അതുമായി അവൾ ഓടി പോവുന്നത് കണ്ടപ്പോൾ ബഷീറിന്റെ ഉള്ളൊന്ന് കാളി…

ജാനകിയുടെ മക്കൾ

Story written by Jisha Raheesh (Sooryakanthi)

============

അവളുടെ നേരേ നീട്ടിയ നോട്ടുകൾ വാങ്ങവേ ദൈന്യത നിറഞ്ഞിരുന്ന ആ കുഞ്ഞു കണ്ണുകൾ ഒന്ന് തിളങ്ങി..

അതുമായി അവൾ ഓടി പോവുന്നത് കണ്ടപ്പോൾ ബഷീറിന്റെ ഉള്ളൊന്ന് കാളി…

ഇല്ല..അവൾ സൂക്ഷിച്ചേ പോവൂ..ആ ഏഴു വയസ്സുകാരിയ്ക്കറിയാം അവളെയും ആശ്രയിച്ച് ഒന്നല്ല രണ്ടു ജീവനുകളുണ്ടെന്ന്..

ആ ചെറിയ ജംഗ്ഷനിലെ സ്ഥിരം കാഴ്ച്ചയാണി പ്പോൾ പൂർണ്ണഗർഭിണിയായ ആ അമ്മയും ഏഴു വയസ്സുകാരിയായ മകളും…

ഒരു പുലരിയിൽ എവിടെ നിന്നോ എത്തിയതാണവരവിടെ…ഭർത്താവ് ഉപേക്ഷിച്ച ജാനകിയും മകളും..പോവാനൊരിടമില്ലാതെ..ആരും കൂട്ടില്ലാതെ..

ജംഗ്ഷനിലെ നാരായണേട്ടന്റെ ചായപ്പീടികയുടെ പുറകിൽ ആകെയുള്ള രണ്ടു സാരികളിലൊന്ന് വലിച്ചു കെട്ടി അവരവിടെ പൊറുതി തുടങ്ങിയിട്ട് മാസമൊന്ന് കഴിഞ്ഞു.

ദയ തോന്നി ആരെങ്കിലുമൊക്കെ വാങ്ങിക്കൊടുക്കുന്ന ഭക്ഷണവും കൈ നീട്ടുമ്പോൾ വല്ലപ്പോഴും കിട്ടുന്ന നാണയത്തുട്ടുകളുമായിരുന്നു അവരുടെ ദിവസങ്ങളെ മുൻപോട്ട് കൊണ്ട് പോയത്…

ബഷീർ അഹമ്മദ് നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടി തിരികെ വന്നിട്ട് ദിവസങ്ങളായതേയുള്ളൂ. കാർ സെർവീസിങ്ങിന്  കൊടുത്തത് കൊണ്ടാണ് അന്ന് ജംഗ്ഷനിൽ ചെന്ന് ഓട്ടോ പിടിച്ചത്. ഓട്ടോയിലേക്ക് കാലെടുത്തു വെയ്ക്കുമ്പോഴാണ് കാലിൽ ആരോ പതിയെ തോണ്ടിയത്. തിരിഞ്ഞു നോക്കിയപ്പോൾ ആദ്യം കണ്ണെത്തിയത് ആ കുഞ്ഞിക്കണ്ണുകളിലേക്കാണ്. അതിൽ ദൈന്യതയ്‌ക്കൊപ്പം പ്രതീക്ഷയുടെ കണികകളുമുണ്ടായിരുന്നു. അഴുക്കു പുരണ്ടതെങ്കിലും ആ മുഖത്ത് ഓമനത്തമുണ്ടായിരുന്നു. നെറ്റിയിലെ നീണ്ട മുറിവ് ഉണങ്ങി തുടങ്ങിയിരുന്നു.  തനിക്കു നേരേ നീട്ടിയ കുഞ്ഞികൈകളിലേക്ക്, പേഴ്സിൽ നിന്ന് കിട്ടിയ നോട്ടെടുത്ത് തിരുകുമ്പോൾ,  മനസ്സ് നിറയെ വീട്ടിലുള്ള ഏഴു വയസുകാരി കുഞ്ഞിപ്പാത്തുവിന്റെ മുഖമായിരുന്നു..

“ന്റെ സാറേ, സാറിന് എന്തേലും ചെയ്തു കൊടുക്കാൻ പറ്റെങ്കില് ചെയ്തു കൊടുക്ക്. വല്യ കഷ്ടാ അതുങ്ങളെ കാര്യം. വല്ലപ്പോഴും ഇത്തിരി ഭക്ഷണം വാങ്ങി കൊടുക്കാനല്ലാതെ ഞങ്ങൾ അത്താഴപ്പട്ടിണിക്കാരെ കൊണ്ട് കൂട്ടിയാൽ കൂടണ കാര്യല്ല. എല്ലാം പോരാണ്ട്, വയറ്റിലുള്ള പെണ്ണാണെന്ന് പോലും നോക്കാണ്ടാണ് ഓരോരുത്തന്മാർ രാത്രിയിൽ അതിനേം തെരഞ്ഞു ചെല്ലണത്. കൊറച്ചീസം മുന്നേ രാത്രിയിൽ ഒരു വണ്ടിയിൽ ആരൊക്കെയോ വന്നു അതിനെ കേറ്റി കൊണ്ടോവാൻ നോക്കി. ആ കൊച്ച്  ഒച്ച വെച്ചപ്പോൾ അതിനെ എടുത്തെറിഞ്ഞു. അതിന് മുറിവൊക്കെ പറ്റി. ഭാഗ്യം കൊണ്ടാ അതുങ്ങളന്ന് രക്ഷപെട്ടത്. എത്ര നാളെന്നു വെച്ചാ…”

ഓട്ടോ ഓടിക്കുന്നതിനിടെയാണ് വിനോദ് അത് പറഞ്ഞത്. ബഷീറിനെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് അയാൾ തുടർന്നു…

“ഇവിടെ വരുമ്പോൾ മാറ്റിയുടുക്കാൻ തുണി പോലുമില്ലായിരുന്നു അതുങ്ങൾക്ക്. ആ പെണ്ണ് ആകെയുള്ള സാരി കഴുകി ഉണങ്ങാൻ പാറപ്പുറത്തിട്ടിട്ട് അതുണങ്ങുന്നത് വരെ ആറ്റിലെ വെള്ളത്തിൽ നിൽപ്പായിരുന്നു. എല്ലാരൂടെ സഹായിച്ചിട്ടാ അതുങ്ങൾക്ക് കൊറച്ചു സാധനങ്ങളൊക്കെ വാങ്ങിക്കൊടുത്തത് “

വിനോദിന്റെ വാക്കുകൾ ബഷീറിന്റെ കണ്ണു നനയിച്ചിരുന്നു.

ബഷീറിന്റെ പരിശ്രമഫലമായാണ് ഒടുവിൽ ജാനകിയേയും മകളെയും കൊണ്ട് പോവാൻ അവരെത്തിയത്. ഷെൽട്ടർ ഹോമിലേക്ക്…

ഓട്ടോ സ്റ്റാൻഡിലെ ചേട്ടന്മാരോട് നന്ദി പറഞ്ഞു അവരോടൊപ്പം വണ്ടിയിലേക്ക് കയറുമ്പോൾ ജാനകിയുടെയും മകളുടെയും കണ്ണുകൾ ബഷീറിനെയും  തിരഞ്ഞെത്തിയിരുന്നു…

തിരക്കുകൾക്കിടയിലും അവരുടെ കാര്യങ്ങൾ ബഷീർ അന്വേഷിക്കാറുണ്ടായിരുന്നു. ജാനകി പ്രസവിച്ചതറിഞ്ഞു കുഞ്ഞുടുപ്പുകളുമായി ബഷീർ ചെന്നിരുന്നു…

പിന്നീടെപ്പോഴോ ചെന്നപ്പോൾ രുക്കുവിനെ വേറൊരു ഓർഫനേജിലേക്ക് മാറ്റിയതറിഞ്ഞു.

“സാരല്ല്യ സാറേ..ന്റെ മോള്ക്ക് പഠിക്കാൻ കഴിയല്ലോ..കണ്ടില്ലേലും സാരല്ല. ഇവര് നന്നായി വളർന്നാൽ മതിയെനിക്ക് ഏടെയായാലും.. “

മൂന്നു മാസം പ്രായമായ മകൻ മുത്തുവിനെ ചേർത്തു പിടിച്ചത് പറയുമ്പോൾ ജാനകിയുടെ കണ്ണുകൾ നനഞ്ഞിരുന്നു.

ആരും ആശ്രയത്തിനില്ലാത്ത വനിതകൾക്കായി നടത്തുന്ന ടൈലറിംഗ് യൂണിറ്റിൽ ജാനകിയും ചേർന്നതറിഞ്ഞു. രുക്കുവിന്റെ വിശേഷങ്ങളും സമാധാനം നൽകുന്നതായിരുന്നു.

വീണ്ടും ട്രാൻസ്ഫെറിന്റെയും തിരക്കുകളുടെയും ലോകത്തേക്ക് കടന്നപ്പോൾ ജാനകിയുടെയും മക്കളുടെയും കാര്യങ്ങൾ പതിയെ മനസ്സിന്റെ തിരശീലയ്ക്ക് പിന്നിലായി. അവരുടെ ജീവിതം കുഴപ്പമില്ലാതെ പോവുന്നുവെന്നറിഞ്ഞതിനാലാവാം അത്..

തിരക്കുകൾക്കിടയിലൊരു ദിനം ആ മുഖങ്ങൾ മനസ്സിൽ തെളിഞ്ഞപ്പോഴാണ് ബഷീർ പിന്നെയും അവരെ തേടിയിറങ്ങിയത്. കിട്ടിയ വിവരങ്ങൾ മനസമാധാനം കെടുത്തുന്നതായിരുന്നു. രണ്ടു മാസം മുൻപൊരു നാൾ ജാനകി  കുഞ്ഞിനേയും കൊണ്ട് അവിടെ നിന്നും പോയത്രേ. അവിടുത്തെ സൂപ്പർവൈസറുടെ ശല്യം സഹിക്ക വയ്യാതെ രക്ഷപെട്ടതാണെന്ന് അയാളോട് രഹസ്യമായി പറഞ്ഞത് ജാനകിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയാണ്. രുക്കുവിന്റെ ഓർഫനേജിനെ കുറിച്ചുള്ള അന്വേഷണങ്ങളും നിരാശയിലായിരുന്നു അവസാനിച്ചത്.

ബഷീറിന്റെ മനസ്സിലൊരു വേദനയായി ജാനകിയുടെയും മക്കളുടെയും മുഖങ്ങളുണ്ടായിരുന്നു..

രക്തബന്ധമില്ല…തമ്മിൽ സംസാരിച്ചിട്ടുള്ളത് തന്നെ ചുരുക്കം ചില വാക്കുകളായിരുന്നു…എന്നിട്ടും ആ സ്ത്രീയും മക്കളും പല രാത്രികളിലും അയാളുടെ ഉറക്കം കെടുത്തി. തെരുവുകളിലെ മുഖങ്ങളിൽ പലപ്പോഴും അയാൾ തേടിയത് അവരെയായിരുന്നു..

വർഷങ്ങൾ കടന്നു പോയി….

കുഞ്ഞിപ്പാത്തുവെന്ന സജ്ലയുടെ നിക്കാഹ് കഴിഞ്ഞു. ബഷീർ റിട്ടയേർഡ് ആയി വിശ്രമജീവിതം നയിച്ചു തുടങ്ങി. കാലം കടന്ന് പോകവേ സജ്‌ലയ്ക്ക് രണ്ടു പെണ്കുഞ്ഞുങ്ങളുണ്ടായി. അതിനിടയിലായിരുന്നു ആ വാഹനാപകടം. സജ്ലയുടെ ഭർത്താവ് നിസാറിന്റെ മരണത്തിന്റെ ആഘാതത്തിൽ നിന്ന് കര കയറാൻ പിന്നെയും സമയമെടുത്തു..

വർഷങ്ങൾക്കിപ്പുറം, അന്നത്തെ പത്രത്താളുകളിൽ മറ്റൊരു ജാനകിയേയും മകനെയും കണ്ടപ്പോൾ അയാളുടെ മനസ്സിൽ ജാനകിയും രുക്കുവും മുത്തുവുമൊക്കെയായിരുന്നു.

വൈകുന്നേരം മുറ്റത്തിട്ട  കസേരകളിലൊന്നിൽ ഒരു പുസ്തകവും വായിച്ചു  കൊണ്ടിരിക്കുമ്പോഴാണ് ആധി നിറഞ്ഞ മുഖവുമായി സജ്‌ല അരികിലെത്തിയത്.

“വാപ്പച്ചീ, നസ്സ്മ ഇതുവരെ ട്യൂഷൻ കഴിഞ്ഞു വന്നിട്ടില്ല..സമയം ആറാവാറായി.. “

“നീ അവളുടെ കൂട്ടുകാരെ ആരെയും വിളിച്ചില്ലേ? “

“വിദ്യയുടെ കൂടെയാണ് അവള് പോകാറ്, ആ കുട്ടിക്കിന്ന് പനിയായതോണ്ട് പോയിട്ടില്ല. ടീച്ചറേം വിളിച്ചു ഞാൻ. നസ്സ്മ ഇറങ്ങീട്ടു കൊറച്ചു നേരായീന്ന് പറഞ്ഞു. നിക്ക് പേടിയാവണ് വാപ്പച്ചി.. “

സജ്‌ലയെ ആശ്വസിപ്പിക്കുമ്പോൾ അയാളുടെ മനസ്സിലും ആധി കയറുകയായിരുന്നു..

ഫോൺ വിളികളും തിരച്ചിലുകളും കരച്ചിലുകളുമായി രാത്രി അവസാനിച്ചു. നസ്സ്മയെ കിട്ടിയില്ല.

“കഴിഞ്ഞാഴ്ചയാ പുതിയ എസ് ഐ ചാർജെടുത്തത്, ആള് കേമനാന്നാ പറേണത് , എന്തേലും ഒരു വഴിണ്ടാവും നീയ്യ് വെഷമിക്കാണ്ടിരി ബഷീറേ.. “

ആശ്വാസവാക്കുകളൊന്നും അയാളുടെ ചെവിയിലെത്തിയതേയില്ല.

പിറ്റേന്ന് വൈകുന്നേരം, കരഞ്ഞു തളർന്നു കിടക്കുന്ന ഭാര്യയെയും മകളെയും എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ നെഞ്ചുമുഴിഞ്ഞു ഉഴറി നടക്കുന്നതിനിടെയാണ് ആ കാൾ വന്നത്.

“ഹലോ ബഷീർ അല്ലേ? “

“അതെ..”

“നസ്സ്മയെ കിട്ടിയിട്ടുണ്ട്. കുട്ടിയിപ്പോൾ സിറ്റി ഹോസ്പിറ്റലിലാണ്.. “

“അല്ലാഹ്..എന്റെ മോള്.. “

“പേടിക്കാനൊന്നുമില്ല. കുട്ടിയ്ക്ക് കുഴപ്പമൊന്നുമില്ല..”

വെപ്രാളപ്പെട്ടാണ് ഹോസ്പിറ്റലിൽ എത്തിയത്.

“നസ്സ്മയ്ക്ക് കുഴപ്പമൊന്നുമില്ല,  കുട്ടി സെഡേഷനിലാണ്. ചെറിയൊരു ഷോക്ക്. അത്രേയുള്ളൂ “

കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സംഘത്തിൽ നിന്നും മൂന്നു പേരെ പോലിസ് രക്ഷപ്പെടുത്തിയ വാർത്ത അപ്പോഴും ടീവിയിൽ കാണിക്കുന്നുണ്ടായിരുന്നു.

മോളുടെ അരികിൽ ഭാര്യയെയും സജ്‌ലയെയും ഇരുത്തി ഡോക്ടറുടെ മുറിയിലേക്ക് നടക്കുമ്പോൾ ബഷീർ കിതക്കുന്നുണ്ടായിരുന്നു.

വാതിലിൽ തട്ടി അകത്തേക്ക് കയറിയപ്പോഴാണ് ഡോക്ടറുടെ മുൻപിലെ സീറ്റിൽ ഇരിക്കുന്ന തൊപ്പി വെച്ച പോലീസുകാരനെ കണ്ടത്. ബഷീറിനെ കണ്ടതും രണ്ടുപേരും എഴുന്നേറ്റു.

“ഡോക്ടർ, നസ്സ്മയ്ക്ക്..? “

“മോൾക്ക് ഒരു പോറലു പോലുമേറ്റിട്ടില്ല, സാർ പേടിയ്‌ക്കേണ്ട. സംഭവത്തിന്റെ ഷോക്കിലാണവൾ. ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ അതങ്ങു കുറയും  “

ബഷീർ നന്ദിയോടെ അവരെയൊന്നു നോക്കി തലയാട്ടി പോകാൻ തുടങ്ങുമ്പോഴാണ് ഡോക്ടർ വിളിച്ചത്.

“സാർ.. “

ബഷീർ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ആ പോലീസുകാരന്റെ അടുത്തേക്ക് നീങ്ങി നിന്നാണവൾ ചോദിച്ചത്.

“ഞങ്ങളെ മനസ്സിലായോ..? “

നിഷേധാർത്ഥത്തിൽ  തലയാട്ടുമ്പോഴും ഓർമ്മയിൽ പരതുകയായിരുന്നു ബഷീർ.

“ഡോക്ടർ രുക്മിണി, എസ് ഐ രാജ്ദേവ്…ജാനകിയുടെ മക്കൾ… “

ചെവികളെ വിശ്വസിക്കാനാവാതെ നിൽക്കുന്നതിനിടെ ബഷീർ പതിയെ ചോദിച്ചു.

“ജാനകി..? “

“അമ്മ ഇന്ന് ഞങ്ങളോടൊപ്പമില്ല. പക്ഷേ നിറഞ്ഞ മനസ്സുമായാണ് അമ്മ പോയത്. ഒരുപാട് കഷ്ടപ്പെട്ടു, അവസാനം ആ നിറഞ്ഞ കണ്ണുകളിൽ ചിരി തെളിയിക്കാൻ ഞങ്ങൾക്ക് സാധിച്ചു. അമ്മയോടൊപ്പം ഏറെക്കാലം ജീവിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നെങ്കിലും അമ്മയ്ക്ക് പരാതിയൊന്നുമില്ലായിരുന്നു..സാറിനെ ഒന്ന് കാണണമെന്ന് പറയാറുണ്ടായിരുന്നു “

മുത്തുവാണ് പറഞ്ഞത്. രുക്മിണി അയാൾക്കരികെ എത്തി ആ കൈകൾ ചേർത്തു പിടിച്ചു പറഞ്ഞു.

“ആ തെരുവിൽ അവസാനിച്ചു പോവുമായിരുന്ന ജീവിതങ്ങളെ ഇവിടെ എത്തിച്ചത് സാറാണ്. ഞങ്ങളുടെ അമ്മയുടെ മുഖം തെളിഞ്ഞതും അങ്ങ് കാരണമാണ് “

അവരുടെ കണ്ണുകളോടൊപ്പം ബഷീറിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. കണ്ണീർ കാഴ്ച്ചയെ മറയ്ക്കുമ്പോഴും അയാൾ നോക്കി കാണുകയായിരുന്നു അവരെ..ജാനകിയുടെ മക്കളെ…

~സൂര്യകാന്തി ?