എഴുത്ത്: കർണൻ സൂര്യപുത്രൻ
==========
“ഒന്നും വേണ്ടായിരുന്നു….” സ്വന്തം തല മുടി പിടിച്ചു വലിച്ചു കൊണ്ട് അഭി പറഞ്ഞു..
പുഞ്ചിരിയോടെ അവനെ നോക്കിക്കൊണ്ട് പ്രീതി ചായ ഊതിക്കുടിച്ചു.
“നിനക്കൊന്നും പറയാനില്ലേടീ?” അവൻ അവളോട് ചോദിച്ചു..
“നിന്റെ കദനകഥ കഴിയാൻ കാത്തിരിക്കുവാടാ “
“ഡീ പു ല്ലേ…ഞാനിവിടെ തലക്ക് ഭ്രാന്ത് പിടിച്ചു നിൽകുമ്പോൾ ഒരുമാതിരി ഉ ണ്ടാക്കാൻ നിൽക്കല്ലേ…”
“എടാ, നിന്റെ പ്രശ്നം ഇപ്പോഴെന്താ?”
“എനിക്ക് ഒരു സ്വാതന്ത്ര്യവും ഇല്ല..വീട്ടിൽ നിന്നു പുറത്തിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ ഫോൺ വരും അഭിയേട്ടൻ എവിടാ? എന്തിന് പോയി, എപ്പോ വരും?? നൂറു ചോദ്യങ്ങൾ…”
“അതിനെന്താടാ കുഴപ്പം?രമ്യ നിന്റെ ഭാര്യ അല്ലേ? അവൾക്ക് അത് ചോദിക്കാനുള്ള അധികാരം ഉണ്ടല്ലോ?”
“എന്റെ ഫ്രണ്ട്സിനു ആർക്കും ആ പ്രശ്നം ഇല്ല…എനിക്ക് മാത്രം… “
“അയിന്, നിന്റെ ഏതു ഫ്രണ്ടാ കല്യാണം കഴിച്ചത്? കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് പെണ്ണ് കിട്ടാത്ത കൊറേ അലവലാതികൾ…”
“എടീ അവന്മാരുടെ കാര്യം വിട്…നിന്നെ ഫോൺ വിളിക്കുമ്പോൾ പോലും അവളുടെ മുഖം കടന്നൽ കുത്തിയപോലെ ആവും.. ‘എപ്പോ നോക്കിയാലും ഒരു പ്രീതി…ഇതിനും മാത്രം പറയാൻ എന്തിരിക്കുന്നു ആവോ?’.. എന്നൊക്കെ പിറുപിറുക്കും…”
“മണ്ടാ..അതിന് അവളെ കുറ്റം പറയാൻ പറ്റില്ല…ലോകത്ത് ഒരു ഭാര്യയും അവളുടെ ഭർത്താവ് വേറൊരു പെണ്ണിന്റെ കൂടെ, അത് ഫ്രണ്ട് ആയാലും സഹോദരി ആയാലും എന്തിന്, അമ്മ ആയാൽ പോലും, തന്നെക്കാൾ കൂടുതൽ സമയം ചിലവഴിക്കുന്നത് ഇഷ്ടപ്പെടില്ല..”
“എന്ന് വച്ച്…? എനിക്ക് എന്റേതായ ഒരു പ്രൈവസി ഇല്ലേ? സ്കൂൾ മുതൽ നീ എന്റെ ഫ്രണ്ട് ആണ്…അവളു വരുന്നതിനു മുൻപ് നീ എന്റെ കൂടെ ഉണ്ട്…പിന്നെന്താ പ്രശ്നം?”
“എടാ അവൾക്കു ഇത് പോലെ ഒരു പയ്യൻ ഫ്രണ്ട് ഉണ്ടെങ്കിൽ, എപ്പോഴും അവനോട് സംസാരിക്കുമ്പോൾ നിനക്ക് ദേഷ്യം വരില്ലേ? അങ്ങനെ ചിന്തിച്ചു നോക്ക്”
“ഞാൻ ഇവിടെ വരുന്നതിനും നിന്നോട് സംസാരിക്കുന്നതിനും നിന്റെ ഭർത്താവിന് കുഴപ്പമില്ലല്ലോ…”
“എനിക്ക് കുഴപ്പമില്ലെന്നാരാടാ പറഞ്ഞേ??”
അടുക്കളയിൽ നിന്നു ചട്ടുകവുമായി പ്രീതിയുടെ ഭർത്താവ് അശോക് പുറത്തേക്ക് വന്നു..
“നീ ഇടക്കിടക്ക് ഇവിടെ വരും, സ്വന്തം ഭാര്യയും വീടും ഉണ്ടായിട്ടും മൂക്ക് മുട്ടെ തിന്നും…ഇന്നേ വരെ, അശോകേട്ടാ, ഞാൻ അടുക്കളയിൽ സഹായിക്കണോ എന്ന് നീ ചോദിച്ചിട്ടുണ്ടോ ? ഡ്യൂട്ടിയും കഴിഞ്ഞു വന്നു ഞാൻ അടുക്കളേൽ കേറണം…ദാണ്ടേ ഇരിക്കുന്നു നിന്റെ കൂട്ടുകാരി…ഡോക്ടർ റസ്റ്റ് എടുക്കാൻ പറഞ്ഞെന്നും പറഞ്ഞു ഒരു പാത്രം പോലും കഴുകില്ല…ഇനി ഡോക്ടർ പറഞ്ഞതാണോ, ഇവൾ അങ്ങേരെ കൊണ്ട് പറയിപ്പിച്ചതാണോ എന്നറിയില്ല..”
അശോക് പോലീസിൽ ആണ് ജോലി ചെയ്യുന്നത്…ഗർഭിണിയായ പ്രീതിക്ക് റസ്റ്റ് പറഞ്ഞത് കൊണ്ട് വീട്ടിലെ സകല ജോലിയും അശോക് ചെയ്യും…വീട്ടുകാരുടെ സമ്മതമില്ലാത്ത പ്രണയവിവാഹമായിരുന്നത് കൊണ്ട് ആരും തിരിഞ്ഞു നോക്കാനില്ല..
“അത് പോട്ടെ, മീൻകറി റെഡി ആയി…നിനക്ക് ചോറെടുക്കട്ടെ,.?”
“ഇപ്പൊ വേണ്ട അശോകേട്ടാ…എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവട്ടെ..”
“ഇവളോടാണോ നീ ഉപദേശം തേടുന്നെ? ബെസ്റ്റ്!!!! എടാ ഒരു പെണ്ണ്, പെണ്ണിന്റെ ഭാഗത്തെ നിൽക്കൂ…ഈ കേസിൽ നിനക്ക് നീതി കിട്ടൂല മോനേ…”
അശോക് അടുക്കളയിലേക്ക് തിരിച്ച് കയറി.
“എനിക്ക് നിന്നോട് അസൂയയാടീ..എന്ത് സന്തോഷത്തോടെയാ നിങ്ങള് രണ്ടും കഴിയുന്നെ..” പ്രീതി ഒന്ന് ചിരിച്ചു
“ഞങ്ങളും വഴക്കിടാറുണ്ട്….ചിലപ്പോൾ എനിക്ക് രണ്ടെണ്ണം കിട്ടാറുമുണ്ട്…പക്ഷേ എല്ലാത്തിനും ഉപരിയായി ഞങ്ങൾ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്..ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉള്ളൂ…എടാ, സ്നേഹമുള്ളിടത്ത് വഴക്കും പരിഭവവും പിണക്കങ്ങളുമൊക്ക ഉണ്ടാവും..ഇത്രേം നിസ്സാര കാര്യത്തിന് നീയിങ്ങനെ ടെൻഷൻ അടിക്കാൻ തുടങ്ങിയാൽ എങ്ങനെ ലൈഫ് മുന്നോട്ട് പോകും…?രണ്ടു വർഷം ആകുന്നതല്ലേ ഉള്ളൂ നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്? ജീവിതം ഒരുപാട് ബാക്കിയുണ്ട്…”
പ്രീതി ചെയറിലേക്ക് ഒന്ന് ചാരിയിരുന്നു.
“നിന്റെ പ്രശ്നം എന്താണെന്നറിയോ,? നീ എന്നെയും അവളെയും താരതമ്യം ചെയ്യും..ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..അവൾ നിന്റെ ഭാര്യയും. എനിക്ക് അവളാകാൻ കഴിയില്ല..പക്ഷെ അവൾക്ക് ഞാൻ ആകാൻ കഴിയും, അതായത് ഒരു നല്ല ഫ്രണ്ട്…അവൾക്കും അത് തന്നാ പരാതി..നീയൊന്നും അവളോട് തുറന്നു പറയുന്നില്ല, അവൾക്ക് പറയാനുള്ളതൊന്നും കേൾക്കുന്നില്ല, അവളുടെ ചെറിയ ആഗ്രഹങ്ങളൊന്നും സാധിച്ചു കൊടുക്കുന്നില്ല..അങ്ങനെ…”
“എന്നവൾ നിന്നോട് പറഞ്ഞോ..?”
“ആ പറഞ്ഞു…എന്നെ ഇടക്ക് വിളിക്കാറുണ്ട്…”.
“ഞാനറിഞ്ഞില്ല…”
“നീ ആദ്യം അവളെ അറിയാൻ ശ്രമിക്ക്..”
അഭി ഒന്നും മിണ്ടാതിരുന്നു.
“അഭീ…അവളൊരു പാവം കുട്ടിയാണ്…അവൾക്ക് ഒരു നല്ല കൂട്ടുകാരി പോലുമില്ല..കല്യാണത്തിന് ശേഷം പഠിപ്പിക്കാം എന്ന് നിന്റെ കാരണവന്മാർ പറഞ്ഞിരുന്നത്രെ…പേടിച്ചിട്ടാ അവള് പഠിക്കാൻ പൊയ്ക്കോട്ടേ എന്ന് നിന്നോട് ചോദിക്കാത്തത്….നീയാദ്യം നിന്റെ മുൻകോപം നിയന്ത്രിക്ക്…എന്തിനും ഏതിനും ദേഷ്യപെടുന്ന സ്വഭാവം നിർത്ത്..എന്നിട്ട് അവളെ സ്നേഹിച്ചു നോക്ക്..ജീവിതം സ്വർഗ്ഗമാവുന്നത് കാണാം…”
“എടീ അവൾക്കിതൊക്കെ എന്നോട് തുറന്നു പറഞ്ഞൂടെ “?
“അതിന് നീ ആദ്യം മനുഷ്യന്മാരുടെ സ്വഭാവത്തിൽ പെരുമാറെടാ…”
പ്രീതിക്ക് ദേഷ്യം വന്നു..
“നീ ഇടക്കിടക്ക് കുടിച്ചിട്ട് പോകാറുണ്ടല്ലേ..? അവള് പറഞ്ഞിരുന്നു…ആദ്യം നിന്റെ ആ കൂ തറ കൂട്ടുകാരില്ലേ, അവന്മാരുടെ സഹവാസം ഒഴിവാക്ക്….എടാ…നിനക്ക് നല്ലൊരു ജോലിയുണ്ട്…കഴിഞ്ഞു കൂടാനുള്ള വകയുണ്ട്…..നല്ലൊരു കുടുംബമുണ്ട്…എന്നിട്ടും നീ തൃപ്തനല്ല….നിന്റെ സന്തോഷം നീ തന്നെ കണ്ടെത്തണം..അതിന് ചിലപ്പോൾ ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യേണ്ടി വരും… “
പ്രീതി മെല്ലെ എണീക്കാൻ ശ്രമിച്ചു…അവൻ അവളുടെ കൈ പിടിച്ചു സഹായിച്ചു….
“നിനക്ക് നാളെ ഓഫീസിൽ പോണ്ടേ?”
“ആ പോണം..”
“എന്നാൽ പൊന്നുമോൻ വിട്ടോ…ഞാൻ പോയി ഒന്ന് കിടക്കട്ടെ…”
അടുക്കള ജോലി തീർത്ത്, കുളിയും കഴിഞ്ഞ് അശോക് വന്നു..
“ക്ലാസ് കഴിഞ്ഞോ? എന്റെ വക ഒരു ഉപദേശം തരാം…നന്നായി അഭിനയിക്കുക..മനസ്സിൽ തല്ലിക്കൊല്ലാനുള്ള ദേഷ്യം ഉണ്ടായാലും തേനേ, മുത്തേ, ചക്കരേ എന്നൊക്കെ വിളിക്കുക..ലൈഫ് ഹാപ്പിയാകും..”
പ്രീതി കയ്യിലിരുന്ന പുസ്തകം കൊണ്ട് അശോകിനെ എറിഞ്ഞു…
“ഞാനിറങ്ങുകയാ അശോകേട്ടാ..”.
“എടാ നീ കഴിക്കുന്നില്ലേ?”
“വേണ്ട..വീട്ടിൽ പോയി കഴിക്കാം…”
“നന്നായി…എടാ അടുത്താഴ്ച രണ്ടു ദിവസത്തേക്ക് രമ്യയെ ഇവിടൊന്നു നിർത്താമോ….എനിക്ക് തിരുവനന്തപുരം വരെ ഒന്ന് പോണം…”
“ആ ശരി…”
വീട്ടിലെത്തുമ്പോൾ അമ്മ ടീവിയിൽ സീരിയൽ കണ്ടുകൊണ്ട് സെറ്റിയിൽ ഇരിക്കുന്നുണ്ട്…
“അവളെവിടെ അമ്മേ?”
“കിടക്കുവാ “
അവൻ വാച്ചിൽ സമയം നോക്കി..മണി 8 ആവുന്നതേ ഉള്ളൂ..
“ഇത്ര നേരത്തെയോ?”
അമ്മ ടിവിയിൽ നിന്ന് കണ്ണെടുത്തു അവനെ നോക്കി..
“എന്റെ മോൻ ദുബായിൽ നിന്ന് വരുന്നതാണോ?”
“അതെന്താമ്മേ?”
“അവള് നിന്റെ ഭാര്യല്ലേ?അവളുടെ ഡേറ്റ് ആയി..രാവിലെ മുതൽ വേദന കൊണ്ട് കഷ്ടപ്പെടുന്നു..നീ ജോലിക്ക് പോയാൽ വിളിക്കാറൊന്നുമില്ല അല്ലെ?”
അവൻ മിണ്ടാതെ റൂമിൽ കയറി…രമ്യ കട്ടിലിൽ കമിഴ്ന്നു കിടക്കുന്നുണ്ട്..അവൻ അടുത്തിരുന്ന് അവളുടെ തോളിൽ കൈ വച്ച് ചോദിച്ചു..
“വേദന കുറവുണ്ടോ?”
അവൾ ഞെട്ടി അവനിരുന്ന വശത്തേക്ക് തിരിഞ്ഞു..അവന്റെ മുഖത്തെ അലിവ് കണ്ട് അവൾ അമ്പരന്നു..
“കുറച്ച്….വാ അഭിയേട്ടാ ഞാൻ ചോറ് എടുക്കാം..”
“വേണ്ട..കിടന്നോ….എനിക്ക് ഇപ്പൊ വേണ്ട…നീ വല്ലതും കഴിച്ചോ?”
“ആ..കഴിച്ചു..” അവളുടെ ശബ്ദം ഇടറി…ഒരുപാട് നാളുകൾക്കു ശേഷമാണു അവനിൽ നിന്ന് സ്നേഹത്തോടെയുള്ള ചോദ്യം കേൾക്കുന്നത്…
അഭി എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു..ഹോട്ട് വാട്ടർ ബാഗിൽ ചൂടുവെള്ളം നിറച്ചു റൂമിലേക്ക് പോകുന്ന മകനെ കണ്ട് അമ്മ ചെറു ചിരിയോടെ പറഞ്ഞു..
“ലോകാവസാനം ആയെന്നു തോന്നുന്നു..ഭഗവാനെ കാത്തോളണേ…”
അമ്മയെ കടുപ്പിച്ചൊന്നു നോക്കിയിട്ട് അവൻ അവൾക്കരികിലെത്തി…ഡ്രെസ്സിന്റെ ടോപ് നീക്കി, വയറിൽ പതുക്കെ ബാഗ് വച്ചു…
“ഇതൊന്നും വേണ്ട അഭിയേട്ടാ…മാറിക്കോളും…”
അവൾ തടയാൻ ശ്രമിച്ചു..പക്ഷേ അവൻ വിട്ടില്ല…കുറച്ചു സമയം ചൂട് പിടിച്ചു കൊടുത്ത ശേഷം ബാഗ് മാറ്റി അവളുടെ വയറിൽ ഒരു തൂവൽസ്പർശം പോലെ ഉ മ്മ വച്ചു…എന്നിട്ട് തല ഉയർത്തി അവളെ നോക്കി…നിറഞ്ഞ മിഴികളാൽ അവൾ അവനെ തന്നെ നോക്കുന്നുണ്ടായിരുന്നു..അഭി മെല്ലെ അവളുടെ അരികിലേക്ക് കയറി കിടന്നു..അവളുടെ തല പതുക്കെ എടുത്ത് ഇടതു നെഞ്ചിലേക്ക് വച്ചു….
“ഇപ്പോ വേദന കുറവുണ്ടോ?”
“ആ മാറി….” ശബ്ദമില്ലാതെ കരയുകയായിരുന്നു രമ്യ…
“നിന്റെ കോഴ്സ് കംപ്ലീറ്റ് ചെയ്യുന്നതിനെ പറ്റി ഞാൻ അവിടെ വിളിച്ചന്വേഷിച്ചു..ഈ വർഷം ഏകദേശം തീരാറായില്ലേ, അടുത്തവർഷം വരാനാ അവർ പറഞ്ഞത്…”
“വേണ്ട അഭിയേട്ടാ…”
“വേണം…എന്നും എന്റെ വാശി മാത്രം ജയിച്ചാൽ പോരല്ലോ..”
അവൾ ഒന്നും മിണ്ടാതെ വിരലുകൾ കൊണ്ട് അവന്റെ നെഞ്ചിൽ ചിത്രം വരച്ചു..
“സോറി..”
“എന്തിനാ അഭിയേട്ടാ..”
“എല്ലാത്തിനും..”
“അഭിയേട്ടൻ കുടിച്ചിട്ടുണ്ടോ? ” അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു..
അവൻ അവളുടെ മുഖത്തു ഊതി..
“ഇല്ലെടീ…ഇനി ഒരിക്കലും കുടിക്കില്ല..”
മൗനത്തിലൂടെ സ്നേഹം പകർന്ന കുറേ നിമിഷങ്ങൾ…
“നമ്മള് വഴക്കിട്ടു കുറേ ദിവസങ്ങൾ വെറുതെ കളഞ്ഞു അല്ലേ?”
“ഉം…എന്റെ ഭാഗത്തും തെറ്റുണ്ട്…അഭിയേട്ടന് വേണ്ട സ്വാതന്ത്ര്യം ഞാൻ തന്നില്ല…”
“ഏയ് അങ്ങനൊന്നുമില്ല…ഞാൻ കുറേ മാറാനുണ്ട്….ഇനി വഴക്കുണ്ടാക്കില്ല..”
“അത് വേണ്ട ഇടക്കിടക്ക് വഴക്കുണ്ടാക്കിയില്ലേൽ ബോറടിക്കില്ലേ..”
അവൻ അവളെ ഇറുക്കിപിടിച്ചു..വേദന മറന്ന് അവന്റെ നെഞ്ചിടിപ്പിന്റെ താരാട്ടും കേട്ട് അവൾ ഉറക്കത്തിലേക്ക് വഴുതി വീണു…
ശുഭം..