അയാളെ സമാധാനിപ്പിക്കാൻ അവർ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഒരു ആശ്വാസ വാക്കുകൾക്കും അയാളെ സമാധാനിപ്പിക്കാനായില്ല…

മകൾ

Story written by Aswathy Joy Arakkal

=============

ഭീതി പരത്തുന്ന കുറ്റാ കൂരിരുട്ടാണ് ചുറ്റും. ദിക്കും, ദിശയും അറിയാതെ കിതച്ചു കൊണ്ട് ഓടുകയാണ് ഒരു പെൺകുട്ടി. എത്ര ഓടിയിട്ടും അവളുടെ കാലുകൾ നിന്നിടത്തു നിന്നും ചലിക്കാത്തതു പോലെ. കുറെ ഭീ കര സത്വങ്ങൾ അവളെ ഭയപ്പെടുത്തി അവളിലേക്ക്‌ അടുത്ത് കൊണ്ടിരിക്കുന്നുണ്ട്. പൊട്ടി ചിരിച്ചും, വികൃത ശബ്ദങ്ങൾ പുറപ്പെടുവിച്ചു അവളെ പേടിപ്പിച്ചും,  ശകാര വാക്കുകൾ ചൊരിഞ്ഞും അവ അവൾക്കു നേരെ പാഞ്ഞടുത്തു കൊണ്ടിരിക്കയാണ്…മനുഷ്യ രൂപം ധരിച്ച സത്വങ്ങൾ അടുക്കും തോറും, കൂരിരുട്ടിലും ആ പെൺകുട്ടിയുടെ മുഖം തെളിഞ്ഞു വരുന്നുണ്ട്.

അതെ, അമ്മു..എന്റെ പൊന്നുമോൾ…   സഹായത്തിനാരുമില്ലാതെ ആ കൂരിരുട്ടിൽ പേടിച്ചു വിറച്ചു…രക്ഷക്കൊരു മാർഗത്തിനായി നാലു പാടും നോക്കുന്നുണ്ടവൾ, കരുണക്കായി കേഴുന്നുണ്ട്. ഇല്ല ആരും ഇല്ല, രക്ഷിക്കാൻ ആർക്കും സാധിക്കുന്നില്ല…

മോളെ എന്ന് അലറി വിളിച്ചു കൊണ്ട് സമനില തെറ്റിയവനെ പോലെ അയാൾ ഉറക്കത്തിൽ നിന്ന് ഞെട്ടി എണിറ്റു.

ആകെ വിയർത്തു കുളിച്ചു സമനില തെറ്റിയെന്ന് തോന്നി അയാൾക്ക്‌. നോക്കുമ്പോൾ കരഞ്ഞു വീർത്ത മുഖവുമായി ലക്ഷ്മി അരികിൽ നിൽക്കുന്നുണ്ട്. നീ ഉറങ്ങിയില്ലേ ഇതുവരെ മനോനില വീണ്ടെടുത്ത് കൊണ്ട് അയാൾ ചോദിച്ചു. ഒന്നും മിണ്ടാതെ മുഖം കുനിച്ചു അവൾ അയൽക്കരികിൽ ആശ്വസിപ്പിക്കാൻ എന്നവണ്ണം ഇരുന്നു. അയാളെ സമാധാനിപ്പിക്കാൻ അവർ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഒരു ആശ്വാസ വാക്കുകൾക്കും അയാളെ സമാധാനിപ്പിക്കാനായില്ല.

ഇന്നായിരുന്നു അവരുടെ മൂന്ന് പെൺമക്കളിൽ മൂത്തവളായ അമ്മുവിന്റെ (അമൃത ) വിവാഹം. ആഘോഷമായി നടന്ന വിവാഹത്തിന് ശേഷം, ഭർത്താവിന്റെ കയ്യും പിടിച്ചു അവൾ പടി ഇറങ്ങിയപ്പോൾ തുടങ്ങിയതാണ് ഈ വീർപ്പു മുട്ടൽ. മകളുടെ വേർപാടിന്റെ ദുഃഖം താങ്ങാനാകാതെ തകർന്നു പോയപ്പോഴാണ് അയാൾ തന്റെ ഭാര്യയെ പറ്റി ആദ്യമായ് അനുകമ്പയോടെ ഓർത്തത്‌. അവളുടെ മാതാ പിതാക്കളെ പറ്റി ചിന്തിച്ചത്. അങ്ങനെ വിഷമവും, കുറ്റ ബോധവും കാരണം ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോഴോ ഒന്ന് മയങ്ങിപോയപ്പോഴാണ് ആ വല്ലാത്ത സ്വപ്നം.

ഇനി കിടന്നാലും ഉറങ്ങാൻ സാധിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് അയാൾ പതുക്കെ ഉമ്മറത്തേക്ക് നടന്നു. ചാരുബെഞ്ചിൽ കണ്ണുകളടച്ചു ഇരുന്നപ്പോളേക്കും മനസ്സൊരുപാട് പിന്നോട്ട് ഓടിയിരുന്നു…

വർഷങ്ങൾക്കു മുന്ന് ഗീതാലക്ഷ്മിയെ വേളി കഴിച്ചു ഇവിടത്തേക്കു കൊണ്ട് വരുമ്പോൾ പതിനെട്ടു തികായത്തൊരു പൊട്ടി പെണ്ണായിരുന്നവൾ. മാതാ പിതാക്കളുടെ പൊന്നോമന. രണ്ടു ഏട്ടന്മാരുടെ ഒരേ ഒരു അനിയത്തി. ആ പരിഗണനയൊന്നും താനവൾക്കു കൊടുത്തിരുന്നില്ല, എന്ന് മാത്രമല്ല വളരെ കർക്കശക്കാരനായ ഭർത്താവു കൂടെ ആയിരുന്നു താൻ. അവളുടെ ആഗ്രഹങ്ങളോ,  സ്വപ്നങ്ങളോ അറിയാൻ ഞാൻ ശ്രമിച്ചിട്ടില്ല..എന്നെ  സമ്പന്തിച്ചിടത്തോളം, എനിക്ക് സമയാ സമയത്തു വെച്ച് വിളമ്പി തരാനും, വീട് വൃത്തിയാക്കാനും, അലക്കി തേക്കാനും, എന്റെ മാതാ പിതാക്കളെ നോക്കാനും, സർവോപരി എന്റെ ആഗ്രഹ-പൂർത്തീകരണത്തിനുമുള്ള ഒരു യന്ത്രം ആയിരുന്നു അവൾ. പഠിച്ചതും, പഠിപ്പിച്ചതും അങ്ങനെ ആയതിനാലാകാം അതിൽ നിന്ന് ഒരടി പിന്നോട്ടു പോകാൻ ഞാൻ തയാറായിരുന്നില്ല.

വീട്ടിൽ പോയവൾ രണ്ടു ദിവസം നിൽക്കുന്നതോ, മാതാ പിതാക്കൾ അവളെ ഇവിടെ വന്നു കാണുന്നതോ ഒന്നും തനിക്കിഷ്ടമായിരുന്നില്ല. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീടാണ് സ്വന്തം വീട്? ഇത്ര നാളും അവിടെ തന്നെ അല്ലായിരുന്നോ? പിന്നെന്താ ഇത്ര കാണാൻ എന്നായിരുന്നു എന്റെ ഭാവം. അതെ സമയം കെട്ടിച്ചു വിട്ട പെങ്ങന്മാർ വരുന്ന ദിവസങ്ങളൊക്കെ ഞാനിവിടെ ഉത്സവം ആക്കിയിരുന്നു. അവൾ മുന്നിൽ നിന്ന് നടത്തേണ്ട ആങ്ങളമാരുടെ കല്യാണങ്ങൾക്കു പോലും വിരുന്നുകാരിയാകാനേ ഞാൻ സമ്മതിച്ചുള്ളൂ.

അന്ന് അവളുടെയും, വീട്ടുകാരുടെയും നെഞ്ച് പിടഞ്ഞത് ഞാൻ കണ്ടില്ലെന്നു നടിച്ചു. എന്റെ നിസ്സംഗത, വീട്ടുകാർ അവർക്കെതിരെ പോരെടുക്കാനുള്ള അവസരമായി മുതലാക്കി. ഒന്നും എനിക്ക് പ്രശ്നമേ അല്ലായിരുന്നു. പുറംലോകത്തു ഞാൻ യഥേഷ്ടം വിഹരിച്ചപ്പോൾ, അടുക്കളയിൽ കരിയും  പുകയും പിടിച്ചു കിടന്നവളെ ഗൗനിക്കാൻ എനിക്കു തോന്നിയിരുന്നില്ല.

മൂന്ന് മക്കളെയും രാജകുമാരിമാർ ആയി വളർത്തിയ എനിക്ക്, ഒരേയൊരു മകളെ ഒന്ന് സ്നേഹിക്കാനോ, രണ്ടു ദിവസം ഒരുമിച്ചു നിർത്താനോ, അവളുടെ മക്കളെ ലാളിക്കാണോ സാധിക്കാതെ പോയ ആ വൃദ്ധന്റെ ദുഃഖം മനസിലാക്കാൻ സാധിച്ചില്ല. ഒടുവിൽ രണ്ടു വർഷം മുൻപ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞപ്പോഴും വല്യ കുറ്റബോധമൊന്നും തോന്നിയതുമില്ല.പക്ഷെ ഇന്ന് എന്റെ അമ്മു, അവൾ കരഞ്ഞു കൊണ്ട് പടിയിറങ്ങിയപ്പോൾ…അപ്പോഴാണ് എട്ടും പൊട്ടും തിരിയാത്ത തന്റെ പൊന്നുമോളെ എന്നെ ഏല്പിച്ചവരെ പറ്റി ഞാൻ ആദ്യമായ് ചിന്തിച്ചത്. അവരുടെ നെഞ്ച് പൊടിഞ്ഞത് ഇന്നെനിക്കു തിരിച്ചറിയാം, പ്രാണനായ കുഞ്ഞു പെങ്ങളെ കാണാൻ അനുവാദത്തിനു കാത്തു നിൽക്കേണ്ടി വന്ന ആങ്ങളമാരുടെ പിടച്ചിൽ എനിക്ക് കേൾക്കാം, ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി, തന്റെ മോളെ ഊട്ടാൻ കൊതിച്ച ആ അമ്മയെ എനിക്കിപ്പോ മനസ്സിലാകുന്നുണ്ട്. എല്ലാത്തിലും ഉപരി, സങ്കടങ്ങൾ എല്ലാം ഉള്ളിലൊതുക്കി, ഉള്ളിൽ കരഞ്ഞു കൊണ്ട് ചിരിച്ചു കാലം കഴിച്ച എന്റെ ലക്ഷ്മി അവളോടുള്ള കടം എങ്ങനെ ഞാൻ തീർക്കും.. ഏതു പുണ്യ നദിയിൽ മുങ്ങിയാൽ അതിനൊരു പ്രായശ്ചിത്തമാകും. സമാധാനം കിട്ടാതെ അയാൾ ഇരുന്നു ഉരുകി.

മനസ്സിലൊരു ഉറച്ച തീരുമാനം എടുത്തു കൊണ്ടാണ് അയാൾ ലക്ഷിമിയോടും , മക്കളോടും റെഡി ആകാൻ ആവശ്യപ്പെട്ടത്.

ഇത്ര രാവിലെ പോകണോ ഏട്ടാ..കല്യാണം നടന്ന വീടല്ലേ അവർ എണിക്കുന്നെ ഉണ്ടാകു. അമ്മുനെ വിളിച്ചു നോക്കിയിട്ട് കുറച്ചു കഴിഞ്ഞു പോയാൽ പോരെ സംശയിച്ചു കൊണ്ടവൾ ചോദിച്ചു. അയാളൊന്നു തറപ്പിച്ചു നോക്കിയപ്പോൾ അനുസരിക്കാൻ മാത്രം ശീലിച്ചവൾ മക്കളുമായി വണ്ടിയിൽ കയറി. നിശബ്ദത ആയിരുന്നു യാത്രയിൽ ഉടനീളം.

ഒടുവിൽ അവസാനം അവളുടെ വീടിന് മുന്നിൽ വണ്ടി ചെന്ന് നിന്നപ്പോൾ സംശയത്തോടെ അവളെന്നെ നോക്കി.

നേരെ പോയത് അച്ഛന്റെ അസ്ഥി തറയിലേക്കായിരുന്നു. രണ്ടു തുള്ളി കണ്ണീരു വീഴ്ത്തി മാപ്പ് ഇരക്കാനല്ലേ സാധിക്കു. അല്ലാതെ ഇനിയത് തിരുത്താൻ അവസരമില്ലല്ലോ..ചില തെറ്റുകൾ അങ്ങനെയാണ്, അതിനു പരിഹാരമുണ്ടാകില്ല…പ്രായശ്ചിത്തവും ഇല്ല. തിരിഞ്ഞു നോക്കുമ്പോൾ ആ കുടുംബം മുഴുവൻ അവിടെയുണ്ട്.

ലക്ഷ്മിയെയും, മക്കളെയും അവിടെ നിർത്തി തന്റെ അമ്മുവിന്റെ അടുത്തേക്ക് യാത്രയാകുമ്പോൾ അയാൾ തിരിച്ചറിയുകയായിരുന്നു..താൻ തന്നെ ആയിരുന്നു ആ സ്വപ്നത്തിൽ കണ്ട സത്വം എന്ന്. രക്ഷപെടാനാകാതെ ശ്വാസം തൊണ്ടയിൽ കുരുങ്ങി പോയ എന്റെ ലക്ഷ്മി ആയിരുന്നു ആ പെൺകുട്ടി എന്നും.

സ്വന്തം പെൺമക്കളെ രാജകുമാരിമാർ ആയി വളർത്തുന്ന അച്ചന്മാർ തിരിച്ചയാതെ പോകുന്നൊരു സത്യമുണ്ട്, അവരുടെ ഭാര്യയും  ഒരച്ഛന്റെ രാജകുമാരി ആയിരുന്നെന്നു.

~Aswathy Joy Arakkal (05.07.2019)