Story written by Saji Thaiparambu
===========
നിഷാദേ..പാസ്പോർട്ടും ടിക്കറ്റുമൊക്കെ എടുത്തിട്ടുണ്ടല്ലോ, എല്ലാം ഒന്ന് കൂടി ചെക്ക് ചെയ്തേക്കണേ
ഗൾഫിലേക്ക് പോകാനുള്ള ബാഗുകൾ കാറിൻ്റെ ഡിക്കിയിലേക്ക് കയറ്റി വയ്ക്കുമ്പോൾ അളിയൻ ചോദിച്ചു.
സംശയ നിവാരണത്തിനായി ഞാനൊരിക്കൽ കൂടി ചെറിയ തോൾബാഗിൻ്റെ സിബ്ബ് തുറന്ന് നോക്കി.
എല്ലാം ഭദ്രമായി തന്നെയുണ്ട്
എങ്കിൽ വേഗം ഇറങ്ങാൻ നോക്ക്, രാത്രി രണ്ട് മണിക്കെങ്കിലും എയർപോർട്ടിലെത്തണമെന്നാണ് ഏജൻ്റ് പറഞ്ഞത്, വഴിയിലെങ്ങാനും ഒരു പണി കിട്ടിയാൽ പിന്നെ സമയത്തവിടെ എത്താൻ കഴിയില്ല
അളിയൻ ധൃതിവച്ചപ്പോൾ എല്ലാവരോടും യാത്ര ചോദിച്ച് ഞാൻ കാറിലേക്ക് കയറി
വണ്ടി മുന്നോട്ടെടുക്കുമ്പോൾ ഒരിക്കൽ കൂടി ഞാനെൻ്റെ വീട്ടിലേക്ക് തിരിഞ്ഞു നോക്കി
കണ്ണീരുമായി ഉമ്മയും, ഉള്ളിൽ സങ്കടമുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ബലം പിടിച്ച് നില്ക്കുന്ന ഉപ്പയും, സിറ്റൗട്ടിൽ തന്നെ നില്പുണ്ട്
അവരെ കണ്ട് കഴിഞ്ഞ് നോട്ടം പിൻവലിക്കാനൊരുങ്ങുമ്പോഴാണ് ഉമ്മയുടെ പുറകിൽ നിന്ന് രണ്ട് വിടർന്ന കണ്ണുകൾ എന്നെ കൊളുത്തി വലിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അത് അവളായിരുന്നു , നൂർജഹാൻ. എൻ്റെ മാമയുടെ മകള് ,
കഴിഞ്ഞ ഒരു മാസം മുൻപ് വരെ ഞങ്ങള് വെറും കളിക്കൂട്ടുകാര് മാത്രമായിരുന്നു. പക്ഷേ പെട്ടെന്നൊരു ദിവസം ഉമ്മയ്ക്കൊരു പൂതി, എന്നെക്കൊണ്ട് നൂർജഹാനെ നിക്കാഹ് കഴിപ്പിക്കണമെന്ന്…
കാര്യമറിഞ്ഞ മാമയ്ക്കും അമ്മായിക്കുമൊക്കെ നൂറു വെട്ടം സമ്മതം,
അവളുടെ ഡിഗ്രി പഠിത്തം പൂർത്തിയാകാൻ ഇനിയും ഒരു ഒന്നൊന്നര വർഷം കൂടെയുണ്ടല്ലോ? അത് കൊണ്ട് നീ വേണമെങ്കിൽ ഒന്ന് കൂടി പോയിട്ട് വാ, എന്നിട്ട് നാടടച്ച് വിളിച്ച് നിങ്ങടെ കല്യാണം നമുക്ക് കെങ്കേമമായിട്ട് നടത്താമെന്ന്, ഉപ്പ പറഞ്ഞത് കൊണ്ടാണ് ഞാൻ വീണ്ടും ഗൾഫിലേക്ക് പോകുന്നത്
നിഷാദേ..ചവിട്ടി വിട്ടോ ഇപ്പോൾ തന്നെ ഒരു പാട് താമസിച്ചു
ഞങ്ങളോടൊപ്പം എയർപോർട്ടിലേക്ക് വന്ന എൻ്റെ കൂട്ടുകാരൻ ഷിഹാബ് എന്നോട് പറഞ്ഞു
സ്പീഡോമീറ്ററിലേ സൂചി, എഴുപതിൽ നിന്നും എൺപതും കഴിഞ്ഞ് തൊണ്ണൂറിലെത്തിയിട്ടും ഞാൻ വലത് കാല് ആക്സിലേറ്ററിൽ വീണ്ടും അമർത്തി കൊണ്ടിരുന്നു
വന്ന സ്പീഡിൽ തന്നെ കാറ് ആലുവാ പാലമിറങ്ങുമ്പോഴാണ്, പെട്ടെന്ന് ഇടത് വശത്തെ പോക്കറ്റ് റോഡിൽ നിന്നും പൊടുന്നനെ ഒരു പെൺകുട്ടി സ്കൂട്ടറുമായി, ഞങ്ങടെ കാറിൻ്റെ മുന്നിലേക്ക് കയറി വന്നത്
വണ്ടിയുടെ ബ്രേക്കിൽ ഞാനാഞ്ഞ് ചവിട്ടിയെങ്കിലും സ്കൂട്ടറിൻ്റെ വലത് ഭാഗത്ത് ശക്തമായി കാറിടിച്ച് കഴിഞ്ഞിരുന്നു
കുറച്ച് കൂടി മുന്നോട്ട് മാറി ഞരങ്ങിനിന്ന കാറിൽ നിന്നും ഞങ്ങളെല്ലാവരും ചാടിയിറങ്ങി. സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണ ആ പെൺകുട്ടിയുടെ അരികിലെത്തി
കൂട്ടുകാരൻ ഷിഹാബ് ചരിഞ്ഞ് കിടക്കുന്ന അവളുടെ മൂക്കിൽ കൈവച്ച് നോക്കി
നിഷാദേ…അനക്കമൊന്നുമില്ല. ഇത് വളളിക്കെട്ടാകുമെന്നാണ് തോന്നുന്നത്. നമ്മളിതിനെയുമെടുത്ത് ഹോസ്പിറ്റലിൽ ചെന്നാൽ ആകെ പൊല്ലാപ്പാകും. നിനക്ക് ഗൾഫിൽ പോകേണ്ടതല്ലേ? മണി പതിനൊന്നരയായില്ലേ? രാത്രിയായത് കൊണ്ട് ആരും കണ്ടിട്ടില്ല, നമുക്ക് പതിയെ സ്കൂട്ടാകാം അതാണ് നല്ലത്
എന്ന് വച്ച് വഴിയിലുപേക്ഷിച്ച് പോകാനോ? അത് തെറ്റല്ലേ ഷിഹാബേ..ആശുപത്രിയിലെത്തിച്ചാൽ ചിലപ്പോൾ ജീവൻ രക്ഷിക്കാൻ കഴിഞ്ഞാലോ
ഞാൻ ചോദിച്ചു
പക്ഷേ, അപ്പോഴേക്കും ഫ്ളൈറ്റിനുള്ള സമയം കഴിയില്ലെ?
ഷിഹാബ് തിരിച്ച് ചോദിച്ചു
അതിനൊരു വഴിയുണ്ട്, നീയാദ്യം വണ്ടിയെടുക്ക്, എന്നിട്ട് അടുത്ത ജംഗ്ഷനിലെ കൊയിൻ ബോക്സിൽ നിന്നും കൺട്രോൾ റൂമിലേക്ക് വിളിച്ച് ആലുവ പാലത്തിനടുത്ത് അജ്ഞാത വാഹനമിടിച്ചൊരു പെൺകുട്ടി വഴിയിൽ ചോര വാർന്ന് കിടപ്പുണ്ടെന്ന് പറയാം
അതാകുമ്പോൾ നമ്മുടെ കാര്യവും നടക്കും അവര് വന്ന് ആൺ പെൺകുട്ടിയുടെ ജീവനും രക്ഷിക്കും…
അളിയനാണ് ആ ബുദ്ധി പറഞ്ഞത്, പക്ഷേ എന്നിട്ടും മനസ്താപത്തോടെ നിന്ന എന്നെ നിർബന്ധിച്ച് കൊണ്ട് അളിയനും ഷിഹാബും കൂടി കാറിൽ കയറ്റിയിരുത്തി
പോകുന്ന വഴിയിൽ ഒരു പബ്ളിക് ബൂത്ത് കണ്ട് അളിയനിറങ്ങി പോകുകയും അഞ്ച് മിനുട്ട് കഴിഞ്ഞ് തിരിച്ച് വരികയും ചെയ്തു
എന്തായി അളിയാ കൺട്രോൾ റൂമിൽ വിളിച്ച് പറഞ്ഞോ?
ഞാൻ ആകാംക്ഷയോടെ ചോദിച്ചു
എല്ലാം പറഞ്ഞിട്ടുണ്ട്, അവരെന്നോട് പേരും അഡ്രസ്സും ചോദിച്ചപ്പോൾ ഞാൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തിട്ട് ഇറങ്ങി വന്നതാണ്, നീ വേഗം വണ്ടി വിട്
കുറ്റബോധത്തോടെ ഞാൻ എയർപോർട്ട് ലക്ഷ്യമാക്കി കാറോടിച്ചു.
പിറ്റേന്ന് ദുബായിലെത്തിയ ഞാൻ ഷിഹാബിനെ വിളിച്ചിട്ട് ആ പെൺകുട്ടിക്ക് എന്ത് പറ്റിയെന്ന് അന്വേഷിക്കാൻ പറഞ്ഞു
പിറ്റേന്ന് വൈകുന്നേരത്തോടെ ഷിഹാബ് എന്നെ തിരിച്ച് വിളിച്ചു
ഡാ….അവളിപ്പോഴും സിറ്റി ഹോസ്പിറ്റലിലെ ഐസിയുവിൽ തന്നെയാണ്. അവളുടെ പേര് മുംതാസെന്നാണ്, അവിടുത്തെ എക്സ്റേ യൂണിറ്റിലാണ് എൻ്റെ ഇളയ പെങ്ങള് റജുല വർക്ക് ചെയ്യുന്നത്, അവള് പറഞ്ഞറിഞ്ഞതാണ്. ആ കുട്ടിക്ക് നട്ടെല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന്, അരയ്ക്ക് കീഴ്പോട്ട് ചലനശേഷി നഷ്ടപ്പെട്ടെന്നാണ് അവള് പറഞ്ഞത്. വല്ലാത്ത കഷ്ടമായിപ്പോയെടാ…അവളുടെ കല്യാണ നിശ്ചയം കഴിഞ്ഞിരിക്കുവായിരുന്നു. ഇനിയിപ്പോൾ അത് നടക്കാൻ സാധ്യതയില്ലെന്നാണ് അവളുടെ ബന്ധുക്കളുടെ സംസാരത്തിൽ നിന്ന് റജുലയ്ക്ക് മനസ്സിലായതെന്നും അവള് പറഞ്ഞു.
അത് കേട്ടപ്പോൾ കുറ്റബോധം കൊണ്ട് എൻ്റെ നെഞ്ച് നീറുകയായിരുന്നു.
അല്ല ഷിഹാബേ….ആ സമയത്തെന്തിനാണ് അവളൊറ്റയ്ക്കവിടെയെത്തിയത്
അതും ഞാൻ ചോദിച്ചു, സംഭവം നടന്നയിടത്ത് നിന്ന് അര കിലോമീറ്റർ മുൻപിലായിരുന്നു അവളുടെ വീട് , വീട്ടിൽ അവളും ഉമ്മയും മാത്രമാണുണ്ടായിരുന്നത്. കച്ചവടക്കാരനായ അവളുടെ ഉപ്പ കോയമ്പത്തൂര് സാധനമെടുക്കാൻ ചെന്നപ്പോൾ, കൈയ്യിലിരുന്ന പേഴ്സ് ആരോ അടിച്ചോണ്ട് പോയി, ഒടുവിൽ രാത്രി ഭക്ഷണം കഴിക്കാനോ ഒരു റൂം എടുക്കാനോ തിരിച്ച് നാട്ടിൽ വരാനോ കൈയ്യിൽ കാശില്ലാത്തത് കൊണ്ട് അവിടുത്തെ ഒരു ലോഡ്ജ് കാരൻ്റെ അക്കൗണ്ടിലേക്ക് CDM വഴി പണം അടക്കാൻ ഉപ്പ പറഞ്ഞതനുസരിച്ച് റോഡിനപ്പുറത്തുള്ള ATM ലേക്ക് ക്രോസ് ചെയ്ത് പോകുമ്പോഴാണ് നമ്മുടെ വണ്ടി തട്ടുന്നത്
ഹോ, വല്ലാത്തൊരു വിധിയായി പോയി, എന്നാലും അതിന് ഞാനല്ലേടാ കാരണക്കാരൻ. ഞാൻ കുറച്ചു കൂടെ ശ്രദ്ധിച്ച് ഡ്രൈവ് ചെയ്തിരുന്നെങ്കിൽ ഒരു പെൺകുട്ടിയുടെ ഭാവി ഇങ്ങനെ നശിച്ച് പോകില്ലായിരുന്നു,
ഞാൻ പശ്ചാത്താപത്തോടെ അവനോട് പറഞ്ഞു
നീയിപ്പോൾ അതൊന്നും ആലോചിക്കേണ്ട. ഒന്നും മനപ്പൂർവ്വമല്ലല്ലോ? വാഹനമോടിക്കുന്ന എല്ലാവർക്കും സംഭവിക്കുന്ന കാര്യമാണിത്, നമ്മളവളെ വഴിയിലുപേക്ഷിക്കാതെ ജീവൻ രക്ഷിച്ചെടുത്തില്ലേ ? നീയിപ്പോൾ അതോർത്ത് സമാധാനിക്ക്
അവൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും രണ്ട് വർഷത്തെ വിസയുടെ കാലാവധി പൂർത്തിയാക്കി ഞാൻ നാട്ടിലേക്ക് തിരിക്കുന്നത് വരെ എൻ്റെ മനസ്സിൽ നിന്നും കുറ്റബോധം മാഞ്ഞ് പോയിരുന്നില്ല
ഇപ്രാവശ്യം ഞാൻ നാട്ടിലേക്ക് ചെല്ലുന്നത് വീട്ടുകാർ ഉറപ്പിച്ച നൂർജഹാനുമായുള്ള കല്യാണം നടത്താനാണ്
നാട്ടിലെത്തിയ ഞാൻ നൂർജഹാനോട് രണ്ട് വർഷം മുമ്പ് നടന്ന സംഭവങ്ങൾ പറഞ്ഞ് കേൾപ്പിച്ചു
അവൾക്കും അത് കേട്ടപ്പോൾ വല്ലാത്ത സങ്കടമായി
പണ്ടൊക്കെ എന്നിക്കൊരു വിഷമം വരുമ്പോൾ നീയല്ലേ എന്നെ സമാധാനിപ്പിക്കാറുള്ളത്. പക്ഷേ ഇപ്പോഴെന്താ നിനക്കൊന്നും പറയാനില്ലേ
ഞാനവളോട് നീരസത്തോടെ ചോദിച്ചു
ഞാനെന്ത് പറയാനാണ് അരയ്ക്ക് കീഴ്പോട്ട് തളർന്ന് പോയൊരു പെൺകുട്ടിക്ക് വേണ്ടി നമുക്കെന്ത് ചെയ്യാൻ കഴിയും. നിൻ്റെ മനസ്സിൽ എന്തേലും ഐഡിയ ഉണ്ടോ?
നമുക്കവളെ നല്ല ട്രീറ്റ്മെൻ്റ് കിട്ടുന്ന എവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചാലോ, പൈസ എത്ര വേണമെങ്കിലും ഞാൻ മുടക്കാം
ലോകത്തെവിടെ കൊണ്ട് പോയി ചികിത്സിച്ചാലും യാതൊരു ഫലവുമുണ്ടാകില്ലെന്നല്ലേ? അവളുടെ ഡോക്ടർ പറഞ്ഞത്, അപ്പോൾ പിന്നെ എന്തിനാണ് നിൻ്റെ സമയവും സമ്പാദ്യവും ചെലവഴിക്കുന്നത്
അല്ലാതെ ഞാനെന്ത് ചെയ്യും അവളിങ്ങനെ ജീവിതം വഴിമുട്ടി നില്ക്കുമ്പോൾ ഞാനെങ്ങനെ സമാധാനമായി നിന്നോടൊപ്പം ജീവിക്കും
എങ്കിൽ ഞാനൊരു വഴി പറയട്ടെ
ഉം പറയ്…
നിനക്കവളെ നിക്കാഹ് ചെയ്ത് കൂടെ ?അവൾക്കെന്തെങ്കിലും കുറവുണ്ടെങ്കിൽ അത് നിൻ്റെ കൈപ്പിഴകൊണ്ട് സംഭവിച്ചതല്ലേ ? അപ്പോൾ അവൾക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ച് കൊടുക്കാൻ നീ ബാധ്യസ്ഥനല്ലേ?
ഹോ എൻ്റെ നൂർജീ…നിൻ്റെ വായിൽ നിന്നും ഈ വാക്കുകൾ കേൾക്കാനാണ് ഞാനിത്രയും നേരം കാത്തിരുന്നത് , ആ കുട്ടിക്കൊരു ജീവിതം കൊടുക്കാൻ എനിക്ക് നൂറ് വെട്ടം സമ്മതമായിരുന്നു. പക്ഷേ, രണ്ട് വർഷമായി എൻ്റെ ഭാര്യയാകാൻ കിനാവ് കണ്ട് കഴിയുന്ന നിന്നോട് ഞാൻ എന്ത് പറയുമെന്ന ആശങ്കയിലായിരുന്നു ഇത് വരെ, പക്ഷേ നീയെൻ്റെ മനസ്സ് വായിച്ചെടുത്തല്ലോ? നിന്നെ സമ്മതിച്ചെടീ…
ഒന്ന് പോടാ…എനിക്കിപ്പോഴും നിന്നെ എൻ്റെ കളിക്കൂട്ടുകാരനായി മാത്രം കാണാനാണിഷ്ടം…
അത് പറയുമ്പോൾ അവളുടെ കണ്ണിൽ നനവ് പടർന്നിരുന്നോ? ആഹ് എനിക്കറിയില്ല…
വർഷങ്ങൾക്കിപ്പുറം ഞാനും മുംതാസും ഹാപ്പിയാണ്, സമ്പാദ്യം കൊണ്ടല്ലാതെ സ്നേഹം കൊണ്ട് മാത്രം ഒരു പെൺകുട്ടിക്ക് അവളുടെ നഷ്ടപ്പെട്ട സ്വപ്നങ്ങൾ തിരികെ നല്കാൻ കഴിയുമെന്ന് എന്നെ പഠിപ്പിച്ചത് എൻ്റെ കളി കൂട്ടുകാരി നൂർജഹാനായിരുന്നു.
~സജി തൈപ്പറമ്പ് .