ഇഷ്ടങ്ങൾക്കു പിന്നാലെ പായുമ്പോൾ സ്വാർത്ഥരാവുന്നവരാണ് ഇന്ന് കൂടുതലും. പ്രത്യേകിച്ച് പെൺകുട്ടികൾ…

ജന്മങ്ങൾ ഇനിയുമുണ്ടെങ്കിൽ…

Story written by Kannan Saju

============

“ഞാൻ വേണ്ടെന്നു പറഞ്ഞു ഒഴിഞ്ഞൊഴിഞ്ഞു പോയിട്ടും എന്താണ് താഹ എന്നെ ഇത്രയധികം സ്നേഹിക്കാൻ കാരണം..?”

ആളൊഴിഞ്ഞ ആ കോഫി ഷോപ്പിന്റെ ഒരു കോർണറിൽ മുഖാമുഖം ഇരുന്നു മിന്നു ചോദിച്ചു..

“എന്നെ സ്നേഹിക്കാതിരിക്കാൻ നീ പറഞ്ഞ കാരണം തന്നെ…”

ഒന്നും മനസ്സിലാവതെ അവൾ താഹയുടെ കണ്ണുകളിലേക്കു നോക്കി…

“മനസ്സിലായില്ലേ ?” ഇല്ലെന്നു അവൾ കണ്ണ് ചിമ്മി കാണിച്ചു..

“ഇഷ്ടങ്ങൾക്കു പിന്നാലെ പായുമ്പോൾ സ്വാർത്ഥരാവുന്നവരാണ് ഇന്ന് കൂടുതലും..പ്രത്യേകിച്ച് പെൺകുട്ടികൾ..ഇത്രയും മോശപ്പെട്ട സമൂഹത്തിൽ തീ തിന്നാണ് ഓരോ മാതാ പിതാക്കളും അവരുടെ മക്കളെ വളർത്തുന്നത്..ശരി ഏതു തെറ്റേത് എന്ന് അവർക്കു പോലും നിശ്ചയമില്ലാത്ത മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടം..

അവിടെ അച്ഛന്റെ മ ദ്യപിച്ചുള്ള വഴക്കു കാരണം അടുത്ത വീട്ടിലെ തൊഴുത്തിലും ഗ്രൗണ്ടിലും ഒക്കെ പോയിരുന്നു പഠിച്ചു ഒന്നും ഇല്ലായ്മയിൽ നിന്നും എല്ലാം ഉണ്ടാക്കി…

നിങ്ങൾ മക്കൾക്ക് ആഗ്രഹിക്കുന്നതെല്ലാം സാധിച്ചു തന്ന, ഇഷ്ട്ടപെട്ട വിദ്യാഭ്യാസം തന്ന അച്ഛനെ ഒരിക്കലും വേദനിപ്പിക്കരുതെന്ന നിന്റെ തീരുമാനം..വേണമെങ്കിൽ നിനക്ക് അച്ഛനോട് വാശി പിടിക്കാമായിരുന്നു…

മകളുടെ ആഗ്രഹത്തിനൊപ്പം നിക്കാൻ നീ വാശി പിടിച്ചിരുന്നെങ്കിൽ ഒരുപക്ഷേ മനസ്സില്ല മനസ്സോടെ അദ്ദേഹം നമ്മുടെ കല്യാണത്തിന് സമ്മതിക്കുമായിരുന്നു…പക്ഷെ ഒരു തരി പോലും ആ മനസ്സ് വേദനിക്കരുതെന്നു നീ ആഗ്രഹിച്ചു..

ചുറ്റുമുള്ള മറ്റു പല പെണ്മക്കൾക്കും കിട്ടാത്തത് അച്ഛൻ നിനക്ക് ചെയ്തു തന്നപ്പോൾ അങ്ങനൊരു അച്ഛന് വേണ്ടി എത്ര വലിയ ഇഷ്ടങ്ങളും സ്വയം ഒഴിഞ്ഞു വെക്കാൻ നീ തയ്യാറായി….”

“പക്ഷെ അത് നിന്നെ സങ്കടപ്പെടുത്തുവല്ലേ ചെയ്തേ?”

“ഇല്ല മിന്നു…എന്റെ കൂട്ടുകാരന്റെ മടിയിൽ കിടന്നുകൊണ്ട് ട്യൂഷൻ ക്ലാസ്സിലാണെന്നു അവന്റെ കാമുകി അമ്മയോടും അച്ഛനോടും കള്ളം പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്..

അതിലെ തെറ്റും ശരിയും അവിടെ നിക്കട്ടെ..അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം…

അങ്ങനൊരു കാലത്തും സ്വന്തം അച്ഛനോടുള്ള സ്നേഹം കൊണ്ടും ഇഷ്ടമായിട്ടും എസ് പറയാതെ മനസ്സിൽ അദ്ദേഹത്തോടുള്ള സ്നേഹവും വിശ്വാസം മാത്രമുള്ള നീ നല്ലൊരു മകളാണ്..

അങ്ങനൊരു മകൾക്കെ നല്ല ഭാര്യ ആവാനും കഴിയു…നിന്നെ അടുത്തറിഞ്ഞ ഓരോ നിമിഷങ്ങളിലും അത്രമേൽ നിന്നെ ഞാൻ സ്നേഹിച്ചു പോവുന്നു മിന്നു…”

“താഹ..രണ്ട് മതം..അച്ഛൻ ഒരിക്കലും സമ്മതിക്കില്ല..അതുകൊണ്ടാ അന്നേ നോ പറഞ്ഞത്..

ഇപ്പൊ നിന്നെ ഞാൻ എന്റെ കല്ല്യാണം വിളിക്കാൻ വന്നതാണ്..ഇനിയെങ്കിലും മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി സ്നേഹിക്കണം…പ്ലീസ്..അഭ്യർത്ഥന ആണ്”

“സ്നേഹിക്കണോ വേണ്ടയോ..അതെന്റെ ഇഷ്ടം ആണ്..തിരിച്ചു സ്നേഹിക്കണോ വേണ്ടയോ..അത് നിന്റെയും..പിടിച്ചു വാങ്ങുന്നതൊന്നും നിലനിൽക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു..

അതുകൊണ്ടാണ് ഒരിക്കൽ പോലും പിന്നെ പറഞ്ഞു കൺവീനസ് ചെയ്യാൻ ശ്രമിക്കാത്തത്..പക്ഷെ സ്നേഹിക്കാൻ ഉള്ള സ്വാതന്ത്ര്യത്തെ മാത്രം നീ നിഷേധിക്കരുത്…”

“ഒരു ജീവിതം മൊത്തം ഇങ്ങനെ കളയാനാണോ നിന്റെ പ്ലാൻ?”

“അച്ഛന് വേണ്ടി എന്നോടുള്ള സ്നേഹം വേണ്ടാന്ന് വെക്കാൻ നിനക്ക് കഴിഞ്ഞില്ലേ?  നിനക്ക് വേണ്ടി ഈ ജീവിതത്തിൽ മറ്റൊരു പെണ്ണ് വേണ്ടെന്നു വെക്കാൻ എനിക്കും കഴിയും..നീ ഇരിപ്പുറപ്പിച്ചു ഈ നെഞ്ചിൽ ഇനി മറ്റൊരാൾക്കും സ്ഥാനം ഇല്ല മിന്നു…”

“താഹ..മണ്ടത്തരം പറയരുത്…പ്രാക്ടിക്കൽ ആവു…”

അവൻ ചിരിച്ചു..

“സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കുന്നത് മാത്രമല്ല ജീവിതം…അവളുടെ സന്തോഷത്തിനു അവളെ ജീവിക്കാൻ അനുവദിക്കുന്നതാണ് ജീവിതം..ഈ ആകാശത്തിനു കീഴിൽ തന്നെ നമ്മള് രണ്ട് പേരും ഉണ്ടാവുമല്ലോ..”

“നീ കുടിച്ചിട്ടുണ്ടോ? അതോ വെല്ല ക ഞ്ചാവും വലിച്ചിട്ടുണ്ടോ?”

“ഹാ ഹ ഹ.. ഹഹ… എന്നിൽ ഒരേ ഒരു ലഹരിയെ ഉള്ളൂ പെണ്ണെ..പ്രണയം..നിന്നോടുള്ള അടങ്ങാത്ത പ്രണയം..” അവൾ വല്ലാതായി…

“നീ വിഷമിക്കണ്ട…സന്തോഷമായി ഇരിക്കണം…എല്ലാരും ഒരുപോലല്ല.. എനിക്ക് ഒന്നും മാറ്റി പ്രതിഷ്ഠിക്കാൻ അറിയില്ല…എന്നെങ്കിലും ഒരു നാൾ ദേഹി ദേഹത്തെ വെടിഞ്ഞെന്നു അറിയുമ്പോൾ വരണം..ഒരു തുള്ളി കണ്ണുനീർ എനിക്കായ് നീ വീഴ്ത്തണം…

അതെങ്കിലും ഞാൻ അർഹിക്കുന്നു പെണ്ണെ..നിന്റെ ഓർമകളിൽ ഉറങ്ങി നിന്റെ വേദനകളിൽ ഉണർന്നു ജീവിക്കണം എനിക്ക്…ആർത്തലച്ചു പെയ്യുന്ന മഴ പോലെ നിന്നോടുള്ള പ്രണയം എന്റെ ഉള്ളിൽ തോരാതെ പെയ്തുകൊണ്ടേ ഇരിക്കും…

ഞാൻ ഇങ്ങനാണ്…വരട്ടെ…ജന്മങ്ങൾ ഇനിയുമുണ്ടങ്കിൽ നിന്റെ മേനിയെ പുൽകുന്ന കാറ്റായി നെഞ്ചിലെ തുടിപ്പായി സീമന്ത രേഖയിലെ സിന്ദൂരമായ്‌ ഞാൻ വരും…കാത്തിരിക്കണം…”

താഹ നടന്നകലുന്നതും നോക്കി മിന്നു ഇരുന്നു…