വേ ശ്യ പുത്രി
Story written by Anu Kalyani
===========
“ചേട്ടാ ഇന്ന് 40 മുട്ടയേ ഉള്ളൂ, കുറച്ച് കോഴികളൊക്കെ സമരത്തിലാണ്…” കയ്യിലെ സഞ്ചി സൂക്ഷിച്ച് താഴെ വെച്ചു.
“ചെറിയമ്മയുടെ ബിസിനസ് ഒക്കെ എങ്ങനെ പോകുന്നെടീ….” ചായക്കടയിലെ ബെഞ്ചിൽ ഇരുന്നു കൊണ്ട് ഒരാൾ ചോദിച്ചു.
“നിന്റെ അച്ഛനോട് പോയി ചോദിക്കെടാ…അയാൾക്ക് അറിയാം നന്നായിട്ട്”
എന്റെ വാക്കുകൾ അവന്റെ അഭിമാനത്തെ വ്രണപ്പെടുത്തിയതും പൊടുന്നനെ എഴുന്നേറ്റ് അടിക്കാനെന്നോണം അടുത്തേക്ക് വന്നു. ഉയർന്നുപൊങ്ങിയ കൈകൾ അപ്പോഴേക്കും മറ്റൊരാൾ തടഞ്ഞിരുന്നു.
“എന്താടാ ഇത്, വിട്ടേക്ക്…”
ഒരു പുഞ്ചിരിയോടെ എന്റെ മുഖത്ത് നോക്കി പറയുമ്പോൾ ആ കണ്ണുകളിൽ നിന്നും ഞാൻ മുഖം തിരിച്ചു. ‘എബി’ നിശബ്ദമായി ആ പേര് പറഞ്ഞു.
മനസ്സിൽ ഉണ്ടായ ഞെട്ടൽ പുറത്ത് കാണിക്കാതെ നിന്നു. പൈസ വാങ്ങി തിരിച്ചു നടക്കുമ്പോൾ വീണ്ടും പിറകിൽ നിന്ന് ശബ്ദം കേട്ടു.
“നീ പണിക്ക് ഇറങ്ങുമ്പോൾ ഒന്ന് പറഞ്ഞേക്കണേ….ഒരു കൈ നോക്കാനാ…..” ആ വാക്കുകളേക്കാൾ എന്നെ വേദനിപ്പിച്ചത് ആ ശബ്ദം ആയിരുന്നു. തികട്ടി വന്ന ദേഷ്യത്തിൽ തിരിച്ചു നടന്ന് ഗ്ലാസ്സിലെ ആവി പറക്കുന്ന ചായ എബിയുടെ മുഖത്ത് ഒഴിച്ചു. അപ്പോഴും അതേ ചിരിയോടെ മുഖം ഒന്നമർത്തി തുടച്ചുകൊണ്ട് മുഖത്തേക്ക് തന്നെ നോക്കി നിന്നു.
ഒരു വേ ശ്യയുടെ മകളായി ജനിച്ചതുകൊണ്ട്, കുട്ടിക്കാലം മുതലേ അവഗണന നേരിടേണ്ടി വന്നിരുന്നു. നാട്ടിലും സ്കൂളിലും ആരും ഉണ്ടായിരുന്നില്ല കൂട്ടിന്. ‘എബി’ അവനായിരുന്നു ആകെയുള്ള സുഹൃത്ത്, എല്ലാവരും കുത്തിനോവിക്കുമ്പോൾ, ശല്യം ചെയ്യുമ്പോൾ രക്ഷകനായെത്തുന്ന കാവലൻ. ഞങ്ങളുടെ കൂടെ സൗഹൃദവും വളർന്നു, അത് പതിയെ പ്രണയമായി മാറി, പരസ്പരം ഒരിക്കൽ പോലും പറയാതെ മൗനത്താൽ മുദ്രിതമായ നിഷ്കളങ്കമായ പ്രണയം…എപ്പോഴത്തെയും പോലെ ഞങ്ങളുടെ പ്രണയവും വീട്ടുകാർ തല്ലികെടുത്തി. അല്ലെങ്കിൽ തന്നെ അച്ഛന്റെ പേര് പോലും അറിയാത്ത ഞാൻ അതിനർഹയല്ല.
ചിന്തയിൽ മുഴുകി നടക്കുമ്പോൾ അടുത്തേക്ക് വേഗത്തിൽ വരുന്ന പോലീസ് ജീപ്പ് കണ്ടില്ല. അത് എന്റെ മുന്നിലായി നിർത്തി, ഭയത്തോടെ ഞാൻ പിറകിലെ മതിലിൽ ചാരി നിന്നു.
“മീര വന്നിട്ടുണ്ടെന്ന് സാവിത്രി പറഞ്ഞു, കോഴ്സ് കഴിഞ്ഞു അല്ലെ?….അപ്പോൾ ഇനി ഇവിടെ ഒക്കെ തന്നെ കാണും ല്ലെ…..” ഒരു വഷളൻ ചിരിയോടെ അയാൾ അത് പറഞ്ഞതും ഞാൻ വീറോടെ മുഖം വെട്ടിച്ചു.
“ഒന്ന് മിനുങ്ങിയിട്ടുണ്ടല്ലോ….ഞാൻ രാത്രി അങ്ങോട്ടേക്ക് വരും, കഴിഞ്ഞ തവണത്തെ പോലെ അബദ്ധം ഒന്നും കാണിക്കരുത്, ഒരുങ്ങി നിന്നേക്കണം….കേട്ടോടി…” ചൂണ്ടുവിരൽ കൊണ്ട് മീശ തടവി അയാളത് പറയുമ്പോൾ ഉള്ളിൽ വലിയ ഒരു കനൽ കത്തിതുടങ്ങുകയായിരുന്നു. ജീപ്പ് പോയ വഴി നോക്കി നിൽക്കുമ്പോഴും എന്ത് ചെയ്യണം എന്നറിയാതെ മനസ്സ് കലങ്ങി മറിയുകയായിരുന്നു.
അത് ഇവിടത്തെ സ്ഥലം എസ് ഐ ആണ്, ചെറിയമ്മയുടെ സ്ഥിരം അതിഥി, ടൗണിൽ നിന്നും പുതിയ രണ്ട് പെൺകുട്ടികളെ ചെറിയമ്മയ്ക്ക് എത്തിച്ച് കൊടുത്ത് ബിസിനസിൽ ലാഭം ഉണ്ടാക്കി കൊടുക്കുന്നയാൾ. മുൻപ് ഒരിക്കൽ എന്റെ മുറിയിൽ വന്നപ്പോൾ, ഒരു സ്വയരക്ഷയ്ക്ക് വേണ്ടി കരുതിവെച്ച കത്തി എടുത്ത് അയാൾക്ക് നേരെ നീട്ടിപിടിച്ചപ്പോഴാണ് പിന്മാറി പോയത്, ഇന്ന് അങ്ങനെ ഒരു നീക്കം കൊണ്ട് അയാളെ പിന്തിരിപ്പിക്കാൻ കഴിയും എന്ന് തോന്നുന്നില്ല.
“എന്താടി വൈകിയത്, എവിടെ ചുറ്റിത്തിരിഞ്ഞു നിന്നതാണ്…..” ഉമ്മറത്ത് കസേരയിൽ അലസമായി കിടക്കുന്ന മുടി ഒതുക്കി വച്ച് ചെറിയമ്മ ചോദിച്ചു.
“നിങ്ങളുടെ ബിനാമിയെ കണ്ടിരുന്നു…അതാണ് വൈകിയത്….” മുഖത്തടിച്ചത് പോലെ പറഞ്ഞുകൊണ്ട് ഞാൻ അകത്തേക്ക് കയറി, ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ആ പെൺകുട്ടികൾ എന്നെ ഒന്ന് നോക്കി, മാ നം വിറ്റ് ജീവിക്കുന്ന അവരോട് എനിക്ക് എന്തെന്നില്ലാത്ത പുച്ഛം തോന്നി.
സന്ധ്യ മുതൽ എന്തെന്നില്ലാത്ത ഒരു ഭയം ഊറിക്കൂടുന്നുണ്ടായിരുന്നു,രാത്രി ആയിട്ടും എസ് ഐ യെ കാണാതായപ്പോൾ നേരിയ ആശ്വാസം തോന്നി, ഭക്ഷണം കഴിച്ച് ഉറങ്ങാൻ നോക്കുമ്പോഴാണ് മുറ്റത്ത് ജീപ്പിന്റെ ശബ്ദം കേട്ടത്, പെരുവിരൽ മുതൽ ഒരു തരിപ്പ് പടരുന്നുണ്ടായിരുന്നു, എന്ത് ചെയ്യണം എന്നറിയാതെ ആകെ മരവിപ്പ് മൂടിയത് പോലെ…
അയാളുടെ ശബ്ദം അടുത്തേക്ക് വരും തോറും ഒരുവേള ഞാൻ പേടിച്ച് വിറച്ചു. മനസ്സിൽ അപ്പോൾ തോന്നിയ ഒരു ഉൾപ്രേരണയിൽ അടുക്കള വശത്തെ മതിൽ ചാടി….നിലാവിന്റെ വെളിച്ചത്തിൽ പകൽവെളിച്ചത്തിലെ ഓർമ്മ വച്ച് ഓടി, എങ്ങോട്ടാണ് പോകുന്നതെന്നൊ എന്താണ് സംഭവിക്കുന്നത് എന്നൊ അറിയില്ല…കുറേ ദൂരം ഓടിയപ്പോഴാണ് മുന്നിൽ, വട്ടത്തിൽ ഇരുന്ന് മ ദ്യപിക്കുന്ന ആൾക്കാരെ കണ്ടത്, ശബ്ദം ഉണ്ടാക്കാതെ പിറകിലോട്ട് നീങ്ങി ആരെയോ തട്ടി നിന്നു…ഒന്ന് ഉറക്കെ ശബ്ദം ഉണ്ടാക്കുന്നതിന് മുമ്പ് എന്റെ വായ് പൊത്തി പിടിച്ചു. അനങ്ങാൻ പോലും കഴിയാതെ ബലിഷ്ഠമായ കരങ്ങൾ എന്നെ വലിച്ച് മുറുകി…കുറേ ദൂരം എന്നെയും എടുത്ത് അയാൾ ഓടി. ഒരു വൈക്കോൽ കൂനയുടെ മുകളിലേക്ക് എന്നെ കിടത്തി, വെപ്രാളത്തിൽ മലർന്ന് കിടന്നപ്പോൾ റാന്തൽ വെളിച്ചത്തിൽ തെളിഞ്ഞ മുഖം കണ്ട് ഞാൻ ഞെട്ടി.
“എബി…” അറിയാതെ എന്റെ വായിൽ നിന്നും ആ പേര് പുറത്തേക്ക് വന്നപ്പോൾ അതേ പുഞ്ചിരിയോടെ എന്റെ അരികിൽ വൈക്കോൽ കൂനയിൽ മലർന്ന് കിടന്നു.
“എങ്ങോട്ടാണ് നട്ടപ്പാതിരയ്ക്ക് യാത്ര….”
ഉള്ളിൽ ഉണ്ടായിരുന്ന ഭയം അലിഞ്ഞു തുടങ്ങിയിരുന്നു..പതിയെ എഴുന്നേറ്റ് ഇരുന്നു.
“ഇന്നത്തെ അതിഥിയ്ക്ക് എന്നെയാണ് വേണ്ടതെന്ന്…ഇറങ്ങി ഓടിയതാണ്……”
“ആരാ ആള്…..” ദേഷ്യവും വേദനയും ഉണ്ടായിരുന്നു ശബ്ദത്തിൽ…
“നാട് കാക്കുന്ന ആള് തന്നെ. സ്ഥലം എസ് ഐ….”
കുറേ നേരം രണ്ട് പേരുടെയും ഇടയിൽ മൗനം തളം കെട്ടി നിന്നു……
“എവിടെ ആയിരുന്നു എബി….”
“പുറത്ത് ആയിരുന്നു, ജോലിയുടെ സ്ട്രെസ്സ് കൂടിയപ്പോൾ റിസ്സൈൻ ചെയ്ത് വന്നു, ഇവിടെ കുറച്ച് ടെസ്റ്റ് ഒക്കെ എഴുതിയിട്ടുണ്ട്…അതാണ് പ്രതീക്ഷ….ജോലി കളഞ്ഞ് വന്നതിന് അപ്പച്ചന്റെ പണിഷ്മെന്റ് ആണ് ഈ രാത്രി കാവൽ…കൃഷി നശിപ്പിക്കുന്ന കാട്ട് പ ന്നികളെ തുരത്താൻ…..നിന്റെ കോഴ്സ് കഴിഞ്ഞോ?”.
“ഹ്മ്മാ കഴിഞ്ഞു…..”
“എന്താ അടുത്ത പരിപാടി, ജോലിക്ക് ശ്രമിക്കുന്നുണ്ടോ…”
“ഇവിടെ നിന്ന് എവിടെയെങ്കിലും പോകണം, ധൈര്യമായി ഉറങ്ങാൻ പറ്റുന്ന എങ്ങോട്ടേക്കെങ്ങിലും…എബിയ്ക്ക് അറിയോ ഞാൻ ഇവിടെ വന്നതിൽ പിന്നെ സമാധാനമായി ഉറങ്ങീട്ടില്ല”
ഒരു ചിരിയോടെ എഴുന്നേറ്റ് വൈക്കോൽ കൂനയുടെ അടുത്ത് ഉള്ള ചൂരൽകട്ടിലിൽ നിന്ന് പുതപ്പ് എടുത്ത് മുഖത്തേക്ക് എറിഞ്ഞു.
“ഉറങ്ങീട്ട് കുറേ ആയി എന്നല്ലേ പറഞ്ഞത്…കിടന്നോ..ഞാൻ ഇവിടെ ഉണ്ടാകും” മെല്ലെ ആ ചൂരൽ കട്ടിലിൽ തലചായ്ക്കുമ്പോൾ ഇതുവരെ അനുഭവിക്കാത്ത ഒരു സംരക്ഷണം അറിയുന്നുണ്ടായിരുന്നു.
പിന്നീട് എല്ലാ രാത്രികളിലും എന്റെ ആശ്രയം എബി ആയിരുന്നു. ഒരിക്കൽ പോലും നീ എവിടെ ആയിരുന്നു എന്ന് ചെറിയമ്മ ചോദിച്ചില്ല. അല്ലെങ്കിൽ തന്നെ ആത്മാഭിമാനത്തേക്കാൾ വലുത് വേറെ പലതും ആയവർക്ക്, രാവിലെ ജീവനോടെ വരുന്ന പെൺകുട്ടി രാത്രി എവിടെ ആണെന്ന് ചോദിക്കുന്നതിൽ അർത്ഥം ഇല്ലല്ലോ.
പണ്ടെങ്ങോ കൊഴിഞ്ഞു പോയ പ്രണയം വീണ്ടും പൂവിടുകയായിരുന്നു. പല രാത്രികളിലും സംരക്ഷണം നൽകുമ്പോൾ ഒരു നോട്ടം കൊണ്ടുപോലും കളങ്ങപ്പെടുത്തിയില്ല.
കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഒതുക്കി വച്ച് ചെറിയ ഒരു പൊട്ട് തൊട്ട് എബിയുടെ അരികിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ആയിരുന്നു, പിറകിൽ നിന്നും കൈകൾ വയറിൽ വലിഞ്ഞു മുറുകിയത്. പിടഞ്ഞുകൊണ്ട് കൈ വിടുവിക്കാൻ പിടഞ്ഞു.
“അടങ്ങെടീ…കുറേ ആയില്ലേ നീ എന്റെ കയ്യിൽ നിന്ന് വഴുതി പോകുന്നു” കുതറി മാറാൻ നോക്കിയപ്പോ കട്ടിലിലേക്ക് വീണു, കയ്യിൽ കിട്ടിയ ഫ്ലവർ സ്റ്റാന്റ് എടുത്ത് അയാളുടെ തലയിൽ തല്ലി, ഇറങ്ങി ഓടി, എന്റെ പിന്നാലെ അയാളും ഉണ്ടായിരുന്നു. കുറേ ദൂരം ഓടി ഒരു മരത്തിന്റെ പിറകിൽ ഒളിച്ചു, എന്നെ കാണാതെ അയാൾ രക്തം ഒലിക്കുന്ന തലയിൽ കൈ അമർത്തി തിരിച്ചു നടന്നു.
അയാൾ പോയതും എബിയുടെ അരികിലേക്ക് ഞാൻ ജീവനും കൊണ്ടോടി.
പക്ഷേ അവിടെ റാന്തൽ വെളിച്ചം ഇല്ലായിരുന്നു.
“എബീ….എവിടെയാ…..” ഉള്ളിൽ ഉയർന്നു വരുന്ന വിഷമത്തിൽ ഞാൻ അവിടെ നിന്നും ഉറക്കെ വിളിച്ചു….കരഞ്ഞുകൊണ്ട് വൈക്കോൽ കൂനയിൽ ഇരുന്നു.
രാവിലെ ഉണരുമ്പോൾ ചൂരൽ കട്ടിലിൽ പുതച്ച് കിടക്കുകയാണ്. തൊട്ടരികിലായി എബിയും ഉണ്ട്.
“ഞാൻ ഇന്നലെ ഇത്തിരി വൈകി പോയി, വരുമ്പോഴേക്കും നീ ഉറങ്ങിയിരുന്നു…sorry….” എന്റെ മൗനം കണ്ട് കവിളിൽ ഒന്ന് തട്ടി.
“പേടിച്ച് പോയോ….”
“ഹ് മും…അയാൾ…അയാൾ..ഇന്നലെ എന്നെ കയറി പിടിച്ചു…ഇങ്ങോട്ട് വന്നപ്പോൾ എബി ഇവിടെ ഇല്ല, ആകെ പേടിച്ച് പോയി.”
“നീ ഇനി അവിടെ നിൽക്കേണ്ട…എനിക്ക് ബാംഗ്ലൂർ ഒരു ജോലി ശരിയായിട്ടുണ്ട്…ഇന്ന് വൈകിട്ട് ഞാൻ പോകും…വരുന്നോ എന്റെ കൂടെ…..”
“എബീ…നിന്റെ അപ്പച്ഛൻ സമ്മതിക്കുമോ…..”
“ഞാൻ ചോദിച്ചത് നിന്റെ സമ്മതമാണ്…നിനക്ക് സമ്മതമാണോ….” മറുപടിയായി ഞാൻ ആ നെഞ്ചിലേക്ക് വീണു
“പോയി ഡ്രസ്സ് ഒക്കെ എടുത്തിട്ട് വാ…ഞാനും വരാം കൂടെ വീട്ടിൽ” എബിയുടെ കൈയ്യും പിടിച്ച് വീട്ടിലേക്ക് പോയി..
ഡ്രസ്സ് എടുത്ത് ഇറങ്ങുമ്പോഴും എങ്ങോട്ടാണ് പോകുന്നതെന്ന് ചെറിയമ്മ ചോദിച്ചില്ല. കഴുത്തിൽ കിടന്ന മാല എന്റെ കയ്യിൽ വച്ച് തരുമ്പോൾ ആ കണ്ണ് നിറയുന്നുണ്ടായിരുന്നു.
വൈകിട്ട് എബിയുടെ കൂടെ യാത്ര തിരിക്കുമ്പോൾ ജീവിതത്തിൽ ഒരിക്കൽ പോലും അനുഭവിക്കാത്ത സമാധാനം എന്ന വികാരം ഞാൻ ആസ്വദിക്കുകയായിരുന്നു.
“എന്താ ഇവിടെ….”
പോലീസ് സ്റ്റേഷന്റെ മുന്നിൽ കാറ് നിർത്തിയപ്പോൾ ഭയത്തോടെ ഞാൻ ചോദിച്ചു.
“പോകുമ്പോൾ ഒരു ചെറിയ കണക്ക് തീർക്കാനുണ്ട്…നീ വാ…”
എന്റെ കയ്യിൽ പിടിച്ച് എബീ അകത്തേക്ക് കയറി. കമ്മീഷണറുടെ മുന്നിൽ തലകുനിച്ച് നിൽക്കുന്ന എസ് ഐ യെ ആണ് ഞാൻ അവിടെ കണ്ടത്…കമ്മീഷണർ എബിയുടെ റിലേറ്റീവ് ആണത്രേ….കമ്മീഷണറുടെ മുന്നിൽ വച്ച് അയാളുടെ മുഖത്ത് ആഞ്ഞ് തല്ലി, ആ സ്റ്റേഷൻ വിട്ട് ഇറങ്ങുമ്പോൾ സുരക്ഷിതമായ കൈകൾ എന്റെ വിരലുകളെ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു…