വീട്ടിൽ വന്ന് നിൽക്കുമ്പോൾ അവളുടെ ദേഹത്ത് അടിച്ചതിൻ്റെയൊക്കെ പാടുകൾ കണ്ടിട്ടുണ്ടെന്ന് ഇവര് പറയുന്നു…

Story written by Shincy Steny Varanath

===============

“ഞങ്ങളുടെ മോൾ ആ ത്മഹത്യ ചെയ്യില്ല, അവള് നല്ല ധൈര്യമുള്ള കുട്ടിയാണ്. അവൾക്ക് വിദ്യാഭ്യാസവും ജോലിയുമുള്ളതാണ്. അവളെ അവനും വീട്ടുകാരും കൂടി കൊ ന്നതാണ്. അവൻ പീ ഡിപ്പിക്കുന്ന കാര്യം മോള് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. കൂട്ടുകാർക്ക് അവളയച്ച ഫോട്ടോ ഞങ്ങടെ കൈയിലുണ്ട്…ഞങ്ങടെ മോളെ കൊന്ന അവനേയും വീട്ടുകാരെയും ശിക്ഷിക്കണം. അവൾക്ക് നീതി വാങ്ങിക്കൊടുക്കണം. അയ്യോ…മോളേ… “

കഴിഞ്ഞ ദിവസം ഭർത്തൃ വീട്ടിൽ തൂങ്ങി മരി ച്ച നിലയിൽ കണ്ടെത്തിയ ദിവ്യയുടെ മാതാപിതാക്കളായ സാലിയും ബാബുവും മാധ്യമ പ്രവർത്തകരുടെ മുൻപിൽ അവരുടെ സംശയങ്ങളും വിഷമങ്ങളും പറയുകയാണ്.

നിങ്ങള് സ്ത്രീധനം കൊടുത്തിരുന്നോ?ഒരു മാധ്യമ പ്രവർത്തകൻ ചോദ്യമുന്നയിച്ചു

കൊടുത്തു, 101 പവനും 25 ലക്ഷം രൂപയും കൊടുത്തതാ…പിന്നെ പലപ്പോഴായി വേറെയും ലക്ഷങ്ങൾ കൊടുത്തിട്ടുണ്ട്. രണ്ടാഴ്ച മുൻപ് അവൻ്റെ വീട് പുതുക്കിപ്പണിയാൻ 10 ലക്ഷം കൂടി ചോദിച്ചു, ഞാൻ 5 ലക്ഷം കൊടുത്തു. അത്രയേ എനിക്കപ്പോൾ കൊടുക്കാൻ പറ്റിയുള്ളു. 5 ലക്ഷം കുറഞ്ഞതിന് തിരികെ ചെല്ലുമ്പോൾ എന്തൊക്കെ അനുഭവിക്കേണ്ടി വരൂന്ന് അറിയില്ലെന്ന് മോള് പോകാനിറങ്ങിയപ്പോൾ അമ്മയോട് പറഞ്ഞായിരുന്നു. അതിനാകും അവരെൻ്റ മോളെ കൊ ന്നത്…എന്നാലും എൻ്റെ മോള് പോയില്ലേ…

നിങ്ങൾക്കിതിനെക്കുറിച്ച് ഒന്നും പറയാനില്ലെ?കൊ ലപാതകമാണെന്നാണോ നിങ്ങളും വിശ്വസിക്കുന്നത്? അരികെ ഒന്നും മിണ്ടാതെ നിൽക്കുന്ന ദിവ്യയുടെ സഹോദരനോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു.

“അവളാത്മഹത്യ ചെയ്യില്ലെന്നൊന്നും ഞാൻ കരുതുന്നില്ല. സഹിക്കാൻ പറ്റാത്തൊരവസ്ഥ വന്നാൽ, സഹിച്ച് മടുത്താൽ, ആരുടെയും സഹായം കിട്ടില്ലെന്ന് ഉറപ്പായാൽ ആരായാലും ചെയ്യുന്നത് അവളും ചെയ്യുമെന്ന് വിശ്വസിക്കാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല. അവളുടെ വിവാഹം കഴിഞ്ഞ് ഏകദേശം രണ്ട് മാസമൊക്കെ കഴിഞ്ഞപ്പോൾ തുടങ്ങിയ പീ ഢനമാണിത്. അവർക്ക് എത്രകാശ് കിട്ടിയാലും തികയുന്നില്ല. അവനും വീട്ടുകാർക്കും ഏത് ദേഷ്യവും തീർക്കാനുള്ള വസ്തുവായിരുന്നു അവൾ. ജോലിക്ക് പോകുന്ന അവളുടെ ATM, ക്രഡിറ്റ് കാർഡെല്ലാം അവരുടെ കൈയിലാണ്. സ്വർണ്ണം അവരെന്ത് ചെയ്തൂന്നറിയില്ല.

വീട്ടിൽ വന്ന് നിൽക്കുമ്പോൾ അവളുടെ ദേഹത്ത് അടിച്ചതിൻ്റെയൊക്കെ പാടുകൾ കണ്ടിട്ടുണ്ടെന്ന് ഇവര് പറയുന്നു. ഈ പപ്പയോടും മമ്മിയോടും അവിടെ പറ്റില്ലെന്ന് പലതവണ അവള് കരഞ്ഞ് പറഞ്ഞിട്ടുണ്ട്. സഹിക്ക്, ക്ഷമിക്ക് എന്നൊക്കെ പറഞ്ഞ്, കുറച്ചൂടെ കാശ് കൊടുത്ത് ഇവര് അവളെ തിരിച്ചയക്കും. അവളുടെ കല്യാണം കഴിഞ്ഞ് അധികമാകുന്നതിന് മുൻപ് ഞാൻ വിദേശത്ത് പോയതാണ്. ഇവര് അതൊന്നും എന്നെ അറിയിച്ചില്ല. വിളിക്കുമ്പോൾ അവളും ഒന്നും പറഞ്ഞില്ല.

മടുത്തിട്ടാകും, ഒരിക്കൽ വിളിച്ചപ്പോൾ അവൾ കുറേ സങ്കടം പറഞ്ഞു. അന്ന് ഞാനവനെ വിളിച്ച് സംസാരിച്ചു. കേട്ടാലറയ്ക്കുന്ന വാക്കുകളാണ് എന്നോട് പറഞ്ഞത്. പിന്നെ ഞാൻ വിളിച്ചിട്ട് അവള് ഫോണെടുത്തിട്ടില്ല. അവര് സമ്മതിച്ചിട്ടുണ്ടാകില്ല. എന്നോട് ഇത്രമാത്രം മോശമായി സംസാരിക്കുന്ന അവൻ, അവളോട് എത്ര ക്രൂരമായാകും പെരുമാറുന്നത്, അവള് അപകടത്തിലാണ്, വീട്ടിൽ വിളിച്ച് കൊണ്ടുവരണം എന്നൊക്കെ ഞാൻ പപ്പയോടും മമ്മിയോടും കരഞ്ഞ് പറഞ്ഞതാണ്. പപ്പയ്ക്കും മമ്മിക്കും അപ്പോൾ വല്ലാത്ത നാണക്കേട്…

ഇത്ര പണമൊക്കെ കൊടുത്ത് ആർഭാഢമായി കല്യാണം നടത്തീട്ട് അവള് വീട്ടിൽ വന്ന് നിന്നാൽ നാട്ടുകാരും  ബന്ധുക്കളും അറിഞ്ഞാൽ കുറച്ചിലാന്ന്. എനിക്ക് കല്യാണമാലോചിക്കുമ്പോൾ, അവള് വീട്ടിലുള്ളത് മോശമാണെന്നൊക്കെയാണ് പറയുന്നത്. നല്ല സ്ത്രീധനം വാങ്ങണ്ടതല്ലേ എനിക്കും…

അവളെന്തെങ്കിലും ചെയ്തു പോയിട്ട് കരഞ്ഞിട്ടൊരു കാര്യവുമില്ലെന്ന് ഞാൻ എത്ര തവണ പറഞ്ഞത…എത്ര വാർത്തകളാ ഇതുപോലെ ഓരോ ദിവസവും കേൾക്കുന്നത്. പപ്പേടെ പെങ്ങൾ, ഇതുപോലെ സഹിച്ച് ജീവിക്കുന്നുണ്ട്. ആൻറി ജീവിക്കുന്ന പോലെ അവളും ജീവിച്ചോളുമെന്നൊക്കെയാ ഇവര് പറയുന്നത്. എല്ലാ കുടുംബത്തിലും ഇങ്ങനൊക്കെത്തന്നായാന്ന്…

ഞാൻ ദേഷ്യപ്പെട്ടപ്പോൾ, നാട്ടിലെക്കാര്യം ഇവര് പരിഹരിച്ചോളാം, നീ തിരക്കിട്ട് വരണ്ടാന്ന് പറഞ്ഞു. ഞാൻ നാട്ടിൽ വരാൻ നോക്കീട്ട് അതും നടന്നില്ല. ഇപ്പഴല്ലേ ഫ്ലൈറ്റൊക്കെ വരാൻ തുടങ്ങീത്.  സുഹൃത്തുക്കൾക്കയച്ചു എന്ന് പറയുന്ന ഫോട്ടോകൾ ഇവര് നേരത്തെ കണ്ടത്. അന്നൊന്നും അവളെ രക്ഷിക്കാൻ നോക്കാതെ, ഈ കരച്ചിലിൽ എനിക്കൊരാത്മാർത്ഥതയും തോന്നുന്നില്ല. നേരിട്ടല്ലേലും അവളുടെ മരണത്തിൻ്റെ ഉത്തരവാദിത്വം ഞങ്ങളുടെ കുടുംബത്തിനുമുണ്ട്”

അവിശ്വസനീയതയോടെ എല്ലാം കേട്ട് നിൽക്കുന്ന മാധ്യമ പ്രവർത്തകരുടെ മുൻപിൽ, വിളറി വെളുത്ത് സാലിയും ബാബുവും നിന്നു.

അപ്പോൾ, നിങ്ങൾ ഇത് ആ ത്മഹത്യയാണെന്ന് കരുതുന്നല്ലേ?.മാധ്യമ പ്രവർത്തകൻ ഒന്നുകൂടി എടുത്ത് ചോദിച്ചു.

“ഉം…പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അങ്ങനെയാണ് പറയുന്നത്. ഇങ്ങോട്ട് വരാൻ ഇവരുടെ അനുവാദവും, അവിടെ ജീവിക്കാൻ അവരുടെ അനുവാദവും  വേണ്ടപ്പോൾ ആ ത്മഹത്യ ചെയ്യാൻ ആരുടെയും അനുവാദവും വേണ്ടല്ലോന്ന് അവള് വിചാരിച്ചു കാണും…”

അവനും കുടുംബത്തിനും ശിക്ഷ കിട്ടണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ?

“ഉണ്ട്, പക്ഷെ, അത് എൻ്റെ പെങ്ങൾക്ക് നീതി കിട്ടാൻ വേണ്ടിയല്ല. അവൾക്ക് ഞങ്ങളുടെ അടുത്തെന്ന് പോലും നീതി കിട്ടിയില്ല. ഇനിയൊന്നും അവൾക്കാവശ്യവുമില്ല. അവളെ എല്ലാ സാധ്യതകളുമടച്ച് എല്ലാരും തോൽപ്പിച്ചു. അവന് ശിക്ഷ കിട്ടിയില്ലെങ്കിൽ, ഇനി മറ്റൊരു പെണ്ണിനെ അവൻ കല്യാണം കഴിക്കുകയും, അതിൻ്റെ വിധിയും ഇതുപോലാകുകയും ചെയ്യും. അതുകൊണ്ട് അവനും കുടുംബവും ചെയ്തതിനുള്ള പരമാവധി ശിക്ഷകിട്ടണം എന്നാഗ്രഹമുണ്ട്…പുറംലോകം ഇനി കാണിക്കരുതെന്നാണെൻ്റെ ആഗ്രഹം… ”

”പ്ലീസ്…നിങ്ങള് തിരികെ പോകണം… ഇതൊരു മരണവീടാണ്…ഞാനിത്രയും സത്യാവസ്ഥ പറഞ്ഞത്, ഇതുപോലുള്ള അവസ്ഥ നാളെ ഉണ്ടാകാൻ സാധ്യതയുള്ള കുടുംബങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അപ്പനോ അമ്മയ്ക്കോ സഹോദരങ്ങളോ ഇടപെട്ട് സഹോദരിയെ രക്ഷിക്കാൻ ഒരു ധൈര്യം കിട്ടിയാൽ അത്രയുമായി എന്നുള്ളത് കൊണ്ടാണ്. നമ്മുടെ ഉപേക്ഷ നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവനെടുക്കാൻ കാരണമാകരുത്…”

”എന്തായാലും അപ്പനുമമ്മയുമാണിത്. മകളാണ് ഇത്ര ക്രൂ രമായി നഷ്ടപ്പെട്ടിരിക്കുന്നത്. ഇങ്ങനൊന്നും സംഭവിക്കുമെന്നാരും കരുതുന്നില്ലല്ലോ…ഇനി ചോദ്യം ചോദിച്ച് ഇവരെ ബുദ്ധിമുട്ടിക്കരുത്. ഇനി നിയമപരമായി ഞാൻ മുന്നോട്ട് പോകും…പ്ലീസ്…എല്ലാവരും തിരികെ പോകണം… “

അപ്പനുമ്മയെയും ചേർത്ത് പിടിച്ച് തിരികെ വീട്ടിലേയ്ക്ക് കേറുമ്പോൾ, നിസഹായയായ, ഒരു ചേർത്ത് പിടിക്കലാഗ്രഹിച്ചുള്ള പെങ്ങളുടെ മുഖം മാത്രമേ അയാളുടെ മനസ്സിലുണ്ടായിരുന്നുള്ളു.

“ഒരിടത്ത്, 201 പവനും 85 ലക്ഷവും, ഒരിടത്ത് 1.50 കോടി, ഒരിടത്ത് 300 പവനും 50 ലക്ഷവും, ഇവിടെ 101 പവനും 25 ലക്ഷവും…കേട്ടാൽ കണ്ണ് തള്ളിപ്പോക്കുന്ന കാശിനാണ് ഓരോ പെൺപിള്ളേരെയും കെട്ടിച്ച് വിടുന്നത്. ആരും കൂടെ കൂട്ടിയില്ലേലും ആ കാശ് അതുങ്ങടെ കൈയിൽ കൊടുത്തിരുന്നെങ്കിൽ ഒരല്ലലും അലച്ചിലുമില്ലാതെ സുഖമായി ജീവിച്ചേനെ…”

“അതെങ്ങനെയാ, കെട്ടിക്കുമ്പോൾ, ഭർത്താവിനും കുടുംബത്തിനുമല്ലേ കൊടുക്കൂ…പെണ്ണിന് ഇതൊന്നും കാണാൻ കിട്ടില്ല…ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യലല്ലേ നടക്കുന്നത്… “

”നമ്മുടെ നാട്ടിൽ, ഇത്രയൊക്കെ കൊടുക്കുന്നവരുടെ വരുമാനവും അന്വേഷണത്തിൽ വരേണ്ടതാണ്…”

തിരികെ നടക്കുന്ന മാധ്യമ പ്രവർത്തകരിൽ ചിലർ പരസ്പരം പറഞ്ഞു.

~Shincy steny varanath