അന്ന് രാത്രി അവർ രണ്ട് പേരും ഉറങ്ങിയില്ല. ക്ളോക്കിൽ സമയം നാല് മണിയായപ്പോൾ ശാലുഎഴുന്നേറ്റ്പോയി ഡ്രസ്സുകളൊക്കെ…

Story written by Saji Thaiparambu

===========

ചേട്ടാ..ഓഫീസിൽ നിന്ന് വരുമ്പോൾ കുറച്ച് പലഹാരംകൂടി വാങ്ങിച്ചോളണേ

പാർക്കിങ്ങ് ഏരിയയിൽ നിന്ന് ബൈക്കെടുക്കുമ്പോഴാണ്  മനോജിന്റെ ഭാര്യ വിളിച്ചത്  പറയുന്നത്

എന്റെ ശാലു, അല്ലെങ്കിൽ തന്നെ നിനക്ക് ചീത്തകൊളസ്ട്രോള് കൂടുതലാണ്. വേണമെങ്കിൽ അയ്യപ്പേട്ടന്റെ കടയിൽ നിന്ന് തട്ട് ദോശ വാങ്ങിക്കൊണ്ട് തരാം

അയ്യോ മനോജേട്ടാ…എനിക്കല്ല, ലളിതമ്മായി വരുന്നുണ്ടെന്ന് അമ്മ വിളിച്ച് പറഞ്ഞു. അമ്മായിക്ക് ചായയ്ക്ക് കൊടുക്കാനായിട്ട് ഇവിടെയൊന്നുമിരിപ്പില്ല. അതാണ് എന്തേലും വാങ്ങിക്കൊണ്ട് വരാൻ പറഞ്ഞത്.

ഓഹ് അത് ശരി എങ്കിൽ വാങ്ങിക്കാം

ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ വച്ചിട്ട് മനോജ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.

ഗേറ്റിൽ ഒരു ഓട്ടോറിക്ഷ വന്ന് നില്ക്കുന്ന ശബ്ദം കേട്ടപ്പോൾ അത് ലളിതമ്മായി തന്നെയാണെന്ന് ഉറപ്പിച്ച് കൊണ്ടാണ് ശാലു പൂമുഖത്തേയ്ക്ക് വന്നത്.

ഓട്ടോറിക്ഷയിൽനിന്നിറങ്ങിയ അമ്മായി, കൂലി ചോദിച്ച  ഡ്രൈവറുമായി തർക്കിക്കുന്നത് കണ്ട് ശാലു വേഗം അങ്ങോട്ടേക്കിറങ്ങി ചെന്നു

അമ്മായീ എന്തായിത് ? ദേ അകത്ത് ഏട്ടൻ്റെയമ്മയും പെങ്ങളുമൊക്കെ നില്പുണ്ട്. അവര് കേട്ടാൽ അതിന്റെ നാണക്കേട് എനിക്ക് തന്നെയാണ്. അയാൾക്കെത്രയാണ് വച്ചാൽ കൊടുത്തിട്ട് അമ്മായി അകത്തോട്ട്കയറി വാ

ശാലു ഒരു വിധത്തിലാണ് അമ്മായിയെയും കൊണ്ട് അകത്തേക്ക് കയറിയത്.

നീയങ്ങ് ഒരു പാട് ക്ഷീണിച്ച്‌ പോയല്ലോ മോളേ…നിനക്കെന്താഇവിടെ തിന്നാനും കുടിക്കാനുമൊന്നുമില്ലേ?

അതിനൊന്നിനും ഇവിടെ യാതൊരു കുറവുമില്ല പക്ഷേ അതൊക്കെയെടുത്ത് കഴിക്കണമെന്ന്  ശാലുമോൾക്ക് കൂടിതോന്നിയാലല്ലേ അവളുടെ ശരീരത്ത് പിടിക്കു…

അമ്മായീടെ സംശയത്തിന് മറുപടി പറഞ്ഞത് മനോജിന്റെ അമ്മയായിരുന്നു

ശാലുവിന്റെയും മനോജിന്റെയും വിവാഹം  കഴിഞ്ഞിട്ട് വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളു

ലളിതയ്ക്കെന്താകുടിക്കാനെടുക്കേണ്ടത് ? ചായയോ കാപ്പിയോ  ?

മനോജിന്റെ അമ്മ ആദിത്യമര്യാദയോടെ ചോദിച്ചു

എനിക്കിപ്പോഴൊന്നും വേണ്ടെന്റെ ശാരദേ..കുറച്ച് കഴിയട്ടെ അത് വരെ ഞാനെന്റെ കൊച്ചിനോട് ലേശം വിശേഷങ്ങള് പറഞ്ഞിട്ട് വരാം

ലളിത ശാലുവിനെയും കൂട്ടി അവളുടെമുറിയിലേക്ക് പോയി

അല്ല മോളെ മനോജ്ഇത് വരെയെത്തിയില്ലേ?

വന്നായിരുന്നമ്മായീ അപ്പോഴാ ഏതോകൂട്ടുകാരൻ എന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചോണ്ട് പോയത്

അവനെങ്ങനാടി നിന്നോട് സ്നേഹമൊക്കെയുണ്ടോ?

മനോജേട്ടനെന്നെ ഭയങ്കര ജീവനാണമ്മായീ

ഉം, നിന്റെഅമ്മായിയമ്മയും നാത്തൂനുമോ? അവർ പോരിന് വരുന്നുണ്ടോ?

അയ്യോ ഇല്ല ,അമ്മ പഞ്ച പാവമാണ്, പിന്നെ ഷൈല ചേച്ചിഎപ്പോഴുംഉണ്ടാവില്ല ഇടയ്ക്ക് വല്ലപ്പോഴുംവന്നു നില്ക്കുകയുള്ളു…

ഉം…എന്നാലുംസൂക്ഷിക്കണം മോളേ..അമ്മായി നിന്നോടൊരു കാര്യം പറയാൻ കൂടിയാണ് വന്നിരിക്കുന്നത്

എന്താണമായി എന്നോട് പറയ്?

ശാലു ഉത്ക്കണ്ഠയോടെചോദിച്ചു.

അത് മോളേ..ഞാൻ കഴിഞ്ഞയാഴ്ച നമ്മുടെ ദാമോദരപണിക്കരെ സുഗന്ധിയുടെ ജാതകമൊന്ന് കാണിക്കാൻ പോയിരുന്നു, അപ്പോൾ അയാള് നിന്റെ കാര്യം തിരക്കി, നിന്റെ വിപാഹം കഴിഞ്ഞെന്നും ഇവിടുത്തെ മനോജാണ് ചെക്കനെന്നും  പറഞ്ഞപ്പോൾ പണിക്കര് ചോദിക്കുവാ നിങ്ങളാ കൊച്ചിന്റെ ജീവിതം നശിപ്പിച്ചല്ലോ? എന്ന്…

ങ്ഹേ അതെന്താ അമ്മായീ അയാളങ്ങനെ ചോദിച്ചത് ?

ആകാംക്ഷയോടെയാണ് ശാലു ചോദിച്ചത്

പണ്ട് മനോജിന്റെ ജാതകമെഴുതിയത് അയാളാണെന്നും, അഞ്ചാറ് മാസം മുൻപ് എന്തോ ദോഷംതീർക്കാൻ മനോജിന്റെയമ്മ പണിക്കരെ കാണാൻ ചെന്നപ്പോഴാണ്, അയാളത് ഓർത്തതെന്നും പറഞ്ഞു. ആ ജാതകപ്രകാരം മനോജ് രണ്ടാമതൊരു വിവാഹം കഴിക്കുമെന്നാണ് പണിക്കര് ഉറപ്പിച്ച് പറയുന്നത്. നമുക്ക് അബദ്ധംപറ്റിയല്ലോ മോളേ…

അമ്മായിക്ക് വേറെ ജോലിയില്ലേ ഇക്കാലത്ത് ആരാണ് ഇതൊക്കെ വിശ്വസിക്കുന്നത് അയാൾ പറഞ്ഞത്. ശുദ്ധമണ്ടത്തരമെന്നേ ഞാൻ പറയു

അങ്ങനെ പറഞ്ഞ് തള്ളിക്കളയല്ലേ മോളേ ജ്യോത്സ്യം സത്യമാണ് അത് കൊണ്ടല്ലേ ? പണിക്കര് പറഞ്ഞത് പോലെ എന്റെ സുഗന്ധിയുടെ വിവാഹം ഇരുപത് വയസ്സിൽ തന്നെ നടന്നത്. നീയെന്തായാലുമൊരു കാര്യം ചെയ്യ്, അവൻ വരുന്നതിന്മുൻപ് ആ പെട്ടിയിലെങ്ങാനും ജാതകമിരിപ്പുണ്ടെങ്കിൽ ഇങ്ങോട്ടെടുക്ക്, ഞാനൊന്ന് നോക്കട്ടെ

അമ്മായീടെ ആവശ്യപ്രകാരം അലമാര തുറന്ന്  ജാതകം തപ്പിയെടുത്ത് അവരെ ഏല്‌പിച്ചിട്ട് ശാലു നീറുന്ന മനസ്സുമായിനിന്നു.

ഇത് കണ്ടോമോളേ ഇതൊന്ന് വായിച്ച് നോക്ക്

അമ്മായി ചൂണ്ടിക്കാണിച്ച വരികൾ വിശ്വാസം വരാതെ ശാലു, പലയാവർത്തി വായിച്ചു

പിറ്റേന്ന് വെളുപ്പിനത്തെ ബസ്സിനെ തിരിച്ച് പോകുന്നുള്ളുവെന്നും പറഞ്ഞ് നിന്ന ലളിതമ്മായി, അന്ന് രാത്രി ശാരദയോടൊപ്പം അവരുടെ മുറിയിലാണ് കിടന്നത്.

കൂട്ടുകാരന്റെയൊപ്പം പുറത്തേയ്ക്ക് പോയ മനോജ് തിരിച്ചെത്തിയപ്പോൾ ഏറെ വൈകിയിരുന്നു.

ശാലൂ എനിക്കൊന്നും കഴിക്കാൻ വേണ്ട കെട്ടോ ഞാൻ പ്രസാദിന്റെയൊപ്പം പുറത്ത്നിന്ന് കഴിച്ചു.

പൂവുഖത്ത് തന്നെയും കാത്ത് നിന്നിരുന്ന ഭാര്യയോട് മനോജ് പറഞ്ഞു

അതിന് മറുപടിയൊന്നും  പറയാതെ ശാലു കിടപ്പ് മുറിയിലേക്ക് നടക്കുന്നത് കണ്ടപ്പോൾ മനോജിന് എന്തോ പന്തികേട് തോന്നി.

നിനക്കെന്ത് പറ്റിയെടോ ?അമ്മായി എന്ത്യേ ഉറങ്ങിയോ?

ആഹ് എനിക്കറീല്ല..

നീരസത്തോടെയുള്ള ശാലുവിന്റെ മറുപടി മനോജിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

എടോ എന്തെങ്കിലുമുണ്ടെങ്കിൽ മനസ്സിൽ വയ്ക്കാതെ തുറന്ന് ചോദിക്ക്. അല്ലാതെ ഇങ്ങനെ മുഖം വീർപ്പിച്ചിരുന്നാൽ എനിക്കെങ്ങനെ മനസ്സിലാകും’

മനോജേട്ടാ….ഞാനൊരുകാര്യ ചോദിക്കട്ടെ?

ഉം ചോദിക്ക്…

നിങ്ങൾക്കീ ജാതകത്തിലൊക്കെവിശ്വാസമുണ്ടോ ?

പിന്നേ തീർച്ചയായും, എനിക്ക് സർക്കാർജോലി കിട്ടുമെന്നും ഞാൻ ഇഷ്ടപ്പെട്ട പെൺകുട്ടിയെ തന്നെ വിവാഹംകഴിക്കുമെന്നുമൊക്കെ എന്റെ ജാതകത്തിലുണ്ടായിരുന്നു.എന്നിട്ട് അത്പോലെ തന്നെ സംഭവിച്ചില്ലേ?

അങ്ങനെയെങ്കിൽ ജാതകത്തിൽ മറ്റൊരു കാര്യകൂടി പറഞ്ഞിരുന്നു, നിങ്ങള് രണ്ടാമതൊരു വിവാഹംകൂടി കഴിക്കുമെന്ന്. അപ്പോൾ അതുംസത്യമാണോ ?

അപ്രതീക്ഷിതമായ ആ ചോദ്യത്തിന്‌മുന്നിൽ മനോജ് അല്പനേരം ഉത്തരം മുട്ടി നിന്നു…

ചോദിച്ചത്കേട്ടില്ലേ ജാതകപ്രകാരം നിങ്ങൾ രണ്ടാമതുംവിവാഹംകഴിക്കുമെന്ന് പറഞ്ഞിരിക്കുന്നത് സത്യമാണോന്ന്…

കടുത്ത ക്ഷോഭത്താൽ അവളുടെ ശബ്ദമുയർന്നിരുന്നു

അത് സത്യമല്ലെന്ന് പറഞ്ഞാൽ താനാദ്യംപറഞ്ഞതും കളവാണെന്ന് പറയേണ്ടിവരും, അപ്പോൾ താനൊരുഅവസരവാദിയാണെന്നും കാര്യംകാണാൻ കളവ് പറയുന്നവനാണെന്നും അവൾ കരുതും, അത് കൊണ്ട് തന്റെ നിലപാടിൽഉറച്ച് നില്ക്കാൻ തന്നെ അയാൾ തീരുമാനിച്ചു.

സത്യമാണ്…എന്റെ ജീവിതത്തിൽരണ്ടു വിവാഹയോഗമുണ്ടെന്ന് ദാമോദരപണിക്കരാണ് എഴുതിവച്ചിരിക്കുന്നത്. അയാള് പറഞ്ഞാൽ അണുവിട തെറ്റില്ല.

യാതൊരു കൂസലുമില്ലാതെ മനോജങ്ങനെ പറഞ്ഞപ്പോൾ ശാലുവിന് അത്ഭുതവും ഒപ്പം സങ്കടവും തോന്നി.

ദുഷ്ടാ…അപ്പോൾ ഞാൻ ചത്തിട്ട് അടുത്ത പെണ്ണ്കെട്ടാനുള്ള കാത്തിരിപ്പാണല്ലേ? അത് വരെനിങ്ങൾ കാത്തിരുന്ന് വെറുതെ സമയം കളയേണ്ട നാളെ നേരമൊന്ന് വെളുത്തോട്ടെ ഞാനെല്ലാം ഉപേക്ഷിച്ച് അമ്മായിയോടൊപ്പംഎന്റെവീട്ടിലേക്ക് പൊയ്ക്കോളാം. പിന്നെ നിങ്ങടെ ഇഷ്ടംപോലെ എന്തുമായിക്കോ

ഒരു തേങ്ങലോടെയാണ് അവളത് പറഞ്ഞത്

ഉം ശരി…രാവിലത്തെ ബസ്സിന് തന്നെ പൊയ്ക്കോളു..ഞാൻ രണ്ട് പേരെയുംബസ്സ്റ്റാൻറ് വരെകൊണ്ട് വിട്ടു തരാം, പിന്നെകുറച്ച്നാള് കഴിയുമ്പോൾ ഞാനൊരു വക്കീൽ നോട്ടീസയ്ക്കും നീയതിൽ മടിക്കാതെ ഒപ്പിട്ട് തരണം

ഒട്ടുംകുറ്റബോധമില്ലാതെയുള്ള മനോജിന്റെ സംസാരം കേട്ട് ശാലു സ്തബ്ധയായിനിന്ന് പോയി.

ഒന്നല്ല ഒൻപതെണ്ണത്തിൽവേണമെങ്കിലും ഞാനൊപ്പിട്ട് തരും എനിക്കിനി നിങ്ങളെ പ്പോലൊരു ഭർത്താവിനെ വേണ്ട

വാശിയോടെയാണ് അവളതിന് മറുപടി പറഞ്ഞത്

അന്ന് രാത്രി അവർ രണ്ട് പേരും ഉറങ്ങിയില്ല. ക്ളോക്കിൽ സമയം നാല് മണിയായപ്പോൾ ശാലുഎഴുന്നേറ്റ്പോയി ഡ്രസ്സുകളൊക്കെഒരു ബാഗിൽഅടുക്കിവച്ചു.

അവളൊരുങ്ങികഴിഞ്ഞപ്പോഴേക്കും മനോജും എഴുന്നേറ്റ് ഫ്രഷ് ആയി

അമ്മയെ കണ്ടിട്ട്കുറച്ച് ദിവസമായെന്നുംഅത് കൊണ്ടാണ് താനും അമ്മായീടെയൊപ്പം നാട്ടിലേക്ക് വരുന്നതെന്നുമാണ് ലളിതയോടും മറ്റുള്ളവരോടും ശാലുവും മനോജും ധരിപ്പിച്ചത്

ഒറ്റരാത്രി കൊണ്ട് ഒരു ജീവിതം കീഴ്മേൽമറിഞ്ഞ  ഷോക്കിലായിരുന്നു ശാലു

അമ്മായി ഇന്നലെ വന്നിട്ട് പന്ത്രണ്ട്മണിക്കൂറാക്കുന്നതേയുള്ളു…ഇതാണോ ദാമ്പത്യം, താനിത്രയും നാളും ജീവന് തുല്യം സ്നേഹിച്ച, തന്റെ മനോജേട്ടൻ ഒരു പൂച്ചക്കുട്ടിയെ എടുത്ത് കളയുന്ന ലാഘവത്തോടെയല്ലേ ഒറ്റരാത്രി കൊണ്ട് അദ്ദേഹത്തിൻറെ ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കിയത്

ബസ്സ് മുന്നോട്ടെടുത്തപ്പോഴും സൈഡ്സീറ്റിലിരുന്ന അവൾ പ്രതീക്ഷയോടെ അവനെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു…

ഇന്ന് ശാലുവിനെ പെണ്ണ് കാണാൻ ഒരു കൂട്ടര് വരുന്നുണ്ടെന്ന് ബ്രോക്കറ് റ്വിളിച്ച്പറഞ്ഞപ്പോൾ, അവളുടെയമ്മ, അമ്മാവൻമാരെയൊക്കെ വിളിച്ച് വരുത്തിയിരുന്നു.

ഗേറ്റ് കടന്ന് അകത്തേക്ക് കയറി വന്ന കാറിൽ നിന്നിറങ്ങിയവരെ കണ്ട് ശാലുവിന്റെ വീട്ടുകാർ അന്തംവിട്ട് നിന്നു.

നിങ്ങളെന്താ ഇങ്ങനെ മിഴിച്ച്നോക്കുന്നത് ഞങ്ങള് ശാലുവിനെ കാണാനും മനോജുമായിട്ടുള്ള അവരുടെ വിവാഹമുറപ്പിക്കാനുമാണ്‌ വന്നത്.

കാറിൽ നിന്നും മനോജിനോടൊപ്പമിറങ്ങിയകൂട്ടുകാരനാണത് പറഞ്ഞത്

നിങ്ങളെന്താ ആളെ കളിയാക്കുവാണോ? ഒരു തോന്നലിന് വേണ്ടെന്ന് വയ്ക്കാനും അടുത്ത തോന്നലിന് വേണമെന്ന് പറയാനും ഇതെന്താകുട്ടിക്കളിയാണോ? ഇയാൾക്കെന്താ രണ്ടാമത് വിവാഹംകഴിക്കാൻ വേറെ പെണ്ണിനെയൊന്നും കിട്ടിയില്ലേ?

ശാലുവിന്റെ വലിയമ്മാമ രോഷത്തോടെയാണത് ചോദിച്ചത്.

അതിന് അവന്റെ ജാതകത്തിൽ രണ്ടാമതൊരു വിവാഹം കൂടി കഴിക്കുമെന്നല്ലേ പറഞ്ഞിട്ടുള്ളു…പക്ഷേ അത് ആദ്യ ഭാര്യയല്ലെന്ന്  പറഞ്ഞിട്ടില്ലല്ലോ? എന്റെ അമ്മാമേ ജാതകത്തിലെഴുതിയിരിക്കുന്ന ചില കാര്യങ്ങളെക്കെ മനോജിന്റെ ജീവിതത്തിൽ അർത്ഥവത്തായിതീർന്നപ്പോൾ അയാളത് വിശ്വസിക്കുകയും ഭാര്യയെക്കൂടി വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നുള്ളത് സത്യമാണ്. പക്ഷേ അവിടെയാണ് മനോജിന് അബദ്ധം പറ്റിയത്. പിന്നീടുള്ള ശാലുവിന്റെ അപ്രതീക്ഷിതമായ ചോദ്യമാണ് മനോജിനെ പ്രതിസന്ധിയിലാക്കിയത് . ശാലുവിന്റെ ചോദ്യത്തെ പ്രതിരോധിക്കാൻവേണ്ടിയാണ് താൻ രണ്ടാമതൊരു  വിവാഹം കഴിക്കുമെന്ന് അയാൾക്ക് ഉറപ്പിച്ച് പറയേണ്ടി വന്നത്. മനോജിന് നിങ്ങടെ ശാലുവിനെ പെരുത്തിഷ്ടമാണ്, അത് കൊണ്ട് തന്നെ അവളുടെ മനസ്സിൽ തന്നെക്കുറിച്ചൊരു വിശ്വാസകുറവുണ്ടാകാൻ പാടില്ല എന്ന നിർബന്ധം കൂടി മനോജിനുണ്ടായിരുന്നു, അത്കൊണ്ടാണ് ശാലു വീട്ടിൽ നിനിറങ്ങിപ്പോയപ്പോഴും മനോജ് തന്റെ നിലപാടിൽതന്നെ ഉറച്ച് നിന്നത്…

എന്നാൽ പിന്നെ താനൊരിക്കലും രണ്ടാവതൊരു വിവാഹം കഴിക്കില്ലെന്ന് അയാൾക്ക് ശാലുവിനോട് പറഞ്ഞാൽ പോരായിരുന്നോ?

ശാലുവിന്റെ അമ്മ മുന്നോട്ട് വന്ന് അയാളോട് ചോദിച്ചു.

മനസ്സിലുറപ്പിച്ച്പോയ ചില വിശ്വാസങ്ങളെ അത്ര പെട്ടെന്ന് പിഴുതെറിയാൻ ആർക്കും കഴിയില്ലമ്മേ, ഞാനാ സമയത്ത് എത്ര പ്രോമിസ് ചെയ്താലും, ലളിതമ്മായി പറഞ്ഞ ജാതകത്തിലെകാര്യങ്ങൾ മനസ്സിലടിയുറച്ച്കിടക്കുന്നിടത്തോളം അവളെന്റെ വാക്കുകൾ വിശ്വസിക്കില്ലാരുന്നു. പക്ഷേ…ജാതകത്തിൽ പറഞ്ഞിരിക്കുന്നത് പോലെ ജീവിതത്തിൽ സംഭവിച്ചാൽ ശാലു എന്നെ പൂർണ്ണമായി വിശ്വസിക്കുമെന്ന് എനിക്കറിയാമായിരുന്നു അത് കൊണ്ടാണ് രണ്ടാമതും അവളെ തന്നെവിവാഹം കഴിക്കാൻ വേണ്ടി ഞാനവളെ   ഡൈവോഴ്സ് ചെയ്തത്…

ഹഹ ഹ….ഇതൊക്കെവിശ്വസിക്കാൻ ഞങ്ങളൊക്കെ മണ്ടൻമാരാണെന്നാണോ തന്റെ വിചാരം ?

വല്യമ്മാമ അട്ടഹസിച്ച് ചിരിച്ചു.

നിങ്ങള് വിശ്വസിക്കണമെന്ന് എനിക്ക് നിർബന്ധമില്ല. വിശ്വസിക്കേണ്ടയാൾ ഡൈവോഴ്സിന്മുമ്പേ ഞാനീ പറഞ്ഞകാര്യങ്ങൾ  വിശ്വസിച്ചിരുന്നു. അത്കൊണ്ടാണ് ഉഭയ സമ്മതപ്രകാരം ഞങ്ങൾ താല്കാലികമായി പിരിഞ്ഞത്…

അതേ അമ്മേ മനോജേട്ടൻ പറഞ്ഞതൊക്കെ സത്യമാണ്. എനിക്ക് എന്റെ മനസ്സിനെ പറഞ്ഞ് തിരുത്താനും മനോജേട്ടൻ രണ്ടാമത് കല്യാണം കഴിക്കുന്നത്. എന്നെ തന്നെയായിരിക്കാനും വേണ്ടിയാണ് ഞങ്ങളിങ്ങനെയൊരു നാടകം കളിച്ചത്

അത് ശരി അപ്പോൾ ഞങ്ങൾ വീട്ടുകാരാണിപ്പോൾ വിഡ്ഡികളായതല്ലേ? ങ്ഹാ സാരമില്ല എല്ലാം നല്ലതിന് വേണ്ടിയല്ലേ?എന്തായാലും ഇനി സമയം കളയേണ്ട പെണ്ണ് കാണൽചടങ്ങ് നടക്കട്ടെ ഇനിഎല്ലാം ഒന്നിൽ നിന്ന് തുടങ്ങാം അല്ലേ സുഭദ്രേ…

അത് കേട്ട് കൂടി നിന്ന എല്ലാവരും പൊട്ടി ചിരിച്ച് പോയി.

~സജി തൈപ്പറമ്പ്