അയാളുടെ കണ്ണുകൾ തന്റെ ദേഹത്ത് ഇഴയുന്നത് അറിഞ്ഞതും ആനി സാരിത്തുമ്പെടുത്ത് കഴുത്തിലൂടെയിട്ടു…

വസന്തം

Story written by Jisha Raheesh

==========

“ആനി ഇന്നെങ്കിലും എനിക്കൊരു മറുപടി വേണം..വർഷം രണ്ടു കഴിഞ്ഞു..ഞാനിങ്ങനെ…”

ധൃതിയിൽ കാലടികൾ പെറുക്കി വെയ്ക്കുമ്പോൾ റോയി തൊട്ടു പിറകിൽ നിന്ന് പറയുന്നത് ആനി കേൾക്കുന്നുണ്ടായിരുന്നു…

എതിരെ വന്നവരിൽ ആരോ, കുശലം പറഞ്ഞപ്പോൾ, അവരോടുള്ള മറുപടി ഒന്നോ രണ്ടോ വാക്കുകളിൽ ഒതുക്കി നടക്കാൻ തുടങ്ങുമ്പോഴും, തെല്ലകലം പാലിച്ചു കൊണ്ട് റോയ്‌ പിറകെ തന്നെയുണ്ടെന്ന് ആനി അറിഞ്ഞു..

അവരോട് സംസാരിക്കുന്ന ആ മുഴക്കമുള്ള ശബ്ദം അവളുടെ കാതുകളിൽ എത്തിയിരുന്നു…

ഇടവഴിയിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ മെല്ലെയൊന്ന് തല ചെരിച്ചു നോക്കിയെങ്കിലും ആളെ കണ്ടില്ല..ദീർഘമായൊന്ന് നിശ്വസിച്ചു ആനി വീണ്ടും നടന്നു.

മുൻപെപ്പോഴോ, താനറിയാതെ തന്നെ ഇഷ്ടപ്പെട്ടിരുന്നുവെന്നതിൽ കവിഞ്ഞു, എന്ത് പ്രത്യേകതയാണ് റോയ് തന്നിൽ കാണുന്നതെന്ന് ആനിയ്ക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…

ചെറിയ പ്രായത്തിൽ വിധവയായവൾ..അതും ഒരു കുഞ്ഞിന്റെ അമ്മ…

ഇതിനൊക്കെ പുറമെ…

ഓർത്തപ്പോൾ ആനിയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി…

അഴി ഞ്ഞാട്ടക്കാ രി…പി ഴച്ചവ ൾ…

“ഇതൊന്നും കാണാൻ നിൽക്കാണ്ട്, ആ ചെക്കൻ പോയതെത്ര നന്നായി..ഇനി അവൾക്ക് തോന്നിയത് പോലെ ആവാലോ..”

ഉള്ളിലേയ്ക്ക് കുത്തി തറയ്ക്കുന്ന ആരുടെയൊക്കെയോ വാക്കുകൾ…

ഒരു തെറ്റും ചെയ്യാതെ പഴി കേൾക്കേണ്ടി വന്നവൾ..

കഴുത്തിൽ മിന്നു കെട്ടിയവനെയല്ലാതെ മറ്റൊരാളെ ഓർത്തിട്ടില്ല ഇന്നേവരെ…

വിവാഹത്തിന് മുൻപും  അങ്ങനെയൊരു ഇഷ്ടമൊന്നും ആരോടും തോന്നിയിരുന്നതുമില്ല..ഭയമായിരുന്നു…

തനിക്ക് പിറകെ നിഴലു പോലെ ഉണ്ടായിരുന്ന ഒരാളെ അറിഞ്ഞതുമില്ല…

തനിക്ക് വിവാഹലോചനകൾ വന്നു തുടങ്ങിയതറിഞ്ഞു ആള് അപ്പച്ചനോട് തന്നെ വന്നു ചോദിച്ചതും റോയിച്ചന്റെ ബാധ്യതകളെയും യോഗ്യതയെയും അപ്പച്ചൻ പുച്ഛിച്ചതും അറിഞ്ഞിരുന്നില്ല…

വൈകാതെ ബാധ്യതകളൊക്കെ തീർത്തു വരുമെന്നും അവളെ മറ്റാർക്കും കൊടുക്കരുതെന്നും പറഞ്ഞിട്ടും അപ്പച്ചൻ അതൊന്നും ചെവിക്കൊണ്ടില്ലത്രേ…

ഒന്നും താനറിഞ്ഞിരുന്നില്ല..അറിഞ്ഞിട്ടും പ്രത്യേകിച്ചു കാര്യമൊന്നുമില്ലായിരുന്നു താനും….

ദൈവഭയത്തിലും അച്ചടക്കത്തിലും വളർന്നു വന്ന ഈ പെണ്ണിന് സ്വന്തമായി അഭിപ്രായങ്ങളൊന്നും ഇല്ലായിരുന്നുവല്ലോ…

സിബിച്ചായന്റെ ആലോചന വന്നപ്പോൾ തന്നെ അപ്പച്ചനത് ഉറപ്പിച്ചു..എല്ലാം കൊണ്ടും ചേർച്ചയുള്ള വിവാഹം…

അങ്ങനെ റൊമാന്റിക്കൊന്നും അല്ലായിരുന്നുവെങ്കിലും സിബിച്ചായൻ നല്ലൊരു ഭർത്താവായിരുന്നു..നല്ലൊരു അപ്പനും..

പക്ഷെ…

തനിയ്ക്കും മോനും ഭാഗ്യമുണ്ടായിരുന്നില്ല..ഒരാക്സിഡൻഡിൽ ആളങ്ങ് പോയപ്പോൾ പറക്കമുറ്റാത്ത കുഞ്ഞിനെയും കൊണ്ടു പകച്ചു നിന്നു പോയി…

തനിയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ജീവിതമാണ് ഇനിയുള്ളതെന്ന് മനസ്സിലാക്കിയത്, അത് വരെ അനിയന്റെ സ്ഥാനത്ത് നിന്നവൻ ഒരു രാത്രിയിൽ വിധവയായ ഏട്ടത്തിയമ്മയുടെ ചൂട് തേടിയിറങ്ങിയപ്പോഴായിരുന്നു…

ഇവരെന്നെ വിളിച്ചു കയറ്റിയതാണെന്ന് അവൻ വിളിച്ചു പറഞ്ഞപ്പോൾ, പകച്ചു പോയ തന്റെ കവിളിൽ ആദ്യത്തെ അടി വീണത് സിബിച്ചായന്റെ അമ്മച്ചിയിൽ നിന്നായിരുന്നു…

ആരും തന്റെ ഭാഗം കേൾക്കാൻ നിന്നില്ല..ഒന്നും ചോദിച്ചതുമില്ല..ആൺതുണയില്ലാത്ത പെണ്ണിന് വികാ രവിചാരങ്ങൾ അടക്കി വെയ്ക്കാനാവില്ലത്രേ..

കുത്തുവാക്കുകൾക്കും പരിഹാസങ്ങൾക്കുമൊടുവിൽ അപ്പച്ചൻ തന്നെ അവിടെ നിന്നും കൂട്ടികൊണ്ട് വന്നു..

അപ്പച്ചൻ തന്നെയാണ് സുഹൃത്തിന്റെ സഹായത്താൽ ഒരു ജോലിയും ശരിയാക്കി തന്നത്…

ആദ്യമായി റോയ് മുൻപിൽ വന്നു ഇഷ്ടം പറഞ്ഞപ്പോൾ ഭയന്ന് പോയിരുന്നു…

തന്നെ കാണുമ്പോൾ പലരിൽ നിന്നും ഉണ്ടാവുന്ന തുറിച്ചു നോട്ടവും അടക്കിപിടിച്ച സംസാരവും വഷളൻ ചിരിയും മനസ്സിനെ ഉരുക്കുന്നുണ്ടായിരുന്നു…

റോയ് ഇഷ്ടം പറഞ്ഞപ്പോഴും അത്രയേ കരുതിയുള്ളൂ..

പണ്ട് മുതലേ സ്നേഹിച്ചിരുന്നുവെന്നും അന്ന് അപ്പച്ചനോട് സംസാരിച്ചതുമൊക്കെ പറഞ്ഞപ്പോൾ, ആദ്യമൊന്ന് അമ്പരന്നുവെങ്കിലും റോയിയുടെ സമീപനത്തിൽ പുതുമയൊന്നും തോന്നിയില്ല..

ഭർത്താവ് മരിച്ചു പോയവൾക്ക് ഉണ്ടായേക്കാവുന്ന ശരീരദാഹത്തിൽ ഉത്കണ്ഠപ്പെടുന്ന മറ്റൊരുവൻ കൂടി..

പക്ഷെ, നിനയാതെ, വീണ്ടും ആ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചപ്പോൾ താനും ഒന്ന് പതറിയിരുന്നു…

പക്ഷെ ഉത്തരം ഉറച്ചതായിരുന്നു..

മോന് വേണ്ടി മാത്രമുള്ളൊരു ജീവിതത്തിനപ്പുറം മറ്റൊന്നും ഇനി ആഗ്രഹിക്കുന്നില്ല…

റോയി പിന്നാലെ നടന്നു ശല്യപ്പെടുത്തിയില്ല..പക്ഷെ താനറിയുന്നുണ്ടായിരുന്നു നിഴലു പോലെ ആ സാമീപ്യം..തെല്ലും അലോസരപ്പെടുത്താൻ ശ്രെമിക്കാതെ തന്നിലേയ്ക്ക് മാത്രം എത്തുന്ന നോട്ടങ്ങളെയും…

പള്ളിയിലും ഇടവഴിയിലുമൊക്കെ വെച്ച് മനസ്സ് കൈ വിട്ട് പോകുന്ന നിമിഷങ്ങളിൽ നിറയുന്ന കണ്ണുകൾക്ക് സാക്ഷിയായവൻ…

പക്ഷെ ആ ഇഷ്ടത്തെ സ്വീകരിക്കാൻ മനസ്സനുവദിക്കുന്നില്ല…

ഇന്നാണ് ആള് പിന്നെയും വന്നു നേരിട്ട് പറയുന്നത്…

തങ്ങളുടെ സഹോദരന് ഒരു രണ്ടാം കെട്ടുകാരിയെ വിവാഹം കഴിക്കേണ്ട ഗതികേടില്ലെന്നും, റോയിച്ചനെ വെറുതെ വിടണമെന്നും അയാളുടെ ഇളയ സഹോദരി നേരിട്ട് പറഞ്ഞിട്ടുണ്ട് പള്ളിയിൽ വെച്ച് കണ്ടപ്പോൾ…

ആണുങ്ങളെ കണ്ണും കലാശവും കാട്ടി മയക്കുന്നവൾ…

ഇടവഴിയുടെ അറ്റത്തെത്തിയപ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..

വാശിയോടെ അത് തുടച്ചു മുഖമുയർത്തുമ്പോഴാണ്,തൊട്ട് മുൻപിൽ തടസ്സമായി നിൽക്കുന്ന ആളെ കണ്ടത്…കൈ നീട്ടി കവിളിലെ കണ്ണുനീർ തുള്ളികളെ തുടച്ചു മാറ്റാൻ ശ്രെമിച്ചവന്റെ കൈ തട്ടി മാറ്റി…

“റോയിച്ചാ..പ്ലീസ്..ഇനിയൊരിക്കൽ കൂടി എന്നോട് ഇഷ്ടം പറയരുത്…എന്റെ മുൻപിൽ വരരുത്….അപേക്ഷയാണ്..”

നേർത്തൊരു ചിരിയല്ലാതെ ആ മുഖത്ത് മറ്റൊന്നും ഉണ്ടായിരുന്നില്ല…

“റോയിച്ചന് നല്ലൊരു പെണ്ണിനെ കിട്ടും..ഞാൻ..ഞാൻ നിങ്ങൾക്ക് ചേരത്തില്ല..”

മറുപടിയ്ക്ക് കാക്കാതെ ആനി അവനെ കടന്നു നടക്കാൻ തുടങ്ങിയതും കേട്ടു..

“എനിയ്ക്ക് വേറൊരു പെണ്ണിനെ വേണ്ടെങ്കിലോ..?”

തല ചെരിച്ചു നോക്കിയ അവളുടെ കൂർത്ത നോട്ടം കണ്ടപ്പോൾ റോയ്‌ പറഞ്ഞു..

“മറ്റൊരുത്തന്റേതായതിൽ പിന്നെ നിന്നെ ഞാൻ മോഹിച്ചിട്ടില്ല ആനി..പക്ഷെ മറക്കാനും കഴിഞ്ഞിട്ടില്ല..ഇനിയെനിക്ക് വേണം പെണ്ണെ നിന്നെ….”

“റോയിച്ചൻ എന്നെ കാത്തിരിക്കണ്ട.”

അറുത്തു മുറിച്ചെന്നോണമുള്ള ആൻസിയുടെ വാക്കുകൾ കേട്ടെങ്കിലും റോയിയുടെ മുഖത്ത് ഭാവവ്യത്യാസമൊന്നും ഉണ്ടായില്ല..

“നിന്റെ അനുവാദം കിട്ടിയിട്ടല്ല കൊച്ചേ, ഇക്കണ്ട കാലം ഞാൻ കാത്തിരുന്നത്…”

ആൻസി ദേഷ്യത്തോടെ വെട്ടിത്തിരിഞ്ഞു നടക്കുന്നത് കണ്ടിട്ടും റോയിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല…

ആനി മുറ്റത്തേയ്ക്ക് കയറുമ്പോൾ തന്നെ കോലായിൽ ഇരുന്നു അമ്മച്ചിയോടു സംസാരിക്കുന്നയാളെ കണ്ടിരുന്നു..അവളുടെ മുഖം മങ്ങി..

ജോബിച്ചായൻ…

അയാളുടെ നോട്ടവും ചിരിയും കണ്ടതും ആനി അറപ്പോടെ മുഖം തിരിച്ചു അകത്തേയ്ക്ക് നടന്നു…

“അതെന്നാ പോക്കാ ആനിയേ…? നീ ജോബിച്ചനെ കണ്ടില്ല്യായോ..?”

അമ്മച്ചിയുടെ ചോദ്യം കേൾക്കാത്ത മട്ടിൽ ആനി അകത്തേയ്ക്ക് നടന്നു…

കട്ടിലിൽ കിടന്നു ക്രയോൺസ് വെച്ച് വരച്ചു കളിക്കുന്നയാളെ പൊക്കിയെടുത്ത് ഇക്കിളിയിട്ടു…

അമ്മയെ കണ്ട സന്തോഷത്തിൽ കുഞ്ഞ് എമിനും പൊട്ടിച്ചിരിച്ചു…

വാതിൽക്കൽ ഒരനക്കം കേട്ടതും അവൾ മുഖമുയർത്തി..ജോബിച്ചായൻ..

ആനി മോനെ താഴെ വെച്ചു..കുഞ്ഞ് ആനിയെയും അയാളെയും മാറി മാറി നോക്കി..

“നീയെന്നാ തീരുമാനിച്ചു ആനിയേ…? അന്നമ്മച്ചിയോട് ഞാൻ വിവരങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്..കെട്ട് കഴിഞ്ഞു വല്ലപ്പോഴുമൊക്കെ, ഈ കൊച്ചിനെ അവടെ നിർത്താനും എനിക്ക് വിരോധമൊന്നുമില്ല..”

ആനി ഒന്നും മിണ്ടിയില്ല..

“നിന്റെ ഇഷ്ടം അറിഞ്ഞിട്ട് മതിയെന്നാ നിന്റെ അപ്പച്ചൻ പറഞ്ഞേക്കുന്നേ….”

അയാളുടെ കണ്ണുകൾ തന്റെ ദേഹത്ത് ഇഴയുന്നത് അറിഞ്ഞതും ആനി സാരിത്തുമ്പെടുത്ത് കഴുത്തിലൂടെയിട്ടു…

“ഞാൻ മുൻപ് പറഞ്ഞത് തന്നെയേ എനിക്ക് പറയാനുള്ളൂ..എനിക്ക് സമ്മതല്ല…ഇച്ചേച്ചി പോയെങ്കിലും എനിക്ക് നിങ്ങൾ ചേച്ചിയുടെ കെട്ട്യോൻ തന്നെയാ..”

ആനിയുടെ വാക്കുകൾ കേൾക്കവേ ജോബിയുടെ മുഖം ഇരുണ്ടു..

“കെട്ട്യോൻ ച ത്തു, ചീത്ത പേരും കേൾപ്പിച്ചു നിനക്കിനി ഏത് രാജകുമാരൻ വരാനാടി..?”

“ഞാൻ ആരെയും കാത്തിരിക്കുന്നില്ല..ഇനി അഥവാ, ആരെയെങ്കിലും കാത്തിരിക്കുവാണേൽ തന്നെ അതൊരിക്കലും നിങ്ങളാവത്തില്ല…”

ജോബി വീണ്ടും എന്തോ പറയാൻ തുടങ്ങിയെങ്കിലും പൂമുഖത്തു നിന്നും ആനിയുടെ അപ്പച്ചന്റെ ശബ്ദം കേട്ടതും അവളെ തറപ്പിച്ചൊന്ന് നോക്കിയിട്ട് അയാൾ പിന്തിരിഞ്ഞു നടന്നു..

അപ്പച്ചൻ ഇവിടെ ഇല്ലാത്തത് കൊണ്ട്, അമ്മച്ചിയുടെ ബലത്തിലാണ് അയാൾ ഈ വാതിൽക്കൽ വരെ എത്തിയത്…

താൻ തിരികെ വന്നതിൽ പിന്നെ അമ്മച്ചിയ്ക്ക് വേവലാതിയാണ്..കുത്തുവാക്കുകൾ ഒരുപാട് കേൾക്കണം..മറ്റൊരു വിവാഹത്തിന് നിർബന്ധിക്കാൻ തുടങ്ങിയപ്പോഴാണ് അമ്മച്ചിയുടെ ചേടത്തിയുടെ മോള് മരിച്ചത്..സ്കൂളിലും കോളേജിലുമായി പഠിക്കുന്ന രണ്ടു മക്കളുണ്ടവർക്ക്….

ഇച്ചേച്ചി തനിയ്ക്ക് സ്വന്തം ചേച്ചിയായിരുന്നു..ജോബിച്ചായൻ സ്വന്തം സഹോദരനെ പോലെയും. എന്നിട്ടും ഒരവസരം വന്നപ്പോൾ പെണ്ണിനെ വെറും ശരീരമായി കണ്ട അയാളോട് അറപ്പാണ്..

തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു അമ്മച്ചിയുടെ പുറകെ നടപ്പാണ്…

അപ്പച്ചൻ ഒന്നും ചോദിക്കുകയും പറയുകയും ചെയ്തിട്ടില്ല ഇത് വരെ..അമ്മച്ചി തന്നെ വല്ലാതെ കുത്തി പറയുമ്പോൾ മാത്രം ശാസനയോടെ ആ ശബ്ദം ഒന്നുയരും..

എമിനെ ജീവനാണ് അപ്പച്ചന്..

മേല് കഴുകി വന്നു ചായയെടുത്ത് കുടിക്കുന്നതിനിടെ ആനി ഓർത്തു…

വരുന്ന ഞായറാഴ്ചയാണ് സോനമോളുടെ കല്യാണം..നാളെ അവിടെ വരെയൊന്നു പോവണം..എമിനെ കൊണ്ടു ചെല്ലണമെന്നവൾ നിർബന്ധം പറഞ്ഞിട്ടുണ്ട്..

ബീനേച്ചിയുടെ മകൾ…

ബീനേച്ചി വെറുമൊരു അയൽക്കാരി മാത്രമായിരുന്നില്ല..കുഞ്ഞിലെ തന്നെ സ്വന്തം സഹോദരിമാരേക്കാൾ അടുപ്പം ബീനേച്ചിയോടായിരുന്നു…

ചെറുപ്രായത്തിൽ  തന്നെ വിവാഹബന്ധം വേർപ്പെടുത്തിയവൾ…ഭർത്താവിന്റെ അവിഹിതം ക്ഷമിച്ചു കൂടെ താമസിക്കാൻ അവർ നിന്നില്ല..വീണ്ടുമൊരു വിവാഹത്തിനും ബീനേച്ചി തയ്യാറായില്ല..വിവാഹം കഴിക്കാതെ പൊടിക്കുഞ്ഞുമായി തനിച്ചു ജീവിക്കാൻ തീരുമാനിച്ചവളെ പറ്റി പല കഥകളും മെനയപ്പെട്ടു….

ബീനേച്ചിയ്ക്ക് മാത്രം ഒരു കൂസലും ഉണ്ടായില്ല..പുനർവിവാഹത്തിനുള്ള സമ്മർദ്ദം ഏറി വന്നതും, ആള് ഉള്ള സമ്പാദ്യമെല്ലാം നുള്ളിപെറുക്കി, പെട്ടിയും കിടക്കയുമെടുത്ത് വേറൊരു ഫ്ലാറ്റിലേയ്ക്ക് താമസം മാറി…

ഒട്ടും എളുപ്പമല്ലാതിരുന്ന ആ ജീവിതത്തെ പറ്റി ബീനേച്ചി തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്…

“വിവാഹം കഴിക്കാതെ ഒറ്റയ്ക്കൊരു സ്ത്രീയ്ക്ക് ജീവിക്കാൻ കഴിയില്ലെന്ന ചിന്താഗതിയ്ക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല പെണ്ണെ..ഒരാളുടെ ജീവിതം പൂർണ്ണമാവണമെങ്കിൽ മറ്റൊരാൾ കൂടെ ഉണ്ടാവണമെന്നാണ് ഇപ്പോഴും സമൂഹത്തിന്റെ കാഴ്ചപ്പാട്..തനിച്ചുള്ള ജീവിതം പരാജപ്പെട്ടു പോയവരുടേതാണത്രേ.ഈ ജീവിതത്തിൽ ഞാൻ തൃപ്‍തയാണ്..എന്റെ കരിയർ, സോന മോള്..കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾ…എനിക്ക് ഇതൊക്കെ മതിയായിരുന്നു..”

ആ വാക്കുകൾ മനസ്സിൽ വന്നതും ആനി ആലോചിച്ചു…

തനിയ്ക്ക് അങ്ങനെയൊക്കെ സാധിക്കുമോ..?

ബീനേച്ചിയുടെ അത്ര മനോധൈര്യവും തന്റേടവുമൊന്നുമില്ല…

പക്ഷെ മറ്റൊരു വിവാഹത്തെ പറ്റി ചിന്തിക്കാനും പറ്റുന്നില്ല…

പിറ്റേന്ന് എമിനെയും കൊണ്ട് ബീനേച്ചിയുടെ ഫ്ലാറ്റിലേയ്ക്ക് പോകാനായി ബസ് കാത്ത് നിൽക്കുമ്പോഴാണ് മുന്പിലൊരു ബൈക്ക് വന്നു നിർത്തിയത്..റോയ്..

ആനി മുഖം തിരിച്ചെങ്കിലും എമിൻ റോയിയെ നോക്കി ചിരിച്ചു..റോയ് മോനെ നോക്കി ചിരിയോടെ കണ്ണുകൾ ചിമ്മി കാണിച്ചു..

എമിനു നേരെ നീട്ടിയ ചോക്ലേറ്റുകൾ വാങ്ങാനായി കുഞ്ഞിക്കൈകൾ നീണ്ടപ്പോൾ അവൾക്ക് എതിർക്കാൻ തോന്നിയില്ല..പള്ളിയിൽ വെച്ച് കണ്ടുള്ള പരിചയമാണ് കുഞ്ഞിന്..അവളുടെ കൂർത്ത നോട്ടത്തിന് മറുപടി ഒരു പുഞ്ചിരിയായിരുന്നു..

റോയ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയിട്ടും ആനി അസ്വസ്ഥയായിരുന്നു…

“ചെറുക്കന് അപ്പൊ അസ്ഥിയേൽ പിടിച്ചേക്കുവാ..നീ എന്നാ തീരുമാനിച്ചു കൊച്ചേ.?”

ബീനയുടെ ചോദ്യത്തിന് തെല്ലു പതർച്ചയോടെയാണ് ആനി മറുപടി പറഞ്ഞത്..

“എന്നതാ ചെയ്യേണ്ടതെന്ന് എനിക്കൊരു ഊഹവും കിട്ടുന്നില്ല ബീനേച്ചി…”

“റോയിയെ നിനക്ക് ഇഷ്ടാണോ കൊച്ചേ..അവന്റെ അമ്മച്ചിയ്ക്ക് സമ്മതക്കുറവൊന്നുമില്ല..മറ്റുള്ളോരുടെ കാര്യമൊന്നും നീ നോക്കണ്ട..”

ആനി മറുപടിയൊന്നും പറഞ്ഞില്ല..പള്ളിയിലും, ജോലി കഴിഞ്ഞു വരുമ്പോൾ വഴിവക്കിലും ഇടവഴിയിലുമൊക്കെ തന്റെ കണ്ണുകളും ഇപ്പോൾ ആരെയോ തേടാറുണ്ട്..കാണാതാവുമ്പോൾ മനസ്സ് അസ്വസ്ഥമാവുന്നുണ്ട്…തന്റെ കണ്ണുകളുടെ പിടച്ചിൽ അയാളും കണ്ടുപിടിച്ചിട്ടുണ്ടെന്ന് സംസാരത്തിൽ നിന്നും മനസ്സിലായിട്ടുണ്ടെങ്കിലും ഇത് വരെ സമ്മതിച്ച് കൊടുത്തിട്ടില്ല…

“കൊച്ചേ നിന്റെ മൗനം പറയുന്നുണ്ട് നിനക്കും ഇഷ്ടമാണെന്ന്..നല്ലൊരു ചെറുക്കനാന്നെ..മോനെ അംഗീകരിക്കാനുള്ള മനസ്സുമുണ്ട്..നിന്റെ മനസ്സെനിക്കറിയാം കൊച്ചേ..നീയും കുഞ്ഞും കഷ്ടപ്പെടുന്നത് കാണാൻ സിബിച്ചന്റെ ആത്മാവൊരിക്കലും ആഗ്രഹിക്കത്തില്ല…”

സംസാരിച്ചിരുന്നു, ബസ്സൊക്കെ കയറി ആനിയും കുഞ്ഞും തിരികെ എത്തുമ്പോഴേക്കും ഇരുട്ട് വീണിരുന്നു..അപ്പച്ചനെ വിളിച്ചിട്ടൊട്ടു കിട്ടിയതുമില്ല..

തെല്ലു പേടിയോടെയാണ് ആനി മോനെയും കൊണ്ട് ഇടവഴിയിലേക്ക് ഇറങ്ങിയത്..

പിറകിൽ മൊബൈലിന്റെ വെളിച്ചം തെളിഞ്ഞതും അവൾ വെട്ടിത്തിരിഞ്ഞു നോക്കി..

റോയിച്ചൻ…

“നോക്കി പേടിപ്പിക്കാതങ്ങ് നടക്ക് കൊച്ചേ..നിന്റപ്പച്ചനാ വിളിച്ചു പറഞ്ഞെ..അങ്ങേർക്ക് എവിടെയോ പോവാനുണ്ടെന്നും, നീ വൈകുവാണേൽ വീട് വരെ കൊണ്ടാക്കിയേക്കാനും..’

കേട്ടത് ശരി തന്നെയല്ലേയെന്നാണ് ആനി ഓർത്തത്..

അപ്പച്ചൻ റോയിയോട്…?

ഒന്നും പറയാതെ, ആനിയുടെ കൈയിൽ നിന്നും അല്പം ബലമായി തന്നെ റോയി ഉറങ്ങുന്ന കുഞ്ഞിനെ വാങ്ങി തോളിലേയ്ക്കിട്ടു മുൻപേ നടന്നു….ഒന്ന് അന്താളിച്ചെങ്കിലും ഒന്നും മിണ്ടാതെ ആനി പിറകിലും…

ഗേറ്റിനരികെ എത്തിയതും റോയ് കുഞ്ഞിനെ ആനിയുടെ തോളിലേയ്ക്ക് തന്നെ എടുത്തു കിടത്തി…

അവൾ റോയിയെ ഒന്ന് നോക്കി ഒന്നും പറയാതെ അകത്തേക്ക് നടന്നു..ആനി കോലായിലേയ്ക്ക് കയറുമ്പോൾ തല ഒന്ന് ചെരിച്ചു നോക്കി..ആളവിടെ തന്നെയുണ്ട്..

എവിടെയോ പോയി,രാത്രി ഏറെ വൈകിയാണ് അപ്പച്ചൻ തിരികെ വന്നത്..

അത്താഴം കഴിച്ചു കഴിഞ്ഞു പാത്രങ്ങളൊക്കെ കഴുകി വെയ്ക്കുമ്പോഴാണ്, അപ്പച്ചൻ വാതിൽക്കൽ വന്നു നിക്കുന്നത് ആനി കണ്ടത്..

“ആ റോയി നിന്നോട് എന്നതേലും പറഞ്ഞായിരുന്നോ..?”

ആനി എന്ത് പറയണമെന്നറിയാതെ നിന്നു..

“നാളെ പള്ളി കഴിഞ്ഞു അവൻ അവന്റെ അമ്മച്ചിയേയും കൂട്ടി വരും…”

ആനിയുടെ മനസ്സൊന്നു പിടഞ്ഞു..പക്ഷെ അവൾ ഒന്നും പറഞ്ഞില്ല…

“ഒരിക്കൽ യോഗ്യതയില്ലെന്ന് പറഞ്ഞു വിട്ടവനാ…ഇപ്പോൾ യോഗ്യതക്കൂടുതലും..കർത്താവ് തീരുമാനിക്കുന്നതേ നടക്കത്തുള്ളൂ..”

അയാൾ ആനിയെ ഒന്ന് നോക്കി തിരിഞ്ഞു നടന്നു…

അന്ന് അവൾക്ക് ഉറക്കം വന്നിരുന്നില്ല…മോനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ അവളുടെ മനസ്സിൽ സിബിയായിരുന്നു..

“ഞാൻ ചെയ്യുന്നത് തെറ്റാണോ ഈശോയെ..?”

മനസ്സ് ചോദിച്ചു കൊണ്ടേയിരുന്നു…

മോന് ചെറിയൊരു പനിക്കോളുണ്ടായിരുന്നത് കൊണ്ട് ആനി പള്ളിയിലേയ്ക്ക് ഇറങ്ങിയില്ല…

പ്രാതലെല്ലാം ഒരുക്കി ആനി കുളിച്ചിറങ്ങുമ്പോഴാണ് കോളിങ്ങ് ബെൽ അടിച്ചത്…

മോൻ നല്ല ഉറക്കമാണ്..

അപ്പച്ചനും അമ്മച്ചിയും വരാനായില്ലല്ലോ എന്ന ചിന്തയോടെയാണ് വാതിൽ തുറന്നത്..

വഷളൻ ചിരിയുമായി തൊട്ടുമുൻപിൽ ജോബി…

“മോളുടെ കെട്ടുറപ്പിക്കലാണെന്ന് പള്ളിയിൽ വെച്ച് കേട്ട പാതി കേൾക്കാത്ത പാതി ജോബിച്ചായൻ ഇങ്ങ് പോന്നു….”

അവളെ ആകമാനം കണ്ണുകൾ കൊണ്ടൊന്നുഴിഞ്ഞു ജോബി പറഞ്ഞതും ആനി വേഗം അകത്തേയ്ക്ക് തിരിഞ്ഞിരുന്നു..

പക്ഷെ കതകടക്കാനായില്ല അതിനു മുൻപേ അയാൾ അകത്തു കയറി വാതിൽ ചാരിയിരുന്നു…

ആനി ഒഴിഞ്ഞു മാറാൻ ശ്രെമിക്കുന്നതിനു മുൻപേ സാരിത്തുമ്പിൽ അയാൾ പിടുത്തമിട്ടു..

സർവ്വ ശക്തിയും എടുത്തവൾ എതിർത്തെങ്കിലും പിടിച്ചു നിൽക്കാനാവില്ലെന്ന് തോന്നിയ നിമിഷമാണ് വീണ്ടും കോളിങ്ങ് ബെൽ ശബ്ദിച്ചത്….

ജോബിയുടെ കയ്യയഞ്ഞ നിമിഷം അയാളെ തള്ളി മാറ്റി ആനി ഓടിച്ചെന്നു കതക് തുറന്നു..

മുൻപിൽ കണ്ട മുഖങ്ങൾ ആനിയുടെ മനസ്സിനെ തളർത്തിയിരുന്നു..

റോയിയും അവന്റെ അമ്മച്ചിയും..

ആനിയുടെ അഴിഞ്ഞുലഞ്ഞ മുടിയും, മുഖഭാവവും കണ്ടു റോയി നെറ്റി ചുളിച്ചപ്പോഴേക്കും, അവൾക്ക് പിറകിൽ, ഒരു കൂസലുമില്ലാതെ, ഗൂഢമായ ചിരിയോടെ ജോബി എത്തിയിരുന്നു..റോയിയുടെ അമ്മച്ചിയുടെ മുഖം മങ്ങിയിരുന്നു…

“ആഹാ നിങ്ങൾ മുൻപേയിങ്ങെത്തിയാരുന്നോ…?”

കോലായിലേയ്ക്ക് കയറുന്നതിനിടെ ആനിയുടെ അപ്പച്ചൻ ചോദിച്ചത് കേട്ടാണ്
എല്ലാവരും അങ്ങോട്ട് നോക്കിയത്..

പക്ഷെ മുൻപിലെ കാഴ്ച കണ്ടു അയാൾ അമ്പരന്നു..അപ്പോഴേക്കും ആനിയുടെ അമ്മച്ചി അവളുടെ അടുത്തെത്തിയിരുന്നു..അവളെ പിടിച്ചുലച്ചുകൊണ്ടാണവർ ചോദിച്ചത്…

“എന്നതാടി ഞാൻ ഈ കാണുന്നത്..?ഒരുമ്പെട്ടോളെ …?”

അവർ ജോബിയ്ക്ക് നേരെ തിരിഞ്ഞതും അയാൾ ആദ്യം ഒന്ന് പരുങ്ങി, പിന്നെ ആനിയെ ഇടം കണ്ണിട്ട് ഒന്ന് നോക്കി…

“അന്നമ്മച്ചി..ഞാൻ ഇവള് വിളിച്ചിട്ട്…”

പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപേ ജോബിയുടെ കരണം പുകഞ്ഞിരുന്നു…

കൈ കുടയുന്ന ആനിയെ കണ്ടതും റോയിയ്ക്ക് ചിരി വന്നെങ്കിലും അതവൻ അടക്കി പിടിച്ചു…

അന്നമ്മ എന്തോ പറയാൻ തുടങ്ങിയതും ആനിയുടെ അപ്പച്ചന്റെ ശബ്ദം ഉയർന്നു..

“മിണ്ടരുത് നീ..നീ ഒറ്റയൊരുത്തി കാരണമാ ഇവനെപ്പോലൊരുത്തൻ കുടുംബത്ത് കേറി നെരങ്ങിയത്..സ്വന്തം ചോരയേക്കാൾ അവക്ക് വിശ്വാസം കണ്ട അലവലാതികളെയാ…”

രംഗം പന്തിയല്ലെന്ന് കണ്ട ജോബി മെല്ലെ പുറത്തേക്കിറങ്ങി..തിരിഞ്ഞു റോയിയെ നോക്കി ഒന്ന് പുച്ഛിക്കാൻ അയാൾ മറന്നില്ല…

“ജോബിച്ചായോ…ഒന്നവിടെ നിന്നെ..”

റോയി പുറകിൽ നിന്ന് വിളിച്ചതും ജോബി തിരിഞ്ഞു…

“നിന്റെ ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലായി..പക്ഷെ നടക്കുകേല..കെട്ടിക്കോളാമെന്ന് പറഞ്ഞു രണ്ടു കൊല്ലം പിറകെ നടന്നിട്ടും അവളെന്നെ തിരിഞ്ഞു നോക്കിയിട്ടില്ല..അങ്ങനെയുള്ളവൾ നിന്നെ പോലൊരു തൈക്കിളവനെ വിളിച്ചകത്ത് കയറ്റുമെന്ന് വിശ്വസിയ്ക്കാൻ മാത്രം ഊളയല്ലെടാ റോയി…”

പറഞ്ഞതും ജോബിയുടെ ഇരുകവിളുകളും  പുകഞ്ഞു..പല്ലൊരെണ്ണം തെറിച്ചു പോയെന്ന് തോന്നിപ്പോയിരുന്നു ജോബിയ്ക്ക്..

“ഇതെന്റെ പെണ്ണിനെ തൊട്ടതിന്…മേലാൽ അവളുടെ കൺവെട്ടത്ത് വന്നാൽ അരിഞ്ഞു കളയും ഞാൻ…”

അമർത്തിയ ശബ്ദത്തിൽ പറഞ്ഞിട്ട് റോയ് തിരികെ കോലായിലേക്ക് കയറി…

ആനിയെ ഒന്ന് പാളി നോക്കിയപ്പോൾ അവൾ മുഖമുയർത്തിയില്ലെങ്കിലും ആ മുഖത്തൊരു നേർത്ത ചിരിയുണ്ടെന്ന് റോയ് കണ്ടു…

ഉഫ്..എന്റെ പെണ്ണെ..

മനസ്സിൽ പറഞ്ഞു കൊണ്ട് റോയി വലത് കൈ നെഞ്ചിൽ ചേർത്തു..അപ്പച്ചൻ അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…

വർഷങ്ങൾക്കിപ്പുറം…

ആനി ജോലിയൊക്കെ കഴിഞ്ഞു കുളിക്കാൻ കയറുന്നതിനു മുൻപേ തുടങ്ങിയ ബഹളം അവൾ കുളിച്ചിറങ്ങുമ്പോഴും തുടരുന്നുണ്ടായിരുന്നു…

റോയിയും മക്കളുമാണ്. അപ്പനും മക്കളും ചേർന്നാൽ എന്നും പൂരമാണ്..

ആനി വരാന്തയിലേക്കിറങ്ങി തല തുവർത്തികൊണ്ടിരിക്കുമ്പോൾ ആകാശചെരുവിൽ നക്ഷത്രങ്ങൾ മിന്നി തുടങ്ങിയിരുന്നു..

പതിയെ പിറകിലൂടെ വന്ന കൈകൾ തന്നെ വലയം ചെയ്തതും തിരിഞ്ഞു നോക്കാതെ അവളൊന്നു ചിരിച്ചു..

“എന്നതാ ആനിക്കൊച്ചേ..വല്യൊരു ആലോചന..എന്നോട് പറയാൻ പറ്റത്തില്ല്യോ..?”

ആനി ഒന്നും പറയാതെ, ചിരിയോടെ, തന്നെ ചുറ്റിയ റോയിയുടെ കൈകളിൽ ചേർത്തു പിടിച്ചു…

ഇനിയൊരിക്കലും വസന്തമെത്തുകയില്ലെന്ന് കരുതിയിരുന്ന ആനിയുടെ മനസ്സിലും പ്രണയത്തിന്റെ ചില്ലകൾ തളിരിട്ടിരുന്നു..നിറയെ പൂത്തിരുന്നു…

~സൂര്യകാന്തി ?