Story written by Saji Thaiparambu
==============
“നമുക്ക് തിരിച്ച് പോകാം സതീഷേട്ടാ…”
“വിധു..നീ ഒന്ന് കൂടി ആ കുട്ടിയെ ചെന്ന് സ്നേഹത്തോടെ വിളിച്ച് നോക്ക്, ചിലപ്പോൾ വന്നാലോ?
“ഇല്ല സതിയേട്ടാ..എന്നെ കാണുമ്പോൾ തന്നെ, കു രിശ് കണ്ട പ്രേ തത്തെപ്പോലെയാ ആ കുട്ടിയുടെ ഭാവം. ഇതിലും കൂടുതൽ സ്നേഹം ഞാൻ എങ്ങനെ പ്രകടിപ്പിക്കുമെന്ന് സതീശേട്ടൻ ഒന്ന് പറഞ്ഞ് താ”
സങ്കടവും നിരാശയും മൂലം പൊട്ടിക്കരഞ്ഞ് പോകുമെന്ന് തോന്നിയപ്പോൾ വിധുബാല ശിശുഭവന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനകത്തേക്ക് കയറിയിരുന്നു.
ഇത് മൂന്നാം തവണയാണ് സതീശ് ഭാര്യയേം കൂട്ടി ഇവിടേക്ക് വരുന്നത്.
ഡോക്ടറുടെ ഉപദേശപ്രകാരമാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാനായി ശിശുഭവനിലെത്തുന്നത്.
അവരുടെ വിവാഹം കഴിഞ്ഞ് രണ്ടാമത്തെ വർഷമാണ് വ ന്ധ്യതാ ചികിത്സയുടെ ഭാഗമായുള്ള സ്കാനിങ്ങിൽ വിധുവിന്റെ യൂ ട്രസിനെ അ ർബുദം ബാധിച്ചെന്നറിയുന്നത്.
സെക്കന്റ് സ്റ്റേജായത് കൊണ്ട് കീ മോയിലൂടെ രോഗം ഭേദമാക്കാനുള്ള ശ്രമം നടത്തിയെങ്കിലും, നിരാശയായിരുന്നു ഫലം.
വിധുവിന്റെ തല മുടി മുഴുവൻ കൊഴിഞ്ഞ്, മുഖത്ത് കരുവാളിച്ച പാടുകൾ വീണ് അവളുടെ സൗന്ദര്യം നഷ്ടപ്പെട്ടതല്ലാതെ ആ ചികിത്സകൊണ്ട് രോഗം ഭേദമായില്ല.
ഒടുവിൽ വിധുവിന്റെ ജീവൻ നിലനിർത്തുവാനായി യൂ ട്രസ് റിമൂവ് ചെയ്യുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലാതായപ്പോൾ വിധുവിനെ കൊണ്ട് സതീഷിന് സമ്മതിപ്പിക്കേണ്ടിവന്നു.
നീണ്ടനാളത്തെ ആശുപത്രി വാസത്തിനു ശേഷം തിരികെ വീട്ടിലെത്തി നിലക്കണ്ണാടിയിൽ നോക്കിയ വിധു, തന്റെ വൈരൂപ്യം കണ്ട് ഞെട്ടി തരിച്ചുപോയി.
മാനസികവും ശാരീരികവുമായി തളർന്നുപോയ വിധുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഡോക്ടർ പറഞ്ഞ ഏകമാർഗം അവൾക്ക് താലോലിക്കാൻ ഒരു കുഞ്ഞിനെ കൊടുക്കുക എന്നതായിരുന്നു.
ഒരു കുഞ്ഞ് തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതോടുകൂടി, താനിനി എന്തിനു ജീവിക്കണം എന്ന ചിന്ത അവളിൽ നിന്നും ഒഴിഞ്ഞു പോകുമെന്നും പഴയത് പോലെ അവൾ ജീവിതത്തിലേക്ക് തിരിച്ചു വരുക തന്നെ ചെയ്യും എന്നുമുള്ള പ്രതീക്ഷ, ഡോക്ടർ സതീഷുമായി പങ്ക് വച്ചു.
പേടിപ്പെടുത്തുന്ന തന്റെ രൂപമാണ്, തന്നെ കാണുമ്പോൾ ആ കുട്ടി കരഞ്ഞ് കൊണ്ട് തിരിഞ്ഞ് പോകുന്നത് എന്ന ചിന്ത വിധുവിനെ കൂടുതൽ അസ്വസ്ഥയാക്കി.
സതീഷേട്ടനെ തനിച്ചാക്കി പോകാൻ വയ്യ, അതുകൊണ്ട് മാത്രണ് താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. തനിക്ക് വേണ്ടിയാണ് അദ്ദേഹം ഈ കഷ്ടപ്പെടുന്നത്, എത്രയോ മാസങ്ങളായി ഊണും ഉറക്കവുമില്ലാതെ അദ്ദേഹം തന്റെ കൂടെ തന്നെ നടക്കുന്നു…
ഇത്രയും സ്നേഹമുള്ള ആ പാവത്തിനെ ഉപേക്ഷിച്ചു ജീവിതത്തിൽ നിന്ന് എങ്ങനെ ഒളിച്ചോടും. അല്ലേലും വീട്ടുകാരെ മുഴുവൻ വെറുപ്പിച്ചിട്ടാണല്ലോ? അദ്ദേഹം തന്നെ വിവാഹം കഴിച്ചതും മറ്റൊരു വീടെടുത്ത് മാറി താമസിക്കുന്നതും, അതൊന്നും കണ്ടില്ലെന്ന് നടിക്കാൻ തനിക്ക് വയ്യ.
ഹൃദയത്തിൽ കാരമുള്ള് തറയുന്ന വേദന സഹിച്ച് അവൾ നിസ്സഹായതയോടെ ഇരുന്നു.
“വണ്ടി എടുക്കു സതീഷേട്ടാ..നമുക്ക് തിരിച്ചു വീട്ടിലേക്ക് പോകാം പോകാം”
തൻറെ കൂടെ ഇറങ്ങി വന്ന സതീഷിനോട് വിധുബാല പറഞ്ഞു.
“നമുക്ക് കുറച്ചുനേരം, കടപ്പുറത്ത് പോയിരുന്ന് കാറ്റ് കൊണ്ടാലോ?
വീട്ടിലേക്കുള്ള യാത്രയിൽ , അവരുടെ ഇടയിലെ പിരിമുറുക്കം ഒന്ന് കുറയ്ക്കാനായി സതീഷ് അവളോട് ചോദിച്ചു.
നിർന്നിമേഷയായി സതീഷിന്റെ മുഖത്തേക്ക് നോക്കിയിട്ട്, മറുപടി ഒന്നും പറയാതെ വീണ്ടും വഴിയോരത്തെ കാഴ്ചകളിലേക്കവൾ മുഖം തിരിച്ചു.
കടപ്പുറത്തെ പഞ്ചാര മണലിലേക്ക് കാറിന്റെ മുൻ ചക്രങ്ങൾ ഇറക്കി വണ്ടി നിർത്തിയിട്ട്, സതീശ് കാറിൽ നിന്നിറങ്ങി.
വിധുബാലയപ്പോൾ കടലിന്റെ അഗാധതയിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങിയ കുങ്കുമ സൂര്യനെ നോക്കിയിരിക്കുകയായിരുന്നു.
“ഇറങ്ങുന്നില്ലേ…?”
ഇടത് വശത്തെ ഡോറ് തുറന്ന് പിടിച്ച് സതീശ് ചോദിച്ചു.
മുടി കൊഴിഞ്ഞ് പോയ തലയോട്ടിയിൽ നിന്നും ഊർന്ന് വീണ സാരിത്തുമ്പിനെ വീണ്ടുo പിടിച്ച് തല വഴി മൂടിപ്പുതച്ച് കൊണ്ട് അവൾ വെളിയിലേക്കിറങ്ങി.
“എന്തെങ്കിലും തരണേ സർ..രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല, കുഞ്ഞിനു പാല് വാങ്ങി കൊടുക്കാനെങ്കിലും എന്തെങ്കിലും തരണേ, വിശന്നിട്ടാണ് എന്റെ കുഞ്ഞ് ഇങ്ങനെ കരയുന്നത്”
എവിടുന്നോ പൊട്ടിവീണത് പോലെ, മുഷിഞ്ഞ വസ്ത്രധാരിയായ
ഒരു നാടോടി സത്രീ കയ്യിൽ ഏതാണ്ട് ഒരു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞുമായി അവരുടെ നേരെ കൈ നീട്ടി.
സതീശ് അവരെയും കയ്യിലിരിക്കുന്ന കുട്ടിയെയും സൂക്ഷിച്ചുനോക്കി.
കുട്ടി ഇരുകണ്ണുകളും അടച്ച് അവരുടെ തോളിലേക്ക് ചാഞ്ഞു കിടക്കുകയാണ്.
“അതിന് ഈ കുട്ടി കരയുക അല്ലല്ലോ കണ്ണടച്ച് ഉറങ്ങുകയല്ലേ?”
ഒരു കള്ളത്തരം കണ്ടു പിടിച്ചത് പോലെ സതീഷ് അവരോട് കയർത്തു.
“അല്ല സാർ, അവൾ ഉണർന്നിരുന്നാലും അവളുടെ കണ്ണുകൾ അടഞ്ഞു തന്നെ ഇരിക്കും, ജന്മനാ അവൾക്ക് രണ്ട് കണ്ണുകളും ഇല്ല സർ”
അത് കേട്ടപ്പോഴാണ് വിധു ബാല അവരെ ശ്രദ്ധിച്ചത്.
പേഴ്സിൽ നിന്നും സതീഷ് എടുത്തു കൊടുത്ത 10 രൂപ നോട്ട് വാങ്ങി ആ സ്ത്രീ അകലേക്ക് നടന്ന് പോയി…
“ഒന്നു നിൽക്കൂ പോകല്ലേ”
മുന്നോട്ടു നടന്നു നീങ്ങിയ നാടോടി സ്ത്രീ, വിധുബാലയുടെ പിൻവിളി കേട്ട് തിരിഞ്ഞു നിന്നു.
വിധുബാല വേഗം നടന്ന് അവരുടെ അടുത്തേക്ക് ചെന്നു.
“ഈ കുഞ്ഞിനെ എനിക്ക് തരുമോ? നിങ്ങൾ ചോദിക്കുന്ന പൈസ ഞാൻ തരാം, എത്ര രൂപ വേണമെങ്കിലും…”
അവരുടെ വൃത്തിഹീനമായ കയ്യിൽ പിടിച്ചുകൊണ്ട് , ഒരു യാചന പോലെ വിധുബാല, അവരോട് ചോദിച്ചു.
“വിധു…നിനക്കെന്താ ഭ്രാ ന്തായോ? ആ കുഞ്ഞിന് കാഴ്ച്ചയില്ലെന്ന് അവർ പറഞ്ഞത് നീ കേട്ടില്ലേ?
“കേട്ടു സതീഷേട്ടാ…അതുകൊണ്ടുതന്നെയാണ്, ഞാൻ ഈ കുഞ്ഞിനെ ചോദിച്ചത്, കാഴ്ചയുള്ള ഒരു കുഞ്ഞിനും എന്നെ ആക്സപ്റ്റ് ചെയ്യാൻ കഴിയില്ലെന്ന്, കഴിഞ്ഞ ദിവസങ്ങളിൽ സതീഷേട്ടന് ബോധ്യമായതല്ലേ? ഈ കുട്ടിയാകുമ്പോൾ, എന്നെ കണ്ടു ഭയന്നിട്ട് തിരിഞ്ഞോടില്ലല്ലോ? കാഴ്ച ഇല്ലാത്തതുകൊണ്ടും ഇതുവരെ സ്വന്തം അമ്മയെ കാണാതിരുന്നത് കൊണ്ടും ഈ പിഞ്ച് കുഞ്ഞിനെ സംബന്ധിച്ചിടത്തോളം വിശക്കുന്ന സമയത്ത് ഭക്ഷണം കൊടുക്കുകയും ഉറങ്ങാനായി താരാട്ട് മൂളുകയും ചെയ്യുന്ന ഒരാള് മതി അമ്മയായിട്ട്…വലുതാകുമ്പോൾ ഞാൻ കൈ പിടിച്ച് നടത്തുകയും എന്നെ അമ്മേ എന്ന് വിളിച്ച് ശീലിപ്പിക്കുകയും ചെയ്താൽ പിന്നെ, അവൾ എന്നെ വിട്ട് പോകില്ലല്ലോ സതീശേട്ടാ”
വിധു ബാല വികാരഭരിതയായി പറഞ്ഞമ്പോൾ, സതീശ് പിന്നെ എതിർത്തില്ല.
“പറയൂ, നിങ്ങൾക്ക് എത്ര രൂപ വേണം, ഞങ്ങൾക്ക് ഈ കുഞ്ഞിനെ വിട്ട് തരാൻ…ചോദിച്ചോളു”
സതീശ് അവരോട് ചോദ്യം ആവർത്തിച്ചു.
“പ്ഫാ…നാണമില്ലേ നിങ്ങൾക്ക് എന്നോട് യാചിക്കാൻ, ഞാൻ നൊന്ത് പെറ്റ എന്റെ കുഞ്ഞിനെ, ഞാൻ ആർക്കും കൊടുക്കില്ല, പിച്ചതെ ണ്ടിയിട്ടാണെങ്കിലും ഞാൻ എന്റെ മോളെ വളർത്തും, ഇതാ നിങ്ങടെ പത്ത് രൂപ “
മുഖമടച്ചൊരു ആട്ട് കൊടുത്തിട്ട് സതീശ് കൊടുത്ത പത്തിന്റെ നോട്ട് അവരുടെ നേർക്ക് വലിച്ചെറിഞ്ഞിട്ട് അവർ ധൃതിയിൽ നടന്ന് പോയി .
നിനച്ചിരിക്കാതെ ചെകിട്ടത്തൊരടി കിട്ടിയത് പോലെ അവർ രണ്ട് പേരും തരിച്ച് നിന്ന് പോയി.
പുറത്തേക്ക് ചാടാൻ വെമ്പിയ നിലവിളിയെ വിധുബാല തൊണ്ടക്കുഴിയിൽ അടക്കി നിർത്തി.
ചത്ത മനസ്സുമായി അവൾ കടൽതിട്ടയിലേക്കിറങ്ങി ചെന്നു.
ദുർബ്ബലമായ ചെറിയ തിരകൾ അവളുടെ പാദങ്ങളിൽ തലോടി തിരിച്ച് പോയി.
പുറകിൽ വന്ന സതീശ് ഇരു കൈകൾ കൊണ്ട് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.
എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല.
“സാർ” എന്ന വിളി കേട്ടാണ് അവർ ഒരു പോലെ തിരിഞ്ഞ് നോക്കിയത്.
അതാ പുറകിൽ ആ സ്ത്രീ കുഞ്ഞുമായി നില്ക്കുന്നു.
“കുഞ്ഞിനെ നിങ്ങൾ കൊണ്ട് പൊയ്ക്കൊള്ളു സാർ, എനിക്ക് പൈസയൊന്നും തരേണ്ട. പകരം വല്ലപ്പോഴും ഇവളെ ദൂരെ നിന്ന് കാണാനുള്ള അനുവാദം മാത്രം മതി.”
“അതെന്താ പെട്ടെന്ന് നിങ്ങൾക്കൊരു മനംമാറ്റം വന്നത്, ഞങ്ങളെ ആട്ടിയേച്ച് പോയതല്ലേ നിങ്ങൾ”
സതീശ് അമർഷത്തോടെ ചോദിച്ചു.
“അത് സാർ, എനിക്ക് ഇവളെ കൂടാതെ വേറെ രണ്ട് ആൺകുട്ടികൾ കൂടിയുണ്ട്, ചിലപ്പോൾ ഇനിയുമുണ്ടായേക്കും, പക്ഷേ സാറിന്റെ ഭാര്യയ്ക്ക് കുട്ടികൾ ഇല്ലാത്തത് കൊണ്ടും, ഇനി ഉണ്ടാവാൻ ഇടയില്ലാത്തത് കൊണ്ടുമല്ലേ, എന്നെ പോലെ ഒരു തെരുവ് സ്ത്രീയുടെ അടുത്ത് യാചിച്ചത്…മാത്രമല്ല ഇവളൊരു പെൺകുഞ്ഞാ, തെരുവിലുറങ്ങുന്ന എന്നോടൊപ്പം ഉള്ളതിനെക്കാൾ സുരക്ഷിതമായി അവൾ നിങ്ങളോടൊപ്പം വളരുമല്ലോ എന്നും ഞാൻ ചിന്തിച്ചു, അത് കൊണ്ടാണ് സാർ”
അവർ സത്യാവസ്ഥ, സതീശിനെ ബോധിപ്പിച്ചു .
“ഇങ്ങ് തരൂ, ഞാൻ നോക്കിക്കൊള്ളാം അവളെ പൊന്ന് പോലെ, ഇടയ്ക്ക് ഞങ്ങൾ ഈ ബീച്ചിൽ കൊണ്ട് വന്ന് കാണിക്കുകയും ചെയ്യാം”
വർദ്ധിച്ച ആവേശത്തോടെ അവരുടെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങുമ്പോൾ വിധുബാലയുടെ മുഖത്ത് സന്തോഷത്തിരകൾ അലയടിക്കുന്നത് സതീശ് സംതൃപ്തിയോടെ നോക്കി നിന്നു.
~സജി തൈപറമ്പ്