രാവിലെയും വൈകിട്ടും ബസിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ സഹപാഠികൾ ആയിരുന്നു…

മാലാഖമാർ….

എഴുത്ത്: കർണൻ സൂര്യപുത്രൻ

==========

എന്നോട് തന്നെ ദേഷ്യവും വെറുപ്പും മാത്രം തോന്നിയ നാളുകൾആയിരുന്നു അത്…തീരെ ഇഷ്ടമില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത്..ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വേറൊരു വഴിയും  ഇല്ലാത്തതു കൊണ്ടു മാത്രം  തിരഞ്ഞെടുത്തതാണ്…

രാവിലെയും വൈകിട്ടും ബസിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ സഹപാഠികൾ ആയിരുന്നു..ആ മുഖങ്ങളിലെ സഹതാപം കണ്ടില്ലെന്നു നടിക്കാൻ  നന്നേ പണിപ്പെട്ടു. അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ടിയിരുന്നവനായിരുന്നു..പക്ഷേ വിധി  ഇങ്ങനൊക്കെ ആക്കി…

യാത്രക്കാരിൽ ചിലർ സ്ഥിരമായി വരുന്നവരായിരുന്നു…ടീച്ചർമാർ, നഴ്സുമാർ, പിന്നെ ടൗണിൽ ജോലിക്ക് പോകുന്നവർ…പരിചയഭാവത്തിൽ അവർ  ചിരിക്കുമ്പോൾ തിരിച്ചൊന്നു പുഞ്ചിരിക്കാൻ നന്നേ പാടുപെട്ടു….

“ചിരിക്കാൻ  മറന്ന നിമിഷങ്ങൾ  ജീവിതത്തിലെ നഷ്ടങ്ങളാണെന്ന് ” എവിടെയോ വായിച്ചിട്ടുണ്ട്…

അങ്ങനെ നോക്കുമ്പോൾ നഷ്ടങ്ങൾ തന്നെയാണ്  കൂടുതൽ…

പ്രായം നന്നേ കുറവായതു കൊണ്ട് മറ്റുള്ള ബസ് ജീവനക്കാർക്ക് എന്നോടൊരു പ്രത്യേക വാത്സല്യം ആയിരുന്നു..ചിലപ്പോൾ  എന്റെ പ്രായത്തിൽ തന്നെ  അവർക്കും സ്വപ്‌നങ്ങൾ നഷ്ടമായിരുന്നിരിക്കാം…

രാത്രി 8.30 ന് അവസാനത്തെ ട്രിപ്പ്‌ ബസ്റ്റാന്റിൽ നിന്നു പുറപ്പെട്ടു…ടിക്കറ്റ് എല്ലാം കൊടുത്തു കഴിഞ്ഞ് പിൻ സീറ്റിൽ പോയിരുന്ന് കണക്കുകൾ ശരിയാക്കുമ്പോൾ അടുത്തിരുന്ന ആൾ  ചോദിച്ചു..

“മോന്റെ പേരെന്താ?”

“അജ്മൽ..” പൈസ എണ്ണി തിട്ടപ്പെടുത്തവേ അയാളുടെ മുഖത്തു നോക്കാതെ ഞാൻ പറഞ്ഞു….

“ഒരു കാര്യം പറഞ്ഞാൽ മോൻ ദേഷ്യപ്പെടുമോ?”

അപ്പോഴാണ് ഞാൻ അയാളെ  ശ്രദ്ധിക്കുന്നത്..രാവിലെയും വൈകിട്ടും എന്നും ആ ബസിൽ വരുന്ന ആളാണ്‌..കഷണ്ടി കയറിയ തലയും  നരച്ച മീശയും. മുണ്ടും  ഷർട്ടുമാണ് വേഷം…ഒരു പ്ലാസ്റ്റിക് സഞ്ചി തോളിൽ ഇറുക്കി വച്ചിട്ടുണ്ട്…ബസ് ചാർജിനു ആവശ്യമായ കാശ് കൃത്യം ചില്ലറ  ദിനവും തരുന്ന അപൂർവം യാത്രക്കാരിൽ ഒരാൾ….

“ചേട്ടൻ പറഞ്ഞോ “.. ഞാനൊന്നു ചിരിക്കാൻ ശ്രമിച്ചു..

“ഇപ്പൊ കുറേ നാളായി  മോനെ ഞാൻ കാണുന്നു..മുഖത്തു ഒരു വല്ലാത്ത സങ്കടഭാവം..ചിലപ്പോൾ ഈ ലോകത്ത് ഒന്നും അല്ല…നിന്റെ വയസിനു ചേരാത്ത പക്വത വരുത്താൻ കഷ്ടപ്പെടുന്നത് പോലെ…നമ്മൾക്കു എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അത് മറ്റുള്ളവരുടെ മുന്നിൽ കാണിക്കരുത്..നീ ചിരിച്ചു കൊണ്ട് ജോലി ചെയ്തു നോക്ക്..നിന്റെ മുഖത്തെ ചിരി കാണുന്നവരിലും ഒരു സന്തോഷം നൽകും….”

ഞാൻ അദ്ദേഹത്തെ തന്നെ നോക്കി ഇരിക്കുകയായിരുന്നു…

“ഉപദേശിക്കുക ആണെന്ന് കരുതണ്ട…നിന്നോട് എന്തോ ഒരിഷ്ടം തോന്നി. അത് കൊണ്ട് പറഞ്ഞതാ…”

എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല..പലപ്പോഴായി സിനിമകളിലും  സീരിയലുകളിലും കണ്ടും കേട്ടും മടുത്ത കദനകഥ തന്നെയാണ് എനിക്കും…സ്വന്തം സുഖം തേടി പോയ ഉപ്പ…അസുഖങ്ങൾ കാർന്നു തിന്നുന്ന ശരീരവുമായി  ഉമ്മ..തിരിഞ്ഞു നോക്കാത്ത ബന്ധുക്കൾ…പാതി വഴിയിൽ പഠനം ഉപേക്ഷിച്ചു ജോലി എടുക്കേണ്ടി വന്ന  അവസ്ഥ…ഇതൊക്കെ എന്തിനു വേണ്ടി മറ്റൊരാളോട് പങ്കു വയ്ക്കണം?

“എന്റെ പേര് കൃഷ്ണൻ…ടൗണിൽ ചുമട്ടു തൊഴിലാളി ആണ്…എന്റെ മോള് ഈ  ബസിലാ യാത്ര ചെയ്യാറ്. അവൾക്കു നിന്നെ വല്യ ഇഷ്ടമാ..നിനക്ക് മുൻപ് ഉണ്ടായിരുന്ന കണ്ടക്ടർ വല്ലാതെ ദേഷ്യപ്പെടും, നീ ഒരു പാവം ആണെന്നൊക്കെ വീട്ടിൽ വന്നു പറയും…”

ഞാൻ അത്ഭുതപ്പെട്ടു.. എന്നെ പറ്റി ഒരാൾ നല്ലത് പറഞ്ഞിരിക്കുന്നു. അതും ഒരു പെൺകുട്ടി…ദിവസവും നൂറു കണക്കിന് സ്ത്രീകൾ യാത്ര ചെയ്യുന്ന ബസ്, അതിൽ ഒരുപാട് സുന്ദരികളും ഉണ്ട്…ആരായിരിക്കും അത്?

“ചേട്ടന്റെ, മോളോ? ഈ ബസിലോ??” ആകാംഷയോടെ ഞാൻ  ചോദിച്ചു.

“അതെ…പ്രിയദർശിനി വായനശാല സ്റ്റോപ്പിൽ നിന്നും കയറും..ഹൈ സ്കൂൾ ജംഗ്‌ഷനിൽ ഇറങ്ങും…”

പ്ലസ്ടു വരെ ഉള്ള ഗവണ്മെന്റ് സ്കൂൾ  ആണ്..അവിടെ പഠിക്കുന്ന ഒരു സുന്ദരി എന്നെ ശ്രദ്ധിക്കാറുണ്ട്..എനിക്ക് വല്ലാത്തൊരു സന്തോഷവും കുറച്ച് അഹങ്കാരവുമൊക്കെ തോന്നി തുടങ്ങി..

“മോളുടെ പേരെന്താ?”

“അപർണ..”

നല്ല പേര്…ഞാൻ മനസ്സിൽ പറഞ്ഞു..

സ്റ്റോപ്പ്‌ എത്തിയപ്പോൾ കൃഷ്ണേട്ടൻ യാത്ര പറഞ്ഞു പോയി…അന്ന് രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ…ഏതാണ് ആ പെണ്ണ്?. ഒന്ന് നേരം വെളുത്തെങ്കിൽ എന്നാശിച്ചു പോയി…

പിറ്റേ ദിവസം…വായനശാല സ്റ്റോപ്പിൽ ബസ് എത്താറായപ്പോൾ ഹൃദയം പടപടാന്ന് ഇടിച്ചു….സ്റ്റോപ്പിൽ കുറേ സ്കൂൾ കുട്ടികൾ ഉണ്ട്‌…ഇതിൽ ആരായിരിക്കും അത്? എങ്ങനെ കണ്ടു പിടിക്കും…എന്റെ ഭാഗ്യത്തിന് പെൺകുട്ടികൾ കുറവാണു..ഒരു കൗമാരക്കാരിയും  ഒരു കൊച്ചു കുട്ടിയും പിന്നെ മീൻകച്ചവടത്തിനു സ്കൂൾ ജംഗ്ഷനിൽ പോകുന്ന ചേച്ചിയും മാത്രമേ  മുൻവാതിലിൽ കൂടി  കയറിയുള്ളൂ….

കൺസഷൻ കാശ് കൈ നീട്ടി വാങ്ങുമ്പോൾ ശബ്ദം താഴ്ത്തി ഞാൻ ആ പെൺകുട്ടിയോട് ചോദിച്ചു…

“അപർണ അല്ലേ?”

അവൾ അല്ലെന്ന് തലയാട്ടി..എന്നിട്ട് പിന്നിലേക്ക് വിരൽ ചൂണ്ടി..അവിടെ കുസൃതിചിരിയോടെ എന്നെ തന്നെ നോക്കുന്ന ഒരു പത്തു വയസുകാരി..

“അതാണോ  അപർണ?”

“അതെ..”

വളരെ നാളുകൾക്കു ശേഷം ഞാൻ പൊട്ടിച്ചിരിച്ചുപോയി..സ്വയം മറന്ന്, പരിസരം മറന്ന്…യാത്രക്കാർ അമ്പരപ്പോടെ നോക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു..ഒരു സ്റ്റോപ്പ്‌ കൂടെ കഴിഞ്ഞപ്പോൾ ബസിൽ  തിരക്ക് തീരെ കുറഞ്ഞു. ഞാൻ മുൻപിലത്തെ ഡോറിനടുത്തുള്ള സീറ്റിൽ പോയിരുന്നു..എന്നിട്ട് തിരിഞ്ഞ് അപർണയെ നോക്കി..അടുത്തേക്ക് വരാൻ കൈ കാട്ടി വിളിച്ചു..സീറ്റുകളിൽ പിടിച്ചു, മെല്ലെ മെല്ലെ അവൾ എന്റെ അടുത്തേക്ക് വന്നു..ഞാൻ കുറച്ച് ഒതുങ്ങി ഇരുന്ന് അവളോട്‌ ഇരിക്കാൻ ആംഗ്യം കാണിച്ചു..തെല്ലു മടിയോടെ ആണെങ്കിലും അവൾ ഇരുന്നു..

“കൃഷ്ണേട്ടന്റെ മോള് അല്ലേ?”

അതെ എന്നർത്ഥത്തിൽ തലയാട്ടൽ.

“എത്രയിലാ പഠിക്കുന്നെ?”.

“അഞ്ചിൽ..”

“നല്ലോണം പഠിക്കാറുണ്ടോ”?

“ആം..”

“വീട്ടിൽ വേറെ ആരൊക്കെ ഉണ്ട്‌?”

“അച്ഛനും അമ്മയും മുത്തശ്ശിയും മിന്നുവും..”

“മിന്നു അനിയത്തി ആണോ?”

“ന്റെ പൂച്ചക്കുട്ടി ആണ്…”

ഡ്രൈവർ വിജയേട്ടൻ സെന്റർ ഗ്ലാസ്സിലൂടെ അത്ഭുതത്തോടെ എന്നെ നോക്കുന്നുണ്ട്. മനസ്സ് തുറന്നു ചിരിക്കുന്ന എന്നെ ആദ്യമായി കാണുന്നത് കൊണ്ടാവും…..

“എന്റെ പേര് അറിയോ മോൾക്ക്?”

“അജ്മൽ…അച്ഛൻ ഇന്നലെ പറഞ്ഞു..”

“മുൻപ് ഉണ്ടായിരുന്ന കണ്ടക്ടറേ ഇഷ്ടമല്ലായിരുന്നോ?”

“അയ്യോ, ആ  മാമൻ  വെറുതെ ചീത്ത പറയും…എനിക്ക് പേടിയാ…”

“പേടിക്കണ്ടാട്ടോ…ഇനി ആരും മോളേ ഒന്നും പറയൂല്ല..ആരെങ്കിലും ചോദിച്ചാൽ അജ്മലിന്റെ അനിയത്തി ആണെന്ന് പറഞ്ഞാൽ മതി…”

ആ കുഞ്ഞു മുഖത്തു സന്തോഷം ഒരു ചിരിയായി വിടർന്നു..സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി അവൾ  എന്നെ നോക്കി കൈ  വീശി..എന്നിട്ട് മറ്റു കുട്ടികൾക്കൊപ്പം സ്കൂളിലേക്ക് ഓടി…

***********

അപർണ എന്ന കൊച്ചു മാലാഖയുടെ കടന്നു വരവ് ജീവിതത്തെ തന്നെ മാറ്റി..ജോലിയോടുള്ള താല്പര്യക്കുറവ് ഇല്ലാതായി…അവളെ കാണാനും അവളുടെ സംസാരം കേൾക്കാനും വേണ്ടിയുള്ള കാത്തിരിപ്പായി ഓരോ ദിവസവും…എന്നും അവൾക്ക് വേണ്ടി ഓരോ ചോക്ലേറ്റ് ഞാൻ കരുതി വെക്കും..സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങും മുൻപ് ഇത്തിരി നേരം അവൾ  എന്റെ അടുത്ത് വന്നിരിക്കും..അവൾ ഇല്ലാത്ത ശനിയും ഞായറും ഒരു വല്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെടുമായിരുന്നു…ആദ്യമൊക്കെ അജ്മലേട്ടാ എന്ന് വിളിച്ചുകൊണ്ടിരുന്ന അവൾ പിന്നീട് അത് ചുരുക്കി അജൂട്ടാ  എന്നാക്കി…..

“അവക്കിപ്പോ ഞാനൊക്കെ എന്ത് വാങ്ങി കൊടുത്താലും ഒരു മൈൻഡും ഇല്ല..നിന്റെ  മിഠായി മാത്രം  മതി….എപ്പോ നോക്കിയാലും ഒരു അജൂട്ടൻ..വീട്ടിലെ പൂച്ചയോടു വരെ നിന്നെ പറ്റിയാ  സംസാരിക്കുന്നെ…”   ഒരിക്കൽ കൃഷ്ണേട്ടൻ പരിഭവം പറഞ്ഞു…

“കൂടപ്പിറപ്പുകള് ആരും എനിക്കില്ല കൃഷ്ണേട്ടാ…ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് കൊതിച്ചിട്ടുണ്ട്..ഇപ്പോഴാ പടച്ചോൻ ഒരാളെ  തന്നത്…കണ്ണ് വെക്കല്ലേ…”

“നീ ഒരു ദിവസം വീട്ടിലേക്ക് വാ…” സ്നേഹത്തോടെ തോളിൽ തട്ടികൊണ്ട് കൃഷ്ണേട്ടൻ പറഞ്ഞു….

************

തീരെ വയ്യാത്തത് കാരണം ഉമ്മയെയും കൊണ്ട്  ആശുപത്രിയിൽ പോയതായിരുന്നു ഞാൻ..ഡോക്ടറുടെ റൂമിനു മുന്നിൽ ഇരിക്കുമ്പോൾ ഫോൺ അടിച്ചു..അറിയാത്ത ഏതോ  നമ്പർ..

“ഹലോ അജൂ…ഞാനാ കൃഷ്ണേട്ടനാ..”

“ആ കൃഷ്ണേട്ടാ പറഞ്ഞോ…”

“നീ സുഖമില്ലാത്തത് കൊണ്ട് ലീവ് ആക്കി എന്ന് മറ്റേ കണ്ടക്ടർ പറഞ്ഞു..അതാ  അങ്ങേരോട് നമ്പർ വാങ്ങി വിളിച്ചത്.എന്ത് പറ്റിയതാ..?”

“എനിക്കല്ല കൃഷ്ണേട്ടാ..ഉമ്മയ്ക്കാണ്..തലകറക്കം..അതാ ലീവ് ആക്കിയത്.”

“എന്നിട്ട് ഇപ്പൊ ഉമ്മയ്ക്ക് എങ്ങനുണ്ട്..?”

“ഇവിടെ ആശുപത്രിയിലാ ഉള്ളത്..ഡോക്ടർ വന്നിട്ടില്ല…”

“നീ വിഷമിക്കണ്ട കെട്ടോ…ഞാൻ അങ്ങോട്ട് വരണോ…”?

“അയ്യോ അതൊന്നും വേണ്ട കൃഷ്ണേട്ടാ….മോളോട് ഒന്ന് പറഞ്ഞേക്കാവോ…എന്നെ കാണാതെ ചിലപ്പോൾ അവള് വിഷമിക്കും,.”

“രാത്രിക്ക് ഞാൻ  വീട്ടിലെത്തിയിട്ട് ഫോൺ വിളിക്കാം, നീ  സംസാരിച്ചോ…” കൃഷ്ണേട്ടൻ ഫോൺ വച്ചു..

“ആരാ മോനേ?”.. തളർച്ചയോടെ ഉമ്മ ചോദിച്ചു..

“ഞാൻ പറഞ്ഞിട്ടില്ലേ ഉമ്മാ അപ്പുമോളെ കുറിച്ച്? അവളുടെ അച്ഛനാ…കൃഷ്ണേട്ടൻ..എന്നെ കാണാഞ്ഞത് കൊണ്ട് വിളിച്ചതാ…”

ഉമ്മ ആശ്ചര്യത്തോടെ  എന്നെ തന്നെ നോക്കി..

“എന്താ ഉമ്മാ?”

“നീ ഒരുപാട് മാറിപ്പോയി അജൂ…ഇങ്ങനെ സന്തോഷത്തോടേം പ്രസരിപ്പോടേം നിന്നെ ഇത് വരെ കണ്ടിട്ടില്ല..അതാ  എന്റെ പേടിയും..ആരെയും ഒരുപാട് സ്നേഹിക്കരുത് മോനേ…ഒരുദിവസം അവർ നമ്മളെ വിട്ടുപോയാൽ താങ്ങാൻ പറ്റൂല…”

ഞാൻ മെല്ലെ ഉമ്മയെ ചേർത്തു പിടിച്ചു.

അന്ന് രാത്രി വീട്ടിൽ എത്തിയ ശേഷം ഞാൻ  കൃഷ്ണേട്ടന്റെ ഫോണിലേക്ക് വിളിച്ചു…ഒറ്റബെൽ അടിഞ്ഞു തീരും മുൻപ് അപ്പുറത്തു എടുത്തു…കാത്തിരുന്ന പോലെ…പക്ഷേ ഒന്നും മിണ്ടുന്നില്ല.

“ഹലോ അപ്പുമോളെ…”

“ഉം..” ഒരു മൂളൽ മാത്രം…

“പിണക്കമാണോ?”

“ആ…”

“എന്തിനു?”

“ഇന്നെന്റെ പിറന്നാളായിരുന്നു…അജൂട്ടന് തരാൻ വേണ്ടി കൊറേ ചോക്ലേറ്റ് ഒക്കെ ബാഗിലിട്ടാ വന്നത്….എന്നോട് പറയാതെ പോയില്ലേ?..മിണ്ടൂല..”

“അങ്ങനെ പറയാതെടാ അപ്പുക്കുട്ടാ..എന്റെ അമ്മയ്ക്ക് അസുഖം ആയത് കൊണ്ടല്ലേ…?നാളെ വരാംട്ടോ… “

“അജൂട്ടന്റെ അമ്മേടെ അസുഖം മാറിയോ?”

“ഇപ്പൊ കുറവുണ്ട്…”

“നാളെ വരണേ….”.

“ആ വരാം…”

ഫോൺ കട്ട് ആയി….

**********

മുൻപിലെ സീറ്റിൽ അപർണയുടെ അടുത്തിരുന്ന്  ചോക്ലേറ്റ് ആസ്വദിച്ചു കൊണ്ട് അവളുടെ പിറന്നാൾ വിശേഷങ്ങൾ  ആസ്വദിക്കുകയായിരുന്നു ഞാൻ..ട്രഷറിയുടെ  സ്റ്റോപ്പിൽ നിന്നും ഒരു മധ്യവയസ്കൻ മുൻപിലെ ഡോർ വഴി ചാടിക്കയറി…ചവിട്ടു പടിയിൽ നിന്നു തന്നെ  അയാൾ കാശിടുത്തു നീട്ടി..

“ഒരു ഹൈസ്കൂൾ ജംഗ്ഷൻ…”

ടിക്കറ്റും ബാക്കി കാശും  നീട്ടുമ്പോഴാണ് ഞങ്ങൾ  രണ്ടുപേരും പരസ്പരം കണ്ടത്..

“ഭാസ്കരൻ മാഷ്…” ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു..

“അജ്മലേ, നീ?? നീയെന്താ  ഇങ്ങനെ?” മാഷ് അമ്പരപ്പോടെ ചോദിച്ചു,…

അപർണ ഞങ്ങളെ  രണ്ടു പേരെയും മാറി മാറി നോക്കി..അവൾക്ക് ഒന്നും മനസ്സിലായില്ല.

“ഇപ്പോ ഇതാ മാഷേ പണി…” തെല്ലൊരു വേദനയോടെ ഞാൻ പറഞ്ഞു…

എട്ടാം ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാർത്ഥിക്കുള്ള സമ്മാനവും വാങ്ങി സ്റ്റേജിൽ നിന്നിറങ്ങിയ എന്നെ ചേർത്തു പിടിച്ചു കൊണ്ട് ലൈബ്രറി കെട്ടിടത്തിലേക്ക് നടക്കുന്ന ഭാസ്കരൻ മാഷിനെ ഞാൻ മനസ്സിൽ കണ്ടു…മഞ്ഞ പെയിന്റടിച്ച ആ ലൈബ്രറി മുറിയുടെ ചുവരിൽ ഞാൻ  വരച്ച  അംബേദ്‌കറുടെ ചിത്രത്തിൽ നോക്കി ഒരു നിമിഷം മാഷ് നിന്നു..വർണകടലാസ്സിൽ പൊതിഞ്ഞ ഒരു ഗിഫ്റ്റ് എനിക്ക് തന്നു കൊണ്ട് തലയിൽ കൈ വച്ച്  മാഷ് പറയുന്നു..

“എനിക്ക് ഉറപ്പുണ്ട്…നീ  ജീവിതത്തിൽ  നല്ലോരു നിലയിൽ എത്തും…പഠനവും കലയും ഒരുപോലെ കൊണ്ടു പോകണം..എത്രത്തോളം പഠിക്കാമോ അത്രയും പഠിക്കണം…അജ്മലിന്റെ അദ്ധ്യാപകൻ ആയിരുന്നു എന്ന് അഭിമാനത്തോടെ  എനിക്ക് പറയാൻ പറ്റണം…”

ആ ലൈബ്രറി എന്റെ സ്വൈര്യവിഹാര കേന്ദ്രമായിരുന്നു…പഴയപുസ്തകങ്ങൾ തുറക്കുമ്പോഴുള്ള മണം ഒരു ല ഹരിയും…എന്റെ സംശയങ്ങൾക്കുള്ള ഉത്തരമെല്ലാം ഭാസ്കരന്മാഷ് തീർത്തു തന്നത് അവിടെ വച്ചായിരുന്നു…യൂണിഫോം വാങ്ങാനും പുസ്തകങ്ങൾ വാങ്ങാനുമൊക്കെ കാശു തന്നും സഹായിച്ചിട്ടുണ്ട്….

ഓർമകൾക്ക് തടയിട്ട് കൊണ്ട് മാഷുടെ സങ്കടത്തോടെ ഉള്ള ചോദ്യം..

“എന്താ കുട്ടീ ഇത്? ഞാൻ  വിചാരിച്ചു നീ  ഏതെങ്കിലും കോളേജിൽ പഠിക്കുന്നുണ്ടാവും എന്ന്…”

“തോറ്റു പോയവർക്കും ജീവിക്കണ്ടേ മാഷേ?”

ബസ് ഹൈസ്കൂൾ സ്റ്റോപ്പിൽ നിന്നു…

“പഠിപ്പിച്ച എല്ലാ കുട്ടികളുടെയും മുഖമൊന്നും ഓർമ ഇല്ല..പക്ഷെ നിന്റെ പെരുമാറ്റവും കഴിവുകളുമൊക്കെ ഇന്നും ഓർക്കുന്നുണ്ട്…ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു..ഇവിടെ തോറ്റത് നീയല്ലല്ലോ മോനേ..? ഞാനല്ലേ?..എന്നെ നീ തോൽപിച്ചു കളഞ്ഞു…”

ഡോർ തുറന്ന് തലകുനിച്ചു നടന്നു പോകുന്ന ആ  മനുഷ്യനെ ചങ്കു തകരുന്ന വേദനയോടെ ഞാൻ നോക്കി നിന്നു…സങ്കടത്തിൽ  എന്റെ കൈയിൽ ഒന്ന് തൊട്ടിട്ട്, മനസ്സില്ല മനസ്സോടെ അപ്പുമോളും ഇറങ്ങി…കണ്ണുനീർപാളിക്ക്‌ കനം കൂടി വന്ന് കാഴ്ച മറഞ്ഞു…

************

ഓണാവധി ആയതു കൊണ്ട് അപർണയെ കാണാൻ പറ്റിയിരുന്നില്ല. വീണ്ടും വിരസമായ ദിവസങ്ങൾ..എന്നും രാത്രി കൃഷ്ണേട്ടന്റെ ഫോണിൽ  അവളെ വിളിച്ചു സംസാരിക്കും..ആ കൊഞ്ചൽ കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ…

തിരുവോണത്തിന് തലേ നാൾ…നാടും നഗരവും ഉത്രാടപ്പാച്ചിലിൽ ആണ്….ബസ്സിൽ നല്ല തിരക്ക്…

ഉച്ചക്ക് ടൗണിലേക്ക് പോകുന്ന ട്രിപ്പിൽ കൃഷ്ണേട്ടന്റെ കൂടെ  അപർണയും അവളുടെ അമ്മയും കയറി..ഞാൻ അടുത്തെത്തിയപ്പോൾ അവൾ എന്റെ കയ്യിൽ പിച്ചി….അമ്മ അവളെ പിന്നോട്ട് വലിച്ചു…

“അടങ്ങി നിൽക്ക് മോളേ…” അവർ  ശാസിച്ചു..

“അമ്മേ ഇതാ അജൂട്ടൻ..” ആഹ്ലാദത്തോടെ ഉള്ള പരിചയപ്പെടുത്തൽ.

“ഇതാണല്ലേ ആള്….ഉറക്കത്തിൽ വരെ ഈ പേര് പറയും…” അവർ  ചിരിച്ചു..

“എങ്ങോട്ടാ? എല്ലാരും കൂടി?”

“കുറച്ചു സാധങ്ങൾ  വാങ്ങണം..പിന്നെ ഒന്ന് വെറുതെ കറങ്ങണം… ” കൃഷ്ണേട്ടനാണ് മറുപടി പറഞ്ഞത്….

ബസിൽ തിരക്കായത് കൊണ്ട് അധികം സംസാരിക്കാൻ  സമയം കിട്ടിയില്ല..ബസ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ അവൾ  മെല്ലെ എന്റെ അടുത്ത് വന്നു…

“അജൂട്ടാ…നാളെ വീട്ടിലേക്ക് വരണേ…”

“നാളെ പറ്റില്ല അപ്പൂസേ…വേറെ ഒരു ദിവസം വരാം..”…അവളുടെ മുഖം വാടി.

അവളെന്തോ പറയാൻ തുടങ്ങവേ  കൃഷ്ണേട്ടൻ വിളിച്ചു…

“മോളേ, വാ..ബാക്കി വിശേഷം രാത്രി പറയാം…അജൂ, ഏട്ടരമണിക്ക് ഞങ്ങൾ ഉണ്ടാവും…..

അവർ തിരക്കിനിടയിൽ ലയിച്ചു ചേർന്നപ്പോൾ ഞാൻ ബസ്റ്റാൻഡിനു അടുത്തുള്ള ടെക്സ്റ്റയിൽ ഷോപ്പിലേക്ക് ഓടിപ്പോയി ആൾക്കൂട്ടത്തിനിടയിലൂടെ ഇടിച്ചു കയറി…

“ചേട്ടാ ബസ് വിടാറായി…ഒരു പെൺകുട്ടിക്ക് പറ്റിയ ഉടുപ്പ് വേഗം എടുത്തു തരാമോ?”

“എത്ര വയസ്സ് ഉള്ള കുട്ടിയാ?” കടയിലെ ചേട്ടൻ ചോദിച്ചു..

“പത്ത്, പതിനൊന്നു വയസ്സ് ഉണ്ടാകും..”

“ഏത് മോഡൽ ഡ്രസ്സാ വേണ്ടത്?”

ആ  ചോദ്യത്തിൽ ഞാൻ  വെട്ടിലായി..എനിക്ക് അങ്ങനെ ആർക്കും ഡ്രസ്സ്‌ എടുത്ത് കൊടുത്തിട്ട് ശീലമില്ല..പെരുന്നാളിനും മറ്റും ഉമ്മാക്ക് സാരിയോ, നൈറ്റിയോ വാങ്ങും..അത്രയേ ഉള്ളൂ….

മുന്നിൽ കൂമ്പാരമായി ഇട്ടിരിക്കുന്ന ഡ്രെസ്സുകളിൽ ഏത് മോഡൽ തിരഞ്ഞെടുക്കും?..ഒരെത്തും പിടിയും കിട്ടുന്നില്ല..അടുത്ത ട്രിപ്പിനുള്ള സമയവും ആകുന്നു….പെട്ടെന്ന് ആ തിരക്കിനിടയിൽ പെട്ട് ഞെരുങ്ങുന്ന ഒരു പെൺകുട്ടിയെ കണ്ടു…അവൾക്ക് നേരെ കൈ ചൂണ്ടി  സെയിൽസ്മാനെ നോക്കി..

“ഇത് പോലത്തെ….”

“സജീറെ, ഒരു മിഡിയും ടോപ്പും..11 വയസ്സ്..” അയാൾ കുറച്ചു അപ്പുറത്ത് നിൽക്കുന്ന പയ്യനെ നോക്കി വിളിച്ചു പറഞ്ഞു…ഡ്രസ്സ്‌ പാക്ക് ചെയ്തു വാങ്ങി കാശും കൊടുത്ത് തിരിച്ചു ബസ്റ്റാന്റിലേക്ക് ഓടിയപ്പോൾ നിറയെ ആളുകളുമായി ബസ് ട്രാക്കിൽ നിന്നും മുന്നോട്ട് എടുക്കുകയാണ്..

“എവിടെ പോയി കിടക്കുകയായിരുന്നെടാ..”?..ക്ളീനർ മണി ചേട്ടൻ  ചൂടായി…ഞാൻ ചാടി കയറി , പാക്കറ്റ് ഡ്രൈവർ സീറ്റിന് മുകളിലുള്ള ചെറിയ കേബിനിൽ വച്ചു…

“എന്താടാ  അത്?” ഡ്രൈവർ വിജയേട്ടൻ ചോദിച്ചു..

“ഒരു കുപ്പായം “

“ആ കൊച്ചിനായിരിക്കും അല്ലേ?..പണിയെടുക്കുന്ന കാശൊക്കെ ഇങ്ങനെ ചുമ്മാ കളഞ്ഞോ..അവസാനം കരയേണ്ടി വരും…”

ഞാനൊന്നും മിണ്ടിയില്ല,…ആ കൊച്ച് എനിക്ക് എത്രമാത്രം പ്രാധാന്യം ഉള്ളതാണെന്ന് ഇവർക്ക് മനസ്സിലാവില്ല..കാരണം ഇവരെയൊക്കെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട്…

രാത്രിയിലെ ട്രിപ്പിൽ അപർണയും കൃഷ്ണേട്ടനും ഭാര്യയും  കൈയിൽ കുറേ കവറുകളുമായി ബസിൽ കയറി…നല്ല തിരക്ക് ആയതു കാരണം സീറ്റ് കിട്ടിയില്ല…അമ്മയും മകളും ഡ്രൈവറുടെ നേരെ പുറകിലേക്ക് കയറി നിന്നു…അവർക്കിറങ്ങേണ്ടതിന്റെ മൂന്ന് സ്റ്റോപ്പ്‌ ഇപ്പുറം ആയപ്പോഴേക്കും  കൂട്ടമെല്ലാം ഒഴിഞ്ഞു…കൃഷ്ണേട്ടൻ പിന്നിൽ നിന്നും എന്റെ അടുത്തേക്ക് വന്നു..

“നാളെ തിരുവോണം ആണ്..വീട്ടിലേക്ക് ഉണ്ണാൻ വരണം..”

“അയ്യോ കൃഷ്ണേട്ടാ, നാളെ എനിക്ക് ലീവ് ഇല്ല…ഓണം ആയതു കൊണ്ട് ആരെയും പകരം കിട്ടുകയുമില്ല…”.

കൃഷ്ണേട്ടന് അവസ്ഥ മനസ്സിലായി…ഞാൻ മെല്ലെ മുൻപോട്ട് നടന്നു..അമ്മയുടെ മടിയിൽ ഇരിക്കുകയാണ് അപർണ…ഞാൻ വാങ്ങി വച്ചിരുന്ന ഡ്രസ്സ്‌ എടുത്ത് അവൾക്കു നീട്ടി..

“എന്താ ഇത്?” അവൾ കൗതുകത്തോടെ  ചോദിച്ചു..

“വീട്ടിലെത്തിയിട്ട് തുറന്ന് നോക്കിയാൽ മതി..”..

അവൾ തലയാട്ടി…

***********

തിരുവോണം ആയത് കൊണ്ട് ഉച്ചവരെ ബസിൽ വലിയ കലക്ഷൻ ഒന്നും കിട്ടിയില്ല…വായനശാല സ്റ്റോപ്പിൽ എത്തിയപ്പോൾ കൃഷ്ണേട്ടൻ  കയ്യിലൊരു സഞ്ചിയുമായി നിൽക്കുന്നുണ്ടായിരുന്നു. കൂടെ ഞാൻ വാങ്ങിക്കൊടുത്ത ഡ്രെസ്സും ധരിച്ച്  അപർണയും…കൃഷ്ണേട്ടൻ സഞ്ചി എനിക്ക് തന്നു…ഫോൺ വിളിചോളാം എന്ന് കൈകൊണ്ടു കാണിച്ചു…അപർണ ചിരിച്ചു കൊണ്ട് നിന്നതേ ഉളളൂ..

വണ്ടി കുറച്ചു മുന്നോട്ട് ചെന്നപ്പോൾ തന്നെ കൃഷ്ണേട്ടന്റെ ഫോൺ വന്നു..

“നിങ്ങള് മൂന്നു പേർക്കുള്ള ഭക്ഷണം അതിലുണ്ട് മോനേ”…

“എന്തിനാ കൃഷ്ണേട്ടാ  ഇതൊക്കെ..”

“സാരമില്ലെടാ…ഞങ്ങളുടെ ഒരു സന്തോഷം..” ടൗണിൽ എത്തി ബസ് പാർക്ക്‌ ചെയ്തപ്പോൾ വിജയേട്ടനെയും മണിയേട്ടനെയും കൂട്ടി ഉണ്ണാനിരുന്നു..പായസം ഉൾപ്പെടെ ഉള്ള ഓണസദ്യ ആയിരുന്നു അതിൽ…കഴിച്ചു കൊണ്ടിരിക്കവേ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ കണ്ണുകൾ നിറഞ്ഞു…ഇറ്റ് വീഴാറായ കണ്ണുനീർ തുള്ളി, ഇടം കൈ കൊണ്ട് മെല്ലെ തുടയ്ക്കുന്നത് വിജയേട്ടൻ കണ്ടു..

“ഒരു പച്ചമുളക് കടിച്ചു…” ഞാൻ ചമ്മലോടെ പറഞ്ഞു…

“ഉവ്വ്…നീ ഇനിയും കുറേ മുളക് കടിക്കും…”

***********

ജീവിതം എത്ര പെട്ടെന്നാണ് ഗതിമാറി ഒഴുകുന്നത്.

തുലാവർഷം ക്രോധം പൂണ്ട ഒരു ദിവസം..അവസാനത്തെ ട്രിപ്പ്‌ ആളുകൾ തീരെ  കുറവാണ്…വൈപ്പർ മര്യാദക്ക് പ്രവർത്തിക്കുന്നില്ല എന്ന് വിജയേട്ടൻ പരാതി പറയുന്നുണ്ട്..ഗ്ലാസ്സിലൂടെ കാഴ്‌ചകൾ അവ്യക്തമാകുന്നു..കൃഷ്ണേട്ടനോട് എന്തോ ചോദിക്കാൻ ഞാൻ  എഴുന്നേറ്റാതണ്. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ ബസ് ആടി ഉലഞ്ഞു..എന്താണ്  സംഭവിക്കുന്നതെന്നു മനസിലാകുന്നതിനു മുൻപേ റോഡിന്റെ ഇടതു വശത്തെ വെള്ളക്കെട്ടിലേക്ക് ബസ് മലക്കം മറിഞ്ഞു വീണു…കമ്പിയിൽ ശക്തമായി തല അടിച്ചു ബോധം പോകുന്നതിനിടെ  കുറേ ആർത്തനാദങ്ങളും  ഇരച്ചു കയറുന്ന വെള്ളത്തിന്റെ ശബ്ദവും മാത്രം കാതുകളിൽ മുഴങ്ങി….

**************

അബോധാവസ്ഥയുടെ രണ്ടാഴ്ചക്കാലം ആശുപത്രിയിൽ പിന്നിട്ട ശേഷം കണ്ണ് തുറന്നു..വേദനിപ്പിക്കുന്ന പലതും കാത്തു നിൽക്കുന്നുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്..ഡ്രൈവർ വിജയേട്ടനും  കൃഷ്ണേട്ടനും പിന്നെ വേറെ ഒരാളും  ആ അപകടത്തിൽ മരണപ്പെട്ടിരുന്നു…ശരീരത്തിന്റെ വേദനയെക്കാൾ  മനസ്സിന്റെ മുറിവുകൾ അസഹനീയം ആയി….ഒന്ന് അപർണയുടെ വീട്ടിലേക്ക് പോകാൻ  മനസ്സ് കൊതിച്ചു…കെട്ടിതൂക്കിയ ഇടംകാലും രണ്ടു വിരലുകൾ അറ്റ് പോയ കയ്യും വെല്ലുവിളിയോടെ എന്നെ നോക്കി…

*************

മാസങ്ങൾ പിന്നെയും കഴിഞ്ഞു…മെല്ലെ മെല്ലെ നടക്കാൻ സാധിച്ചു തുടങ്ങിയ ഒരു ദിവസം  ഒരു ഓട്ടോയും പിടിച്ചു ഉമ്മയെയും കൂട്ടി അപർണയുടെ  വീട്ടിലേക്ക് പോയി…

“മോനേ..നീ  അവിടെ പോയാൽ കരഞ്ഞേക്കരുത്…അത് അവരെ കൂടുതൽ വിഷമിപ്പിക്കും…” എന്റെ കൈതണ്ടയിൽ മുറുകെ പിടിച്ചു ഉമ്മ പറഞ്ഞു…

വായനശാലയുടെ അടുത്ത് എത്തി വഴി ചോദിച്ചു. ഒരാൾ കാണിച്ച് തന്ന വഴിയിലൂടെ കുറച്ചു പോയപ്പോൾ ഓടിട്ട ഒരു കൊച്ചു വീടിനു മുൻപിൽ നിൽക്കുന്ന അപർണയെ കണ്ടു..ഓട്ടോ ആ മുറ്റത്തേക്ക് കയറി..എങ്ങോട്ടോ പോകാൻ തയ്യാറായി നിൽക്കുന്ന അപർണയും അവളുടെ അമ്മയും മുത്തശ്ശിയും..കുറച്ചു പ്രായമുള്ള ഒരാൾ  വാതിൽ പൂട്ടുന്നു..എന്നെ കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു..വേദനയിൽ ചാലിച്ചെടുത്ത ഒരു പുഞ്ചിരി..ഉമ്മ നേരെ ചെന്നു അവളുടെ അമ്മയുടെ കൈയിൽ പിടിച്ചു..അവർ കരയാൻ തുടങ്ങി..നഷ്ടങ്ങളുടെ വേദന നന്നായി അറിയുന്ന രണ്ടു സ്ത്രീകൾ..ഞാൻ അവളുടെ അടുത്ത് മുട്ടുകുത്തി ഇരുന്നു..അവളുടെ കൈയിൽ ഒരു പൂച്ചകുഞ്ഞ് ഉണ്ട്‌….

“അജൂട്ടാ…ഞങ്ങള് പോവാ..”

“എങ്ങോട്ട്?”

“മാമന്റെ കൂടെ…” വാതിൽ പൂട്ടി പുറത്തിറങ്ങുന്ന ആളെ ചൂണ്ടികാണിച്ചു അവൾ പറഞ്ഞു…

എങ്ങോട്ടാ എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു…പക്ഷേ മനസിലിരുന്ന് ആരോ  വിലക്കി…

“അജൂട്ടനെ ഒരു ദിവസം ഇങ്ങോട്ട് കൊണ്ടുവരണം എന്ന് അച്ഛൻ എപ്പോഴും പറയും…ഇപ്പൊ വന്നപ്പോൾ അച്ഛൻ ഇല്ല.” അവളുടെ കണ്ണ്നീർ പൊഴിഞ്ഞു പൂച്ചകുഞ്ഞിന്റെ  മേൽ വീണു..

“അജൂട്ടൻ എന്നെ കാണാൻ വന്നല്ലോ..അത് മതി..എനിക്ക് ഒരു ഹെല്പ് ചെയ്യോ…മിന്നുവിനെ  കൂടെ കൂട്ടാൻ മാമൻ  വിടൂല്ല..അജൂട്ടൻ  എടുത്തോ…പാവമാ…”

അടക്കിപ്പിടിച്ച കരച്ചിൽ പൊട്ടി ഒഴുകിയപ്പോൾ ഞാനെന്റെ കുഞ്ഞുമാലാഖയെ നെഞ്ചോടു ചേർത്തു…അത് വരെ ഉണ്ടായതൊന്നും നഷ്ടങ്ങളേ ആയിരുന്നില്ല…ഇതായിരിക്കും എന്റെ ഏറ്റവും വലിയ നഷ്ടം..അവർ കയറിയ  കാർ കണ്മുന്നിൽ നിന്നും മെല്ലെ മറഞ്ഞു…കൈയിൽ ഇരുന്ന മിന്നു മെല്ലെ ഒന്ന് കരഞ്ഞു….ഉമ്മ അടുത്ത് വന്നു ചേർത്തു പിടിച്ചു….

“സാരമില്ല മോനേ…ഇതൊക്കെ തന്നാ  ജീവിതം…ആരൊക്കെയോ വരും..കുറേ സ്നേഹിക്കും..പിന്നെ അങ്ങ് പോകും.അതാ  ഉമ്മ പണ്ടേ പറഞ്ഞത്, ആരെയും അധികമായി  സ്നേഹിക്കരുത്..നമ്മളെ പോലുള്ളവർക്ക് വേദനകളേ ഉണ്ടാവൂ…എന്റെ മോൻ വിഷമിക്കണ്ട…ഒരുനാൾ എല്ലാം ശരിയാവും….

**************

ട്രെയിനിന്റെ ചൂളം വിളി ചിന്തകളിൽ  നിന്നും ഉണർത്തി…റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയാണ്…പോക്കറ്റിൽ നിന്നു ഫോൺ അടിച്ചു…ഫരീദ ആണ്…

“ട്രെയിൻ കേറിയോ?”

“ഇല്ല..”

“അവിടെ ചെന്ന ഉടനെ വിളിക്കണം കെട്ടോ..വീഡിയോ കാൾ  ചെയ്‌താൽ മതി…ഞാനും  വന്നേനെ..പക്ഷേ കടയുടെ കാര്യം നോക്കാൻ ആളു വേണ്ടേ??”

“ഞാൻ വിളിച്ചോളാം..”

“ദേ മോൾക്ക് എന്തോ പറയാനുണ്ട്…”

“വാപ്പാ എപ്പോഴാ തിരിച്ചു വരിക?” അഞ്ചു വയസുകാരി ഫിദ ചോദിച്ചു…

“രണ്ടു ദിവസത്തിനുള്ളിൽ വരും…”

“വേഗം വരണേ…ഈ  ഉമ്മച്ചി വെറുതെ വഴക്ക് പറയും..”

“ആഹാ കണ്ടോ, ഇവൾ ഇപ്പോഴെ പരാതി പറയാൻ  തുടങ്ങി….ഇനി രണ്ടു മൂന്നു ദിവസം ഉമ്മച്ചി മാത്രമേ ഉണ്ടാവൂ…അതോർമ്മ വേണം…” ഫരീദയുടെ പരിഭവം കലർന്ന ശബ്ദം….

“എടീ…ട്രെയിൻ വന്നു..ഞാൻ പിന്നെ വിളിക്കാം..”

“സൂക്ഷിച്ചു പോണേ…”. ആവലാതിയോടെ പറഞ്ഞ് അവൾ ഫോൺ വച്ചു…റിസർവേഷൻ ചെയ്ത സീറ്റ് കണ്ട് പിടിച്ചു ഇരുന്നപ്പോൾ പിന്നാലെ തന്നെ കയറിയ ഒരു ചെറുപ്പക്കാരൻ എതിർവശത്തു ഇരുന്നതിന് ശേഷം എന്നെ നോക്കി പുഞ്ചിരിച്ചു….

“ചേട്ടൻ അപ്പൂസ് ബേക്കറി ആൻഡ് കൂൾ ബാറിലെ….” അവൻ ശങ്കയോടെ ചോദിച്ചു..

“അതെ…എന്റെ കടയാണ്…”

“എവിടെ പോകുവാ…?”

“ചെന്നൈ…”

കുറച്ചു നേരത്തെ ഇടവേളക്ക് ശേഷം അവൻ  വീണ്ടും ചോദിച്ചു…

“വെറുതെ പോകുന്നതാണോ?”.

“എന്റെ അനിയത്തി അവിടാ താമസിക്കുന്നെ…”

അവൻ പിന്നൊന്നും ചോദിക്കാൻ മിനക്കെട്ടില്ല…ഫോണെടുത്തു messenger ഓപ്പൺ ആക്കി, ഒരായിരം വട്ടം  വായിച്ച മെസ്സേജ് ഒന്നൂടെ വായിച്ചു..

“അജൂട്ടാ..ഇത് ഞാനാ  അപ്പുമോൾ…എത്ര കാലമായി അജൂട്ടനെ തേടുന്നു? എത്രയോ വട്ടം  ഞാൻ നാട്ടിൽ വന്നു…ആർക്കും അജൂട്ടൻ എവിടെ ആണെന്നറിയില്ല..ഉമ്മ മരിച്ചതിനു ശേഷം എങ്ങോട്ടോ പോയെന്നു മാത്രം ആരോ പറഞ്ഞു…പിന്നെ എന്റെ ജീവിതവും ഒരുപാട് മാറിപ്പോയി..പഠിത്തം, ജോലി, വിവാഹം, വിദേശ വാസം…ഉത്തരവാദിത്തങ്ങൾ കൂടിയപ്പോഴും അജൂട്ടൻ മനസ്സിൽ തന്നെ ഉണ്ടായിരുന്നു…ഇന്നലെ ആണ് മനുവേട്ടൻ-എന്റെ ഹസ്ബൻഡ് ഫേസ്ബുക്കിൽ പുതിയതായി തുടങ്ങിയ  അജൂട്ടന്റെ അക്കൗണ്ട് കണ്ടുപിടിച്ച് എനിക്ക് കാണിച്ചു തന്നത്…സത്യമായിട്ടും സന്തോഷം കൊണ്ട് ഞാൻ ഒത്തിരി കരഞ്ഞു…എന്നെ ഒന്ന് കാണാൻ വരാമോ? എനിക്ക് വരണം എന്നുണ്ട് പക്ഷേ രണ്ടാമത്തെ ഡെലിവറി കഴിഞ്ഞു..ബെഡ് റസ്റ്റ്‌ ആണ്…ഞാനിപ്പോ ചെന്നൈയിൽ ഉണ്ട്‌…അഡ്രസ്സ് ഇടാം…എന്നെ വിളിക്കണ്ട.. നേരിൽ വന്നാൽ മതി..വരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു…”

ഒരു ദീർഘനിശ്വാസത്തിന് ശേഷം ഞാൻ ആ പ്രൊഫൈൽ പിക് നോക്കി…ഒരു സുന്ദരനായ ചെറുപ്പക്കാരന്റെയും ഒരാൺകുട്ടിയുടെയും കൂടെ നിൽക്കുന്ന സുന്ദരിപ്പെണ്ണ്…അത് എന്റെ അപ്പുമോൾ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..പതിനെട്ടു വർഷങ്ങൾ  വരുത്തിയ മാറ്റം…എനിക്കും ഒരുപാട് പറയാനുണ്ട് മോളേ..ഉമ്മയുടെ മരണം, നാടുവിടൽ, അലച്ചിൽ..വർഷങ്ങളുടെ കഷ്ടപ്പാടുകൾക് ഒടുവിൽ സ്വന്തമായി ഒരു കട..നിനക്ക് ശേഷം ദൈവം എന്നിലേക്ക് അയച്ച മാലാഖാമാർ ആയ  എന്റെ ഭാര്യ, മകൾ…അങ്ങനെ ഒരുപാട് വിശേഷങ്ങൾ…ഞാൻ  വരുന്നു..നിന്നെ കാണാൻ…മെല്ലെ കണ്ണുകൾ അടച്ചു…

സ്കൂൾ ബാഗും തൂക്കി, ഒരു കൈയിൽ ചോക്ലേറ്റും പിടിച്ച് ഒരു പത്തു വയസുകാരി തുള്ളിച്ചാടി പോകുന്നത് ഞാൻ കണ്ടു…..

പതിനെട്ടു വർഷങ്ങളിലെ  സ്നേഹത്തിന്റെ ഭാരവും പേറി ചെന്നൈ മെയിൽ യാത്രയായി….

ശുഭം ❤❤❤