എന്തെങ്കിലും ചോദിക്കുമ്പോൾ ഉദയേട്ടന്റെ കണ്ണുകളിൽ തെളിയുന്ന അവജ്ഞയും വെറുപ്പും കാണുമ്പോൾ….

ഇലക്ട്ര ആൻഡ് ഈഡിപ്പസ്…

Story written by Jisha Raheesh

===========

പുറത്ത് ഇരുട്ട് കനത്തിട്ടും രജനി സിറ്റൗട്ടിലെ കസേരയിൽ നിന്നും എഴുന്നേറ്റില്ല..

അവരെത്തിയിട്ടില്ല..രാവിലെ പോയതാണ് അച്ഛനും മോളും…എന്തിനെന്നോ എങ്ങോട്ടെന്നോ അറിയില്ല..അല്ലെങ്കിലും സ്വന്തം ജീവിതത്തിൽ സംഭവിക്കുന്നത് എന്താണെന്ന് തിരിച്ചറിയതായിട്ട് മാസം രണ്ടു കഴിഞ്ഞു…

എന്തെങ്കിലും ചോദിക്കുമ്പോൾ ഉദയേട്ടന്റെ കണ്ണുകളിൽ തെളിയുന്ന അവജ്ഞയും വെറുപ്പും കാണുമ്പോൾ പൊള്ളിപ്പിടയുകയാണ്..വല്ലാതങ്ങ് ശ്വാസം മുട്ടുമ്പോൾ എങ്ങോട്ടെങ്കിലും ഇറങ്ങി പോവണമെന്ന് തോന്നാറുണ്ടെങ്കിലും അനാഥാലയത്തിൽ ജനിച്ചു വളർന്നവൾ എങ്ങോട്ട് പോവാൻ…

എല്ലാത്തിലുമപരി വിധുവിന്റെ പരിഹാസവും കുത്തുവാക്കുകളും..

എന്താണ് താൻ ചെയ്ത തെറ്റ്‌..ജീവിതത്തിൽ ഇങ്ങനെയൊരു താളപ്പിഴ വരാൻ മാത്രം എന്ത് പാപമാണ് ചെയ്തത്..

രണ്ടുമാസങ്ങൾക്ക് മുൻപേ  തന്റെ ജീവിതം ഇങ്ങനെയൊന്നും ആയിരുന്നില്ല..

അന്തസ്സും ആഭിജാത്യവും ഉയർത്തിപ്പിടിക്കുന്ന പഴയൊരു തറവാടായിരുന്നു ഉദയേട്ടന്റേത്..അത് കൊണ്ടു തന്നെ മകൻ ഒരു അനാഥപെണ്ണിനെ ഭാര്യയാക്കുന്നത് ഉദയേട്ടന്റെ അമ്മയ്ക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല..അച്ഛൻ നേരത്തെ മരിച്ചു പോയി..ഒരനിയൻ ഉള്ളത് ഡോക്ടറാണ്..

പഴകി പിഞ്ഞി തുടങ്ങിയ വസ്ത്രങ്ങളുമണിഞ്ഞു അപകർഷതാബോധത്തിന്റെ പ്രതീകമായി മുഖവും താഴ്ത്തി നടന്നിരുന്ന തന്നെ ഉദയേട്ടൻ ശ്രെദ്ധിച്ചു തുടങ്ങിയത് എന്നാണെന്നറിയില്ല..ഒരു ദിവസം മുൻപിൽ വന്നു പ്രണയം പറഞ്ഞപ്പോൾ പരിഹസിക്കുകയാണോ എന്നായിരുന്നു സംശയം..

ഇണങ്ങിയും പിണങ്ങിയും ദേഷ്യപ്പെട്ടും വെറുപ്പ് കാണിച്ചുമൊക്കെ ഒഴിവാക്കാൻ ശ്രെമിച്ചുവെങ്കിലും ഉദയേട്ടൻ പിന്മാറിയില്ല..ഇഷ്ടമില്ലാഞ്ഞിട്ടായിരുന്നില്ല..അനാഥത്വത്തിനൊപ്പം മറ്റൊരു വേദന കൂടെ താങ്ങാൻ കെൽപ്പുണ്ടാവില്ലെന്ന് അറിയാമായിരുന്നു..

എന്നിട്ടും എപ്പോഴോ ആ സ്നേഹത്തിനു മുൻപിൽ തോറ്റുപോയി..സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള കൊതി കൊണ്ടാവാം…

അമ്മയെ എതിർത്തായിരുന്നു രജിസ്റ്റർ മാരിയേജ്..എന്നിട്ടും വിവാഹം കഴിഞ്ഞപ്പോൾ തറവാട്ടിലേയ്ക്കാണ് ഉദയേട്ടൻ കൊണ്ടുപോയത്..ആ വലിയ തറവാട് വീടിന്റെ പൂമുഖത്തു നിൽക്കുമ്പോൾ ഉള്ളു പിടച്ചിരുന്നെങ്കിലും ആശ്വാസം പോലെ ഉദയേട്ടന്റെ കൈ എന്നെ മുറുകെ പിടിച്ചിരുന്നു..ഒന്ന് നോക്കി കനത്ത മുഖത്തോടെ അമ്മ തിരിഞ്ഞു നടന്നപ്പോൾ ‘ഇനി സ്വീകരിക്കാനാരുമില്ല..വലത് കാല് വെച്ചങ്ങ് കയറിക്കോ’ എന്ന് ഉദയേട്ടൻ പറഞ്ഞുവെങ്കിലും പൂമുഖത്തേക്ക് കയറുമ്പോൾ കാലുകൾ വിറക്കുന്നുണ്ടായിരുന്നു..

ആദ്യദിവസങ്ങളിലൊന്നും അമ്മ കണ്ട ഭാവം നടിച്ചില്ല..ഇടിച്ചങ്ങ് കയറാനുള്ള സാമർഥ്യമൊന്നും തനിക്കില്ലെന്ന് ഉദയേട്ടനും അറിയാമായിരുന്നു..കുത്തുവാക്കുകളിൽ തുടങ്ങി പിന്നീടെപ്പോഴോ അടുക്കളക്കാരിയുടെ വേഷം തന്നപ്പോഴും പലതും ഉദയേട്ടനെ അറിയിച്ചില്ല..തറവാട്ടിന് ചേർന്നൊരു ഡോക്ടറെ തന്നെ അനിയൻ നവീൻ വിവാഹം കഴിച്ചതോടെ അമ്മയുടെ ചേരിപ്പോര് രൂക്ഷമായി..നേരിട്ടൊന്നും പറഞ്ഞില്ലെങ്കിലും ദൃശ്യയും അതൊക്കെ ആസ്വദിച്ചിരുന്നു..താനുമായി അടുക്കാനൊരു അവസരം അമ്മ അവൾക്ക് നൽകിയിരുന്നില്ല..

ഉദയേട്ടൻ ഗൾഫിൽ ജോലി കിട്ടി പോയതോടെ അമ്മ പഴയതിലും ശക്തിയായി പകപോക്കാൻ തുടങ്ങിയിരുന്നു..

ഒരു നാൾ തനിക്കുള്ള വിസ ശരിയാക്കിയിട്ടുണ്ടെന്ന് ഉദയേട്ടൻ വിളിച്ചു പറഞ്ഞു. അമ്മ കലാപം തന്നെ നടത്തി..ഉദയേട്ടന്റെ വാശിയ്ക്ക് വഴങ്ങി താനും വിമാനം കയറി..അവിടെ നിന്നൊരു മോചനം മനസ്സാഗ്രഹിച്ചു പോയിരുന്നു..

അത് വരെ അറിയാതിരുന്ന സന്തോഷവും സുഖവും സമാധാനവും താനും അറിയുകയായിരുന്നു..കൊച്ചു സ്വർഗമായിരുന്നു തങ്ങളുടെ ആ ഫ്ലാറ്റ്..

ഉദയേട്ടൻ വിളിച്ചാൽ അമ്മ പലപ്പോഴും ഫോണെടുക്കില്ല..എടുത്താൽ തന്നെ മുക്കിയും മൂളിയും എന്തെങ്കിലുമൊക്കെ സംസാരിച്ചാലായി..

തങ്ങൾക്കിടയിലേക്ക് ഒരാൾ കൂടെ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഉദയേട്ടൻ തന്നെ നിലത്ത് നിർത്തിയിട്ടില്ല..ഉത്സാഹത്തോടെ അമ്മയെ വിളിച്ചു വിവരം പറഞ്ഞയാളുടെ മുഖം മങ്ങിയത് കണ്ടപ്പോൾ അവിടെ നിന്നും കിട്ടിയ മറുപടി എന്താവുമെന്ന് എനിക്ക് ഊഹിക്കാമായിരുന്നു..

പ്രസവം അവിടെ തന്നെയായിരുന്നു..ഓടി നടന്നു കാര്യങ്ങൾ ചെയ്തു തരുന്ന ഉദയേട്ടനെ കണ്ടപ്പോൾ സങ്കടം തോന്നിയിട്ടുണ്ട്..കരഞ്ഞിട്ടിട്ടുണ്ട്..

മോള് ജനിച്ചതിൽ പിന്നെ അവളായിരുന്നു ഞങ്ങളുടെ ലോകം..വിദ്ധിമ എന്നവൾക്ക് പേരിട്ടത് ഉദയേട്ടനായിരുന്നു..വിധൂ എന്ന് വിളിക്കുമ്പോൾ പല്ലില്ലാത്ത മോണ കാട്ടി അവൾ ചിരിക്കുമ്പോൾ ഞാനോർക്കും..എന്നെ പ്രസവിച്ച സ്ത്രീയ്ക്ക് എന്നെ എങ്ങനെ ഉപേക്ഷിക്കാൻ തോന്നിയെന്ന്..

നവീൻ തന്നെയാണ് അവനും ഭാര്യയും യു എസ്സിലേക്ക് പോവുകയാണെന്ന കാര്യം ഉദയേട്ടനെ വിളിച്ചു പറഞ്ഞത്..അമ്മയ്ക്ക് തുണയായി  ജോലിക്കാരിയെ വെച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോൾ ഉദയേട്ടനും തിരിച്ചൊന്നും പറയാനുണ്ടായിരുന്നില്ല..ഒരിക്കൽ പോലും മോളുടെ കാര്യം പോലും ഒന്ന് തിരക്കാൻ മനസ്സില്ലാതിരുന്ന അമ്മയെ ഉദയേട്ടൻ വീണ്ടും വിളിച്ചു..അമ്മയുടെ സ്വഭാവത്തിൽ അപ്പോഴും മാറ്റമൊന്നും വന്നില്ലായിരുന്നു..

വിധുവിനു ഉദയേട്ടനോടായിരുന്നു കൂടുതൽ അടുപ്പം..ഉദയേട്ടൻ ജോലിയ്ക്ക് പോവുമ്പോൾ ചിണുങ്ങിക്കരയുന്ന അവളുടെ മുഖം സന്തോഷം കൊണ്ടു വിടരുന്നത് ഉദയേട്ടൻ തിരികെ വരുമ്പോഴാണ്..ഉദയേട്ടനും അങ്ങനെ തന്നെയായിരുന്നു..രണ്ടുപേരും കളിക്കുന്നത് തെല്ല് കുശുമ്പോടെ നോക്കി നിൽക്കുന്ന തന്നെ നോക്കി ഉദയേട്ടൻ പൊട്ടിച്ചിരിക്കും..മെല്ലെ അടുത്തേക്ക് വിളിച്ചു ചേർത്ത് പിടിക്കും..പുറമെ വെറുതെ കുശുമ്പ് ഭാവിക്കുമെങ്കിലും തനിക്ക് പരിഭവങ്ങളില്ലായിരുന്നു..തനിക്ക് കിട്ടാതെ പോയ സ്നേഹം തന്റെ മോൾക്ക് കിട്ടണമേയെന്ന പ്രാർത്ഥനയായിരുന്നു മനസ്സിൽ..

വളർന്നു വരുന്നതിനനുസരിച്ച് വിധുവിനു ഉദയേട്ടനോടുള്ള അറ്റാച്ച്മെന്റ് കൂടിയതേയുള്ളൂ..പഠിക്കാത്തതിനും ഭക്ഷണം കഴിക്കാത്തതിനുമൊക്കെ അവളെ വഴക്ക് പറയുന്ന, നിയന്ത്രിക്കാൻ ശ്രെമിക്കുന്ന അമ്മയേക്കാൾ, അവളുടെ കുരുത്തക്കേടുകൾക്കെല്ലാം കൂട്ട് നിൽക്കുന്ന അച്ഛൻ, അവൾക്ക് ആരെക്കാളും പ്രിയപ്പെട്ടതായിരുന്നു..എന്നിരുന്നാലും തന്റെ കണ്ണൊന്നു നിറഞ്ഞാൽ, വീട്ട് ജോലിക്കിടെ വിരൽത്തുമ്പിലൊന്ന് പോറിയാൽ ഉദയേട്ടന്റെ കണ്ണുകളിൽ കണ്ടിരുന്ന അതേ വേവലാതി വിധുവിന്റെ മുഖത്തും ഞാൻ കണ്ടിട്ടുണ്ട്..

വലുതായിട്ടും പലപ്പോഴും അച്ഛന്റെയും അമ്മയുടെയും നടുക്കായിരുന്നു വിധുവിന്റെ ഉറക്കം..വളരെ കുറച്ചു ഫ്രണ്ട്‌സേ അവൾക്കുണ്ടായിരുന്നുള്ളൂ..അച്ഛനാണെന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്..

വിധു ഹൈസ്കൂളിൽ എത്തിയപ്പോഴാണ് ഒരിക്കൽ ഉദയേട്ടൻ അവളുടെ ഫോട്ടോ അമ്മയ്ക്ക് അയക്കുന്നത്..രണ്ടു ദിവസം കഴിയും മുൻപേ അമ്മ ഉദയേട്ടനെ വിളിച്ചു..ആദ്യമായി..

പേരക്കുട്ടിയോടുള്ള സ്നേഹം പതിയെ ആ മനസ്സിലെ കാലുഷ്യം ഇല്ലാതാക്കുകയായിരുന്നു എപ്പോഴോ അമ്മയുടെ സംസാരത്തിൽ ഞാനും ഉൾപ്പെട്ടു തുടങ്ങി.

വിധുവിനെ കാണാനുള്ള ആഗ്രഹം അമ്മ നിർത്താതെ പറയാൻ തുടങ്ങിയപ്പോഴാണ് അവളുടെ ടെൻതിലെ എക്സാം കഴിഞ്ഞുള്ള വെക്കേഷന് നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തത്..നാട്ടിലെത്തിയപ്പോൾ ആഘോഷമായിരുന്നു..തിരിച്ചു പോവാനുള്ള സമയം അടുത്തപ്പോഴാണ് ഒരു രാത്രി അമ്മയ്ക്ക് സ്ട്രോക്ക് വന്നത്..ഒരു വശം തളർന്നുപോയിരുന്നു..എന്ത് ചെയ്യണമെന്നറിയാതെ ധർമ്മസങ്കടത്തിലായിരുന്ന ഉദയേട്ടനോട് താൻ തന്നെയാണ് തല്ക്കാലം ഇവിടം വിട്ട് ദുബായ്ക്കില്ലെന്ന് പറഞ്ഞത്..ആ മനസ്സ് തനിക്കറിയാമായിരുന്നു..

വിധുവിനെ നാട്ടിൽ തന്നെ പ്ലസ് വണ്ണിന് ചേർക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചെങ്കിലും അവളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുക എളുപ്പമായിരുന്നില്ല..കരഞ്ഞും നിരാഹാരം കിടന്നും അവൾ പ്രതിഷേധിച്ചെങ്കിലും വിജയിച്ചില്ല..ഉദയേട്ടൻ  തിരികെ പോയി..

ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായെങ്കിലും പതിയെ ഇവിടുത്തെ ജീവിതവും സ്കൂളുമൊക്കെയായി അവൾ പൊരുത്തപ്പെട്ട് തുടങ്ങി..എങ്കിലും അവളാകെ ഒതുങ്ങിപ്പോയിരുന്നു..

അമ്മയുടെ സ്നേഹം അധികകാലം അനുഭവിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നില്ല..മറ്റൊരു രാത്രിയിൽ സൈലന്റ് അറ്റാക്ക് എന്ന വില്ലൻ അമ്മയെ കൊണ്ടു പോയി..ഉദയേട്ടൻ നാട്ടിലെത്തി..അമ്മ മരിച്ചിട്ട് പോലും നവീനും ദൃശ്യയ്ക്കും ലീവ് കിട്ടിയിരുന്നില്ല..

ഉദയേട്ടന് തിരികെ പോവാനുള്ള ദിവസം അടുത്തപ്പോൾ വിധു പിന്നെയും ബഹളം വെച്ചു..പ്ലസ്‌ ടു വിൽ എത്തിയിരുന്നു അവളപ്പോൾ..പഠിത്തമൊന്നും അവൾക്കൊരു വിഷയമേ ആയിരുന്നില്ല..

എന്തായാലും ഞങ്ങളെ തിരികെ കൊണ്ടുപോവില്ലെന്നും രണ്ടുമൂന്ന് വർഷത്തിനുള്ളിൽ അവിടുത്തെ ജോലി മതിയാക്കി തിരികെ വരാനാണ് തന്റെ പ്ലാനെന്നും ഉദയേട്ടൻ തറപ്പിച്ചു പറഞ്ഞു..രണ്ടു ദിവസം അച്ഛനോട് മിണ്ടാതെ നടന്നിട്ടും ഉദയേട്ടന്റെ തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടായില്ല..ഉദയേട്ടൻ തിരികെ പോയതോടെ വിധു എന്നിൽ നിന്നും വല്ലാതെ അകന്നു..എപ്പോഴും ദേഷ്യം..ആദ്യമൊക്കെ ഉദയേട്ടൻ വിളിക്കുമ്പോൾ സംസാരിക്കാൻ കൂട്ടാക്കിയില്ലെങ്കിലും അച്ഛനോട് അധികമൊന്നും പിണങ്ങിയിരിക്കാൻ അവൾക്കാവുമായിരുന്നില്ല..

എന്നോടുള്ള ശത്രുതാമനോഭാവം നാൾക്ക് നാൾ കൂടി വന്നു..അതെന്റെ മനസ്സിനെ മുറിപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് ഞാനത് ഉദയേട്ടനോട് പറഞ്ഞത്..ആൾക്കത് തമാശയായിരുന്നു..നീ അവളെ കൂടുതൽ നിയന്ത്രിക്കാൻ ശ്രെമിക്കുന്നത്‌ കൊണ്ടാണെന്ന് ഉദാസീനമായി പറഞ്ഞപ്പോൾ പിന്നൊന്നും പറയാൻ എനിക്കും തോന്നിയില്ല..

ദിവസങ്ങൾ കഴിഞ്ഞു പോകവേ ഒരു ദിനം ഫോൺ ചെയ്ത ഉദയേട്ടന്റെ സ്വരത്തിൽ അതുവരെ ഉണ്ടാവാതിരുന്ന ഒരു ഗൗരവം..ജോലിയുടെ എന്തോ ടെൻഷൻ കൊണ്ടായിരിക്കാം എന്ന് കരുതിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും അത് തന്നെ ആവർത്തിച്ചു..വിളികളുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരുന്നു..

ഒരു ദിവസം രാവിലെ എഴുന്നേറ്റു പൂമുഖവാതിൽ തുറന്ന ഞാൻ കണികണ്ടത് ഉദയേട്ടനെ ആയിരുന്നു..വല്ലാതെ ക്ഷീണിച്ച് താടിയൊക്കെ വളർന്ന്..ഞെട്ടലോടെ ഓടിച്ചെന്നു ആ കൈയിൽ പിടിച്ചപ്പോൾ എന്റെ കൈ തട്ടിയെറിഞ്ഞു എന്നെ തുറിച്ചു നോക്കി ഉദയേട്ടൻ അകത്തേക്ക് നടന്നപ്പോൾ സംഭവിച്ചത് എന്തെന്നറിയാതെ ഞാൻ പകച്ചു നിന്നു. ഏറെ നേരം കഴിഞ്ഞു വാഷ്റൂമിൽ നിന്നും തിരികെ വന്നയാളോട് ഞാൻ പിന്നെയും ചോദിച്ചു..

“ഉദയേട്ടാ ഇതെന്താ പെട്ടെന്നിങ്ങനെ..വരുമെന്ന് ഒരു സൂചന പോലും തന്നില്ലല്ലോ..?”

“എന്തേ..പെട്ടെന്ന് വന്നത് തനിക്കൊരു ബുദ്ധിമുട്ടായോ..?”

രൂക്ഷമായൊരു മറുചോദ്യമായിരുന്നു..

“എന്താ ഇങ്ങനെയൊക്കെ പറയുന്നേ..?”

ഉദയേട്ടൻ വീണ്ടുമെന്തോ പറയാൻ തുടങ്ങിയതും വിധു റൂമിലേക്ക് വന്നിരുന്നു..അവൾ അച്ഛനെ കെട്ടിപിടിച്ചതും ഉദയേട്ടൻ എന്നെ ശ്രെദ്ധിക്കുക പോലും ചെയ്യാതെ അവൾക്കൊപ്പം നടന്നു..വാതിൽക്കലെത്തിയപ്പോൾ എന്നെയൊന്നു തിരിഞ്ഞു നോക്കിയ വിധുവിന്റെ കണ്ണുകളിൽ പുച്ഛമായിരുന്നു..

അതൊരു തുടക്കം മാത്രമായിരുന്നു..ഉദയേട്ടൻ എന്നെ തീർത്തും അവഗണിച്ചു..എന്തെങ്കിലും ചോദിച്ചാൽ തന്നെ എനിക്ക് മനസ്സിലാവാത്ത മറുചോദ്യങ്ങളായിരുന്നു മറുപടി..വന്ന അന്ന് മുതൽ ഞങ്ങളുടെ ബെഡ്‌റൂമിൽ കിടക്കാതെ മറ്റൊരു റൂമിലാണ് കിടക്കാറ്..ഞാനുണ്ടാക്കുന്ന ഭക്ഷണം അച്ഛനും മോളും തൊട്ട് നോക്കാറില്ല..ഞാനെന്നൊരാൾ അവിടെയുണ്ടെന്നത് പോലും പരിഗണിക്കാതെ പുറത്ത് നിന്നും ഭക്ഷണം ഓർഡർ ചെയ്യും..ചിലപ്പോൾ അച്ഛനും മോളും ഉണ്ടാക്കി കഴിക്കും..വിധുവിന് വെക്കേഷൻ ആയത് കൊണ്ടു മിക്ക ദിവസങ്ങളിലും രണ്ടുപേരും പുറത്തു പോവും..എപ്പോഴും അച്ഛനൊപ്പം അവളുണ്ടാവും തനിച്ചൊന്ന് സംസാരിക്കാൻ പോലും അനുവദിക്കാതെ..

എന്തിനാണ് ഇങ്ങനെ ശിക്ഷിക്കപ്പെടുന്നതെങ്കിലും അറിയണം..ഇനി വയ്യ..ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു..

കാർ പോർച്ചിൽ വന്നു നിർത്തിയതും ഞാൻ എഴുന്നേറ്റു…എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ രണ്ടുപേരും അകത്തേക്ക് നടന്നു..

വിധു അവളുടെ റൂമിന്റെ വാതിലടച്ചതിന് ശേഷം പിന്നെയും കുറേ കഴിഞ്ഞാണ് ഉദയേട്ടന്റെ മുറിയുടെ ചാരിയ വാതിൽ തുറന്നു അകത്തു കടന്നത്..ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു..ഒരു കൈ കണ്ണിന് മുകളിൽ വെച്ച് കിടക്കുന്നയാളെ..ഞാൻ ലൈറ്റ് ഓൺ ചെയ്തതും ഉദയേട്ടൻ ഞെട്ടിയെഴുന്നേറ്റു..ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു..

“ഉം..എന്ത് വേണം..?”

ഗൗരവത്തിലാണ് ചോദ്യം..

“ഞാൻ ചെയ്ത തെറ്റെന്താണെന്ന് എനിക്കറിയണം..ഇങ്ങനെ പു ഴുത്ത പ ട്ടിയെപ്പോലെ എന്നെ അകറ്റി നിർത്താൻ..”

എന്റെ തൊണ്ടയിടറിപ്പോയിരുന്നു..

“നിനക്കറിയില്ലേ..?”

“അറിയാത്തത് കൊണ്ടാണല്ലോ ചോദിക്കുന്നത്..?”

എന്റെ ശബ്ദത്തിലെ ഉറപ്പുകൊണ്ടാവണം ഒന്ന് രണ്ടു നിമിഷം എന്നെ തന്നെ നോക്കി നിന്നു..ആ കണ്ണുകളിലെ വേദന എന്നിൽ അമ്പരപ്പാണ് ഉണ്ടാക്കിയത്..

“എന്നെ ഇങ്ങനെ അവഗണിക്കുന്നതിന്റെ കാരണം എനിക്കറിഞ്ഞേ തീരു..ഉദയേട്ടനെന്നെ അത്രയ്ക്ക് മടുത്തോ…?”

എന്റെ കണ്ണുകൾ നിറഞ്ഞൊഴകാൻ തുടങ്ങിയിരുന്നു..ഒന്ന് രണ്ട് നിമിഷം എന്നെ നോക്കി നിന്നിട്ടാണ് ഉദയേട്ടൻ ചോദിച്ചത്..

“മടുത്തത് എനിക്കാണോ രാജി..?”

“പിന്നെ..? കാര്യം എന്താന്നു വെച്ചാൽ തുറന്നു പറഞ്ഞൂടെ…എന്നെയിങ്ങനെ തീ തീറ്റിക്കാതെ…”

ഒന്നും പറയാതെ മേശപ്പുറത്തിരുന്ന മൊബൈൽ എടുത്തു നോക്കുന്നത് കണ്ടു..അത് എന്റെ നേരെ നീട്ടിയപ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും ഞാനത് കൈ നീട്ടി വാങ്ങി…എന്തോ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്സ് ആയിരുന്നു അത്…ഉദയേട്ടൻ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു..ആ മുഖഭാവം കണ്ടാണ് ഞാൻ വീണ്ടും മൊബൈലിലേക്ക് നോക്കിയത്..അപ്പോഴാണ് ഞാനത് ശ്രെദ്ധിച്ചത്…

സെ ക്സ് ചാറ്റ്!!!!! അതും എന്റെ നമ്പറിൽ നിന്നും..പല രാത്രികളിലും…ഏതൊക്കെയോ നമ്പറുകളിലേക്ക്…പക്ഷെ അതിലെ ഡിപി ഏതോ സിനിമനടിയുടേതായിരുന്നു..എന്റെ ഡിപി വിധു കുഞ്ഞായിരിക്കുമ്പോഴുള്ള ഒരു ഫോട്ടോ ആണ്…എന്റെ മുഖം വിവർണ്ണമായി..തൊണ്ട വരണ്ടു…ഉദയേട്ടൻ അപ്പോഴും ഒന്നും പറയാതെ എന്നെ തന്നെ നോക്കിനിൽക്കുകയായിരുന്നു..ഒരു നിലവിളി എന്റെ തൊണ്ടക്കുഴിയോളം എത്തി നിന്നു..നെഞ്ച് വേദനിക്കുന്നു..

“ഉദായേട്ടാ…ഇത്‌..ഇത്‌..ഞാൻ..ഞാനല്ല..”

ഉദയേട്ടൻ അപ്പോഴും മൗനത്തെ കൂട്ടു പിടിച്ച് എന്നെ തന്നെ നോക്കി നിന്നു..പക്ഷെ ആ മുഖത്തെ ദേഷ്യത്തിന് പിന്നിലെ വേദന എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു…എന്റെ ഉള്ളിൽ എന്തൊക്കെയോ തകർന്നടിയുന്നത് ഞാനറിയുന്നുണ്ടായിരുന്നു..ഉദയേട്ടനെ ഒന്ന് നോക്കി ഉറച്ച കാൽവെപ്പോടെ ഞാൻ പിന്തിരിഞ്ഞു നടന്നു..വിധുവിന്റെ റൂമിനു മുൻപിൽ എത്തിയപ്പോൾ പിറകിൽ നിന്നും ഉദയേട്ടൻ വിളിക്കുന്നുണ്ടായിരുന്നു..അതൊന്നും എന്റെ ചെവികളിൽ എത്തുന്നുണ്ടായിരുന്നില്ല..എനിക്ക് അടിമുടി ചുട്ടുപൊള്ളുന്നുണ്ടായിരുന്നു..

കതകിൽ ആഞ്ഞടിക്കുകയായിരുന്നു ഞാൻ..കണ്ണ് തിരുമ്മികൊണ്ടു വാതിൽ തുറന്ന വിധുവിന്റെ മുഖത്ത് എന്നെ കണ്ടതോടെ നീരസം നിറഞ്ഞു..ഒന്നും പറയാതെ ഞാൻ ആ മൊബൈൽ അവളുടെ മുഖത്തിന്‌ നേരെ നീട്ടി..ഒരു മാത്ര എന്റെ മകളുടെ മുഖം വിളറുന്നത് ഞാൻ വ്യക്തമായി കണ്ടു…

“ഇ..ഇതെന്താ…?”

അവളെ തള്ളി മാറ്റി ഞാൻ റൂമിലേക്ക് കടന്നു..അപ്പോൾ ഞാൻ അഭിമാനത്തിനു മുറിവേറ്റൊരു സ്ത്രീ മാത്രമായിരുന്നു..

“അത് തന്നെയാണ് എനിക്കും അറിയേണ്ടത്..ഇതെന്താ….?”

മുഖത്തെ ഭാവവ്യത്യാസം മറയ്ക്കാൻ ശ്രെമിച്ചു കൊണ്ടു അവൾ പറഞ്ഞു…

“ഇത്‌ ഇത്‌ അമ്മേടെ മൊബൈൽ അല്ലെ..എന്നോടെന്തിനാ ചോദിക്കണത്..?”

ആ നിമിഷം സർവ്വവും കൈവിട്ടു പോയിരുന്നു എനിക്ക്..അവളുടെ വലത് കവിളിലേക്ക് ആഞ്ഞടിക്കുമ്പോൾ മറ്റൊന്നും എനിക്കോർമ്മയില്ലായിരുന്നു..എന്റെ രൗദ്രഭാവം അവളെ ഭയപ്പെടുത്തിയിരുന്നു..അവൾ മാത്രമല്ല ഉദയേട്ടനും അത് ആദ്യമായാവും കാണുന്നത്..

“ഇത്‌ എന്താ..ആരാണ് ഇത്‌ എന്റെ മൊബൈലിൽ നിന്നും അയച്ചത്…?”

എന്റെ ചോദ്യം ശാന്തമായിരുന്നു..പക്ഷെ ഭാവം കണ്ടു അവൾ വിറയ്ക്കുന്നുണ്ടായിരുന്നു..തല കുനിച്ചു നിൽക്കുന്ന വിധുവിനോട് ഞാൻ വീണ്ടും ചോദിച്ചു…

“എന്റെ മൊബൈലിൽ നിന്നും ഇങ്ങനെ മെസ്സേജ് അയച്ചത് ആരാണ്…എനിക്ക് വ്യക്തമായൊരു ഉത്തരം വേണം വിധു…”

അപ്പോഴും അവൾ മിണ്ടിയില്ല..എന്റെ കൈത്തലം വീണ്ടും അവളുടെ കവിളിൽ പതിഞ്ഞു..വേച്ചു വീഴാൻ തുടങ്ങിയ അവളെ ഉദയേട്ടൻ പിടിച്ചിരുന്നു..എന്തോ പറയാൻ തുടങ്ങിയ ഉദയേട്ടനെ കൈ ഉയർത്തി ഞാൻ വിലക്കി..

“നീ പറഞ്ഞേ തീരു..”

വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങിയ എന്നെ ഭയപ്പാടോടെ നോക്കി വ്യക്തമല്ലാത്ത സ്വരത്തിൽ അവൾ പറഞ്ഞു…

“ഞാൻ..ഞാനാണ് അതൊക്കെ അയച്ചത്..”

അറിയാമായിരുന്നെങ്കിലും ഒരു നിമിഷം എന്റെ ഉള്ളൊന്ന് വിറച്ചു..പക്ഷെ അവളെ ചേർത്ത് പിടിച്ചിരുന്ന ഉദയേട്ടൻ അവളെ തന്നിൽ നിന്നും തള്ളി മാറ്റി..

“വിധൂ…”

തകർന്ന സ്വരത്തിൽ ഉദയേട്ടൻ വിളിച്ചു..

“അ..അച്ഛാ…ഞാൻ..”

“അച്ഛനോ..ആരുടെ അച്ഛൻ…?”

വെറുപ്പ് നിറഞ്ഞു തിങ്ങിയിരുന്നു ഉദയേട്ടന്റെ ശബ്ദത്തിൽ..വിധു ഞെട്ടലോടെ മുഖമുയർത്തി ഉദയേട്ടനെ ഒന്ന് നോക്കി..പിന്നെ പൊട്ടിക്കരഞ്ഞു കൊണ്ടു വേഗത്തിൽ ബാത്‌റൂമിലേക്ക് ഓടിക്കയറി..

എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാത്ത അവസ്ഥയിലായിരുന്നു ഞാനും ഉദയേട്ടനും..നിമിഷങ്ങൾക്കൊടുവിലാണ് എന്നിലെ അമ്മ തിരിച്ചെത്തിയത്..

“ഉദയേട്ടാ..വിധു…”

ഒരു കുതിപ്പിന് ബാത്‌റൂമിനരികെ എത്തിയിരുന്നു ഞാൻ..ടാപ് തുറന്നിട്ട ശബ്ദം കേൾക്കുന്നുണ്ട്..എന്റെ ഉള്ളു വിറച്ചു..

“ഉദയേട്ടാ..അവൾ..അവളെന്തെങ്കിലും അവിവേകം കാണിക്കും..”

അപ്പോഴാണ് ഉദയേട്ടനും സ്വബോധത്തിലേക്ക് തിരിച്ചെത്തിയത്…എത്ര തട്ടി വിളിച്ചിട്ടും പറഞ്ഞിട്ടുമൊന്നും വിധു കതക് തുറന്നില്ല..ഞാൻ കരയാൻ തുടങ്ങിയിരുന്നു..ഉദയേട്ടനും തളർന്നു തുടങ്ങിയിരുന്നു..ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കതക് പൊളിച്ചു ഉദയേട്ടൻ അകത്തു കയറിയപ്പോൾ വാടിയ താമരത്തണ്ട് പോലെ നിലത്ത് കിടക്കുകയായിരുന്നു അവൾ..കൈയിലെ മുറിവിൽ നിന്നും ഇറ്റിറ്റ് വീഴുന്ന ചോര അപ്പോഴും വെള്ളത്തിൽ അലിഞ്ഞു ചേരുന്നുണ്ടായിരുന്നു..ഉദയേട്ടൻ അവളെ വാരിയെടുക്കുമ്പോൾ അടഞ്ഞു പോവുന്ന കണ്ണുകൾ തുറക്കാൻ ശ്രെമിച്ചു കൊണ്ടു വ്യക്തമല്ലാത്ത സ്വരത്തിൽ അവൾ പറഞ്ഞത് ഞാൻ കേട്ടു..

“അ..അമ്മാ..സോ..സോറി..”

ഐസിയുവിനു മുൻപിലെ കസേരയിൽ അർദ്ധപ്രാണനോടെ ഉദയേട്ടന്റെ കരവലയത്തിൽ ഇരിക്കുമ്പോഴും മനസ്സിൽ ആ ചോദ്യം ഉയർന്നു വന്നിരുന്നു..

“എന്തിന്…? എന്തിനവൾ എന്നോട് ഇങ്ങനെയൊക്കെ ചെയ്തു…?”

വളരെ വൈകി വിധു അപകടനില തരണം ചെയ്തുവെന്നും ഒബ്സെർവഷനിൽ ആണെന്നും നാളെ റൂമിലേക്ക് മാറ്റുമെന്നും അറിഞ്ഞുവെങ്കിലും മനസ്സ് തണുത്തിരുന്നില്ല..

വിധുവിനെ റൂമിലേക്ക് മാറ്റുന്നതിനു മുൻപാണ് ഡോക്ടർ വിളിപ്പിച്ചത്..ഡോക്ടർ രാധാദേവി..ക്ലിനിക്കൽ സൈക്കോളജിസ്റ്..ചെറുചിരിയോടെയാണ് ഡോക്ടർ ഇരിക്കാൻ പറഞ്ഞത്..

“ഇലക്ട്രായെന്ന് കേട്ടിട്ടുണ്ടോ..?” ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമായതു കൊണ്ടു ഞങ്ങൾ ആദ്യമൊന്ന് പകച്ചു..

“ഗ്രീക്കിലെ ആർഗോസിലെ രാജാവിന്റെ മകളായ ഇലക്ട്ര രാജകുമാരിയ്ക്ക് അച്ഛനോട് അതിരില്ലാത്ത സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. പക്ഷെ ഇലക്ട്രയുടെ അമ്മയായ ക്ലൈറ്റെമ്നേസ്ട്ര ആഗ്മ്നോണിനെ കാമുകന്റെ സഹായത്തോടെ ചതിച്ചു കൊ ല്ലുന്നു. ഇതു മനസ്സിലാക്കിയ ഇലക്ട്ര അമ്മയോടും അവരുടെ കാമുകനോടും അച്ഛനു വേണ്ടി പ്രതികാരം നടത്തുന്നു.”

ഞങ്ങൾ ഒന്നും മനസ്സിലാവാതെ ഇരുന്നു..

“പൊതുവെ പെൺകുട്ടികൾക്ക് അച്ഛനോട് ഒരു അടുപ്പകൂടുതൽ ഉണ്ടാവും..പ്രത്യേകിച്ചു അയാൾ ഒരു വാത്സല്യനിധിയായ അച്ഛനാണെങ്കിൽ സ്വാഭാവികമായും ആ ഇഷ്ടം അവരുടെ മനസ്സിൽ വളരും…എല്ലാകാര്യത്തിലും അച്ഛനായിരിക്കും അവരുടെ റോൾ മോഡൽ..അച്ഛനോട് അമിതമായ സ്നേഹമുണ്ടായിരുന്ന, അച്ഛൻ കുഞ്ഞായി വളർന്നു വന്ന ഒരു പെൺകുട്ടി പക്ഷെ അച്ഛന്റെ സ്നേഹത്തിനു വേണ്ടി അമ്മയോട് മത്സരിക്കാൻ തുടങ്ങുമ്പോഴാണ് അപകടം കടന്നു വരുന്നത്..”

“അച്ഛനിൽ ഉടമസ്ഥതാ മനോഭാവം ഉള്ള അമ്മയോട് ഇത്തരം പെൺകുട്ടികൾക്ക് ദേഷ്യവുമായിരിക്കും. പെണ്മക്കളുടെ എല്ലാ ശരിയ്ക്കും ശരികേടുകൾക്കും അമിത വാത്സല്യം കൊണ്ട് ഒപ്പം നിൽക്കുന്ന അച്ഛന്മാർ മകളിലെ ഈ അമിത സ്നേഹം മനസ്സിലാക്കാതെ ഭാര്യയെ വഴക്കു പറയുകയും ചെയ്യുന്നതോടെ താൻ അമ്മയെ തോൽപ്പിച്ചുവെന്നും അച്ഛന്റെ സ്നേഹം തനിക്കു മാത്രമായി ലഭിക്കാൻ തുടങ്ങും എന്ന തോന്നലിലേക്ക് അവരെത്തിപ്പെടും.”

ഉദയേട്ടന്റെ മുഖം വിളറി വെളുത്തിരുന്നു..അത് കണ്ടാണ് ഡോക്ടർ പറഞ്ഞത്…

“ഹേയ് റിലാക്സ്..അങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല..പ്രണയിക്കാൻ ഒരാളെ തിരയുമ്പോൾ അവനിൽ അച്ഛന്റെ  സ്വഭാവം തിരയുന്നത്, എപ്പോഴും അച്ഛന്റെ സ്നേഹവുമായി താരതമ്യപ്പെടുത്തുന്നത്, അല്ലെങ്കിൽ ഭർത്താവിനെ കണ്ടെത്തുമ്പോൾ അച്ഛന്റെ പോലുള്ള മീശയുണ്ടോ, അച്ഛൻ നടക്കുന്നത് പോലെയാണോ  എന്നൊക്കെ നോക്കാൻ തോന്നിക്കുന്ന നിസ്സാര കാരണങ്ങളൊഴിച്ചാൽ ഇത് അപകടമല്ല. പക്ഷെ അച്ഛന്റെ മുകളിൽ അവകാശങ്ങൾ ഉറപ്പിക്കാൻ ആഗ്രഹിക്കുകയും അതുവരെ സർവ്വ അധികാരങ്ങളും കയ്യാളുന്ന അമ്മയോട് ശത്രു എന്നത് പോലെ പെരുമാറുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുമ്പോൾ അതിനെ ഇലക്ട്ര കോംപ്ലക്സ് എന്ന് തന്നെ വിളിക്കണം. സ്വാഭാവികമായും തെറ്റ് ചെയ്‌താൽ വഴക്കു പറയുന്ന അമ്മമാരെ ഇത്തരം കാരണങ്ങൾ കൊണ്ട് പെണ്മക്കൾ വെറുക്കലിന്റെ അങ്ങ് വക്കത്തോളം എത്തിക്കുകയും ചെയ്യും.”

അപ്പോഴും ഡോക്ടറുടെ വാക്കുകൾ നൽകിയ ഷോക്കിലായിരുന്നു ഞങ്ങൾ..

“ഡോക്ടർ…വിധു…മോള്…”

ഞാൻ ഇടറിയ ശബ്ദത്തിൽ ചോദിച്ചു..ഡോക്ടർ പുഞ്ചിരിച്ചു..

“മോളോട് ഞാൻ സംസാരിച്ചു..രജനിയോട് അവൾക്ക് സ്നേഹക്കുറവൊന്നുമില്ല..പക്ഷെ അച്ഛനോട് ഇത്തിരി പോസ്സസീവനെസ്സ് കൂടുതലുണ്ട്..പെട്ടന്ന് നാട്ടിൽ വന്നപ്പോൾ ആകെ ഒറ്റപ്പെട്ടു പോയത് പോലെ തോന്നിക്കാണും അവൾക്ക്..അച്ഛനിൽ നിന്നും തന്നെ അകറ്റുന്നത് അമ്മയാണെന്ന തോന്നലും എങ്ങനെയെങ്കിലും അച്ഛനെ നാട്ടിലെത്തിക്കണമെന്ന ചിന്തയും മാത്രമേ വിദ്ധിമയിൽ ഉണ്ടായിരുന്നുള്ളൂ..പക്ഷെ അവളറിയാതെ, മനസ്സിൽ അമ്മയെ ചതിക്കുന്നതിലുള്ള കുറ്റബോധവും ഉണ്ടായിരുന്നു…പക്ഷെ ഇങ്ങനെയൊക്കെ സംഭവിച്ചത് ഒരു കണക്കിന് നന്നായി എന്നേ ഞാൻ പറയൂ..ഇല്ലെങ്കിൽ വിദ്ധിമയെ നമുക്ക് തിരിച്ചു കിട്ടില്ലായിരുന്നു..നല്ലൊരു കൗൺസിലിംഗ് മാത്രമേ മോൾക്ക് ഇപ്പോൾ ആവശ്യമുള്ളൂ..”

“പക്ഷെ മകളുടെ വാക്കുകൾ മിസ്റ്റർ ഉദയൻ അതേപടി വിശ്വസിക്കാൻ പാടില്ലായിരുന്നു..”

“അത്..മോള് രജനിയെ പറ്റി വളരെ മോശമായി പറഞ്ഞു തുടങ്ങിയപ്പോൾ  ആദ്യം ഞാൻ അവളെ വഴക്ക് പറഞ്ഞു..അപ്പോഴാണ് അവൾ ആ ചാറ്റ് ഹിസ്റ്ററിയൊക്കെ അയച്ചത്..സ്വന്തം അമ്മയെ പറ്റി ഇങ്ങനെയൊക്കെ അവള് ഉണ്ടാക്കി പറയുമെന്നൊ ചെയ്യുമെന്നോ …”

ഉദയേട്ടൻ പൂർത്തിയാക്കാനാവാതെ നിർത്തി..

“കുട്ടികൾ ചിലപ്പോഴൊക്കെ നമ്മൾ ചിന്തിക്കുന്നതിനുമപ്പുറം പ്രവൃത്തിക്കും..അച്ഛനോടുള്ള അമിതമായ പോസ്സസീവനെസ്സിന് പെൺകുട്ടികളിൽ ഇലക്ട്ര കോംപ്ലക്സ് എന്ന് പറയുമ്പോൾ ആൺകുട്ടികളിൽ അമ്മയോടുള്ള അമിത സ്നേഹത്തിനു ഈഡിപ്പസ് കോംപ്ലക്സ് എന്ന് പറയും..ഭാര്യയിൽ, പ്രണയിനിയിൽ അവർ അമ്മയുടെ സ്വഭാവം തിരയും..അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് അവളുണ്ടാക്കുന്നതിനില്ലെന്ന് പറഞ്ഞു അവർ അവളെ ചിലപ്പോഴൊക്കെ പരിഹസിക്കും, അമ്മയുടെ ശ്രദ്ധ ഇല്ലെന്നു പറഞ്ഞു ചിലപ്പോഴൊക്കെ മുറിവേൽപ്പിക്കും, ഓരോ പെണ്ണിലും സ്വന്തം അമ്മയെ തിരയുന്ന ഒരു അമ്മക്കുട്ടി (ഈഡിപ്പസ് കോംപ്ലക്സ്) ആ പരിഹാസങ്ങളിലും വേദനിപ്പിക്കലിലുമൊക്കെ ഒളിച്ചിരിപ്പുണ്ട്

“അച്ഛനോടുള്ള തീവ്രമായ സ്നേഹം കൊണ്ട് വരുന്ന പുരുഷന്മാരെ അച്ഛനുമായി താരതമ്യപ്പെടുത്തി, ഇഷ്ടപ്പെടാതെ വിവാഹം പോലും നീണ്ടു പോകുന്ന എത്രയോ പെൺകുട്ടികൾ മുന്നിലുണ്ട്..അച്ഛന്റെ മരണം കൊണ്ടു തകർന്നു പോയവരുണ്ട്. പക്ഷെ ഇത്തരം സാഹചര്യങ്ങളിൽ അച്ഛന്മാർ അറിഞ്ഞു കൊണ്ടല്ല പെണ്മക്കളെ ഇത്തരമൊരു അവസ്ഥയിലേയ്ക്ക് തള്ളി വിടുന്നത്. തന്റെ തന്നെ രക്തത്തിന്റെ ഭാഗമായ സ്വന്തമെന്ന് അവകാശപ്പെടാൻ കഴിയുന്ന മകളോടുള്ള വാത്സല്യം അച്ഛന്മാർക്ക് അതിരു കവിഞ്ഞതാണ്. പക്ഷെ അത് അവരിലുണ്ടാക്കുന്ന പരിവർത്തനങ്ങൾ പലപ്പോഴും അച്ഛന്മാർക്ക് മനസ്സിലാകില്ല. തന്റെ മുന്നിൽ വച്ച് തന്നെ അനുകൂലിച്ച് അമ്മയെ വഴക്കു പറയുമ്പോൾ അമ്മയുടെ മനസ്സ് മുറിയുന്നതോ അവിടെ അമ്മയുടെ വിലയിടിയുന്നതോ ഒന്നും അച്ഛന്മാരോ പെണ്മക്കളോ മനസ്സിലാക്കാറുമില്ല, മനസ്സിലാക്കിയാലും കാര്യമാക്കാറുമില്ല. പക്ഷെ ഏതെങ്കിലും സാഹചര്യത്തിൽ അച്ഛനിൽ നിന്ന് അങ്ങനെയൊരു വേദന വന്നാൽ അതിനെ അതിജീവിക്കാൻ മകൾക്ക് കഴിയുകയുമില്ല…”

“ഇത്‌ പോലെ തന്നെ ആൺകുട്ടികൾക്കും സംഭവിക്കാറുണ്ട്..അമ്മയോട് അതിരു കവിഞ്ഞ സ്നേഹമുള്ള ഒരു പതിനൊന്നുകാരൻ അച്ഛനും അമ്മയും തമ്മിലുള്ള ഒരു നിസ്സാരവഴക്കിനിടയിൽ അമ്മയോടുള്ള സ്നേഹം പ്രകടിപ്പിച്ചത് ഒരു ഫ്ലവർ വേസ് എടുത്തു അച്ഛനെ അടിച്ചിട്ടാണ്..കാരണം അച്ഛൻ എന്തോ കളിയാക്കിയതിന്റെ പേരിൽ അമ്മ കരഞ്ഞു..ഓവർ പ്രൊട്ടക്റ്റീവ്നെസ്സ്..ഇതേ പോസ്സസീവ്നെസ്സ് മാതാപിതാക്കൾക്ക് സഹോദരങ്ങളോടുള്ള സ്നേഹത്തിലും അവർ കാണിക്കാറുണ്ട്..”

“നമ്മൾ ഒന്ന് ശ്രെദ്ധിച്ചാൽ ഇതെല്ലാം പരിഹരിക്കാവുന്നതേയുള്ളൂ..കുഞ്ഞുങ്ങളുടെ സ്വഭാവം..അവരിലുണ്ടാവുന്ന മാറ്റങ്ങൾ..അവരെ കേൾക്കാനുള്ള മനസ്സ്..നിങ്ങൾക്കിടയിലേക്ക് കയറി വന്നവരല്ല അവരെന്നുള്ള തിരിച്ചറിവ് അവരിൽ വളർത്താൻ ശ്രെമിക്കണം..യഥാസമയങ്ങളിൽ ബന്ധങ്ങളുടെ മൂല്യത്തെ പറ്റി അവരെ പറഞ്ഞു മനസ്സിലാക്കിക്കണം….”

വിധുവിന്റെ റൂമിലേക്ക് കയറുന്നതിനു മുൻപേ ഉദയേട്ടൻ എന്റെ കൈ പിടിച്ചു..നിറഞ്ഞ ആ കണ്ണുകൾ മതിയായിരുന്നു എനിക്ക് എല്ലാം ക്ഷമിക്കാനും പൊറുക്കാനും..

ആരെയും നോക്കാതെ കണ്ണുകൾ അടച്ചു കിടന്നിരുന്ന വിധുവിനെ ഞാൻ കെട്ടിപ്പിടിച്ചു..അടുത്ത നിമിഷം അവളെന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു..അത് മതിയായിരുന്നു എനിക്ക്..ഉദയേട്ടനും…

*****************

“വിധൂ നീ അമ്മയെ വിളിച്ചിരുന്നോ..മോള് കരഞ്ഞൊന്നും ഇല്ലല്ലോ..”

റിസപ്ഷൻ കഴിഞ്ഞു കാറിൽ കയറിയപ്പോൾ ദീപക്ക് വിധുവിനോട് ചോദിച്ചു..

“ഈ ദീപുവേട്ടന്റെ ഒരു കാര്യം..എത്ര തവണയായി ചോദിക്കുന്നു..അവൾക്കൊരു കുഴപ്പവുമില്ലെന്നേ..അമ്മ നോക്കിക്കോളും “

നീനുമോൾക്ക് നാലു മാസം ആയതേയുള്ളൂ..ദീപക്കിന്റെ ഫ്രണ്ട്ന്റെ കല്യാണമായിരുന്നു ഇന്ന്..മോൾക്ക് ചെറിയ ജലദോഷം ഉള്ളത് കൊണ്ടു വിധുവും ദീപക്കും മോളെ കൂട്ടാതെയാണ് വന്നത്..മോള് രജനിയുടെ അടുത്താണ്…

“അമ്മ അവളെ എന്നെക്കാൾ നന്നായി നോക്കും..”

വിധു ദീപക്കിനെ ഒന്ന് നോക്കി..ദീപക്കിന് അറിയാത്തതായി ഒന്നും അവളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല..

“അന്ന് അമ്മയോട് എത്ര വലിയ തെറ്റാണ് ഞാൻ ചെയ്തതെന്ന് എനിക്കിപ്പോൾ വ്യക്തമായി അറിയാം ദീപുവേട്ടാ..അമ്മയ്ക്ക് മാത്രമേ എന്നോട് ക്ഷമിക്കാൻ കഴിയുകയുള്ളുവെന്നും..”

ദീപക്ക് ചിരിയോടെ അവളുടെ കവിളിലൊന്ന് തട്ടി..

“പിന്നെ  ദീപുവേട്ടൻ ആ കിഷോർ ഇട്ട ഷർട്ട് കണ്ടായിരുന്നോ..സ്കൈബ്ലൂ കളർ..”

“ഉം..എന്തേ..?”

“അതേ പോലുള്ള ഷർട്ട് ആണ് കഴിഞ്ഞതവണ അച്ഛന്റെ ബർത്ത് ഡേയ്ക്ക് ഞാൻ കൊടുത്തത്..കിഷോറിന് അത് ഒട്ടും ചേരുന്നില്ല..പക്ഷെ അച്ഛന് അത് പെർഫെക്ട് ആയിരുന്നു..”

വിധുവിനെ ഒന്ന് നോക്കി ചിരിയോടെ ദീപക്ക് വീണ്ടും റോഡിലേക്ക് ശ്രെദ്ധ തിരിച്ചു…

~സൂര്യകാന്തി ? ( ജിഷ രഹീഷ് )