ചെക്കൻ്റെ പൂതി നോക്കണേ…ഇവിടെ എല്ലാം തികഞ്ഞവർക്ക് പെണ്ണില്ല. ആളുകൾ ആർത്തു ചിരിച്ചു…

Story written by Saanvi

============

“ആ പൊട്ടന് കല്ല്യാണം കഴിക്കണമത്രേ”.. കവലയിലെ ഇന്നത്തെ വാർത്ത….

” ചെക്കൻ്റെ പൂതി നോക്കണേ…ഇവിടെ എല്ലാം തികഞ്ഞവർക്ക് പെണ്ണില്ല.” ആളുകൾ ആർത്തു ചിരിച്ചു…

അതെ….

അവനും മോഹമുണ്ടായിരുന്നു.

ഒരു പെണ്ണിനെ പോറ്റാൻ കഴിവുമുണ്ടായിരുന്നു.

“ഡാ…. പൊട്ടാ….” പണിസഞ്ചിയുമായി നടക്കുമ്പോൾ ആൾക്കൂട്ടത്തിൽ നിന്നാരോ വിളിച്ചു.

ജനിച്ചപ്പോൾ അമ്മയും അച്ഛനും തന്ന പേര് കൃഷ്ണൻ എന്നാണ്.

പക്ഷേ മിണ്ടാത്തവനാണെന്നറിഞ്ഞതോടെ ആരോ ഇട്ട പേരാണ് പൊട്ടൻ.

ചെറുതിലേ അർത്ഥമറിയാതെ ഒരു പാട് തവണ കേട്ടു …..

പക്ഷേ പ്രായം കൂടി വന്നപ്പോൾ പൊട്ടൻ എന്ന വിളി തന്ന വേദനയും കൂടി…

ഇന്ന് നാട്ടുകാർക്കെല്ലാം അവൻ പൊട്ടനാണ്……

ആ മൂന്നക്ഷരം അവനെ ശരിക്കും നോവിച്ചത് ഒരിക്കൽ അച്ഛനും അങ്ങനെ വിളിച്ചപ്പോഴാണ്….

അനിയനുണ്ടായപ്പോൾ, അവന് മിണ്ടാനുള്ള കഴിവുണ്ടെന്നറിഞ്ഞപ്പോഴാണ് അച്ഛനു തന്നോട് ദേക്ഷ്യം ഇരട്ടിച്ചത്.

അച്ഛനുമമ്മയും അവനെ സംസാരിക്കാൻ പഠിപ്പിക്കുമ്പോൾ ഒളിച്ചു നിന്നു കേൾക്കും…..

അച്ഛനു അപ്പോൾ തന്നെ കാണുന്നതുപോലും കലിയായിരുന്നു.

പള്ളിക്കൂടത്തിലും പരിഹാസങ്ങൾ അതിരു കടന്നപ്പോഴാണ് പഠിക്കാൻ പറ്റാതായത്.

അന്നു മുതൽ ഹോട്ടലിൽ പാത്രം കഴുകിയും വണ്ടിപ്പണിയ്ക്ക് സഹായിച്ചും അവൻ പുത്തൻ ഉണ്ടാക്കിത്തുടങ്ങി.

വീട്ടിൽ അവനെ വേണ്ടെങ്കിലും അവൻ്റെ പണം കൈ നീട്ടി വാങ്ങാൻ ആളുണ്ടായിരുന്നു.

വളരെ താ ന്തോന്നിയായാണ് അനിയൻ വളർന്നത്.

പക്ഷേ എല്ലാവരുടേയും ഓമന ആയതു കൊണ്ട് ആരും അവനെ ശാസിച്ചില്ല.

ചെറിയ പ്രായത്തിൽ തന്നെ മ ദ്യപാനവും പെണ്ണുപിടുത്തവും അവൻ്റെ കൂടെക്കൂടി.

ഏട്ടനെന്ന നിലയ്ക്ക് ഒരു ദിവസം അവനും ചങ്ങാതിമാരും ഇരിക്കുന്ന സ്ഥലത്തേയ്ക്ക് ചെന്നപ്പോൾ കരണത്തടിച്ച് പറഞ്ഞു വിട്ടതും അഞ്ചു വയസ്സിനിളയവനയായ കൂടെപ്പിറപ്പ് തന്നെയായിരുന്നു.

ആ ചെറിയ വീട്ടിൽ അവൻ കിടന്നിരുന്നത് വരാന്തയിലായിരുന്നു.

പെട്ടെന്നൊരു നാൾ അനിയൻ ഒരു പെണ്ണിനെ കൂട്ടി വന്നപ്പോൾ അമ്മയും അച്ഛനും നിലവിളക്കെടുത്ത് സ്വീകരിച്ചു.

ആ പെൺകുട്ടി ഗർഭിണിയും ആയിരുന്നു.

“ഇനിയെങ്കിലും എൻ്റെ കുഞ്ഞ് നന്നാവും” അമ്മ പേരറിയാത്ത ദൈവങ്ങളെ ഓർത്ത് പറഞ്ഞു.

അനിയൻ്റെ മാംഗല്യം കണ്ട് അതിയായി സന്തോഷിച്ചതും താൻ തന്നെയായിരുന്നു.

പക്ഷേ പുതുപെണ്ണു വന്നതോടെ ആ വീട് ഒന്നുകൂടി ചെറുതായി.

“നിനക്ക് വേറെ വീട്ടിലേക്ക് മാറിക്കൂടെ? ഈ വീട് അച്ഛൻ അവനു കൊടുക്കും” അമ്മയുടെ വാക്കുകൾ മുള്ളുപോലെയായിരുന്നു.

താൻ എത്രമാത്രം ആർക്കും വേണ്ടാത്തവനാണെന്ന് അപ്പോഴാണ് അറിഞ്ഞത്.

കണ്ണുനീരിനെ പുഞ്ചിരിയാക്കി തലയാട്ടിക്കൊണ്ട് അവിടെ നിന്നിറങ്ങി.

രണ്ട് ദിവസം കടത്തിണ്ണയിൽ ഉറങ്ങി.

മൂന്നാം ദിവസം ആരുടെയൊക്കെയോ കാലു പിടിച്ച് അവൻ ഒരു വാടകപ്പുര ഒപ്പിച്ചെടുത്തു.

“പൊട്ടൻ മുടങ്ങാതെ വാടക തരണം ” വീട്ടുടമ പരിഹാസ ചിരി ചിരിച്ചുകൊണ്ട് ഓർമപ്പെടുത്തി.

അവൻ ഒറ്റയ്ക്കായിരിക്കുന്നു…..

എന്തൊക്കെയോ തട്ടിക്കൂട്ടി പാകം ചെയ്ത് അവൻ ഭക്ഷിച്ചു.

രാത്രി ഉറങ്ങാൻ മാത്രം ഒരു വീട്…..

പക്ഷേ അധികനാളുകൾ കഴിയുന്നതിനു മുമ്പേ അമ്മ അവനെ കാണാൻ വന്നു.

ഇളയ മകന് അച്ഛനുമമ്മയും അധികപറ്റാണത്രേ…..

അവരെ ഉപദ്രവിക്കാനും തുടങ്ങിയിരിക്കുന്നു.

ആ സ്ത്രീയുടെ കണ്ണുനീര് അവന് സഹിക്കാനായില്ല.

അന്നു തന്നെ അച്ഛനെയും അമ്മയെയും അവൻ്റെ വാടകപ്പുരയിലേക്ക് കൊണ്ടുവരുമ്പോൾ എങ്ങനെ മാപ്പു പറയണമെന്നറിയാതെ അച്ഛൻ്റെ ഉള്ള് പിടയുന്നുണ്ടായിരുന്നു.

പക്ഷേ അവൻ്റെ കൂടെ താമസിക്കാൻ വന്നതു തന്നെ ആ പാവത്തിന് വലിയൊരു അംഗീകാരമായിരുന്നു.

നാളുകൾ കഴിഞ്ഞു…..

അന്നൊരു ദിവസം ഒരു കൈക്കുഞ്ഞിനെയും എടുത്ത് ആ പെണ്ണ് അവൻ്റെ വീട്ടിൽ വന്നു.

അനിയൻ്റെ ഭാര്യ…..

അവളുടെ ഭർത്താവ് മറ്റൊരു പെണ്ണിനെയും  കൂടി വീട്ടിലേക്ക് കൊണ്ടു വന്നിരിക്കുന്നു.

കുഞ്ഞിനെയും കൊണ്ട് മരിക്കാനുള്ള ധൈര്യം അവൾക്കില്ലത്രേ…

“അവൻ ജയിലിൽക്കിടക്കുന്നത് കാണാൻ വയ്യാത്തോണ്ടാ ” ..അമ്മ ഏങ്ങലടിച്ചു കരഞ്ഞു.

അങ്ങനെ അവൻ്റെ കുടുംബം വലുതായിരിക്കുന്നു. പക്ഷേ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സന്തോഷം മാത്രം….

“നീ അവളെ വിവാഹം കഴിക്ക്..” അച്ഛൻ പറഞ്ഞപ്പോൾ അവൻ പകച്ചു പോയി.

പക്ഷേ അനിയൻ്റെ ഭാര്യ വന്ന നാൾ മുതൽ അനിയത്തിയായാണ് മനസ്സിൽ പതിഞ്ഞത്.

ഒരു ഏട്ടൻ്റെ സ്ഥാനത്തു നിന്ന് ആ പെങ്ങളെ അവൻ സംരക്ഷിച്ചു. ആ കുഞ്ഞിൻ്റെ വലിയച്ഛനായി.

കാലം പിന്നേയും മുന്നോട്ടു പോയി. അനിയന് ഒരു അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടു.

നാട്ടുകാർ അവൻ്റെ അഹങ്കാരത്തിനു ലഭിച്ച തിരിച്ചടിയെന്ന് വിളിച്ചു.

അതോടെ ആ പുതിയ പെണ്ണും അവനെ വിട്ടു പോയി……

കൂട്ടുകാരും തിരിഞ്ഞു നോക്കാതായി.

അന്നു രാത്രി അവനെടുത്തു വച്ച വിഷക്കുപ്പി കണ്ടെത്തി ദൂരേയ്ക്ക് വലിച്ചെറിഞ്ഞത് അവൻ്റെ ആ പൊട്ടൻ ഏട്ടനായിരുന്നു.

ജീവിതത്തിലാദ്യമായി അന്നു രണ്ട് സഹോദരങ്ങൾ കെട്ടിപ്പിടിച്ചു കരഞ്ഞു.

വാക്കുകൾക്കതീതമായ രംഗങ്ങൾ….

ചെറുതെങ്കിലും ആ പഴയ വീട്ടിൽ ഇന്നു ആ കുടുംബം സന്തോഷത്തോടെ കഴിയുന്നു.

അനിയനു ആ ഏട്ടൻ ഒരു പെട്ടിക്കട ഇട്ടു കൊടുത്തു. അവൻ്റെ ഭാര്യയും അവനു മാപ്പ് കൊടുത്തു.

ഇപ്പോൾ അവനെ “പൊട്ടൻ” എന്നു വിളിക്കാൻ ആരുടെയും നാവു പൊന്താറില്ല.

കാരണം കൃഷ്ണനാരാണെന്ന് ഈ ലോകത്തെക്കാണിക്കാൻ അവനു വാക്കുകളുടെ ആവശ്യം ഇല്ലായിരുന്നു.

അവനെപ്പോലൊരു മകനെയും സഹോദരനെയും എല്ലാവരും കൊതിച്ചു തുടങ്ങിയിരിക്കുന്നു….