാരനായി.

നാല് ചുമരുകൾക്കിടയിൽ ഒതുങ്ങിയ അവൾക്ക് ചുറ്റം ഇരുട്ടായിരുന്നു. ആ ഇരുട്ടിൽ ഒരു നുറുങ്ങു വെളിച്ചമായി അവൻ…അവളുടെ ഒപ്പം ചേർന്നു നിന്നു.

അവളോട് തമാശകൾ പറഞ്ഞു..

അവളോട് അവന്റെ കഥകൾ പറഞ്ഞു..

അവളെ സങ്കടങ്ങൾ മാറ്റി വെച്ച് പുഞ്ചിരിക്കാൻ പഠിപ്പിച്ചു.

“നമുക്ക് ഒരു രാത്രി വരയൻ കുന്നിൽ കയറണം..”

“കൊണ്ടൊവോ..എന്നെ.”

“കൊണ്ടോവും…നിലാവുള്ള രാത്രിയാവണം…കുന്നിൻ മുകളിലെ ഉരുളൻ പാറക്കല്ലിൽ നമ്മൾ ഇരിക്കുമ്പോൾ മിന്നാമിന്നികൾ നമ്മളെ സ്വീകരിക്കും. നിശയുടെ കുഞ്ഞു തണുപ്പിൽ ഇളം തെന്നൽ നമ്മളെ തലോടി കിന്നാരം പറയും..”

“ആസി…എനിക്ക് സങ്കടം വരുന്നു..?”

“എന്തിനാ…മോളേ.”

“എന്നിലെ പെണ്ണ് ഇതെല്ലാം ആഗ്രഹിക്കുന്നു..എനിക്ക് നിന്റെ തോളിൽ  തലചായ്ച്ചു വെച്ച് കുറച്ചു നേരം എല്ലാം മറന്നൊന്നുറങ്ങണം.”

രാത്രി കാഴ്ചയുടെ വിസ്മയമാണ് വരയൻ കുന്ന്. പൂർണ്ണ ചന്ദ്രൻ ഉദിക്കുന്ന ദിവസങ്ങളിൽ ആളുകൾ മല കയറും. പച്ച പട്ടിനാൽ പരവതാനി വിരിച്ചപോലെ പുല്ലുകൾ. ഇരിക്കാൻ കുറേ ഉരുളൻ പാറകൾ..കൂട്ടം കൂട്ടമായി പറന്ന് രസിക്കുന്ന മിന്നാമിന്നികൾ.

തന്റെ ഇണയുമായി  ഒരിക്കലെങ്കിലും ഈ രാത്രിയെ ആസ്വദിക്കാൻ കഴിയാത്തത് ജീവിതത്തിലെ വലിയ നഷ്ടമാണ്. ഇണ യായിട്ടല്ലെങ്കിലും ഒരിക്കൽ ആസിഫിന്റെ ഒപ്പം മല കേറാൻ സാഹിറ സ്വപ്നം കണ്ട് തുടങ്ങിയിരുന്നു.

ഇഷ്ടങ്ങളും ആഗ്രഹങ്ങളും പൂക്കുന്ന വരികളിൽ നിന്ന് അവളുടെ സങ്കടങ്ങളുടെ അക്ഷരക്കൂട്ടുകൾ മാഞ്ഞു പോയിയിരിക്കുന്നു. അവളിൽ പ്രത്യാശയുടെ പ്രണയാക്ഷരങ്ങൾ തെളിഞ്ഞിരിക്കുന്നു .

അവന് അവളെപ്പറ്റി എല്ലാം അറിയാം. പക്ഷെ ഒന്നും അവളോട് ചോദിച്ചിട്ടില്ല.

പത്തിൽ പഠിക്കുന്ന സമയത്ത് സൈക്കിളിൽ ടൂഷ്യന് പോയ അവളെ തട്ടി തെറിപ്പിച്ച ബൈക്ക് കാരൻ കുറച്ചു മുന്നോട്ട് പോയി ഒന്ന് തിരിഞ്ഞു നോക്കി പേടിയോടെ നിർത്താതെ പോയി.

അയാൾ അറിഞ്ഞില്ല, സാഹിറ വീണത് റോഡിന്റെ അരികിലുള്ള കമ്പിയിൽ ആണെന്ന്. അയാൾക്ക് അറിഞ്ഞതുമില്ല, ആ കമ്പി അവളുടെ വയറിൽ തുളച്ചു കയറിയത്..

മ രിക്കാതെ അവൾ തിരിച്ചു വന്നപ്പോൾ അവൾക്ക് നഷ്ടമായത് ഒരു കുഞ്ഞിനെ പ്രസവിക്കാൻ ദൈവം കൊടുത്ത കഴിവാണ്.

സാഹിറ സുന്ദരിയാണ്.. പക്ഷെ പ്രസവിക്കാത്ത പെണ്ണിനെ ആർക്കും വേണ്ട. കൂട്ടുകാരികളുടെ കല്യാണം കഴിഞ്ഞു കുട്ടികളായി..

പിന്നെപ്പി ന്നെ അവൾ പതിയെ തന്നിലേക്ക് ഒതുങ്ങിക്കൂടി. കൂട്ടിൽ ഒറ്റയ്ക്കായി പോയവൾക്ക് നോവിന്റെ അക്ഷരങ്ങൾ കൂട്ടായി.

“സമയമായാൽ മനുഷ്യനൊരു ഇണ വേണം. ഇണയില്ലാതെ തുണയില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോവരുത് ഒരാളും….”

അവളെ അറിയുന്നവർക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന വാക്കുകൾ. അവളെ അറിയുന്നത് കൊണ്ടായിരിക്കാം ആസിഫിന് അവളുടെ എഴുത്തുകൾ സങ്കടമാകുന്നത്.

“നീ ഇനി അങ്ങനെ ഒന്നും എഴുതരുത്..ഞാനില്ലേ നിന്റെ ഒപ്പം..ഇപ്പൊ നീ ഒറ്റക്കല്ലല്ലോ..?”

“ഇല്ല… ഇനി എഴുതില്ല. നീ ഗൾഫിൽ നിന്ന് വരുമ്പോൾ എന്നെ കാണാൻ വരോ…?”

“വരും..എനിക്ക് കാണാൻ ഇഷ്ടമുണ്ട്, ഈ പൂങ്കുയിലിനെ…”

“നീ പെണ്ണ് കെട്ടാൻ അല്ലെ നാട്ടിൽ വരുന്നത്..അതിന്റെ ഇടയിൽ എന്നെ കാണാനൊക്കെ സമയം ഉണ്ടാവോ..?”

“നമുക്ക് വരയൻ കുന്നിന്റെ മുകളിൽ പോകണ്ടേ…”

“വേണം..”

സാഹിറ ഒരിക്കലും അവനെ മോഹിച്ചിട്ടില്ല. മോഹങ്ങളും സ്വപ്നങ്ങളും എന്നോ വേണ്ടെന്ന് വെച്ചതാണവൾ. പക്ഷേ അവൻ കൂടെ ഉള്ളപ്പോൾ മനസ്സിന് സന്തോഷവും സമാധാനവും ഉണ്ട്.

നാട്ടിൽ വന്ന് ഇത്രയും പെട്ടന്ന് കല്യാണം ഉറപ്പിച്ചപ്പോൾ വല്ലാത്ത സങ്കടം. മനസ്സ് ആഗ്രഹിക്കാഞ്ഞിട്ടും ചിന്തയിൽ നഷ്ടത്തിന്റെ നോവ് പടരുന്നു. കണ്ണുകൾ നിറയുന്നു.

“സാഹി…നീ അവിടെ എന്തെടുക്കുവാ..”

“എന്തെ ഉമ്മിച്ചി.”

“പായസം ഉണ്ടാക്കുന്നില്ലേ..കൂട്ടുകാരന് പായസം ഉണ്ടാക്കണമെന്ന് പറഞ്ഞിട്ട് നീ ഉറങ്ങാൻ കിടന്നോ..?”

ആസിഫിന് സേമിയ പായസം ഇഷ്ടമാണെന്ന് ഒരിക്കൽ സാഹിറയോട് പറഞ്ഞിട്ടുണ്ട്.

“നീ എന്നെങ്കിലും എന്നെ കാണാൻ വരുമ്പോൾ ഞാൻ ഉണ്ടാക്കി തരുന്നുണ്ട്…”

അവനെ നേരിട്ട് കാണാൻ കൊതിക്കുന്ന മനസ്സിൽ അവൻ അരികിൽ വരുമ്പോൾ സന്തോഷമാണോ സങ്കടമാണോ..?

ഉച്ചക്ക് മുൻപേ ആസിഫ് വന്നു. ആസിഫിന്റെ ഒപ്പം അവന്റെ ഉമ്മയും ഉണ്ടായിരുന്നു.

സാഹിറ അവൾ ഉണ്ടാക്കിയ പായസം ഉമ്മാക്കും അവനും കൊടുത്തു.

“മോളെ..നന്നായിട്ടുണ്ട്.”

അവൾ ചെറു പുഞ്ചിരിയോടെ ഉമ്മയെ നോക്കി.

ആസിഫ് വീടിന്റെ പുറത്ത് ഇറങ്ങിയപ്പോൾ സാഹിറയും കൂടെ ചെന്നു.

“ഞാൻ വാക്ക് പാലിച്ചു..നിന്നെ കാണാൻ വന്നു.”

“എനിക്ക് സന്തോഷായി.”

അവൻ മൊബൈൽ എടുത്തു ക്യാമറ ഓപ്പൺ ചെയ്തു ഒരു സെൽഫി എടുത്തു.

ഉള്ളിൽ സങ്കടമൊരു കടലായി അലയടിച്ചിട്ടും അവൾ അത് പുറത്ത് കാണിക്കാതെ നിന്നു. ഈ കൂട്ടും സന്തോഷവും എല്ലാം എല്ലാം അവസാനിക്കും.

“ആസി…എവിടെ നിന്റെ പെണ്ണ്.”

“മൊബൈലിൽ ഉണ്ട്.”

“കല്യാണം കഴിഞ്ഞു നീ എന്നെ മറക്കോ..?”

അവളുടെ കണ്ണുകൾ നിറഞ്ഞതും ഒരു തുള്ളി അടർന്നു വീണതും ആസിഫ് കണ്ടു.

“ഹേയ്..അങ്ങനെ മറക്കോ..നീ എന്റെ ബെസ്റ്റിയല്ലേ സാഹി…”

“അത് പോട്ടേ..ഞാനൊന്ന് കാണട്ടെ ആ ഭാഗ്യവതിയെ..”

അവൻ മൊബൈൽ അവളുടെ കയ്യിൽ കൊടുത്തു.

ചങ്കിടിപ്പ് കൂടി. കണ്ണിൽ നിറഞ്ഞ കണ്ണീർ മൊബൈൽ സ്ക്രീനിന്റെ കാഴ്ചയെ മറച്ചു.

അവൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് അവളുടെ കണ്ണുകൾ തുടച്ചു.

“നിനക്ക് ഓർമ്മയുണ്ടോ ഒരിക്കൽ ഞാൻ പറഞ്ഞത്..നീയൊരിക്കലും കരയരുത്. നീ കരയാതിരിക്കാനാണ് എന്നെ പടച്ചവൻ നിന്റെ അരികിൽ എത്തിച്ചത്.”

അവൾ മൊബൈലിൽ നോക്കി..ഫോട്ടോ കണ്ടു.

“ഇത് ഞാൻ ആണ്..”

“അതെ..നീ തന്നെ..എന്റെ പെണ്ണ് നീ തന്നെയാണെന്ന് ഞാൻ എന്നോ ഉറപ്പിച്ചതാണ്.”

ആ നിമിഷം അവൾ പരിസരം മറന്ന് ആസിഫിനെ കെട്ടിപ്പിടിച്ചു..

അടക്കി നിർത്താൻ കഴിയാതെ അവൾ പൊട്ടി കരഞ്ഞു.

“നമുക്ക്..നിലാവുള്ള രാത്രി വരയൻ കുന്നിൽ പോണ്ടേ..?”

“വേണം..”

“എന്നിൽ ചേർന്നിരുന്ന് നിനക്കു ഞാൻ പറയുന്ന കഥകൾ കേൾക്കണ്ടേ..”

“വേണം..”

“അതിന് ഞാൻ നിന്നെ കെട്ടണ്ടേ….”

“വേണം..”

അപ്പോഴേക്കും ഉമ്മയും വാപ്പയും വന്നു.

“മോളേ എല്ലാം അറിഞ്ഞിട്ട് നിന്നെ അവന് വേണമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ സമ്മതിച്ചു.”

അവൾക്ക് ആ സമയം പറയാൻ വാക്കുകളില്ല. നിറഞ്ഞൊഴുകുന്ന കണ്ണീർ മാത്രം…

അവനും ഉമ്മയും യാത്ര പറഞ്ഞു തിരിച്ചു പോയി. അവൾ  മൊബൈലിലെ മെസ്സേജ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് എടുത്തപ്പോൾ ആസിഫിന്റെ മെസ്സേജ്  കിടക്കുന്നുണ്ട്.

“സാഹി…എനിക്ക് നിന്നെ വേണം..അതിനപ്പുറം ഒന്നും ചിന്തിക്കേണ്ട..എനിക്ക് നീയും, നിനക്ക് ഞാനും.”

ഒരു ലൗ ഇമോജി സാഹിറ റിപ്ലൈ കൊടുത്തു.

ആസിഫ് അവളുടെ അക്ഷരങ്ങളിലെ ഒറ്റപ്പെടലിന്റെ വേദന കണ്ട് കൂടെ കൂടിയതല്ല.

മനസ്സിൽ അവളോട് പറയാൻ പേടിയുള്ളൊരു രഹസ്യവുമായി അവളുടെ ഇൻബോക്സിൽ അവളോട് സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ അവൻ ഉറപ്പിച്ചിരുന്നു സാഹിറയെ സ്വന്തമാക്കാൻ.

അവളെ തേടി പിടിച്ചു വന്ന് കൂടെ കൂട്ടിയത്, ബൈക്ക് ഓടിച്ചു പഠിക്കുന്ന സമയത്തു സംഭവിച്ചു പോയ തെറ്റിന് സ്‌നേഹം കൊണ്ട് പ്രായശ്ചിത്തം ചെയ്യാൻ കൂടിയായിരുന്നു..

അവന്റെ ഇഷ്ടത്തിന് കൂട്ടായി അവന്റെ ഉമ്മ കൂടെ നിന്നപ്പോൾ സാഹിറയുടെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പിച്ചതെല്ലാം നടന്നു…

സങ്കടത്താൽ തോൽപ്പിച്ച വിധി തന്നെ ഒരു കടം വീട്ടും പോലെ പ്രതീക്ഷിക്കാത്ത സന്തോഷങ്ങൾ കാത്ത് വെക്കും.

~നവാസ് ആമണ്ടൂർ