അവൾ റൂമിന്റെ വാതിൽക്കൽ നിന്നു നോക്കി, അയാൾ ഹാളിലെ സോഫയിൽ ഇരുന്ന് ആരോടോ ഫോണിൽ കയർക്കുകയാണ്…

പുതു വസന്തം 03

എഴുത്ത്: കർണൻ സൂര്യപുത്രൻ

=========

സഹദേവന്റെ  ദേഷ്യത്തിലുള്ള സംസാരം കേട്ടാണ് നന്ദന കണ്ണു തുറന്നത്..അവൾ റൂമിന്റെ വാതിൽക്കൽ നിന്നു നോക്കി, അയാൾ ഹാളിലെ സോഫയിൽ ഇരുന്ന് ആരോടോ ഫോണിൽ കയർക്കുകയാണ്..

“നീ വരണ്ടടാ..അവിടെ തന്നെ നിന്നോ….ഇങ്ങനൊരു മണ്ടനെ ആണല്ലോ ദൈവം എനിക്ക് തന്നത്…”

അയാൾ ഫോൺ കട്ട് ചെയ്ത് പിന്നെയും എന്തൊക്കെയോ സ്വയം പറയുന്നുണ്ടായിരുന്നു…വിഷ്ണുവായിരുന്നു ഫോണിൽ എന്നവൾക്ക് മനസ്സിലായി.

“അച്ഛനെന്താ ഉറങ്ങാത്തെ?”

“ഞാൻ കിടന്നതാ..അപ്പൊ അവൻ വിളിച്ചു..ഈ ആഴ്ച്ച വരാൻ പറ്റില്ലെന്ന്..”

“സാരമില്ല. അച്ഛൻ പോയി കിടന്നോ..”

“ഞാൻ ഇവിടെ കിടന്നോളാം..” സഹദേവൻ സോഫയിലേക്ക് ചാഞ്ഞു…

“ഇവിടെ നല്ല തണുപ്പാ…റൂമിലേക്ക് പൊയ്ക്കോ “

“രാത്രി നിനക്കെന്തേലും ബുദ്ധിമുട്ട് തോന്നിയാലോ…നീ പോയി ഉറങ്ങ് മോളേ..വാതിൽ കുറ്റി ഇടണ്ട…”

അവൾ അയാളെ നോക്കി നിന്നു..അവളുടെ ഫോൺ റിങ് ചെയ്യുണ്ടായിരുന്നു.

“അവനായിരിക്കും… ” സഹദേവൻ പറഞ്ഞു..നന്ദന കതക് മെല്ലെ ചാരി ഫോണുമെടുത്ത് കട്ടിലിൽ ഇരുന്നു..

“നന്ദൂ…” സ്നേഹത്തോടെയുള്ള വിളി..

“അച്ഛന്റെ വായിൽ നിന്നും നല്ലോണം കിട്ടി അല്ലേ?”..

“ദുഷ്ടേ..നീ എല്ലാം കേട്ടോണ്ട് നിൽപുണ്ടായിരുന്നോ?..ങാ കുറേ ദേഷ്യപ്പെട്ടു. ഒരാഴ്ച്ച കൂടി കഴിഞ്ഞാലേ വരാൻ പറ്റൂ..ഞാനെന്തു ചെയ്യാനാടീ?”

“അടുത്ത വ്യാഴാഴ്ചയാ ഡേറ്റ് പറഞ്ഞിരിക്കുന്നെ…”

“ഉം..അറിയാം..അതിന് മുൻപ് എത്താൻ ശ്രമിക്കാം…നീ ഉറങ്ങിക്കോ..നേരം ഒരുപാട് ആയില്ലേ…”…

ഫോൺ മേശമേൽ വച്ചിട്ട് അവൾ കയറിക്കിടന്നു…വയറ്റിൽ നിന്ന് ഒരനക്കം…നിർവൃതിയാൽ അവളൊന്ന് പുളഞ്ഞു…തന്റെ കുഞ്ഞ്…അവൾ മെല്ലെ വയറിൽ തലോടി…ഈ ചലനങ്ങൾ  കണ്ടാസ്വദിക്കാൻ ഏറെ കൊതിച്ചവൻ ഇന്ന് ഇല്ല…ദൈവമേ, ഒരൊറ്റ നിമിഷത്തേക്ക് എബിയെ തിരിച്ചു കൊണ്ടു തന്നൂടെ?  അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…കുറച്ചു നാൾ കൂടെ കഴിഞ്ഞ് ഇവിടുന്നു പോകണം…വിഷ്ണുവിന്റെ ഭാവി തകർക്കരുത്…അച്ഛൻ സമ്മതിക്കുമോ എന്നറിയില്ല. പക്ഷെ പോകണം…അവൾ മിഴികൾ പൂട്ടി..

**************

“ഇതും കൂടെ കഴിക്ക് “… നന്ദനയുടെ പ്ലേറ്റിലേക്ക് ഒരു ദോശ കൂടെ ഇട്ടുകൊണ്ട് സഹദേവൻ അജ്ഞാപിച്ചു…

“മതി അച്ഛാ..” അവൾ  കെഞ്ചി..

“അതൊന്നും പറഞ്ഞാൽ പറ്റില്ല…ഒന്നൂടെ തിന്നേ തീരൂ…”.

ഭക്ഷണമെല്ലാം ഉണ്ടാക്കുന്നത് സഹദേവനാണ്. ഒരു ജോലിയും അവളെ കൊണ്ട് ചെയ്യിക്കില്ല….വല്ലതും ചെയ്യാൻ പോയാൽ  ശകാരിക്കും..അവൾ  പ്ളേറ്റ് മെല്ലെ ഒരു വശത്തേക്ക് മാറ്റി എഴുന്നേൽക്കാൻ ഭാവിച്ചു..അയാൾ വിട്ടില്ല. കസേര അവളുടെ അടുത്തേക്ക് നീക്കി വച്ചു. എന്നിട്ട് ദോശ മുറിച്ച് ചമ്മന്തിയിൽ മുക്കി അവളെ നോക്കി…

“വാ തുറക്ക് “

വേറെ വഴിയുണ്ടായില്ല..അവൾ തുറന്നു..ശ്രദ്ധപൂർവം അത് അവളുടെ വായിൽ വച്ചു കൊടുത്തു…

“കുറച്ചു കഴിഞ്ഞ് ഞാൻ ടൗണിൽ പോകും..വരുന്നത് വരെ ഇവിടെ നിൽക്കാൻ സരോജിനിയോട് പറഞ്ഞിട്ടുണ്ട്…”

അവൾ അതൊന്നും ശ്രദ്ധിക്കാതെ അയാളെ  തന്നെ നോക്കി ഇരിക്കുകയാണ്..ആ  കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ട് സഹദേവൻ അമ്പരന്നു.

“എന്താ മോളേ? “.

“നല്ല രുചിയുണ്ട്..”

“ഇത്രേം നേരം ഇത് തന്നല്ലേ നീ കഴിച്ചോണ്ടിരുന്നത്?”

“എന്റെ അച്ഛന്റെ കൈ കൊണ്ട് കഴിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല…അത് കൊണ്ടാവും…”

അവൾ കണ്ണുകൾ തുടച്ചു…

“ഞാനൊരു കാര്യം ചോദിച്ചാൽ അച്ഛൻ ദേഷ്യപ്പെടുമോ?”

“എന്താ” വീണ്ടും ദോശ അവളുടെ വായിലേക്ക് വച്ചു കൊടുത്തു കൊണ്ട് സഹദേവൻ ചോദിച്ചു..

“എന്തിനാ ഇത്രേം കാലം  ഈ സ്നേഹമൊക്കെ അടക്കി വച്ചത്? വിച്ചുവിനോട് ഇതുപോലൊക്കെ പെരുമാറികൂടായിരുന്നോ?”

“സത്യമാണ് നീപറഞ്ഞത്..എന്റെ തെറ്റാ…എനിക്ക് ആരോടും  മനസ്സ് തുറന്ന് സംസാരിക്കാൻ അറിയില്ലായിരുന്നു…ഒന്ന് ചിരിക്കാൻ പോലും കഴിഞ്ഞിട്ടില്ല..”

അവളെ ഊട്ടിക്കൊണ്ട് അയാൾ പറഞ്ഞു..

“കല്യാണം കഴിച്ചു കൊണ്ടുവന്നവളോട് പോലും സ്നേഹത്തോടെ സംസാരിച്ചിട്ടില്ല..ഒരു കുഞ്ഞിനെ എന്റെ കൈയിൽ തന്ന് അവളങ്ങ് പോയി…എന്ത് ചെയ്യണം  എന്നറിയില്ല..അവൻ കരയുമ്പോഴൊക്കെ  ഭയമായിരുന്നു…സ്വന്തം കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ പോലും കഴിവില്ലാത്ത എന്നോട് തന്നെ വെറുപ്പ് തോന്നി…എല്ലാരും കൂടി  നിർബന്ധിച്ചിട്ടാ ശാരദയെ വിവാഹം ചെയ്തത്…അവൾ എന്നെയും മോനെയും പൊന്നുപോലെ നോക്കി….അതൊക്കെ കാണുമ്പോൾ ഞാൻ സ്വയം ചോദിച്ചിട്ടുണ്ട് എനിക്കെന്താ അവരോട് സ്നേഹത്തോടെ  പെരുമാറാൻ പറ്റാത്തതെന്ന്…മനസ്സിൽ  ഇഷ്ടമൊക്കെ ഉണ്ട്‌..അവനൊന്നു വീഴുമ്പോഴോ, അസുഖം വരുമ്പോഴോ എല്ലാം നെഞ്ചു പിടയും…പക്ഷേ  അത് പുറത്ത് കാട്ടാൻ പറ്റിയില്ല…വലിയ തെറ്റായിപ്പോയി എന്ന് ഇപ്പൊ തോന്നുന്നു…”

അയാൾ എഴുന്നേറ്റു നടക്കാൻ തുടങ്ങവേ നന്ദന ആ കൈയിൽ പിടിച്ചു..

“എന്നോട് പിന്നെ ഈ  കാണിക്കുന്നതോ? “

സഹദേവൻ അവളുടെ കവിളിൽ തലോടി…

“അറിയില്ല..എനിക്ക് തന്നെ അത്ഭുതമാണ്…ചിലപ്പോൾ നിന്റെ മൂക്കിൻ തുമ്പിലെ മറുക് കാരണമായിരിക്കും..ഇതുപോലൊരെണ്ണം എന്റെ അമ്മയ്ക്ക് ഉണ്ടായിരുന്നു….”

ചിരിച്ചു കൊണ്ട് പാത്രങ്ങളും എടുത്ത് അയാൾ അടുക്കളയിലേക്ക് നടന്നു…

**************

പൂമുഖത്തെ കസേരയിൽ ആലോചനയിലാണ്ടിരിക്കുകയാണ് സഹദേവൻ….നേരമിരുട്ടി കഴിഞ്ഞു. രാത്രി ഭക്ഷണവും  തയ്യാറാക്കി കുളിയും കഴിഞ്ഞുള്ള ഇരിപ്പാണ്…നല്ല തളർച്ച തോന്നി. പക്ഷെ ഇതൊക്കെ ചെയ്യുമ്പോൾ മനസ്സിനെന്തോ ഒരു സുഖം..

“അച്ഛാ..” അകത്തു നിന്നും നന്ദനയുടെ വിളി…അയാൾ എഴുന്നേറ്റ് അകത്തേക്ക് ചെന്നു…അവൾ  അടിവയറിൽ കൈ വച്ച് പുളയുന്നു…

“പെട്ടെന്നൊരു വേദന…” അവൾ പറഞ്ഞു…സഹദേവനൊന്നു ഞെട്ടി…നാളെയാണ് അഡ്മിറ്റ് ആവാൻ പറഞ്ഞിരിക്കുന്നത്…ഒരു നിമിഷത്തിന് ശേഷം  സമചിത്തത വീണ്ടെടുത്ത് അയാൾ അവളുടെ  മുറിയിലേക്ക് ഓടി..ഒരു വലിയകവറിൽ  ഹോസ്പിറ്റലിലേക്ക് ആവശ്യമായ സാധനങ്ങൾ  മുൻകൂട്ടി എടുത്ത് വച്ചിരുന്നു..അതും, മേശമേലിരുന്ന അവളുടെ മൊബൈൽഫോണും  എടുത്ത് പുറത്തിറങ്ങി..പ്രജീഷിനെയോ  ശരത്തിനെയോ  വിളിക്കാമെന്ന് വച്ചാൽ  സമയമില്ല..അയാൾ  കാർ കീയും എടുത്ത് അവളെ  മെല്ലെ പുറത്തേക്ക് നടത്തിച്ചു..അവളെ  ഇരുത്തിയ ശേഷം  അകത്തേക്കു വീണ്ടും പോയി അലമാരയിൽ  കരുതി വച്ചിരുന്ന കാശും  സാധനങ്ങളുമെല്ലാം  എടുത്ത് കാറിൽ കയറി…..

കൈകാലുകൾ വിറയ്ക്കുന്നതായി  സഹദേവന് അനുഭവപ്പെട്ടു…കാട്ടിലും മലയിലുമൊക്കെ ലോറി ഓടിച്ചിരുന്നെങ്കിലും കാർ ഓടിച്ച് അത്ര വശമില്ല…നന്ദന വേദനയാൽ കരയുന്നുണ്ട്…അയാൾ രണ്ടും കല്പിച്ചു കാർ പിറകോട്ടു എടുത്തു…പിന്നിലെ ചെടിച്ചട്ടികൾ ഇടിച്ചു തെറിപ്പിച്ച ശബ്ദം കേട്ടു….ആലോചിക്കാൻ  സമയമില്ല എന്ന് മനസ്സിൽ നിന്നാരോ മുന്നറിയിപ്പ് നൽകുന്നുണ്ട്…ഒന്ന് കണ്ണടച്ചു ദീർഘമായി ശ്വാസമെടുത്ത ശേഷം  ഗിയർ മാറ്റി ആക്സിലാറേറ്ററിൽ കാലമർത്തി…ഗേറ്റു കടന്നു കാർ റോഡിലേക്ക് കുതിച്ചു…

അച്ഛന്റെ പരിഭ്രമം കണ്ട് അവൾ വേദന കടിച്ചമർത്താൻ ശ്രമിച്ചെങ്കിലും പറ്റിയില്ല…

“ഒന്നുമില്ല മോളേ…ദാ നമ്മളിപ്പോ ആശുപത്രിയിലെത്തും…അത് വരെ സഹിക്ക്..” അയാളുടെ സ്വരം കരച്ചിലിന്റെ വക്കിലെത്തിയിരുന്നു…ജീവിതത്തിലാദ്യമായി  സഹദേവൻ നെഞ്ചുരുകി പ്രാർത്ഥിച്ചു…ഈശ്വരാ , എന്റെ മോളെയും അവളുടെ വയറ്റിലെ കുഞ്ഞിനേയും കാത്തോളണേ….

ഹോസ്പിറ്റലിന്റെ മുന്നിൽ ഒരലർച്ചയോടെ കാർ ബ്രേക്കിട്ടു…അറ്റന്റർമാർ ഓടി വരുന്നതും നന്ദനയെ അകത്തേക്ക് കൊണ്ടുപോകുന്നതുമെല്ലാം കണ്ണീരിന്റെ തിരശീലക്കകത്തുകൂടെ അയാൾ കണ്ടു..വണ്ടി ഒതുക്കി ഇട്ടു കവറുമെടുത്ത് സഹദേവൻ അകത്തു കയറിയപ്പോഴേക്കും  നന്ദനയെ ലേബർറൂമിൽ പ്രവേശിപ്പിച്ചിരുന്നു..അയാൾ ഫോൺ എടുത്ത് പ്രജീഷിനെ വിളിച്ചു.

“മോനെ നീ ഒന്ന് പെട്ടെന്ന് ആശുപത്രിയിലേക്ക് വാ…അവളെ  അകത്തോട്ടു കേറ്റി..എനിക്ക് വിറച്ചിട്ട് ഒന്നിനും വയ്യ…”

“അച്ഛൻ പേടിക്കാതെ…ഞാനിതാ എത്തി.” അവൻ ധൈര്യം പകർന്നു… പത്തു മിനിറ്റിനുള്ളിൽ തന്നെ  പ്രജീഷും ശരത്തും വേറെ രണ്ടു ചെറുപ്പക്കാരും അവിടെത്തി…ലേബർറൂമിനു മുന്നിൽ തളർന്നിരിക്കുന്ന സഹദേവന്റെ  അടുത്തേക്ക് അവർ  ചെന്നു…

“നിങ്ങള് വന്നോ…സമാധാനമായി…ഒന്ന് വിഷ്ണുവിനെ വിളിച്ചു പറഞ്ഞേക്ക്..”

“അവനോട് പറഞ്ഞിട്ടുണ്ട്…നാളെ രാവിലെ ഇവിടെത്തും.”

“നന്ദനയുടെ കൂടെ ഉള്ളവർ ആരാ?”

വാതിൽ കുറച്ചു തുറന്ന് ഒരു നേഴ്സ് ചോദിച്ചു…സഹദേവൻ ചാടി എഴുന്നേറ്റതും വേച്ചു പോയി…ശരത്ത് പെട്ടെന്ന് താങ്ങി പിടിച്ചു…

“ഞാനാ..എന്താ?” സഹദേവൻ ആന്തലോടെ ചോദിച്ചു..

“പ്രസവിച്ചു…പെൺകുഞ്ഞാട്ടോ…” വെള്ളയുടുപ്പിട്ട് പുഞ്ചിരിയോടെ പറയുന്നത്  മാലാഖയാണെന്ന് അയാൾക്ക് തോന്നി…പതിയെ കസേരയിൽ വന്നിരുന്നു കൈകളാൽ മുഖം പൊത്തിപ്പിടിച്ച് അയാൾ  കരഞ്ഞു….ഒരു ലജ്ജയുമില്ലാതെ…കുറച്ചു കഴിഞ്ഞപ്പോൾ ശരത്  തോളിൽ തട്ടി വിളിച്ചു..

“അച്ഛനൊന്നിങ്ങോട്ട് നോക്കിക്കേ..” അയാൾ  തലയുയർത്തി നോക്കി…കയ്യിൽ വെള്ള ടവലിൽ പൊതിഞ്ഞ കുഞ്ഞുമായി ഒരു നേഴ്സ്….അയാൾ  പിടഞ്ഞെഴുന്നേറ്റ് കൈകൾ നീട്ടി…അവർ  കുഞ്ഞിനെ ശ്രദ്ധപൂർവം  ആ കൈകളിൽ വച്ചു കൊടുത്തു….ഒരു സുന്ദരിക്കുട്ടി…സഹദേവന്റെ കണ്ണുനീർ അവളെ പുതപ്പിച്ച തുണിയിൽ  വീണു…അയാൾ ആ  മുഖത്തു പതുക്കെ ചുംബിച്ചു….

“എന്റെ മോളെ ഒന്നു കാണാൻ പറ്റുമോ?” യാചനയുടെ സ്വരത്തിൽ സഹദേവൻ  ചോദിച്ചു…

“അതിനെന്താ? കുറച്ചു കാത്തിരിക്ക്…” ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് അവർ കുഞ്ഞിനെ വാങ്ങി അകത്തേക്ക് പോയി…

**************

വിഷ്ണു ഹോസ്പിറ്റലിലെ റൂമിനകത്തേക്ക് കയറിയപ്പോൾ  നന്ദന കട്ടിലിൽ കിടക്കുകയായിരുന്നു..കുഞ്ഞ് അവളുടെ  അടുത്തും. സഹദേവൻ  കസേരയിൽ  കുഞ്ഞിനെ തന്നെ നോക്കി ഇരിക്കുന്നു..

“നീ എത്തിയോ.. “? അയാൾ ചോദിക്കുന്നത് കേട്ടാണ് നന്ദന  തലയുയർത്തി നോക്കിയത്…വിഷ്ണുവിനെ കണ്ടതും അവളുടെ  മനസ്സിൽ സന്തോഷം അലതല്ലി..അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ കുഞ്ഞിന്റെ അടുത്ത് വന്നു..പൂപോലെ മൃദുലമായ ആ കവിളിൽ ചുംബിച്ചു…അവന്റെ മുഖം ഒട്ടും പ്രസന്നമല്ലായിരുന്നു.

“അച്ഛൻ ഒന്ന് പുറത്ത് നിൽക്കുമോ?എനിക്കിവളോട് കുറച്ചു സംസാരിക്കണം..”

ഗൗരവമേറിയ എന്തോ പ്രശ്നമാണെന്ന് മനസ്സിലായതോടെ  സഹദേവൻ പുറത്തിറങ്ങി ഡോർ അടച്ചു.

“നീയെപ്പോഴാ  പോകുന്നെ?” മാറിൽ കൈകൾ കെട്ടി നിന്നു കൊണ്ട് അവൻ ചോദിച്ചപ്പോൾ നന്ദന ഒന്ന് ഞെട്ടി..

“എന്താ വിച്ചൂ?”

“കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ നീ പോകാൻ പ്ലാനിട്ടിരുന്നില്ലേ? എപ്പോഴാ പോകുന്നെ?” അവൾ വിയർത്തു…..

“നീ അയച്ച മെസ്സേജുകൾ ഇസബെൽ എനിക്ക് ഫോർവേഡ് ചെയ്തിരുന്നു..നമ്മൾ  ഇപ്പോഴും വെറും സുഹൃത്തുക്കളാണെന്നും, പ്രസവിച്ച ഉടനെ നീ  എങ്ങോട്ടെങ്കിലും പോകുമെന്നും, എന്റെ ജീവിതത്തിലേക്ക് കൂട്ടായി അവളുണ്ടാകണമെന്നും…ആഹാ…എന്തൊരു ത്യാഗം..!!”

അവൻ പുച്ഛത്തോടെ ചിരിച്ചു…നന്ദനയ്ക്ക് ഒന്നും പറയാനുണ്ടായില്ല. സത്യമാണ്…അവന്റെ ഫേസ്ബുക്കിൽ നിന്ന് ഇസബെലിനെ തേടിപ്പിടിച്ചു മെസ്സേജ് അയച്ചിരുന്നു…താൻ പോയാലും വിച്ചു ഒറ്റയ്ക്ക് ആകരുത്..അവനൊരിക്കൽ ആഗ്രഹിച്ചത്  കിട്ടണം…അത്രയേ ഉദ്ദേശിച്ചുള്ളൂ…

“വിച്ചൂ…നീ തന്നയല്ലേ കല്യാണത്തിന് മുൻപ് പറഞ്ഞത് എന്നെങ്കിലും എനിക്ക് പോകണമെന്ന് തോന്നിയാൽ പോകാമെന്ന്..? പിന്നെന്താ?”

“എന്ന് വച്ച്?? അപ്പൊ എനിക്കാരാ? നീ എപ്പോഴും നിന്റെ കാര്യം മാത്രമേ ചിന്തിക്കുന്നുള്ളൂ…എന്നെ വിട്. പുറത്തൊരു മനുഷ്യൻ ഇരിക്കുന്നില്ലേ? ഇന്നേ വരെ അച്ഛൻ കരയുന്നത്  ഞങ്ങളാരും കണ്ടിട്ടില്ല..അമ്മ മരിച്ചപ്പോൾ പോലും കല്ല് പോലെ ഇരുന്നയാളാ, ലേബർറൂമിന്റെ മുന്നിൽ നിലവിളിച്ചത്…ശരത്ത് വിളിച്ചു പറഞ്ഞിരുന്നു….അതിനർത്ഥം നിന്നെ അത്രക്ക് ഇഷ്ടമാണെന്നാ…”

അവന്റെ ശബ്ദമിടറി…അത് നന്ദനയ്ക്ക് സഹിക്കാൻ പറ്റിയില്ല…അവൾ  എഴുന്നേൽക്കാൻ ശ്രമിച്ചു..വിഷ്ണു അവളെ പിടിച്ചു കിടത്തി..

“എന്നെ വിട്ടു പോവല്ലേടീ..പ്ലീസ്..നീയും ഈ കുഞ്ഞുമാ എന്റെ ലോകം…നിങ്ങളില്ലെങ്കിൽ പിന്നെ ഞാനെന്തിനാ?”

അവൻ മുഴുമിപ്പിക്കും മുൻപേ അവൾ അവന്റെ വായ പൊത്തി…വിഷ്ണു കുഞ്ഞിനെ മെല്ലെ എടുത്തു…

“നന്ദൂ…ഇത് നമ്മുടെ കുഞ്ഞാ…അങ്ങനെ എല്ലാരും അറിഞ്ഞാൽ മതി. എന്റെ കൂട്ടുകാർക്കു പോലും എബിയുടെ കാര്യം അറിയില്ല…നാളെ ഇവൾക്ക് തോന്നരുത്  തനിക്കു അച്ഛനില്ല എന്ന്..വിഷ്ണുവിന്റെ മകളായിട്ട് തന്നെ ഇവൾ  വളരും..”

ഒരു ഉമ്മ കൂടി കുഞ്ഞിന് കൊടുത്തശേഷം അവൻ അവളെ നോക്കി.

“ഈ നിമിഷം വരെ  നിന്നെ ഭാര്യയായിട്ട് കണ്ടിട്ടില്ല..എന്നെ ഭർത്താവായിട്ട് നീയും കണ്ടിട്ടില്ല എന്നറിയാം..ഏതെങ്കിലും കാലത്ത് അതിന് കഴിയുമായിരിക്കും..അത് വരെ നമുക്ക് പഴയതു പോലെ തന്നെ  ജീവിക്കാം..എന്നെ വിട്ട് പോകുന്നതിനെ പറ്റി മാത്രം ചിന്തിക്കരുത്…”

അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചശേഷം  വിഷ്ണു കണ്ണുകൾ തുടച്ചു കൊണ്ട് പുറത്തേക്കിറങ്ങി…പുറത്തെ കൊറിഡോറിന്റെ അങ്ങേ തലയ്ക്കൽ  സഹദേവൻ നിൽപ്പുണ്ട്..അവൻ അങ്ങോട്ട് നടന്നു…കുറച്ചു നേരം അച്ഛനും മകനും ഒന്നും മിണ്ടിയില്ല..

“അവള് നമ്മളെ  വിട്ടു പോകുമോ?”

“ഇല്ല…അവൾക്കു അതിന് കഴിയില്ല.” സഹദേവൻ പുറത്തേക്ക് നോക്കി നിന്നു..

“നിന്റെ കാറിന്റെ ബാക്ക് കുറച്ച് ചളുങ്ങിയിട്ടുണ്ട്…പെട്ടെന്ന് എടുത്തപ്പോൾ പറ്റിയതാ…”

വിഷ്ണു അച്ഛനെ തിരിച്ചു നിർത്തി..എന്നിട്ട് ആ  മാറിലേക്ക് മുഖം ചേർത്തു…

“വിഷ്ണൂ…” ജീവിതത്തിലാദ്യമായാണ്  അച്ഛൻ ഇത്രയും  സ്നേഹത്തോടെ വിളിക്കുന്നത്…

“നിന്നെ കുറിച്ചോർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു…അവളെ സ്നേഹിക്കാൻ നിന്നെപ്പോലെ ആർക്കും കഴിയില്ല…നിനക്കവളോട് ദേഷ്യമൊന്നും തോന്നേണ്ട..പോകാൻ തീരുമാനിച്ചത് നിന്റെ ജീവിതത്തെ കുറിച്ച് ഓർത്തിട്ടാകും..”

“അവളില്ലാതെ  എനിക്കെന്തു ജീവിതം?”

ആ വാക്കുകൾ അവന്റെ ഹൃദയത്തിൽ നിന്നാണ് വന്നതെന്ന് സഹദേവൻ അറിഞ്ഞു..അയാൾ വിഷ്ണുവിന്റെ പുറത്ത് തഴുകി…

************

എബിയുടെ ഓർമദിവസം…കല്ലറയ്ക്ക് മുകളിൽ  മെഴുകുതിരി കത്തിച്ചു വച്ച് അതിലേക്ക് തന്നെ നോക്കി നില്കുകയാണ് നന്ദന…വിഷ്ണു അരികിൽ തന്നെ ഉണ്ട്‌…

“വിച്ചൂ….”

“ഉം?”

“എബിയുടെ ആത്മാവ് സന്തോഷിക്കുമായിരിക്കും അല്ലേ?”

“നിനക്ക് അവനെ അറിയുന്നതല്ലേ..? നമ്മളെ അവൻ മനസ്സിലാക്കും..അനുഗ്രഹിക്കും.. “

അവളൊന്നും മിണ്ടിയില്ല…

“വാ പോകാം.. ” അവൻ അവളുടെ കയ്യിൽ പിടിച്ചു..നടന്നു നീങ്ങവേ നന്ദന ഒന്ന് തിരിഞ്ഞു നോക്കി..എബി അവിടെ നിന്നു പുഞ്ചിരിക്കുന്നത് പോലെ അവൾക്ക് തോന്നി…

മൂന്നു വയസുകാരി  അലീനയെ കാറിന് മുകളിലിരുത്തി  കൊഞ്ചിക്കുകയായിരുന്നു സഹദേവൻ….

“ദേ അച്ഛനുമമ്മയും വന്നല്ലോ…നമുക്ക് പോകാം…”? നന്ദന കൈ  നീട്ടിയപ്പോൾ കുഞ്ഞ് ചിരിച്ചു കൊണ്ട് സഹദേവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു…

“ആഹാ…കണ്ടോ വിച്ചൂ..അവൾക്ക് അപ്പൂപ്പനോടേ ഇഷ്ടമുള്ളൂ…” നന്ദന പരിഭവിച്ചു…

“നിങ്ങള് കേറ് പിള്ളേരെ…നേരം കുറേ ആയി… “

സഹദേവൻ മോളെയും കൊണ്ട് പിന്സീറ്റിൽ കയറിയിരുന്നു…

കാർ ഓടിക്കൊണ്ടിരിക്കവേ  നന്ദന പിന്നോട്ട് തിരിഞ്ഞു നോക്കി..അലീനമോൾ അച്ഛന്റെ നെഞ്ചിൽ പറ്റി ഉറങ്ങുന്നു..അച്ഛനും ഉറക്കത്തിലാണ്…അവൾ  മെല്ലെ വിഷ്ണുവിന്റെ കയ്യിൽ പിടിച്ചു…അവൻ   അവളെ നോക്കി…ആ  കണ്ണുകളിലെ പ്രണയം അവൻ തിരിച്ചറിഞ്ഞു…അവളുടെ കൈയിൽ വിഷ്ണു ചുണ്ടുകൾ അമർത്തി….

മൂന്നുവർഷത്തെ കാത്തിരിപ്പിന് ശേഷം അവരുടെ ജീവിതം  തുടങ്ങുകയാണ്….പുതു വസന്തം…

അവസാനിച്ചു❤❤