പ്രണയത്തിന്റെ മണം
Story written by Ammu Santhosh
===========
“എനിക്ക് തോന്നുന്നത് നമ്മൾ തമ്മിൽ ചേരില്ല എന്ന് തന്നെ യാണ്. ഒരു പാട് പൊരുത്തക്കേടുകൾ ഉണ്ട്. ഈ കുറച്ചു നാൾ ശരിക്കും ഞാൻ അത് മനസിലാക്കുകയായിരുന്നു. എനിക്ക് ഒറ്റയ്ക്ക് ജീവിച്ച ശീലം. അത് ഒരു സന്തോഷം. എന്റെ സ്വാതന്ത്ര്യമത്ര മേൽ എനിക്ക് പ്രധാനവുമാണ്. “
നിവിൻ മെല്ലെ ചിരിച്ചു. പാർക്കിലായിരുന്നു അവർ. അവരെ പോലെ കുറച്ചു പേര് ഉണ്ടായിരുന്നു അവിടെ. അവൻ അവളെ നോക്കി വീണ്ടും തുടർന്നു
“അമ്മയ്ക്ക് തന്നെ ഭയങ്കര ഇഷ്ടാണ്. അത് കൊണ്ടാണ് ഞാൻ ഒന്ന് ശ്രമിക്കാം എന്ന് കരുതിയതും. പക്ഷെ അമ്മയ്ക്ക് മോളെ പോൽ ആവില്ലല്ലോ ഒരു പുരുഷന് അവന്റെ പെണ്ണ്. വ്യത്യാസം ഉണ്ട്. എനിക്ക് സത്യത്തിൽ ഒരു പെണ്ണ് വേണമെന്ന് കൂടിയില്ല. ഒറ്റയ്ക്ക് ഞാൻ ഹാപ്പി ആണ്.”
റിയ മെല്ലെ ചിരിച്ചു
“തുറന്നു പറയുന്നുണ്ടല്ലോ അതാണ് എന്റെ സന്തോഷം. കല്യാണം കഴിഞ്ഞ് പിരിഞ്ഞു പോവുന്നതിലും നല്ലതല്ലേ ഇപ്പൊ പിരിഞ്ഞു പോകുന്നത്? ഇപ്പൊ വാക്കു പറച്ചിൽ അല്ലെ നടന്നുള്ളു?” അവൾ പറഞ്ഞു
അവന്റെ മുഖത്ത് ഒരു ആശ്വാസം നിറഞ്ഞു
“എനിക്കിപ്പോഴാ സമാധാനമായെ. തനിക്ക് വിഷമമായോ എന്നായിരുന്നു ഒരു ടെൻഷൻ. വീട്ടിൽ എങ്ങനെ അവതരിപ്പിക്കണം എന്ന ഇനി ചിന്ത “
“അത് വിഷമിക്കണ്ട. എന്റെ വീട്ടിലും നിവിന്റെ അമ്മയോടും ഞാൻ convince ചെയ്തോളാം. പിന്നെ കല്യാണം കഴിക്കുന്നില്ല എന്ന് വെച്ച് എന്റെ ഫ്രണ്ട് ഷിപ്പ് വേണ്ട എന്ന് വെയ്ക്കരുത് ട്ട..”
അത് കേട്ടപ്പോ ഉള്ളിൽ എന്തൊ ഒന്ന് കൊളുത്തിയ പോലെ നിവിന് തോന്നി. അവന്റെ മുഖം ഒന്ന് വിളറി
“അയ്യോ അത് ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട. എനിക്ക് നിവിനെ പോലെ ഒരു പാട് യാത്ര ഒന്നും പറ്റില്ല. ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. ഞാൻ ശർദിക്കും. ഒത്തിരി tired ആകും. Hemoglobin കുറവാണ് കുഞ്ഞിലേ മുതൽ. യാത്രകൾ ഇഷ്ടം ഉള്ളവർക്ക് അങ്ങനെ ഒരു പാർട്ണർ ആണ് നല്ലത്. പിന്നെ ഞാൻ ഒത്തിരി സംസാരിക്കും..നിവിൻ സൈലന്റ്..ഞാൻ പുസ്തകം വായിക്കുക കൂടിയില്ല പക്ഷെ നിവിൻ അസല് bookworm..ഞാൻ ഒരു അലസത ഉള്ള ആളാ. നിവിൻ ഭയങ്കര ചിട്ട ഉള്ള ആളും. ഇതൊക്കെ ഈ ഒരു വർഷം കൊണ്ട് എനിക്ക് മനസിലായിട്ടുണ്ട്. നമുക്ക് കോമൺ ആയി ഒന്നുല്ല. മൊത്തം ഔട്ട് ഓഫ് ഫോക്കസ് ” അവൾ കുറച്ചു ഉറക്കെ ചിരിച്ചു
പിന്നെ വാ പൊത്തി
“അയ്യോ സോറി ” നിവിൻ വല്ലായ്മയോടെ അവളെ നോക്കിയിരുന്നു. എന്താ പറയുക! എന്റെ സ്വഭാവം മഹാ മോശമാണ്. എനിക്ക് നിന്നേ പലപ്പോഴും വേദനിപ്പിക്കേണ്ടി വരും. എനിക്ക് ചിലപ്പോൾ എന്നെ തന്നെ ഇഷ്ടമല്ല എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു. പക്ഷെ അവനിങ്ങനെ പറഞ്ഞു
“റിയ..എനിക്കിങ്ങനെ ഒറ്റയ്ക്ക് ജീവിച്ച ശീലം. അമ്മ നിർബന്ധിച്ചപ്പോ തോന്നി എന്റെ interest ഒക്കെ ഉള്ള ഒരാൾ ആണെങ്കിൽ കുറച്ചു ഈസി ആവുമല്ലോ നോക്കാം എന്ന്. പക്ഷെ..ഇതിപ്പോ ഞാൻ നോർത്ത് ആണെങ്കിൽ താൻ സൗത്ത്.. ” അവന്റെ മുഖത്ത് ചിരി വന്നു
“അത് ശര്യാ..എന്നാലും ഒറ്റയ്ക്ക് ജീവിക്കണ്ട. അമ്മക്ക് സങ്കടം ആവും. അത് പോലെ വല്ല അസുഖം വന്ന ആര് നോക്കും? നമുക്ക് മിണ്ടീ പറഞ്ഞു ഇരിക്കാൻ ഒക്കെ ഒരാൾ വേണ്ടേ?”
“അസുഖം വന്ന ആശുപത്രിയിൽ അഡ്മിറ്റ് ആവും. കാശ് കൊടുത്താൽ കെയർ ചെയ്യാൻ നൂറു ആളെ കിട്ടും.”
“അവർക്ക് സ്നേഹം ഉണ്ടാവില്ലല്ലോ ” അവൾ മെല്ലെ പറഞ്ഞു
“എനിക്ക് അത് വേണ്ടെങ്കിലോ?” അവന് ചിരി
“എന്നാലും…ഇടക്ക് എങ്കിലും തോന്നില്ലേ നമുക്ക് സ്നേഹിക്കാൻ ഒരാൾ. സങ്കടം പറയാൻ ഒരാൾ..എനിക്ക് ഒരു ഫ്രണ്ട് ഉണ്ട്. പേര് നിഷ. നിങ്ങളുടെ എല്ലാം സൂക്കേടും ഉണ്ട്. Traveller ആണ്..ബുക്ക് ഭ്രാന്ത് ഉണ്ട്. കൃത്യനിഷ്ഠ ഉണ്ട്. ഉം…പിന്നെ..നല്ല അസൽ കുക്ക് ആണ്. ഞാൻ അവളെ പ്രൊപ്പോസ് ചെയ്യട്ടെ?” ഇക്കുറി നിവിൻ പൊട്ടിച്ചിരിച്ചു. പോയി
“വേണ്ട. സത്യായിട്ടും വേണ്ടാഞ്ഞിട്ടാ..ഞാൻ ഒരു വേൾഡ് ട്രിപ്പ് നടത്താനുള്ള ഒരുക്കത്തിലാ. കുറെ മാസങ്ങളോ കുറച്ചു വർഷങ്ങളോ എടുത്തേക്കാം “
“അപ്പൊ അമ്മ?”
“അമ്മ ഒറ്റയ്ക്ക് അല്ലല്ലോ അച്ഛൻ ഇല്ലെ?” അവൻ പെട്ടെന്ന് പറഞ്ഞു
“എന്താ പറഞ്ഞെ ഇപ്പൊ?”
“അമ്മ ഒറ്റയ്ക്കല്ലല്ലോ അച്ഛൻ ഇല്ലേ കൂട്ടിന് എന്ന് “
“അപ്പൊ നിവിന് അത് ഒരാശ്വാസമാണ് അല്ലെ? ഒറ്റയ്ക്ക് ആകുന്നത് ബുദ്ധിമുട്ട് ആണെന്ന് അറിയാം “
നിവിന് പെട്ടെന്ന് ദേഷ്യം വന്നു. ഒരു ചോദ്യം ചെയ്യൽ പോലെ..
അവന്റെ മുഖം ചുവന്നു
“ഈ സ്വഭാവം കൊണ്ടാണ് എനിക്ക് നിന്നേ ഇഷ്ടമല്ലാത്തത്. ഞാൻ പറയുന്ന വാചകങ്ങളിൽ നിന്ന് എന്നെ തന്നെ കുത്താനുള്ള അമ്പ് ഉണ്ടാക്കും നീയ് ” അവൾ സ്തംഭിച്ചു പോയി
നിവിൻ ആദ്യമായി അവളെ നീ എന്ന് വിളിക്കുകയായിരുന്നു. അവളോട് ആദ്യമായി ദേഷ്യപ്പെടുകയുമായിരുന്നു
അവൻ കാറിന്റെ കീ എടുത്തു ഒന്നിച്ചാണ് വന്നത് എന്നത് മറന്ന് അവൻ കാറിൽ കയറി ഓടിച്ചു പോയി
റിയ കുറച്ചു നേരം കൂടി അവിടെ ഇരുന്നു.
പാർക്കിലെ ബെഞ്ചുകൾ ഒഴിഞ്ഞു കിടന്നിരുന്നു.അവൾ കുറച്ചു നേരം കൂടി ഇരുന്നിട്ട് നടന്നു തുടങ്ങി
കുറച്ചു നേരം കാർ ഓടി കഴിഞ്ഞപ്പോൾ നിവിന് വല്ലായ്മ തോന്നി. അവളെ ഒറ്റയ്ക്ക് വിട്ട് വരേണ്ടിയിരുന്നില്ല എന്ന തോന്നൽ ശക്തമായപ്പോൾ അവൻ തിരിച്ചു ചെന്നു.
ആരുമില്ല
അവനവളുടെ ഫോണിൽ വിളിച്ചു
“എന്താ നിവിൻ?”ആ ശബ്ദം ശാന്തമായിരുന്നു
“സോറി ഞാൻ… എവിടെ ആണ് റിയ ഇപ്പൊ?”
“വീട് എത്താറായി ബസിൽ ആണ്..വെയ്ക്കട്ടെ “
കാൾ കട്ട് ആയി
എത്ര ശ്രമിച്ചിട്ടും ഒരു കുറ്റബോധം അവന്റെ ഉള്ളിൽ നിറഞ്ഞു.
പിറ്റേ ദിവസം അവൻ റിയയുടെ വീട്ടിൽ ചെന്നു
“റിയ ഹോസ്പിറ്റലിൽ ആണല്ലോ മോനെ. നിന്നേ വിളിച്ചു പറഞ്ഞില്ലേ?”
റിയയുടെ മുത്തശ്ശി ചോദിച്ചപ്പോൾ അവന്റെ ഉള്ള് ഒന്ന് പിടഞ്ഞു
“ഇല്ല എന്താ സംഭവിച്ചത്?”
“ഇന്നലെ ബസിൽ നിന്നിറങ്ങി ക്രോസ്സ് ചെയ്തപ്പോൾ ഒരു ബൈക്ക് വന്നു ഇടിച്ചതാ. കാര്യമായിട്ടൊന്നുമില്ല പക്ഷെ അവൾ അനീമിക് ആയത് കൊണ്ട് അഡ്മിറ്റ് ആക്കി “
ഏത് ഹോസ്പിറ്റലിൽ ആണ് എന്ന് ചോദിച്ചറിഞ്ഞ് അവനവിടേക്ക് ചെന്നു
“ഒന്നുല്ല നിവിൻ. കാല് ഇത്തിരി മുറിഞ്ഞു. കയ്യിൽ കുഞ്ഞ് ഒരു ഫ്രാക്ച്ചർ. അതിനാ ഇവരൊക്കെ കൂടി..”
അവൾ ചിരിച്ചു. അവളുടെ ബെഡിനരികിൽ അമ്മയും അച്ഛനും ഉണ്ടായിരുന്നു
അവളുടെ മുറിയിലും പുറത്തുമായി ധാരാളം പേര് സുഹൃത്തുക്കൾ ബന്ധുക്കൾ അങ്ങനെ…
അവനവളെ ഒറ്റയ്ക്ക് കിട്ടിയില്ല
ഒന്ന് കൂടി മാപ്പ് പറയാൻ അവന് തോന്നി
അവളുടെ കണ്ണില് ദേഷ്യം ഒന്നുമില്ല എന്നോട് ദേഷ്യപ്പെട്ടു ഒറ്റയ്ക്ക് പോയതെന്തേ എന്ന ചോദ്യം ഇല്ല. നിവിൻ പോയ കൊണ്ടല്ലേ എനിക്കിങ്ങനെ വന്നത് എന്ന പരിഭവം ഇല്ല
എപ്പോഴുമെന്ന പോലെ അവന്റെ ഉള്ളിലവൾ ഒരു നോവായി,
ഒരു വിങ്ങൽ..
അവനവിടെ നിന്നു
“മോൻ പൊയ്ക്കോളൂ. ഇന്ന് കൂടി ഇവിടെ കിടത്തും..കുറച്ചു ടെസ്റ്റ് റിസൾട്ട് കിട്ടാൻ ഉണ്ട്.” അവളുടെ അച്ഛൻ പറഞ്ഞു
“ഇല്ല ഞാൻ..ഞാൻ നിന്നോളാം..അല്ല ഞാൻ ഇവിടെ നിൽക്കാം..എനിക്ക് റിയയോട് ഒന്ന് സംസാരിക്കണം.. If you don’t mind..”
അയാളുടെ മുഖത്തു ഒരു ചിരി വന്നു..
“ഓക്കേ ” അച്ഛൻ മുറി വിട്ട് പോയി
“അയ്യേ അച്ഛൻ എന്താ വിചാരിക്ക്യ.. മോശായി ട്ടോ”
അവൾ പറഞ്ഞു
“എന്താ പറയാൻ ഉള്ളത്? മറ്റേത് ഞാൻ പറഞ്ഞോളാം. കുറച്ചു നാൾ കഴിയട്ടെ നിവിൻ ടൂർ ഒക്കെ പോകുമ്പോൾ ആവട്ടെ “
നിവിന്റെ കണ്ണ് ഒന്ന് കലങ്ങി
“ഒരു ഇൻജെക്ഷൻ ഉണ്ട് കേട്ടോ ” നഴ്സ് വന്നപ്പോൾ റിയയുടെ മുഖം ചുളുങ്ങി
“ഇതിപ്പോ എത്രാമത്തെയ? മതി..” അവൾ ദയനീയമായി പറഞ്ഞു
“Husband ആണോ? ഒന്ന് പിടിച്ചോ കക്ഷിയെ. ആൾക്ക് ഇൻജെക്ഷൻ ഭയങ്കര പേടിയാണല്ലോ ” നഴ്സ് ചിരിച്ചു
റിയ സിറിഞ്ചു കണ്ടതും പെട്ടെന്ന് തിരിഞ്ഞ് നിവിന്റെ നെഞ്ചിൽ മുഖം ചേർത്ത് അവനെ ഒരു കൈ കൊണ്ട് ഇറുക്കി ചേർത്ത് പിടിച്ചു
“ഒന്നുല്ല..ഇപ്പൊ കഴിയും ” മെല്ലെ പറഞ്ഞു കൊണ്ട് അവൻ ആ ശിരസ്സ് ഒന്നുടെ നെഞ്ചിൽ ചേർത്ത് അമർത്തി
നഴ്സ് പോയിട്ടും അവന്റെ കൈകൾ അവളെ ചുറ്റിപ്പിടിച്ചു തന്നെ ഇരുന്നു
റിയ മെല്ലെ അകന്ന് മാറുന്ന വരെ
അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു അവന്റെ മുഖത്തേക്ക് നോക്കാൻ ഒരു മടി പോലെ.
“രാത്രി ആയി. നിവിൻ പൊയ്ക്കോ ” അവൾ ജനാലയിലൂടെ പുറത്ത് നോക്കി അവൻ ഒന്നും മിണ്ടിയില്ല..പോയതുമില്ല.
“പശ്ചാത്താപമാണോ?”അതൊ പ്രായശ്ചിത്തമോ?”അവൾ ചിരിയോടെ ചോദിച്ചു
അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് അവൾ കണ്ടു
പെട്ടെന്ന് അവൻ എഴുന്നേറ്റു പോകാൻ ഒരുങ്ങവെ അവൾ ആ കയ്യിൽ പിടിച്ചു
അപ്പൊ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു
“എന്നെ കാണാൻ ഇനി വരണ്ട. എന്നെ ഇനി വിളിക്കണ്ട..നമ്മൾ ഇനി കാണണ്ട ” അവൾ വാശിയോടെ പറഞ്ഞു. അവന്റെ മുഖത്ത് ഒരു തളർച്ച വന്നു
“ഞാൻ ചേരില്ല നിവിന്..”
അവൾ ആ കൈ വിട്ടു
“പൊയ്ക്കോ “
അവൾ വേഗം അവന് പുറം തിരിഞ്ഞു കിടന്നു. ആ ഉടൽ കുലുങ്ങി വിറയ്ക്കുന്നത് അവൻ കണ്ടു. കരയുകയാണെന്ന് മനസിലായപ്പോ സ്വയം ശപിച്ചു കൊണ്ട് അവൻ അവിടെ ഇരുന്നു. എപ്പോഴോ അവൾ ഉറങ്ങിക്കഴിഞ്ഞപ്പോ അവൻ ആ നെറ്റിയിൽ ഒന്ന് തൊട്ടു. അവന്റെ ഒരു തുള്ളി കണ്ണീർ അടർന്നു ആ മുഖത്തു വീണു.
“പൊറുക്ക് ” അവൻ മെല്ലെ പറഞ്ഞു
രാത്രി എപ്പോഴോ റിയ ഉറക്കം ഉണരുമ്പോൾ നിവിൻ അടുത്തുണ്ട്
“പോയില്ലേ?”
“പോകും..വരുന്ന മാസം രണ്ടാം തീയതി. ഞാൻ പറഞ്ഞില്ല ഒരു ടൂർ..പിന്നെ കാണില്ല..ഞാൻ വിളിക്കുകയുമില്ല. പോരെ?”
അവൾ വെറുതെ അവന്റെ മുഖത്തേക്ക് നോക്കി കിടന്നു
“നിവിൻ എന്നെ സ്നേഹിക്കുന്നുണ്ട് അല്ലെ?”
“ഇല്ല “
“ഒട്ടും?”
“ഇല്ല “
“സ്നേഹം ഇല്ലെങ്കിൽ എന്തിനാ ഞാൻ ഉറങ്ങിയപ്പോൾ കരഞ്ഞത്?”
അവൻ വിളർച്ചയോടെ അവളെ നോക്കി
അവൾ കൈ നീട്ടി ആ കയ്യിൽ പിടിച്ചു
“സ്നേഹം ഇല്ലെങ്കിൽ നീ എന്ന അവകാശത്തോടെ ദേഷ്യപ്പെടില്ല. സ്നേഹം ഇല്ലെങ്കിൽ ഇങ്ങനെ വന്നു കാവലിരിക്കില്ല. സ്നേഹം ഇല്ലെങ്കിൽ എനിക്ക് സ്നേഹം ഇല്ല എന്ന് പറയുകയുമില്ല.സ്നേഹം ഇല്ലെങ്കിൽ കരയില്ല നിവിൻ, വേദനിക്കില്ല. നിവിന്റെ ഉള്ളിൽ ഞാൻ ഉണ്ട്. എനിക്ക് അറിയാം. പോകണം എന്ന് തോന്നുന്ന സ്ഥലത്തൊക്കെ പൊയ്ക്കോളൂ..ഒറ്റയ്ക്ക് ആണ് ഇഷ്ടം എങ്കിൽ അങ്ങനെ ആയിക്കോള്ളു. അതിന് ഇങ്ങനെ വേദനിക്കണ്ട. ഞാൻ..ഇവിടെ ഉണ്ടാവും എന്നും “
അവൻ പെട്ടെന്ന് മുന്നോട്ട് ആഞ്ഞ് അവളെ കെട്ടിപ്പിടിച്ചു ആ മുഖത്ത് അമർത്തി ചുംബിച്ചു.. അവന്റെ കണ്ണീര് മഴ പോലെ അവളുടെ മുഖത്ത് വീണു കൊണ്ടിരുന്നു..
“ഞാൻ ചീത്തയാ..നിന്നെ ഞാൻ വേദനിപ്പിക്കും. കരയിക്കും..എനിക്ക് സ്നേഹിക്കാൻ അറിയില്ല റിയ “
അവൻ ഇടറി പറഞ്ഞു കൊണ്ടിരുന്നു. അവൾ ആ മുടിയിൽ തലോടി
“നിന്നേ വിട്ട് പോകാൻ തീരുമാനിച്ച പോലും അത് കൊണ്ടാ..” അവൾ പുഞ്ചിരിച്ചു
“എന്നെ ഒന്ന് ചാരിയിരുത്തുവോ?”
അവൻ ആ ഉടൽ മെല്ലെ ഉയർത്തി തന്റെ നെഞ്ചിലേക്ക് ചാരി ഇരുത്തി.
“എന്നെ വിട്ടിട്ട് പോയ സമാധാനം ഉണ്ടാവുമോ?”
“അറിയില്ല ” അവൻ ദയനീയമായി പറഞ്ഞു
“ഞാൻ കെട്ടിയിടി ല്ല നിവിൻ..അത് പോരെ?”
അവൻ നിറഞ്ഞ കണ്ണുകളോടെ ആ മുഖത്ത് ചുണ്ടമർത്തി
“നിവിന് നല്ല ഒരു മണം ഉണ്ട്” അവൾ കുസൃതിയോടെ പറഞ്ഞു
നിവിൻ നേർത്ത ചിരിയോടെ അവളുടെ മൂക്കിൽ മൂക്ക് ഉരസി
“ഇനി ഞാൻ കുറച്ചു ഉറങ്ങിക്കോട്ടെ?”അവൾ ചോദിച്ചു
“ഉം “
അവൾ മുഖമുയർത്തി അവനെ നോക്കി
അവന്റെ ചുണ്ടുകൾ താഴ്ന്ന് വരുന്നത് കണ്ട് അവൾ കണ്ണുകളടച്ചു
തന്റെ ചുണ്ടുകളിലേക്ക് ഒരു ശലഭം പറന്നിറങ്ങിയ പോലെ..
അതിന്റെ ചിറകടിയൊച്ച
അതിന്റെ മണം
തന്റെ പുരുഷന്റെ മണം
അതെ പ്രണയത്തിന്റെ മണം…