രാത്രിയിലൊരു സ്ത്രീയുടെ കരച്ചിലും വീടാകെ നിറയുന്ന അത്തറിന്റെ മണവും ജാക്കിയുടെ സ്വഭാവമാറ്റവും എങ്ങനെയെങ്കിലും വീടൊന്ന് മാറിയാൽ മതിയെന്നായി…

മണൽകാറ്റ് പറഞ്ഞ കഥകൾ

Story written by Lis Lona

===========

“ന്റെ കൃഷ്ണാ ചതിക്കല്ലേ…”

വാതിലിനു മുൻപിൽ നിന്ന് രണ്ടുവട്ടമായി  ഉള്ളംകൈയിലേക്ക് ഊതി നോക്കുന്നു…ആകെ രണ്ട് പെ ഗ്ഗെ ഉള്ളൂന്നാണ് ഓർമ്മ….വ്യഴാഴ്ച്ചയല്ലേ കൂട്ടുകാരുടെ കൂടെ ഒരു പാർട്ടി…

ആ കുരിപ്പ്..വേറെയാരും അല്ല, ന്റെ കെട്ട്യോള് കണ്ടുപിടിക്കാതിരിക്കാൻ നല്ലൊന്നാന്തരം പാരച്ചൂട്ട് വെളിച്ചെണ്ണ വായിലൊഴിച്ചു കുൽക്കുഴിഞ്ഞു , അതും തൃപ്തിയാവാതെ രണ്ട്‌ സെന്റർഫ്രഷ് ച്യുയിങ്ങവും  ചവച്ചുതുപ്പിയാണ് വന്നേക്കുന്നെ….

നേരം കുറച്ചായല്ലോ ഇവളിതെന്ത് ചെയ്യുന്നു…കാളിങ് ബെല്ലടിച്ചിട്ട്  പത്തു പതിനഞ്ചു മിനിറ്റ് ആയി…ദേഷ്യപ്പെടാനും  നിവൃത്തിയില്ല…രണ്ടുമാസത്തെ ഗർഭാലസ്യത്തിലാണ്  ആള്…

കയ്യിലുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് വാതിൽ  തുറക്കാൻ നോക്കിയപ്പോ കീഹോളിനകത്തവൾ അകത്തുനിന്നും ചാവി ഇട്ടു വച്ചേക്കുന്നു…

ഇനി ഞാൻ എത്താൻ വൈകിയത് കൊണ്ട് ഉറക്കമായോ…ഇന്നൊന്നു നല്ലവണ്ണം ഉറങ്ങണം….അലറാം വെക്കണോ..ഓ അകത്തുകിടക്കുന്ന വോ ഡ്കയുടെ ശക്തി…ചിന്തകൾ പോകുന്നത് പലവഴിക്കാ..

ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്തപ്പോഴേ മനസിലായി നേരം വൈകിയതിന്റെ സിഗ്നലാണ് മിസ് കാളിന് പകരം മുഴുവൻ കാൾ…

“എത്ര നേരായി ബെല്ലടിക്കുന്നു മോളൊന്ന് വാതിൽ തുറന്നേ…” ഫോണെടുത്തതും ഒറ്റ ശ്വാസത്തിലാണത് പറഞ്ഞത്…

അപ്പുറത്തുനിന്നുള്ള മറുപടി കേട്ടതും ഞാൻ ഒന്നുകൂടി ഫ്ലാറ്റിന്റെ നമ്പർ നോക്കി…ചതിച്ചു ഭഗവാനേ!!! രണ്ടാഴ്ച്ച മുൻപ് ഫ്ലാറ്റ് മാറി വില്ലയിലേക്ക് പോയത് മറന്നു കളയാനും മാത്രം സ് മ്രിനോഫ് മിടുക്കനോ….

“നിശാന്തേട്ടാ നിങ്ങളിതെവിടെയാണ്…ചോയ്ക്കണത് കേട്ടില്ലേ ?ഞാൻ ദേ വാതിലും തുറന്ന് നില്ക്കാണ്…”

അനുപമയുടെ സ്വരം വ്യക്തമായി ചെവിയിൽ വീണതും ഞാൻ തല കുടഞ്ഞു…

“അത് മോളു ഞാൻ ചുമ്മാ…നിന്നെ പറ്റിക്കാൻ…നോക്ക് ദേ എത്തി ഒരു ഇരുപതു മിനുട്ട്…”

ഫോൺ കട്ടാക്കി ഞാൻ പോക്കറ്റിലേക്കിട്ട് വിട്ടടിച്ചു പുതിയ വീട്ടിലേക്ക്.

രണ്ടു പെ ഗ്ഗ് അടിക്കാൻ കയറിയതാ കൂട്ടുകാരുടെ കൂടെ..പുതിയ ജോലിയും വീടുമൊക്കെ ആയതിന്റെ പാർട്ടി വേണമെന്ന് പറഞ്ഞു അവന്മാരെന്നെ കുറച്ചു ദിവസായി ശല്യം ചെയ്യുന്നു…ഒരു ലേശം അധികമായോന്നൊരു സംശയം ഇല്ലാതില്ല….

ഭാഗ്യം!! പഴയ ഫ്ലാറ്റിൽ ആരും താമസക്കാർ വരാഞ്ഞത്…അല്ലെങ്കിൽ നാട്ടിൽ കിട്ടാഞ്ഞ അടി ദുബായിൽ കിട്ടിയേരുന്നു…

പുതിയ വീടിനു മുൻപിൽ കാർ നിർത്തി ഒന്നുകൂടി ഉള്ളംകയ്യിലേക്കൂതി നോക്കി ഞാനിറങ്ങി…ഇത്തിരി വൈകുമെന്ന് സന്ധ്യക്കെ വിളിച്ചു പറഞ്ഞതാ…പക്ഷേ ആ ‘ഇത്തിരി’ പോയി ഇപ്പൊ കാറിനുള്ളിൽ 12 മണി തെളിഞ്ഞു കാണിക്കുന്നുണ്ട്…

ഇരുപത് മിനുട്ട് പറഞ്ഞത് കൊണ്ടാണോ വാതിലു തുറന്നിട്ടേക്കണത് എന്ന് മനസ്സിലോർത്തെയുള്ളു ആളിരിപ്പുണ്ട് പുറം തിരിഞ്ഞു സോഫയിൽ ടീവിയും കണ്ട്…

“താനെന്താടോ സൗണ്ട് വയ്ക്കാതെ കാണുന്നെ…ഒരഞ്ചു മിനിറ്റ് കേട്ടോ ഞാനൊന്നു കുളിച്ചു ഓടി വരാം…വിശന്നു കുടല് കത്തുന്നു….”

ഒരു മറുപടിയും കാണാതിരുന്നപ്പോഴേ തലയിൽ വെള്ളിടി വെട്ടി…ദൈവമേ!!! എന്റെ വീക്കെൻഡ്…വെള്ളിയും ശനിയും കാത്തോളണേ…

പിന്നിലൂടെ ചെന്ന് മുടിയുയർത്തി കെട്ടിയ പിൻകഴുത്തിൽ അമർത്തിയൊരുമ്മ കൊടുത്തിട്ടും ഒരു മൂളൽ മാത്രം…കഴുത്തിന് പിന്നിൽ ചുണ്ട് തൊട്ടാലേ ഇ ക്കിളിയായി കുലുങ്ങി ചിരിക്കുന്ന പെണ്ണാണ്…മതി കുളിച്ചു വരുന്നതാ ബുദ്ധി…

“ഏതാടോ ഈ പെർഫ്യൂം…അത്തറാണോ…സൂപ്പർ സ്മെൽ ആണേ “

ഞാനകത്തേക്ക് നടന്നു…പെ ഗ്ഗിനു കൂട്ടായി എന്തൊക്കെയോ വലിച്ചു വാരിതിന്ന് ഉറക്കം വന്നിട്ട് വയ്യ, പക്ഷേ അവളുണ്ടാക്കിയത് കുറച്ചെങ്കിലും കഴിച്ചില്ലെങ്കിൽ സങ്കടമാകും…പാവം….അതുകൊണ്ടാണ് വിശക്കുന്നെന്ന്   പറഞ്ഞത്…

മുറിയിലെത്തി മേശക്ക് മുകളിലേക്ക് ഫോണും വാച്ചുമെല്ലാം എടുത്ത് വച്ച ശേഷം സോക്സ്‌‌ ഊരി കഴുകാനുള്ള ബക്കറ്റിലേക്കിട്ട് ഷർട്ടിന്റെ ബട്ടൻസ് ഊരുമ്പോളാണ് ബെഡിൽ വശം ചെരിഞ്ഞു അനു കിടക്കുന്നത് കണ്ടത്…

ഹോ…തലക്ക് നല്ലോണം പിടിച്ചു..അല്ലെങ്കിൽ അവളീ മുറിയിലേക്ക് വന്നത് അറിഞ്ഞേനെ….ഒച്ചയുണ്ടാക്കാതെ വാഷ്‌റൂമിന്റെ വാതിൽ തുറന്നതും അവളെഴുന്നേറ്റു…

“ഏട്ടനെപ്പോഴെത്തി…ഒന്ന് വിളിക്കാർന്നില്ലേ..ഞാനൊന്നു മയങ്ങിപ്പോയി…”

തലക്ക് ഒരു കൊട്ട് കിട്ടിയതുപോലെ…അപ്പൊ അകത്തിരുന്ന് ടീവി കണ്ടതോ…നിർത്തി ഇന്നത്തോടെ നിർത്തി ക ള്ളുകുടി…ഇങ്ങനേം തലക്ക് പിടിക്കോ..

സാരമില്ല നീ കിടന്നോ ന്നും പറഞ്ഞു ഒന്ന് പുഞ്ചിരിച്ചും കൊണ്ട് ഞാനോടി ഷവറിനു താഴേക്ക്…കുറെ നേരം വെള്ളം തലയിൽ വീണപ്പോഴേ ഒരുന്മേഷമായി…

കല്യാണം കഴിഞ്ഞു മൂന്നാം മാസം ഈ മണലാരണ്യത്തിലേക്ക് കൂട്ടിയതാണ് അവളെ…കൊല്ലമിപ്പോ മൂന്നു കഴിഞ്ഞു…ആദ്യത്തെ രണ്ടുകൊല്ലം ജീവിതം ആഘോഷിക്കാനായി കുഞ്ഞുങ്ങളെ വേണ്ടെന്നു വച്ചതാ…പിന്നെ ഗർഭിണിയായത് കുഞ്ഞിന് വളർച്ചയില്ലാതെ അ ബോർഷനായി, അതെല്ലാം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോൾ  പ്രാർഥനകൾക്കൊടുവിൽ ദൈവം കനിഞ്ഞു തന്നതാണ് ഇപ്പോഴത്തെ വിശേഷം…

കുളി കഴിഞ്ഞു വന്ന് നോക്കിയപ്പോൾ ആള് പിന്നേം നല്ല ഉറക്കമാണ്…പാവം ശർദിയും ക്ഷീണവുമൊക്കെ ഉള്ളതുകൊണ്ടാകും…മെല്ലെ അവളെയുണർത്താതെ നെറ്റിയിലൊരുമ്മ കൊടുത്ത്‌ കാലിൽ പുതപ്പിട്ടു കൊടുത്തു…

തൊണ്ട വരളുന്നു….കുറച്ചു തണുത്ത വെള്ളം കുടിക്കാമെന്ന് കരുതി അടുക്കളയിലെത്തി ഫ്രിഡ്ജ് തുറന്നതും വീണ്ടും അതേ അത്തറിന്റെ മണം..

മനുഷ്യന്റെ സമാധാനം കളയാൻ….ഈ വാസനയും ഉള്ളിലുള്ള വോഡ്കയും കൂടി ആയിരിക്കും നേരത്തെ അവളെ കണ്ടപോലെയുള്ള തോന്നലുണ്ടായത്…

സിറ്റ്ഔട്ടിലെ കുഞ്ഞു സോഫയിൽ ജാക്കി കിടന്നുറങ്ങുന്നുണ്ട്…കുഞ്ഞുങ്ങളാകാൻ വൈകിയപ്പോൾ അനു കണ്ടെത്തിയതാണ് ആറുമാസമുള്ള കുഞ്ഞു പഗ്ഗിനെ…

തിരികെ മുറിയിലെത്തി കൊച്ചുകുഞ്ഞിനെ പോലെ കവിളിൽ രണ്ടുകയ്യും ചേർത്ത് ചെരിഞ്ഞു കിടന്നുറങ്ങുന്ന അവളെയും കെട്ടിപിടിച്ചു ഞാനും ഉറങ്ങാൻ കിടന്നു…

ആരോ നിലവിളിച്ചുകൊണ്ട് പിന്നാലെ ഓടിവരുന്നുണ്ട്…എന്റെ പേര് ഉറക്കെ വിളിക്കുന്നത് കേട്ട് ഞാൻ നിന്നപ്പോഴേക്കും  ശക്തിയോടെ അവരെന്നെ തള്ളിയിട്ടു…ഉരുണ്ടുരുണ്ട് താഴെയുള്ള കൊക്കയിലേക്ക് വീഴാതിരിക്കാനുള്ള കഠിനശ്രമത്തിനൊടുവിൽ ഞാൻ കണ്ണ് തുറന്നു …

ഇതെവിടാണ് ഞാൻ !!ഏതാ സ്ഥലം!! ഹോ സ്വപ്‌നമായിരുന്നോ….കിടക്കവിരിയിൽ അള്ളിപ്പിടിച്ചു ഇരിക്കയാണ് ഞാൻ കൊക്കയിലേക്ക് വീഴാതിരിക്കാൻ ….സമയം നോക്കിയപ്പോൾ പുലർച്ചെ മൂന്നുമണി…കണ്ണാണെങ്കിൽ പുളിച്ചിട്ട് ശരിക്ക് തുറക്കാൻ പോലും പറ്റുന്നില്ല…

സ്വപ്നമല്ല…എന്തോ ശബ്ദം കേൾക്കാനുണ്ട്..ഇനി ജാക്കിയാണോ….ഒന്ന് ചെന്ന് നോക്കാനായി എഴുന്നേറ്റതും ഒപ്പം അനുവും എഴുന്നേറ്റു…

“നീ കിടന്നോ ഞാൻ ജാക്കിയെ ഒന്ന് നോക്കി വരാം…അവന്  വിശന്നിട്ടാവും ചിലപ്പോൾ…”

ഹാളിലെത്തിയപ്പോൾ ആകെ നിശബ്ദത….അവനെയാണെങ്കിൽ  കിടക്കുന്നിടത്തു കാണാനുമില്ല…ലൈറ്റിടാതെ തന്നെ അവൻ കിടക്കുന്നിടത്തേക്ക് നടന്നതും ചുവരരികിൽ എന്തിനെയോ നോക്കി അമർത്തിയ ശബ്ദത്തിൽ മുരളുന്ന അവനെ ഞാൻ കണ്ടു…

ചുവരിൽ പതിപ്പിച്ച നിലക്കണ്ണാടിയിലേക്ക് തുറിച്ചു നോക്കി ഞാൻ വിളിച്ചിട്ടും എന്നെ ശ്രദ്ധിക്കാതെ  ഇരുപ്പാണവൻ..

“മതിയെടാ…രാത്രിയിൽ ഭംഗി നോക്കിയത് …”

അവനെ എടുക്കാനായി കുനിയുന്നതിനിടയിലെന്റെ കണ്ണുകൾ അറിയാതെ കണ്ണാടിയിൽ പതിഞ്ഞതും കറന്റടിച്ച പോലെ ഞെട്ടിത്തരിച്ചു കൊണ്ട് വിറയലോടെ  ഞാൻ പുറകോട്ട് ചാടി മാറി…

രണ്ട് കണ്ണുകൾ കണ്ണാടിക്കുള്ളിൽ നിന്നെന്നെ തുറിച്ചു നോക്കുന്നു…ചോ രചുവപ്പുള്ള ആ കണ്ണുകളിൽ നിഴലിച്ച ക്രൂ രത കണ്ണിൽനിന്നും മായുന്നില്ല…

എനിക്ക് തോന്നിയതാണോ…പെട്ടെന്നൊരു നിസ്സഹായാവസ്ഥ ശരീരം കീഴടക്കിയപോലെ..എങ്കിലും ധൈര്യം സംഭരിച്ചു ഞാൻ ഒന്നുകൂടി നോക്കി…ഒന്നുമില്ല…

വോഡ്കയുടെ തരിപ്പെല്ലാം ആവിയായി പോയപോലെ…ജാക്കിയെ എടുത്ത് അവന്റെ സോഫയിൽ കിടത്തി ഞാനകത്തേക്ക് നടന്നു…

രാവിലെയുണർന്നപ്പോൾ രാത്രി നടന്നതൊന്നും അറിയാതെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്ന അനുവിനെ കണ്ടപ്പോൾ മനസിലായി വെള്ളമടിച്ചു വന്നത് അവളറിഞ്ഞിട്ടില്ല…..

അവൾക്ക് മുൻപിൽ നിന്ന്  മണമില്ലാത്ത മ ദ്യം കഴിച്ചാൽ പിടിക്കപ്പെടാനുള്ള ചാൻസ് കുറവാണെന്ന് പറഞ്ഞുതന്ന കൂട്ടുകാരന് മനസ്സിൽ ഞാൻ നൂറുവട്ടം നന്ദി പറഞ്ഞു.

രണ്ടുദിവസത്തെ അവധിയാഘോഷവും അനുവിന്റെ ശർദിയും ക്ഷീണവുമൊക്കെയായി വെള്ളിയും ശനിയും കടന്ന് പോയി…അതിനുശേഷം ഞാൻ ജോലിക്കും പോയിത്തുടങ്ങിയതോടെ അന്നത്തെ രാത്രിയിലെ സംഭവങ്ങൾ മറവിയിലായി….

ഒരുദിവസം വൈകുന്നേരം വീട്ടിലെത്തിയതേ അനു പരാതിപെട്ടി തുറന്നു…കണ്ണാടിയിലേക്ക് നോക്കി വെറുതെ കുരച്ചു കൊണ്ടിരുന്ന ജാക്കിയോട് അവൾ ദേഷ്യപ്പെട്ട്  മിണ്ടാതെ നില്ക്കാൻ പറഞ്ഞതിന് ആദ്യമായി അവൻ അനുവിന് നേരെ ഉപദ്രവിക്കാൻ ചെന്നെന്ന്…

പിന്നെയുമെന്തൊക്കെയോ പറയാനുള്ളത് പോലെ  അസ്വസ്ഥയായി അനു എനിക്ക് മുന്പിലിരുന്നു…ജാക്കി രണ്ടു ദിവസമായി ചില സമയങ്ങളിൽ വല്ലാതെ അക്ര മാസക്തനാകുന്നു…എപ്പോഴും മുരണ്ടു കൊണ്ട് കണ്ണാടിക്ക് മുൻപിലോ ചുവരിലോ നോക്കി നിൽക്കുന്നത് കാണാമെന്ന്…

തനിച്ചായിരിക്കുമ്പോൾ അവളെക്കൂടാതെ വേറെയാരോ വീട്ടിലുള്ളപോലൊരു തോന്നലവൾക്ക് ശക്തമാണെന്ന്…വീടിനകത്തു നടക്കുമ്പോഴെല്ലാം ഒരു നിഴലനക്കം പിൻതുടരുന്ന പോലെയെന്ന്…

എനിക്കുണ്ടായ അനുഭവം ഞാൻ പറഞ്ഞാൽ അവളാകെ പേടിക്കുമെന്നുള്ളത് കൊണ്ട് ഞാനൊന്നും മിണ്ടിയില്ല മാത്രമല്ല അത് അന്ന് ഫിറ്റായതാണോ എന്നും ഉറപ്പില്ലല്ലോ…

ഒക്കെ തോന്നലായിരിക്കുമെന്ന് അവളെ സമാധാനിപ്പിക്കുമ്പോഴും എന്റെ മനസിലുമുണ്ടായിരുന്നു ഈ വീടൊരു സുഖമില്ലല്ലോയെന്ന്…

പിന്നീടങ്ങോട്ടുള്ള ഓരോദിവസവും പുതിയ അനുഭവങ്ങളായിരുന്നു ഞങ്ങളെ എതിരേറ്റത്…

രാത്രിയിലൊരു സ്ത്രീയുടെ കരച്ചിലും വീടാകെ നിറയുന്ന അത്തറിന്റെ മണവും ജാക്കിയുടെ സ്വഭാവമാറ്റവും എങ്ങനെയെങ്കിലും വീടൊന്ന് മാറിയാൽ മതിയെന്നായി…

മേശപ്പുറത്തു വക്കുന്ന പേഴ്‌സ് കാണാതെ തിരയുമ്പോൾ ഫ്രിഡ്ജിനു മുകളിൽ കാണുന്നതും അടുക്കളയിൽ തട്ടി മറിഞ്ഞു വീഴുന്ന പാത്രങ്ങളുടെ ഒച്ചയെ പറ്റിയും കൂട്ടുകാരനോട് പറഞ്ഞതിന് അവനെന്നോട് ഭാര്യയെ ഒന്ന് മെന്റൽ ഡോക്ടറെ കാണിക്കാൻ പറഞ്ഞത് സങ്കടത്തോടെ കേട്ടിരിക്കാനേ കഴിഞ്ഞുള്ളു….

അതിനുള്ള വിശദീകരണം തരാനായി മണിച്ചിത്രത്താഴിന്റെ കഥയവനെന്നെ ഓർമിപ്പിച്ചു…

ആരോട് പറഞ്ഞാലും കളിയാക്കുന്ന അവസ്ഥ…ദുബായിൽ പ്രേതമോ?? ഇനി വല്ല അറബിപ്രേതമാണോ?? നീ അനുവിന് എന്തെങ്കിലും പ്രശ്നമുണ്ടോന്ന് നോക്ക്….

പക്ഷേ ഉപദേശം തരുന്നവരും കളിയാക്കി പറയുന്നവരാരും ഞങ്ങളെ ഒന്ന് സമാധാനിപ്പിക്കാൻ പോലും വീട്ടിലേക്ക് എത്തിനോക്കാത്ത  അവസ്ഥ. 

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അനുവല്ല അതിന് പിന്നിലെന്ന് എനിക്കുറപ്പായിരുന്നു…എന്നാലും വീട്ടുകാർ കൂടി നിർബന്ധിച്ചപ്പോൾ ഒടുവിൽ ഒരു ഡോക്ടറെ കാണാനായി തീരുമാനിച്ചു.

പോകുന്നതിന്റെ തലേ ദിവസം രാത്രി ജാക്കിക്ക് ഭക്ഷണം കൊടുക്കാനായി ഞാനടുക്കളയിലേക്ക്  ചെന്നതാണ്…പെട്ടെന്ന് ആരോയെന്റെ  പിന്നിലുണ്ടെന്ന ഒരു തോന്നൽ വന്നതും കാൽവിരലുകളിൽ നിന്നും ഭയം അരിച്ചു കയറാൻ തുടങ്ങി…

മുന്നോട്ട് പോകാനാകാതെ ഞാൻ നിന്നു…തിരിഞ്ഞു നോക്കാനുള്ള ധൈര്യമില്ല…കഴുത്തിന് പിന്നിൽ ഒരു നിഴലനക്കം പോലെ….ഹൃദയമിടിപ്പ് ഉച്ചത്തിലായതും ഞാൻ തിരിഞ്ഞു നോക്കി…ആരുമില്ല…

എല്ലാം തോന്നലാകും…ഉള്ളിൽ പേടിയുള്ളത് കൊണ്ട് അത് തന്നെയാണ് ചിന്ത…ലൈറ്റിടാനായി സ്വിച്ചിനു നേരെ  കൈ നീട്ടിയതും വീണ്ടുമതേ തോന്നൽ…സമാധാനത്തിനായി തിരിഞ്ഞു നോക്കും മുൻപേ കാതിൽ ചൂടുള്ള ശ്വാസോച്ഛാസം പതിഞ്ഞു…അടിവയറ്റിൽ നിന്നുമൊരാന്തൽ തൊണ്ടയിലെത്തി തടഞ്ഞു…സ്വരം പുറത്തേക്ക് വരുന്നില്ല…പിന്നിലൊരു രൂപം….ഇപ്പൊ ഹൃദയമിടിപ്പ് നിൽക്കുമെന്ന് തോന്നിയതും ഞാൻ കയ്യെത്തിച്ചു ലൈറ്റിട്ടു….ആരുമില്ല…

മുറിയിലെത്തിയിട്ടും എന്റെ വിറയൽ മാറുന്നില്ല…അവളോട് പറയാനുള്ള ധൈര്യവുമില്ല…

ആറുമാസമെങ്കിലുമാകാതെ വീടൊഴിയാൻ ഇതിന്റെ ഉടമസ്ഥൻ സമ്മതിക്കുമോ ആവോ…എന്ത്‌ ചെയ്യുമെന്ന ചിന്തയിലെങ്ങനെയോ നേരം വെളുപ്പിച്ചു…

രാവിലെ തന്നെ സുഖമില്ലെന്ന് പറഞ്ഞു ഓഫിസിലേക്ക് വിളിച്ചു ലീവ് പറഞ്ഞു വീട് ശരിയാക്കി തന്ന ഏജന്റിനെ കാണാനായി പോയി….

അയാൾക്കൊന്നുമറിയില്ല, വരുന്ന വീട്ടുകാരെല്ലാം മൂന്നോ നാലോ മാസം കഴിയുമ്പോൾ വീട് ഒഴിഞ്ഞു പോകുന്നു…ആര് പോയാലും പുതിയ ആൾക്കാരെ വീട്ടിലെത്തിക്കുമ്പോൾ അയാൾക്ക് കമ്മീഷൻ കിട്ടും അതേ അയാൾക്ക് വേണ്ടു. അയാൾ കയ്യൊഴിഞ്ഞു…

കൂട്ടുകാരനായ ഒരു പാകിസ്താനിയോട് കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞശേഷം മനസ്സ്‌ തകർന്ന പോലെയുള്ള എന്റെയിരുപ്പ്  കണ്ട് മനസ്സലിഞ്ഞിട്ടാണോ അവനെനിക്കൊരു ഉത്തരേന്ത്യക്കാരന്റെ നമ്പർ തന്നു….

പിറ്റേന്നേ അയാൾ വീട്ടിലെത്തി…സിദ്ദു…അതായിരുന്നു അയാളുടെ പേര്…പേടിക്കാനൊന്നുമില്ലെന്നും ചിലയിടങ്ങളിലെ കാന്തികശക്തിയോ പോസറ്റീവ് എനെർജിയോ ഇങ്ങനെയൊരു തോന്നലുണ്ടാക്കുമെന്നും  പറഞ്ഞു ദിക്ക് നോക്കാനായി വടക്കുനോക്കിയന്ത്രമെടുത്തു ഊണുമേശക്ക് മുകളിലായി വച്ചു…

വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷം വീണ്ടുമതെടുത്തു നോക്കുന്ന സിദ്ധുവിന്റെ നെറ്റിത്തടങ്ങളിൽ വിയർപ്പ് കിനിയുന്നത്  സംശയദൃഷ്ടിയോടെ ഞങ്ങളും നോക്കിനിന്നു….

ഒരു ദിക്കും കാണിക്കാതെ ആരോ പിടിച്ചു വച്ച പോലെ അതിനുള്ളിൽ സൂചിയിരുന്നു വിറക്കുന്നു…വീടിനുള്ളിലെ ഏത് ഭാഗത്തു വച്ചാലും അതുതന്നെ അവസ്ഥ…പുറത്തേക്കിറങ്ങിയാൽ ഒരു കുഴപ്പവുമില്ല…

പറ്റുമെങ്കിൽ വീട് മാറുന്നതായിരിക്കും നല്ലതെന്നും നല്ലതല്ലാത്തൊരു ശക്തി വീടിനുള്ളിലുണ്ടെന്നും പറഞ്ഞു അയാളിറങ്ങിപോയി..

പുറത്തു നിന്ന് അനുവിനെയും ചേർത്തുപിടിച്ചു വീടിനു നേർക്ക് നോക്കി നിൽക്കുമ്പോൾ ഞാനോർത്തത് ഈ മാസത്തെ ശമ്പളം കിട്ടാതെ പുതിയൊരു വീടെങ്ങനെയെടുക്കുമെന്നായിരുന്നു….

“ഏട്ടാ എനിക്കെന്തോ ആകെ പേടിയാകുന്നു അകത്തേക്ക് പോകാൻ…നോക്ക് ജാക്കി പുറത്തു നടക്കുമ്പോൾ എന്ത്‌ സന്തോഷത്തിലാണ്…എന്തെങ്കിലും പറ്റി  ഈ കുഞ്ഞു കൂടി നഷ്ടപ്പെട്ടാൽ ഞാൻ പിന്നെ….”

മുഴുവൻ പറയാനവളെ അനുവദിക്കാതെ ആ ചുണ്ടുകളിൽ ഞാൻ ചുണ്ടമർത്തി…ചേർത്ത് പിടിക്കുമ്പോൾ കേൾക്കാം ഭയം കൊണ്ട് പതിവിൽ  കൂടുതൽ വേഗതയിൽ മിടിക്കുന്ന അവളുടെ നെഞ്ചിടിപ്പ്…

എന്ത് തന്നെയായാലും പത്തുദിവസമെങ്കിലും തുടരണം ഈ വീട്ടിൽ…കയ്യിലുള്ള പൈസക്ക് പുതിയ വീടെടുക്കാനാവില്ല….

അനുവിനെ തനിച്ചാക്കി എങ്ങനെ ഓഫിസിലേക്ക് പോകും. എന്തായാലും വേണ്ടില്ല ഞാൻ ഏജന്റിനെ വിളിച്ചു പറഞ്ഞു വീടൊഴിയാൻ പോകുകയാണെന്ന് .

പിറ്റേന്ന് അവളെയും ജാക്കിയെയും ഞാനെന്റെ കൂട്ടുകാരന്റെ ഫ്ലാറ്റിലാക്കി ഓഫിസിലേക്കെത്തിയതും ഏജന്റ് എന്നെ കാണാനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു…

പത്തു വർഷം മുൻപേ ഇവിടം പിടിച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യം…ജോലിനഷ്ടപെട്ടു ഒരുപാട്പേർക്ക്  നാട്ടിലേക്ക് മടങ്ങേണ്ടി വന്നു…പക്ഷേ ചിലർക്ക് ആ മടക്കം ഒന്നുമില്ലായ്മയിൽ നിന്നും പിന്നെയും പാതാളത്തിലേക്ക് പോകുന്ന അവസ്ഥയായിരുന്നു….

കഷ്ടപ്പെട്ട് പടുത്തുയർത്തിയ സ്വർഗം കൺമുൻപിൽ തകർന്നു വീഴുന്നത് കണ്ട് പിടിച്ചുനിൽക്കാൻ കഴിയാതെ ആ വീട്ടിൽ താമസിച്ചിരുന്ന ആന്ധ്രക്കാരൻ ഭാര്യയെയും കുഞ്ഞിനേയും കൂടെ കൂട്ടി ജീവിതമവസാനിപ്പിച്ചു….

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആ പെണ്ണ് ഗർഭിണിയായിരുന്നെന്നും മൃ തശരീരങ്ങൾ നാട്ടിലേക്കയക്കാനുള്ള ചിലവ് കൂടുതലായത് കൊണ്ട് ആരും ഏറ്റെടുക്കാനില്ലാതെ ഒടുവിലവരെ ഇവിടെത്തന്നെ അടക്കിയ കഥയും അയാൾ പറഞ്ഞവസാനിപ്പിച്ചു…

പിന്നീടൊരുപാട്  മാസങ്ങൾ വീട് പൂട്ടിയിട്ടെങ്കിലും  പുതിയൊരാൾ അതേറ്റെടുത്തു വാടകക്ക് നൽകാൻ തുടങ്ങി. പക്ഷേ ഒരാൾ പോലും ഒരു വർഷത്തെ കാലാവധി പൂർത്തിയാക്കാതെ വീടൊഴിഞ്ഞു…

വൈകുന്നേരം അനുവിനെ കൂട്ടി ഞാൻ വീട്ടിലേക്ക് മടങ്ങി…ഒന്നും ചെയ്യാനാകാതെ മുറിയിൽ അടച്ചുപൂട്ടി ഇരിക്കുമ്പോഴും  മനസ്സിൽ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കഴിയാതെ പോയ ആ ജീവിതങ്ങളോടുള്ള പ്രാര്ഥനയായിരുന്നു…

ആരുമറിയാത്ത കുറച്ചു കഥകൾ ഇവിടുള്ള മണൽക്കാറ്റിനുണ്ടെന്നു മനസ്സിലോർത്തു ഞാൻ അനുവിനെ നോക്കി…

കുറച്ചു ദിവസങ്ങളായുള്ള ഭയം തിങ്ങിയ നിമിഷങ്ങളും ശാരീരിക അവശതകളും അവളെ  വല്ലാതെ തളർത്തിയിരിക്കുന്നു…

എന്റെ ചുമലിലേക്ക് തല വച്ച് ഉറങ്ങുന്നതിനിടയിലും രണ്ട് കൈകളും ചേർത്ത് ഇറുക്കിയെന്നെ കെട്ടിപിടിച്ചിരിക്കുന്ന ആ ഉടലെന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ പേടി… 

മനുഷ്യൻ തന്നെയാണ് മനുഷ്യനെ ഇല്ലാതാക്കി  ആത്മാവാക്കുന്നത് അല്ലാതെ ആത്മാക്കൾ ഒരു മനുഷ്യനെയും  ആത്മാവാക്കാറില്ലെന്ന്  മനസ്സ്‌ പറയുന്നുണ്ടെങ്കിലും ഭാര്യയെയും കുഞ്ഞിനെയും സ്നേഹിക്കുന്ന ഏതൊരു ഭർത്താവിനെ പോലെയും ഞാനും ചിന്തിച്ചു….

ഇന്ന് ഈ വീട്ടിൽ നിന്നും ഞങ്ങളിറങ്ങുകയാണ് സമാധാനം പ്രതീക്ഷിച്ചു മറ്റൊരിടത്തേക്ക്…

എല്ലാ സാധനങ്ങളും കയറ്റിയ വണ്ടിയെപ്പോഴോ പോയി, അവൾക്കേറ്റവും ഇഷ്ടമുള്ള കൃഷ്ണവിഗ്രഹം എടുക്കാൻ  മറന്നെന്ന് പറഞ്ഞു അകത്തേക്ക് പോയതാണ് അനു…

അവൾക്കായി കാത്തിരിക്കുന്ന എന്റെ പിന്നിലെ സീറ്റിലപ്പോൾ വീടിനകത്തേക്ക് തുറിച്ചുനോക്കി നിൽക്കുന്ന ജാക്കിയുടെ കണ്ണുകൾ എന്തിനെയോ കണ്ട് ഭയന്നിരുന്നു….

~ലിസ് ലോന