അന്ന് ആദ്യമായി അവനു  ശ്രീകുട്ടിയോട് സൗഹൃദത്തിനുപരിയായി  ഒരു വികാരം കൂടി  തോന്നി. പ്രണയം…

സ്നേഹപൂർവ്വം  ശ്രീക്കുട്ടിക്ക്…

എഴുത്ത്: കർണൻ സൂര്യപുത്രൻ

===========

വർഷത്തിന്റെ പാതിയോളം പിന്നിട്ടപ്പോഴാണ് ആ  പെൺകുട്ടി  ദീപുവിന്റെ ക്ലാസ്സിലേക്ക് കടന്നു വന്നത്…

സുമലത ടീച്ചർ മലയാളം പഠിപ്പിക്കുകയാണ്..അപ്പോൾ ബിജു മാഷിന്റെ കൂടെ  വെളുത്തു മെലിഞ്ഞ ഒരു സുന്ദരികുട്ടി അല്പം ഭയത്തോടെ 9 ബി യുടെ അകത്തേക്ക് പ്രവേശിച്ചു…

“ടീച്ചറെ ന്യൂ അഡ്മിഷൻ ആണ്…” പറഞ്ഞിട്ട് ബിജു മാഷ് പോയി..

“എന്താ മോളുടെ പേര്?”

“ശ്രീരഞ്ജിനി.” ഭയത്തോടെയുള്ള മറുപടി..

“എന്തിനാ പേടിക്കുന്നെ…ഇവിടുള്ളവരൊക്കെ മോളുടെ കൂട്ടുകാരാ…വിശദമായി  പരിചയപ്പെടുത്തൂ…ഉറക്കെ…എല്ലാവരും കേൾക്കട്ടെ…” ടീച്ചർ പ്രോത്സാഹിപ്പിച്ചു..

അവൾ ഉമിനീരിറക്കി..ഒരു നിമിഷം ക്ലാസ്സ്‌ മുഴുവൻ നോക്കി….എന്നിട്ട് പറഞ്ഞു

“എന്റെ പേര് ശ്രീരഞ്ജിനി…സെന്റ്‌ മേരീസ് സ്കൂളിൽ ആയിരുന്നു പഠിച്ചത്…അച്ഛന് ഇവിടേക്ക് സ്ഥലം മാറ്റം ആയതു കൊണ്ടാ സ്കൂൾ  ചേഞ്ച്‌ ചെയ്തത്…”

“അച്ഛനെന്താ ജോലി?”.. ചോദ്യം  ഏറ്റവും പിന്നിലെ ബഞ്ചിലിരുന്ന മുഹമ്മദലിയുടെ വക….

“KSEB എഞ്ചിനീയർ ആണ്…” അവൾ പറഞ്ഞു..വീ രപ്പൻ എന്ന് ഇരട്ടപേരുള്ള അനൂപ് എണീറ്റ് നിന്നു..

“അച്ഛനോട് പറയണം  ഈ  ഭാഗത്ത്‌ ഞായറാഴ്ച്ച പകൽ മുഴുവൻ കറന്റ് കട്ട് ചെയ്യുന്നത് ഒന്ന് നിർത്തി തരണമെന്ന്…മര്യാദക്ക് നാല് മണിയുടെ  സിനിമ കണ്ടിട്ട് എത്രയായെന്നു അറിയോ????”….. അവൻ  സങ്കടത്തോടെ പറഞ്ഞു…ക്ലാസ്സിൽ പൊട്ടിച്ചിരികൾ മുഴങ്ങി….ശ്രീരഞ്ജിനി സങ്കടത്തോടെ ടീച്ചറെ നോക്കി..

“ഇരിക്കെടാ അവിടെ…” ടീച്ചർ ശാസിച്ചു..

“മോള് അവിടെ പോയിരുന്നോ…” പെൺകുട്ടികളുടെ ഭാഗത്തെ  രണ്ടാമത്തെ ബഞ്ച് ചൂണ്ടി ടീച്ചർ അവളോട് പറഞ്ഞു…

അവിടെ സൈഡിൽ ഇരുന്ന ഫാത്തിമ കുറച്ചു നീങ്ങി സ്ഥലം  ഒരുക്കി…ഇരുന്ന ശേഷം  അവൾ ചുറ്റും നോക്കി..നേരെ എതിർവശത്തിരുന്ന ദീപുവിന്റെ മുഖത്തു അവളുടെ കണ്ണുകൾ പതിഞ്ഞു..അവൾ ഒന്ന് ചിരിച്ചു…അവൻ പരിഭ്രമത്തോടെ നോട്ടം മുന്പിലെ പുസ്തകത്തിലേക്ക് മാറ്റി….

ശ്രീരഞ്ജിനി അധ്യാപകരുടെ പോന്നോമനയും  ക്ലാസ്സിലെ മറ്റു കുട്ടികളുടെ കണ്ണിലെ കരടുമാവാൻ അധികം സമയമെടുത്തില്ല…നല്ലവണ്ണം പഠിക്കും…ഹോംവർക്ക് എല്ലാം സമയത്ത് ചെയ്യും…നല്ല കൈയക്ഷരവും…ഏറ്റവും അസൂയയും ദേഷ്യവും  ദീപുവിനായിരുന്നു…അവൾ  വരുന്നത് വരെ ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി അവനായിരുന്നു…ഇപ്പോ അവനെക്കാൾ ഒരു പടി മുന്നിൽ നില്കുന്നത് അവളാണ്…പക്ഷേ അവനൊഴികെ ആരും അവളോട് ദേഷ്യം കാണിക്കാറില്ല..അവൾ  എല്ലാവരോടും നന്നായി പെരുമാറും…അവനോടും  സംസാരിക്കാൻ ശ്രമിച്ചു…പക്ഷേ അവൻ വെറുപ്പോടെ ഒഴിഞ്ഞു മാറി…

ഒരു ദിവസം ഉച്ചഭക്ഷണ  സമയം…എല്ലാവരും ഭക്ഷണം കഴിച്ചു കളിക്കുകയാണ്…സ്കൂളിന്റെ പിറക്  വശത്തെ  വിശാലമായ പറമ്പിൽ ഇടവേളകൾ കിട്ടുമ്പോൾ കുട്ടികളെല്ലാരും പോയിരിക്കും ഒരുപാട് മരങ്ങൾ  നിൽക്കുന്നതിനാൽ  നല്ല തണലുണ്ട്..അന്ന് ദീപുവും  അവന്റെ കൂട്ടുകാരായ മിഥുനും നിച്ചുവും ആ  പറമ്പിലെ പുളി മരത്തിൽ നിന്ന് പുളി എറിഞ്ഞിടുകയാണ്…കൂട്ടുകാർക്ക് കിട്ടിയിട്ടും തനിക്ക് ഒന്ന് പോലും കിട്ടാത്ത വാശിയിൽ  തളർച്ച മറന്ന് ദീപു ആഞ്ഞു എറിഞ്ഞു കൊണ്ടിരുന്നു…മരക്കമ്പ് കൊണ്ട് എറിഞ്ഞിട്ട് കിട്ടാഞ്ഞിട്ട്  വേലിക്കൽ നിന്നും കരിങ്കൽ ചീളുകൾ  പെറുക്കിയെടുത്തു എറിയുകയായിരുന്നു അവൻ…പെട്ടെന്ന്,..കൈയിലെ വിയർപ്പിന്റെ വഴുക്കൽ കാരണം ഉന്നം തെറ്റി…കല്ല് നേരെ എതിർ ദിശയിൽ നടന്നു വരികയായിരുന്ന ശ്രീരഞ്ജിനിയുടെ നെറ്റിയുടെ ഇടതു ഭാഗത്ത്‌ കൊണ്ടു….!! ഒരലർച്ചയോടെ അവൾ  തലയും പിടിച്ചു കൊണ്ട് നിലത്തുന്നു…കൂടെ ഉണ്ടായിരുന്ന ഫാത്തിമ ഉറക്കെ നിലവിളിച്ചു..ദീപു എന്ത് ചെയ്യണം എന്നറിയാതെ തരിച്ചു നില്കുകയായിരുന്നു….ആൾകാർ ഓടിവരുന്നുണ്ട്…

അവൻ  മെല്ലെ രണ്ടടി പിറകോട്ടു എടുത്തു വച്ചു…പിന്നെ സർവശക്തിയുമെടുത്ത് തിരിഞ്ഞോടി…പിന്നാലെ തന്നെ മിഥുനും  നിച്ചുവും…ക്ലാസ്സിൽ എത്തി ഡെസ്കിൽ തല വച്ചു കിടക്കുന്ന ദീപുവിനോട് മിഥുൻ ചോദിച്ചു…

“എടാ നമ്മളിനി  എന്ത് ചെയ്യും?”

അവൻ  ഒന്നും മിണ്ടിയില്ല…ശരീരം മൊത്തം വിറക്കുകയാണ്..

“കുര്യൻ സാർ അറിഞ്ഞാൽ നമ്മളെ കൊല്ലും…” നിച്ചു കരയുന്ന ശബ്ദത്തിൽ പറഞ്ഞു…സ്കൂളിലെ പ്രിൻസിപ്പൽ ആണ് കുര്യൻ സർ…കുട്ടികളുടെ പേടി സ്വപ്നം…

“ഒന്നും മിണ്ടാതെ വീട്ടിൽ പോയാലോ?” തല ഉയർത്തി ദീപു  ചോദിച്ചു..

“പൊട്ടത്തരം പറയാതെടാ..നമ്മളുടെ വീടൊക്കെ ഇവർക്കറിയാല്ലോ…വീട്ടിൽ വന്നു തല്ലും…അച്ഛന്റേം അമ്മേടേം തല്ലു  വേറേം കിട്ടും….”

“എടാ ഇവനാ എറിഞ്ഞതെന്നു വേറാരെലും കണ്ടോ?”       നിച്ചു മിഥുനോട് ചോദിച്ചു…

“ഫാത്തിമ കണ്ടതാ….ഇവന് ശ്രീരഞ്ജിനിയെ ഇഷ്ടമല്ലെന്ന് എല്ലാർക്കും അറിയാല്ലോ…വേണമെന്ന് വച്ചിട്ട് എറിഞ്ഞതാണെന്നെ പറയൂ…”

അപ്പോഴാണ് അങ്ങനൊരു അപകടത്തെ കുറിച്ച് ദീപു  ആലോചിച്ചത് തന്നെ..അവനു കണ്ണിൽ ഇരുട്ട് കയറി…

ഉച്ചക്ക് ശേഷം  ആദ്യത്തെ പിരീഡ് കഴിഞ്ഞ് ഫാത്തിമ മാത്രം  വന്നു…ഉണ്ണി മാഷ് കണക്ക് ക്ലാസ്സ്‌ എടുക്കാൻ വന്നപ്പോൾ അവളോട് ചോദിച്ചു…

“ഫാത്തിമാ, ശ്രീരഞ്ജിനി ഇന്ന് വന്നില്ലേ…”?

മൂന്ന് പേരുടെ ഹൃദയമിടിപ്പ് വളരെ  വേഗത്തിലായി…..

“വന്നിരുന്നു മാഷേ…തല മുറിഞ്ഞു..സത്യൻ മാഷും  ഞാനും ആശുപത്രിയിൽ  കൊണ്ടുപോയി…അവിടെ കിടത്തിയിരിക്കുകയാ….”

ക്ലാസ് നിശബ്ദമായി….

“എന്ത് പറ്റിയതാ…ഞാൻ അറിഞ്ഞില്ലല്ലോ…”

ഇതാ എല്ലാം തീരാൻ പോകുന്നു…ദൈവമേ രക്ഷിക്കണേ…ദീപു  ഉള്ളുരുകി പ്രാർത്ഥിച്ചു….

“കാലു തടഞ്ഞു വീണതാ മാഷേ…നെറ്റി കല്ലിൽ ഇടിച്ചു…”

ദീപു  അമ്പരപ്പോടെ ഫാത്തിമയുടെ നേരെ തിരിഞ്ഞു…അവൾ  രൂക്ഷമായി അവനെ  നോക്കി…..

ദേശീയഗാനം കഴിഞ്ഞ് ക്ലാസ്സ്‌ വിട്ടപ്പോൾ ദീപു  പരുങ്ങലോടെ ഫാത്തിമയുടെ അടുത്ത് പോയി…

“ഫാത്തിമാ….”

“എടാ അവളുടെ നെറ്റിയിൽ നിന്നു എന്ത് മാത്രം ചോരയാ പോയതെന്ന് അറിയാമോ…?”

അവൻ തല കുനിച്ചു…

“ബോധം പോകുംമുൻപ് അവളൊന്നേ എന്നോട് പറഞ്ഞുള്ളൂ…നിന്റെ പേര് ആരോടും പറയരുതെന്ന്…”

ദീപുവിന്റെ കണ്ണുനീർ നിലത്തേക്ക് ഇറ്റ് വീണു…ഫാത്തിമ ബാഗുമെടുത്തു പുറത്തേക്ക് പോയി….അവൻ ആ പുളിമരച്ചുവട്ടിലേക്കും…അവിടെ പോയിരുന്നു കുറേ നേരം  കരഞ്ഞു…മരത്തിൽ എറിയാൻ തോന്നിയ നിമിഷത്തെ ശപിച്ചു…

അന്ന് രാത്രി അവനു ഉറങ്ങാൻ കഴിഞ്ഞില്ല…

രാവിലെ സ്കൂളിൽ പോകും മുൻപ്  അടുത്തുള്ള  ശിവക്ഷേത്രത്തിൽ പോയി മനസ്സുരുകി അവൾക്കു പെട്ടെന്ന് സുഖമാവാൻ പ്രാർത്ഥിച്ചു…

പിന്നീട് കുറേ ആഴ്ചകളോളം  ശ്രീരഞ്ജിനി ക്ലാസ്സിൽ വന്നില്ല…ഫാത്തിമ എന്നും വൈകിട്ട് അവളുടെ വീട്ടിൽ പോകും..അന്നന്നു പഠിപ്പിച്ച നോട്ടുകൾ എഴുതി കൊടുക്കും…ഒരു ദിവസം  മടിച്ചു മടിച്ച് ദീപു  ഫാത്തിമയോട് ചോദിച്ചു..

“ആ കുട്ടിക്ക് എങ്ങനുണ്ട്?”.

“അറിഞ്ഞിട്ടെന്തിനാ?”…ഒട്ടും ദയയില്ലാത്ത മറുപടി…അവൻ ഒന്നും മിണ്ടിയില്ല..

“സ്റ്റിച് എടുത്തു…എന്നാലും കുറച്ചു ദിവസം കഴിഞ്ഞേ  ക്ലാസ്സിൽ വരാൻ പറ്റൂ….”

“അപ്പൊ ക്ലാസ്സ്‌ കുറേ പോകില്ലേ…”?

“ആ…വീട്ടിൽ ഇരുന്ന് പഠിക്കുന്നുണ്ട്..എല്ലാ ദിവസത്തേയും നോട്ട് എഴുതി എടുക്കും….നിനക്ക് അവളുടെ വീട്ടിൽ പോയി കണ്ടൂടെ..ക്ലാസ്സിലെ ബാക്കി എല്ലാരും പോയല്ലോ…നിങ്ങള് മൂന്നും മാത്രമേ പോകാനുള്ളൂ…”

“എനിക്ക് പേടിയാ… “

അവൾ മിണ്ടാതെ തിരിഞ്ഞു…

“ഫാത്തിമാ…”

“എന്താടാ….”?

“നാളെ അവളുടെ  കുറച്ച് നോട്ട് കൊണ്ടു വര്വോ..?ഞാനും എഴുതി തരാം….”

“ചോദിച്ചു നോക്കട്ടെ….”.

പിറ്റേ ദിവസം ആകാംഷയോടെ അവൻ  ഫാത്തിമക്കായി കാത്തിരുന്നു..അവൾ  വന്നപ്പോൾ അവൻ  ചോദിച്ചു….

“എന്ത് പറഞ്ഞു?”

അവൾ ഒന്നും മിണ്ടാതെ ബാഗ് തുറന്ന് ഒരു വലിയ പ്ലാസ്റ്റിക് കവർ എടുത്ത് അവനു  നേരെ നീട്ടി..

“അവളുടെ എല്ലാ പുസ്തകോം ഉണ്ട്‌…ഇനി എല്ലാം നീ എഴുതിയാൽ മതി എന്നാ അവൾ  പറഞ്ഞെ…”

അവനു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു..അന്ന് രാത്രി വൈകുവോളം അവൻ അവൾക്കായി എഴുതി…കണക്ക് നോട്ടിന്റെ ആദ്യപേജിൽ ഒരു തുണ്ട് കടലാസ്സിൽ ചുവന്ന മഷി കൊണ്ട് അവൻ കുറിച്ചു… ‘സോറി’…..

ഒരു ദിവസത്തെ ഇടവേള കഴിഞ്ഞ് അവളുടെ പുസ്തകം വീണ്ടും ദീപുവിന്റെ കൈയിൽ എത്തി…അവൻ  സോറി എന്നെഴുതിയ  കടലാസ്സിന്റെ പിന്നിൽ അവൾ  കുറിച്ചിട്ടിട്ടുണ്ടായിരുന്നു..

“നീ വേണംന്ന് വച്ചിട്ട് എറിഞ്ഞതായിരുന്നോ??”

അവനു  സങ്കടം വന്നു…ഒരു വെള്ളകടലാസ്  എടുത്ത് അവൻ എഴുതി..

“ഭഗവാനാണെ സത്യം, പുളി എറിയുമ്പോൾ കൈ വഴുതിയതാ…വിശ്വാസമായില്ലെങ്കിൽ നിന്റെ കൂടെ അമ്പലത്തിൽ വന്നു സത്യം ചെയ്യാം…..”

ഒരു വെള്ളിയാഴ്ച ശ്രീരഞ്ജിനി ക്ലാസ്സിൽ വന്നു…നെറ്റിയിൽ ചെറിയ ബാൻഡ്എജ് ഒട്ടിച്ചിട്ടുണ്ട്…കുറ്റബോധം കൊണ്ട് ദീപുവിന് കരച്ചിൽ  വന്നു…അവൾ അവനെ  ഗൗനിച്ചില്ല..ഓരോ പിരീഡും ക്ലാസ്സ്‌ എടുക്കാൻ വന്ന  അദ്ധ്യാപകർ അവളുടെ സുഖവിവരം അന്വേഷിച്ചു…വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞിട്ട് പോകുമ്പോൾ അവൻ മെല്ലെ അവളുടെ പിന്നിലെത്തി വിളിച്ചു,…

“ഒന്ന് നിൽക്കാമോ?”

“എന്താ?”

“ദേഷ്യമാണോ?”

“ചോദിക്കാൻ കാരണം?”

“എല്ലാരോടും മിണ്ടിയിട്ട് എന്നോട് മാത്രം ഇയാൾ മിണ്ടുന്നില്ല…”

“അതിന് താൻ ഇത്രനാളും  എന്നോട് മിണ്ടിയിരുന്നോ? ഞാൻ എന്ത് തെറ്റാ  ചെയ്തത്?..എപ്പോ നോക്കിയാലും മുഖം  തിരിച്ചു നടക്കുവല്ലേ…?”

അവൻ ഒന്നും ഒന്നും പറയാതെ നിന്നു..അവൾ നടക്കാൻ  തുടങ്ങിയപ്പോൾ  മെല്ലെ വിളിച്ചു…

“ശ്രീക്കുട്ടീ…”

അവൾ ഞെട്ടലോടെ തിരിഞ്ഞു…

“എന്താ വിളിച്ചത്??”

“ശ്രീക്കുട്ടീന്ന്…….” അവൻ കുറച്ചു പേടിയോടെ പറഞ്ഞു….

അവളുടെ കണ്ണ് നിറഞ്ഞു…

“അയ്യോ എന്തിനാ കരയുന്നെ…വിളിച്ചത് ഇഷ്ടായില്ലെങ്കിൽ മാപ്പ്…ആരോടും പറഞ്ഞു കൊടുത്തേക്കല്ലേ പ്ലീസ്….”

അവൻ അപേക്ഷിച്ചു..

“അതല്ല…എന്റെ അമ്മ മാത്രമേ അങ്ങനെ വിളിച്ചിട്ടുള്ളൂ…അതാ….ഇയാൾ വിളിച്ചപ്പോൾ അമ്മയെ ഓർമ വന്നു.”

“അതിനെന്തിനാ  കരയുന്നെ?”

“അമ്മ രണ്ടു വർഷം മുൻപ് മരിച്ചു പോയി…”

അവൻ ആകെ  വിഷമത്തിലായി….

“ഇനി ഞാൻ അങ്ങനെ വിളിക്കൂല..”

“വേണ്ട…അങ്ങനെ വിളിച്ചാൽ മതി….” അവൾ  പറഞ്ഞു…

അവര്  സംസാരിച്ചോണ്ട് നിൽകുമ്പോൾ  മിഥുനും  നിച്ചുവും കടന്നു വന്നു…മിഥുൻ  ഉറക്കെ വിളിച്ചു കൂവി…..

“നോക്കെടാ….ദീപുവും  ശ്രീരഞ്ജിനിയും ലൗ  ആയി…..!!!”

ദീപു അവനെ അടിക്കാൻ പിന്നാലെ ഓടിച്ചു…അവൾ ചിരിച്ചു കൊണ്ട് ഗേറ്റിലേക്ക് നടന്നു…..

********

നിഷ്കളങ്കമായ  സൗഹൃദത്തിന്റെ ആരംഭം….

പഠനത്തിൽ  മിടുക്കനായിരുന്നെങ്കിലും ഇംഗ്ലീഷ് ദീപുവിന് വലിയ തലവേദന ആണ്….എങ്ങനെ പരിശ്രമിച്ചിട്ടും  മനസ്സിലാകുന്നില്ല…ശ്രീക്കുട്ടി അവന്റെ സഹായത്തിനു എത്തി. നേരത്തേ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചതിനാൽ  അവൾക്കു അത് എളുപ്പം ആയിരുന്നു…ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലും  ഫ്രീ പീരീഡുകളിലും അവർ അടുത്തിരുന്നു പഠിച്ചു…മറ്റു കുട്ടികൾ കളിയാക്കിയെങ്കിലും അവർ അത് ഗൗനിച്ചില്ല…

ഒരു ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കുകയായിരുന്ന അവന്റെ അടുത്തേക്ക് അവൾ  വന്നിരുന്നു..

“എന്താടാ സ്പെഷ്യൽ…?”

“ഒന്നുമില്ല “..അവൻ  മടിയോടെ   ഇല മടക്കി വെക്കാൻ ശ്രമിച്ചു…അവൾ  അതിനനുവദിക്കാതെ ആ  പൊതി തുറന്നു….തലേ  ദിവസത്തെ  മീൻ കറിയും  കുറച്ചു ചമ്മന്തിയും ചോറിൽ വച്ചിട്ടുണ്ട്..

“ആഹാ സൂപ്പർ….” അവൾ  അതിൽ കയ്യിട്ടു വാരി  തിന്നു…

അവനു  വല്ലാത്ത കുറച്ചിൽ തോന്നി…പലപ്പോഴും ചോറിൽ  ഒഴിക്കുന്ന കറി ചീത്തയായി പോകാറുണ്ട്….അവൻ  അവളുടെ ലഞ്ച് ബോക്സ്‌ ഓപ്പൺ ചെയ്തു…ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും…

“ഓ…പണക്കാരൊന്നും ഉച്ചക്ക് ചോറ് കഴിക്കാറില്ലേ?”

“പോടാ…ഇത് രാവിലെ കഴിക്കാൻ ഉണ്ടാക്കുന്നതിൽ നിന്ന് എടുത്തതാ..”

“അതെന്താ ചോറ് കൊണ്ടു വരാഞ്ഞേ?”

അവൾ  ഒരു നിമിഷം മിണ്ടാതിരുന്നു എന്നിട്ട് പറഞ്ഞു,

“എല്ലാ കുട്ടികൾക്കും രാവിലെ ഭക്ഷണം ഉണ്ടാക്കി പൊതിഞ്ഞ് കൊടുക്കാൻ അമ്മയുണ്ടല്ലോ…എനിക്ക് ഇല്ല..ഞാൻ തന്നെ എല്ലാം ചെയ്യണം.. “

അവൻ ചോറ് പൊതി  അവളുടെ മുൻപിലേക്ക് നീക്കി വെച്ചു…എന്നിട്ട് അവളുടെ ചപ്പാത്തി കഴിക്കാൻ തുടങ്ങി..

“നല്ല രുചി..”

“ചുമ്മാ…”

“സത്യമാടീ…ഞാനൊക്കെ ചപ്പാത്തി തിന്നിട്ട് കാലം മറന്നു..”

“അതെന്താ നിന്റെ അമ്മ ഉണ്ടാക്കി തരില്ലേ..”?

അവൻ വേദനയോടെ  അവളെ  നോക്കി…അന്നാണ് അവന്റെ കുടുംബത്തിന്റെ അവസ്ഥ അവൾ അറിയുന്നത്

ഒരു പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തകനാണ്  അവന്റെ അച്ഛൻ നാരായണൻ…നാടിനും നാട്ടുകാർക്കും വേണ്ടി അഹോരാത്രം കഷ്ടപ്പെടുമ്പോൾ ഭാര്യക്കും മകനും വേണ്ടി ഒന്നും ചെയ്തില്ല…അദ്ദേഹത്തിന്റേത് ഒരു വലിയ കുടുംബം ആയിരുന്നു…മൂന്ന് ചേട്ടന്മാരും അവരുടെ ഭാര്യമാരും മക്കളും…അവരുടെ കുത്തുവാക്കുകളും പരിഹാസങ്ങളും ഏറ്റാണ് ദീപുവും അമ്മയും കഴിയുന്നത്…കൂലിപ്പണിക്കാരനായ നാരായണൻ കിട്ടുന്ന കാശ് എല്ലാം പാർട്ടിക്കും നാട്ടുകാർക്കുമായി ചിലവാക്കി….ദീപുവിന്റെ അമ്മ മറ്റുവീടുകളിൽ പണിക്ക് പോയിട്ടാണ് അവരുടെ കാര്യങ്ങൾ  നടക്കുന്നത്…എത്ര  ഉപദേശിച്ചിട്ടും വഴക്ക് പറഞ്ഞിട്ടും അപേക്ഷിച്ചിട്ടും നാരായണൻ തന്റെ  ശീലങ്ങൾ  മാറ്റിയില്ല…ചിലപ്പോൾ ദീപുവിനും അമ്മയ്ക്കും ഭക്ഷണം പോലും കിട്ടിയിരുന്നില്ല….

എല്ലാം കേട്ടപ്പോൾ   ശ്രീക്കുട്ടി   സ്നേഹത്തോടെ അവന്റെ തോളിൽ തട്ടി  ആശ്വസിപ്പിച്ചു…..

“സാരമില്ലെടാ..പോട്ടെ…എല്ലാം ശരിയാകും..നീ പഠിച്ചു നല്ലൊരു ജോലിയൊക്കെ വാങ്ങി അമ്മയെ നല്ലോണം നോക്കണം….”

പിറ്റേ ദിവസം മുതൽ  അവനു കൂടെയുള്ള ഭക്ഷണം അവൾ  കൊണ്ടുവരാൻ  തുടങ്ങി…ആദ്യമൊക്കെ അവൻ എതിർത്തു…അവൾ ദേഷ്യപെട്ടപ്പോൾ  ഒന്നും മിണ്ടാതെ കഴിച്ച് തുടങ്ങി…ഒരു ദിവസം അവളോട് ചോദിച്ചു…

“നീ എനിക്കും കൂടെ  ഭക്ഷണം കൊണ്ടു വരുമ്പോൾ വീട്ടിൽ നിന്ന് ഒന്നും പറയില്ലേ?”

“ആര് പറയാനാടാ? വീട്ടിൽ അച്ഛനും ഞാനും  മാത്രമേ ഉള്ളൂ…രാത്രി  വൈകി ക ള്ളും കുടിച്ചു ബോധമില്ലാതെയാ അച്ഛൻ വരിക…രാവിലെ എണീറ്റ് പോകും…എന്നെ ശ്രദ്ധിക്കാനൊന്നും അച്ഛന് സമയമില്ല…പിന്നെ കാശ് വല്ലതും  ചോദിച്ചാൽ  തരും…അത്രയേ  ഉള്ളൂ..”
അവൾ  ചിരിച്ചു..ആ  ചിരിയിൽ ഒളിപ്പിച്ചു വച്ച  ഹൃദയവേദന  അവൻ  കണ്ടു…

പത്താം ക്‌ളാസിലും അവർ ഒരുമിച്ചായിരുന്നു….പഠിക്കാൻ ദീപുവിനെ അവൾ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു…മത്സരബുദ്ധിയോടെ അവർ പഠിച്ചു..

അങ്ങനെ ഒരു ദിവസം  സ്റ്റെല്ല ടീച്ചർ ക്ലാസ്സെടുക്കുമ്പോൾ പ്യൂൺ ഒരു നോട്ടീസ് കൊണ്ടു വന്നു…ടീച്ചർ  ഉറക്കെ വായിച്ചു..

” ഈ വർഷത്തെ  വിനോദയാത്രക്ക് പോകാൻ  ആഗ്രഹിക്കുന്നവർ  അവരവരുടെ  ക്ലാസ്സ്‌ ടീച്ചറുടെ കൈയിൽ  പേര് കൊടുക്കുക..അഞ്ഞൂറ് രൂപ ആണ് വേണ്ടത്…. “

കുട്ടികൾ സന്തോഷത്തോടെ കൈ അടിച്ചു..ഇന്റർവെൽ സമയത്ത് എല്ലാരും അതിനെ കുറിച്ചായിരുന്നു ചർച്ച…

ശ്രീക്കുട്ടി ദീപുവിനോട് ചോദിച്ചു

“എടാ നീ പോകുന്നില്ലേ?”

“ഏയ്‌ ഞാൻ  ഇല്ല…”

“അതെന്താ?”

“അച്ഛൻ വിടില്ല…പിന്നെ അമ്മയെ കാണാതിരിക്കാൻ എനിക്ക് പറ്റില്ല…”

അഞ്ഞൂറ് രൂപ എന്നത് തനിക്ക് അസാധ്യമായ ഒന്നാണെന്നു അവളെ അറിയിക്കാൻ അവൻ മടിച്ചു…

“ശ്രീകുട്ടീ…നീ  പോകുന്നില്ലേ?”

“ആ പോണം…എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞാൽ ചിലപ്പോൾ  നമ്മളെല്ലാരും വേറെ വേറെ സ്ഥലങ്ങളിൽ ആയിരിക്കും…ഇപ്പോഴല്ലേ എല്ലാരും ഒന്നിച്ചു ജോളിആയി പോകാൻ പറ്റൂ…”

വിനോദയാത്ര ഒരു വെള്ളിയാഴ്ച  ആയിരുന്നു..ശനിയും  ഞായറും  ദീപു   അമ്മയുടെ കൂടെ പണിക്ക് പോയി..വീടിനടുത്തുള്ള ഭാസ്കരൻ നമ്പ്യാരുടെ  തോട്ടത്തിൽ തേങ്ങ ഇടുന്നുണ്ട്…രാജപ്പൻ ചേട്ടനും ദീപുവും തേങ്ങ പൊതിക്കാനും അമ്മയും വേറെ രണ്ടു സ്ത്രീകളും അത് കടത്താനും…

തിങ്കളാഴ്ച രാവിലെ  സ്കൂളിൽ എത്തിയപ്പോൾ കുട്ടികളെല്ലാം ടൂറിന്റെ മധുരസ്മരണകൾ  അയവിറക്കുകയാണ്…ശ്രീക്കുട്ടി, ഒരു ചോക്ലേറ്റ് അവന്റെ നേരെ നീട്ടി…

“ടൂർ പോയപ്പോ വാങ്ങിയതാണോ?”

“അയിന് ഞാൻ പോയില്ലല്ലോ?”.

“ങ്‌ഹേ…നീയല്ലേ പോകുന്നെന്ന് പറഞ്ഞെ?”

“അതെ…പക്ഷേ നീ  വരാതെ ഒരു രസം ഉണ്ടാവില്ല…അതോണ്ട് ഞാനും പോയില്ല..നിന്റെ കൈയിൽ കാശില്ലാഞ്ഞിട്ടാണ് എന്നെനിക്കറിയാം…ഞാൻ  തരാമെന്നു പറഞ്ഞാലും നീ വാങ്ങില്ല…”

“എന്നാലും നിനക്ക് പൊയ്ക്കൂടായിരിന്നോ?ഇതൊക്കെ ഇനി തിരിച്ച് കിട്ടാത്തതല്ലേ?”

“സാരമില്ല…നിന്നെ ഇവിടെ വിട്ടിട്ട് മറ്റുള്ളവരുടെ കൂടെ പോയി സന്തോഷിക്കാൻ എനിക്ക് പറ്റാഞ്ഞിട്ടാടാ….”

അന്ന് ആദ്യമായി അവനു  ശ്രീകുട്ടിയോട് സൗഹൃദത്തിനുപരിയായി  ഒരു വികാരം കൂടി  തോന്നി….പ്രണയം……!!!

പക്ഷേ തുറന്നു പറഞ്ഞില്ല…ഭയം..അവൾ  നഷ്ടപ്പെടുമോ എന്ന പേടി….

ക്‌ളാസുകൾ അവസാനിക്കാറായി…എല്ലാരും ഓട്ടോഗ്രാഫ് പരസ്പരം കൈമാറി…..അവളുടെ  ഓട്ടോഗ്രാഫിൽ അവൻ  കുറിച്ചു..

“സ്നേഹപൂർവ്വം ശ്രീകുട്ടിക്ക്….നാളെ  എന്തെന്നറിയില്ല…..എന്നാലും, ജീവിതകാലം  മുഴുവൻ നീ കൂടെയുണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു…. “

അവൾ അവന്റെ ഓട്ടോഗ്രാഫ് തിരിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു,..

“എടാ, ഇപ്പൊ വായിക്കരുത്…വീട്ടിൽ എത്തിയിട്ടേ തുറക്കാവൂ..”

വീടുവരെ എത്താനുള്ള ക്ഷമ ഉണ്ടായില്ല…പാതി വഴിയിൽ എത്തിയപ്പോൾ അവൻ  തുറന്നു…

“എന്റെ അമ്മ കഴിഞ്ഞാൽ  ഞാൻ ഈ ഭൂമിയിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് നിന്നെയാണ്….നിന്നെ മാത്രം….സ്വന്തം ശ്രീക്കുട്ടി…”

ഒരു നൂറു തവണ  അവനാ വരികൾ വായിച്ചു…ലോകം മുഴുവൻ കാൽകീഴിൽ  വന്നു നില്കുന്നതായ ഒരു തോന്നൽ….!!!!!

പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞു…അവസാനദിവസം  ദീപുവും  ശ്രീകുട്ടിയും സ്കൂളിന് പിറകിലെ പറമ്പിൽ നില്കുകയാണ്…മറ്റു കുട്ടികൾ പരസ്പരം യാത്ര പറയുന്ന തിരക്കിൽ…

“എടാ, ഇനിയെന്നാ കാണുക?”

“അറിയില്ല..”

“പ്ലസ്ടുവിന് ഇവിടെ തന്നെയാകില്ലേ?”

“അഡ്മിഷൻ കിട്ടിയാൽ..”

“അതെന്തായാലും കിട്ടും…”

“എടീ നീ ഒരു കാര്യം ചെയ്യ്…എല്ലാ ഞാറാഴ്ചയും  അമ്പലത്തിലേക്ക് വാ..അവിടുന്ന് കാണാല്ലോ….?”

“അത് ശരിയാ “

സ്കൂൾ അടച്ചു…ചില ഞായറാഴ്ചകളിൽ അമ്പലത്തിൽ വച്ച് അവർ കണ്ടു മുട്ടി..പക്ഷേ ആൾക്കാർ ശ്രദ്ധിക്കുന്നത് കാരണം അധികം സംസാരിക്കാൻ പറ്റിയില്ല…ദീപു  വീട്ടുചിലവിന് കാശുണ്ടാക്കാൻ പല ജോലിയും ചെയ്തു…റിസൾട്ട്‌ വന്നു…നല്ല മാർക്കോടെ അവർ രണ്ടും ജയിച്ചിരുന്നു…പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു…പക്ഷേ ദീപുവും  ശ്രീക്കുട്ടിയും രണ്ടു ഡിവിഷനുകളിലേക്ക് മാറ്റപ്പെട്ടു…

എന്നാലും അവരുടെ  പ്രണയം ദൃഢമായി  തുടർന്നു….ആ ബന്ധം മറ്റു വിദ്യാർത്ഥികൾക്കിടയിൽ പാട്ടാണ്…. “ഇണക്കുരുവികൾ ” എന്ന് വിളിച്ചു കുട്ടികൾ  കളിയാക്കും…..

പലരുടെ ജീവിതത്തിലും  വിധി അപ്രതീക്ഷിതമായി ക്രൂ രതകൾ  കാണിക്കും….അങ്ങനെ ഒന്ന് ദീപുവിന്  സംഭവിച്ചു….

കേരളത്തിൽ കാലങ്ങളായി  നടന്നു  വരുന്ന രാഷ്ട്രീയകൊലപാതകങ്ങളുടെ കൂട്ടത്തിലേക്ക് ഒന്ന് കൂടെ…അവന്റെ അച്ഛൻ നാരായണൻ….രാത്രി വീട്ടിലേക്ക് വരുന്ന വഴി  എതിർ പാർട്ടിക്കാർ നാരായണനെ വെട്ടി നു റുക്കി…..വിവരമറിഞ്ഞു സ്കൂളിൽ നിന്നും അദ്ധ്യാപകരും സഹപാഠികളും അവന്റെ വീട്ടിലേക്ക് പോയി…പാർട്ടിയുടെ കൊടിയിൽ പുതപ്പിച്ച അച്ഛന്റെ മൃതദ്ദേഹത്തിനരികെ  ദീപു ഒന്ന് കരയാൻ പോലും ആവാതെ  ഇരുന്നു…ഓരോരുത്തരും അവന്റെ അടുത്ത് വന്ന് ആശ്വസിപ്പിച്ചു…ശ്രീകുട്ടിയും വന്നു..അവൾ  അവന്റെ കൈ പിടിച് അമർത്തി….ഒന്നും പറയാനുണ്ടായിരുന്നില്ല.

എല്ലാം മാറി മറിയുകയാണെന്നു  ദീപുവിന് കുറച്ചു ദിവസത്തിനുള്ളിൽ മനസിലായി…ആദ്യമൊക്കെ വീട്ടിൽ വന്നു ആശ്വസിപ്പിക്കുകയും ധൈര്യം തരികയും  ചെയ്തിരുന്ന പാർട്ടി നേതാക്കളും  സഹപ്രവർത്തകരും  പിൻവലിഞ്ഞു തുടങ്ങി…അച്ഛൻ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ആ വീട്ടിൽ ഇത്രയും നാൾ ഒരിടം  കിട്ടിയത്..അദ്ദേഹം  മരിച്ചു മാസം തികയും മുൻപേ വീട്ടിൽ പ്രശ്നങ്ങൾ തുടങ്ങി…അത് രൂക്ഷമായി….ഒടുവിൽ അത്  തീരുമാനിക്കപ്പെട്ടു…ഭാഗം പിരിയുക…അവകാശപ്പെട്ട  സ്വത്തിനേക്കാൾ കൂടുതൽ  നാരായണൻ വിറ്റു തുലച്ചതിനാൽ അവർക്ക് ഒന്നും ഇല്ല…അങ്ങനെ ആ  വീട്ടിൽ നിന്നും ഇറങ്ങിക്കൊടുക്കാൻ ദീപുവും അമ്മയും നിർബന്ധിതരായി…അവന്റെ അമ്മയുടെ സഹോദരൻ തമിഴ്നാട്ടിൽ കുടുംബമായി  താമസിക്കുന്നുണ്ട്…ജീവിതം വഴി മുട്ടി നിൽക്കുന്ന അമ്മയെയും മകനെയും  അയാൾ  അങ്ങോട്ട് ക്ഷണിച്ചു…അങ്ങനെ അച്ഛന്റെ  ഓർമ്മകൾ ഉറങ്ങുന്ന വീട്ടിൽ നിന്നും അവർ  ഇറങ്ങി…

റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ടത് സ്കൂളിന്  മുൻപിലൂടെയാണ്….ഓട്ടോ അവിടെ എത്തിയപ്പോൾ ദീപുവിന് ഹൃദയത്തിൽ  കത്തി മുന  ആഴ്ന്നിറങ്ങുന്ന വേദന  അനുഭവപ്പെട്ടു…അവിടെ ഇറങ്ങി ശ്രീകുട്ടിയെ ഒന്ന് കാണാനും, അവളോട് യാത്ര ചോദിക്കാനും…കാത്തിരിക്കണം എന്ന് പറയാനും മനസ്സ് കൊതിച്ചു…അവൻ  അമ്മയെ നോക്കി. ഭർത്താവിന്റെ മരണവും  പാതിയിൽ പഠനം നിർത്തേണ്ടി വന്ന മകന്റെ ഭാവിയെ കുറിച്ചുള്ള ചിന്തയും എല്ലാം  അവരെ  വല്ലാത്തൊരു മാനസികാവസ്ഥയിൽ ആക്കിയിരുന്നു…ജീവച്ഛവം പോലെ ഇരിക്കുന്ന അമ്മയുടെ മുഖം  കണ്ടപ്പോൾ അവനൊന്നും പറയാൻ കഴിഞ്ഞില്ല…തന്റെ, സ്കൂൾ, തന്റെ  കൂട്ടുകാർ…പ്രാണനെ പോലെ സ്നേഹിച്ച ശ്രീക്കുട്ടി, എല്ലാം പിന്നിലേക്ക് പോകുന്നത് നിറ കണ്ണുകളോടെ  അവൻ  നോക്കിയിരുന്നു…

ട്രെയിനിൽ കയറി…അമ്മ ദീപുവിന്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് ചോദിച്ചു..

“മോന്, അമ്മയോട് ദേഷ്യമുണ്ടോ?”

“എന്തിനാമ്മേ?”..

“ഈ  പ്രായത്തിൽ പഠിപ്പ് പോലും ഉപേക്ഷിച്ചു ഏതോ നാട്ടിലേക്ക് പോകേണ്ടി വന്നതിൽ..?”.

“ഇല്ലമ്മേ, എവിടെക്കായാലും അമ്മ കൂടെ  ഇല്ലേ?”

അമ്മ ദീപുവിന്റെ കവിളിൽ ചുംബിച്ചു…

“ഇനി നമ്മൾ  ഇങ്ങോട്ട് ഒരിക്കലും വരില്ലേ അമ്മേ???”

പൊട്ടിക്കരച്ചിലോടെ അമ്മ ദീപുവിനെ ചേർത്തു പിടിച്ചു….

അവർ  രണ്ടു പേരുടെയും  കുറേ സ്വപ്‌നങ്ങൾ ചതച്ചരച്ചു കൊണ്ട് തീവണ്ടി ചക്രങ്ങൾ  മുന്നോട്ട് കുതിച്ചു….

***********

മധുര….ദീപുവിന്റെ ചെറിയമ്മാവൻ  കേശവൻ  ഇവിടാണ് താമസം..പാത്രങ്ങൾ ഉണ്ടാക്കുന്ന ഫാക്റ്ററിയിലാണ് ജോലി…ടൗണിൽ നിന്നും മാറി, ഒരു വാടകവീട്ടിലാണ് താമസം..വിവാഹം കഴിച്ചത് തമിഴ്‌നാട്ടു കാരിയെ തന്നെയാണ്..ആ വാടക വീടിന്റെ പിന്നാമ്പുറത്തു ആസ്ബസ്‌റ്റോസ് ഷീറ്റ് മേഞ്ഞ ചായ്‌പ്പിൽ ദീപുവിനും അമ്മയ്ക്കും അദ്ദേഹം താമസമൊരുക്കി…

“കമലച്ചേച്ചിയേയ്….ഇവിടെ താമസിക്കുന്നതിന് പ്രശ്നമില്ല…പക്ഷേ എത്ര കാലം എന്നെ കൊണ്ട് നോക്കാൻ പറ്റും? എനിക്ക് രണ്ട് പെൺകുട്ട്യോളാ..കെട്ടിക്കാൻ പ്രായമായി…ഉടപ്പിറന്നപ്പോൾ പെരുവഴിയിലായിട്ട് തിരിഞ്ഞു നോക്കിയില്ല എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ എന്ന് കരുതിയിട്ടാണ് ഇങ്ങോട്ട് വരാൻ പറഞ്ഞത്….”…

“മാമൻ പേടിക്കണ്ട…എനിക്ക് എവിടെങ്കിലും ഒരു ജോലി സംഘടിപ്പിച്ചു താ…ആർക്കും ബാധ്യതയാവാതെ ഞാനും  അമ്മയും ജീവിച്ചോളാം…”

അവനതു പറയുമ്പോൾ  പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ടായിരുന്നു..

“ഞാനങ്ങനൊന്നും ഉദ്ദേശിച്ചില്ല മോനേ..”

“സാരമില്ല മാമാ…പോകാനൊരിടമില്ലാത്ത ഞങ്ങൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തല്ലോ…അത് തന്നെ വല്യകാര്യം..ഇവിടെ എനിക്ക് ആരെയും പരിചയമില്ലല്ലോ, അതുകൊണ്ടാ…എനിക്ക് എവിടെങ്കിലും ഒരു ജോലി ശരിയാക്കി താ…എന്ത് ജോലിയും ചെയ്യും…”

അങ്ങനെ അമ്മാവന്റെ സഹായത്തോടെ ഒരു കാർ വാഷിങ് കമ്പനിയിൽ  അവനു ജോലി കിട്ടി..വലിയ ശമ്പളമൊന്നും ഇല്ലായിരുന്നു..പക്ഷേ തോറ്റുകൊടുക്കാൻ  കഴിയുമായിരുന്നില്ല…പകൽ ആ ജോലി ചെയ്തു…രാത്രി ഒരു പെട്രോൾ പമ്പിലും….പിന്നെ ഇടക്ക് മാർക്കറ്റിലെ ഇറച്ചിക്കടയിൽ  സഹായിയായും  നില്കും….കണ്ണിൽ ഒരു വല്ലാത്ത വെറിയുമായി മറ്റൊന്നും ശ്രദ്ധിക്കാതെ ജോലി ചെയ്യുന്ന ആ പയ്യനെ അവിടുത്തുകാർക്ക് പെട്ടെന്ന് ഇഷ്ടമായി…

ഒരു വർഷത്തിനുള്ളിൽ  ഒരു പാട് കൂട്ടുകാരെ അവനു കിട്ടി….മാമന്റെ ചായ്‌പ്പിൽ നിന്നും ഒരു ഒറ്റമുറി വാടകവീട്ടിലേക്ക് താമസം മാറി…

ഒന്നര വർഷം കഴിഞ്ഞു. ഇന്ന് അല്ലലില്ലാതെ കഴിഞ്ഞു പോകാനുള്ള വക ഉണ്ട്‌…അമ്മ എന്തെങ്കിലും പണിക്ക് പൊയ്ക്കോട്ടേ എന്ന് ദീപുവിനോട് ചോദിച്ചു…അവൻ  വിട്ടില്ല…ഈ ജോലികൊണ്ടൊന്നും തന്റെ  ആഗ്രഹങ്ങൾ പൂർത്തിയാകില്ല എന്ന്  അവനുറപ്പാണ്…എന്ത് ചെയ്യും…???

ഒരു ദിവസം  അവൻ ടൗണിലൂടെ  നടക്കുകയായിരുന്നു…നേരെ മുൻപിൽ മധുര മീനാക്ഷിയുടെ അമ്പലം….അവൻ  ചുറ്റും നോക്കി. എങ്ങും കടകൾ….പക്ഷേ ഹോട്ടലുകൾ രണ്ടെണ്ണമേ ഉള്ളൂ ആ തെരുവിൽ..ബാക്കിയെല്ലാം അമ്പലത്തിന്റെ അപ്പുറത്തെ ഭാഗത്തു മെയിൻ റോഡിനോട് ചേർന്നാണ്. ഇവിടെ ഒരു നല്ല ഹോട്ടൽ തുടങ്ങാൻ കഴിഞ്ഞാൽ??? ആ  ചിന്ത മിന്നൽപിണർ പോലെ അവന്റെ തലച്ചോറിലേക്ക് പാഞ്ഞു..

മധുരക്കാർ പൊതുവെ ഭക്ഷണപ്രിയർ ആണ്..അതും നല്ല ഭക്ഷണം കിട്ടിയാൽ കാശ് നോക്കില്ല….

അവൻ  തന്റെ ആശയം  അവിടുത്തെ അടുത്തസുഹൃത്ത് ആയ സെന്തിലിനോട് പറഞ്ഞു…അവൻ പ്രോത്സാഹിപ്പിച്ചു…പിന്നെ അമ്മയോട് പറഞ്ഞു…അമ്മക്ക് ഭയമായിരുന്നു…പക്ഷേ മകന്റെ ആഗ്രഹത്തിന്  സമ്മതിച്ചു…

മീനാക്ഷിയമ്മൻ കോവിലിന്റെ വടക്കേ ഭാഗത്ത്‌ ഒരു കുടുസ് മുറി കൂട്ടുകാരുടെ സഹായത്തോടെ ഒപ്പിച്ചു…പലിശക്ക് കടമെടുത്തും  അമ്മയുടെ ആകെ ഉണ്ടായിരുന്ന സ്വർണമാല  വിറ്റും  ബാക്കി സാധനങ്ങൾ വാങ്ങി…സെന്തിലിന്റെ പെങ്ങളുടെ ഭർത്താവ്  ടീ മാസ്റ്റർ ആയി..കാര്യമായ ഭക്ഷണം ഒന്നുമില്ല…ചായയും ചെറു കടികളും മാത്രം..പുലർച്ചെ എഴുന്നേറ്റ് അമ്മയും മകനും  കട തുറക്കും…ഇഡ്ഡലി, ഉഴുന്ന് വട, അപ്പം, തുടങ്ങിയവ  അമ്മ ഉണ്ടാക്കും…കഠിന പരിശ്രമത്തിന്റെ മൂന്നര വർഷങ്ങൾ കടന്നു പോയി…

ആദ്യമൊക്കെ വളരെ  നഷ്ടത്തിൽ പോയി എങ്കിലും തോൽക്കാൻ മനസ്സില്ലാത്ത അമ്മയുടെയും മകന്റെയും, കൂടെ സ്നേഹമുള്ള ഒരു പറ്റം ആളുകളുടെയും  കഠിനധ്വാനം ഫലം കണ്ടു…മധുരമീനാക്ഷിയുടെ  കിഴക്കേ നടയ്ക്ക് മുന്നിലുള്ള ബിൽഡിങ്ങിൽ  ടേസ്റ്റ് ഓഫ് കേരള  എന്ന ബോർഡ് വച്ച  സാമാന്യം മെച്ചപ്പെട്ട റെസ്റ്റോറന്റ് ഉയർന്നു വന്നു….!!!!

നാടിനെ കുറിച്ചുള്ള ചിന്ത  വന്നില്ലെങ്കിലും ശ്രീക്കുട്ടി എന്നും അവന്റെ മനസ്സിൽ ഉണ്ടായിരുന്നു..ഒരു വട്ടമെങ്കിലും കാണാൻ  മനസ്സ് തുടിച്ചു…

ഹോട്ടലിൽ സാമാന്യം നല്ല തിരക്കുള്ള ദിവസം…സ്റ്റാഫിൽ ഒരാൾ  കുറവുള്ള കാരണം  ആ  റോളും കൂടി  ദീപു  ഏറ്റെടുത്തു…കോവിലിൽ ഇന്ന് “മീനാക്ഷി കല്യാണം ” ആണ്…റോഡിലൂടെ  ആളുകൾ  തിങ്ങി നിറഞ്ഞു പോകുന്നു…ഒരു ടേബിളിൽ ഓർഡർ എടുക്കുന്നതിനിടയിൽ അടുത്തുള്ള ടേബിളിൽ നിന്ന് ഒരാൾ  സംശയിച്ചു  ചോദിച്ചു…

“ദീപു  അല്ലേ?”.

അവനു  ആളെ  മനസ്സിലായില്ല..

“അതേ , നിങ്ങൾ?”

“എടാ  പ ട്ടീ…നിനക്കെന്നെ മനസ്സിലായില്ലേ?? ഞാനാടാ മിഥുൻ…”

അവൻ ദീപുവിനെ  കെട്ടിപിടിച്ചു..

“സോറീടാ എനിക്ക് മനസ്സിലായില്ല. നിന്നെ ഇവിടെ തീരെ  പ്രതീക്ഷിച്ചില്ല..”

“ഞാൻ  ഇവിടെ അമ്പലത്തിൽ വന്നതാടാ..ഇത് അച്ഛനും അമ്മയും….”

മിഥുന്റെ മാതാപിതാക്കൾ അവനെ നോക്കി ചിരിച്ചു…

“ഇത്  ദീപു…എന്റെ സ്കൂൾ ഫ്രണ്ടാ..”

“അവര് ഭക്ഷണം  കഴിക്കട്ടെ..നീ  വാ “.. ദീപു  അവനെയും കൂട്ടി പുറത്തിറങ്ങി…

“എന്നാലും നീ എന്ത് പണിയാ കാണിച്ചേ..? ഒരു വാക്കു പറയാതല്ലേ പോയത്? നിന്നെ എവിടൊക്കെ തേടിയെന്നറിയാമോ..? പാവം ശ്രീരഞ്ജിനി…അവൾ  ഒരേ കരച്ചിലായിരുന്നു..അത് കണ്ട് സഹിക്കാഞ്ഞിട്ട് ഞാനും നിച്ചുവും നിന്റെ വീട്ടിലേക്ക് പോയി…നിന്റെ അച്ഛന്റെ ചേട്ടനും  അയാളുടെ പെണ്ണുമ്പിള്ളയും ഞങ്ങളെ തല്ലിയില്ല എന്നേ ഉള്ളൂ…”

“നീ ശ്രീക്കുട്ടിയെ കാണാറുണ്ടോ?”

ദീപു ആകാംക്ഷയോടെ ചോദിച്ചു…

“ഇപ്പൊ കുറേ ആയി  കണ്ടിട്ട്…എടാ  അവളുടെ  കല്യാണം കഴിഞ്ഞു…പുള്ളിക്കാരൻ ഡോക്ടർ ആണെന്നാ അറിഞ്ഞേ…നോർത്ത് ഇന്ത്യയിലാ….പഞ്ചാബിലോ ഹരിയാനയിലോ, എവിടാന്ന് കൃത്യമായി  അറിയില്ല…”

വല്ലാത്തൊരു വേദന  ദീപുവിന് അനുഭവപ്പെട്ടു…ശരീരത്തിന്റെ ഒരു ഭാഗം ആരോ  മുറിച്ചു കളയും പോലെ…..ഒരിക്കലും തിരിച്ചുകിട്ടാത്ത വിധം  തനിക്ക് ശ്രീകുട്ടിയെ നഷ്ടമായിരിക്കുന്നു…ഇത്രയും  നാൾ  അവളെ കാണാൻ  പോകാതിരുന്നതിൽ അവൻ  സ്വയം പഴിച്ചു…

“നിനക്ക് ഒരിക്കലെങ്കിലും അങ്ങോട്ട് വന്നൂടായിരുന്നോ…? നിങ്ങൾ തമ്മിലായിരുന്നു ചേരേണ്ടിയിരുന്നത്..”

നിരാശയോടെ  മിഥുൻ പറഞ്ഞു…

“സാരമില്ലെടാ…ഞാൻ ആഗ്രഹിച്ചതൊന്നും  നടന്നിട്ടില്ല..നഷ്ടങ്ങളുടെ പട്ടികയിൽ അവളും  കൂടെ… അത്രയേ  ഉള്ളൂ..”

ദീപു കണ്ണ് തുടച്ചു.

“അത് പോട്ടെ, മറ്റു വിശേഷങ്ങൾ  പറ..”?

“വേറെന്താടാ…ഞാൻ  നാട്ടിൽ തന്നെ..അച്ഛന്റെ ഫർണിച്ചർ ഷോപ്പ് നടത്താൻ സഹായിക്കുന്നു…നിച്ചു അബുദാബിയിൽ ആണ്..ഫാത്തിമ കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ  ഷാർജയിൽ…വീ രപ്പൻ അനൂപ് നാട്ടിൽ ബസ് ഡ്രൈവറാണ്….അങ്ങനെ ഓരോരുത്തരും ഓരോ വഴിക്ക്…..”

ഫോൺ നമ്പർ പരസ്പരം കൈ മാറി, മിഥുൻ പോയി…

അന്ന് രാത്രി അമ്മയുടെ മടിയിൽ  തല വച്ചു ദീപു പൊട്ടിക്കരഞ്ഞു..മതി വരുവോളം…എല്ലാം അമ്മയോട് തുറന്നു പറഞ്ഞു…

“എന്റെ മോന് ഇത് വരെ  നല്ലതൊന്നും നടന്നില്ല, അല്ലേ..? എല്ലാം വിധിയാണ്..സാരമില്ലെടാ…നിനക്കും ഒരു ദിവസമുണ്ടാകും…”.

മുടിയിലൂടെ വിരലോടിച്ചു കൊണ്ട് അമ്മ ആശ്വസിപ്പിച്ചു…..

വർഷങ്ങൾ പിന്നെയും കടന്നു പോയി….തിരുമംഗലം, വിരുതനഗർ, മധുര  ബസ്റ്റാന്റ്..അങ്ങനെ മൂന്നിടത്തു കൂടി  ടേസ്റ്റ് ഓഫ് കേരളയുടെ  ബ്രാഞ്ചുകൾ തുടങ്ങി….കുക്കിംഗ്‌ ജോലി അറിയുന്ന ചിലരെ കേരളത്തിൽ നിന്നു കൊണ്ടു വന്നു…

തിരുമംഗലം റെയിൽവേ സ്റ്റേഷനടുത്ത് മുത്തലമ്മൻ കോവിൽ സ്ട്രീറ്റിൽ ഒരു ചെറിയ വീട് സ്വന്തമായി  വാങ്ങി…ജീവിതം തിരക്ക് പിടിച് പോകുന്നതിനിടെ അപ്രതീക്ഷിതമായി രണ്ടു പേര് ദീപുവിനെ കാണാനെത്തി…

മിഥുനും  നിച്ചുവും…സന്തോഷത്തോടെ മൂന്ന് പേരും കെട്ടിപിടിച്ചു…പക്ഷേ അവരുടെ മുഖത്തു വിഷാദം നിഴലിച്ചു നിന്നിരുന്നു….

“ദീപൂ…നിനക്കൊന്ന് നാട്ടിൽ വന്നൂടെ?”

“എന്താടാ എന്ത് പറ്റി?

“ശ്രീരഞ്ജിനി നാട്ടിലെത്തിയിട്ടുണ്ട്..”

“അതിനെന്താ?”

“എടാ അവളുടെ  അച്ഛൻ മരിച്ചു…വേറെന്തൊക്കെയോ പ്രശ്നങ്ങളുണ്ട്….അവളിപ്പോ നാട്ടിൽ ഒരു കടയിൽ  തയ്യൽ ജോലി ചെയ്യുകയാ…ഇത്രേം പഠിപ്പുള്ള അവൾ ആ  ജോലി ചെയ്യാനെന്താ കാരണം..അതും  ഭർത്താവ് ഡോക്ടർ…?”

“ആ  എനിക്ക് അറിയില്ല…”

“ഇവനെ ഇന്ന് ഞാൻ…” നിച്ചു തല്ലാൻ കൈ ഓങ്ങി…

“പറ്റുമെങ്കിൽ നാട്ടിൽ വാ..നിന്നെ കണ്ടാൽ  അവൾക്കു ചിലപ്പോൾ ആശ്വാസമായേക്കും..”

പിറ്റേന്ന് രാവിലെ  മിഥുനും നിച്ചുവും തിരിച്ച് പോയി…

********

തയ്യൽ മെഷീനു മുന്നിലിരുന്ന്  ഒരു കുപ്പായത്തിൽ ബട്ടൻസ് പിടിപ്പിക്കുകയായിരുന്നു ശ്രീരഞ്ജിനി

“ശ്രീക്കുട്ടീ… ” സ്നേഹം നിറഞ്ഞ വിളിച്ചു കേട്ട് അവൾ ഞെട്ടി തലയുയർത്തി നോക്കി.. മുന്നിൽ ദീപു.. അവൾ  ചാടിഎണീറ്റു. പെട്ടെന്ന് നില തെറ്റി പിന്നോട്ട് വീഴാനായവേ അവൻ അവളുടെ കൈയിൽ പിടിച്ചു…

അവൻ അവളെ അടിമുടി നോക്കി…ആകാലനര ബാധിച്ച യൗവനം…..പ്രസരിപ്പോടെ, എന്നാൽ പതിഞ്ഞ ചുവടുകളോടെ സാദാ പുഞ്ചിരിക്കുന്ന മുഖവുമായി നടന്നിരുന്ന പഴയ ശ്രീകുട്ടിയുമായി ഒരു സാമ്യവും ഇല്ല…ഇടത്തെ പുരികത്തിനു മേൽ പണ്ട് അവന്റെ ഏറു കൊണ്ടതിന്റെ അടയാളം മാത്രമേ മാറ്റമില്ലാതുള്ളൂ…

അവൾ നിന്നതിന്റെ പിന്നിലെ കർട്ടൻ നീക്കി ഒരു പത്തു വയസ്സുകാരി പേടിയോടെ പുറത്ത് വന്ന് അവളുടെ  സാരി തുമ്പിൽ പിടിച്ചു…

“നിന്റെ മോളാണോ?” അവൾ  അതേയെന്ന് തലയാട്ടി..

“എന്താ മോളുടെ പേര്?” അവൻ വാത്സല്യത്തോടെ കുട്ടിയോട് ചോദിച്ചു

“ശിവാനി “.. പരിഭ്രമത്തോടെ മറുപടി….

ദീപുവിന് പിന്നിൽ നിന്നിരുന്ന അവന്റെ അമ്മ മുന്നിലേക്ക് കയറി വന്നു…

“മോൾക്ക്‌ ഐസ്ക്രീം വേണോ?..വാ  മുത്തശ്ശി വാങ്ങിത്തരാം…”

അവൾ ശങ്കയോടെ  ശ്രീകുട്ടിയെ നോക്കി…പൊയ്ക്കോ എന്ന് അവൾ  തലയാട്ടി..അമ്മ ശിവാനിയെയും കൂട്ടി പുറത്തേക്ക് നടന്നു..ദീപു  ഒരു സ്റ്റൂൾ മുന്നിലേക്ക് നീക്കിയിട്ട് ഇരുന്നു…മൗനത്തിന്റെ കുറേ നിമിഷങ്ങൾ…ഇരുവർക്കും ഒരു മനുഷ്യയുസ്സിൽ പറഞ്ഞു തീരാത്തവ പറയാനുണ്ടായിരുന്നു…ജീവിതാനുഭവങ്ങൾ പാറ പോലെയാക്കിയ രണ്ടു മനസ്സുകൾ പെട്ടെന്ന് തുറക്കാൻ പറ്റിയില്ല..

“സുഖമാണോ  എന്ന് ചോദിക്കുന്നില്ല…”.. ഒടുവിൽ അവൻ  തുടങ്ങി..

“നിന്റെ അച്ഛൻ മരിച്ചതറിഞ്ഞു…വിവാഹമോചനം  കഴിഞ്ഞെന്നും…”

“സന്തോഷം…ഇത്രയും കാലത്തിനുള്ളിൽ ഒരിക്കലെങ്കിലും വന്നു കാണാൻ  തോന്നിയില്ലല്ലോ…”

“തോറ്റവനായി നിന്റെ മുൻപിൽ വരാൻ ഇഷ്ടമുണ്ടായില്ല “.

“ഇപ്പോ ജയിച്ചോ..”?

“അപൂർണമാണ്…നീ കൂടെയില്ലാതെ  അസാധ്യം….”

“വൈകി പോയി…”

“എനിക്ക് അങ്ങനെ തോന്നിയിട്ടില്ല..അത് പോട്ടെ എന്ത് പറ്റി വിവാഹമോചനത്തിന്?”

“എല്ലായിടത്തും നടക്കുന്നത് തന്നെ..അദ്ദേഹത്തിന് പുതുമകൾ തേടി പോകാൻ ആഗ്രഹം…അങ്ങനെ ഒന്ന് ഒത്തു കിട്ടിയപ്പോൾ ഞാനും മോളും ബാധ്യതയായി…മോൾക്ക്‌ വേണ്ടി സഹിച്ചു നിന്നു നോക്കി..പക്ഷെ ഒന്നുകിൽ എന്റെ മുന്നിൽ വച്ചു മോളെയോ, അവളുടെ മുന്നിൽ വച്ചു എന്നെയോ കൊല്ലുമെന്ന അവസ്ഥ വന്നപ്പോൾ ഇതേ  നിവർത്തിയുണ്ടായുള്ളൂ…”

“വേറെ നല്ല ജോലി നോക്കിക്കൂടായിരുന്നോ?”

“സർട്ടിഫിക്കറ്റുകളെല്ലാം അദ്ദേഹം ഒരു നാൾ കത്തിച്ചു കളഞ്ഞു…എന്റെ സ്വപ്നങ്ങളെയും…പിന്നെ ശ്രമിച്ചില്ല…ഇപ്പോൾ ഞാൻ  ഹാപ്പിയാണ്..ജീവിക്കാനുള്ളത് കിട്ടുന്നുണ്ട്….” അവൾ പുഞ്ചിരിച്ചു… കണ്ണീരിൽ കുതിർന്ന ചിരി..

“ശ്രീക്കുട്ടീ..”

അവൾ  അവനെ  നോക്കി..

“എന്റെ കൂടെ വന്നൂടെ… നീയില്ലാതെ എനിക്ക് പറ്റുന്നില്ലെടീ….” അവൻ അപേക്ഷിച്ചു.

“നിനക്ക് ഭ്രാന്താണോ…വിവാഹമോചനം കഴിഞ്ഞ ഒരു പെണ്ണ്..അതും പത്തു വയസ്സുകാരിയുടെ  അമ്മ…!!! പോടാ അവിടുന്ന്….നീ  എന്നെ കാണാൻ  വന്നതിൽ  സന്തോഷം…ആരും  എന്നെ അന്വേഷിച് വരാറില്ല….ഒത്തിരി നന്ദിയുണ്ട്…”

എന്ത് പറയണം  എന്നറിയാതെ വിഷണ്ണാനായി ഇരിക്കുമ്പോൾ അമ്മയും ശിവാനിയും കയറി വന്നു..

“നിനക്ക് തേങ്ങ അരച്ച് ചേർത്ത മീൻ കറി ഉണ്ടാക്കാനറിയാമോ മോളെ?”

അമ്മ ചോദിച്ചു…ശ്രീക്കുട്ടി ഒന്നും മനസ്സിലാകാതെ  അമ്മയെ നോക്കി

“ഞാനുണ്ടാക്കുന്നത് ഇവന് ഈയിടെയായി ഇഷ്ടപ്പെടുന്നില്ല. ഇനി നീയാണല്ലോ  ഉണ്ടാക്കി കൊടുക്കേണ്ടത്?”

എന്തോ പറയാനോങ്ങിയ അവളെ  തടഞ്ഞു കൊണ്ട് അമ്മ തുടർന്നു “വർഷം കുറേ ആയി എന്റെ മോൻ നിന്നെ ഓർത്തു കരയുന്നു..അത്‌ കണ്ടു മടുത്തു… നിന്നോടുള്ള സഹതാപം കൊണ്ടൊന്നുമല്ല കൂടെ കൂട്ടാൻ വന്നത്…എനിക്ക് വേണ്ടി ഒരിക്കൽ നിന്നെ ഉപേക്ഷിക്കേണ്ടി വന്നതാ ഇവന്…മരിക്കും മുൻപ് അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം….അതിന് പറ്റിയില്ലെങ്കിൽ ഞാൻ ഇവന്റെ അമ്മയാണെന്നു പറയുന്നതിന് എന്തർത്ഥം? നീ വേണമെങ്കിൽ വന്നോ..ഞാൻ ശിവാനിമോളെ കൊണ്ടു പോകും…”

അമ്മ ശിവാനിയോട് ചോദിച്ചു… “പോകാം  മോളെ…?”

അവൾ അമ്പരപ്പോടെ ശ്രീക്കുട്ടിയെ നോക്കി

“അമ്മ വന്നോളും വാ  നമുക്ക് പുറത്തേക്ക് പോകാം..”

അമ്മ ശിവാനിയുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു..

ദീപു  ശ്രീകുട്ടിയുടെ അരികിലെത്തി..ആ  കണ്ണുകളിലേക്ക് നോക്കി…

“ശ്രീക്കുട്ടീ…വാടീ…പ്ലീസ്…”

അവൾ  നിഷേധാർത്ഥത്തിൽ തലയാട്ടി പിന്നോട്ട് മാറി…അവൻ അവളുടെ  കവിളിൽ കുത്തിപ്പിടിച്ചു മുഖം അടുപ്പിച്ചു..ഇടതു  നെറ്റിയിലെ മുറിപ്പാടിൽ അമർത്തി ചുംബിച്ചു….

“ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ തരണമെന്ന്  വിചാരിച്ചതാ…പറ്റിയില്ല…ഇനിയെന്നും തരാമല്ലോ…അതുമതി..”

എത്ര അടക്കിപ്പിടിക്കാൻ ശ്രമിച്ചിട്ടും അവളിൽ നിന്നും കരച്ചിൽ പൊട്ടി…അവൾ  അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കരഞ്ഞു തുടങ്ങി ..അവൻ  അവൾക്കു ചുറ്റും കൈകൾ കൊരുത്തു….വേനലിനു ശേഷമുള്ള മഴപോലെ കണ്ണുനീർ പെയ്തിറങ്ങിക്കൊണ്ടിരുന്നു….

ശുഭം…