അത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. തറവാട്ടിൽ നിന്ന് ഒന്നും ചോദിക്കാതെ എല്ലാം അവനു കൊടുത്തിട്ടാണ് അദ്ധേഹം ഈ ഒറ്റമുറി വീട്ടിലേക്കു…

അമ്മിച്ചി…

Story written by Suja Anup

============

“അമ്മിച്ചി പോകേണ്ട, ഞങ്ങൾ നോക്കിക്കൊള്ളാം അമ്മച്ചിയെ..”

ജോമോനും ജാക്സണും എന്നെ തടഞ്ഞു. അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. കൊച്ചുമക്കളാണ് തടയുന്നത്, സ്വന്തം മകൻ ഒന്നും മിണ്ടുന്നില്ല. എത്ര കഷ്ടപ്പെട്ടാണ് രണ്ടെണ്ണത്തിനെ വളർത്തി വലുതാക്കിയത്. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. അവനും അവൾക്കും വേണ്ടി ഉറങ്ങാതെ എത്രയോ രാത്രികളിൽ ഇരുന്നൂ. എന്നിട്ടും…

അതെല്ലാം അവർ മറന്നിരിക്കുന്നൂ..കല്യാണം കഴിഞ്ഞു രണ്ടെണ്ണത്തിനെ തന്നിട്ട് അതിയാൻ പോയി. അപകടമരണം ആയിരുന്നൂ. സെക്യൂരിറ്റി പണി ആയിരുന്നൂ പുള്ളിക്ക്. വെളുപ്പിന് തിരിച്ചു വരുമ്പോൾ വഴിയിൽ പൊട്ടി കിടന്ന കമ്പിയിൽ തട്ടി മരണം. അന്ന് സമ്പാദ്യം എന്ന് പറയുവാൻ ആകെ ഉണ്ടായിരുന്നത് ഒരു ഒറ്റമുറി വീടായിരുന്നൂ.

അദ്ധേഹത്തെ അടക്കി തിരിച്ചു വന്നപ്പോഴാണ് ഒറ്റപെട്ടു എന്ന സത്യം ആദ്യമായി മനസ്സിലാക്കിയത്. സമ്പാദ്യം ഇല്ലാത്ത പെങ്ങൾ, ഒരു ബാധ്യത ആവരുത് എന്ന് കരുതി ആകെയുള്ള ആങ്ങളെയെയും കൂട്ടി നാത്തൂൻ സിമിത്തേരിയിൽ നിന്നും സ്ഥലം വിട്ടിരുന്നൂ. അതിയാൻ്റെ ബന്ധുക്കൾ ആരും വീട്ടിലേക്കു ഒന്ന് എത്തി നോക്കിയില്ല.

മനസ്സൊന്നു പിടഞ്ഞു, തളർന്നിരുന്നു പോയി. ഇനി എന്ത് എന്നറിയില്ല. അപ്പോഴാണ് അഞ്ചുവയസ്സുകാരി മകൾ വന്നു മടിയിൽ തല വച്ച് ചോദിച്ചത്.

“അമ്മേ, എനിക്കിനി സ്കൂളിൽ പോകുവാൻ പറ്റില്ലേ..”

“എന്താ, ചിന്നൂമോളെ നീ അങ്ങനെ ചോദിച്ചേ..” അദ്ദേഹത്തിൻ്റെ രാജകുമാരി ആയിരുന്നൂ അവൾ. ഒറ്റമുറി വീട്ടിലെ രാജകുമാരി.

“എല്ലാരും പറയുന്നല്ലോ, നമുക്കിനി തെണ്ടാൻ പോകേണ്ടി വരുമെന്ന്..”

“ആരാ അങ്ങനെ പറഞ്ഞെ..”

“കൊച്ചാപ്പൻ പറഞ്ഞല്ലോ, അമ്മെ”

അത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. തറവാട്ടിൽ നിന്ന് ഒന്നും ചോദിക്കാതെ എല്ലാം അവനു കൊടുത്തിട്ടാണ് അദ്ധേഹം ഈ ഒറ്റമുറി വീട്ടിലേക്കു പോന്നത്‌. അല്ലെങ്കിലും വീതം വയ്ക്കുവാൻ വലുതായിട്ടു ഒന്നും അവിടെയും ഉണ്ടായിരുന്നില്ല. ഒരു നല്ല കറി വച്ചാൽ ഒരു പങ്ക് എന്നും അവനു കൊടുത്തിട്ടുണ്ട്. ഉള്ളത് ഒരു പോലെ പങ്ക് വച്ചുകൊടുത്തു കഴിഞ്ഞു.

ഞാൻ പറഞ്ഞു.. “ഇല്ല, എൻ്റെ മക്കൾക്ക് അമ്മയുണ്ട്.”

അപ്പോൾ മനസ്സിൽ ഒന്നുറപ്പിച്ചു. ഒന്നിനും ഒരു കുറവും അവർക്കു ഞാൻ വരുത്തില്ല. അതൊരുറപ്പായിരുന്നൂ. ഇനി തളരില്ല എന്ന എൻ്റെ തീരുമാനം.

മുണ്ടു മുറുക്കി ഉടുത്തു. ചെയ്യാത്ത ഒരു പണിയും ഇല്ല. പക്ഷേ, ദൈവത്തിനു നിരക്കാത്തതായി ഒന്നും ഞാൻ ചെയ്തിട്ടില്ല ഇന്ന് വരെ. അങ്ങനെ മക്കൾ പഠിച്ചു നല്ല ജോലിക്കാരായി. അവരുടെ കല്യാണം കഴിഞ്ഞപ്പോൾ അവരുടെ മക്കളെ കൂടെ വളർത്തി. മോൾക്ക് രണ്ടു പെൺകുട്ടികൾ. മോന് രണ്ടു ആൺകുട്ടികൾ. അടുപ്പിച്ചടുപ്പിച്ചുള്ള പ്രസവങ്ങൾ. അതുങ്ങളെ നോക്കി എടുക്കുവാൻ നന്നായി പണിപ്പെട്ടൂ. നാലുപേരെയും ഞാൻ വളർത്തി കൊടുത്തൂ. ഇനി വയ്യ. തളർന്നിരിക്കുന്നൂ…

എന്നിട്ടും രാവിലെ എഴുന്നേറ്റു എന്നാൽ ആവുന്നതൊക്കെ ചെയ്തു കൊടുക്കും. കഴിഞ്ഞാഴ്ച  മരുമകൾ മകനോട് പറയുന്നത് കേട്ടൂ. “അമ്മിച്ചിക്ക് വയ്യാതായിരിക്കുന്നൂ. നമുക്ക് നല്ലൊരു വൃദ്ധസദനത്തിലേക്കു അമ്മച്ചിയെ മാറ്റം. ആഴ്ചയിൽ ഒരിക്കൽ പോയി കണ്ടാൽ പോരെ. ഇതിപ്പോൾ നമുക്കെങ്ങും പോകുവാൻ പറ്റുന്നില്ല. എനിക്ക് വയ്യ, ആ തള്ളയേയും നോക്കി ഇങ്ങനെ ഇരിക്കുവാൻ. നല്ലൊരു അവധി ദിവസ്സം കിട്ടിയാൽ പോലും പുറത്തിറങ്ങുവാൻ വയ്യ..”

“നീ എന്താ ഈ പറയുന്നത്. ഈ വീട് അമ്മച്ചിക്ക് വേണ്ടി ഞാൻ ഉണ്ടാക്കിയതാണ്. അവരുടെ കഷ്ടപ്പാട് ഞാനേ കണ്ടിട്ടുള്ളു.”

“ഓ, ഒരു തള്ളയും മോനും വന്നിരിക്കുന്നൂ. ഒരു മോളുണ്ടല്ലോ, ഇടയ്ക്കൊക്കെ അവൾക്കും അവരെ കൊണ്ടുപോയിക്കൂടെ..”

ആ വാചകങ്ങൾ കേട്ടതോടെ മനസ്സു മടുത്തു. പിന്നെ എന്തൊക്കെയോ വാക്ക് തർക്കങ്ങൾ. ആ പിണക്കം ഒരാഴ്ചയോളം അവർക്കിടയിൽ നീണ്ടുനിന്നൂ. അത് കണ്ടപ്പോൾ മനസ്സൊന്ന് പിടഞ്ഞു. വീണ്ടും ഒറ്റപെടുകയാണോ…

മോനും മോൾക്കും ഞാനൊരു ബാധ്യത ആയിരിക്കുന്നൂ. കൊച്ചുമക്കളെ നോക്കുവാൻ ഇതുവരെ ഞാൻ വേണമായിരുന്നൂ..അങ്ങനെയാണ് ഞാൻ മകനോട് വൃദ്ധസദനത്തിലേക്കു മാറുവാൻ അനുവാദം ചോദിച്ചത്. മക്കളുടെ സന്തോഷം മാത്രമേ എന്നും ആഗ്രഹിച്ചിട്ടുള്ളൂ. അവർക്കു വേണ്ടിയാണ് ഇത്രയും കാലം ജീവിച്ചത്. എന്നിട്ടും ഞാൻ ഒറ്റപ്പെട്ടിരിക്കുന്നൂ. എല്ലാം വിധിയാണ്. എൻ്റെ കാലം കഴിയാറായി. അവർ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ. അവർ ജീവിക്കണം ഞാൻ വഴിമാറി കൊടുക്കുകയാണ് നല്ലതു എന്ന് തോന്നി. അതാണ് എൻ്റെ ശരി.

എല്ലാം ഒതുക്കി വച്ചൂ. അത്യാവശ്യം വേണ്ടതെല്ലാം ബാഗിലാക്കി. പിറ്റേന്ന്  ഇറങ്ങുവാൻ നേരത്താണ് പ്രശ്നം തുടങ്ങിയത്. ജോമോനും (13) ജാക്സണും (11) റോക്കോയും (പട്ടി) ആദ്യം തന്നെ കാറിൽ കയറി ഇരുന്നൂ. മൂത്തകൊച്ചുമോനാണ് ജോമോൻ അവൻ ഈ അടുത്ത് വരെ എനിക്കൊപ്പം ആണ് ഉറങ്ങിയിരുന്നത്. അവനൊപ്പം മിക്കവാറും ജാക്സണും എൻ്റെ മുറിയിൽ ഉണ്ടാകും. രാത്രി അഴിച്ചു വിട്ടാൽ റോക്കോ ആരും കാണാതെ എൻ്റെ  മുറിയിൽ കയറി കിടക്കും. അവർക്കെന്തിനും ഞാൻ വേണം.

കൊച്ചുമക്കൾ ഒറ്റക്കെട്ടായി പറഞ്ഞു. “അമ്മിച്ചി എവിടെയാണോ ഞങ്ങൾ അവിടെ ഉണ്ടാകും.” കുരച്ചു കൊണ്ട് റോക്കോയും കൂടെ പോരുന്നൂ എന്നറിയിച്ചു.

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ അന്നാദ്യമായി എൻ്റെ മകൻ്റെ കൈ അവളുടെ നേരെ ഉയർന്നൂ.

“മോനെ” എൻ്റെ വിളി കേട്ടതും അവൻ കൈ താണു. പിന്നെ പറഞ്ഞു.

“ഇതുവരെ നീ പറയുമ്പോൾ, എൻ്റെ അമ്മയാണ് തെറ്റുകാരി എന്ന് ഞാൻ കരുതി. നീ അമ്മയെ പറ്റി പരാതി പറയാത്ത ഒരു ദിവസ്സം പോലും എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്നിട്ടും ഞാൻ എല്ലാം സഹിച്ചു ഇത്രയും നാൾ മിണ്ടാതെ ഇരുന്നൂ. എനിക്ക് എല്ലാം അറിയാമായിരുന്നൂ.”

“പക്ഷേ, ഇന്ന് ആ മിണ്ടാപ്രാണി കൂടി അമ്മയ്‌ക്കൊപ്പം പോകുവാൻ ഒരുങ്ങുന്നൂ. ഒരുപക്ഷേ നീ ഇവിടെ നിന്നിറങ്ങിയാൽ കൂടെ ആരും വരുവാൻ ഉണ്ടാകില്ല. നിനക്ക് നിൻ്റെ വീട്ടിലേക്കു പോകാം. ഞാനും മക്കളും അമ്മയ്‌ക്കൊപ്പം ഇവിടെ ഉണ്ടാകും.”

“അമ്മയുടെ കഷ്ടപ്പാടുകൾ കണ്ടാണ് ഞാൻ വളർന്നത്. ഒന്നും ഞാൻ മറന്നിട്ടില്ല. നിനക്ക് വേണ്ടിയല്ല, അമ്മ സ്വസ്ഥമായി കഴിയുവാൻ വേണ്ടിയാണ് ഞാൻ അമ്മയെ കൊണ്ടാക്കുവാൻ തീരുമാനിച്ചത്. ഇനി അത് വേണ്ട. അമ്മ ക്ഷമിക്കൂ. അവൾക്കൊന്നു കൊടുക്കണമെന്ന് ഞാൻ പലപ്പോഴും കരുതിയിരുന്നതാണ്. പക്ഷേ, പെണ്ണുങ്ങളെ അടിച്ചൊതുക്കുവാൻ അല്ല സ്നേഹിക്കുവാൻ ആണല്ലോ അമ്മ എന്നെ പഠിപ്പിച്ചത്. നാളെ അവളും ഒരമ്മായിയമ്മ ആകും. അപ്പോഴേ അമ്മയുടെ ദുഃഖം അവൾക്കു മനസിലാകൂ.”

കൊച്ചുമക്കൾ എന്നെയും കൂട്ടി അകത്തേക്ക് നടന്നൂ. പുറകെ അവനും അവളും…

……….സുജ അനൂപ്