ആരോടായിരിക്കും അദ്ദേഹം ഇത്രയും നേരം രഹസ്യമായി സംസാരിച്ചതെന്നറിയാൻ അവളുടെ ഹൃദയം വെമ്പൽ കൊണ്ടു…

തനിയെ ഒരുവൾ….

Story written by Saji Thaiparambu

=========

ജർമ്മനിയിലെ ബെർളിൻ എയർപോർട്ടിൽ വിമാനമിറങ്ങുമ്പോൾ ഇന്ദുവിന്റെ മനസ്സിൽ ഭീതി നിഴലിച്ചിരുന്നു.

ആദ്യമായിട്ടാണ് സ്വന്തം നാടും വീടും വിട്ട് മറ്റൊരു രാജ്യത്ത് വരുന്നത്. നാട്ടിൽ വച്ച് ആകെ പുറത്ത് പോയിരിക്കുന്നത് തൊട്ടടുത്ത ജില്ലയായ എറണാകുളത്താണ്.

അതും ഏതോ ഒരു ഓണത്തിന് മാമന്റെ മക്കളോടൊപ്പം മറൈൻ ഡ്രൈവ് കാണാൻ വേണ്ടി.

മെട്രോ സിറ്റിയിലൊക്കെ പഠിച്ച ചെക്കനാണ് തന്നെ പെണ്ണ് കാണാൻ വന്നതെന്ന് പറഞ്ഞപ്പോൾ താൻ പഠിച്ചത് ഓണാട്ട്കരയിലെ സ്കൂളിലും കോളേജിലുമൊക്കെയാണെന്ന് പറയാൻ ഇന്ദുവിന് വല്ലാത്ത കുറച്ചിലായിരുന്നു.

ഇപ്പോൾ ഈ യൂറോപ്പിലെത്തിയത് ഇന്ദുവിന്റെ ഭർത്താവ് പ്രതാപൻ ക്ഷണിച്ചത് കൊണ്ടാണ്. അതും അയാൾ അയച്ച് കൊടുത്ത വിസിറ്റിങ്ങ് വിസയിൽ.

ചെക്ക് ഇൻ കഴിഞ്ഞ് കയ്യിലുള്ള ചെറിയ ട്രോളിബാഗുമായി ഇന്ദു എയർപോർട്ടിന് വെളിയിലേക്ക് വന്നു.

ഫ്ളൈറ്റ് ലാൻറ് ചെയ്യുമ്പോൾ തന്നെ പ്രതാപൻ എയർപോർട്ടിലുണ്ടാകുമെന്നാണ് ഇന്നലെ അവസാനമായി ഫോണിൽ സംസാരിച്ചപ്പോൾ അവളോട് അയാൾ പറഞ്ഞത്.

കയ്യിലുണ്ടായിരുന്ന ഫോണിന്റെ സിഗ്നൽ വിമാനത്തിനകത്ത് കയറിയപ്പോഴെ നഷ്ടമായിരുന്നു.

ഇനി ഇവിടെ നിന്നും സിം കാർഡ് മാറ്റിയിട്ടാലെ അദ്ദേഹത്തിനെ പോലും ബസപ്പെടാൻ കഴിയു.

“പ്രതാപേട്ടൻ വാതില്ക്കൽ തന്നെയുണ്ടാവണേ എന്റീശ്വരാ “

ആശങ്കയൊഴിയാൻ അവൾ ദൈവത്തിനെ വിളിച്ചു.

ഒറ്റയ്ക്ക് വരാൻ പേടിയുണ്ടോ എന്നദ്ദേഹം ചോദിച്ചപ്പോൾ മാനം പോകേണ്ടെന്ന് കരുതിയാണ് “ഹേയ്, വേണമെങ്കിൽ ഞാൻ ഒറ്റയ്ക്ക് ചന്ദ്രനിൽ വരെ പോകുമെന്ന് ” വീമ്പിളക്കിയത് എന്ന് അവളോർത്തു.

എയർപോർട്ടിന് മുന്നിൽ ധാരാളം പേർ, വലിയ പ്ലക്കാർഡുകളുമായി നില്പുണ്ട്. പക്ഷേ അക്കൂട്ടത്തിലൊന്നും തന്റെ ഭർത്താവിനെ അവൾക്ക് കണ്ടെത്താനായില്ല.

ഇന്ദുവിന് കാൽവിരലിൽ നിന്നും ശരീരത്തിന്റെ സകല ഞാഡി ഞരമ്പിലേക്കും തണുപ്പിനൊപ്പം ഭയവും ഇരച്ച് കയറി.

വലിയൊരു ലോകത്ത്  ഒറ്റപ്പെട്ടു പോയ അവസ്ഥ ഇന്ദുവിനെ വല്ലാതെ അസ്വസ്ഥയാക്കി.

വിശന്നിട്ടാണെങ്കിൽ വയറ് കത്തുന്നു. ക്യാൻറീനിൽ നിന്ന് വല്ലതും വാങ്ങി കഴിക്കാമെന്ന് വച്ചാൽ അങ്ങോട്ട് പോകുന്ന സമയത്താണ്, പ്രതാപേട്ടൻ ചിലപ്പോൾ തന്നെ  അന്വേഷിച്ച് വരുന്നതെങ്കിലോ ? അത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ച് അവൾ അടുത്ത് കണ്ട സ്റ്റീൽചെയറിൽ മാറിയിരുന്നു.

വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മ നിർബന്ധിച്ച് കഴിപ്പിച്ച ദോശയും ചമ്മന്തിയുമാണ് ഇത് വരെ അവളെ പിടിച്ച് നിർത്തിയത്. പ്രതാപേട്ടനെ കാണാൻ പോകുന്ന എക്സൈറ്റ്മെൻറ് കാരണം എയർഹോസ്റ്റസ് കൊണ്ടുവന്ന ഭക്ഷണമൊക്കെ പാടെ നിരസ്സിക്കുകയായിരുന്നു.

പല വിധ ചിന്തകളുമായി ആളുകൾ കടന്ന് വരുന്ന വഴിയിലേക്ക് അവൾ ആകാംക്ഷയോടെ നോക്കിയിരുന്നു.

ആ മയക്കത്തിൽ അവൾ കഴിഞ്ഞ് പോയ തന്റെ ജീവിതത്തെക്കുറിച്ച് ഓർക്കുകയായിരുന്നു.

ഒർക്കാൻ മടിക്കുന്ന രണ്ട് മൂന്ന് വർഷങ്ങൾ.

ബികോം കഴിഞ്ഞ് എം കോമിന് ചേർന്ന് പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് പ്രതാപന്റെ ആലോചന വരുന്നത്.

ആള് കുറച്ച് ഏജ്ഡ് ആയിരുന്നെങ്കിലും, വിദേശത്ത് അഞ്ചക്ക ശബ്ബളക്കാരനാണ് ചെക്കനെന്ന് കേട്ടപ്പോൾ അച്ഛന് അത് വല്ലാതെ ബോധിച്ചു.

അല്ലേലും മൂന്ന് പെൺമക്കളുള്ള, തുശ്ച വരുമാനക്കാരനായ അച്ഛൻ അതിന് താല്പര്യം കാണിച്ചതിൽ അത്ഭുതപ്പെടാനില്ല.

വീട്ടിൽ അമ്മ മാത്രമുള്ള പ്രതാപൻ ഇന്ദുവിനെ വിവാഹം ചെയ്താൽ അതിന്റെ ഗുണം അവളുടെ അനുജത്തിമാർക്ക് കൂടി കിട്ടുമെന്ന് ആ പാവം കർഷകൻ സ്വപ്നം കണ്ടതിൽ എന്താ തെറ്റ്.

അത് കൊണ്ട് തന്നെ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി തന്നെക്കാൾ പന്ത്രണ്ട് വയസ്സിന് മൂപ്പുള്ള പ്രതാപന്റെ മുന്നിൽ മനസ്സില്ലാ മനസ്സോടെ ഇന്ദു കഴുത്ത് നീട്ടികൊടുത്തു.

വിവാഹം കഴിഞ്ഞ് അച്ഛന്റെ കാല്ക്കൽ വീണ് അനുഗ്രഹം വാങ്ങുപോൾ അച്ഛൻ ഒന്നേ പറഞ്ഞുള്ളു.

“തള്ളയില്ലാതെ മൂന്ന് പെൺമക്കളെ ഇത്രടം വരെ വളർത്തിയെടുക്കാൻ അച്ഛൻ ഒരു പാട് ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്. അത് കൊണ്ട് മോൾക്കവിടെ എന്തെങ്കിലും അതൃപ്തി തോന്നിയാൽ അതൊരിക്കലും അച്ഛൻ അനുഭവിച്ച കഷ്ടപ്പാടിന്റ ത്ര വരില്ല എന്ന ചിന്ത മോൾക്ക് എപ്പോഴുമുണ്ടാവണമെന്ന് “

ആദ്യരാത്രിയിൽ ചൂട് പാലുമായി മുറിയിലേക്ക് കടന്ന് ചെല്ലുമ്പോൾ പ്രണയ പരവശനായ അദ്ദേഹം തന്നെ ചേർത്ത് പിടിച്ച് കട്ടിലിൽ കൊണ്ട് പോയി ഇരുത്തുമെന്ന് കരുതിയ ഇന്ദുവിന് നിരാശയായിരുന്നു ഫലം.

അലങ്കരിച്ചതാണെങ്കിലും അതിനകം ശൂന്യമായിരുന്നു.

പാൽ ഗ്ളാസ്സ് മേശപ്പുറത്ത് വച്ചിട്ട് ഇന്ദു പുറത്തേക്കിറങ്ങി വന്ന് നോക്കുമ്പോൾ, പ്രതാപൻ ഇളം തിണ്ണയുടെ തെക്കേ അറ്റത്ത് നിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.

ഇങ്ങനെ മാറി നിന്ന് സംസാരിക്കാൻ മാത്രം എന്താണുള്ളത്, അദ്ദേഹത്തിന് എന്തെങ്കിലും രഹസ്യ ബന്ധമുണ്ടാകുമോ ?

ഇന്ദുവിന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്ന് പോയി.

അയാൾ കാണേണ്ടെന്ന് കരുതി അവൾ തിരിച്ച് അകത്തേക്ക് കയറി കട്ടിലിൽ വന്നിരുന്നു.

പിന്നെയും ഏറെ നേരം കഴിഞ്ഞാണ് പ്രതാപൻ അകത്തേക്ക് കടന്ന് വന്നത്.

“ങ്ഹാ താൻ കാത്തിരുന്ന് മുഷിഞ്ഞ് കാണുമല്ലേ? സോറിട്ടോ ഞാനൊന്ന്  ഫ്രഷായിട്ട് പെട്ടെന്ന്‌ വരാം”

അയാൾ, മൊബൈൽ മേശമേൽ വച്ചിട്ട് ബാത് ടവ്വലുമെടുത്ത് കുളിമുറിയിലേക്ക് കയറി.

മേശപ്പുറത്തിരിക്കുന്ന മൊബൈൽ ഫോണിലേക്കും ബാത്റൂമിന്റെ വാതിലിലേക്കും ഇന്ദു മാറി മാറി നോക്കി.

ആരോടായിരിക്കും അദ്ദേഹം ഇത്രയും നേരം രഹസ്യമായി സംസാരിച്ചതെന്നറിയാൻ അവളുടെ ഹൃദയം വെമ്പൽ കൊണ്ടു.

അവൾ വേഗമെഴുന്നേറ്റ് ഫോൺ കൈക്കലാക്കി കാൾ രജിസ്റ്ററിൽ അവസാനത്തെ ഡയൽ നമ്പർ കണ്ട് അവൾ അമ്പരന്നു.

സൂസൻ എന്നൊരു പേരായിരുന്നു അത്, അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി, ഈശ്വരാ അവളുമായി അദ്ദേഹത്തിന് എന്തെങ്കിലും അടുപ്പമുണ്ടാവുമോ?

അല്ലെങ്കിൽ ചിലപ്പോൾ തന്റെ വെറും സംശയമാണെങ്കിലോ?

ഏതെങ്കിലും കൂട്ടുകാരോ ബിസിനസ് പാർട്ണറോ ആയിരിക്കില്ലേ?

ചുട്ടു പൊള്ളുന്ന മനസ്സിനെ ഒന്ന് തണുപ്പിക്കാൻ അവൾ ശ്രമിച്ചു.

ഹേയ് അങ്ങനെയാണെങ്കിൽ തന്റെ മുന്നിൽ വച്ച് സംസാരിച്ചാൽ പോരെ…ഇങ്ങനെ ഒരു ഒളിച്ച് കളി എന്തിനാ?

വീണ്ടും മനസ്സ് നീറിപ്പുകഞ്ഞു.

മൊബൈൽ തിരിച്ച് വച്ച്, അവൾ പഴയത് പോലെ കട്ടിലിൽ വന്നിരുന്നു.

കുളി കഴിഞ്ഞ് പ്രതാപൻ എത്തിയപ്പോഴേക്കും ഇന്ദു ഉറക്കമായി കഴിഞ്ഞിരുന്നു.

പിന്നീട് രാത്രിയുടെ ഏതോ യാമത്തിൽ ഫോൺ ബെല്ലു ശബ്ദിക്കുന്നത് കേട്ടാണ് ഇന്ദു ഉണർന്നത്.

അവൾ കണ്ണ് തിരുമ്മി നോക്കുമ്പോൾ പ്രതാപൻ തന്റെ അരികിൽ കൂർക്കം വലിച്ച് നല്ല ഉറക്കത്തിലാണ്.

ഇന്ദു എഴുന്നേറ്റ് ചെന്ന് മേശപ്പുറത്തിരുന്ന ഫോൺ എടുത്തു നോക്കി .

അത് സൂസന്റെ കോൾ ആയിരുന്നു…

ഇന്ദുവിന് തന്റെ തലയ്ക്ക് ഇരുവശവും കടവാവലുകൾ ചിറകടിച്ച് പറക്കുന്നത് പോലെ തോന്നി.

വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ എടുത്തിട്ട് പ്രതാപനെ തട്ടിവിളിച്ച് ഫോൺഅയാൾക്ക് നേരെ നീട്ടി.

“ഞാൻ നല്ല ഉറക്കത്തിലായിരുന്നു. നാളെ രാവിലെ തിരിച്ചു വിളിക്കാം”

ഈർഷ്യയോടെ ഫോൺ കട്ട് ചെയ്ത് അരികിൽ വെച്ചിട്ട് അയാൾ വീണ്ടുo കമിഴ്ന്ന്കിടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ  കൂർക്കംവലിയും തുടങ്ങി.

ഇന്ദുവിന്, തന്നോട് തന്നെ അവജ്ഞ തോന്നി.

താൻ അദ്ദേഹത്തിൻറെ ഭാര്യ അല്ലേ? തനിക്ക് അദ്ദേഹത്തോട് ആരാണവളെന്ന് ചോദിച്ചാലെന്താ?

ആത്മ നിന്ദയോടെ അവൾ മുഖം ചുളിച്ചു.

വേണ്ട, ഇനി ഒരുപക്ഷേ , അവൾ അദ്ദേഹത്തിൻറെ രഹസ്യക്കാരി ആണെങ്കിൽ പോലും തനിക്ക് ഇയാളെ ഇനി ഉപേക്ഷിച്ച് പോകാൻ കഴിയില്ലല്ലോ? എന്ന ചിന്ത, ആ ഉദ്യമത്തിൽ നിന്നും അവളെ പിന്തിരിപ്പിച്ചു.

അച്ഛൻറെ ദൈന്യതയാർന്ന മുഖവും, നിസ്സഹായത നിഴലിച്ച ഉപദേശവും അവളുടെ മനസ്സിലേക്ക് ഓടി വന്നു.

കിട്ടാവുന്നിടത്തോളം  കടം വാങ്ങിയിട്ടാണ്, അച്ഛൻ  തന്നെ അദ്ദേഹത്തിൻറെ കൂടെ പറഞ്ഞയച്ചിരിക്കുന്നത്,  കല്യാണ രാത്രി തന്നെ  വഴക്കിട്ട് തിരിച്ചു സ്വന്തം വീട്ടിലേക്ക്  ചെന്നാൽ, ഒരുപക്ഷേ  അച്ഛനത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.

അച്ഛൻറെ പഴഞ്ചൻ ചിന്തകളിൽ സമ്പന്നനായ ഒരുവന്റെ ഭാര്യയായി കഴിഞ്ഞാൽ, മൂത്ത മകളുടെ ഭാവിയും അവളിലൂടെ അനിയത്തിമാരുടെ ജീവിതവും നല്ലനിലയിൽ ആകുമെന്നാണ് അദ്ദേഹം ധരിച്ച് വച്ചിരിക്കുന്നത്.

ആ ധാരണ, അങ്ങനെ തന്നെ ഇരിക്കട്ടെ, ചിലപ്പോൾ ദൈവം തനിക്ക് വിധിച്ചിരിക്കുന്നത് ഇങ്ങനെയൊരു ജീവിതം ആയിരിക്കും. തന്നിലൂടെ തന്റെ കുടുംബത്തെ കരകയറ്റാൻ കഴിഞ്ഞാൽ ആ ഒരു നേട്ടത്തിലൂടെ എങ്കിലും തന്റെ ജീവിതം ധന്യമാകുമെന്നവൾ ആശ്വസിച്ചു.

അല്ലെങ്കിൽ തന്നെ  കാണാൻ അത്ര സുന്ദരി അല്ലാത്ത, ചെറുപ്പം തൊട്ടേ ഇടയ്ക്കിടെ ചുഴലി വരുന്ന, എന്നും മരുന്നുമായി ജീവിക്കുന്ന തന്നെ എല്ലാംഅറിഞ്ഞ് കൊണ്ട് അദ്ദേഹം വിവാഹം കഴിച്ചത് ഒരുവലിയ കാര്യം ആയിട്ട് വേണം താൻ കരുതാൻ, എന്നവൾ സ്വയം മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.

പിറ്റേന്ന് രാവിലെ ഒന്നും തന്നെ സംഭവിക്കാത്തതുപോലെ പോലെ പ്രതാപൻ കുളിച്ചൊരുങ്ങി, പ്രാതലും കഴിച്ചിട്ട് എങ്ങോട്ടോ പോകാനുള്ള ഒരുക്കത്തിലായിരുന്നു.

“നമ്മളിന്ന് എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ?

സംശയനിവാരണത്തിനായി ഇന്ദു അയാളോട് ചോദിച്ചു.

“ങ്ഹാ..ഞാൻ തന്നോട് പറയാൻ ഇരിക്കുകയായിരുന്നു, എനിക്ക് അത്യാവശ്യമായിട്ട് ജോലി സ്ഥലത്തേക്ക് തിരിച്ചു പോകണം “

“അതെന്താ ഇത്ര പെട്ടെന്ന് ഒരു പോക്ക് “

ഉള്ളിലെ അമർഷം കടിച്ചുപിടിച്ച് ഇന്ദു അയാളോട് തിരക്കി.

“എല്ലാം ഞാൻ ചെന്നിട്ട് ഫോണിൽ വിളിച്ചു പറയാം, നമ്മൾ ഇന്നലെയും ഒന്നും സംസാരിച്ചിട്ടില്ലല്ലോ ?

ധൃതിയിൽ ബാഗ് നിറയ്ക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.

അന്ന് അവളുടെ കവിളത്ത് പേരിന് ഒരു ചുംബനം നൽകി പോയ ആൾ പിന്നെ ഒരാഴ്ചയ്ക്ക് ശേഷമാണ്  ഇന്ദുവിന്റെ ഫോണിലേക്ക് വിളിക്കുന്നത്.

അന്നും അയാൾ സംസാരിച്ചത് നാട്ടിലെ വിശേഷങ്ങളെക്കുറിച്ചും അമ്മയെ കുറിച്ചും ഒക്കെയായിരുന്നു.

തന്നോട് സംസാരിക്കുമ്പോൾ തന്നെക്കുറിച്ചുള്ള ഉൽക്കണ്ഠയും സ്നേഹവും ഒന്നും അയാളുടെ വാക്കുകളിൽ ഒട്ടും ഇല്ലായിരുന്നു എന്ന്, ഇന്ദു വേദനയോടെ ഓർത്തു.

ചെന്നിട്ട് എല്ലാം വിളിച്ചു പറയാമെന്നും,വിശദമായി സംസാരിക്കാം എന്നും പറഞ്ഞിരുന്നയാൾ, സൂസനെ കുറിച്ച്  യാതൊന്നും അവളോട് പറയുകയുണ്ടായില്ല.

അങ്ങനെ മാസങ്ങളുo, വർഷങ്ങളും കടന്ന് പോയി…

പിന്നീടുള്ള ഇന്ദുവിന്റെ ജീവിതം, ഒരു ഏകാന്ത തടവുകാരിയെപ്പോലെ ആയിരുന്നു, കൂട്ടായി ഉണ്ടാവുമെന്ന് കരുതിയ അമ്മായിഅമ്മ, ഒരു അമ്പലവാസി ആയിരുന്നു, എല്ലാ ദിവസവും രാവിലെ ഏതെങ്കിലും ഒരമ്പലത്തിലേക്ക് അവർ യാത്രയാകും, ചിലപ്പോൾ വൈകുന്നേരം അല്ലെങ്കിൽ പിറ്റേദിവസം ഒക്കെ ആയിരിക്കും തിരിച്ച് വരുന്നത്, ആ വലിയ വീട്ടിലെ ഏകാന്തതയിൽ വീർപ്പ് മുട്ടി കഴിയുമ്പോഴാണ്, ഒരു ദിവസം പ്രതാപൻ വിളിച്ച് വിസിറ്റിങ്ങ് വിസയിൽ ഒരു മാസത്തേക്ക് അങ്ങോട്ട് ചെല്ലുന്നോ എന്ന് ചോദിച്ചത്. അതവളെ സംബന്ധിച്ചിടത്തോളം ഒരു ജീവപര്യന്തം തടവ് കാരന് കിട്ടുന്ന പരോള് പോലെയായിരുന്നു.

പിന്നെ ഒന്നും ആലോചിച്ചില്ല

അടുത്തുള്ള ഏജൻസിയിൽ പോയി എമർജൻസി പാസ്പോർട്ടെടുത്തതും പ്രതാപൻ ടിക്കറ്റും വിസയും ശരിയാക്കിയതുമൊക്കെ വളരെ പെട്ടെന്നായിരുന്നു.

അപ്പോഴേക്കും അവളുടെ മനസ്സിൽ തോന്നിയ സൂസനെ കുറിച്ചുള്ള സംശയങ്ങൾക്ക് ഒരറുതി വന്നിരുന്നു.

കാരണം അദ്ദേഹത്തിന് അങ്ങനെയൊരു ബന്ധമുണ്ടായിരുന്നെങ്കിൽ തന്നെ ഇങ്ങോട്ടേക്ക് വിളിക്കില്ലായിരുന്നല്ലോ?

സെക്യൂരിറ്റി ജീവനക്കാരന്റെ വിസിലടി കേട്ട് ഓർമ്മകളിൽ നിന്നും ഇന്ദു ഞെട്ടിയുണർന്നു.

കണ്ണ് തുറന്ന് നോക്കുമ്പോൾ തന്റെ മുന്നിൽ പുഞ്ചിരിച്ച് കൊണ്ട് നില്ക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് അവൾ കണ്ടത് .

“ഇന്ദു ചേച്ചിയല്ലേ?

“അതെ “

വിസ്മയത്തോടെ അവൾ മറുപടി പറഞ്ഞു.

“ഞാൻ ശിവദാസ്, പ്രതാപൻ സാറിന്റെ ഓഫീസ് ബോയി ആണ് “

“ങ്ഹേ, എന്നിട്ട് അദ്ദേഹമെവിടെ?

ജിജ്ഞാസയോടെ അവൾ തിരക്കി.

“സാറിന് പെട്ടെന്ന് നേപ്പാൾ വരെ പോകേണ്ടി വന്നു, ഒരു ബിസിനസ്സ് ടൂർ ആണ്, ഇനി ഒരു മാസം കഴിഞ്ഞേ തിരിച്ച് വരു…അത് കൊണ്ട് ചേച്ചിക്ക് തിരിച്ച് പോകാനുള്ള ടിക്കറ്റ് എടുത്ത് തരാൻ അദ്ദേഹം അയച്ചതാണെന്നെ, ദാ ഇത് ദുബായ് വഴി, നെടുമ്പാശ്ശേരിക്ക് പോകുന്ന ഫ്ളൈറ്റ് ആണ്, സാറ് തിരിച്ച് വരുമ്പോൾ ചേച്ചിയെ ഒന്ന് കൂടി വിളിക്കാമെന്ന് പറയാൻ പറഞ്ഞു”

താൻ നിന്ന നില്പിൽ താഴേക്ക് പോയിരുന്നെങ്കിൽ എന്നവൾ അതിയായ് ആഗ്രഹിച്ച് പോയ നിമിഷമായിരുന്നു അത്.

“സാർ ഒറ്റയ്ക്കാണോ പോകുന്നത്?

സങ്കടമടക്കി അവൾ ചോദിച്ചു.

“അല്ല…സ്ഥിരം കൊണ്ട് പോകാറുള്ള സൂസൻ മേഡവും കൂടെയുണ്ട്, വെക്കേഷന് നാട്ടിൽ പോയിരുന്ന മേഡം അപ്രതീക്ഷിതമായിട്ടാണ് ഇന്ന് വെളുപ്പിന് തിരിച്ച് വന്നത്”

അത് പറയുമ്പോൾ ശിവദാസന്റെ മുഖത്ത് ഒളിഞ്ഞിരിക്കുന്ന കള്ളച്ചിരി ഇന്ദുവിനെ രോഷാകുലയാക്കി.

“ദാ, നിന്റെ സാറ് തിരിച്ച് വരുമ്പോൾ ഇത് അയാൾക്ക് കൊടുത്തേക്ക്, എന്നിട്ട് പറയണം അയാൾ താലികെട്ടിയ ഇന്ദു, ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന്, പകരം സൂസന്റെ കഴുത്തിൽ ഇതണിയിച്ചിട്ട് സ്ഥിരമായി കൂടെ പൊറുപ്പിച്ചോളാനും ഞാൻ പറഞ്ഞെന്ന് പറഞ്ഞേക്ക്”

അവൾ ടിക്കറ്റ് കയ്യിൽ വാങ്ങിയിട്ട് തന്റെ കഴുത്തിൽ കിടന്നിരുന്ന കനമുള്ള താലിമാല ഊരി ശിവദാസന്റെ കയ്യിൽ കൊടുത്തിട്ട് ഒരു കൊടുങ്കാറ്റ് പോലെ എയർപോർട്ടിനകത്തേക്ക് തിരിച്ച് കയറി.

തന്റെ സ്ത്രീ ത്വത്തിനേറ്റ മുറിവുമായി നിറഞ്ഞ കണ്ണുകളോടെ തിരിച്ച് നടക്കുമ്പോൾ തന്റെ ജീവിതംവഴിയാധാരമായെങ്കിലും ഈ കാലയളവിനുള്ളിൽ രണ്ടനുജത്തിമാരുടെയും ജീവിതം ഭദ്രമാക്കാൻ തനിക്ക് കഴിഞ്ഞല്ലോ എന്ന കൃതാർത്ഥതയായിരുന്നു അവളുടെ മനസ്സിലപ്പോൾ.

~സജി തൈപറമ്പ്