വേഴാമ്പൽ…
Story written by Jisha Raheesh
=============
“വിവാഹമൊന്നും കഴിഞ്ഞിട്ടില്ല…ഒരു പ്രണയമുണ്ടായിരുന്നുവെന്നും അത് നടന്നില്ലെന്നുമൊക്കെയാണ് കേട്ടത്…പക്ഷേ ആള് ഒരു സംഭവം തന്നെയാ…ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ..”
ആനന്ദ് പറയുന്ന വാക്കുകൾ, ചെവികളിലേയ്ക്ക് എത്തുന്നുണ്ടായിരുന്നുവെങ്കിലും, ചാരുദത്തന്റെ കണ്ണുകൾ, തെല്ലപ്പുറത്ത്, ആരോടോ എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നവളിലായിരുന്നു…
കാര്യമായ മാറ്റങ്ങളൊന്നുമില്ല…സാരി ഇഷ്ടമില്ലാത്തവൾ, ആകാശനീലയിൽ സ്വർണ്ണപൂക്കൾ തുന്നിയ ഷിഫോൺ സാരി
ധരിച്ചിരുന്നുവെന്നല്ലാതെ…
മുത്തുമണികൾ ചിതറുന്നത് പോലെയുള്ള ചിരിയൊച്ച പോലും അങ്ങനെ തന്നെ…
സ്ലീവ് ലെസ്സ് ബ്ലൗസ് ഒട്ടിച്ചേർന്ന ചുമലിലൂടെ, ഒഴുകുന്ന പട്ടു പോലുള്ള നീണ്ട മുടിയിഴകൾ, പതിയെ കൈ കൊണ്ടു മാടിയൊതുക്കുന്നുണ്ടവൾ..നക്ഷത്രക്കുഞ്ഞുങ്ങളെ ഒളിപ്പിച്ച, ഒരിക്കലും മഷിയെഴുതി കണ്ടിട്ടില്ലാത്ത കണ്ണുകളിലെ തിളക്കവും ചിരിക്കുമ്പോൾ വലത് കവിളിൽ തെളിയുന്ന ഒറ്റനുണക്കുഴിയും അതേ പടി തന്നെ ചാരുദത്തൻ കണ്ടു…
നേർത്ത പിങ്ക് നിറത്തിലുള്ള ചായം പുരട്ടിയ ചുണ്ടുകൾ വീണ്ടുമൊരു ചിരിയിൽ വിടരുന്നതും ദത്തൻ കണ്ടു…
എപ്പോഴൊക്കെയോ, എന്നെങ്കിലും ഒരിക്കൽ കാണണമെന്നോർത്തിട്ടുണ്ട്..
വേദനിപ്പിച്ചെന്ന തോന്നൽ വന്നപ്പോഴൊക്കെ..പിന്നെയെപ്പോഴോ അവളെയും വിസ്‌മൃതിയിലേയ്ക്ക് തള്ളി വെച്ചിരുന്നു…പക്ഷെ വർഷങ്ങളുടെ ഊര് ചുറ്റലിനൊടുവിൽ, വീണ്ടുമൊരിക്കൽ കൂടി ഈ നഗരത്തിലേയ്ക്കൊരു മടക്കത്തെ പറ്റി ചിന്തിച്ചു തുടങ്ങിയപ്പോൾ ഈ മുഖമൊന്നു മനസ്സിൽ മിന്നി മാഞ്ഞിരുന്നില്ലേ…?
പക്ഷെ ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല..മുംബൈയ്ക്ക് തിരിച്ചു പോയിരുന്നല്ലോ അന്നവൾ…
അലീന…അലീന ജോർജ്…
വീണ്ടും ദത്തന്റെ കണ്ണുകൾ അവളിലെത്തി..
തറവാടും കാവും കുളവുമൊക്കെ വിട്ട് നാട്ടിൻപുറത്തിന്റെ വിശുദ്ധിയിൽ നിന്നും നഗരത്തിന്റെ തിരക്കിലേയ്ക്ക് ജീവിതത്തെ ഒഴുക്കിവിടാൻ മടിച്ചത് കൊണ്ടായിരുന്നു, ഏറെ ഇഷ്ടമായിട്ടും, കിട്ടിയ കോളേജ് അദ്ധ്യാപകനെന്ന സ്ഥാനം ഏറ്റെടുക്കാൻ മനസ്സ് വരാതിരുന്നത്…
ചെറുപ്പത്തിലേ തന്നെ, കൂട്ടുകൂടിയ അക്ഷരങ്ങൾ കോർത്തു വെച്ച്, എഴുതിപ്പിടിപ്പിച്ചതെല്ലാം വെളിച്ചം കണ്ടതും, അച്ചടി മഷി പുരണ്ടതും വാര്യർ സാറിന്റെ പ്രേരണയാലായിരുന്നു…
ചെറുപ്രായത്തിലേ പതിച്ചു കിട്ടിയ എഴുത്തുകാരനെന്ന പട്ടം ചിലപ്പോഴൊക്കെ ഒരു ബാധ്യതയായിരുന്നു…
കോളേജ് അദ്ധ്യാപനം ഉള്ളിലൊരു മോഹമായി ഉണ്ടായിരുന്നുവെങ്കിലും, വീടും നാടും വിട്ടൊരു പറിച്ചു നടൽ വയ്യായിരുന്നു..അതുകൊണ്ടാണ് നാട്ടിൽ തന്നെയൊരു സ്കൂളിൽ അദ്ധ്യാപകനായി കയറിയത്…
അവിടെ വെച്ചായിരുന്നു അവളെ കണ്ടത്..ഗംഗ…കൂടെ ജോലി ചെയ്തിരുന്നവൾ..വെളുത്തു കൊലുന്നനേയുള്ളൊരു നാട്ടിൻപുറത്തുകാരി പെണ്ണ്..കാച്ചെണ്ണയുടെ മണമുള്ള നീണ്ടിട തൂർന്ന മുടിയിഴകളിൽ കുരുങ്ങി കിടന്നിരുന്ന തുളസിക്കതിരിനോടായി ഒരിഷ്ടം തോന്നി.…
പ്രണയമൊന്നും ആയിരുന്നില്ലെങ്കിലും, ഇനിയൊരു കൂട്ട് വേണമെന്ന് അമ്മ നിർബന്ധിച്ചപ്പോൾ, അവളെയാണ് ചൂണ്ടിക്കാണിച്ചത്..എന്തോ തന്റെ സങ്കൽപ്പങ്ങൾക്കിണങ്ങുന്ന പെണ്ണാണെന്ന് തോന്നിയിരുന്നു..
എല്ലാം കൊണ്ടും ഒത്തിണങ്ങിയ ബന്ധം..വിവാഹവും ഉറപ്പിച്ചു..അതിൽ പിന്നെ, തന്നെ കാണുമ്പോഴൊക്കെ ആ മിഴികൾ പതറുന്നുണ്ടെന്നും ചൊടികളിൽ നാണം പുരണ്ടൊരു പുഞ്ചിരി തെളിയുന്നുണ്ടെന്നും തോന്നിയിരുന്നു…
പക്ഷെ…
വിവാഹപന്തലിൽ അവളെത്തിയില്ല…ഒരു പ്രണയം ഉണ്ടായിരുന്നത്രെ…
ക്ഷണിക്കപ്പെട്ടവർക്ക് മുൻപിൽ അപമാനിതനായി നിന്ന നിമിഷം…മനസ്സിൽ ഉണങ്ങാത്ത മുറിവുകൾ വീണ ദിവസം…
‘വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഇഷ്ടപ്പെടാൻ ശ്രെമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന്’ അക്ഷരങ്ങളിലൂടെ ക്ഷമാപണവുമായി ഗംഗയുടെ എഴുത്ത് എത്തിയപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല…
സഹതാപവാക്കുകൾ ശ്വാസം മുട്ടിച്ചു തുടങ്ങിയപ്പോൾ, വാര്യർ സർ തന്നെയായിരുന്നു ഈ നഗരത്തിലേയ്ക്ക് എത്താൻ കാരണം…
അങ്ങനെ, ഒരിക്കൽ പഠിച്ചിറങ്ങിയ കലാലയത്തിൽ തന്നെ അദ്ധ്യാപകനായി എത്തി…
ജോയിൻ ചെയ്ത് ഓഫിസിൽ നിന്നും പുറത്തേക്കിറങ്ങിയ നിമിഷം..എവിടുന്നെന്നില്ലാതെ മുൻപിൽ പൊട്ടി വീണവൾ..
“മാഷേ…?”
ഓടി വന്നു, നേർത്ത കിതപ്പോടെ വിളിച്ചവളെ തെല്ലമ്പരപ്പോടെയാണ് നോക്കിയത്…തോളൊപ്പം മുറിച്ചിട്ട മുടിയും, വെള്ള ടോപ്പും നീല ജീൻസും ചായം പുരണ്ട ചുണ്ടുകളും…
പുരികം ചുളിയാൻ തുടങ്ങിയപ്പോഴേയ്ക്കും മുൻപിലേക്ക് ആ വലത് കൈ നീണ്ടിരുന്നു…
“ഞാൻ അലീന…അലീന ജോർജ്…”
തിരിച്ചു തന്റെ കൈ നീളാതിരുന്നപ്പോൾ പതിയെ അവൾ കൈ മടക്കി…
“ഞാൻ മാഷിന്റെ ഒരാരാധികയാണ്..എഴുതിയതെല്ലാം വായിച്ചിട്ടുണ്ട്…”
എന്തോ അവളുടെ ഇടിച്ചു കയറിയുള്ള പെരുമാറ്റവും രൂപവും ഭാവവുമൊന്നുമങ്ങ് ദഹിച്ചിരുന്നില്ല..
മനസ്സത്ര വിശാലമൊന്നും ആയിരുന്നില്ലല്ലോ അന്നൊന്നും…
മുക്കിയും മൂളിയും മറുപടി പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ മനസ്സിൽ പറഞ്ഞു…
മരം കേറി പെണ്ണ്…
അന്ന് മുതൽ അവൾ തന്റെ നിഴലായി കൂടെ ചേർന്നിരുന്നു..
ഒരു നോട്ടം കൊണ്ടു പോലും കനിഞ്ഞിട്ടില്ല..സൗമ്യമായൊന്ന് സംസാരിക്കാൻ പോലും തോന്നിയിട്ടില്ല…
കോളേജിൽ അവളെ അറിയാത്തവരായി ആരും ഉണ്ടായിരുന്നില്ല..പഠിത്തത്തിൽ മാത്രമല്ല എല്ലായിടത്തും മുൻപിൽ തന്നെ അവളുണ്ടായിരുന്നു..എപ്പോഴും ചിരിച്ചു കൊണ്ടു, ഒരു കൂട്ടം കുട്ടികൾക്കിടയിൽ നിൽക്കുമ്പോഴും ആ കണ്ണുകൾ തന്നെ തിരഞ്ഞിരുന്നു…
സംസാരിക്കാൻ തനിയ്ക്ക് താല്പര്യമില്ലെന്ന് അറിഞ്ഞിട്ടും, ഒഴിവാക്കി വിട്ടിട്ടും, വീണ്ടും കാണുമ്പോൾ ഒന്നും സംഭവിക്കാത്തത് പോലെ പിറകെ കൂടിയിരുന്നവൾ..
ഒടുവിലെപ്പോഴോ ഒരു ദിനം, തെല്ലും പതറാതെ, ഇഷ്ടം പറഞ്ഞു മുൻപിൽ വന്നപ്പോൾ ഞെട്ടിപ്പോയിരുന്നു…
വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞെങ്കിലും അവൾക്ക് തെല്ലും മാറ്റം വന്നിരുന്നില്ല…
മാഷേയെന്ന ആ വിളി പോലും അരോചകമായി തോന്നിയിരുന്നു…
എല്ലാവരും ഇഷ്ടപ്പെടുന്ന, അവളോട് തോന്നി തുടങ്ങിയിരുന്ന, കൗതുകത്തിന്റെ നേർത്ത വല പൊട്ടിപ്പോയിരുന്നു…
ഇണങ്ങിയും പിണങ്ങിയും ദേഷ്യപ്പെട്ടും, എല്ലാം ഉപദേശിച്ചെങ്കിലും അവൾക്കൊരു മാറ്റവും ഉണ്ടായില്ല…
തന്നെ പഠിപ്പിക്കുന്നില്ലെങ്കിലും താൻപഠിക്കുന്ന കോളേജിലെ അദ്ധ്യാപകനല്ലേ ‘ യെന്ന ചോദ്യത്തിന്, കൗമാരത്തിൽ എപ്പോഴോ അക്ഷരങ്ങളിലൂടെ മനസ്സിൽ കയറിപ്പോയെന്നും, മുംബൈയിൽ നിന്നും പഠിക്കാനെന്ന പേരിൽ ഇവിടെയെത്തിയത് പോലും തന്നെ കാണാനായിരുന്നുവെന്നായിരുന്നു മറുപടി…
പ്രായവ്യത്യാസത്തെ പറ്റി പറയാൻ പോലുമവൾ സമ്മതിച്ചില്ല..പ്രണയത്തിനു പ്രായമില്ലത്രേ…
അവളുടെ പ്രായത്തിന്റെ ചാപല്യത്തിൽ മനസ്സ് മടുത്തു തുടങ്ങിയിരുന്നു…
അവസാന പടിയായി ‘ഒരിക്കലും എനിക്ക് തന്നോട് പ്രണയം തോന്നാൻ പോവുന്നില്ലെന്നും എന്റെ സങ്കല്പത്തിലെ പെണ്ണേയല്ലെന്നും’ പറഞ്ഞപ്പോൾ മാത്രം അവളൊന്നു നിശബ്ദയായി..തിരിഞ്ഞു നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നുവോ…?
പക്ഷെ പിറ്റേന്ന് പൂർവ്വാധികം പ്രസരിപ്പോടെ ആള് മുൻപിലെത്തി…
“മാഷ്ക്ക് വേണ്ടി എന്റെ രൂപമോ ഭാവമോ ഒന്നും മാറ്റി,മറ്റൊരാളാവാൻ എനിക്കു കഴിയില്ല..ഞാൻ ഇങ്ങനെയാണ്..എന്നെങ്കിലും മാഷ് എന്നെ മനസ്സിലാക്കുമെന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കും.. “
ആ വാക്കുകൾ കേട്ടപ്പോൾ ദേഷ്യത്താൽ താൻ വീണ്ടും എന്തൊക്കെയോ പറഞ്ഞിരുന്നു…
“അതിന് മാഷ് എന്നെ പ്രണയിക്കണമെന്നോ, ഇഷ്ടപ്പെടണമെന്നോ ഒന്നും ഞാൻ ആവശ്യപ്പെട്ടില്ലല്ലോ..എനിക്ക് ഇഷ്ടമാണ്..എന്റെ ജീവനാണ്..”
തിളങ്ങുന്ന കണ്ണുകളിലൊന്നിറുക്കി അവൾ തിരിഞ്ഞു നടന്നപ്പോൾ ഓർത്തത് ഇതെന്തൊരു ജന്മമാണെന്നായിരുന്നു…
ശരിയാണ്..കാണുമ്പോഴൊക്കെ പിറകെ നടന്നു,കലപില സംസാരിക്കുമെന്നല്ലാതെ,തിരിച്ചു തന്നെ പ്രണയിക്കണമെന്ന് അവളൊരിക്കലും ആവശ്യപ്പെട്ടിട്ടില്ല..പക്ഷെ അവളുടെ പ്രണയം മറച്ചു വെച്ചതുമില്ല..
കോളേജിൽ സംസാരവിഷയമായി തുടങ്ങിയിരുന്നു…
“കാശിന്റെ തിളപ്പാ സാറെ..തന്തപ്പടി കണക്കില്ലാതെ സമ്പാദിച്ചു വെച്ചിട്ടുണ്ട്..എന്ത് ചെയ്താലും ആരും ചോദിക്കാനും ഇല്ലാലോ..അഹങ്കാരം അല്ലാണ്ടെന്താ..?”
സഹാദ്ധ്യാപകന്റെ വാക്കുകൾ ഉള്ളിലെ വെറുപ്പ് കൂട്ടിയതേയുള്ളൂ…
ക്രിസ്മസ് വെക്കേഷന്റെ തലേന്നാൾ, ആളൊഴിഞ്ഞ ക്യാമ്പസിലേയ്ക്ക് നോക്കി രണ്ടാമത്തെ നിലയിലെ വരാന്തയിൽ നിൽക്കുമ്പോഴാണ് അരികിൽ അവളെത്തിയത്…
“ഞാൻ നാളെ പോവും മാഷേ..ഇത്തവണ പോണം..’
ശല്യമെന്ന് മനസ്സിൽ തോന്നിയെങ്കിലും മിണ്ടിയില്ല…
“മാഷ് എന്നെ മിസ്സ് ചെയ്യുമോ..?”
നേർത്ത ആ ശബ്ദം കേട്ടിട്ടും ഒന്നും മിണ്ടിയില്ല..തെല്ലു നേരം കഴിഞ്ഞു അവൾ പിന്തിരിഞ്ഞു നടന്നപ്പോൾ ഒന്ന് നിശ്വസിച്ചു…
പക്ഷെ…
അടുത്ത നിമിഷം കാറ്റുപോലവൾ വീണ്ടും അരികിലെത്തിയിരുന്നു …
“പക്ഷെ മാഷിനെ കാണാതെ വയ്യെനിക്ക്.. “
പറഞ്ഞതും ആ ചുണ്ടുകൾ ഇടത് കവിളിൽ പതിഞ്ഞിരുന്നു…
ആദ്യത്തെ ഞെട്ടൽ മാറിയതും എന്റെ വലത് കൈ അവളുടെ കവിളിലും പതിഞ്ഞിരുന്നു…
“അറപ്പാണ് എനിക്ക് തന്നെ…”
അതായിരുന്നു തന്റെ അവസാനവാക്ക്…
നക്ഷത്രക്കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ടിട്ടും, തിരിഞ്ഞു നടന്നപ്പോൾ അവൾ ആ വരാന്തയിൽ അതേ നിൽപ്പായിരുന്നു…
അന്ന് മുഴുവനും അവളോട് ഉള്ളിൽ ദേഷ്യമായിരുന്നു… പിന്നെപ്പോഴോ പതിയെ അതിന്റെ കാഠിന്യം കുറഞ്ഞിരുന്നു…
അവധി കഴിഞ്ഞു വരുമ്പോൾ അവളോട് സംസാരിക്കണമെന്ന് തന്നെ മനസ്സിലുറപ്പിച്ചിരുന്നു…
പക്ഷെ അലീന ജോർജ് തിരികെ വന്നില്ല…പഠിത്തം അവസാനിപ്പിച്ചു പോയെന്നറിഞ്ഞപ്പോൾ കുറ്റബോധം തോന്നി തുടങ്ങിയിരുന്നു…
എപ്പോഴൊക്കെയോ ആ നിറഞ്ഞ നക്ഷത്രക്കണ്ണുകൾ മനസ്സിനെ വല്ലാതെ ശല്യം ചെയ്തു…
എഴുത്തുകളും ജോലിയുമായി പുതിയ നാട്ടിലേയ്ക്ക് തിരിയ്ക്കുമ്പോഴും, എവിടെയായിരുന്നാലും അവൾ സുഖമായിരിക്കട്ടെയെന്ന് പ്രാർത്ഥിച്ചിരുന്നു..
പക്വതയില്ലാത്ത,പ്രായത്തിന്റെ ചാപല്യത്താലുള്ള ഭ്രമം വൈകാതെ കെട്ടടങ്ങുമെന്നറിയാമായിരുന്നു…
വീണ്ടുമൊരു പ്രണയത്തിൽ കുരുങ്ങി, കുടുംബജീവിതം വേണ്ടെന്ന് വെയ്ക്കാൻ മാത്രം വിഡ്ഢിയാണ് അലീനയെന്ന് തോന്നിയിരുന്നില്ല…
ആരാവും വീണ്ടുമവളെ വേദനിപ്പിച്ചിട്ടുണ്ടാവുക…? അവളുടെ പ്രണയത്തെ പറ്റി അറിയാൻ വെറുതെയൊരു കൗതുകം തോന്നി…
ഇവിടെ ആകെ ബന്ധമുണ്ടായിരുന്നത് സുഹൃത്തും സഹപാഠിയുമായ ആനന്ദിനോടായിരുന്നു..തിരികെ വന്നപ്പോൾ അവൻ താമസിക്കുന്നിടത്ത് തന്നെ അവന്റെ നിർബന്ധത്താൽ ഒരു വില്ല ശരിയാക്കി തന്നു…
കഷ്ടകാലമെന്നോ പറയേണ്ടു, താൻ വന്നു പിറ്റേ ദിവസമാണ് അവരുടെ അസോസിയേഷൻ വാർഷികം..പങ്കെടുക്കാനൊന്നും കഴിയില്ലെന്നും, ഇതുപോലെയുള്ള ബഹളങ്ങളിലൊന്നും താല്പര്യമില്ലെന്നും പറഞ്ഞെങ്കിലും, ആനന്ദിന്റെ നിർബന്ധത്തിന് വഴങ്ങിയാണ്, ഒന്ന് മുഖം കാണിച്ചിട്ട് പോകാമെന്നു കരുതിയത്…
പണ്ട് ആ ക്യാമ്പസിൽ കണ്ട, ചിത്രശലഭത്തെ പോലൊരുവൾ,ഇവിടെയും പാറിപ്പറക്കുന്നത് കണ്ടപ്പോൾ ഞെട്ടലായിരുന്നു..അലീനയെ പകപ്പോടെ നോക്കി നിന്നപ്പോളാണ് ആനന്ദ് അവളെ പറ്റി പറഞ്ഞത്..ഇവിടെയും താരമാണ് ആളെന്ന് മനസ്സിലായി…
ചാരുദത്തൻ ഓർമ്മകളിൽ നിന്നും ഉണർന്നെന്നത് പോലെ ചുറ്റുമൊന്ന് നോക്കി..അവളെ കണ്ടില്ല..തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ്…
“മാഷേ…”
നക്ഷത്രക്കണ്ണുകളും ഒറ്റ നുണക്കുഴിയും ചെമ്പകത്തിന്റെ നേർത്ത സുഗന്ധവും അരികിലെത്തിയിരുന്നു..
അതേ ചിരിയോടെ മുൻപിൽ…
“മാഷ്ക്ക് എന്നെ ഓർമ്മയുണ്ടോ മാഷേ…?”
ദത്തൻ ഒന്ന് ചിരിച്ചു അലീന അയാളെ തന്നെ നോക്കി ഒരു നിമിഷം.. കണ്ണെടുക്കാതെ…
“ആ കോളേജിൽ, എന്നെ മാഷേയെന്ന് വിളിക്കുന്ന ഒരാളേയുണ്ടായിരുന്നു അലീന…”
ആ കണ്ണുകൾ ഒരു മാത്ര തിളങ്ങിയിരുന്നുവോ..?
“സുഖമാണോ മാഷേ..?
“ഉം…”
വെറുതെ മൂളിയതേയുള്ളൂ…
“നാട്ടിൽ അമ്മയൊക്കെ സുഖമായിരിക്കുന്നോ..?”
ദത്തൻ നെറ്റി ചുളിച്ചു കൊണ്ടവളെ നോക്കി..പിന്നെ പറഞ്ഞു…
“അമ്മ കിടപ്പിലാണ്..തീരെ വയ്യ ഇപ്പോൾ..”
പിന്നെ നിറഞ്ഞ മൗനത്തിനൊടുവിൽ ദത്തൻ ചോദിച്ചു…
“അലീനയുടെ ഫാമിലി..?”
“പപ്പാ പോയി.. മമ്മയും ചേച്ചിയും ചേട്ടനുമൊക്കെ മുബൈയിൽ തന്നെ..”
പിന്നെയും ഒരു നിമിഷം കഴിഞ്ഞാണ് അയാൾ ചോദിച്ചത്…മനപ്പൂർവം തന്നെ…
“അലീനയുടെ ഹസ്ബന്റ്..? കുട്ടികൾ..?”
നിമിനേരം അവളുടെ മുഖമൊന്നു മങ്ങിയത് ദത്തന്റെ മിഴികൾ കണ്ടുപിടിച്ചിരുന്നു..അയാളുടെ നെഞ്ചോന്ന് തുടിച്ചു…
“ഞാൻ…ഞാൻ വിവാഹമൊന്നും കഴിച്ചിട്ടില്ല മാഷേ…”
ആ ശബ്ദമൊന്ന് പതറിയത് പോലെ..പക്ഷെ അടുത്ത നിമിഷമാ ഭാവം മറയ്ക്കാൻ എന്നത് പോലെയവൾ പറഞ്ഞു..
“പിന്നെ, ഞാൻ മാഷിന്റെ വഴി തന്നെ തിരഞ്ഞെടുത്തു..എഴുത്തല്ല ട്ടൊ..നമ്മുടെ കോളേജിൽ തന്നെ അദ്ധ്യാപികയായി കയറി..”
ദത്തൻ ചിരിച്ചതേയുള്ളൂ.. എന്തൊക്കെയോ ഒളിപ്പിക്കാൻ ശ്രെമിക്കുന്ന ആ നക്ഷത്ര കണ്ണുകളിൽ നിന്നും അവളുടെ പ്രണയത്തെ തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലായിരുന്നയാൾ അപ്പോഴും…
പണ്ടത്തെ കലപില സംസാരമൊക്കെ മാറി ഒരു പക്വതയൊക്കെ അലീനയുടെ സംസാരത്തിൽ വന്നിരുന്നു..
പക്ഷെ ആ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വന്നിരുന്നില്ല…
ചുറ്റുമുള്ളവരിൽ പോസിറ്റീവ് വൈബ് നിറയ്ക്കുന്നൊരുവൾ..
അന്നൊന്നും താനത് കണ്ടതായി നടിച്ചിരുന്നില്ല…
അല്ലെങ്കിലും നഷ്ടമാവുമ്പോൾ മാത്രം തിരിച്ചറിയുന്ന ചിലതുണ്ട്…
അവളോട് യാത്ര പറയാതെയാണ് തിരികെ നടന്നത്…
അലീനയുടെ കണ്ണുകൾ ചുറ്റും തിരയുകയായിരുന്നു..ആ ഒരാൾക്കായി…
ചാരുദത്തൻ സാർ പോയെന്നും ആൾക്ക് ഈ പാർട്ടിയും ബഹളങ്ങളുമൊന്നും ഇഷ്ടമല്ലെന്നും ആരോ പറയുന്നത് കേട്ടു..
‘എന്നോടൊന്നും പറഞ്ഞത് പോലുമില്ല…’
ആരോടോ എന്തോ പറഞ്ഞു ചിരിക്കുന്നതിനിടയിലും അവളുടെ മനസ്സ് പരിഭവം പറഞ്ഞു…
‘അല്ലെങ്കിലും ഞാനാരാ…?’
ആരുമല്ലെന്ന് അറിയാമായിരുന്നിട്ടും മനസ്സ് വെറുതെ വേദനിച്ചു കൊണ്ടിരുന്നു…
ഓർക്കാതിരുന്നിട്ടില്ല,ഒരു ദിനം പോലും..പ്രണയത്തിന്റെ ഉറവയിൽ നിന്നൊരു തുള്ളി പോലും കുറഞ്ഞിട്ടുമില്ല ഇന്നേവരെ…
തിരികെ നടക്കുമ്പോൾ അവളോർത്തു..
അത്രമേൽ കൊതിക്കുന്നുണ്ട് ആ സാമീപ്യം..ഒന്നും സംസാരിച്ചില്ലെങ്കിലും വെറുതെ അടുത്ത് നിൽക്കാനെങ്കിലും…
പക്ഷെ വേണ്ടാ..ഒരിക്കൽ തീരുമാനിച്ചതാണ്..ഇനിയൊരിക്കലും ആ ജീവിതത്തിൽ ശല്യമാവില്ലെന്ന്..പക്ഷെ കണ്മുന്നിൽ വീണ്ടും കണ്ടപ്പോൾ മനസ്സ് ആ കൗമാരക്കാരിയുടേതായി പോവുന്നതറിയുന്നുണ്ട്…
താമസം തുടങ്ങി, പിന്നെയും രണ്ടു നാൾ കഴിഞ്ഞാണ്, തൊട്ടപ്പുറത്തെ വില്ലയിലാണ് അലീന താമസിക്കുന്നതെന്ന് ദത്തൻ അറിഞ്ഞത്..
യാദൃശ്ചികമായി കണ്ടപ്പോഴൊക്കെ, ഒരു നേർത്ത പുഞ്ചിരിയിലോ, ഒന്നോ രണ്ടോ വാക്കുകളിലോ, അവർ തങ്ങളുടെ മനസ്സുകളെ ഒളിപ്പിച്ചു വെയ്ക്കാൻ ശ്രെമിച്ചിരുന്നു…
നിലാവുള്ള ഒരു രാത്രിയിൽ, ഉറക്കം വരാതെ ജനലഴികൾക്കരികെ നിൽക്കുമ്പോൾ, അരണ്ട വെളിച്ചത്തിൽ,തൊട്ടപ്പുറത്തെ വില്ലയിലെ ബാൽക്കണിയിൽ നിൽക്കുന്നവളെ ദത്തൻ കണ്ടിരുന്നു..ഇടയ്ക്കിടെയവൾ മിഴികൾ തുടയ്ക്കുന്നതും….
ആ ചിത്രശലഭത്തിന്റെ ചിറകുകൾക്കുള്ളിൽ വർണ്ണങ്ങൾ കൊതിക്കുന്നൊരു മനസ്സുണ്ടെന്നയാൾ അറിഞ്ഞിരുന്നു…
എപ്പോഴും ചിരിക്കുന്ന, സന്തോഷം മാത്രം പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നവൾ കടലോളം സങ്കടങ്ങൾ ഉള്ളിൽ ഒളിപ്പിച്ചിട്ടുണ്ടെന്നും….
പക്ഷെ അലീന, അയാളെ ഒരു വാക്ക് കൊണ്ടും പോലും ശല്യപ്പെടുത്താൻ തുനിഞ്ഞില്ല…
അന്ന് രാവിലെ നടക്കാനിറങ്ങിയപ്പോൾ എതിരെയവൾ വരുന്നുണ്ടായിരുന്നു…
“ഗുഡ് മോർണിങ് മാഷേ…”
“ഗുഡ് മോർണിംഗ്…”
ഒരു നേർത്ത പുഞ്ചിരിയോടെ തന്നെ കടന്നു പോയവളെ ദത്തൻ തിരിഞ്ഞു നോക്കി..
“അലീന…?”
ഒട്ടും പ്രതീക്ഷിക്കാത്ത ആ പിൻവിളിയിൽ അവളൊന്നു പകച്ചു പോയിരുന്നു..കണ്ണുകളൊന്ന് വിടർന്നത് പോലെ…
“എനിക്ക്..എനിക്കൊന്നു സംസാരിക്കണം..”
തെല്ലപ്പുറം, കുട്ടികൾ കളിക്കുന്നതും നോക്കി, ആ ബെഞ്ചിൽ അയാളിൽ നിന്ന് കുറച്ചു മാറി അവളും ഇരുന്നു…
“അലീന, തന്റെ ഈ ഏകാന്തജീവിതത്തിന്റെ അർത്ഥമെന്താ..?”
ആദ്യമൊന്നു പകച്ചെങ്കിലും അവളൊന്നു ചിരിച്ചു..
“എനിക്ക് ഇത് തിരിച്ചും ചോദിക്കാമോ മാഷേ..?”
“എന്നെപോലെയാണോ താൻ…?”
“അതെന്താ ഞാനൊരു സ്ത്രീയായത് കൊണ്ടാണോ..?”
തെല്ലു കുറുമ്പോടെയുള്ള ആ ചോദ്യം അയാളെ ആ പഴയ മരംകേറി പെണ്ണിനെ ഓർമ്മിപ്പിച്ചു…
“പെണ്ണായത് കൊണ്ട് തനിച്ച് ജീവിക്കാൻ പറ്റില്ലെന്നൊന്നും ഞാൻ അർത്ഥമാക്കിയില്ലെടോ..തന്നെ പോലെ ജീവിതത്തെ ഇത്രയ്ക്കും സ്നേഹിക്കുന്നൊരാൾ, ഇങ്ങനെ തനിച്ചൊരു ജീവിതം തിരഞ്ഞെടുക്കുമെന്ന് ഞാൻ കരുതിയില്ല..”
അലീന ഒന്നും പറഞ്ഞില്ല…
“ഞാൻ…ഞാനാണോ കാരണം…?”
തെല്ലു കഴിഞ്ഞാണവൾ പറഞ്ഞത്…
“അല്ല…എന്റെ മനസ്സാണ് കാരണം…വേഴാമ്പലിനെ പോലെ ആയിപ്പോയി മാഷേ…”
ഒരു വരണ്ട ചിരി ആ ചുണ്ടിൽ തെളിഞ്ഞു..
“ഒരേ ഒരു ഇണയെ മാത്രം സ്വീകരിക്കാൻ പറ്റുന്ന വേഴാമ്പൽ…”
പ്രതീക്ഷിച്ചതായിട്ടും ചാരുദത്തന്റെ നെഞ്ചിലെന്തോ കനത്തു….
അവൾ മുഖമുയർത്തി അയാളെ നോക്കി…
“സഹതാപം എനിക്കിഷ്ടമല്ല മാഷേ..ആരിൽ നിന്നും…”
അയാൾ ഒന്നും പറഞ്ഞില്ല…
“മാഷിന് ഒരു കുറ്റബോധത്തിന്റെയും ആവശ്യമില്ല…സ്നേഹം പിടിച്ചു വാങ്ങാൻ പറ്റുന്നതല്ലെന്ന് എനിക്കറിയാം..പ്രശ്നം എന്റെ മനസിന്റെതാണ്..ശ്രെമിച്ചു നോക്കിയതാണ്..പക്ഷെ വേറൊരാൾക്ക് പ്രവേശനമില്ലെന്ന് തറപ്പിച്ചു പറഞ്ഞു കളഞ്ഞു…ശരീരം മാത്രം പങ്കിട്ടു മറ്റൊരാളെ കൂടെ ചതിക്കാൻ തോന്നിയില്ല…”
ദത്തൻ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു…
ഇത്രയും തീവ്രമായി…തിരിച്ചൊന്നും പ്രതീക്ഷിക്കാതെ..ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് അറിയാവുന്നൊരു പ്രണയത്തെ..മനസ്സിൽ കൊണ്ടു നടക്കുന്നൊരുവളെ അയാൾ ആദ്യമായി കാണുകയായിരുന്നു.
അത്ര മേൽ പ്രണയത്തിൽ കുരുങ്ങി പോയവളെ….
“പപ്പായുടെ ആദ്യഭാര്യ മരിച്ചു പോയിരുന്നു..രണ്ടു കുട്ടികളും ഉണ്ടായിരുന്നുപപ്പയുടെ പി എ ആയിരുന്നു മമ്മ…പണം കണ്ടു തന്നെയാണ് മമ്മയും ആ ബന്ധം തുടങ്ങിയത്..മമ്മ ഗർഭിണിയായപ്പോഴാണ് അവർ തമ്മിൽ വിവാഹം കഴിക്കുന്നത്..”
അലീന ആത്മനിന്ദയാലെന്നോണം ഒന്നു ചിരിച്ചു…
“ആർക്കും വേണ്ടാതെ, ആരും ആഗ്രഹിക്കാതെ ഉണ്ടായൊരു കുഞ്ഞ്…സ്നേഹിക്കാനും ആരും ഉണ്ടായിരുന്നില്ല മാഷേ…അങ്ങനെയൊരുവൾക്ക് അക്ഷരങ്ങളിലൂടെ ഒരാളോട് പ്രണയം തോന്നി..ആൾക്കൂട്ടത്തിൽ തനിച്ചായി പോയ ചിലരെ ഞാനതിൽ കണ്ടിരുന്നതാവാം കാരണം…പിന്നെയെപ്പോഴോ എഴുത്തിനൊപ്പം എഴുത്തുകാരനും മനസ്സിൽ പതിഞ്ഞു പോയി..പറിച്ചെറിയാൻ കഴിയാതെ…”
അലീന ദത്തനെ നോക്കി.. അയാൾ മറുപടിയൊന്നും പറഞ്ഞില്ല…
“മാഷ് പേടിയ്ക്കണ്ട..ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും ഞാൻ ഈ ജീവിതത്തിൽ ഒരു ശല്യമായി മാറില്ല..അലീനയുടെ വാക്കാണ്..…”
ചിരിയോടെ പറഞ്ഞു കൊണ്ടവൾ എഴുന്നേറ്റ് നടന്നു…തിരിഞ്ഞു നോക്കാതെ…
‘നീയെന്ന ഒറ്റക്കൊളുത്തിൽ, കുടുങ്ങിക്കിടക്കുന്നുണ്ടിന്നും ഞാൻ…പിടയാൻ പോലുമാവാതെ…’
ശ്രെമിച്ചു നോക്കിയതാണ്… പറ്റാഞ്ഞിട്ടാണ്…നിന്റേതല്ലാതെ മറ്റൊരു മുഖം പോലും എന്റെ മനസ്സിനെ ശ്വാസം മുട്ടിയ്ക്കുന്നുണ്ട്…
അവളുടെ മനസ്സ് പിറുപിറുക്കുന്നുണ്ടായിരുന്നു…
അന്നൊരു വൈകുന്നേരം, പ്രതീക്ഷിക്കാതെ ചാരുദത്തൻ, തന്റെ വീട്ടുവാതിൽക്കൽ എത്തിയപ്പോൾ, അമ്പരപ്പോടെയാണ് അലീന അയാളെ അകത്തേയ്ക്ക് ക്ഷണിച്ചത്…
സോഫയിലേയ്ക്ക് ഇരിക്കുമ്പോൾ, അതിൽ കിടന്നിരുന്ന അലീനയുടെ ഫോണിൽ എന്തോ നോട്ടിഫിക്കേഷൻ വന്നിരുന്നു…അതിനിടെ സ്‌ക്രീനിൽ തെളിഞ്ഞ തന്റെ ചിത്രം അയാൾ കണ്ടിരുന്നു…
“വിരൽ തുമ്പിൽ പോലും ഞാനാണോടോ..? “
അലീനയുടെ മുഖമൊന്നു തുടുത്തിരുന്നു..ജാള്യതയോടെ….
“എനിക്കൊപ്പം ഒരു യാത്ര വരാമോ..?”
മുഖവുരയൊന്നുമില്ലാത്ത ആ ചോദ്യത്തിൽ അവളൊന്നു ഞെട്ടി…
“ചോദ്യങ്ങളോ ഉത്തരങ്ങളോ ഒന്നുമില്ല തത്കാലം..”
ഒരു നിമിഷം കഴിഞ്ഞാണവൾ തലയാട്ടിയത്…
പിറ്റേന്ന് പുലർച്ചെയ്ക്ക് മുൻപേ അവർ പുറപ്പെട്ടിരുന്നു…
ദത്തന്റെ കാറിൽ…
മൗനം മാത്രം അകമ്പടി ചേർന്നൊരു യാത്ര..
ഇടയ്‌ക്കെപ്പോഴോ അവളെയൊന്ന് നോക്കിയപ്പോൾ, പുറത്തേയ്ക്ക് നോക്കിയിരിക്കുന്നത് ദത്തൻ കണ്ടിരുന്നു…
ആ കലപില സംസാരമായിരുന്നു, താനേറെ മിസ്സ് ചെയ്തിരുന്നതെന്നോർത്തപ്പോൾ അയാളുടെ ചുണ്ടിലൊരു ചിരി വന്നു ചേർന്നിരുന്നു…
മൂന്നാല് വാചകങ്ങൾക്കപ്പുറം സംസാരമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ആ യാത്ര അവസാനിക്കാതിരുന്നുവെങ്കിലെന്ന് അലീന ആഗ്രഹിച്ചിരുന്നു…
അത്രമേൽ പ്രിയപ്പെട്ടവനോടൊപ്പം…
പാതി ദൂരവും കഴിഞ്ഞതിൽ പിന്നെ, ദത്തന്റെ നാട്ടിലേയ്ക്കാണോ പോവുന്നതെന്ന് സംശയം ഉടലെടുത്തുവെങ്കിലും അവളൊന്നും ചോദിച്ചില്ല…
കേട്ടറിഞ്ഞിട്ടുള്ള ദത്തന്റെ തറവാടിന് പകരം..നിറയെ ചെമ്പകപ്പൂക്കൾ വീണു കിടന്നിരുന്ന, മഹാദേവ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തായി കാർ ചെന്ന് നിന്നപ്പോൾ ഒന്നും മനസ്സിലാകാതെ അലീന ദത്തനെ നോക്കി…
ആ മതിൽക്കെട്ടിനുള്ളിലേയ്ക്ക് കയറുമ്പോൾ ദത്തന്റെ കൈയിൽ അലീനയുടെ വലത് കൈ ചേർന്നിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
**********
പാതി ചാരിയ വാതിൽ തുറന്നപ്പോൾ, ആ അറയിൽ കഷായത്തിന്റെയും കുഴമ്പിന്റെയും ഗന്ധമായിരുന്നു നിറഞ്ഞത്..
ദേവകിയമ്മ പതിയെ തലയുയർത്തി നോക്കി..കാഴ്ചയ്ക്ക് ചെറിയ മങ്ങലുണ്ട്…
പതിയെ ആ കണ്ണുകൾ വിടർന്നിരുന്നു..
“ദത്താ….”
ദത്തൻ ചിരിയോടെ അമ്മയ്‌ക്കരികെ എത്തിയപ്പോഴാണ്, അവർ അവനു പിറകിൽ നിന്നിരുന്നവളെ കണ്ടത്…
നക്ഷത്രകണ്ണുകളും ഒറ്റനുണക്കുഴിയും,അതിനൊപ്പം അലീനയുടെ സീമന്ത രേഖയിലെ ചുവപ്പും നെഞ്ചിൽ ചേർന്ന ചാരുദത്തന്റെ താലിയും അവർ കണ്ടിരുന്നു..
അമ്പരപ്പോടെ ദേവകിയമ്മ ദത്തനെ നോക്കി..മനോഹരമായ ഒരു ചിരിയോടെ ദത്തൻ പതിയെ തലയാട്ടി….പിന്നെ പറഞ്ഞു…
“അലീന..അമ്മയുടെ മരുമകൾ…”
ദേവകിയമ്മ അവളെ അടുത്തേയ്ക്ക് വിളിച്ചു..അവർക്കരികെ വന്നിരുന്ന അലീനയുടെ കവിളിൽ തലോടി…
“ഇങ്ങനെ അടങ്ങിയൊതുങ്ങി ഇരിക്കണതൊന്നും നോക്കണ്ടാട്ടോ ദേവകിയമ്മേ..അതൊരു മരംകേറി പെണ്ണാ..”
“നീ പോടാ..”
ദത്തനോടായി പറഞ്ഞിട്ട്,ദേവകിയമ്മ ചുളിവുകൾ വീണ കൈകൾ കൊണ്ടവളെ ചേർത്ത് പിടിച്ചു..തന്നെ കുറുമ്പോടെ നോക്കിയവളോടായി ദത്തൻ കണ്ണിറുക്കി കാണിച്ചു…
സഹതാപമോ കുറ്റബോധമോ ഒന്നുമല്ല പെണ്ണേ…പ്രണയമാണ്…ഇണയെ കാത്തിരുന്ന വേഴാമ്പലിനോട് തോന്നിയ പ്രണയം…
ചാരുദത്തന്റെ മനസ്സ് മന്ത്രിക്കുന്നത് അലീനയ്ക്ക് കേൾക്കാമായിരുന്നു…
~സൂര്യകാന്തി ?