ഒന്നാമത് സ്വബോധമില്ലാത്ത മനുഷ്യനാണ്. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ പരിപാടി മൊത്തം അലങ്കോലമാക്കി കളയും, ഞാൻ പറഞ്ഞില്ലെന്ന് വേണ്ട…

ഡേറ്റ് ഓഫ് ബെർത്ത്

Story written by Saji Thaiparambu

===========

ദേ ഇന്നീ വീട്ടിൽ ഒരു പാട് ഗസ്റ്റുകൾ വരുന്ന ദിവസമാണ്. അത് കൊണ്ട് നിങ്ങടെ അച്ഛനെ, രാവിലെ തന്നെ മുകളിലെ ഏതെങ്കിലും മുറിയിലേക്ക് മാറ്റിയേക്കണം, അല്ലെങ്കിൽ അറിയാമല്ലോ ? ഒന്നാമത് സ്വബോധമില്ലാത്ത മനുഷ്യനാണ്. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ പരിപാടി മൊത്തം അലങ്കോലമാക്കി കളയും, ഞാൻ പറഞ്ഞില്ലെന്ന് വേണ്ട… 

മകൻ്റെ പിറന്നാളാഘോഷത്തിനുള്ള, ഡക്കറേഷനും മറ്റുമൊക്കെ ചെയ്ത് കൊണ്ടിരിക്കുകയായിരുന്ന രാജീവനോട്, ഭാര്യ സേതുലക്ഷ്മി താക്കീത് പോലെ വന്ന് പറഞ്ഞു.

അത് ഞാൻ വേണ്ടത് പോലെ ചെയ്തോളാം, നീയാ കാറ്ററിങ്ങ് കാരെ വിളിച്ചിട്ട് പന്ത്രണ്ടരയ്ക്ക് തന്നെ ഫുഡ് കൊണ്ട് വരാൻ പറയണം. പിന്നെ കേക്ക് മൂന്ന് കിലോടെയാണ് പറഞ്ഞിരിക്കുന്നത് അത് മതിയാകുമല്ലോ ?

അയ്യേ മൂന്ന് കിലോയോ ?എൻ്റെ ഓഫീസിലെ സൂസിയുടെ മോളുടേ ഫിഫ്ത്ത് ബർത്ഡേയ്ക്ക് , അവള് വാങ്ങിയത് അഞ്ച് കിലോയുള്ള കേക്കായിരുന്നു. ഹോ അന്നവളുടെയൊരു പത്രാസ് കാണണമായിരുന്നു, നമ്മുടെ മോന് അതിലും വലിയ കേക്ക് വേണം വാങ്ങിക്കാൻ…

ആണോ? എന്നാൽ പിന്നെ നീ അവരെ വേഗം വിളിച്ചിട്ട്, ഏഴ് കിലോ വേണമെന്ന് വേഗം പറയ്

ങ്ഹാ ശരി പറയാം…പിന്നെ രാജീവേട്ടാ…അച്ഛൻ്റെ കാര്യം മറക്കല്ലേ?

എനിക്കോർമ്മയുണ്ടെടി, നീ വെറുതെ ടെൻസ്ഡാവണ്ടാ…

ഭർത്താവിൻ്റെ ഉറപ്പ് വാങ്ങിയിട്ടാണ് സേതു ലക്ഷ്മി, ഫോൺ ചെയ്യാനായി ബെഡ് റൂമിലേക്ക് പോയത്.

***********

സേതൂ…പുറത്താരാന്ന് നോക്കിക്കേ….

കുറച്ച് കഴിഞ്ഞപ്പോൾ കോളിങ്ങ് ബെല്ലടിക്കുന്നത് കേട്ട രാജീവൻ ഭാര്യയോട് വിളിച്ച് പറഞ്ഞു

ങ്ഹാ, അത് മേയ്ക്കപ്പിടാൻ വന്നവരായിരിക്കും, ഞാൻ രാവിലെ വിളിച്ചായിരുന്നു

അകത്ത് നിന്നിറങ്ങി വന്ന, സേതുലക്ഷ്മി പറഞ്ഞു.

മേയ്ക്കപ്പോ? അതെന്തിനാടി അവനൊരാണല്ലേ? അവനെന്തിനാ മേയ്ക്കപ്പ് ?

ഓഹ്, ഇതവനല്ല, എനിക്കാണ്, ഇനിയിപ്പോൾ ബ്യൂട്ടി പാർലറിൽ പോകാൻ സമയമൊന്നുമില്ലാത്തത് കൊണ്ട് ഞാനാണ് അവരോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്

സേതു സന്തോഷത്തോടെയാണ് വാതിൽ തുറന്നത്

ങ്ഹേ, ഇതാര് അമ്മയും അച്ഛനുമോ? ഇതെന്നാ നിങ്ങളൊരു മുന്നറിയിപ്പില്ലാതെ…

അവൾ ആശ്ചര്യത്തോടെ ചോദിച്ചു.

ആങ്ങ്ഹാ….അത് കൊള്ളാം ഞങ്ങള് രാജീവൻ വിളിച്ചിട്ടല്ലേ വന്നത്, നിൻ്റെ മോൻ്റെ ബർത്ഡേ ആയിട്ട് നീ ഞങ്ങളോടൊന്ന് വിളിച്ച് പറഞ്ഞില്ലല്ലോ ?

അയ്യോ അമ്മേ….അത് ഞങ്ങള് വലിയ ആഘോഷമായിട്ടൊന്നും നടത്തുന്നില്ല. എൻ്റെയും രാജീവേട്ടൻ്റെയും ഓഫീസിലുള്ളവരെ മാത്രമേ വിളിച്ചിട്ടുള്ളു, അതാണ് പിന്നെ ഞാനമ്മയോടൊന്നും പറയാതിരുന്നത്

സേതു ജാള്യത മറക്കാനായി മുഖം നിറയെ ചിരി പടർത്തി.

************

ഈ രാജീവേട്ടനിതെവിടെ പോയതാണ്. മോനേ ഗോപു ,പപ്പയെവിടെ?

ബർത്ഡേ പാർട്ടിക്ക് ക്ഷണിച്ചവരെല്ലാം, മുറ്റത്തെ ചെറിയ പന്തലിലേക്ക് വന്ന് തുടങ്ങിയപ്പോൾ, ഉത്ക്കണ്ഠയോടെ സേതു, രാജീവനെ തിരഞ്ഞു നടന്നു.

ആഹ് ഞാൻ കണ്ടില്ല

ഗോപു, കൈ മലർത്തി.

ഡാ, പിന്നേ….മുത്തശ്ശൻ ഇവിടെയുള്ള കാര്യം ആരോടും പറയേണ്ട കെട്ടോ?

ഓകെ മമ്മീ….

അവൾ നോക്കിയപ്പോൾ താഴത്തെ അച്ഛൻ്റെ മുറി അടഞ്ഞ് കിടക്കുകയാണ് , അപ്പോൾ അച്ഛനെയും കൊണ്ട് രാജീവേട്ടൻ, മുകളിലേക്ക് പോയതായിരിക്കും എന്ന സമാധാനത്തോടെ ,സേതു പൂമുഖത്തേയ്ക്ക് തിരിച്ച് നടന്നു.

*************

ഇത്രയും നേരം അവിടെ എന്തെടുക്കുകയായിരുന്നു രാജീവേട്ടാ…വന്നവരെയെല്ലാം ഞാൻ ഒറ്റയ്ക്ക് മാനേജ് ചെയ്ത് കുഴഞ്ഞു. അല്ല , ഞാനറിയാതെ, രാജീവേട്ടൻ എത്ര പേരെയാണ് വിളിച്ചത്?എന്നാലും ഇത് വലിയ സർപ്രൈസായി പോയി കെട്ടാ….അല്ല ഗോപു എവിടെ ? അവനിത് വരെ റെഡിയായില്ലേ? കേക്ക് മുറിക്കാൻ വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്

അവനുടനെയെത്തും, നീ നിൻ്റെ അമ്മയേയും അച്ഛനേയും കൂടെ ഇങ്ങോട്ട് വിളിച്ച് നിർത്ത്, കേക്ക് മുറിക്കുമ്പോൾ അവരടുത്തുണ്ടാവണം..

അത് കേട്ട് സന്തോഷത്തോടെ സേതു അമ്മയേയും അച്ഛനെയും കേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ടേബിളിനരികിലേക്ക് വിളിച്ച് നിർത്തി.

അപ്പോഴേക്കും ഗോപു അകത്ത് നിന്ന് ഇറങ്ങി വരുന്നത് കണ്ട് അതിഥികളെല്ലാവരും, എഴുന്നേറ്റ് നിന്ന് ക്ളാപ്പ് ചെയ്തു.

അഭിമാനത്തോടെ ആ കാഴ്ച കണ്ട് നിന്ന, സേതുലക്ഷ്മി, മറ്റൊരു കാഴ്ച കണ്ട് ഞെട്ടി.

ഗോപുവിൻ്റെ തൊട്ട് പിറകെ ജൂബ്ബയും ഡബിൾ വേഷ്റ്റിയും ധരിച്ച് കൊണ്ട്, രാജീവൻ്റെ അച്ഛൻ ഇറങ്ങി വരുന്നു

സേതുവേട്ടാ…നിങ്ങള് അച്ഛൻ്റെ മുറി ലോക്ക് ചെയ്തില്ലായിരുന്നോ?

സേതു ജിജ്ഞാസയോടെ അയാളുടെ ചെവിയിൽ ചോദിച്ചു .

ഇല്ല, ചെയ്തില്ല…

അതെന്താ മറന്ന് പോയതാണോ?

അതിന് മറുപടി പറയാതെ അയാൾ സദസ്സ്യർക്ക് നേരെ തിരിഞ്ഞു.

ലേഡീസ് ആൻഡ് ജെൻ്റിൽമാൻ ,ഞങ്ങളുടെ മകൻ്റെ ബർത്ഡേ പാർട്ടിക്ക് ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിച്ചേർന്ന എല്ലാവർക്കും ഊഷ്മളമായ സ്വാഗതം, എന്നാൽ ഇന്നിവിടെ പ്ളാൻ ചെയ്തിരുന്ന സെലിബ്രേഷനിൽ ചെറിയൊരു മാറ്റം വന്നിട്ടുണ്ട്.

നിങ്ങളെല്ലാവരും ഇവിടെ എത്തിച്ചേർന്നത് എൻ്റെ മകൻ്റെ ബർത്ഡേ സെലിബ്രേറ്റ് ചെയ്യാനാണ്. പക്ഷേ അവനെ ഞാൻ പുത്തൻ ഉടുപ്പണിയിച്ച് കൊണ്ടിരുന്നപ്പോൾ അവൻ എന്നോടൊരു കാര്യം ചോദിച്ചു…പപ്പയുടെ ബർത്ഡേ ചെറുപ്പത്തിൽ ഇങ്ങനെയൊക്കെ ആഘോഷിച്ചിട്ടുണ്ടായിരുന്നോ എന്ന്…അപ്പോൾ ഞാൻ പറഞ്ഞു, ഇത്രയൊന്നും ആഡംബരമില്ലായിരുന്നെങ്കിലും കഴിയുന്നത് പോലെ, ഞങ്ങൾ ആറ് മക്കളുടെയും ജന്മദിനം എൻ്റെ അച്ഛൻ കൃത്യമായി ഓർത്ത് വയ്ക്കുകയും വീട്ടിൽ ചെറിയ കേക്കെങ്കിലും മുറിച്ച് അത് വലിയ ആഘോഷം പോലെ നടത്തുകയും ചെയ്യുമായിരുന്നു എന്ന്….ഞാൻ അവനോട് മറുപടി പറഞ്ഞു. പക്ഷേ അവൻ്റെ അടുത്ത ചോദ്യം കേട്ട് ഞാൻ വല്ലാതെ വിഷമിച്ച് പോയി.

രാജീവൻ്റെ സംസാരം കേട്ട് അവിടെ കൂടിയവരെല്ലാം ആകാംക്ഷാഭരിതരായി

അയാളുടെ വായിൽ നിന്ന് വീഴുന്നതെന്താന്നെന്നറിയാനായി എല്ലാവരും നിശബ്ദരായി നിന്നു.

എന്താ രാജീവേട്ടാ…ഗോപു ചോദിച്ചത് ?

ജിജ്ഞാസ സഹിക്കാനാവാതെ സേതുലക്ഷ്മി അയാളുടെ കൈയ്യിൽ തട്ടി

അവൻ ചോദിക്കുവാണ്, എന്നിട്ട് നിങ്ങൾ ആറ് മക്കളിൽ ആരെങ്കിലും മുത്തശ്ശൻ്റെ ബർത്ഡേ എപ്പോഴെങ്കിലും സെലിബ്രേറ്റ് ചെയ്തിട്ടുണ്ടോയെന്ന്?

സത്യത്തിൽ അപ്പോൾ മാത്രമാണ്, ഞാൻ പോലും അതിനെക്കുറിച്ച് ആലോചിച്ചത്. എനിക്കറിയാം എൻ്റെ ഓർമ്മയിൽ ഒരിക്കൽ പോലും എൻ്റെ അച്ഛനോ അമ്മയോ ഒന്നും ഒരു ബർത്ഡേ പോലും ആഘോഷിച്ചിട്ടില്ലന്ന്, എൻ്റെ മാത്രമല്ല, എൻ്റെ ഭാര്യയുടെയും, ഇവിടെ കൂടിയിരിക്കുന്ന പലരുടെയും പേരൻ്റ്സ്, സ്വന്തം ജന്മദിനം ആഘോഷിക്കാത്തവരായിരിക്കും. നമ്മുടെ ഓരോരുത്തരുടെയും അച്ഛനും അമ്മയും നമ്മൾ മക്കളുടെ സന്തോഷത്തിന് മാത്രമായിരുന്നു എന്നും പ്രാധാന്യം കൊടുത്തിരുന്നത്, പക്ഷേ, നമ്മളിൽ ചിലർ മുതിർന്നപ്പോഴും നമുക്ക് നല്ല ജോലിയും വരുമാനവുമൊക്കെ ആയപ്പോഴും, എന്താ ചെയ്തത് ? നമ്മുടെ മക്കളുടെ ഓരോ ചെറിയ കാര്യം പോലും വളരെയധികം പ്രാധാന്യത്തോടെ ചെയ്ത് കൊണ്ടിരുന്നു. ഒരിക്കൽ പോലും നമ്മുടെ പേരൻ്റ്സിൻ്റെ ജന്മദിനം ആഘോഷിക്കാനോ അവർക്കൊരു പുതുവസ്ത്രമെടുത്ത് കൊടുക്കാനോ നമ്മൾ സമയം കണ്ടെത്തിയില്ല, ഇപ്പോൾ എൻ്റെ മകനാണ് എനിക്ക് പറ്റിയ തെറ്റ് ചൂണ്ടിക്കാണിച്ച് തന്നത്, ആ തെറ്റ് എനിക്ക് തിരുത്തണം, അത് കൊണ്ട് എൻ്റെ മകൻ്റെ അനുവാദത്തോടെ, അവൻ്റെ ജന്മദിനത്തിന് പകരം, ഈ സന്ദർഭത്തിൽ  ഞാനെൻ്റെ അച്ഛൻ്റെ ജന്മദിനം ആഘോഷിക്കുകയാണ് ,

ഡേറ്റ് ഓഫ് ബർത്ത്, ഏത് ദിവസമാണെന്ന് കൃത്യമായി അറിയാത്തത് കൊണ്ട്, ഇനി മുതൽ  എൻ്റെ മകൻ്റെ ബർത്ഡേയ്ക്ക് തന്നെ അച്ഛൻ്റെയും ബർത്ഡേ ആഘോഷിക്കാൻ ഞാൻ തീരുമാനിച്ച് കഴിഞ്ഞു. അത് പോലെ മറ്റൊരു ദിവസം എൻ്റെ ഭാര്യയുടെ പേരൻ്റ്സിൻ്റെ ബർത്ഡേയും ഇനിയങ്ങോട്ട് ആഘോഷിക്കാൻ തന്നെയാണ് എൻ്റെ തീരുമാനം. അപ്പോൾ ഇനി താമസിപ്പിക്കുന്നില്ല, എല്ലാവരുടെയും അനുവാദത്തോടെ എൻ്റെ അച്ഛൻ്റെ കൈ പിടിച്ച് ഞാൻ ഈ കേക്ക് മുറിപ്പിക്കുകയാണ്…

നിറഞ്ഞ കൈയ്യടിയുടെ അകമ്പടിയിൽ മകൻ തൻ്റെ വായിലേക്ക് കേക്ക് വച്ചപ്പോൾ ആ വൃദ്ധൻ്റെ ചുക്കിച്ചുളിഞ്ഞ മുഖത്ത് എന്തിനെന്നറിയാതെ നിഷ്കളങ്കമായൊരു ചിരി വിടർന്നു…

~ സജി തൈപ്പറമ്പ്