നേർത്ത ചുവന്ന കസവുകരയുള്ള ആ കറുത്ത സാരിയിൽ തന്നെ ഉടക്കിക്കിടന്നിരുന്നു ആവണിയുടെ കണ്ണുകൾ…

വെണ്മ….

Story written by Jisha Raheesh

============

നേർത്ത ചുവന്ന കസവുകരയുള്ള ആ കറുത്ത സാരിയിൽ തന്നെ ഉടക്കിക്കിടന്നിരുന്നു ആവണിയുടെ കണ്ണുകൾ…

“എന്താടീ..നിനക്കിത് അത്രേം ഇഷ്ടായോ…?”

ഷീലേച്ചി കയ്യിലൊന്ന് തട്ടിയപ്പോൾ ആവണി തെല്ലൊരു ജാള്യതയോടെ അവരെ നോക്കി…

“ഇഷ്ടായേൽ നീയത് എടുത്തോടി..ആയിരത്തിയിരുന്നൂറ്‌ രൂപയേയുള്ളൂ..”

ഷീല നിസ്സാരമായി പറയുന്നത് കേട്ടതും ആവണിയുടെ ചുണ്ടിൽ ആത്മനിന്ദയോടെ ഒരു ചിരി തെളിഞ്ഞു…

ആയിരത്തിയിരുന്നൂറു രൂപ…

ഷീലേച്ചിയ്ക്ക് അത് നിസ്സാരമാണ്..മനോജേട്ടന് ഗൾഫിലാണ് ജോലി..ഷീലേച്ചിയുടെ ശമ്പളം മൊത്തം സേവിങ്സിലേയ്ക്കാണ് പോവുന്നതെന്ന് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു…

തന്റെ കാര്യമോ..? “

കയ്യിൽ ഇനി ആകെയുള്ളത് ഒരു അഞ്ഞൂറു രൂപയാണ്…

രാജേഷേട്ടന് ഓട്ടമൊക്കെ കുറവാണ് ഇപ്പോൾ..കിട്ടുന്നത് കാറിന്റെ വാടക കൊടുക്കാൻ പോലും കിട്ടുന്നില്ല…ടെക്സ്റ്റെയിൽസിലെ ഈ സെയിൽസ് ഗേൾ കുപ്പായത്തിലാണ് ഇപ്പോൾ നിലനിൽപ്പ്…

സ്വന്തമായി ഒരു വണ്ടിയെടുക്കണമെന്ന ആഗ്രഹമൊക്കെ ആള് ഉപേക്ഷിച്ച മട്ടാണ്..

ശമ്പളം കിട്ടാൻ ഇനിയുമുണ്ട് പത്തു ദിവസം..ആയിരം രൂപ തികച്ചെടുക്കാൻ ഉണ്ടാവില്ല രണ്ടു പേരുടെയും കയ്യിൽ..

“ഓ…ഇനിയിപ്പോ അടുത്ത ഓണത്തിന് വല്ലോം എടുക്കാം ഷീലേച്ചി..”

കുഞ്ഞുങ്ങളുടെ മുഖം കൂടെ മനസ്സിൽ തെളിഞ്ഞതോടെ, ഒരു ദീർഘ നിശ്വാസത്തോടെ കയ്യിലിരുന്ന സാരി മടക്കി ഒതുക്കി വെയ്ക്കുന്നതിനിടെ ആവണി പറഞ്ഞു…

സാരി ഷെൽഫിലേയ്ക്ക് വെച്ച് തിരിഞ്ഞപ്പോഴാണ് ഷോറൂം മാനേജർ കനക മാഡം മുന്നിലെത്തിയത്…

അവർ എല്ലാമൊന്ന് ചെക്ക് ചെയ്ത് തിരിഞ്ഞു നടന്നതും ആവണി ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു..

“ഭാഗ്യം..സാരി ചേർത്തു വെച്ചു നോക്കിയത് അവരുടെ കണ്ണിൽ പെട്ടിരുന്നെങ്കിൽ ഇന്നതിനായിരുന്നേനെ കേൾക്കുന്നത്..”

ആവണി മനസ്സിൽ പറഞ്ഞു…

വല്ലപ്പോഴുമൊക്കെ,ഇഷ്ടം തോന്നുന്ന സാരികൾ മടക്കി, ഒതുക്കി വെക്കുന്നതിനിടെ, കണ്ണാടിയുടെ മുൻപിൽ നിന്നു ഒന്ന് ചേർത്ത് വെച്ചു നോക്കാറുണ്ട്..

രണ്ടു മൂന്ന് തവണ അത് കണ്ണിൽ പെട്ടതോടെയാണ് അവർ വാണിംഗ് തന്നത്…

എന്നായിരുന്നു തനിയ്ക്ക് ഒരു പുതിയ സാരി വാങ്ങിയത്..?

അവളോർത്തു..

കഴിഞ്ഞ വിഷുവിനാണെന്ന് തോന്നുന്നു..വിഷുവിന്റെ തലേന്ന് രാത്രി, ജോലി കഴിഞ്ഞു വന്നയാളുടെ കയ്യിൽ, നീലയിൽ കറുത്ത പുള്ളികളുള്ള ആ സാരി കണ്ടത്..

വില കുറവായിരുന്നെങ്കിലും നല്ല ഭംഗിയുള്ള സാരി..പ്രതീക്ഷിക്കാതെ കിട്ടിയത് കൊണ്ടു സന്തോഷം കൊണ്ടു നിറഞ്ഞിരുന്നു മനസ്സ്…

കടം വാങ്ങിയ പൈസ കൊണ്ടാണെന്നും, ആൾക്ക് ഒരു മുണ്ട് പോലും വാങ്ങിയിട്ടില്ലെന്നും പിന്നീട് അറിഞ്ഞപ്പോൾ സങ്കടവും…

കടയിലെ യൂണിഫോം സാരി ഇല്ലായിരുന്നുവെങ്കിൽ താനെന്ത് ചെയ്തേനെയെന്നവൾ ഓർത്തു…

ചുറ്റും നിറയുന്ന വർണ്ണങ്ങളിലേയ്ക്ക് മിഴികളോടിച്ചവൾ, കസ്റ്റമർക്ക് കാണിക്കുന്നതിനിടെ വിടർത്തിയിട്ട സാരികൾ ഓരോന്നായി മടക്കി വെച്ചു..

“എടി..അമ്മയുടെ ബയോപ്‌സി റിപ്പോർട്ട്‌ വൈകിയിട്ട് ഹോസ്പിറ്റലിൽ പോയി വാങ്ങണം..നീ കൂടെയൊന്ന് വരണേ..അധികം വൈകില്ല..”

ഷീല പറഞ്ഞപ്പോൾ ആവണി തലയാട്ടി…

ഷീലേച്ചിയുടെ അമ്മയ്ക്ക് ഗ ർഭപാത്രത്തിൽ ഒരു മുഴയുണ്ടായത് കാരണം, സർജറി കഴിഞ്ഞത് അടുത്തിടെയായിരുന്നു..ബയോപ്‌സിയ്ക്ക് അയച്ചതിന്റെ റിപ്പോർട്ടാണ്…

അന്നെന്തോ ആവണി ആകെ മുഡോഫായിരുന്നു..ഉച്ചയ്ക്ക് എല്ലാവർക്കുമൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ആവണിയ്ക്കെന്ത് പറ്റിയെന്നു ചോദിച്ചവർക്കായി തല വേദനിയ്ക്കുന്നുവെന്നൊരുമറുപടി അവൾ കരുതി വെച്ചിരുന്നു…

ജോലി കഴിഞ്ഞു ഷോ റൂമിൽ നിന്നും ഇറങ്ങി ഷീലയ്ക്കൊപ്പം ധൃതിയിൽ ഹോസ്പിറ്റലിലേയ്ക്ക് നടക്കുന്നതിനിടെ, ഷീല എന്തൊക്കെയോ പറയുന്നുണ്ടായിരുന്നുവെങ്കിലും, ആവണിയുടെ മനസ്സ് എവിടെയൊക്കെയോ അലഞ്ഞു തിരിയുകയായിരുന്നു..

വീട്ടുകാരെ എതിർത്തു രാജേഷേട്ടനുമായുള്ള പ്രേമവിവാഹവും, മൂത്ത മകളുണ്ടായി കഴിഞ്ഞിട്ടും അച്ഛന്റെ പിണക്കം മാറാതിരുന്നതും, അമ്മയും അനിയത്തിയും ആദ്യമായി തങ്ങളുടെ വാടകവീട്ടിൽ വന്നതും എല്ലാം മനസ്സിലൂടെ മിന്നി മാഞ്ഞു..

“വേണി..വീട് പണി തുടങ്ങുന്നില്ലെടി..?”

ആവണി ഓർമ്മകളിൽ നിന്ന് ഞെട്ടിയത് പോലെ ഷീലയെ നോക്കി…

“ഓ..എങ്ങനെ തുടങ്ങാനാ ചേച്ചി..ഞാൻ പറഞ്ഞതല്ലേ, രാജേഷേട്ടന് ഇപ്പോൾ കാര്യമായി ഓട്ടമൊന്നും കിട്ടുന്നില്ല..ഉള്ളതെല്ലാം നുള്ളിപെറുക്കിയാ ഇച്ചിരി സ്ഥലം വാങ്ങിയതും വീടുപണി പകുതി തീർത്തതും..പക്ഷെ..”

ആവണി പൂർത്തിയാക്കാതെ നിർത്തി..

“കയറി കിടക്കാനുള്ള നിലയിലെങ്കിലും എത്തിച്ചാൽ പിന്നെ വാടക കൊടുക്കേണ്ടല്ലോ കൊച്ചേ..”

“ഉം..”

ആവണി വെറുതെ മൂളിയതേയുള്ളൂ..

ഹോസ്പിറ്റലിൽ എത്തിയപ്പോൾ മൂന്നാം നിലയിലാണ് പാത്തോളജി ലാബ്..

ലിഫ്റ്റിന് കാത്ത് നിൽക്കുന്ന ആളുകളുടെ എണ്ണം കണ്ടതും അവർ പതിയെ മുകളിലേയ്ക്കുള്ള പടികൾ കയറാൻ തുടങ്ങി..

ഒന്നാം നിലയിൽ എത്തിയപ്പോൾ തന്നെ ആവണിയ്ക്ക് കാല് വേദനിക്കുന്നുണ്ടായിരുന്നു. ഇന്ന് ടെക്സ്റ്റയിൽസിൽ നല്ല തിരക്കായിരുന്നു..

“ഒരു കാര്യം ചെയ്യാടി..നീ ഇവിടെ ഇരിക്ക്..ഞാൻ പോയി വാങ്ങിയിട്ട് വരാം…”

ആവണി തലയാട്ടി..ചുറ്റും നോക്കിയപ്പോൾ ഓപ്പറേഷൻ തിയേറ്ററിനു മുൻപിലെ കസേരകളിൽ ഒഴിവ് കണ്ടു..

ഏറ്റവും പിറകിലെ കസേരയിൽ, ഇരിക്കാനായി നടക്കുമ്പോഴാണ്, എതിരെ വന്ന ആളുകൾക്കിടയിലെ, മദ്ധ്യവയസ്കയായ സ്ത്രീയെ കാണുന്നത്..അവർ കരയുന്നുണ്ടായിരുന്നു..അവരെല്ലാം കൂടെ ലിഫ്റ്റിലേയ്ക്ക് കയറുന്നത് കണ്ടു.

ആവണി പതിയെ കസേരയിലേയ്ക്കിരുന്നു..കാല് വല്ലാതെ വേദനിക്കുന്നു.. കണ്ണുകൾ അടയ്ക്കാൻ തുടങ്ങുമ്പോഴാണ് തൊട്ടടുത്ത കസേരയിൽ കിടക്കുന്ന ബാഗ് കണ്ടത്..

ചുറ്റും നോക്കിയെങ്കിലും ആരും ശ്രെദ്ധിക്കുന്നില്ല…

നല്ല ഭംഗിയുള്ള, അല്പം വലിയൊരു ബാഗ്..കണ്ടാലേ അറിയാം വിലയുള്ളതാണ്..

ആവണി ചുറ്റും നോക്കി, ഇരിക്കുന്നവരിൽ ആരും ഇങ്ങോട്ട് നോക്കുന്നില്ല..

അവൾ പതിയെ ബാഗ് തുറന്നു…

ബാഗിൽ എന്തൊക്കെയോ രേഖകളും വലിയൊരു പേഴ്‌സും മൊബൈലും ആവണി കണ്ടു..പിന്നെയൊരു സ്വർണ്ണമാലയും..

ചുറ്റുമൊന്ന് നോക്കി, അവൾ പതിയെ ആ പേഴ്സ് തുറന്നു..

അവളുടെ കണ്ണുകൾ വിടർന്നു..നിറയെ കാശാണ്..എടിഎം കാർഡുകളും ഡ്രൈവിംഗ് ലൈസൻസും ഉൾപ്പെടെ അതിൽ കണ്ടു..

അവൾ വീണ്ടും ചുറ്റുപാടും നോക്കി. ഇല്ല..ആരും നോക്കുന്നത് പോലുമില്ല…

ആവണിയുടെ മനസ്സിലൊരു പിടിവലി നടക്കുന്നുണ്ടായിരുന്നു..കുഞ്ഞുങ്ങളുടെയും രാജേഷിന്റെയും മുഖം മനസ്സിൽ തെളിഞ്ഞതും അവളുടെ വിരലുകൾ ആ പേഴ്സിൽ മുറുകി…

വീട്ടുവാടക മുടങ്ങിയിട്ട് മാസം രണ്ടായി..ആവണി ബാഗിലെ സ്വർണ്ണമാലയിലും പിടുത്തമിട്ടു…

പെട്ടെന്നാണ് തിയേറ്ററിന്റെ വാതിൽ തുറന്നതും പുറത്തേയ്ക്ക് വന്ന ഡോക്ടർ കാത്തിരുന്നവരിൽ ആരോടോ എന്തോ പറഞ്ഞതും..

തിയേറ്ററിന്റെ മുൻപിൽ കരച്ചിൽ ഉയർന്നപ്പോൾ, ആവണി പേഴ്‌സും മാലയും ബാഗിലേയ്ക്ക് തന്നെ തിരിച്ചു വെച്ചു..ആകെയൊരു വല്ലായ്മ…

ആരും ശ്രെദ്ധിക്കുന്നതൊന്നുമില്ല..പക്ഷെ..

ഇത്രയൊക്കെ കഷ്ടപ്പാടുകൾ ഉണ്ടായിട്ടും, ഇന്ന് വരെ അന്യന്റേത് സ്വന്തമാക്കാൻ ശ്രെമിച്ചിട്ടില്ല..

ആദ്യമായി മനസ്സ് ചാഞ്ചാടുന്നു…ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല..

“പോകാം..?”

ഷീലയുടെ ശബ്ദം കേട്ടതും ആവണി എഴുന്നേറ്റു..പിന്നെ ആ ബാഗിലേയ്ക്ക് ഒന്ന് നോക്കി..രണ്ടു മൂന്ന് ചുവടുകൾ വെച്ചതും അവൾ തിരിഞ്ഞു വന്നു, ആ ബാഗ് കയ്യിലെടുത്തു…

“ഇത് ആരതാ ആവണി..?”

“ആ കസേരയിൽ കിടന്നിരുന്നതാ ഷീലേച്ചി..”

ഷീല അമ്പരപ്പോടെയവളെ നോക്കി..

ആവണി നേരെ റിസപ്ഷനിലേയ്ക്ക് നടന്നു…

“ഇത് തിയേറ്ററിന്റെ മുൻപിലെ കസേരയിൽ കിടന്നിരുന്നതാണ്…”

റിസെപ്ഷനിലെ പെൺകുട്ടികൾ ആവണിയെ നോക്കി…

“ക്യാഷ് ഉണ്ടെന്ന് തോന്നുന്നു..”

അത്രയും കൂടെ പറഞ്ഞു ആവണി നടക്കാനായി തിരിഞ്ഞു…

“മാഡം..?”

റിസപ്ഷനിലെ ഒരു പെൺകുട്ടി വിളിച്ചു. ആവണി തല ചെരിച്ചു നോക്കി..

“മാഡത്തിന്റെ പേര്..?”

“ആവണി…”

ചിരിയോടെ പറഞ്ഞിട്ട് ആവണി ഷീലയ്ക്കൊപ്പം പുറത്തേയ്ക്ക് നടന്നു…

അന്ന് രാത്രി കുഞ്ഞുങ്ങളും രാജേഷും ഉറങ്ങിയിട്ടും ആവണിയ്ക്ക് ഉറങ്ങാനായില്ല..

അന്ന് വൈകുന്നേരമാണ് വീട്ടുടമസ്ഥൻ വന്നു, വാടക കുടിശിക വന്നതിന്റെ പേരിൽ ഒരു പാട് വഴക്ക് പറഞ്ഞു പോയത്…

ആ ബാഗ്..അതിലുള്ളത് എടുത്താൽ മതിയായിരുന്നു…

അവൾ സ്വയം കുറ്റപ്പെടുത്തി കൊണ്ടേയിരുന്നു..

“എന്ത് പറ്റിയെടോ…?ഉറക്കമൊന്നുമില്ലേ..?”

അവൾ ഒന്നും മിണ്ടിയില്ല…

“വാടകയുടെ കാര്യം ആലോചിച്ചാണോ..?എന്തെങ്കിലുമൊരു വഴി കാണാം..നീ ഇപ്പോ കിടന്നു ഉറങ്ങ്…”

അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല..തെല്ലു നേരം കഴിഞ്ഞാണ് അവൾ വിളിച്ചത്…

“രാജേഷേട്ടാ..?”

അയാൾ തലയുയർത്തി അവളെ നോക്കി…

“ഞാൻ ഇന്നൊരു വിഡ്ഢിത്തം ചെയ്ത്..കയ്യിൽ കിട്ടിയ കാശ് വെറുതെ കളഞ്ഞു..”

രാജേഷ് ഒന്നും മനസ്സിലാകാതെ ആവണിയെ നോക്കി…

ആവണി അയാളോട് എല്ലാം പറഞ്ഞു തീരുന്നത് വരെ രാജേഷ് നിശബ്ദനായിരുന്നു…

“അത് തിരിച്ചു കൊടുക്കണ്ടായിരുന്നു അല്ലെ രാജേഷേട്ടാ..?വാടകയെങ്കിലും കൊടുക്കാരുന്നു..”

രാജേഷ് പതിയെ എഴുന്നേറ്റിരുന്നു…ആവണിയെ തന്നോട് ചേർത്തിരുത്തി…

“അത് നീ എടുത്തെന്നു വെയ്ക്കുക..ആ പൈസ കൊണ്ടു നമ്മുടെ പ്രശ്നങ്ങൾ തീർത്തെന്നും..ഒരു രാത്രിയെങ്കിലും നിനക്ക് സമാധാനത്തോടെ ഉറങ്ങാൻ പറ്റുമോ വേണി..?ജീവിതകാലം മുഴുവനും നീ ഇക്കാര്യം ഓർത്തു ഉരുകിക്കൊണ്ടിരിക്കും..നിന്നെ എനിക്കറിയില്ലേ..”

മുഖം രാജേഷിന്റെ നെഞ്ചോരം ചേർത്തു വെയ്ക്കുമ്പോൾ അയാൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്നു ആവണിയ്ക്ക് അറിയാമായിരുന്നു..

“ഇനി മറ്റൊരു കാര്യം കൂടെയുണ്ട് വേണി..അവിടെയൊക്കെ ക്യാമറ വെച്ചിട്ടുണ്ടാകും..അന്വേഷണം വന്നാൽ..നിന്നെ തിരിച്ചറിയാൻ വല്യ ബുദ്ധിമുട്ട് ഒന്നുമുണ്ടാവില്ല..നിങ്ങളുടെ ഷോപ്പിലെ യൂണിഫോം തന്നെയാവും പ്രധാന തെളിവ്..”

ആവണിയുടെ ഉള്ളൊന്ന് വിറച്ചു…

“സാരമില്ലെടോ..നമ്മുടെ പ്രശ്നങ്ങളൊക്കെ തീരും..ഇങ്ങനെ ആലോചിച്ച് വിഷമിക്കാതെ..”

ആ വാക്കുകൾ കേട്ട് അന്നവൾ ആശ്വാസത്തോടെ ഉറങ്ങിയെങ്കിലും പിന്നെയും കാശിനു ആവശ്യം വന്നപ്പോഴൊക്കെ ആവണി ഓർത്തത് ആ ബാഗിനെ പറ്റിയാണ്..

അതിനിടെ, മോൾക്ക് പനി വന്നപ്പോൾ ആവണിയ്ക്ക് ഒരു ദിവസം ലീവെടുക്കേണ്ടി വന്നു…

പിറ്റേന്ന് ഷോപ്പിൽ വന്നപ്പോൾ കനക മാഡമാണ് പറഞ്ഞത്, തന്നെ തിരക്കി ഇന്നലെ ആരോ വന്നിരുന്നുവെന്ന്…

തന്നെ തിരക്കി ആര് വരാൻ…?

കടയിലെ ഓണത്തിരക്കിലേയ്ക്ക് ഊളിയിട്ടതോടെ,ആവണി ആ കാര്യം തന്നെ മറന്നിരുന്നു…

ഓണത്തിന് കിട്ടിയ ബോണസും മുൻകൂറായി വാങ്ങിയ ശമ്പളവും, എല്ലാം ചേർത്തു വാടക കുടിശ്ശിക തീർത്തതോടെ കയ്യിൽ മിച്ചമൊന്നും ഉണ്ടായിരുന്നില്ല…

കുഞ്ഞുങ്ങൾക്ക് പോലും ഓണക്കോടിയെടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..ഷീലച്ചിയ്ക്ക്, വാങ്ങിയത് തന്നെ കൊടുക്കാനുണ്ട്…

ചുറ്റും നിറഞ്ഞു കിടക്കുന്ന വർണ്ണപ്പകിട്ടിൽ നിന്നും, മനസ്സിന് ഇഷ്ടമായില്ലെങ്കിലും, കുഞ്ഞുങ്ങൾക്ക് ഏറ്റവും വില കുറഞ്ഞത് നോക്കി, രണ്ടു ഉടുപ്പുകൾ എടുത്തപ്പോൾ, ആവണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

ഓണത്തിന് ഒരു ദിവസമേ അവധിയുള്ളൂ..ഓണതലേന്ന് ഷോപ്പിലെ തിരക്ക് കഴിഞ്ഞു ആവണി വീട്ടിലെത്തിയപ്പോൾ വൈകിയിരുന്നു…

പലവ്യഞ്ജനങ്ങളടങ്ങുന്ന സഞ്ചിയും പച്ചക്കറിയുടെ കവറുകളും അടുക്കളയിൽ കണ്ടപ്പോൾ രാജേഷേട്ടൻ ആരോടെങ്കിലും കടം വാങ്ങിക്കാണുമെന്ന് മനസ്സിലായി..ചോദിച്ചാൽ പറയില്ല…

പിറ്റേന്ന് ചെറിയൊരു സദ്യയുണ്ടാക്കി പായസവും വെച്ച് കഴിഞ്ഞപ്പോഴാണ് കോലായിൽ നിന്നും രാജേഷ്ട്ടൻ ആരോടോ സംസാരിക്കുന്നത് കേട്ടത്..വേണിയെന്ന വിളി കേട്ടപ്പോഴാണ് ഇരുകൈകളും നൈറ്റിയിൽ തുടച്ചു, ആവണി കോലായിലേയ്ക്ക് ചെന്നത്…

കോലായിലെ കസേരയിൽ ഇരുന്ന സ്ത്രീ എഴുന്നേറ്റു..ചെറു ചിരിയോടെ തന്നെ നോക്കിയ ആ മദ്ധ്യവയസ്ക്കയായ സ്ത്രീയെ എവിടെയോ കണ്ടു പരിചയമുള്ളത് പോലെ ആവണിയ്ക്ക് തോന്നി..ഷോപ്പിലെങ്ങാനും വന്നിട്ടുണ്ടാകും..പക്ഷെ..ഇവിടെ..?

“ആവണിയ്ക്ക് എന്നെ പരിചയമുണ്ടാവില്ല..എന്റെ പേര് ജയ..ഇവിടെ എസ് ബി കോളേജിൽ ജോലി ചെയ്യുന്നു..ഇത് എന്റെ ഭർത്താവ് പ്രകാശ്..ആൾക്ക് ബിസിനസാണ്…”

ആവണി അവർ പറഞ്ഞു വരുന്നത് എന്താണെന്ന് ഒരു ഊഹവും ഇല്ലാതെ നിന്നു…

“ഒരിക്കൽ,ആവണിയ്ക്ക് സിറ്റി ഹോസ്പിറ്റലിൽ വെച്ച് ഒരു ബാഗ് കിട്ടിയത് ഓർക്കുന്നുണ്ടോ..?”

ആവണിയുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയി..അവൾ രാജേഷിനെ നോക്കി…

“അത് എന്റെയായിരുന്നു…രണ്ടാമത്തെ മകന് ഒരു ആക്സിഡന്റ് പറ്റിയിരുന്നു..പ്രകാശേട്ടനും സ്ഥലത്തില്ലായിരുന്നു..ആകെ വല്ലാത്ത ഒരവസ്ഥയിലായിരുന്നു അന്ന് ഞങ്ങൾ…”

ആവണിയ്ക്ക് ശബ്ദിക്കാനായില്ല…

“റിസപ്ഷനിൽ നിന്ന് പറഞ്ഞപ്പോഴാണ് ബാഗിന്റെ കാര്യം ഓർത്തത്…”

“ഞാൻ..ഞാനാണെന്ന് എങ്ങനെ…?”

ആവണിയുടെ ശബ്ദം വിറച്ചിരുന്നു…

“റിസപ്ഷനിലെ കുട്ടി പറഞ്ഞു..അയന സിൽക്‌സിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയാണ് ബാഗ് തിരിച്ചേൽപ്പിച്ചതെന്ന്..പേര് ആവണിയെന്നാണെന്നും..”

“മോന്..മോനിപ്പോൾ എങ്ങനെ…?”

രാജേഷ് ചോദിച്ചു…

“സർജറിയുടെ ബുദ്ധിമുട്ടുകൾ കുറച്ചുണ്ടെങ്കിലും മാറി വരുന്നു..”

അത് വരെ മിണ്ടാതിരുന്ന അവരുടെ ഭർത്താവാണ് പറഞ്ഞത്…

“മോന് ഭേദമായപ്പോൾ ഒരിക്കൽ ഞാൻ ടെക്സ്റ്റയിൽസിൽ വന്നിരുന്നു..അന്ന് ആവണി ലീവായിരുന്നു..പിന്നെ അന്വേഷിച്ചു വിവരങ്ങളൊക്കെ അറിഞ്ഞു…”

അവർ ചിരിയോടെ പറഞ്ഞു…

ഊണ് കഴിക്കാൻ നിർബന്ധിച്ചെങ്കിലും അവർ പോവാൻ തിരക്കുണ്ടെന്ന് പറഞ്ഞു…രാജേഷിനരികിൽ നിന്നിരുന്ന മക്കളോട് അവർ വിശേഷങ്ങൾ ചോദിക്കുന്നതിനിടെ, ആവണി പായസം രണ്ടു ഗ്ലാസുകളിലാക്കി കൊണ്ടു വന്നിരുന്നു..ചിരിയോടെ തന്നെ രണ്ടു പേരും അത് കുടിച്ചു…

അപ്പോഴേക്കും ഡ്രൈവറെന്ന് തോന്നുന്നയാൾ കാറിൽ നിന്നും എടുത്ത കുറച്ചു കവറുകളുമായി മുറ്റത്തേയ്ക്ക് കയറി വന്നു…

ജയ അത് വാങ്ങി, കുട്ടികളുടെയും ആവണിയുടെയും കൈകളിലേയ്ക്ക് വെച്ചു കൊടുത്തു…

“ഞങ്ങളുടെ ഒരു സന്തോഷത്തിന്…. “

യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പ്രകാശ് രാജേഷിനോടായി പറഞ്ഞത്…

“രാജേഷിന് അറിയാവുന്ന, കൊള്ളാവുന്ന ഡ്രൈവർമാർ ആരേലും ഉണ്ടോ..? എന്റെ ഡ്രൈവർ സാബു, വർഷങ്ങളായി കൂടെയുള്ളവനാണ്..പക്ഷെ ആളിപ്പോൾ കുടുംബത്തോടെ നാട്ടിലേയ്ക്ക് തിരിച്ചു പോവുകയാണ്..അത്യാവശ്യമായി എനിക്ക് ഒരാളെ വേണം..ആരെങ്കിലും ഉണ്ടെങ്കിൽ പറയണം..”

രാജേഷ് ആവണിയെ നോക്കി..അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു …

രാജേഷ് പതിയെ പ്രകാശിനോടായി തലയാട്ടി…

ആവണിയ്ക്ക് ഏറെ മോഹം തോന്നിയ, കറുപ്പിൽ നേർത്ത ചുവന്ന കസവുള്ളൊരു സാരിയും ആ കവറിൽ ഉണ്ടായിരുന്നു….

~സൂര്യകാന്തി?