അവൾ അറച്ചറച്ച്   അടുത്തേക്ക് വന്നു. അയാൾ അവളുടെ  നെറ്റിയിലും കഴുത്തിലും  തൊട്ട് നോക്കി…

കനവ് പോലെ…

എഴുത്ത്: കർണൻ സൂര്യപുത്രൻ

===========

“അച്ഛൻ സ്വബോധത്തോടെ തന്നെയാണോ  ഈ പറയണേ???”…

സ്വല്പം അമ്പരപ്പോടെ പ്രസാദ് ചോദിച്ചു…

“അതേടാ..എന്റെ ബുദ്ധിക്ക് കുഴപ്പം ഒന്നുമില്ല…” പോക്കറ്റിൽ നിന്ന് ഒരു ബീഡിയെടുത്ത് കത്തിച്ചു വാസുദേവൻ  പുഞ്ചിരിച്ചു…

“അച്ഛൻ പറഞ്ഞിട്ട് ഇന്നേവരെ ഞാൻ ഒന്നും കേൾക്കാതിരുന്നിട്ടില്ല…പക്ഷെ  ഇത് വേണോ?അച്ഛന്റെ ഭാര്യയ്ക്ക്..അതായത് എന്റെ അമ്മയ്ക്ക്, വേറൊരു ബന്ധത്തിലുണ്ടായ  കുട്ടിയെ ഇവിടേക്ക് കൊണ്ടു വരിക എന്നൊക്കെ പറഞ്ഞാൽ…കുടുംബക്കാരുടെയും നാട്ടുകാരുടേം മുഖത്ത് എങ്ങനെ നോക്കും??

“പിന്നേ…കുടുംബക്കാരും നാട്ടുകാരും..!!! പോകാൻ പറയെടാ…കുറ്റം പറയാനല്ലാതെ ആ  അലവലാതികളെ കൊണ്ട് നിനക്കോ എനിക്കോ എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ?”

വാസുദേവൻ  ബീഡി  പുറത്തേക്ക് കളഞ്ഞു..എന്നിട്ട് പ്രസാദിന്റെ തോളിൽ കയ്യിട്ട് വരാന്തയിലൂടെ നടന്നു.

“എടാ…നിന്റെ അമ്മ എന്ന് പറയുന്ന സ്ത്രീയോട് ക്ഷമിക്കാനൊന്നും എന്നെ കൊണ്ട് പറ്റില്ല..അത്ര വിശാലമനസ്കൻ ഒന്നുമല്ല ഞാൻ…പക്ഷെ  അവളിപ്പോ ജീവനോടെ ഇല്ല…പത്തിരുപതു വയസുള്ള ഒരു പെൺകുട്ടി തനിച്ചാണ്…അതിനെ ഇങ്ങോട്ട് കൊണ്ടു വരണം  എന്നാ ഞാൻ പറഞ്ഞേ…”

പ്രസാദിന്റെ പത്താം വയസിലാണ്  അവന്റെ അമ്മ സൗദാമിനി ഒരു കോൺട്രാക്ടറുടെ കൂടെ  ഒളിച്ചോടി പോയത്…ഗുജറാത്തിൽ ഒരു കമ്പനിയിൽ ജോലിക്കാരനായിരുന്നു വാസുദേവൻ..പ്രണയവിവാഹം ആയിരുന്നു അവരുടേത്..നല്ല രീതിയിൽ പോയ്കൊണ്ടിരുന്ന അവരുടെ  ബന്ധത്തിന് എന്താണ് പറ്റിയത് എന്ന് ആർക്കും മനസിലായില്ല..ഭാര്യ പോയതോടെ വാസുദേവൻ നാട്ടിൽ തന്നെ കൂടി…ഒരു ടയർ ഷോപ്പ് തുടങ്ങി. മറ്റുള്ളവരുടെ കുത്തുവാക്കുകളും പരിഹാസങ്ങളും  അവഗണിച്ചു മകന് വേണ്ടി ജീവിച്ചു…വേറൊരു പെണ്ണ് കെട്ടാൻ എല്ലാരും ഉപദേശിച്ചിട്ടും അയാൾ  കേട്ടില്ല…ഇന്ന് അത്യാവശ്യം വലിയ ഒരു ടയർ ഷോപ്പിന്റെ ഉടമയാണ്..പ്രസാദ് അച്ഛനെ ബിസിനസ്സിൽ സഹായിക്കുന്നു..

വളരെ  ആകസ്മികമായാണ്  വാസുദേവന്റെ ഒരു പഴയ സുഹൃത്തിനെ കണ്ടത്..അയാളാണ് സൗദാമിനിയുടെയും കുടുംബത്തിന്റെയും അവസ്ഥ അവരോട് പറഞ്ഞത്…ഓടിപ്പോയി രണ്ടു വർഷം കഴിഞ്ഞപ്പോൾ ആ  കോൺട്രാക്ടർ അവരെ  ഉപേക്ഷിച്ചു…ഒരു പെൺകുഞ്ഞിനേയും കൊണ്ട് അവർ ഒരുപാട് കഷ്ടപ്പെട്ടു..കൂലിപ്പണിയൊക്കെ എടുത്ത് അവളെ പഠിപ്പിച്ചു കൊണ്ടു വരുമ്പോഴാണ് വിധി  കാൻസറിന്റെ രൂപത്തിൽ വന്നു സൗദമിനിയെ കൊണ്ട് പോയത്..ഇപ്പോൾ ആ കുട്ടി തനിച്ചാണ്…

ഇത് കേട്ട അന്ന് മുതൽ  വാസുദേവൻ കടുത്ത ആലോചനയിലായിരുന്നു. അവസാനം അവളെ വീട്ടിലേക്ക്  കൂട്ടി കൊണ്ടു വരുന്നതിനെ പറ്റി പ്രസാദിനോട് സംസാരിക്കുകയായിരുന്നു ഇപ്പോൾ..

“അച്ഛനെന്തൊക്കെ പറഞ്ഞാലും ഞാനിതിനു സമ്മതിക്കില്ല..ആരുമില്ലാത്ത പെൺകുട്ടികൾ ഈ ലോകത്ത് കോടിക്കണക്കിനു ഉണ്ട്‌..അവരെയൊക്കെ അച്ഛൻ ഏറ്റെടുക്കുമോ? ഇത് ആ സ്ത്രീയോടുള്ള അച്ഛന്റെ സെന്റിമെന്റ്സ് ആണ്…സ്വന്തം ഭർത്താവിനെയും കൊച്ചു കുഞ്ഞിനേയും ഉപേക്ഷിച്ചിട്ട് സുഖം തേടിപോയവളോട്  കാരുണ്യം..അല്ലേ?? “

“അങ്ങനല്ല മോനൂ…നീയും ആ കുട്ടിയും ഒരേ ഗ ർഭപാത്രത്തിൽ നിന്ന് വന്നവരാണ്…അത്‌ മാത്രം ചിന്തിച്ചാൽ മതി…നിന്റെ ദേഷ്യത്തിൽ ന്യായമുണ്ട്…എനിക്കറിയാം…എന്തായാലും നമുക്ക് അവിടം വരെ ഒന്ന് പോയി നോക്കാം…അതിന്  നീ മുടക്കം പറയരുത്..ബാക്കിയൊക്കെ പിന്നല്ലേ…”

വാസുദേവൻ അകത്തേക്ക് കയറി പോയി..പ്രസാദ് ചിന്താമഗ്നനായി  മുറ്റത്തൂടെ നടന്നു…നല്ല നിലാവുണ്ട്…പെട്ടെന്ന് വേലിക്കൽ ഒരനക്കം…..കൈയിൽ ഒരു സ്റ്റീൽ പത്രവുമായി  ഹരിത വരുന്നുണ്ട്..

“നീയെന്തിനാടീ ഇരുട്ടത്ത് വരുന്നേ?..വല്ല പാമ്പിന്റേം കടി വാങ്ങാനാണോ?”

“ദാ കുറച്ച് ചിക്കൻ കറിയാണ്…” അവൾ പാത്രം അവനു നീട്ടി..

അയൽക്കാരിയാണ് ഹരിത. ഒരു പ്രൈവറ്റ് ബാങ്കിൽ ജോലി ചെയ്യുന്നു…പ്രസാദും ഹരിതയും വർഷങ്ങളായി കടുത്ത പ്രണയത്തിലാണ്…

“എന്താ ഇത്ര വലിയ ആലോചന? വാസുവേട്ടൻ ഉറങ്ങിയോ?”

“എടീ, ഇന്നലെ സൂചിപ്പിച്ച കാര്യമില്ലേ? അത് തന്നാ…അവിടം വരെ പോകാൻ അച്ഛൻ നിർബന്ധിക്കുന്നു…”

“അതിനെന്താടോ…പോയിട്ട് വാ…”

“നീയും അച്ഛന്റെ സൈഡ് ആണല്ലേ?”

“അതല്ല മാഷേ..കുറച്ചൊക്കെ വാസുവേട്ടൻ പറഞ്ഞതിലും കാര്യമുണ്ട്..ഒന്ന് പോയി കാണുന്നതിന് പ്രശ്നമൊന്നും ഇല്ലല്ലോ…”

“എന്നാ നീയും വാ..”

“അയ്യോ…നാളെ എനിക്ക് ലീവ് എടുക്കാൻ പറ്റൂല…നിങ്ങൾ അച്ഛനും മോനും പോയി വാ…ഞാൻ ഇടക്ക് വിളിച്ചോളാം….ശരി, ഞാൻ പോട്ടെ, അമ്മ അന്വേഷിക്കും..”

അവൾ മൊബൈലിൽ ടോർച് ഓണാക്കി നടന്നു പോയി..

***********

“ഒരു വട്ടം കൂടി  ആലോചിച്ചിട്ട് പോരെ ?”

കാർ സ്റ്റാർട്ട്‌ ചെയ്ത് കൊണ്ട് പ്രസാദ് ചോദിച്ചു…

“നീ വണ്ടിയെടുക്കെടാ മോനേ…” മീശ തടവിക്കൊണ്ട് വാസുദേവൻ പറഞ്ഞു..

എന്തെങ്കിലും ഒന്ന് തീരുമാനിച്ചാൽ അണുവിട വിട്ടു വീഴ്ച ചെയ്യാത്ത ആളാണ് തന്റെ അച്ഛൻ എന്നറിയാവുന്നത് കൊണ്ട് പ്രസാദ് കാർ മുന്നോട്ട് എടുത്തു…അച്ഛന്റെ സുഹൃത്ത് പറഞ്ഞു കൊടുത്ത വിലാസവും തേടി ആ കാർ യാത്ര തുടങ്ങി…

************

“മോൾക്ക് എന്നോട് ദേഷ്യമൊന്നും തോന്നരുത്…ഞാൻ വെറും നോട്ടക്കാരൻ മാത്രമാണ്..വല്ലപ്പോഴും മുതലാളി  ബാംഗ്ലൂരീന്ന് വരും…4 മാസത്തെ വാടകയൊക്കെ  പെൻഡിങ്ങാന്നു പറഞ്ഞാൽ എന്റെ കഞ്ഞി കുടി മുട്ടും..അതോണ്ടാ…”

തോബിയാസ്  പാർവതിയോട് പറഞ്ഞു.

അവൾ  നിർവികാരതയോടെ അയാളെ  നോക്കി..പറയുന്നതിലും കാര്യമുണ്ട്..വീട്ടു വാടക കൊടുത്തിട്ട് 4 മാസമായി..അയാള് നല്ല മനുഷ്യനായത് കൊണ്ട് ഇത്ര നാൾ ഒന്നും പറഞ്ഞില്ല..

“കുറച്ചു ദിവസം കൂടെ  അവധി തരാമോ ചേട്ടാ…ഞാൻ കാശ് എങ്ങനേലും ഒപ്പിക്കാം..സുഖമില്ലാത്തത് കൊണ്ട് ഒരാഴ്ചയായി ജോലിക്ക് പോയില്ല…അതാ..”

അടുത്തുള്ള ഒരു ഹോട്ടലിൽ അവൾ  ജോലിക്ക് പോകാറുണ്ട്…കടുത്ത പനി കാരണം ഇപ്പൊ കുറച്ചു ദിവസമായി വീട്ടിൽ തന്നെയാണ്…

“അടുത്ത വെള്ളിയാഴ്ച ഞാൻ വരും..അന്ന് എവിടുന്നെങ്കിലും കാശ് ഒപ്പിച്ചു വെക്ക്…ഇല്ലെങ്കിൽ ഇവിടുന്ന് ഒഴിയേണ്ടി വരും..ഇറക്കി വിട്ടെന്ന ശാപം എനിക്ക് ഉണ്ടാക്കി തരല്ലേ മോളേ….”

തോബിയാസ് കല്പടവുകളിലൂടെ റോഡിലേക്ക് ഇറങ്ങി നടന്നു…പാർവതി  വീട്ടിനകത്തു കയറി…അടുക്കളയിൽ സാധനങ്ങളെല്ലാം  തീർന്നു..ഒരു നേരത്തേക്കുള്ള അരി മാത്രം ഉണ്ട്‌…വിറകടുപ്പിൽ  വെട്ടി തിളയ്ക്കുന്ന വെള്ളത്തിലേക്ക് അവൾ അരി കഴുകി ഇട്ടു…കുറച്ചു ചായ കുടിക്കണം എന്നുണ്ട്..പക്ഷെ  ചായപ്പൊടിയും പഞ്ചസാരയും ഇല്ല..എത്രയാണെന്ന് വച്ചാ  അടുത്ത വീട്ടിൽ നിന്ന് കടം  വാങ്ങുക?..സാരമില്ല…പനി മാറി ജോലിക്ക് പോകാൻ  തുടങ്ങിയാൽ പിന്നെ പ്രശ്നമില്ല..അവൾ സ്വയം  ആശ്വസിപ്പിച്ചു..കടുത്ത തലവേദനയും ഉണ്ട്‌….ഗവണ്മെന്റ് ആശുപത്രിയിൽ നിന്ന് കിട്ടിയ മരുന്ന് കഴിഞ്ഞു..ഒരിക്കൽ കൂടി പോകാമെന്നു വച്ചാൽ  കൈയിൽ ബസ് കാശില്ല…അവൾക്കു തന്റെ അവസ്ഥ ആലോചിച്ചപ്പോൾ ചിരി വന്നു…എന്തൊരു ജീവിതമാണ്!!!… സ്വന്തമെന്നു പറയാൻ ആരുമില്ല..നാളെ എന്തെന്നും അറിയില്ല…മരിച്ചാൽ ഓർത്ത് സങ്കടപ്പെടാൻ ഒരു മനുഷ്യൻ പോലുമില്ല…

“മോളേ പാർവതീ….”

തോബിയാസിന്റെ ശബ്ദം..

അവൾ പുറത്തേക്കിറങ്ങി..റോഡിൽ നിർത്തിയിട്ട കാറിൽ നിന്ന് രണ്ടു പേരിറങ്ങി തോബിയാസിന്റെ കൂടെ പടവുകൾ കയറി മുറ്റത്തേക്ക് വന്നു…വെള്ളമുണ്ടും ഷർട്ടും ധരിച്ച മെലിഞ്ഞ ഒരു മധ്യവയസ്കനും  ജീൻസും ടീഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരനും….

“ഇവര് മോളേ കാണാൻ വന്നതാ…കവലേൽ നില്കുവായിരുന്നു…ഞാൻ കൂട്ടി കൊണ്ടു വന്നു..” തോബിയാസ് പറഞ്ഞു…അവൾക്ക് ആളെ മനസിലായില്ല…ഇതുവരെ കാണാത്ത മുഖങ്ങൾ…

“അതേ, തോബിയാസേ, എനിക്ക് ഈ  കുട്ടിയോട് കുറച്ച് സംസാരിക്കാൻ ഉണ്ട്‌..വിരോധമില്ലെങ്കിൽ…” വാസുദേവൻ   തോബിയാസിനെ  നോക്കി…

“ഓ…അതിനെന്താ…ഞാൻ  റോഡിലുണ്ട്…എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി…” അയാൾ  റോഡിലേക്ക് ഇറങ്ങി..

“പ്രസാദേ…നീയും കൂടെ  പോ..”

തലയാട്ടി കൊണ്ട് അവനും  തോബിയാസിന് പിന്നാലെ ഇറങ്ങി..

വാസുദേവൻ പാർവതിയെ  അടിമുടി നോക്കി…എണ്ണമയമില്ലാതെ പാറിപറക്കുന്ന മുടി…നിറം മങ്ങിയ പാവാടയും ബ്ലൗസും…ശൂന്യമായ  കഴുത്തും കാതുകളും…ആഭരണമെന്ന് പറയാൻ  വലതു കൈയിൽ ഒരു കറുത്ത ചരട് മാത്രം…പക്ഷേ  വല്ലാത്തൊരു ഐശ്വര്യം അവളുടെ മുഖത്തു ഉണ്ട്‌…”

“പാർവതി, അല്ലേ?”

പരുക്കൻ ശബ്ദം..

അവൾ അതേയെന്ന് തലയാട്ടി..

“എന്നെ അറിയാൻ  വഴിയില്ല..ഞാൻ  വാസുദേവൻ…നിന്റെ അമ്മയുടെ ആദ്യ ഭർത്താവാണ്..അത്‌ എന്റെ മകൻ പ്രസാദ്…”

അവൾ ഞെട്ടലോടെ  അയാളുടെ മുഖത്തേക്ക് നോക്കി…എന്ത് പറയണം എന്നറിഞ്ഞൂടാ….

വാസുദേവൻ വീടിനു  ചുറ്റും ഒന്ന് കണ്ണോടിച്ചു…വലതു  വശത്തു ഒന്നുരണ്ട് വീടുകൾ  ഉണ്ടെന്നൊഴിച്ചാൽ ഏകദേശം വിജനമായ  സ്ഥലം…മുൻപിലെ മൺറോഡിന് എതിർവശം  വിശാലമായ റബ്ബർ  തോട്ടം….

“ഇത് പോലൊരു സ്ഥലത്ത് തനിച്ചു ജീവിക്കാൻ പേടിയില്ലേ?” അയാൾ ചോദിച്ചു..

“ഉണ്ടായിരുന്നു..ഇപ്പൊ ശീലമായി..” പതിഞ്ഞതെങ്കിലും ഉറച്ച സ്വരത്തിൽ അവൾ  പറഞ്ഞു..

വാസുദേവൻ വീടിനകത്തേക്ക് നടന്നു..ഒരു മുറിയും അടുക്കളയും  മാത്രം..റൂമിന്റെ ജനൽ പാളികൾ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടി വച്ചിട്ടുണ്ട്…ഒരു പഴയ കട്ടിൽ…മേശപ്പുറത്തു നിറയെ മരുന്ന് കുപ്പികൾ…

“അമ്മയുടേതാണ്…അമ്മ പോയെങ്കിലും ഇതൊന്നും ഉപേക്ഷിക്കാൻ തോന്നുന്നില്ല..”

പിന്നിൽ നിന്നും അവളുടെ ശബ്ദം..വാസുദേവൻ  തിരിഞ്ഞു…

“അമ്മ പറഞ്ഞിട്ടുണ്ട്…മരണം  വരെ കുറ്റബോധം ഉണ്ടായിരുന്നു…മരിക്കും മുൻപ് മോനെ ഒന്ന് കാണണം എന്ന് പറഞ്ഞു കരഞ്ഞു….അവസാന ശ്വാസം എടുക്കുമ്പോൾ വാസുവേട്ടാ എന്ന് വിളിച്ചത് എന്റെ കണ്മുൻപിൽ ഇപ്പഴുമുണ്ട്…”

അവളുടെ ശബ്ദം ഇടറി…

“മാപ്പർഹിക്കാത്ത തെറ്റാ അമ്മ ചെയ്തത്…പക്ഷേ  അതിനുള്ള ശിക്ഷ അനുഭവിച്ചിട്ടു തന്നാ പോയത്….ഒരുപാട് വേദന  തിന്നു…. ” അവൾ മേശപ്പുറത്തു നിന്നും ഒരു പഴയ തോർത്ത്‌ എടുത്ത് കണ്ണുകൾ തുടച്ചു…

“കുടിക്കാൻ എന്തെങ്കിലും തരണമെന്നുണ്ട് , പക്ഷേ  ഒന്നും ഇല്ല…കുറച്ച് നേരം  ഇരിക്കാമെങ്കിൽ ഞാൻ കടയിൽ പോയി എന്തെങ്കിലും വാങ്ങിയിട്ട് വരാം….”

വാസുദേവൻ  ചിരിച്ചു..

“ഇങ്ങോട്ട് വന്നേ..”

അവൾ  അറച്ചറച്ച്   അടുത്തേക്ക് വന്നു. അയാൾ  അവളുടെ  നെറ്റിയിലും കഴുത്തിലും  തൊട്ട് നോക്കി..നല്ല ചൂടുണ്ട്..

“നിനക്ക് സുഖമില്ലെന്ന് തോബിയാസ് പറഞ്ഞിരുന്നു…”

“ഇപ്പൊ കുഴപ്പമില്ല…”

“എന്തെങ്കിലും എടുക്കാനുണ്ടെങ്കിൽ എടുത്തിട്ട് വാ…ഇനി നീ  ഇവിടെ താമസിക്കുന്നില്ല…”

അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി..

“നല്ല മനസ്സിന് നന്ദി.. പക്ഷേ  വേണ്ട..എനിക്ക് ഇത് ശീലമായി…ചെറിയൊരു  ജോലി ഉണ്ട്‌..ഇപ്പൊ കുറച്ച് കഷ്ടപ്പാട് ഉണ്ടെങ്കിലും എല്ലാം ഒരു നാൾ  ശരിയാകും…”

വാസുദേവന് അവളോട് വല്ലാത്ത ബഹുമാനം തോന്നി..സഹതാപം ഇഷ്ടപ്പെടാത്ത, ആത്മാഭിമാനമുള്ള  പെണ്ണ്..

“മോളേ…ഞാൻ  നിനക്ക് അന്യനാണ്..പക്ഷേ ആ  പുറത്ത് നില്കുന്നത് നിന്റെ സ്വന്തം ഏട്ടനാ…അതായത്  നീ അനാഥ അല്ല…ആരുടേം ഔദാര്യമായിട്ട് കണക്ക് കൂട്ടണ്ട…നിനക്ക് ഇഷ്ടമായില്ലെങ്കിൽ തിരിച്ചു വരാം…ആരും  തടയില്ല…”

അവൾ ഒന്നും മിണ്ടാതെ നിന്നു..

“കുറച്ചു നാൾ ഏതെങ്കിലും ബന്ധു വീട്ടിൽ പോകുന്നതായി  കരുതിയാൽ മതി..ഞാൻ പുറത്ത് നിൽക്കാം..പെട്ടെന്ന് റെഡി ആയി  വാ….”

വാസുദേവൻ പുറത്തിറങ്ങി ഒരു ബീഡി കത്തിച്ചു വലിച്ചു…കുറച്ചു കഴിഞ്ഞപ്പോൾ  ഒരു പ്ലാസ്റ്റിക് കവറും കൈയിൽ എടുത്ത് അവൾ  വന്നു…ഡ്രസ്സ്‌ മാറിയിട്ടുണ്ട്..ഒരു പഴയ ചുരിദാർ, ഇളം മഞ്ഞ നിറമുള്ളത്..മുടി ചീകി കെട്ടിയിട്ടുണ്ട്..അയാൾ  അവളുടെ കൈ പിടിച്ച് താഴെക്കിറങ്ങി…റോഡിൽ തോബിയാസും പ്രസാദും സംസാരിച്ചുകൊണ്ട് നിൽക്കുന്നുണ്ട്..

“അപ്പൊ തോബിയാസേ, ഞങ്ങൾ ഇവളെ  കൊണ്ടു പോകുകയാ…”

“ഓ…ആയിക്കോട്ടെ സാറേ…ദൈവം നിങ്ങളെ രക്ഷിക്കും..”

“പ്രസാദേ..ഇയാൾക്കു കൊടുക്കാനുള്ളതൊക്കെ??” വാസുദേവൻ മകനെ  നോക്കി..

“എല്ലാം ക്ലിയർ ചെയ്തിട്ടുണ്ട്…” അവൻ പറഞ്ഞു..

“നീ വണ്ടിയിൽ കേറിക്കോ മോളേ “.. അവൾ മെല്ലെ പിൻ സീറ്റിലേക്ക് കയറി  ഇരുന്നു…ആ ഡോർ അടച്ചു കൊണ്ട് വാസുദേവൻ പ്രസാദിനെ നോക്കി..

“മോനേ..ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ ഒന്ന് പോണം…ആ കുട്ടിക്ക് തീരെ വയ്യ..”

“അച്ഛനിതു വേണ്ടാത്ത പണിയാ…ഇതൊക്കെ വലിയ കുരിശാകും…പറഞ്ഞില്ലെന്നു വേണ്ട..” അവൻ ദേഷ്യപ്പെട്ടു.

വാസുദേവൻ ചിരിച്ചു..

“സാരമില്ലെടാ…ഈ പ്രായത്തിൽ ഒരു കുരിശ് ചുമക്കാൻ ദൈവം തമ്പുരാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത്  ചുമന്നേ പറ്റൂ..നീ  വണ്ടിയെടുക്ക്…”

അവൻ പിറുപിറുത്ത് കൊണ്ട് വണ്ടിയിൽ കയറി..വണ്ടി ഓടിക്കൊണ്ടിരിക്കെ അവൻ ഗ്ലാസ്സിലൂടെ പിറകിലോട്ട് നോക്കി..അവൾ പുറത്തേക്ക് നോക്കി ഇരിക്കുന്നു…മാതൃവാത്സല്യം തനിക്ക് നിഷേധിച്ചു അന്യപുരുഷന്റെ കൂടെ പോയ നി കൃഷ്ടയായ  അമ്മയുടെ മകൾ…!!.. അവനു വല്ലാത്ത ദേഷ്യം തോന്നി….ആ  ദേഷ്യത്തോടെ അവൻ  ആക്സിലറേറ്റർ ചവിട്ടി ഞെരിച്ചു…. ഒരു ഹുങ്കാരത്തോടെ കാർ മൺപാതയെ വിറപ്പിച്ചു കൊണ്ട് പാഞ്ഞു..

*************

“ഈ കുട്ടി നിങ്ങളുടെ മകള് തന്നാണോ?” ഡോക്ടർ ദേഷ്യത്തോടെ വാസുദേവനെ നോക്കി….

“എന്താ ഡോക്ടർ എന്ത് പറ്റി?”

“നല്ല പനിയുണ്ടല്ലോ..ഇത്രേം നാൾ  നിങ്ങൾ ഉറക്കത്തിലായിരുന്നോ?..അത്‌ പോട്ടെ, ഇവൾക്ക് ഭക്ഷണമൊന്നും  കൊടുക്കാറില്ലേ??പോഷകാഹാരത്തിന്റെ കുറവ് കാണാനുണ്ട്…എന്തായാലും ഇന്നിവിടെ കിടക്കട്ടെ…നാളെ  വിടാം..”

“അയ്യോ ഡോക്ടറേ, അങ്ങനെ പറയരുത്…ഞങ്ങൾക്ക് ഇപ്പോ തന്നെ പോണം..ഒരു പാട് ദൂരം യാത്ര ചെയ്യാനുള്ളതാ…”

“നിങ്ങള് എന്താന്ന് വച്ചാൽ ആയിക്കോ…ഞാൻ പറയാനുള്ളത് പറഞ്ഞു..കുട്ടിയുടെ ബോഡി വളരെ വീക്ക് ആണ്..തത്കാലം ഞാൻ  രണ്ടു മെഡിസിൻ എഴുതാം..അതിലൊന്ന് ഇപ്പൊ തന്നെ  കൊടുക്കണം..ഭക്ഷണം കഴിച്ചതിനു ശേഷം…..”

പ്രിസ്ക്രിപ്‌ഷൻ വാങ്ങി കൈകൂപ്പിയിട്ട് വാസുദേവൻ  പാർവതിയോട് പോകാം എന്ന് തലയാട്ടി…അവൾ  അയാൾക് പുറകെ നടന്നു…വെളിയിൽ പ്രസാദ് ഇരിപ്പുണ്ട്…അവൻ എണീറ്റു….

“മോനേ..നീ പോയി ഈ മരുന്നും വാങ്ങി ആ  റെസ്റ്റോറന്റിലേക്ക് വാ…ഞങ്ങൾ  അവിടുണ്ടാകും…”

അവൻ ഒന്നും മിണ്ടാതെ ഫാർമസിയിലേക്ക് നടന്നു..

***********

സാമാന്യം വലിയൊരു റെസ്റ്റോറന്റ് ആണ് അത്…വെയ്റ്റർ വന്ന് മെനു മുൻപിൽ വച്ചു…

“നിനക്കെന്താ വേണ്ടത് ?നീ തന്നെ ഓർഡർ ചെയ്തോ..” വാസുദേവൻ മെനു കാർഡ് അവൾക്കരികിലേക്ക് നീക്കി..പാർവതി അത് തുറന്ന് വായിച്ചു…കുറച്ച് കഴിഞ്ഞ് മെല്ലെ മടക്കി വച്ചു ചെറിയ മടിയോടെ  വാസുദേവനോട് ചോദിച്ചു..

“എനിക്ക് ഒരു പാൽ ചായ  വാങ്ങി തരുമോ?”

“അതെന്താ കഴിക്കാനൊന്നും വേണ്ടേ?”

“ഇതിലുള്ളതിനൊക്കെ ഒരുപാട് പൈസയാണ്….അതുമാത്രമല്ല , ഞാൻ പാലൊഴിച്ച ചായ കുടിച്ചിട്ട് കുറെ ആയി…”

വല്ലാത്തൊരു ഹൃദയവേദന തോന്നി വാസുദേവന്…അയാൾ വെയ്റ്ററെ കൈ കാട്ടി വിളിച്ചു…

“രണ്ടു ചിക്കൻ ബിരിയാണി…പിന്നെ ഒരു  ആപ്പിൾ ജ്യൂസ്…പെട്ടെന്ന് വേണം…”

വെയ്റ്റർ അകത്തേക്ക് നടന്നു. പ്രസാദ് മരുന്ന് വാങ്ങിവന്നു ടേബിളിൽ വച്ചു….

“ഞാൻ  കാറിൽ ഉണ്ടാവും..”

“നീ കഴിക്കുന്നില്ലേ?”

“വേണ്ട… ” അവൻ  പുറത്തേക്ക് ഇറങ്ങി..

“അവനു ഇപ്പഴും ഇത് ഉൾകൊള്ളാൻ ആയിട്ടില്ല…നീ അതൊന്നും കാര്യമാക്കണ്ട കേട്ടോ…എന്തുണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി…”

അവൾ തലയാട്ടി..

“നീ എത്രവരെ പഠിച്ചു?”

“ഡിഗ്രി ഒന്നാം വർഷം പോകാൻ തുടങ്ങിയപ്പോഴാ  അമ്മയ്ക്ക് സീരിയസ് ആയത്..അതോടെ  നിർത്തി…”

ഭക്ഷണം വന്നു..ബിരിയാണിയും ആപ്പിൾ ജ്യൂസും വാസുദേവൻ അവൾക്ക് മുന്നിലേക്ക് നീക്കി വച്ചു…ആർത്തിയോടെ വാരിക്കഴിക്കുന്ന ആ പെൺകുട്ടിയെ നോക്കിയപ്പോൾ വാസുദേവന്റെ കണ്ണുകൾ  നിറഞ്ഞു…നല്ല രീതിയിൽ അവൾ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി എന്ന് വ്യക്തം…അവൾ കഴിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി…ഒരു തരി പോലും മിച്ചം വയ്ക്കാതെ അവൾ കഴിച്ചു  തീർത്തു….ജ്യൂസ് പാതി കുടിച്ചു….സംതൃപ്തിയോടെ, അതിലുപരി നന്ദിയോടെ വാസുദേവനെ  നോക്കി…

അയാൾ വീണ്ടും സപ്ലയരെ വിളിച്ചു..

“ഒരു ചായ കൂടി വേണം…സ്പെഷ്യൽ..”

“അയ്യോ, മതി…എനിക്ക് വയറു  നിറഞ്ഞു.”

“അത് സാരമില്ല…ഒരു ചായക്ക് ഉള്ള ഇടമൊക്കെ നിന്റെ വയറിൽ ഉണ്ടാകും..”

എലക്കായ ഇട്ട ചായ   ഊതി കുടിച്ചുകൊണ്ട് അവൾ വാസുദേവനോട് ചോദിച്ചു..

“എന്നെ കൂട്ടികൊണ്ട് പോകുന്നത് പ്രതികാരം  ചെയ്യാനാണോ?”

“നിന്നോട് എനിക്കെന്ത് പ്രതികാരം..?”

“എന്റെ അമ്മയോടുള്ള പ്രതികാരം…നിങ്ങളെയൊക്കെ വഞ്ചിച്ച ആളുടെ മകളല്ലേ ഞാൻ…”

“നിന്നോട് പറഞ്ഞില്ലേ, ഞങ്ങളുടെ കൂടെ കുറച്ചു ദിവസം നിന്നു നോക്ക്…ഇഷ്ടപ്പെട്ടില്ലെങ്കിൽ നിനക്ക് തിരിച്ചു പോകാം..ആരും  തടയില്ല…”

അവൾ ചായ കുടിച്ചു തീർത്തു…ബില്ലും കൊടുത്ത് അവളെയും കൂട്ടി പുറത്തിറങ്ങിയപ്പോൾ കാറിൽ ചാരി നിന്ന് പ്രസാദ് ഫോൺ ചെയ്യുന്നുണ്ടായിരുന്നു…

“പോകാം മോനേ…കുറെ ഓടാനുള്ളതല്ലേ..”

അവൻ ഒന്നും മിണ്ടാതെ കാറിൽ കയറി  ഡോർ വലിച്ചടച്ചു…

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ  വാസുദേവൻ തിരിഞ്ഞു നോക്കി…അവൾ  ചാരിയിരുന്ന് ഉറങ്ങുകയാണ്…

വീട്ടിലെത്തുമ്പോൾ രാത്രി  ആയിരുന്നു..കാർ മുറ്റത്തു കയറിയപ്പോൾ തന്നെ  ഹരിതയും അമ്മയും അങ്ങോട്ട് വന്നു…വാസുദേവൻ ഡോർ തുറന്ന് പാർവതിയുടെ കൈ പിടിച്ചു..

“വാ മോളേ…ഇതാ ഇനി നിന്റെ വീട്…”

അവൾ പരിഭ്രമത്തോടെ ഇറങ്ങി..

“ഇത് ശാരദ..അത്‌ അവരുടെ മകൾ ഹരിത…നമ്മുടെ അയൽക്കാരാ…”

വാസുദേവൻ പരിചയപ്പെടുത്തി…അവൾ  മിഴിച്ചു നോക്കിയതല്ലാതെ  ഒന്നും മിണ്ടിയില്ല…

“മോനേ…നീ ഇവൾക്ക് റൂം  കാണിച്ചു കൊടുക്ക്‌…യാത്രാക്ഷീണം കാണും…റസ്റ്റ്‌ എടുക്കട്ടെ…”

പ്രസാദ് ഈർഷ്യയോടെ അച്ഛനെ നോക്കി..എന്നിട്ട് അകത്തേക്ക് നടന്നു…വാസുദേവൻ  പാർവതിയോട് പിന്നാലെ ചെല്ല് എന്ന് കണ്ണ് കാണിച്ചു..അവൾ  പ്രസാദിനെ അനുഗമിച്ചു…

“നല്ല കാര്യമാ വാസുവേട്ടൻ ചെയ്തത്…”

ശാരദ പറഞ്ഞു…..

“നല്ല കാര്യമൊക്കെ തന്നാ  ശാരദേ…പക്ഷേ പ്രസാദിന് തീരെ ഇഷ്ടപ്പെട്ടിട്ടില്ല..അതോർക്കുമ്പോഴാ…”

“അതൊക്കെ ശരിയാവും…പിന്നെ ഇവളുണ്ടല്ലോ…ഇവളവനോട് സംസാരിച്ചോളും…” ശാരദ ഹരിതയെ നോക്കി… പ്രസാദും ഹരിതയും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം…ഒരു വർഷം കൂടി കഴിഞ്ഞ് അവരുടെ  വിവാഹം നടത്താൻ  തീരുമാനിച്ചിരിക്കുകയാണ്…

“ഞങ്ങള് പോവാ, വാസുവേട്ടാ…ആഹാരം കഴിച്ച് കിടന്നോ..ചോറും കറിയുമൊക്കെ മേശപ്പുറത്തു വച്ചിട്ടുണ്ട്..നാളെ വന്ന് ആ  കൊച്ചിനോട് സംസാരിച്ചോളാം…” അവർ പോയപ്പോൾ വാസുദേവനും അകത്തേക്ക് കയറി…

***********

പാർവതിക്ക് മുറി കാണിച്ചു കൊടുക്കുകയാണ് പ്രസാദ്..

“ദാ…ഇതാണ് നിന്റെ മുറി…നിന്റെ ത ള്ള എന്റെ അച്ഛന്റെ കൂടെ കഴിഞ്ഞ മുറിയാണിത്…അവര് കാ മം തലക്ക് പിടിച്ച് ഓടിപ്പോയതിൽ പിന്നെ അച്ഛനിത് ഉപയോഗിച്ചിട്ടില്ല….”

പ്രസാദ് പുച്ഛത്തോടെ അവളെ നോക്കി..തന്റെ പ്ലാസ്റ്റിക് കവർ നെഞ്ചോട് ചേർത്ത് പിടിച്ചു നില്കുകയാണവൾ…..

“കയ്യിലുള്ള നിധി ആ  മേശപ്പുറത് വച്ചിട്ട് ഭക്ഷണം കഴിക്കാൻ  വാ…ഇല്ലെങ്കിൽ നിന്നെ ആനയിച്ചു കൊണ്ടുപോകാൻ അച്ഛൻ എന്നെ തന്നെ  വിടും……”

അവൾ അനങ്ങിയില്ല. അവനു ദേഷ്യം വന്നു…

“ഇങ്ങനെ ചേർത്തു പിടിക്കാൻ മാത്രം  ഇതിലെന്താടീ? നിന്റെ ത ള്ള വല്ലതും ഉണ്ടാക്കി വച്ചിട്ടുണ്ടോ?”

അവൻ ആ കവർ പിടിച്ച് വലിച്ചു..പഴക്കം കാരണം  ആ  കവർ  രണ്ടു വശത്തേക്കും കീറി പോയി…അതിലെ  സാധനങ്ങൾ  തറയിൽ  വീണു…പ്രസാദ് സ്തംഭിച്ചു പോയി….

തീരെ വില കുറഞ്ഞ  ഒരു ചുരീദാർ..പഴകി പിന്നി തുടങ്ങിയ രണ്ട് അടിവസ്ത്രങ്ങൾ..ഒരു മുത്തുമാല..നന്നേ പഴക്കമുള്ള ഒരു മൊബൈൽ ഫോൺ..ഒരു ഡയറി…അവൻ വല്ലാതെ  ആയി…പാർവതി  തറയിൽ ഇരുന്ന് അതൊക്കെ വാരിയെടുത്തു…എന്നിട്ട് അവനെ  നോക്കി..

“ഇതൊക്കെയാ അമ്മ ഉണ്ടാക്കി വച്ചത്…ഇപ്പൊ സമാധാനമായോ?”….ഗദ്ഗദത്തോടെ അവനോട് പറഞ്ഞു…അവൻ പെട്ടെന്ന് തിരിഞ്ഞ് പുറത്തേക്ക് നടന്നു…അവൾ കട്ടിലിൽ കിടന്ന് പൊട്ടിക്കരഞ്ഞു….വേണ്ടായിരുന്നു…ആ നാട്ടിൽ തന്നെ കിടന്ന് മരിച്ചാൽ മതിയാരുന്നു…അവൾ  സ്വയം പഴിച്ചു…കുറച്ചു കഴിഞ്ഞപ്പോൾ ആരോ  അവളുടെ തോളിൽ  തട്ടി…അവൾ ഞെട്ടി എഴുന്നേറ്റു…വാസുദേവൻ  ആണ്…കൈയിൽ ഒരു പ്ളേറ്റിൽ ചോറും കറികളും..

“കഴിക്ക്…എന്നിട്ട് ഒന്ന് കുളിച്ചിട്ട് ഉറങ്ങിക്കോ…”

“എനിക്ക് വേണ്ട…”

“അത്താഴപ്പട്ടിണി കിടക്കാൻ പാടില്ല…പറയുന്നത് കേൾക്ക്…”

അവൾ അത്‌ കൈ നീട്ടി വാങ്ങി…മേശപ്പുറത്തു ഒരു ബോട്ടിലിൽ വെള്ളവും വച്ചിട്ടുണ്ട്…

“എന്ത് ആവശ്യമുണ്ടെങ്കിലും പറയാൻ മടിക്കരുത്….”

“ഉം…”

വാസുദേവൻ പുറത്തിറങ്ങി വാതിൽ ചാരി…

***********

രാവിലെ ഉറക്കംഎണീറ്റ് അടുക്കളയിൽ എത്തിയതായിരുന്നു  വാസുദേവൻ…എന്നും ചായ ഉണ്ടാക്കി ഒരു ഗ്ലാസ്‌ പ്രസാദിന് കൊണ്ടു കൊടുക്കും..അതൊരു പതിവാണ്..വാതിൽക്കൽ എത്തിയപ്പോൾ തന്നെ  മുന്നിൽ ചായ ഗ്ലാസ്സുമായി പാർവതി..കുളി കഴിഞ്ഞ് തലയിൽ തോർത്തു കെട്ടി വച്ചിട്ടുണ്ട്…

“ചായ ഞാൻ ഉണ്ടാക്കി…ഇഷ്ടപ്പെടുമോന്ന് അറിയില്ല…” പുഞ്ചിരിയോടെ അവൾ പറഞ്ഞു..വാസുദേവൻ അത് വാങ്ങി കുടിച്ചു…

“ആഹാ കൊള്ളാലോ നല്ല  അസ്സൽ ചായ…”

“സാറ് കള്ളം പറയുന്നതാ…”

“അല്ല..സത്യായിട്ടും നന്നായിട്ടുണ്ട്…ഒരു ഗ്ലാസ്‌ അവന്റെ മുറിയിൽ കൊണ്ടു വച്ചേക്ക്‌…”

“അയ്യോ എനിക്ക് പേടിയാ…വഴക്ക് പറയും.”

“പറയുമായിരിക്കും..കുറച്ച് ദിവസം കഴിയുമ്പോൾ  ശരിയാവും…ആള് പാവമാ…ഓർമവെച്ച കാലം  മുതൽ ഒളിച്ചോടി പോയ അമ്മയെ കുറിച്ചുള്ള പരിഹാസം കേട്ട് വളർന്നതല്ലേ….”

വാസുദേവൻ  തിരിഞ്ഞു നടന്നു…

“കഴിക്കാനെന്താ  ഉണ്ടാക്കണ്ടത്??..എന്റെ പാചകം സാറിന് ഇഷ്ടപ്പെടുമോ എന്നറിയില്ല…”

“നീ ഇങ്ങു വന്നേ…”

“എന്താ സാറേ..”

അയാൾ അവളെ  ചേർത്തു പിടിച്ചു…

“സാറേ എന്ന് വിളിക്കണ്ട…നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ അച്ഛാ എന്ന് വിളിച്ചോ…”

അവൾ അയാളുടെ മുഖത്തേക്ക് നോക്കി..അവളുടെ കണ്ണുകൾ  നിറഞ്ഞു…

“എന്തിനാ കരയുന്നെ?”

“അച്ഛൻ എന്നൊരാളെ കണ്ടതായി ഓർമ പോലുമില്ല…സ്നേഹത്തോടെ  ആദ്യമായിട്ടാ ഒരാൾ  ഇങ്ങനെ…”

അവളുടെ വാക്കുകൾ മുറിഞ്ഞു…

വാസുദേവൻ അവളുടെ നെറുകയിൽ ചുംബിച്ചു….

“കരയണ്ട..ഇനി ഞങ്ങളുണ്ട് നിനക്ക്…പോയി നിനക്ക് എന്താണ് ഇഷ്ടം എന്ന് വച്ചാൽ ഉണ്ടാക്കിക്കോ….”

അവൾ കണ്ണുകൾ തുടച്ച് തന്റെ ജോലികൾ ചെയ്യാൻ തുടങ്ങി….

8 മണി ആയപ്പോഴേക്കും  ഗോതമ്പ് ദോശയും  ചമ്മന്തിയും ചായയും  മേശപ്പുറത്തു റെഡി  ആയി…

“മോളേ, നീ പോയി അവനെ വിളിക്ക്..”/വാസുദേവൻ പറഞ്ഞു…

പാർവതി  പേടിച്ച് പേടിച്ച് പ്രസാദിന്റെ മുറിയുടെ മുൻപിൽ എത്തി…അവൻ കണ്ണാടിക്ക് മുൻപിൽ നിന്ന് ഷർട്ട്‌ ഇടുകയാണ്…

“ചായ കുടിക്കാൻ…”

“എന്താ..?”

“ചായകുടിക്കാൻ വരാൻ പറഞ്ഞു..”.

“വരുന്നെന്നു പറ…”

അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ  അവൻ വിളിച്ചു…

“ഒന്ന് നിന്നേ..”

അവൾ അവനെ നോക്കി…അവൻ  കുറച്ച് അഞ്ഞൂറിന്റെ നോട്ടുകൾ എടുത്ത് അവളുടെ  നേരെ നീട്ടി…

“കുറച്ചു കഴിഞ്ഞ് ഹരിത  വരും..അവളുടെ കൂടെ  ടൗണിൽ പോയി ആവശ്യമുള്ള ഡ്രെസ് ഒക്കെ വാങ്ങിക്ക്….”

“അതൊന്നും വേണ്ട…”

” ഈ വീട്ടിൽ നിൽകുമ്പോൾ ഞങ്ങള് പറയുന്നത് കേൾക്കണം…മനസ്സിലായോ?? “

അവൾ ശരിയെന്നു തലയാട്ടി…അവൻ  ഷർട്ടുമിട്ട് പുറത്തേക്ക് നടന്നു…അവളുടെ കണ്ണുനീർ തുള്ളികൾ  ആ  നോട്ടുകളിൽ വീണു ചിതറി…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…