പൂമുഖത്തുനിന്നും പടികൾ ഇറങ്ങി എത്ര വേഗതയിൽ ആണ് താൻ ഓടിയത് എന്നോർമ്മയില്ല…

Story written by Latheesh Kaitheri

==========

ചുമയുടെ ശബ്ദം കൂടിയപ്പോൾ അച്ഛൻ കിടക്കുന്ന മുറിയിലേക്ക് പതിയെ നടന്നു, പുതപ്പുകൊണ്ട് വായപൊത്തിപ്പിടിച്ചു ശബ്ദം പുറത്തുവരാതിരിക്കാൻ പാടുപെടുന്ന അച്ഛനെക്കണ്ടപ്പോൾ മനസ്സൊന്നു പിടച്ചു

എന്താ എന്റെ അച്ഛന് പറ്റിയത്. ഡോക്ടറുടെ അടുത്തുപോകണോ ?

വേണ്ടമോളേ , ഇതൊക്കെ അച്ഛന് ശീലമായി , എന്റെ മോള് പോയി ഉറങ്ങിക്കോ , അച്ഛന്റെ ശബ്ദം കൊണ്ട് മോൾക്ക് ഉറങ്ങാൻ കഴിയുന്നില്ല അല്ലെ ? ഇനി ഉണ്ടാകില്ലെട്ടോ…മോൾക്ക് രാവിലെ എഴുന്നേറ്റു ജോലിയൊക്കെ കഴിഞ്ഞു പഠിക്കാൻ പോകേണ്ടതല്ലേ…

അതൊന്നും സാരമില്ല, അച്ഛനുകുടിക്കാൻ ചൂടുവെള്ളം വേണോ ?

വേണ്ടമോളേ , മോളിനിയും ഇവിടെ നിന്നും ഉറക്കം കളയേണ്ട പോയി ഉറങ്ങിക്കോളു

മുറിയിൽ നിന്നും പുറത്തേക്കു നടക്കുന്നനേരവും മനസ്സു അച്ഛന്റെ അടുത്തുതന്നെയാണ് എന്ന് മനസ്സിലായി

സ്ഥിരമായി പോകുന്ന ബസ്സിലെ ഡ്രൈവറാണ് സുധിയേട്ടൻ , വേണ്ട വേണ്ട എന്ന് ആയിരം വട്ടം വിചാരിച്ചിട്ടും ഒടുവിൽ താൻ അയാളുടെ സ്നേഹത്തിന്റെ തടവറയിൽ ആയി, ഏതൊരു പെണ്ണിനേയും പോലെ അയാളുമൊന്നിച്ചുള്ള ഒരുപാടു സ്വപ്നങ്ങൾ താനും കണ്ടുതുടങ്ങി, ഒടുവിലാണ് അറിഞ്ഞത് അയാള് ആ ബസ്സിന്റെ ഡ്രൈവർ മാത്രമായിരുന്നില്ല, അതുപോലുള്ള അനേകം ബസ്സുകളും ലോറികളും ഉള്ള കുന്നത്തു തറവാട്ടിലെ മഹേന്ദ്രന്റെ ഒരേ ഒരു മകനാണ് എന്ന് , ഒരുപട് ബിസിനസ്സുകൾ ഉണ്ടെങ്കിലും അച്ചനോട് എതിർത്താണ് ആള് ബസ്സോടിക്കാൻ വരുന്നത്…

ഒരു ദിവസം താൻ തന്റെ സംശയം അദ്ദേഹത്തോട് നേരിട്ട് ചോദിച്ചു

എന്താ സുധിയേട്ടാ, ബസ്സോടിക്കാൻ സുധിയേട്ടൻ തന്നെ വേണമെന്നില്ലലോ അത് മറ്റാരെയെങ്കിലും ഏൽപ്പിച്ചു അച്ഛനെ സഹായിച്ചൂടെ? അച്ഛന് വയസ്സായി വരുകയല്ലേ

നീ പറഞ്ഞത് ശരിയാണ് അച്ഛന്റെ നാലാപത്തഞ്ചാമത്തെ വയസ്സിലാണ് ഞാനുണ്ടായത്, എന്നെ നിലത്തും നിലയിലും നിർത്താതെ ലാളിച്ചാണ് അച്ഛനും അമ്മയും  വളർത്തിയത്…

ഇതൊക്കെ മനസ്സിലാക്കിയിട്ടാണോ സുധിയേട്ടൻ അവരോടിങ്ങനെ കാട്ടണേ?

അപ്പൊ എനിക്ക് നിന്നെ കാണണ്ടേ അശ്വതി ? ഒരു ദിവസം ബസ്സിന്റെ കളക്ഷൻ മേടിക്കാൻ വന്നപ്പോഴാണ് ആദ്യമായി നിന്നെ ഞാൻ കണ്ടത്, അന്ന് മനസ്സിൽ തറച്ചതാ നിന്റെ ഈ മുഖം. അതിനുശേഷം നിന്നെക്കാണാൻ വേണ്ടിമാത്രം പലതവണ ഞാൻ ഈ ബസ്സിൽ വന്നു അന്നൊന്നും നീ എന്നെ മൈന്റുപോലും ചെയ്തില്ല, അങ്ങനെയാണ് അച്ചനെ എതിർത്തുകൊണ്ട് നീ സ്ഥിരമായി വരുന്ന ഈ ബസ്സിന്റെ ഡ്രൈവർ ആകാൻ ഇറങ്ങിയത്, എന്നിട്ടും മാസങ്ങൾ എടുത്തു നീ ഒന്നെന്റെ മുഖത്തുപോലും നോക്കാൻ…

എനിക്കൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നു സുധിയേട്ടാ , അപ്പോഴൊക്കെ വീട്ടിലുള്ള അച്ചന്റെ മുഖം ആലോചിക്കുമ്പോൾ മനസ്സിനൊരു ശക്തികൂടും, പക്ഷെ എങ്കിലും ഞാനും ഒരുപെണ്ണല്ലേ, ചിലപ്പോഴൊക്കെ തനിച്ചുള്ള നിമിഷങ്ങളിൽ ഞാൻ പോലും ക്ഷണിക്കതെ നിങ്ങളെന്റെ മനസ്സിൽ അതിഥി ആയിവരും. അതിന്റെ ചലനങ്ങൾ എന്റെ പിടിവിട്ടുപോയ നിമിഷങ്ങളിൽ ആണ് ഞാനും നിങ്ങളെ ശ്രദ്ധിച്ചുതുടങ്ങിയത് നിങ്ങളുടെ സ്നേഹം അറിഞ്ഞു തുടങ്ങിയത്

സമയം പതിനൊന്നാകാറായി. ഈ തൊടിക്കപ്പുറം ഉള്ള റോഡിൽ കാറുമായി ഉണ്ടാകുമെന്നാണ് സുധിയേട്ടൻ പറഞ്ഞത്

തന്റെ വിവാഹകാര്യത്തിനു വീട്ടിൽ അച്ഛനും അമ്മയും കുടുംബക്കാരും ഒരുപാടു നിർബന്ധം പിടിക്കുന്നുണ്ട്, കൊണ്ടുവരുന്ന വിവാഹാലോചനകൾ ഒക്കെ വലിയ വലിയ തറവാട്ടിൽ നിന്നുള്ള കുട്ടികൾ , ഇതിനിടയിൽ തന്റെ കാര്യം പറഞ്ഞാൽ ആരും സമ്മതിക്കില്ല അശ്വതി, അതുകൊണ്ടു നമുക്ക് ഇവിടെ നിന്നും ദൂരെയുള്ള ഏതെങ്കിലും സ്ഥലത്തുപോയി രജിസ്റ്റർ മാരേജ് ചെയ്തു ഈ പ്രശ്നങ്ങൾ ഒക്കെ അടങ്ങിയിട്ടു തിരിച്ചുവരാം എന്നുപറഞ്ഞപ്പോൾ തനിക്കു എതിർക്കാൻ തോന്നിയില്ല. കാരണം, അല്ലെങ്കിൽ തനിക്കു സുധീയേട്ടനെ നഷ്ട്ടപ്പെടുമോ എന്ന് താനും ഭയന്നു

വൈബ്രേറ്റിംഗ് മോഡിൽ വെച്ച മൊബൈൽ നിർത്താതെ അടിച്ചു തുടങ്ങി , സുധിയേട്ടൻ റോഡിൽ എത്തി എന്ന് ഉറപ്പായി , പതിയെ മുറിയിലേക്ക് നടന്നു. നേരത്തെ തയ്യാറക്കിവെച്ച ബാഗും എടുത്തു പടികൾ ഓരോന്നായി ഇറങ്ങി…

തന്റെ ശരീരത്തിനൊപ്പം മനസ്സുകൂടെ വന്നില്ല എന്ന് മനസ്സിലായ നിമിഷം അച്ചനെ ഒന്നുകൂടി കാണാൻ മനസ്സു മന്ത്രിച്ചു. പടികൾ തിരിച്ചു കയറി അച്ഛന്റെ മുറി ലക്ഷ്യമാക്കി ഓടി

പൂമുഖത്തുകണ്ട ആ രൂപം അവളിൽ ഞെട്ടലുണ്ടാക്കി

എന്റെ മോള് പോകുമ്പോൾ അച്ഛനെ ഒന്ന് കാണണം എന്ന് തോന്നിയല്ലോ അതുമതി ഈ അച്ഛന്

അച്ഛാ….ഞാൻ…

എന്റെ മോള് ഒന്നും പറയേണ്ട , അച്ഛന് എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു , അച്ഛനൊന്നും ചോദിച്ചില്ലെന്നേ ഉള്ളു

ഞാൻ പോയാൽ അച്ഛന്റെ കാര്യങ്ങളൊക്കെ ആരാണ് ചെയ്തു തരുക ?

അതൊക്കെ നടക്കും…അതൊന്നും ആലോചിച്ചു എന്റെ മോള് വിഷമിക്കേണ്ട,,നിന്റെ അമ്മ മരിച്ചു നിന്റടുത്തേക്കു ഞാൻ ഓടി വരുന്നതുവരെ ആ മരുഭൂമിയിൽ എന്റെ എല്ലാ കാര്യങ്ങളും ഞാൻ ഒറ്റക്കല്ലേ ചെയ്തുകൊണ്ടിരുന്നത്. ഇപ്പോഴെന്താ അത്ര പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയില്ല അത്രയല്ലേ ഉള്ളു

അച്ഛനെന്നെ ശപിക്കരുത്, വെറുക്കരുത്, വാക്കുകൊടുത്ത ഒരാളെ പാതിവഴിക്കുപേക്ഷിക്കാൻ മനസ്സു സമ്മതിക്കുന്നില്ല…

അതിനുപറ്റുമ്മോ മോളേ എനിക്ക്, നിന്റെ നന്മയും സന്തോഷവുമല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ ഈ അച്ഛന്, നിങ്ങള് തിരിച്ചുവരുമ്പോൾ അച്ഛനുണ്ടാകുമോ എന്നറിയില്ല, കുറച്ചുനാളായി ചുമക്കുമ്പോൾ ര ക്തം വരുന്നുണ്ട്. ഇനി എത്രകാലം ഞാനുണ്ടാകും  എന്നറിയില്ല, ഈ വീടും സ്ഥലും ഒക്കെ മോളുടെപേരിൽ അച്ഛൻ മുൻപേ എഴുതി വെച്ചിട്ടുണ്ട്, മോളുടെ കയ്യിലുള്ള ബാഗിൽ മോളറിയാതെ അച്ഛൻ കുറച്ചു രൂപ വെച്ചിട്ടുണ്ട്, എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ അയ്യാളെ ബുദ്ധിമുട്ടിക്കേണ്ട മോളുടെ ആവശ്യങ്ങൾക്ക് അത് ഉപയോഗിക്കാം 

എന്തിനാ അച്ഛാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്, എന്റെ ദേവി ഈ അച്ഛനെ തനിച്ചാക്കിയാണല്ലോ സ്വന്തം സുഖം നോക്കി തനിക്കു പോകുവാൻ തോന്നിയത്. താൻ എന്ത് പാപിയാണ്…എന്നോട് പൊറുക്കൂ അച്ഛാ ഞാൻ അച്ഛനെ തനിച്ചാക്കി എവിടെയും പോകുന്നില്ല. അതുമുഖാന്തരം ഉള്ള ഒരു ജീവിതവും എനിക്കുവേണ്ട, എനിക്ക് എന്റെ അച്ഛൻ മതി…അച്ചന്റെ നെഞ്ചിലേക്ക് തന്റെ കണ്ണുനീരുപെയ്തിറങ്ങുമ്പോഴും നിർത്താതെ മൊബൈലിന്റെ വൈബ്രേറ്റിംഗ് ശബ്ദം തുടർന്നുകൊണ്ടേ ഇരുന്നു,,,

ഒരു മാസത്തിനു ശേഷം….

എന്താ എന്റെ കുട്ടി പഠിക്കാൻ പോകാത്തത്, ദിവസം ഒരുപാടിയില്ലേ ഇവിടെ ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കുന്നു

പഠിപ്പു ഞാൻ നിർത്തുകയാണച്ഛാ, അച്ഛന് എന്തെങ്കിലും ആവശ്യം വന്നാൽ ഇവിടെ ആരാ ഞാൻ കൂടി പോയാൽകൂടാതെ സുധിയേട്ടനെ അറിയാതെ എങ്കിലും കണ്ടാൽ വീണ്ടും ഒരു……

എന്റെ മോളുടെ മനസ്സിൽ നിന്നും ആ ഒരു തീ അതിന്റെ ജ്വാല കെട്ടടങ്ങില്ല എന്ന് അച്ഛന് നല്ലവണ്ണം അറിയാം. കാരണം എന്റെ മോള് നന്മയുള്ളൊള, ഒക്കെ നന്നായി വന്നുഭവിക്കാൻ സർവ്വേശ്വരനോട് പ്രാർഥിക്കു അല്ലാതെ ഇപ്പോൾ എന്താ ചെയ്യുക

ഇങ്ങോട്ട് ആരോ വരുന്നുണ്ടല്ലോ മോളെ,ആരാ അത് ?

അറിയില്ലച്ഛാ ഞാൻ മുൻപ് കണ്ടിട്ടില്ല…അച്ഛൻ സംസാരിക്കൂ ഞാൻ അകത്തോട്ടു പോകുകയാണ്

വരുവരു കയറി ഇരിക്കൂ, മുഷിച്ചല് തോന്നരുതു ആളെ എനിക്കത്ര പിടികിട്ടിയില്ല

മുൻപേ കാണാൻ വഴിയില്ല ഇവിടുന്നു പത്തു മുപ്പതു കിലോമീറ്റർ അകലെ യാണ് നമ്മുടെ സ്ഥലം,.എന്റെ പേര് മഹേന്ദ്രൻ, കുന്നത്തുവീട്ടിൽ മഹേന്ദ്രൻ എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ എല്ലാവരും അറിയും

ഇപ്പോ അറിയാം മോള് പറഞ്ഞു കേട്ടിട്ടുണ്ട്

എവിടെ അശ്വതി ?

അകത്തുണ്ട് വിളിക്കാം

മോളേ അശ്വതീ,,,,,,,,,

പതിയെപ്പതിയെ നടന്നു ഉമ്മറത്തേക്ക് വന്ന അശ്വതിയെ മഹീന്ദ്രൻ അടിമുടി ഒന്നുനോക്കി.

കുറച്ചു ദിവസമായിട്ടു ഭക്ഷണക്കാര്യം ഒക്കെ ഒരു വകയാ, വല്ലാതെ കോലം കെട്ടുപോയി എന്റെ കുട്ടി

എനിക്കുമനസ്സിലാകും ഇതിലും കഷ്ട്ടമാണ് വീട്ടിലുള്ളവന്റെ കാര്യം, എല്ലാത്തിനോടും ഒരു തരം വാശി ഇപ്പൊ അതുകുറെ കൂടികൂടിവന്നു. അശ്വതി അച്ചനെ ഇട്ടു ഞാൻ എവിടേക്കും വരുന്നില്ല എന്നുപറഞ്ഞപ്പോൾ മുതൽ അവന്റെ മാറ്റങ്ങൾ ഞാൻ കണ്ടുതുടങ്ങിയതാ,,ഇനിയും എന്റെ കുട്ടിയുടെ ഇഷ്ടങ്ങൾക്കു ഞാൻ പുറംതിരിഞ്ഞുനിന്നാൽ   അവൻ എന്നെ പൂർണ്ണമായി വെറുത്തു തുടങ്ങും അത് എനിക്ക് സഹിക്കാൻ കഴിയില്ല, അവനുവേണ്ടിയാ ഞാനും സരസ്വതിയും ജീവിക്കുന്നത്. അവന്റെ വായിലേക്ക് ഒരു വറ്റിറങ്ങാതെ അവള് ഒരു നേരവും ഒന്നും കഴിച്ചിട്ടില്ല,,ഇപ്പൊ അവളും ക്ഷീണിച്ചു വയ്യാതായി കിടക്കുവാ…ഇന്ന് പറ്റുമെങ്കിൽ ഇന്ന് അവളേയും കൂട്ടിയേ നിങ്ങൾ വീട്ടിൽ വരാവു  എന്നാണ് അവൾ എന്നോട് പറഞ്ഞത്…വരുമോ മോളേ നീ ഈ അച്ഛന്റെ കൂടെ നമ്മുടെ വീട്ടിലേക്കു  ?

ഉമ്മറത്തുള്ള തൂണിലേക്കു ചാരി നിന്നുള്ള  കരച്ചിലിന്റെ ശബ്ദം കൂടി വന്നു , അത് മനസ്സിലാക്കി മഹേന്ദ്രൻ അവളുടെ അടുത്തേക്ക് നടന്നു

എന്റെ മോൻ ഭാഗ്യവാനാ,.അല്ലെങ്കിൽ ഇത്രയും നന്മയുള്ള പെണ്ണിനെ അവനുകിട്ടില്ല,.വയ്യാതെ കിടക്കുന്ന അച്ഛനെ ഉപേക്ഷിച്ചു എന്റെമോന്റെ കൂടെ ഇറങ്ങിവരാത്ത മോളോട് എനിക്ക് അന്നേ ബഹുമാനം തോന്നിയതാ,.ഇപ്പൊ എനിക്കും ശരിക്കും ഇഷ്ടായി, മോള് പേടിക്കേണ്ട അച്ഛനെയും നമുക്ക് കൂടെ കൂട്ടാം…നമ്മുടെ അടുത്തുള്ള സിറ്റിയിൽ.ഇവിടെ ഉള്ളതിനേക്കാളും നല്ല ചികത്സ കിട്ടും. എന്നെക്കൊണ്ട് കഴിയുന്ന്നതൊക്കെ ഞാൻ ചെയ്യും. എന്റെ മോന്റെ സന്തോഷമാണ് എനിക്കുവലുതു….നീ സന്തോഷിക്കാതെ അവനെന്തു സന്തോഷം

നിങ്ങള് പറയുന്നതൊക്കെ കേട്ട് എനിക്ക് വലിയ സന്തോഷമായി, എനിക്കൊരു ആഗ്രഹം കൂടി ഉണ്ട് അവളുടെ അമ്മയുടെ തറവാട്ടുവക  ഒരു ക്ഷേത്രം ഉണ്ട്. അവിടുന്ന് ഒരു മാലയിട്ടു വേണം എന്റെ കുട്ടി വിവാഹ ജീവിതത്തിലേക്ക് കടക്കാൻ അതിനു നാളും തീയതിയും സമയവും ഒന്നും നോക്കണ്ട ,നിങ്ങള് നാളെയാണ് പറയുന്നതെങ്കിൽ നാളെ

ആയിക്കോട്ടെ അങ്ങനെ എങ്കിൽ അങ്ങനെ,,,അതിനു മുൻപ് മോളേ നിനക്കവനോട് ഒന്ന് സംസാരിച്ചൂടെ ?

തല ഉയർത്തി മഹേന്ദ്രനെ നോക്കിയ അശ്വതിയോടു അയാൾ പറഞ്ഞു,,,അവൻ കാറിലുണ്ട്

പൂമുഖത്തുനിന്നും പടികൾ ഇറങ്ങി എത്ര വേഗതയിൽ ആണ് താൻ ഓടിയത് എന്നോർമ്മയില്ല…

കാറിനടുത്തു എത്തിയതും നിറഞ്ഞ രണ്ടുകണ്ണുകളാണ്  വരവേറ്റത്….

ഒന്നും പറയാതെ അവനെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പൊട്ടിക്കരഞ്ഞപ്പോൾ, അവന്റെ കണ്ണുനീർ തന്റെ ദേഹത്തിൽ വീണു അലിഞ്ഞു ചേർന്നു

~Latheesh Kaitheri

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക✍️❤️