സ്വപ്നത്തിൽ താൻ ഒരുപാട് ആഗ്രഹിച്ച പദവി, കിട്ടിയില്ല…പിന്നെ എങ്ങിനെയോ തനിച്ച് ആയിപ്പോയി ജീവിതം, ഇതുവരെ…

Story written by Nithya Prasanth

===========

“ദേവേട്ടാ…ഞാനുണ്ടാകും മോൾടെ കൂടെ…അജയ്‌നോട് ഓഫീസിൽ പോകാൻ പറഞ്ഞേക്കു…”

ദേവദത്തൻ എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം നിന്നു…

“എതിരു പറയരുത്…മോളിവിടെ കിടക്കുമ്പോൾ എനിക്ക് വീട്ടിൽ നിന്നാൽ ഒരു സമാധാനവുമില്ല….”

ദേവദത്തൻ ലക്ഷ്മിയെ നിസ്സഹായതയോടെ നോക്കി…

താല്പര്യം ഇല്ലെങ്കിലും തിരിച്ചൊന്നും പറയാൻ പറ്റാത്ത അവസ്ഥ…

“മമ്…അമ്മ കൂട്ടിനുണ്ടാകും “

അത് മാത്രം പറഞ്ഞു ദേവൻ പുറത്തേക്ക് പോയി…

ഇപ്പോഴും തന്നോട് മാത്രം സംസാരിക്കാൻ വാക്കുകൾക്ക് ക്ഷാമം…ദേവദത്തൻ….മനസ്സിൽ മായ്കാനാവാത്തവിധം എഴുതിവയ്ക്കപ്പെട്ട പേര്…എന്നുമുതലാണ് ഈ മനുഷ്യനെ ഞാൻ സ്നേഹിച്ചു തുടങ്ങിയത്…

കുട്ടിക്കാലത്തെ തറവാട്ടു വീട്ടിലെ ഒത്തുചേരലുകൾക്കിടയിൽ…കൗമരത്തിലെ പ്രണയ സങ്കല്പങ്ങളിൽ…കലാലയ ജീവിതത്തിലെ ധീരനായ പൊതുപ്രവർത്തകനിൽ..അതോ യൗവനത്തിലെ സമർത്ഥനായ ബിസിനസ്‌കാരനിലൊ….എന്നാണെന്നു പറയാനാവില്ല….മനസിലെ ആഴങ്ങളിൽ പതിഞ്ഞു പോയി ഈ രൂപം..

കലാലയജീവിത കാലഘട്ടങ്ങളിൽ എഴുതി കൂട്ടിയ കവിതകളിലെ പ്രണയത്തിനു ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ…കഥകളിലെ ധീര നായകനും ഒരേയൊരു മുഖമേ ഉണ്ടായിരുന്നുള്ളു….

സമ്പത്തു കൊണ്ട് കുറെയേറെ മുകളിലായിരുന്നു തന്നെക്കാൾ…ഇഷ്ടം പറയാൻ പറ്റിയില്ല…അതിനും മുൻപേ ദേവേട്ടന്റെ മനസു കീഴടക്കിയ ഒരാളുണ്ടായി….മീര…പിന്നീട്…മീരാദത്തൻ……

സ്വപ്നത്തിൽ താൻ ഒരുപാട് ആഗ്രഹിച്ച പദവി..കിട്ടിയില്ല…പിന്നെ എങ്ങിനെയോ തനിച്ച് ആയിപ്പോയി ജീവിതം…ഇതുവരെ…

മിടുക്കരായ രണ്ടു മക്കൾ…ഇതിൽ കൂടുതൽ സൗഭാഗ്യം എന്തുവേണം  ദേവേട്ടന്…അജയും അഞ്‌ജലിയും…IPS ഓഫീസർ ആയ അഞ്ജലി ഒരു മാവോയ്സ്റ്റ് അറ്റാക്കിൽ പരിക്കുപറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റായത് ടീവി ന്യൂസിലൂടെ ആയിരുന്നു ആദ്യം അറിഞ്ഞത്…കേട്ടയുടനെ പായുകയായിരുന്നു…സ്വന്തം മകളെ പോലെ മനസ്സിൽ കൊണ്ടുനടക്കുന്ന കുട്ടിയാണ്…കുറച്ചു സീരിയസ് ആയിരുന്നു…ഓപ്പറേഷൻ കഴിഞ്ഞു…ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞു എന്നാണ് ഡോക്ടർമാർ പറഞ്ഞത്….

ഈ അവസ്ഥയിൽ…കൂടെ നിന്ന് പരിചരിക്കണം എന്ന് മനസ് പറഞ്ഞു..ആളുകൾ എന്ത് പറയും എന്നൊന്നും നോക്കിയില്ല…ദേവേട്ടന്റ അമ്മയും അച്ഛനും…തന്റെ മാമനും അമ്മായിയും ഒന്നും പറയില്ല എന്നറിയാം…അവർക്ക് മുൻപേ ഇഷ്ടം ആയിരുന്നു തന്നെ…ദേവേട്ടന് മാത്രമാണ്…തന്നോട്…അങ്ങിനെ പ്രത്യകിച്ചൊരു ഇഷ്‌ടവും ഇല്ലാതിരുന്നത്…

ഇഷ്‌ടപ്പെട്ടു വിവാഹം ചെയ്തതായിരുന്നു മീരയെ….ആറു വർഷം നീണ്ടുനിന്നുള്ളു ആ സന്തോഷം…വിധി ഒരു അസുഖത്തിന്റെ രൂപത്തിൽ വന്ന്‌ തട്ടിയെടുത്തു മറഞ്ഞു…

രണ്ടു കുഞ്ഞു മക്കളും ദേവേട്ടനും തനിച്ചായപ്പോൾ മാത്രമാണ് തന്റെ ആഗ്രഹം ആദ്യമായി പറഞ്ഞത്….

മീരയുടെ സ്ഥാനത്തു വേറൊരാൾ ഇനി ഉണ്ടാവില്ലയെത്ര…കുട്ടികളുടെ അമ്മ എന്ന് പറയാൻ മീര മാത്രം മതിയെന്ന്…കുട്ടികൾ മറ്റൊരാളെ അമ്മ എന്ന് കരുതുന്നത് മീരയുടെ സ്ഥാനം നഷ്‌ടപ്പെടുത്തുമെത്രെ…മീര മാത്രമായിരിക്കണം തന്റെ കുട്ടികളുടെ അമ്മ…തന്റെ ഭാര്യ…വേറൊരാൾക്ക് ആ സ്ഥാനം നൽകിയാൽ അത് മീരയോടുള്ള സ്നേഹക്കുറവാണെത്രെ…

ദത്തന്റെ മാത്രം മീര…മരണശേഷവും ദത്തന്റെ മനസ്സിൽ മീര ജീവിക്കുന്നു…ഭാഗ്യം ഉള്ള സ്ത്രീ…

അജയ് വന്നു വിളിച്ചപ്പോഴാണ് ചിന്തകളിൽ നിന്നും ഉണർന്നത്…

“ആന്റി…ഇതാ മെഡിസിൻസ്…നേഴ്സ് വരുമ്പോൾ പറയണേ…ഓഫീസിൽ ഒന്ന് ചെന്നിട്ടു ഉച്ചയാവുമ്പോഴേക്കും ഞാനെത്താട്ടോ…മോളുണരുകയാണെങ്കിൽ പറയണം”

വിഷാദചിരിയോടെ ആണ് അവനത് പറഞ്ഞത്….

“ശരി മോനെ…പോയ്‌വാ.”

രണ്ടുദിവസം കൊണ്ട് ആകെ ക്ഷീണിതൻ ആയിട്ടുണ്ട് അജയ്…ഉറങ്ങിയിട്ടില്ല….നേരെചൊവ്വേ ഭക്ഷണം കഴിച്ചിട്ടില്ല…ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞു എന്ന് പറഞ്ഞ ശേഷം ആണ് ഒന്ന് ജീവൻ വച്ചതുതന്നെ..ഒരേയൊരിരുപ്പായിരുന്നു അതുവരെ…..

മോൾ സ്വന്തം ഇഷ്‌ടത്തിന് തിരഞ്ഞെടുത്ത പ്രൊഫഷൻ ആണ്…മോൾക്കുണ്ടാകുന്ന കുഞ്ഞു കുഞ്ഞു പരിക്കുകൾ പോലും വലിയ ആഘാതം ആണ് അവനു…അപ്പോൾ ഈ അവസ്ഥ പറയേണ്ടല്ലോ..

ആന്റി എന്നാണ് വിളിക്കുന്നതെങ്കിലും അമ്മയോടെന്ന രീതിയിൽ ആണ് പെരുമാറ്റം…മാമനും അമ്മായിയും പറഞ്ഞു ചിലതൊക്കെ അറിഞ്ഞു കാണും…അവരുടെ അമ്മയാകാൻ താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന്….

ഒരു ദിവസം കൂടി കഴിഞ്ഞപ്പോൾ മോളുടെ സ്ഥിതി കുറച്ചു കൂടെ മെച്ചപ്പെട്ടു…മോൾ തന്നോട് ഒരു അകൽച്ചയും കാണിച്ചില്ല…അമ്മയുടെയും അച്ഛന്റെയും സ്ഥാനം ദേവേട്ടൻ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഒരു അമ്മയെ മോൾ എത്ര ആഗ്രഹിക്കുന്നു എന്ന് ആ കുറച്ചു ദിവസങ്ങൾ കൊണ്ടെനിക്ക് മനസിലായി…ഒരാഴ്ചകൂടി കഴിഞ്ഞപ്പോൾ  വീട്ടിലേക്കു വന്നു…ദേവേട്ടന്റ അച്ഛനും അമ്മയും ഉണ്ടായിരുന്നു അവിടെ….

അധികം സംസാരിക്കുന്ന പ്രകൃതം അല്ലാത്ത അജയ് തന്നോട് സംസാരിക്കുമായിരുന്നു…മോൾക്കും വലിയ ഇഷ്ടം ആയിരുന്നു തന്നെ….മോളെ നോക്കാനാണ് വന്നതെങ്കിലും അജയ്‌നായിരുന്നു കൂടുതൽ സന്തോഷം എന്ന് തോന്നി.

ദേവേട്ടൻ താനുള്ളത് കൊണ്ട് വൈകിയെ വീട്ടിൽ വരാറുള്ളൂ…രാവിലെ നേരെത്തെ ഇറങ്ങുകയും ചെയ്യും….വന്നാൽ മോളുടെ മുറിയിൽ കുറച്ചു നേരം ചിലവഴിക്കും…അജയ്‌നോട് ബിസിനസ്‌ കാര്യങ്ങൾ പറയുന്നത് കേൾക്കാം…അച്ഛനെ അനുസരിക്കുന്ന ബഹുമാനിക്കുന്ന മകൻ…അച്ഛൻ മകനോട് തിരിച്ചും അങ്ങനെ തന്നെ…മോളുടെ കാര്യത്തിൽ കുറച്ചു വ്യത്യസം ഉണ്ട്…മകൾ പറയുന്നത് അനുസരിക്കുന്ന അച്ഛനും ചേട്ടനും…

അച്ഛനെ അതേപടി അനുസരിക്കുന്ന അജയ് തന്റെ കാര്യത്തിൽ മാത്രം അച്ഛന്റെ ഇഷ്ടം നോക്കിയില്ല…തന്നോട് കൂടുതൽ അടുക്കുന്നത് ദേവേട്ടന് അത്ര ഇഷ്ടം ആകില്ലെന്നറിഞ്ഞിട്ടും ഞാൻ വിളമ്പികൊടുക്കുന്ന ഭക്ഷണം സന്തോഷത്തോടെ കഴിച്ചു..വിശേഷങ്ങൾ പറഞ്ഞും ചിരിച്ചും..കുറച്ചു ദിവസത്തേയ്ക്ക് ഒരു അമ്മയെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അവൻ…തന്റെ നാലാമത്തെ വയസിൽ നഷ്ടം ആയ തന്റെ അമ്മ…

മോൾക്കാണെങ്കിൽ അമ്മ എന്ന ഓർമ പോലും ഇല്ല…വലിയ ഹാളിലെ കെടാവിളക്കിന് മുന്നിൽ വച്ചിരിക്കുന്ന ഫോട്ടോ…അതാണ് അവൾക്കു അമ്മ…..

അഞ്ജലിയുടെയും അജയുടെയും മാറ്റം മാമനും അമ്മായിയും ശ്രദ്ധിച്ചു എന്ന് മനസിലായത് ദേവേട്ടൻ തന്നോട് സംസാരിക്കാൻ വന്നപ്പോഴാണ്….

മുഖവുരയില്ലാതെ പറഞ്ഞു….

“മീര ഇപ്പോഴും എന്റെ കൂടെ ഉണ്ട്…എല്ലാരും പറയും മീര ഇപ്പോഴും ദത്തന്റെ മനസ്സിൽ ജീവിക്കുന്നു എന്ന്…അങ്ങനെ അല്ല…എന്റെ കൂടെ തന്നെ ഉണ്ട്…ഞാൻ കാണാറുണ്ട് ഇടയ്ക്ക്…മോൾ ആക്‌സിഡന്റ് ആയി കിടക്കുമ്പോൾ അവൾ ഉണ്ടായിരുന്നു മോളുടെ അടുത്ത്…ഞാൻ കണ്ടു..മോളെ കൊണ്ടുപോകാനായി…സമയവും കാത്തു…ഞങളുടെ വിഷമം കണ്ടിട്ടാണോ എന്തോ മോളെ ഞങ്ങളെ തന്നെ ഏല്പിച്ചു അവൾ പോയി…അതിനു ശേഷം ആണ് മോൾ അപകടനില തരണം ചെയ്തു എന്ന് ഡോക്ടർസ് പറഞ്ഞത്…..”

“മീര ഇവിടെ ഈ വീട്ടിൽ തന്നെ ഉള്ളപ്പോൾ മറ്റൊരാളെ എനിക്ക് ആ സ്ഥാനത്തു കൊണ്ടുവരാൻ കഴിയില്ല…ഞാനത് ആഗ്രഹിക്കുന്നുമില്ല…..”

സ്വന്തം ഭാര്യയുടെ കാര്യത്തിൽ സ്നേഹം കൊണ്ട് ഇത്രയും സ്വാർത്ഥനായ ഭർത്താവ്…അദ്ദേഹത്തിന്റെ മാനസിക നിലയെ തന്നെ ചെറുതായി ബാധിച്ചിരിക്കുന്നതായി തോന്നി….

“ഞാൻ ആ സ്ഥാനം ഇപ്പോൾ ആഗ്രഹിക്കുന്നില്ല ദേവേട്ടാ…എനിക്ക് മനസിലാകും…എന്നാൽ മോൾക് ഒരു ജോലിക്കാരിയുടെ അല്ലാതെ അമ്മയുടെ പരിചരണം ആവശ്യം ആണെന്ന് തോന്നിയത് കൊണ്ട് വന്നു…മോളുടെ ഈ അവസ്ഥ യിൽ എനിക്ക് വീട്ടിൽ നിൽക്കുവാൻ കഴിയുന്നില്ലായിരുന്നു…”

പോകാൻ നേരം അജയുടെയും മോളുടെയും കണ്ണുകൾ അപേക്ഷിക്കുന്നുണ്ടായിരുന്നു…പോകല്ലേ എന്ന്…എനിക്കത് കണ്ടില്ലെന്ന് നടിക്കാനെ കഴിയൂ മക്കളെ…കൂടെയില്ലെങ്കിലും ഏതൊരാവശ്യത്തിനും ഓടിയെത്തും ഈ അമ്മ…അത്രയേ പറയാൻ കഴിയൂ…ഈ കുറച്ചു ദിവസങ്ങൾ അത് മാത്രം മതി എനിക്ക്…ഞാൻ ആഗ്രഹിച്ച ആളുകളുടെ കൂടെ…ഇത്രമാത്രം മതി എനിക്ക്……

ദത്തൻ എന്നുമുണ്ടാകും മനസ്സിൽ..ഞാനുള്ളിടത്തോളം…ദത്തനു മീരയെ മറക്കാൻ കഴിയില്ലെങ്കിൽ ലക്ഷ്മിയ്ക്ക് ദത്തനെയും മറക്കാൻ കഴിയില്ല…ശരീരം കൊണ്ട് അടുത്തില്ലെങ്കിലും മനസുകൊണ്ട് വളരെ അടുത്താണ് നമ്മൾ..വളരെ വളരെ അടുത്ത്….

~സ്നേഹപൂർവ്വം, നിത്യ പ്രശാന്ത്…