ഇന്നത്തേക്കാലത്ത് പെൺ സുഹൃത്തുക്കൾ ഒക്കെ ഉണ്ടായെന്ന് കരുതി എന്ത് സംഭവിക്കാനാ..നിങ്ങള് മിണ്ടിക്കൊളീ…

Story written by Ezra Pound

============

ഫുഡ് ഉണ്ടാക്കുന്നോരോടു പെണ്ണുങ്ങൾക്കിഷ്ടമുണ്ടാവോ..ഉണ്ടാവേരിക്കും..ഒരാളുടെ മനസ്സിലേക്ക് എളുപ്പം നടന്നു കേറാൻ പാചകത്തിന് കഴിയുമെന്ന് എവിടോ കേട്ടിട്ടുണ്ട്‌.

അത്യാവശ്യം ഫുഡ് ഉണ്ടാക്കാൻ അറിയാമെന്നുള്ള അഹങ്കാരം കൊണ്ടും ഇതൊക്കെ നാലാളെ അറിയിക്കണമെന്നുള്ള ആഗ്രഹം  മനസ്സിലുള്ളതൊണ്ടും അറിയപ്പെടുന്ന ഒന്നു രണ്ട് ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തായിരുന്നു..കെട്യോളെ സഹായിക്കുന്ന കെട്യോമ്മാരോട് പെണ്ണുങ്ങൾക്ക് സ്വല്പം സോഫ്റ്റ് കോർണർ കൂടുതലുണ്ടാവും എന്ന് തിരിച്ചറിഞ്ഞത് അവിടെ വെച്ചാണ്.

അതോണ്ടന്നെ ആ വീക്നെസ്സിൽ കേറിപ്പിടിക്കാമെന്ന് വെച്ചു..ഒരു പണിയും ചെയ്യാണ്ട്‌ ഒമ്പത് മണിവരെ കിടന്നുറങ്ങി കെട്യോളുണ്ടാക്കിയ ചായേം കുടിച്ചോണ്ട് എന്തേലുമൊക്കെ എഴുതലാണ് മെയിൻ പണി..

പുലർച്ചെ എഴുന്നേറ്റ്‌ ഭാര്യക്ക് കാപ്പി ഉണ്ടാക്കി വിളിച്ചുണർത്തുന്നതും അവൾക്കിഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി കഴിപ്പിക്കുന്നതുമൊക്കെ എഴുതി പണ്ടെങ്ങോ ഉണ്ടാക്കിയ കാപ്പിയുടെയോ വെള്ളപ്പത്തിന്റെയോ ഫോട്ടോയുടെ കൂടെയൊക്കെ പോസ്റ്റ് ചെയ്യുമ്പൊ സ്വഭാവികമായും കമന്റിടുന്നത് കുടുതലും സ്ത്രീകളാരിക്കും.

“ഇവിടുണ്ടൊരാൾ ചായയുണ്ടാക്കാൻ പോയിട്ട് കുടിച്ച ഗ്ലാസ് വരെ കഴുകി വെക്കൂലാന്ന്..”

“നിങ്ങളുടെ കെട്യോളെ ഭാഗ്യം..ഇത്രെം സ്നേഹമുള്ളൊരു  ഭർത്താവിനെ കിട്ടിയല്ലോ..”

“അടുത്ത ജന്മത്തിലെങ്കിലും നിങ്ങളെപ്പോലൊരു ഭർത്താവിനെ കിട്ടിയാൽ മതിയാരുന്നു പടച്ചോനെ..”

എന്നിങ്ങനെ പോവും കമന്റുകള്..

“ആണുങ്ങളെ പറയിപ്പിക്കാനായി ഓരോരുത്തന്മാര് ഇറങ്ങിക്കോളും..” എന്ന മട്ടിൽ ചില കമന്റ്സ് ഉണ്ടാവുമെങ്കിലും അതൊന്നും മൈൻഡ് ചെയ്യാൻ പോകാറില്ല.

അപ്പോഴൊക്കെ ഇതൊന്നും ശ്രദ്ധിക്കാൻ നിക്കാതെ പാചകത്തിന്റെയോ ക്ളീനിംഗിന്റെയോ ഒക്കെ തിരക്കിലാരിക്കും കെട്യോള്..

അങ്ങനെ കാര്യങ്ങള് ഭംഗിയായി പോയിക്കൊണ്ടിരിക്കുവാരുന്നു..എഴുത്ത്‌ കൂടുന്നതിനനുസരിച്ചു ആരാധികമാരും കുടിക്കൊണ്ടേയിരുന്നു. ആരാധന കമന്റ് ബോക്സും കടന്ന് മെസ്സഞ്ചറിലേക്കും അവിടെ നിന്ന് വാട്സ്ആപ്പിലേക്കും വ്യാപിച്ചു തുടങ്ങിയെ പിന്നെയാരുന്നു ഫോണിന് ഒരു ലോക്ക് വേണമെന്നൊക്കെ ആലോചിച്ചു തുടങ്ങിയെ.

ഒന്നുണ്ടായിട്ടല്ല വല്ല പെമ്പിള്ളേരോടും മിണ്ടുന്നതൊക്കെ കണ്ട് അവൾക്ക് വല്ല കുശുമ്പും തോന്നേണ്ടാലോ..അതിനുള്ളൊരു മുൻകരുതൽ..പക്ഷെ സത്യത്തിൽ അങ്ങനൊന്നും ഇല്ലാരുന്നു..ഞാൻ വെറുതെ തെറ്റിദ്ധരിച്ചു പോയതാ..പാവം ന്റെ കെട്യോള്..തങ്കപ്പെട്ട മനസ്സാണെന്നേ.

ഇന്നത്തേക്കാലത്ത് പെൺ സുഹൃത്തുക്കൾ ഒക്കെ ഉണ്ടായെന്ന് കരുതി എന്ത് സംഭവിക്കാനാ..നിങ്ങള് മിണ്ടിക്കൊളീ എന്ന് പറഞ്ഞു കേട്ടപ്പോ അവളെ കോരിയെടുത്ത് ഉമ്മ വെക്കാൻ തോന്നിപ്പോയി..കണ്ടു പഠിക്കട്ടെ പല ഭാര്യമാരും..

ഭർത്താക്കന്മാർക്ക് ഇതുപോലെ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ പല കുടുംബങ്ങളിലും.

എന്തായാലും അവൾക്ക് പ്രശ്നം ഒന്നുല്ലാലോ എന്നറിഞ്ഞപ്പം തൊട്ട് രാപ്പകൽ ഭേദമില്ലാതെ ഫെസ്ബുക്ക് വാട്സ്ആപ് സുഹൃത്തുക്കളുമായി അർമ്മാദിക്കാൻ തുടങ്ങി..ഇടക്ക് എന്തേലും ജോലി ചെയ്തോണ്ടിരിക്കുന്ന അവളുടെ അടുത്തേക്ക് പോയി “ദേടീ ഈ രേഷ്മയുടെ ഒരു തമാശ കണ്ടോ..”

“മുംതാസിന്നലേ പുരികം ത്രെഡ് ചെയ്ത ഫോട്ടോ അയച്ചു തന്നെടീ” എന്നൊക്കെ പറഞ്ഞോണ്ട് അവളെ കാണിക്കും..അവളൊന്നും മിണ്ടാതെ ചിരിച്ചോണ്ട് നിക്കുവേ ഉള്ളൂ..പാവം പെണ്ണ്..

അടുത്ത ജന്മത്തിലും ഇവളെ തന്നെ ഭാര്യയായി കിട്ടിയാൽ മതിയായിരുന്നു..എന്ത് സുഖാണ്..വായിൽ കോലിട്ടാലും കടിക്കാത്ത പ്രകൃതം..ഇങ്ങനേം പെമ്പിള്ളേരുണ്ടാവോ.

കെട്യോൾ ഉറങ്ങിക്കിടക്കുമ്പോ ഏതോ പെണ്ണിനോട് ചാറ്റ് ചെയ്‌തെന്നും പറഞ് ചപ്പാത്തിക്കോലൊണ്ട് കെട്യോനെ അറഞ്ചം പുറഞ്ചം തല്ലിയ പെണ്ണിനെ കുറിച്ചുള്ള വാർത്തയൊക്കെ ഓൺലൈൻ മീഡിയകളിൽ വായിച്ചപ്പോഴൊക്കെ ഞാനെന്റെ ക്ഷമാ ശീലയും തുറന്ന മനസ്സുമുള്ളവളായ ഭാര്യയെ ഓർത്ത് അഭിമാനം കൊള്ളും.

ഒരു ദിവസം പതിവ് പോലെ ചാറ്റും കമന്റ്സുമൊക്കെ കഴിഞ്ഞപ്പോഴേക്കും വയറു വിശന്ന്..കഴിക്കാനെന്തുണ്ടെടീ ന്നും ചോയ്ച്ചോണ്ട് നേരെ അടുക്കളയിലേക്ക് നടന്ന്..അവളെയവിടെ കാണാത്തോണ്ട് പുറത്തേക്ക് ചെന്നപ്പളുണ്ട് അവള് അലക്കു കല്ലിനരികെ കുത്തിയിരുന്നോണ്ട് പഴയ അമ്മിക്കല്ല് വൃത്തിയാക്കുന്നു. വെക്കാനൊരിടം ഇല്ലാത്തൊണ്ടും ഉപയോഗ ശൂന്യമായതോണ്ടും ചായ്പ്പിലേക്ക് മാറ്റിയതാരുന്നു അമ്മിനേം കുട്ടീനേം.

ഇതിപ്പം കുട്ടിനെ മാത്രം കഴുവി വൃത്തിയാക്കി എടുത്തോണ്ട് എന്ത് ചെയ്യാനാവോ..ചോയ്ച്ചപ്പം പറയാണ് പഞ്ചാര പൊടിക്കാനാണെന്ന്..

“പടച്ചോനെ..പഞ്ചാരയാണേൽ ഗ്രൈൻഡറിൽ ഇട്ട് പൊടിച്ചാ പോരെ..അല്ലേൽ വാങ്ങിക്കാൻ കിട്ടൂലെ..”

“ഇതങ്ങനെയൊന്നും പൊടിയുന്ന പഞ്ചാരയല്ലാന്നും പറഞ്ഞോണ്ട് അവള് പണിപ്പെട്ടു അതെടുത്തോണ്ട് അകത്തേക്ക് പോയി..വല്ലതും കഴിക്കാനെടുക്കെടീ എന്ന് പറഞ്ഞോണ്ട് ഞാനും.

പഞ്ചാര പൊടിക്കുന്നുണ്ടേൽ ഇന്നെന്തായാലും അടിപൊളി സ്‌പെഷ്യൽ സ്വീറ്റ് ണ്ടാവും..അതിന്റെ ഫോട്ടോയും എടുത്ത് ചുളുവിൽ അവളോട് റെസിപ്പിയും വാങ്ങിച്ചുഗ്രൂപ്പിലിടണം. ലൈക്ക് കമന്റ്സ് ആലോചിച്ചപ്പോ തന്നെ കുളിരു കോരി.

വൈന്നേരം പതിവ് പോലെ ഹാളിൽ ഇരുന്നോണ്ട് ഞാൻ ചാറ്റിംഗിലും അവള് ടീവി കാണലുമാരുന്നു..ഇടക്കെപ്പോഴോ തല ഉയർത്തി നോക്കിയപ്പോ അവളെ കാണാനില്ല..വല്ലതും കൊറിക്കാൻ എടുക്കാനെങ്ങാനും പോയതാവും.

ക്ഷമയോടെ കാത്തിരുന്ന് അവസരം ഒത്ത് വരുമ്പോ ഇരയുടെ മേൽ ചാടി വീഴാൻ കാത്തിരിക്കുന്ന മുതലയെ കാണിക്കുകയാണ് ഏതോ ചാനലിൽ..നല്ല രസോള്ള ഏർപ്പാട്..പൊടുന്നനെയാണ് ഇരയുടെ കഴുത്ത് ലക്ഷ്യമാക്കി മുതല ഉയർന്നു പൊങ്ങിയത്..

എന്തൊരു ടൈമിംഗ് എന്നാലോചിക്കുമ്പോഴേക്കും കനമുള്ള എന്തോ വസ്തു എന്റെ തലേൽക്ക് വന്ന് വീണ്..വീണതാണോ ആരോ കൊണ്ടിടിച്ചതാണോ എന്തോ..ബോധം വന്നപ്പോ എവിടാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.

പിന്നെയല്ലേ കാര്യമറിഞ്ഞേ..നേരാം വണ്ണം ചോദിക്കുകയോ സംശയിക്കുകയോ ഒക്കെ ചെയ്താൽ ഞാനെല്ലാം അവളിൽ നിന്ന് മറച്ചു വെക്കുമെന്നോർത്ത് അവള് അഭിനയിച്ചതാണത്രേ..ഏതറ്റം വരെ പോവുമെന്ന് നോക്കാനും തെളിവ് സഹിതം പിടിക്കാനും.. എന്റെ പൊട്ട ബുദ്ധിക്ക് അതൊന്നും മനസിലാക്കാൻ കഴിയാതെ പോയി..എന്റെ പിഴ..

അവസരം ഒത്തു വന്നപ്പോ നേരത്തെ പ്ലാൻ ചെയ്ത പോലെ അമ്മിക്കല്ലോണ്ടുള്ള ഒരു പ്രയോഗം..അത്രേ ഉണ്ടായുള്ളൂ.

കാണാൻ വന്നൊരുടെ ചോദ്യത്തിനൊക്കെ അവളുടെ മറുപടി തലേൽ തേങ്ങാ വീണതാരുന്നെന്നാ..മരിക്കാഞ്ഞത് ഭാഗ്യം..അല്ലേൽ തേങ്ങാ വീണ യുവാവിന് സംഭവിച്ചത് എന്ന തലക്കേട്ടോടെ ഞാനും വൈറലായേനെ.