രണ്ടു മൂന്നു ദിവസം കഴിഞ്ഞു  രാധിക അലക്കിയ തുണികൾ അയയിൽ വിരിക്കുന്നതിനിടെയാണ് അപ്പുറത്തെ വീട്ടിലെ മതിലിനരികെ നിന്നും…

അവിഹിതം….

Story written by Jisha Raheesh

=============

“അവിടെ എഴുതേണ്ടത് അച്ഛന്റെ പേരാണ്….”

ജയ കൊടുത്ത അപ്ലിക്കേഷൻ ഫോം വാങ്ങി നോക്കിയ സുധാകരൻ മാഷ് തെല്ലമ്പരപ്പോടെ അവളെ നോക്കി..

“എന്റെ കുഞ്ഞിന്റെ അച്ഛന്റെ പേര് തന്നെയാ മാഷേ  ഞാൻ അതിൽ എഴുതിയിരിക്കുന്നത്…കണ്ടില്ലേ രാജേന്ദ്രൻ…”

സുധാകരൻ മാഷ് ഒന്ന് ഞെട്ടി തന്റെ മുൻപിൽ ഇരിക്കുന്ന വെളുത്തു മെലിഞ്ഞു സുന്ദരിയായ സ്ത്രീയെ കണ്ണടയ്ക്ക് മുകളിലൂടെ ഒന്ന് നോക്കി…

“ജയയുടെ ഭർത്താവിന്റെ പേര് പ്രകാശൻ എന്നല്ലേ…ആള് ഗൾഫിൽ അല്ലെ…”

“അതെ…”

ജയയുടെ മുഖത്തു കൂസലില്ലായ്മയായിരുന്നു..

“അപ്പോൾ ഇതിൽ എഴുതിയിരിക്കുന്നത്..?”

“അച്ഛന്റെ പേരല്ലേ അതിൽ ചോദിച്ചത്…ഞാൻ എന്റെ മോന്റെ അച്ഛന്റെ പേര് തന്നെയാണ് എഴുതിയിരിക്കുന്നത് ?”

ജയയുടെ വാക്കുകൾ ഉറച്ചതായിരുന്നു..സുധാകരൻ മാഷ് ചെന്നിയിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പ് ഇടതു കൈവിരൽ കൊണ്ട് തട്ടി തെറിപ്പിച്ചു കണ്ണട ഒന്നും കൂടെ ഉറപ്പിച്ചു വെച്ചു..

“ന്നാ ഞാൻ പൊയ്ക്കോട്ടേ മാഷേ…”

“ഉം…ശരി…”

അവർ എഴുന്നേറ്റു നടക്കുമ്പോൾ  അവരുടെ കൈ പിടിച്ചു നടക്കുന്നതിനിടെ തിരിഞ്ഞു നോക്കിയ കുഞ്ഞു മുഖത്തേക്ക് നോക്കിയപ്പോൾ മാഷിന്റെ ഉള്ളിൽ എന്തോ കൊളുത്തി വലിച്ചു..

ജയയെയും കുടുംബത്തെയും കുട്ടിക്കാലം മുതൽക്കേ സുധാകരൻ മാഷിന് അറിയാവുന്നതാണ്..ജയയുടെ ചേച്ചി രാധികയേയും അവരുടെ ഭർത്താവ് രാജേന്ദ്രനെയും മാഷിനറിയാം..

രാധികയുടെയും ജയയുടെയും അച്ഛൻ നേരത്തെ മരിച്ചു..അമ്മയാണ് അവരെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം..അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ള കുടുംബം…രാധികയുടെ വിവാഹം കഴിഞ്ഞു ഏറെ താമസിയാതെ ജയയുടെ വിവാഹവും കഴിഞ്ഞിരുന്നു..രാധികയുടെ ഭർത്താവ് രാജേന്ദ്രൻ ബാങ്ക് മാനേജരാണ്..ഒരു മകൾ..സന്തുഷ്ട കുടുംബം..

ജയയ്ക്കും പ്രകാശനും രണ്ടു മക്കൾ..അതിൽ രണ്ടാമത്തെ കുട്ടിയെ സ്കൂളിൽ ചേർത്താൻ വന്നതാണ് അവർ…

പക്ഷെ.. കുട്ടിയുടെ അച്ഛന്റെ പേര്…ഇത് പുറത്തറിഞ്ഞാൽ ഉണ്ടാവുന്ന ഭൂകമ്പം..അഡ്മിഷൻ ഫയൽ എത്ര ദിവസം പൂഴ്ത്തി വെക്കാൻ സാധിക്കും..നാട്ടിൻപുറത്തെ സ്കൂൾ..പരസ്പരം അറിയാവുന്ന അദ്ധ്യാപകരും കുട്ടികളും..

രണ്ടു മൂന്നു ദിവസം കഴിഞ്ഞു  രാധിക അലക്കിയ തുണികൾ അയയിൽ വിരിക്കുന്നതിനിടെയാണ് അപ്പുറത്തെ വീട്ടിലെ മതിലിനരികെ നിന്നും സൈനു താത്തയുടെ തല കണ്ടത്..സൈനു താത്ത ഇടയ്ക്കിടെ ഇങ്ങോട്ട് നോക്കുന്നുണ്ടെങ്കിലും തനിക്ക് മുഖം തരുന്നില്ലെന്നത് രാധിക തെല്ലമ്പരപ്പോടെയാണ് മനസ്സിലാക്കിയത്..

“ഈ സൈനുത്തയ്ക്കിതെന്ത് പറ്റി..അല്ലേൽ തന്നെ പുറത്ത് കാണേണ്ട താമസം പിടിച്ചു നിർത്തി കഥ പറയാൻ തുടങ്ങും…”

രാധിക മനസ്സിലോർത്തു….

തുണികളൊക്കെ വിരിച്ചിട്ട് ബക്കറ്റിലെ വെള്ളം വരമ്പിനപ്പുറത്തെ ചേമ്പിൻ ചുവട്ടിലേക്ക് നീട്ടിയൊഴിച്ചു മുഖം ഒന്ന് തുടച്ചു അകത്തേക്ക് കയറുന്നതിനിടെ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി രാധിക…

തൊട്ടിപ്പുറത്തെ നാരായണേട്ടന്റെ വീട്ടുമുറ്റത്ത് സുമതിയേടത്തിയും ജാനുവമ്മയും രമയും കൂടെ സംസാരിച്ചു നിൽക്കുന്നത് രാധിക കണ്ടു…അവർ തന്നെയാണ് നോക്കുന്നത്..രാധിക കണ്ടുവെന്ന് മനസ്സിലായതും പെട്ടെന്ന് തന്നെ അവർ നോട്ടം മാറ്റുന്നതും അവൾ കണ്ടു..

“ഇവർക്കൊക്കെ ഇതെന്ത് പറ്റി…?”

അകത്തേക്ക് നടക്കുന്നതിനിടെ അവളൊന്ന് സ്വയം പരിശോധിച്ചു..കുഴപ്പമൊന്നും ഇല്ല്യാലോ..ആ..

പണിയൊക്കെ ഒതുക്കി ഊണ് കഴിച്ചു അവൾ ടീവീ കണ്ടിരിക്കെ ചെറുതായി ഒന്ന് മയങ്ങിപ്പോയി..ഉണർന്നപ്പോൾ ഇത്തിരി വൈകി..ദേവു മോള് സ്കൂൾ വിട്ട് വരാറായി..തിടുക്കത്തിൽ എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു..

അവൾക്കേറെയിഷ്ടമുള്ള പഴം പൊരിയും ചായയും റെഡി ആയപ്പോഴേക്കും കാളിംഗ് ബെല്ലടിച്ചു..വാതിൽ തുറന്നപ്പോൾ ദേവൂട്ടിയുടെ മുഖത്ത് തെല്ലും തെളിച്ചമില്ല..വീർത്ത മുഖവുമായി വാതിൽക്കൽ നിൽക്കുന്ന തന്നെ തട്ടി മാറ്റി ദേവൂട്ടി അകത്തേക്ക് നടന്നപ്പോൾ രാധിക അന്ധാളിച്ച് നിന്നു…

കുറെ നേരം കഴിഞ്ഞിട്ടും ദേവൂട്ടി മേല് കഴുകി ചായയും ചോദിച്ചു അടുക്കളയിൽ എത്താതിരുന്നപ്പോഴാണ് അവളെയും തിരക്കി മുറിയിൽ എത്തിയത്..ഡ്രെസ്സൊന്നും മാറാതെ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണവൾ..

“എന്താണ് പറ്റിയത്…നിയ്യ് സ്കൂളിൽ വല്ലതും ഒപ്പിച്ചോ ദേവൂട്ടിയേ ..?”

ചെറുചിരിയോടെ താൻ ചോദിച്ചതും അവൾ മുഖം തിരിച്ചു തന്നെയൊന്ന് നോക്കി..

“ന്റെ അച്ഛൻ തന്നെയാണോ കണ്ണന്റെയും അച്ഛൻ..?”

കേട്ടത് തെറ്റിപ്പോയോ..അതോ ദേവൂട്ടി പറഞ്ഞതോ..?

“ന്ത്..?”

“എന്റെ അച്ഛൻ രാജേന്ദ്രൻ തന്നെയാണോ കണ്ണന്റെയും അച്ഛൻന്ന്..?”

“ഡീ നീയ്യ് എന്തൊക്കെയാ ഈ പറയണത്..കണ്ണന്റെ അച്ഛൻ പ്രകാശനല്ലേ..?”

തെല്ലരിശത്തോടെയാണ് ചോദിച്ചത്..അവൾ കുറച്ച് നേരം ഒന്നും മിണ്ടിയില്ല..പിന്നെ നേർത്ത ശബ്ദത്തിൽ പറഞ്ഞു…

“അപ്പോൾ മാളൂം അനൂം ഒക്കെ പറഞ്ഞതോ..?”

“ന്ത് പറഞ്ഞുന്നാ…?”

വെറുതെയെങ്കിലും ഉള്ളൊന്ന് പിടഞ്ഞത് അവളെ അറിയിക്കാതെയാണ് ചോദിച്ചത്…

“എല്ലാരും പറയണൂ കണ്ണനൂം അച്ഛന്റെ മോനാന്ന്…”

“എന്തൊക്കെയാ ദേവൂട്ടി നീയ്യ് ഈ പറയുന്നേ..എനിക്കൊന്നും മനസ്സിലാവുന്നില്ല..”

“ഞാൻ ഇത്രയും നേരം പറഞ്ഞിട്ടും അമ്മയ്ക്ക് ഒന്നും മനസ്സിലായില്ലേ..അച്ഛന്റെ മോനാണ് കണ്ണനുമെന്ന്…”

ദേവൂട്ടിയുടെ ശബ്ദം കനത്തിരുന്നു..

“ആരാ നിന്നോട് ഈ വേണ്ടാതീനമൊക്കെ പറഞ്ഞത്..?”

“സ്കൂളിൽ എല്ലാരും പറയുന്നു..”

രാധികയ്ക്ക് ശരീരം കുഴയുന്നത് പോലെ തോന്നി..അവൾ മെല്ലെ ഹാളിലേക്ക് നടന്നു..സോഫയിലേക്ക് വീണു..

അവളുടെ മനസ്സിൽ മറവിയിലേക്ക് തള്ളി വിട്ട പല രംഗങ്ങളും ഓർമ്മ വന്നു..പ്രകാശൻ ഗൾഫിലേക്ക് തിരിച്ചു പോയ ഉടനെയാണ് ജയ രണ്ടാമതും ഗർഭിണിയായത്..ഡേറ്റിനെ പറ്റി ചില സംശയങ്ങൾ തോന്നിയിരുന്നെങ്കിലും ജയയുടെ വാക്കുകളെ വിശ്വസിക്കാനേ ആവുമായിരുന്നുള്ളൂ..അഞ്ചു വയസ്സിനിളയ അനിയത്തിയ്ക്ക് ചേച്ചിയായിരുന്നില്ല..അമ്മയായിരുന്നു..അച്ഛനില്ലാതെ വളർന്ന പെണ്മക്കൾക്കും അമ്മയ്ക്കും ഒരു മനസ്സായിരുന്നു..നാളിത് വരെ ഒരു ചീത്തപ്പേരും കേൾപ്പിച്ചിട്ടില്ല..

കുഞ്ഞുന്നാൾ മുതൽ എന്ത് കിട്ടിയാലും ജയയ്‌ക്ക് വേണ്ടി മാറ്റി വെക്കുന്ന തനിക്ക് കുഞ്ഞനുജത്തി ജീവനായിരുന്നു..ജയ ഇത്തിരി വാശിക്കാരിയായിരുന്നു..തന്നേക്കാൾ ഇത്തിരി നിറവും ഭംഗിയുമൊക്കെ ജയയ്ക്കായിരുന്നു..അഭിമാനമേ തോന്നിയിട്ടുള്ളൂ എന്നും..എൻ്റെ കുഞ്ഞല്ലേ അവൾ..

ജയയും രാജേട്ടനും…

രാധികയ്ക്ക് നെഞ്ച് പുകയുന്നത് പോലെ തോന്നി..ശ്വാസം മുട്ടുന്നു..

ഏട്ടനില്ലാത്ത ജയയ്ക്ക് രാജേട്ടൻ സ്വന്തം സഹോദരൻ തന്നെയായിരുന്നു..എപ്പോഴും ചിരി കളികളും തമാശയും..അത്രയൊന്നും റൊമാന്റിക് അല്ലാത്ത കുറച്ചു ഉൾവലിഞ്ഞ പ്രകൃതമുള്ള തന്നെക്കാൾ  എപ്പോഴും പൊട്ടിത്തെറിച്ചു നടന്നിരുന്ന ജയയുടെ സ്വഭാവമായിരുന്നു രാജേട്ടനും ഇഷ്ടം..പക്ഷെ..എന്റെ ദേവൂട്ടിയുടെ അച്ഛനും ജയയും..

തൊണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് വരാത്ത നിലവിളി മിഴികൾ പുകച്ചെങ്കിലും നിറച്ചില്ല..കേട്ടത് ഉൾക്കൊള്ളാനായില്ലെങ്കിലും  മനപ്പൂർവം ശ്രെദ്ധിക്കാതെ ഇരുന്ന കാര്യങ്ങൾ ഇപ്പോൾ ഓരോന്നായി ഓർമ്മയിലേക്ക് വിരുന്നു വരുന്നു..

എന്ത് കാര്യത്തിനും ജയ രാജേട്ടനെയായിരുന്നു വിളിച്ചിരുന്നത്..കണ്ണനൊരു പനി വന്നാൽ പോലും ഡോക്ടറെ കാണിക്കാൻ രാജേട്ടനും ഉണ്ടാവും..പ്രകാശൻ ഇവിടെ ഇല്ലാത്തതല്ലേ..

പ്രകാശൻ..ഈ വാർത്ത അവൻ അറിഞ്ഞാൽ…

രാധികയുടെ ഉള്ള് നീറിപ്പുകഞ്ഞു കൊണ്ടേയിരുന്നു..

ജയയെ പ്രകാശന്റെ കൈയിൽ ഏൽപ്പിച്ചപ്പോൾ അമ്മയ്ക്ക് മാത്രമല്ല തനിക്കും സമാധാനമായിരുന്നു.. നല്ലവനായിരുന്നു..ഒരു ദുശീലവും ഇല്ലാത്തവൻ..കാണാനും സുന്ദരൻ രാജേട്ടനേക്കാൾ..

സഹോദരങ്ങളില്ലാത്ത പ്രകാശന് താൻ ചേച്ചിയായിരുന്നു..എന്നും ആ സ്നേഹവും ബഹുമാനവും തന്നിട്ടുണ്ട്..

തന്റെ വിവാഹം കഴിഞ്ഞു കുഞ്ഞുണ്ടാവാൻ ഇത്തിരി വൈകിയപ്പോൾ ആശ്വസിപ്പിച്ചതും ധൈര്യം തന്നതും ജയയായിരുന്നു..

“എല്ലാം വെറുതെയാവും. എനിക്കറിയില്ലേ എന്റെ രാജേട്ടനേയും ജയയെയും…രാജേട്ടൻ വരട്ടെ ഇതൊക്കെ കേൾക്കുമ്പോൾ പൊട്ടിച്ചിരിക്കും..”

രാധിക പിറുപിറുത്തു..

എന്നിട്ട് തന്നെ ചേർത്ത് നിർത്തി പറയും.. “എന്റെ പൊട്ടിക്കാളി നീയല്ലാതെ വേറെയാരെങ്കിലും ഇതിനൊക്കെ ചെവി കൊടുക്കുമോ..നീയല്ലാതെ ന്റെ ജീവിതത്തിൽ വേറെയാരെങ്കിലും ഉണ്ടോ പെണ്ണേ.. “

രാധികയുടെ ചുണ്ടിൽ സ്വയമറിയാതെ ഒരു പുഞ്ചിരി തെളിഞ്ഞു..

കുറെയേറെ കഴിഞ്ഞു ദേവൂട്ടി മേല് കഴുകി അടുക്കളയിലേക്ക് നടക്കുമ്പോഴും രാധിക സോഫയിൽ അതേ ഇരിപ്പായിരുന്നു..പഴംപൊരിയും ചായയും തണുത്തിരുന്നു..

അന്ന് രാത്രി പതിവിലും വൈകിയാണ് രാജേന്ദ്രൻ വന്നത്..മുറ്റത്തു ബൈക്ക് നിർത്തിയതും രാധിക ഞെട്ടിയെഴുന്നേറ്റ് കോലായിലേക്ക് ഓടി..അവൾ അയാളുടെ കൈയിലെ ബാഗ് വാങ്ങിയതും രാജേന്ദ്രൻ അവളെ നോക്കാതെ അകത്തേക്ക് നടന്നു..മ ദ്യത്തിന്റെ രൂക്ഷ ഗന്ധം..

ബാഗ് മേശപ്പുറത്തു വെച്ച് മുറിയിൽ ചെന്നപ്പോൾ രാജേന്ദ്രൻ ഷർട്ടിന്റെ ബട്ടൻസ് അഴിക്കുകയായിരുന്നു..അവൾ വാതിലിൽ ചാരി ഒരു നിമിഷം അത് നോക്കി നിന്നു…പിന്നെ പതിയെ വിളിച്ചു..

“രാജേട്ടാ..”

“ഉം..?”

തിരിഞ്ഞു നോക്കാതെ അയാൾ മൂളി..

“അത്..അത് ദേവൂട്ടി ഇന്ന് സ്കൂളിൽ നിന്നും വന്നപ്പോൾ നല്ല കരച്ചിലായിരുന്നു..”

അയാൾ മറുപടി ഒന്നും പറഞ്ഞില്ല അവളെ നോക്കിയതുമില്ല..രാധികയുടെ ശ്വാസഗതി വർദ്ധിച്ചു..

“കുട്ടികൾ എന്തൊക്കെയോ പറഞ്ഞെന്നും പറഞ്ഞു…കണ്ണന്റെ അച്ഛൻ രാജേ…”

എത്ര ശ്രെമിച്ചിട്ടും രാധികയ്ക്ക് വാക്കുകൾ തൊണ്ടയിൽ കുടുങ്ങി..ഉച്ചരിക്കാനാവുന്നില്ല..

അയാൾ അപ്പോഴും ഒന്നും മിണ്ടിയില്ല..

“രാജേട്ടാ…”

രാധികയുടെ ശബ്ദം നേർത്തിരുന്നു..

അയാൾ ഒന്ന് തിരിഞ്ഞു നോക്കി..

“സത്യമാണോ..കണ്ണന്റെ അച്ഛൻ രാജേട്ടനാണോ..?”

ഹൃദയം പൊട്ടുന്നത് പോലെ തോന്നിയെങ്കിലും ചോദിക്കാതിരിക്കാനാവുമായിരുന്നില്ല രാധികയ്ക്ക്..

അയാളുടെ പതറിയ നോട്ടത്തിലും മറുപടിയൊന്നും പറയാതെ തോർത്തുമെടുത്ത് ബാത്‌റൂമിലേക്കുള്ള നടത്തതിലും രാധികയ്ക്കുള്ള മറുപടി ഉണ്ടായിരുന്നു..

അവൾ ചുമരിലൂടെ നിലത്തേയ്ക്കൂർന്നിരുന്നു..ഹാളിനറ്റത്ത് എല്ലാം കണ്ടു നിന്നിരുന്ന ദേവൂട്ടി തന്റെ മുറിയിലേക്ക് തിരികെ നടന്നു..അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..തന്റെ ലോകം കണ്മുന്നിൽ തകർന്നു വീണത് ആ ഒൻപതാം ക്ലാസുകാരിയ്ക്ക് ഒരു ഷോക്കായിരുന്നു..

രാജേന്ദ്രൻ ബാത്‌റൂമിൽ നിന്നും തിരികെ വന്നപ്പോൾ രാധിക വെറും നിലത്ത് ചുരുണ്ടു കൂടി കിടക്കുകയായിരുന്നു..കണ്ണുകൾ ഇറുകെ അടച്ചിരുന്നെങ്കിലും അവൾ കരയുന്നുണ്ടായിരുന്നില്ല..അവളെ തൊടാനോ വിളിക്കാനോ ധൈര്യമില്ലാതെ അയാൾ കട്ടിലിൽ കയറി കിടന്നു…

ജയ..അവളൊരു ല ഹരിയായി മാറിയത് എപ്പോഴാണെന്നറിയില്ല..മനസ്സിനെ തിരുത്താൻ ശ്രെമിച്ചെങ്കിലുംസാധിച്ചില്ല..ജയ കൂടെ മുൻകൈ എടുത്തപ്പോൾ എല്ലാം കൈ വിട്ടു പോയി..ചിലപ്പോഴൊക്കെ രാധികയുടെ സ്നേഹം കാണുമ്പോൾ കുറ്റബോധം തോന്നാറുണ്ടെങ്കിലും ജയയോടുള്ള ഭ്രമം അതിലും ശക്തമായിരുന്നു..കണ്ണൻ ഉണ്ടായതിൽ പിന്നെയാണ് ജയയുടെ സ്വഭാവം മാറിത്തുടങ്ങിയത്..തന്നോടുള്ള പോസ്സസീവനെസ്സ്..ഭവിഷ്യത്തുകൾ എല്ലാം താൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചുവെങ്കിലും അവൾ അതൊന്നും അംഗീകരിക്കാൻ കൂട്ടാക്കിയില്ല..ചേച്ചിയുടെ ജീവിതം അവൾക്കൊരു പ്രശ്നമല്ലാതെയായിതീർന്നിരുന്നു..രാധികയെ ഇപ്പോഴും താൻ സ്നേഹിക്കുന്നുണ്ടെന്നു പറഞ്ഞു ജയ വഴക്കിട്ടതിന് കണക്കില്ല..പലപ്പോഴും രാധിക വീട്ടിൽ ഉള്ളപ്പോൾ തന്നെ തങ്ങൾ ഒന്ന് ചേർന്നിട്ടുണ്ട്

ഇടയ്ക്ക് അയാളൊന്ന് താഴേക്ക് എത്തി നോക്കിയപ്പോൾ  രാധിക അതേ കിടപ്പായിരുന്നു..

രാജേന്ദ്രൻ രാവിലെ എഴുന്നേൽക്കാൻ ഇത്തിരി വൈകിയിരുന്നു..കണ്ണുകൾ തുറന്നതും അയാൾ പിടഞ്ഞെഴുന്നേറ്റപ്പോൾ രാധിക മുറിയിൽ ഉണ്ടായിരുന്നില്ല..തിടുക്കത്തിൽ ഹാളിലേക്ക് നടന്നപ്പോൾ സോഫയിൽ ബാഗുമായി ഇരിക്കുന്ന അവൾക്കൊപ്പം സ്കൂൾ ബാഗുമിട്ട് ദേവൂട്ടിയും ഉണ്ടായിരുന്നു..രാജേന്ദ്രനെ കണ്ടതും രാധിക എഴുന്നേറ്റു അരികിലെത്തി..അയാളുടെ വലത് കൈയിലേക്ക് താലിയും അയാളുടെ പേരെഴുതിയ മോതിരവും വെയ്ക്കുമ്പോൾ രാധികയുടെ കൈ വിറച്ചില്ല..

“ഇതൊന്ന് ഏൽപ്പിക്കാൻ വേണ്ടി കാത്തു നിന്നതാണ്..ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ല..പോവുന്നു…”

അയാൾ ഞെട്ടലോടെ അവളെ നോക്കി..

“രാധൂ ഞാൻ..എനിക്ക്…”

രാധിക അയാളെ ഒന്ന് നോക്കി..ആ കണ്ണുകൾ കണ്ടതും രാജേന്ദ്രൻ തല കുനിച്ചു. രാധിക ബാഗുമായി പുറത്തേക്ക് നടന്നു..ഇത്തിരി കഴിഞ്ഞു അയാൾ മുഖമുയർത്തിയപ്പോൾ കണ്ടത് തന്നെ തന്നെ നോക്കി നിൽക്കുന്ന ദേവൂട്ടിയെ ആയിരുന്നു..കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും ആ മുഖത്തെ അവഞ്ജ അയാളെ പൊള്ളിച്ചു

വീടിനു പുറത്തിറങ്ങിയപ്പോൾ രാധിക ഒന്ന് തിരിഞ്ഞു നോക്കി..ചെറുതെങ്കിലും രാജേട്ടനൊപ്പം ജീവിതം തുടങ്ങിയ വീട്..ഇവിടെ മുക്കിലും മൂലയിലും ഓർമ്മകൾ ഉറങ്ങുന്നുണ്ട്..മുറ്റത്തു അവൾ നട്ടു നനച്ചു വളർത്തിയ ചെടികളിൽ നിറയെ വിടർന്നു നിൽക്കുന്ന പൂക്കൾ..ഉള്ളം നീറിയെങ്കിലും രാധിക ഗേറ്റിനരികിലേക്ക് നടന്നു..പിറകെ ദേവൂട്ടിയും..

ഓട്ടോറിക്ഷയിൽ കയറുമ്പോൾ ചുറ്റുമുള്ള മതിൽക്കെട്ടുകൾക്കപ്പുറം പല മിഴികളും തനിക്ക് നേരെയാണെന്നറിഞ്ഞിട്ടും അവൾ പതറിയില്ല..സഹതാപം അവൾക്കാവശ്യമുണ്ടായിരുന്നില്ല..

സ്വന്തം വീടിന്റെ മുൻപിൽ ബാഗുമായി ഇറങ്ങുമ്പോൾ ഉള്ളം പിടച്ചത് അമ്മയെ ഓർത്തായിരുന്നു..ചെന്നു കയറിയപ്പോൾ വാതിൽ തുറന്നു കോലായിലേക്കിറങ്ങിയ അമ്മയുടെ മുഖം കല്ലിച്ചിരുന്നു..എല്ലാമറിഞ്ഞു കാണണം..ഒന്നും പറയാതെ അമ്മയ്‌ക്ക് പിറകെ അകത്തേക്ക് നടന്നു..വാതിലടച്ചിട്ടാണ് അമ്മ കെട്ടിപ്പിടിച്ചത്..അമ്മയുടെയും ദേവൂട്ടിയുടെയും കരച്ചിൽ കണ്ടപ്പോൾ കണ്ണുനീർ വന്നില്ല…കുറച്ചേറെ കഴിഞ്ഞു മുറിയിൽ കയറി വാതിലടച്ചപ്പോൾ നിയന്ത്രണം വിട്ടുപോയി..കരഞ്ഞു..മതിയാവോളം..ജീവനു തുല്യം സ്നേഹിച്ചിരുന്നവരുടെ ചതി മനസ്സിനെ തകർത്തു കളയും..

റൂമിൽ നിന്നിറങ്ങാതെ രണ്ടാമത്തെ ദിവസവും കടന്നു പോയപ്പോൾ അമ്മ അരികെ വന്നു..

“അച്ഛൻ മരിച്ച രണ്ട് പെണ്മക്കളെ വളർത്തി വലുതാക്കിയവളാണ് അമ്മ..നിനക്കൊരു മകളുണ്ട്…”

ആ വാക്കുകളായിരുന്നു മനസ്സിനെ പിടിച്ചു നിർത്തിയത്..

നാലാം ദിവസവും ഇടതടവില്ലാതെ  ഫോൺ ശബ്ദിച്ചപ്പോൾ കേബിൾ ഊരിയിട്ടു..

രാവിലെ ഭക്ഷണം പാകം ചെയ്തു ദേവൂട്ടിയെ നിർബന്ധിച്ചു സ്കൂളിലേക്ക്  വിട്ട് വേഷം മാറി ഒരു പേഴ്‌സുമായി അമ്മയ്ക്കരികിൽ എത്തി പറഞ്ഞു..

“എനിക്കൊന്നു പുറത്ത് പോണം…”

സംശയം നിറഞ്ഞ നോട്ടം കണ്ടപ്പോൾ വരണ്ട ചിരിയോടെ പറഞ്ഞു..

“പേടിക്കണ്ട..ഞാൻ അരുതാത്തതൊന്നും ചെയ്യാൻ പോണില്ല..എനിക്കൊരു മോളുണ്ട്..”

ഏറെ അലഞ്ഞു വിയർത്തു കുളിച്ചാണ് അഡ്വക്കേറ്റ് ബീനാ തോമസിന്റെ വീടിനു മുൻപിൽ എത്തിയത്..കാളിംഗ് ബെൽ അടിച്ചപ്പോൾ പുറത്തെത്തിയ ആൾ ചേർത്ത് പിടിച്ചാണ് അകത്തേക്ക് നടന്നത്..പ്രിയകൂട്ടുകാരിയോട് എല്ലാം പറഞ്ഞപ്പോൾ അവൾക്കും മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല..ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്തു  തിരികെ ഇറങ്ങുമ്പോൾ വേദനയെക്കാളേറെ ജീവിതത്തിലെ പുഴുവരിച്ച ഒരു ഭാഗം വെട്ടി മാറ്റുന്ന  ആശ്വാസമായിരുന്നു..മുറിവുണങ്ങാൻ സമയമെടുക്കും..എങ്കിലും..

റാങ്കോടെ തന്നെ എൽ എൽ ബി പാസായിട്ടും രാജേട്ടനൊപ്പമുള്ള ജീവിതം തുടങ്ങിയപ്പോൾ വക്കീൽ എന്ന മോഹം കേട്ടടങ്ങിയിരുന്നു..ആവോളം സ്നേഹവും അല്ലലില്ലാത്ത ജീവിതവും എന്നും ഉണ്ടാവുമെന്ന് കരുതിപ്പോയി..

പ്രകാശൻ നാട്ടിലെത്തിയിട്ടുണ്ടെന്ന് അമ്മ പറഞ്ഞാണ് അറിഞ്ഞത്..രണ്ടു മക്കളുടെയും ജീവിതം കൈ വിട്ടു പോയത് അമ്മയെ നന്നായി ഉലച്ചിട്ടുണ്ട്..

പിറ്റേന്ന് അടുക്കളയിൽ നിൽക്കുമ്പോഴാണ് ഉമ്മറത്തു ബഹളം കേട്ടത്..

ബാഗും തൂക്കി ജയയും മക്കളും..അഞ്ചാം ക്ലാസുകാരൻ അപ്പുവിന്റെ അടുത്ത് നിൽക്കുന്ന കണ്ണന്റെ നിഷ്കളങ്കമായ മുഖത്ത് നോക്കിയപ്പോൾ എത്ര തടഞ്ഞിട്ടും  മനസ്സ് രാജേട്ടനുമായുള്ള സാമ്യങ്ങൾ തേടി..അടക്കിപ്പിടിച്ചിട്ടും നോവുണർന്നു..

വീട്ടിൽ കയറ്റില്ലെന്ന് അമ്മ തറപ്പിച്ചു പറഞ്ഞത് കേട്ട് മുറ്റത്തു തന്നെ നിൽക്കുന്ന ജയയെയും മക്കളെയും കണ്ടപ്പോൾ പറയാതിരുന്നാനായില്ല…

“മക്കൾ അകത്തേക്ക് വാ..”

പിന്നെ അമ്മയോടായി പറഞ്ഞൂ..

“അവളുടെ കൂടെ വീടല്ലേ ഇത്..”

പക്ഷെ അമ്മ വഴങ്ങിയില്ല..അമ്മയുടെ നിശ്ചയദാർഢ്യത്തിന് മുൻപിൽ മക്കളെ അവിടെ നിർത്തി ജയ തിരികെ പോയി..

രാജേട്ടന്റെ അടുത്തേയ്ക്കാണ് പോയതെന്ന് പിന്നീടറിഞ്ഞു..മ്യൂച്ചൽ ഡിവോഴ്സ് കിട്ടിയ അന്ന് ജയ വന്നു മക്കളെ കൂട്ടികൊണ്ട് പോയി..വീട്ടിലേക്ക് കയറിയില്ല..

ബീനയോടൊപ്പം പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയ ദിവസങ്ങളിലൊന്നിൽ രാജേട്ടന്റെയും ജയയുടെയും രജിസ്റ്റർ മാര്യേജ് കഴിഞ്ഞന്നറിഞ്ഞപ്പോൾ കണ്ണൊന്നു പുകഞ്ഞ പോലെ തോന്നിയെങ്കിലും തുള്ളികൾ പുറത്ത് വന്നില്ല..

ഓഫീസിലെ തിരക്കുകൾക്കിടയിൽ എല്ലാം മറക്കാൻ ശ്രെമിച്ചു  ജീവിതം മുൻപോട്ട് കൊണ്ടു പോവുന്നതിനിടെയാണ് വീണ്ടും വിധിയുടെ തിരിച്ചടി..അമ്മ..വഴുക്കലുള്ള കിണറ്റിൻ കരയിൽ നിന്നും കാൽ വഴുതി കിണറ്റിൽ വീണതാവാമെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രെമിച്ചെങ്കിലും മനസ്സ് തകർന്നു ചെയ്തതാവമെന്ന പിറുപിറുക്കലുകൾ ചുറ്റുമുയർന്നത് കേട്ടിരുന്നു..

മരിച്ചാൽ പോലും വരരുതെന്ന അമ്മയുടെ വാക്ക് അനുസരിച്ച ജയയുടെ അഭാവത്തിൽ കണ്ണുകളടച്ചു ശാന്തമായി ഉറങ്ങുന്ന അമ്മയുടെ ശരീരത്തിന് മുൻപിൽ തേങ്ങുന്ന ദേവൂട്ടിയ്ക്കൊപ്പം ഇരിക്കുമ്പോൾ കട്ടിലിനരികിൽ വായ്ക്കത്തി വെച്ച് രണ്ടു പെണ്മക്കളേയും ചേർത്ത് പിടിച്ചുറങ്ങുന്ന അമ്മയെ ഓർമ്മ വന്നു..

ജീവിതം പിന്നെയും മുൻപോട്ടെഴുകി..ഒരിക്കൽ ദേവൂട്ടിയുടെ പിറന്നാളിന് അവൾക്കായി ഡ്രെസ്സെടുക്കാൻ ഒരു ഷോപ്പിൽ കയറിയപ്പോഴാണ് പരിചിതമായ ആ മുഖം കണ്ടത്..കാണാത്തത് പോലെ മുഖം ഒളിപ്പിക്കാൻ ശ്രെമിച്ചെങ്കിലും ആ കണ്ണുകൾ തന്നിലെത്തിയിരുന്നു..

“രാധേച്ചി..”

തെല്ലും കാലുഷ്യമില്ലാത്ത ചിരിയോടെ  അരികിലെത്തിയ പ്രകാശനൊപ്പം ഐശ്വര്യമുള്ള ഒരു സ്ത്രീയും ഉണ്ടായിരുന്നു..അവന്റെ ഭാര്യ..

“ഹേമേ ഇത് രാധേച്ചി..ജയയുടെ ചേച്ചി..”

ഹേമ ഒന്ന് പുഞ്ചിരിച്ചു..ശാന്തമായ മുഖഭാവം..

അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഓർത്തത് അപ്പുവിനെ ആയിരുന്നു..കോടതിയിൽ വെച്ച് അമ്മയോടൊപ്പം പോകണമെന്ന് പറഞ്ഞെങ്കിലും പ്രകാശൻ ഇടക്കിടെ അപ്പുവിനെ കാണാൻ സ്കൂളിൽ ചെല്ലാറുണ്ടെന്ന് അറിഞ്ഞിരുന്നു..ആരോടും സംസാരിക്കാതെ  തന്നിലേക്ക് ഒതുങ്ങിയ അപ്പു പതിയെ വിഷാദ രോഗത്തിന് അടിപ്പെടുന്നത് അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല..ജയ എന്നും സ്നേഹവും വാത്സല്യവുമൊക്കെ കൊടുത്തിരുന്നത് കണ്ണനായിരുന്നു..

ജോലിയ്ക്ക് പോയി തുടങ്ങിയപ്പോഴായിരുന്നു ജീവിതത്തിൽ വീണ്ടും വർണ്ണങ്ങൾ തിരികെ വന്നത്…വിധവയ്ക്ക് തുല്യമായ വേഷങ്ങൾ അഴിച്ചു വെച്ച് നിറച്ചാർത്തിനെ സ്നേഹിച്ചു തുടങ്ങി..വീണ്ടും പൊട്ടു കുത്തി മിതമായിട്ടാണെങ്കിലും ആഭരണങ്ങളും അണിഞ്ഞു..ഒറ്റയ്ക്കായി പോയ പെണ്ണിന് താൽക്കാലികമായും സ്ഥിരമായും കൂട്ട് തരാൻ വന്നവരെ പാടേ അവഗണിച്ചു..

ആഘോഷങ്ങളിൽ നിന്നും വിട്ട് നിന്നെങ്കിലും തനിക്ക് ചുറ്റുമുള്ളവരെല്ലാം സന്തോഷമായി ജീവിക്കുന്നുണ്ടല്ലോയെന്ന് മനസ്സ് മന്ത്രിച്ചപ്പോഴാണ്  ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്..ഒരുപാട് തിളക്കമില്ലെങ്കിലും കസവുകരയുള്ള സാരിയുടുത്ത് പ്രസന്നമായ മുഖത്തോടെ കല്യാണത്തിന് എത്തിയ തന്നെ കണ്ടുള്ള അമ്പരപ്പ് ജയയുടെ മുഖത്ത് മിന്നി മാഞ്ഞു..ചുറ്റുമുള്ളവരുടെ കണ്ണുകൾ തന്നിലാണെന്ന് അറിഞ്ഞു പതറാത്ത ചുവടുകളോടെ പുതിയ ഭർത്താവിനോടും കുട്ടികളോടും ഒപ്പം നിൽക്കുന്ന അവൾക്കരികെയെത്തി..രണ്ടുപേരും കുറച്ച് തടിച്ചിട്ടുണ്ട്..മക്കളെ തലോടി കുശലം പറയുന്നതിനിടയിൽ തന്നെ പാളി നോക്കുന്ന രാജേട്ടനെ നോക്കി പുഞ്ചിരിക്കാൻ മടിച്ചില്ല..ജയയോട് വന്നിട്ട് കുറേ സമയം ആയോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോൾ അവളുടെ സ്വരം ചെറുതായി ഒന്നിടറിയത് അറിഞ്ഞിരുന്നു..

തുടക്കത്തിൽ കണ്ണനോടുൾപ്പടെ വിദ്വേഷം കാണിച്ചിരുന്ന ദേവുമോളെ പറഞ്ഞു തിരുത്തിയത് താൻ തന്നെയായിരുന്നു..ഒരിക്കൽ പോലും അച്ഛനോടും ചിറ്റയോടും പക വെച്ച് പെരുമാറാൻ വഴി വെച്ചില്ല..ഒരു വാക്ക് പോലും മോശമായി പറഞ്ഞു കൊടുത്തിട്ടില്ല..പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കുന്ന അവൾക്ക് കാര്യങ്ങൾ മനസ്സിലാക്കി പെരുമാറാൻ പഠിപ്പിച്ചു കൊടുത്തിട്ടുണ്ടായിരുന്നു..മകളെന്ന പേരിൽ അവൾക്ക് കിട്ടേണ്ടുന്ന സ്നേഹമോ അവകാശമോ തടഞ്ഞു വെച്ചിട്ടില്ല..

ആരെയും കാത്തു നിൽക്കാതെ തിരിയുന്ന കാലചക്രത്തിനിടയിൽ രാജേട്ടൻ മുഴുക്കുടിയനായത് കാലത്തിന്റെ തിരിച്ചടിയായി കാണാൻ കഴിഞ്ഞില്ല..

പഠിച്ചൊരു ജോലി നേടി ദേവൂട്ടി സ്വന്തം ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ അത്യാർഭാടമില്ലാതെ അവളുടെ വിവാഹം നടത്തി..അച്ഛന്റെയോ മകളുടെയോ അവകാശങ്ങൾക്ക് തടസ്സമായി നിന്നില്ല..കാണുമ്പോഴൊക്കെ എന്തോ സംസാരിക്കാൻ തുടങ്ങിയിട്ടും പറയാനാവാതെ നിന്നിരുന്ന രാജേട്ടന്റെ വാക്കുകൾ മൗനമായി പറഞ്ഞത് മാപ്പ് എന്നായിരുന്നുവെന്ന് മനസ്സിലായിരുന്നു..പക്ഷെ അതെനിക്ക് ആവശ്യമില്ലായിരുന്നു..

മുഴുകുടിയനായ രാജേട്ടൻ അസുഖം ബാധിച്ച് കിടപ്പിലായി മരിച്ചപ്പോൾ കടബാധ്യത കൊണ്ട് കിടപ്പാടം വരെ നഷ്ടമായ ജയയെക്കാളും, നല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നിട്ടും തല തിരിഞ്ഞു പോയ കണ്ണനെക്കാളും എനിക്ക് എന്നും വേദന തോന്നിയിരുന്നത് അപ്പുവിനെ കാണുമ്പോഴാണ്..ആരോടും മിണ്ടാതെ തന്നിലേക്ക് ഒതുങ്ങിയവൻ..ഒറ്റപ്പെട്ടു പോയവൻ..ശരിക്കും അവനായിരുന്നു വിധിയുടെ ബലിമൃ ഗം..

~സൂര്യകാന്തി ?