ബാക്കിയുള്ളോരു ഇവിടെ ഇതെല്ലാം കഴിഞ്ഞാൽ ജീവനോടെ കാണുവോന്നു പോലും അറിയില്ല അപ്പഴാ അവന്റെ ഒരു…

28 ദിനങ്ങൾ…

എഴുത്ത്: അനു സാദ്

=============

നൈറ്റ് ഷിഫ്റ്റ് ന്റെ തലവേദന ഒഴിഞ്ഞു കിട്ടിയത് ഇന്നാണ്…എത്ര ദിവസമായി ഞാൻ ഉൾപ്പെടയുള്ള ഒരു വർഗം തന്നെ ഇതിനു പിന്നാലെ ഒരു സെക്കൻഡ് പോലും റസ്റ്റ്‌ ഇല്ലാതെ…എന്നിട്ടും ഒരു അറ്റം പോലും എത്തിയില്ലല്ലോ!!ദിനംപ്രതി കുമിഞ്ഞു കൂടുവല്ലേ മരിക്കുന്നോരുടെ എണ്ണം, ചികിത്സയിലുള്ളവരും അതിലേറെ, ഇനിയും കണ്ടുപിടിക്കാത്തവരും എണ്ണമറ്റ! ഈ പോക്ക് എവിടെത്തുമെന്ന് ആർക്കും അറിയില്ല,,,

ഒന്നും ചെയ്യാനാവാത്ത അവസ്ഥ,, ഒരു ആണായിട്ടു പോലും തളർന്നു പോവുന്നു…ലോകം എത്രയൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും ചിലപ്പോഴൊക്കെ അങ്ങേ അടിത്തട്ടിലെത്തുന്ന പോലെ!! അതും കാഴ്ചയുടെ ഏറ്റവും ഒടുവിൽ നേരിയ തോതിൽ ഇനിയും തെളിമയില്ലാതെത്തുന്ന ഒരു അണുവിനെ കൊണ്ട്!…! ഈ ഭൂലോകം തന്നെ അവന്റെ കാൽചുവട്ടിലായിപ്പോയി!..

ശ്ശോ,,,ഇന്ന് ഒരിത്തിരി ലേറ്റ് ആയി പോയല്ലോ! എന്നിട്ടും ഉറക്കം എങ്ങും എത്തീട്ടില്ല.. ഇന്ന് എത്ര കേസ്‌ റിപ്പോർട്ട്‌ ചെയ്തൊ ആവോ?? അവൻക് അടിമപ്പെട്ടവരുടെ പിടച്ചിലാണ് കാണാൻ പറ്റാത്തത്…ഒരിറ്റു ശ്വാസത്തിനായി കേഴുന്ന പോലെ! ലോകത്തിന്റെ ഒരു കോണിൽ നിന്ന് ഉയർന്നു വന്ന് അവിടെന്ന് തുടങ്ങിയ ഈ പ്രയാണം ദിനങ്ങൾ കൊണ്ടു നമ്മുടെ കൺമുന്നിൽ!! തടവിലാക്കപ്പെട്ടപോലെ ചിലർ വീടിനകത്ത്…അക്കരെ പച്ച തേടിപ്പോയ കുറെ പാവങ്ങൾ ബലിയാടുകളെ പൊലെ..എന്നെ പോലുള്ളവർ ഈ മാസ്കിനും പ്ലാസ്റ്റിക്‌ ബാഗിനും അകത്തു രാപകലില്ലാതെ..!

ഹോസ്പിറ്റൽ എത്തിയതും നേരെ നടന്നു

“ഐസൊലേഷൻ വാർഡ്”

ചങ്കിനകത്ത് പെടപെടപ്പ് കൂടി..ഓരോ തവണയും അത് ഓർമപ്പെടുത്തും എവിടെയോ വായിചത്‌ “ഈ വൈറസ് നെ തുരത്താനിറങ്ങുന്നവർ ആത്മഹത്യ ചെയ്യുന്നതിനു തുല്യരാണെന്ന്”

എത്രയൊ പേര് അത് തെളിയിച്ചു കഴിഞ്ഞു! എന്നിട്ടും പിൻവാങ്ങിയില്ല ആർക്കും പിടികൊടുക്കാതെയുള്ള സെക്കൻഡ് കൊണ്ട് പെരുകുന്ന അവന്റെ ഈ വാഴ്ച്ച അവസാനിപ്പിക്കണല്ലോ,,,..അവന്റെ മുന്നിൽ തോറ്റു കൊടുക്കാതെ എല്ലാവരെയും രക്ഷിച്ചെടുക്കേണ്ടത് ഒരു കടമ തന്നെയല്ലേ!

എല്ലാവരെയും കണ്ടു വിവരങ്ങൾ അന്വേഷിച്ചു വേണ്ടതെല്ലാം ചെയ്തു കൊടുത്ത് അവരോടൊപ്പം നിൽക്കുമ്പോഴാണ് അരുൺ വിളിച്ചത്

“അജിത്തെ, ഈ പേഷ്യന്റ്‌ നെ ഒന്ന് നോക്കിക്കേ,,ആ വാർഡ് ലോട്ട് കെടത്ത്” എന്നും പറഞ് അവൾ കെടക്കുന്ന സ്ട്രെക്ചർ എന്റടുത്തേക്ക് നീക്കി.

ഉറങ്ങി കിടക്കുവായിരുന്നു അവൾ…അവളിൽ നിന്ന് കണ്ണെടുക്കാൻ കഴിഞ്ഞില്ലെനിക്ക്…ഒരു പൂമെത്തയിൽ നറു പനിനീർ പൂവിന്നിതൾ അടർന്നു വീണു കിടക്കും പോലെ,,,അവളുടെ ചെഞ്ചെടികളിൽ ഒരായിരം പ്രണയമൊഴികൾ പൂത്തുലയും പോലെ,,,അവളെ ആരോ എനിക്ക് വേണ്ടി പറഞുവെച്ചത്‌ പോലെ…വരണ്ടുണങ്ങി പോയ എന്റെ ഹൃദയ വീഥിയിൽ അവളൊരു കുഞ്ഞു വേനൽമഴയായി മെല്ലെ പെയ്തു തുടങ്ങി,,,പാതി ചേതനയറ്റു പോയ ഓരോ ഇടവും അവൾക്കെന്ന പോലെ തളിരിടാൻ തുടങ്ങി!!…

അവളെ ബെഡ്ഡ്ലോട്ടു കിടത്തി പള്സും ബിപിം എല്ലാം ചെക്ക്‌ ചെയ്തു,,ഞാൻ അവളുടെ കേസ്‌ ഫയല് എടുത്തു നോക്കി

”പേര് : സേറാ, 24 വയസ്സ്, ബിഫാം 4ആം വർഷ വിദ്ധ്യാർത്ഥിനിയാണ്. രണ്ടാഴ്ച മുന്നെ ഇറ്റലിയിൽ പഠിക്കുന്ന ഇപ്പോ വെക്കേഷന് നാട്ടിലെത്തിയ ബെസ്റ്റ്‌ ഫ്രണ്ട്‌ നെ കാണാൻ പോയതാണ്. ഫ്രണ്ട്‌ ന് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്. ആൾക്ക് ഇപ്പൊ 4 ദിവസായിട്ട്‌ പനിയും ചുമയും തൊണ്ടവേദനയുമൊക്കെ തുടങ്ങിട്ടുണ്ട്,, “

“സൊ ഐസൊലേഷനിലാണ്”

ഞാൻ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി. ഉള്ള് ഉലഞ്ഞു പോകുന്നു,,,,ആദ്യമായും അവസാനമായും എന്റെ ഇടനെഞ്ചു കയറിയവൾ അകം നീറ്റുന്നല്ലോ??!!

ആ ഇത്തിരി വേദനയിലും ഒരു ചെറിയ പുഞ്ചിരിയോടെ അവൻ ഓർത്തു,,

ക്രിസ്ത്യാനി കൊച്ചാ, പക്ഷെ ഇനിയങ്ങോട്ടുള്ള അവളുടെ സ്തുതിയിരിപ്പ് ഈ അജിത്‌ നായരുടെ വീട്ടിലാവും…ഇവിടം വിട്ടാൽ?!

സ്വന്തം വാരിയെല്ലിൽ ഉടക്കിയവളെ ഇങ്ങനെ കണ്ടുമുട്ടിയവൻ ഞാൻ മാത്രമേ കാണൂ ….!

പിന്നീടുള്ള ഓരോ ഡേ നൈറ്റ് ഷിഫ്റ്റ്ം ഞാൻ അവൾക്ക് വേണ്ടി ചോദിച്ചു വാങ്ങി..ഒളിഞ്ഞും തെളിഞ്ഞും അവളെ കണ്ടു കൊണ്ടിരിക്കാൻ..കുറച്ചധികം നേരം അവൾക്കായി മാറ്റിവെച്ചു…

അമ്മയോട് മാത്രം ഒന്നും മറച്ചു വെച്ചില്ല. ഈ കയ്യിൽ അവളെ കൊടുന്നു ഏൽപ്പിക്കുമെന്ന്  മനസ്സ് ഉറപ്പിച്ചു തന്നെ ഒരു വാക്ക് കൊടുത്തു്…

ബെഡ്ഡ്‌ കാണുമ്പഴേ ഉറങ്ങി തുടങ്ങിയിരുന്ന ഞാൻ ഇരുമിഴികൾ കൊണ്ട് മാത്രം അവൾ അടർത്തിയെടുത്ത എന്റെ ഹൃദയത്തിന്റെ ഓർമ്മകളിൽ വീണു പോയി!…അവൾ എന്നിൽ നിന്നു കവർന്നെടുത്ത ആ ഉറക്കത്തോട് പോലും എന്തെന്നില്ലാത്ത പ്രണയം തോന്നി….പാതി വിടർത്തിയ ആ കൺപോളകളിൽ വിരിയുന്ന ഓരോ നോക്കും എന്റെ മനതാരിൽ പുനർജനിച്ച ഓരോ അനുരാഗ മന്ത്രങ്ങൾക്ക് തായ് വേര് പടർത്തിയിരുന്നു,,,എന്റെ മിടിപ്പിൽ കുരുങ്ങിയ ഒരേ ഒരു പെണ്ണ്….സേറ!

അവിടെന്നുള്ള ഓരോ രാവും പകലും ഞാൻ അവളെയും അവൾ എന്നെയും കൂടുതൽ ആഴത്തിൽ തിരിച്ചറിഞ്ഞു തുടങ്ങി,,,ഒരു കുഞ്ഞിനെ പോലെ ഞാൻ അവളെ പരിപാലിച്ചു…ഇടവിട്ടിടവിട്ട് ഓരോ കാര്യങ്ങൽ തിരക്കിയും സമയാസമയം മരുന്ന് കൊടുത്തും ആശ്വസിപ്പിച്ചും അവളിൽ പൂർണ്ണമായ വിശ്വാസം കൊടുത്തും ഞാൻ അവൾക്ക് കൂട്ടിരുന്നു….

എന്റെ കരുതലിൽ ഇടംകൊണ്ട സുരക്ഷിത വലയത്തിൽ അവൾ അന്തിയുറങ്ങി…കൺചിമ്മിയണയാതെ ഞാനത് നോക്കിക്കണ്ടു….

“ആരുമായാണ് ഏറ്റുമുട്ടാനിറങ്ങിയതെന്ന് സത്യത്തിൽ അന്നേരമെല്ലാം ഞാൻ മറന്നു പോയിരുന്നു!!”

പ്രണയത്തിന് ഭാഷയും രൂപവും ഒന്നുമില്ലലോ ആത്മാവിൽ തൊട്ടറിഞ്ഞത്‌ വിവരിചു തരാൻ ഇനിയോരോ വാക്കും പുനർജനിക്കേണ്ടിയിരിക്കുന്നു….!പതിയെ എന്റെ സ്നേഹം അവൾ അറിഞ്ഞു..ഈ മാസ്കിനും പ്ലാസ്റ്റിക് ആവരണത്തിനും ഉള്ളിലുളള എന്റെ മുഖമൊ ശരീരമോ രൂപമൊ ഒന്നും അവൾ കണ്ടിട്ടു പൊലുമില്ല എങ്കിലും ആ കണ്ണിൽ ഉതിർന്ന ഓരോ നീർമ്മണി തിളക്കത്തിലും അവൾ തെളിയിച്ചു കഴിഞ്ഞിരുന്നു..അവളെ എന്റെ ഈ ജീവനോട് ബന്ധിചു ചേർത്തുവെന്ന്….!

എനിക്കു വന്ന മാറ്റങ്ങൾ എന്റെ കൂടെയുള്ളവർ ശ്രദ്ധിച്ചിരുന്നു

“ബാക്കിയുള്ളോരു ഇവിടെ ഇതെല്ലാം കഴിഞ്ഞാൽ ജീവനോടെ കാണുവോന്നു പോലും അറിയില്ല അപ്പഴാ അവന്റെ ഒരു…..”

“ഓ…അതിന്..”

“ടാ കളിയല്ല നീ കുറച്ചു കൂടി സീരിയസ്‌ ആവ് അറിയാലോ ഇതെന്താ ഐറ്റം ന്ന് ഒരു ചെറിയ പി ഴ മതി എല്ലാം തകരാൻ,, “”

“അവളുണ്ടേൽ മതി ഈ  ഞാനും …”

“ഒഓഓ…എന്ന്”

എന്റെ ആ വാക്കുകൾ സത്യമായിരുന്നു,,,അവളില്ലെങ്കിൽ ഈ ഭൂമിയോട് വിട പറയാൻ ഞാനും എന്നേ തീരുമാനിച്ചു കഴിഞ്ഞിരുന്നു…,,!

റൗണ്ട്സ്‌ ന് ഡോക്റ്റർ വന്നതും പ്രത്യേകം ഒരു കാര്യം നോട്ട് ചെയ്യാൻ പറഞ്ഞു 24ആം നമ്പർ പേഷ്യന്റ്‌ നെ

“ഈശ്വരാ,,,അവളെയാണല്ലോ ”

സിറ്റുവേഷൻ കുറച് ക്രിറ്റിക്‌ ആവാണ് ടെംപറേച്ചർ കൂടുന്നുണ്ട് ശ്വാസമുട്ടും കൂടിവരികയാണ്,,മരുന്നു ശരിക്ക് എഫക്ട് ആവുന്നില്ലെന്ന് തോന്നുന്നു കുറച് കൂടുതൽ കെയർ വേണം”

” ഡോക്ടർ പറഞ്ഞത് ശരിയാണ് എന്തായിരിക്കും അങ്ങനെ? എന്റെ ജീവനാണ് ഇപ്പോ പൊയ്പോവുന്നത്…

“അവളെ വിട്ടുതരാൻ മാത്രം പറയരുത്..ദൈവമേ..അവളെ ഞാനെന്റെ ഉയിരിൽ തുന്നിചേർത്തു പോയി…ഇനി അകത്തിയെടുക്കാൻ എന്റെ പ്രാണനെ വെടിയുക കൊണ്ടല്ലാതെ എനിക്ക് സാധിക്കില്ല!…എനിക്കു അവളെ വേണം…””

ആ ദൈവത്തോട് തല കുമ്പിട്ട് നിൽക്കുമ്പോൾ അലൻ ന്റെ വിളി വന്നു

അവൾക്കു ഹൈ ബ്രീത്‌ ആയിട്ടുണ്ടെന്ന് പറഞ്,,,പാഞ്ഞോടി ഞാൻ അവൾക്കരികിലേക്ക്…ചെന്നെത്തിയതും കണ്ടത്‌ അവളിറ്റു മിടിപ്പിനു വേണ്ടി മല്ലിടുവായിരുന്നു..ഒരു മരവിപ്പ് എന്റെ ഉള്ളം കാൽ വരെ കവർന്നു പോയി…അന്തരങ്ങളിൽ എന്തോ പറിച്ചെടുക്കുന്ന വേദന എന്നെ തളർത്തി കളഞ്ഞിരുന്നു…!അവളുടെ ഉള്ളം കയ്യിൽ ചേർത്തു പിടിച്ചു മുട്ടിലിരുന്നു കേണ്‌ ഞാൻ,,,അവളുടെ ജീവന് വേണ്ടിയുള്ള യാചനയിൽ ഞാൻ ഒഴുകിപ്പടരുക തന്നെയായിരുന്നു,,,

എന്റെ രക്ഷയെക്കുറിച്ചുള്ള ധാരണ പോലും ഞാൻ വിട്ടുപോയിരുന്നു !!

“വേണ്ട അജിത് എന്നെ വിട്ടേയ്ക്കു, ഇതില്നിന്ന് രക്ഷപ്പെടാൻ പറ്റുമെന്ന് എനിക്‌ തോന്നുന്നില്ല!”

”ഒരിക്കലും ഇല്ലാ,, നിനക്കൊന്നും സംഭവിക്കില്ല,,ഈ ഭൂമിയിൽ നിന്ന് ഞാൻ യാത്രയാകും വരെ എന്റെയീ കൈപ്പിടിയിൽ നീയുണ്ടാവും”

“നിന്റെ ഈ മുഖം എങ്കിലും എനിക്കൊന്നു കാണാൻ പറ്റുവോ അജിത് ?!! ”അത്‌ മാത്രമെ ഞാൻ ഇപ്പൊ ആഗ്രഹിക്കുന്നൊള്ളൂ!..

“മ്മ് ….എന്റെ വിങ്ങലുതിർന്ന് വീണ ആ കണ്ണുനീർ തുള്ളി അവൾക്ക് ഉത്തരം നൽകി…

ദിവസങ്ങൾ പിന്നിട്ട് പോയി. അവളുടെ രോഗം കൂടിയും കുറഞ്ഞുമിരുന്നു. ചിലപ്പോഴൊക്കെ അവൾ ജീവന് വേണ്ടി കെഞ്ചുന്നത് പൊലെ തോന്നി..ഹൃദയാംശത്തിലെ ഏതെങ്കിലുമൊരണുവിൽ പിടുത്തമിടാൻ അവൾ കൊതിക്കുന്ന പോലെ!..അപ്പൊഴെല്ലാം എന്നെതന്നെ സ്വയം ഞാൻ അവളിൽ കടം വെക്കാറുണ്ട്…!

ജോലിടെ സ്റ്റ്രെസ്സ്ം ടെന്ഷന്മ് റസ്റ്റ്‌ ഇല്ലായ്മയും ഉറക്കക്കുറവും എല്ലാം കൂടി ഇപ്പോ ആകെ ബുദ്ധിമുട്ടുന്നുണ്ട്…തലവേദനയും ബോഡിപെയ്‌നും കൂടെത്തന്നെയുണ്ട്..അതിനിടയ്ക്കാണ് ഇപ്പൊ വീടിന് തൊട്ടടുത്തുള്ള ഹെൽത്ത് സെന്ററിൽക്ക് ഡ്യൂട്ടി മാറ്റം കിട്ടിയത്‌. ഫൈവ് ഡേയ്സ്നുള്ളിൽ പോണം,,,വയ്യ ഇവിടം വിട്ട് പോവാനേ പറ്റുന്നില്ല അവളെ കാണാതിരിക്കുന്നത് ആലോചിക്കുമ്പോ..?! ഞാൻ ഇല്ലാതാവുമെന്ന് തീർച്ച,,,

“നാളെ പോണമല്ലേ അജിത്?? ”

“മ്മ്,,,ടൈം കിട്ടുമ്പഴൊക്കെ ഞാൻ ഓടിവരും ഇതിപ്പോ ഒരു നിവൃത്തിയില്ല”

പറയാൻ എന്തെല്ലാമോ ഉണ്ട്‌ പക്ഷെ അവളുടെ മുഖം കാണുമ്പോൾ തളർന്നു പോകുന്നു…

തൊണ്ടക്ക് വല്ലാത്തൊരു പിടുത്തം!!

അവളുടെ നെറ്റിയിൽ ഒന്നു തൊട്ടുതലോടി ഞാൻ…ഉള്ളിനുള്ളിലെ സ്നേഹം മുഴുവൻ എടുത്തു്….

പിറ്റേന്നു അവളോട് യാത്ര പറഞ്ഞിറങ്ങി..മനസ്സ് അവിടെ കൊടുത്തു പോന്നു ഞാൻ …

ദിവസങ്ങൾ മാറിമറിഞ്ഞു…അവന്റെ കാൽചുവട്ടിൽ നിന്ന് മുക്തി നേടാൻ ആർക്കും സാധിക്കുന്നേയില്ല. മരണവും രോഗബാധിതരും കൂടിക്കൊണ്ടേയിരുന്നു.വാർത്തകൾ ഓരോ ദിനവും പുതുമകളായി…ഉയരങ്ങൾ കീഴടക്കിയവർ തൊട്ടു അടിത്തട്ടിലുള്ളവർ വരെ അവന്റെ മുന്നിൽ മുട്ടുകുത്തി. പല പേരുകളിലായി പലരും കീഴടങ്ങി കൊണ്ടിരുന്നു…..!!!

“അജിത് പോയിട്ട് 4 ദിവസം കഴിഞ്ഞു..ഒരു വിവരവും ഇല്ല്യ,,,ചോദിച്ചവരൊക്കെ പറയുന്നു ഡ്യൂട്ടിയിലാണ് തിരക്കാണ് വരുമെന്ന് ” പക്ഷെ ഇത്രയും ദിവസം കാണാതിരിക്കാനൊക്കെ അവന് കഴിയോ? ഒന്നുമില്ലേലും എനിക്‌ നല്ല മാറ്റം വന്നതും ഇന്നത്തെ റിസൾട്ടിൽ കൂടി നെഗറ്റീവ്‌ ആണെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യാംന്ന് പറഞ്ഞതും അറിഞ്ഞു കാണില്ലേ? എന്നിട്ടും..?

ഇനി കാത്തിരിക്കില്ല ഡിസ്ചാർജ് ആയ നേരെ അവന്റെ വീട്ടിലോട്ടു കേറിചെല്ലും..എനിക്കവനെ ഒന്നു കാണണം….ചുണ്ടിലൊരു പുഞ്ചിരിയൂറി വന്നു…”

“എന്നെ കാത്തിരിക്കുവാണെന്ന് തോന്നുന്നു!!ഒട്ടും വൈകാതിരുന്നത് പോലെ!….പൊതിഞ്ഞു കെട്ടിയിട്ടുണ്ട് വെള്ള തുണിയിലല്ല ഒത്തിരിയേറെ പ്ലാസ്റ്റിക് ബാഗുകളിൽ!!….ഇന്നും എനിക്ക് മുന്നിൽ മറച്ചു വെച്ചിരിക്കയാണല്ലേ?? പിന്നെയും ഒരു വലയത്തിൽ മൂടിയിട്ടതെന്തിനാ ഈ മുഖം ??!! നിലയറ്റ മനസ്സാലെ തേങ്ങി കരഞ്ഞുകൊണ്ട് അവൾ ആ നിലത്തോട് ചാഞ്ഞിരുന്നു!!!!

“ഡിസചാർജ്‌ കഴിഞ്ഞു ഇറങ്ങാൻ നേരം ആരൊക്കെയൊ മറഞ്ഞു നിന്നു പറയുന്നത് കേട്ടു

“അജിത്തിന്റെ കാര്യമാണ്‌ കഷ്ടായി പോയത്,,,ഒട്ടും ഹോപ്പ് ഇല്ലായിരുന്നു..സ്‌ഥിരീകരിച്ചിട്ട് 4 5 ദിവസായില്ലെ ആൾമോസ്റ്റ് എൻഡ് ആയിരുന്നു…അവിടെ ഹെൽത്ത് സെന്ററിൽ ജോയിൻ ചെയ്യുന്നതിനു മുന്നെ പനിയും ചുമയും കൂടിയപോ ഒന്ന്പോയി ചെക്ക് ചെയ്തതാ..ഇന്നലെ നൈറ്റോഡ് കൂടി കണ്ടീഷൻ വളരെ മോശായിരുന്നു..പിന്നേ ഇന്നു രാവിലെയാ!…..”

കാതോരം അലയടിച്ച വാക്കുകളിൽ കണ്ണിൽ നിന്ന് ഒഴുകിയിറങ്ങിയത് ചോരതുള്ളികളായിരുന്നോ??ഇഞ്ചിഞ്ചായി പകുത്തെടുത്തത്‌ എന്നെത്തന്നെയായിരുന്നോ??..നിന്റെ കയ്യാലെ ഒരു സീമന്തരേഖ കൊതിച്ച ഞാൻ ചുവപ്പു കൊണ്ടത്‌ എന്റെ ഈ നെഞ്ചിൽ തന്നെയാണോ??പ്രണയത്തിന്റെ മാധുര്യം കൊണ്ട എന്റെ ഇന്നലെകൾക്ക് ഇന്ന് പക്ഷെ നീയെന്ന നോവാലെ ഇരുള് കനത്തുപോയോ????നിന്നോടുള്ള പ്രണയത്തിൽ നീന്തി തുടിക്കാൻ മോഹിപ്പിച്ചിട്ട് ഇന്ന് എന്നെ നിശ്ചലമാക്കി കളഞ്ഞല്ലോ നീ അജിത്???

അകം തകർന്ന് വീണു പോയി അവൾ!!!

അവന്റെ അമ്മ എനിക്ക് വേണ്ടി നിർബന്ധിച്ചത് കാരണം ആദ്യമായും .. അവസാനമായും ..ഞാൻ ആ മുഖം ഒന്നു കണ്ടു!! ഒന്നു തൊട്ടു നോക്കാനാവാതെചേർത്തണക്കാനാവാതെ…മതിവരുവോളം ഒന്നു നോക്കികാണുവാൻ പോലും കഴിയാതെ!….ആദ്യമായി നൽകാൻ കൊതിച്ച ചുംബനം ഇന്ന് അവസാനമായിട്ടു പോലും നീ എനിക്ക് നിഷേധിചു അല്ലേ?!!! ഈ ആയുസ്സിൽ 2മിനുറ്റ്‌ മാത്രം എനിക്ക് ബാക്കിവെച്ച് ‌ നീ പോകാൻ തിടുക്കം കൂട്ടുവാണല്ലേ??രാപ്പകലില്ലാതെ ഞാൻ കാത്തിരുന്നത് ഈ ഒരു കാഴ്ചയിൽ നിന്നെ കണ്ടുമുട്ടാനായിരുന്നോ???? അവളുടെ ഉള്ളിലെ നെരിപ്പോട് ഒരു തീഗോളമായി മാറിക്കഴിഞ്ഞിരുന്നു!!!!

ആരോ നാലുപേർ അവനെ ചുമന്നെടുത്തോണ്ടു പോയി ആ തീചൂളയിലേക്ക് ചേർത്തുവെച്ചുഅഗ്നിയാലേ മൂടപ്പെട്ടു അവൻ..എന്റെ ജീവന്റെ ഓരോ അണിയിലും പ്രാണനെ കോർത്തിട്ടവനാണിന്ന് ഒരു വാക്കോ നോക്കോ സമ്മാനികാതെ അകന്നു പൊയത്‌!.. ഒന്നു മാത്രം നിന്നിലില്ലന്ന് എനിക്കറിയാം അജിത്….നിന്റെ ആ മനസ്സ്‌..അതെന്നിൽ മറന്നുവെച്ചതല്ല..ഏൽപ്പിച്ചു പോയതല്ലേ…ഇനിയെത്ര കാതങ്ങൾ ഞാൻ മറികടന്നാലും ഈ മണ്ണ്‌ എന്നെ ഏൽക്കുന്ന അവസാന നാൾ വരെ അതെന്നോട് കൂടെയുണ്ടാവും,, മറ്റൊരു അവകാശിയും കടന്നു വരാനില്ലാതെ….!

കണ്ണുകൾ കൊണ്ട്‌ എത്രയോ ആവർത്തി അവനിലായി എന്നെ ഒതുക്കിയവൻ…കരുതൽ കൊണ്ടുടനീളം എന്നെ കീഴ്പ്പെടുത്തിയവൻ…പ്രണയം എന്ന മായയിൽ എന്നെ തളച്ചിട്ടവൻ…എണ്ണിത്തിട്ടപ്പെടുത്തിയ 28 ദിനങ്ങൾ എനിക്ക് പതിന്മടങ് ജന്മമാക്കി തന്നവൻ….മരണപ്പിടച്ചിലിൽ കൈവിടാതെ എന്റെ ശ്വാസനിശ്വാസങ്ങളെ ചേർത്തുപിടിച്ചവൻ…അവനാണിന്നു എന്റെ ഈ കന്മുന്നിൽ വെറും പുകച്ചുരുളുകളായ് വാനിലേക്ക് ഉയരുന്നത്‌!…..!

അകം വെമ്പിയിട്ടും എന്നെ കാണിക്കാതെ ഒളിച്ചു വെച്ച ആ പാതി മുഖത്തിൻ നീറുന്ന ഓർമ്മകൾ എന്നിൽ അവശേഷിപ്പിച്ചു കൊണ്ട്…ഇനിയൊരിക്കലും കൂട്ടിച്ചേർക്കാനാവാതെ….””

ഞാൻ എന്റെ പ്രാർത്ഥനകൾ കടം വെക്കുന്ന ആ അൾത്താരയിൽ ഇനിയൊരു മെഴുകുതിരിയോളം നാളമായി ഞാൻ എന്നും നിനക്ക് കൂട്ടുണ്ടാവും അജിത്,, നീ നിന്റെ സ്നേഹം കൊണ്ട് എന്റെ ഹൃദയത്തിലേക്ക് കൊരുത്തിട്ട ആ മിന്നിന്റെ അവകാശിയായി!!! അന്നേരം ഉരുകിയൊലി ക്കുന്നതെല്ലാം വരും ജന്മങ്ങളിൽ മൃതിയടഞ്ഞു പോയ നമ്മുടെ സ്നേഹത്തിന്റെ സാക്ഷാത്കാരത്തിനുള്ള വെഞ്ചെരിപ്പുകളായി ഞാൻ ഒരുക്കൂട്ടി വെക്കാം അജിത് ,,, നീ  എനിക്കായി കാത്തിരിപ്പുണ്ടാവണം!!!