കറുപ്പൻ
Story written by Arun Karthik
=========
ഞാൻ മാത്രമെന്താണമ്മേ കറുത്ത് പോയതെന്ന് ഞാനമ്മയോട് ചോദിക്കുമ്പോൾ കറുപ്പിനാണ് മോനെ ഏഴഴക് എന്നു പറഞ്ഞു അമ്മ എന്റെ കവിളിൽ തലോടുമായിരുന്നു.
വെളുത്ത നിറമുള്ള ചേട്ടനും ചേച്ചിയും കളിയാക്കുന്നതിനേക്കാൾ എന്നെ കൂടുതൽ വിഷമിപ്പിച്ചിരുന്നത് കൂടെയുള്ള കുട്ടികളുടെ എടാ കാക്കകറുമ്പാന്നു വിളി കേൾക്കുമ്പോഴായിരുന്നു.
മൂന്നിൽ വച്ച് ക്ളാസിലെ കുട്ടികൾ കൈകോർത്തു വട്ടം നിന്ന് കളിക്കാനിറങ്ങിയപ്പോൾ അന്നാട്ടിലെ മുന്തിയ തറവാട്ടിലെ സുന്ദരിപെണ്ണിന്റെ കൈ കോർത്തു പിടിക്കാൻ ചെന്ന എന്നോട് മാറിനിൽക്കടാ കറുമ്പൻ ചെറുക്കാ ന്നൊരു ആട്ടാണ് കിട്ടിയത്.
എന്നെ മാറ്റി നിർത്തി പകരം ഒരു വെളുമ്പൻ ചെറുക്കനെ അവളുടെ കൈവെള്ളയിലേക്ക് ടീച്ചർ കൈ കോർത്തു കൊടുക്കുമ്പോൾ അവളോട് ദേഷ്യമോ ടീച്ചറോട് പകയോ തോന്നിയിരുന്നില്ല. പക്ഷേ…എന്റെ തേച്ചാലും മാച്ചാലും മാറാത്ത ആ എണ്ണകറുപ്പിനോട് എണ്ണിയാലൊടുങ്ങാത്ത അറപ്പും വെറുപ്പും ആയിരുന്നു.
നല്ല നിറമുള്ള കുട്ടികൾക്ക് ഗർഭവസ്ഥായിൽ കുങ്കുമപൂവും ജനിക്കുമ്പോൾ തേനും വയമ്പും സ്വർണവുമൊക്ക അരച്ചു കലക്കി കൊടുത്ത കഥയൊക്കെ കേൾക്കുമ്പോൾ ഏഴുമാസത്തിനു ശേഷവും എന്നെയും ഉദരത്തിലാക്കി പാടത്തും പറമ്പിലും പൊരിവെയിലത്തു പണിയെടുത്ത അമ്മയുടെ കഥയായിരുന്നു എനിക്കു പറയാനുണ്ടായിരുന്നത്.
ഗൾഫിലുള്ള അമ്മാവൻ നാട്ടിൽ ലീവിനു വരുമ്പോൾ മാലാഖയേ പോലുള്ള ചേച്ചിയേയും വെളുത്തു തുടുത്ത ചേട്ടനെയും എടുത്തു കൊഞ്ചിക്കുമ്പോഴും ലാളിക്കുമ്പോഴും, എന്നെയൊന്നു തൊടാനോ സംസാരിക്കാനോ പോലും വരാതിരുന്നത് കാണുമ്പോൾ എന്റെ കണ്ണു നിറഞ്ഞു വരുമായിരുന്നു.
സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ സങ്കടം കണ്ടു കൂട്ടുകാരന്റെ ഉപദേശപ്രകാരം ദേഹം വെളുക്കാൻ മഞ്ഞൾ വാരി തേച്ചപ്പോൾ എന്റെ കഷ്ടകാലത്തിനു അയലത്തെ കൃഷ്ണേട്ടൻ അതു കണ്ടുപിടിച്ചു.
എന്തിനാടാ വെറുതെ ആ മഞ്ഞളും കൂടി കറുപ്പിച്ചുകളയുന്നതെന്ന ചോദ്യവും പാസ്സാക്കി പിന്നെ അങ്ങാടിയിൽചെന്ന് പരസ്യവുമാക്കിയപ്പോൾ നാണക്കേട് മൂലം ഒരാഴ്ചയാണ് അതിന്റെ പേരിൽ ഞാൻ വീടിനു വെളിയിൽ ഇറങ്ങാതിരുന്നത്.
നാട്ടുകാരും കൂട്ടുകാരും പിന്നെകുറെ നാളേക്ക് മഞ്ഞൾ കറുമ്പനെന്ന് വിളി തുടങ്ങിയപ്പോൾ പലപ്പോഴും ഒപ്പിടാൻ നേരം മാത്രമാണ് ഞാനെന്റെ യഥാർത്ഥ പേരു പോലും ഓർത്തെടുത്തിരുന്നത്.
ഗ്രൗണ്ടിലെ വെയിലത്തു കളിക്കാനിറങ്ങുമ്പോൾ തലയിൽ വയ്ക്കാൻ ഒരു തൊപ്പി തരാമോന്നു ചോദിച്ചതിന് എതിർകളിക്കാർ പറയുമായിരുന്നു നിന്റെ ഗ്യാരണ്ടികളർ ആണെടാ കറുമ്പ അത് തൊപ്പി വച്ചാലൊന്നും മാറില്ലെന്ന്…
ചേട്ടനും ചേച്ചിയ്ക്കും സെലക്ട് ചെയ്തു ഡ്രസ്സ് മേടിച്ചു തന്നിരുന്ന അമ്മാവൻ എനിക്കും ഒരു കറുത്ത ഷർട്ട് മേടിച്ചു തന്നിരുന്നു. നിന്റെ നിറത്തിന് ഇതാണ് നല്ലതെന്നു പറഞ്ഞു അമ്മാവൻ പരിഹസിക്കുമ്പോഴും എനിക്ക് സങ്കടമൊന്നും തോന്നിയിരുന്നില്ല.
പക്ഷേ അത് ധരിച്ചു പുറത്തേക്കു ഇറങ്ങുന്ന എന്നെനോക്കി ഒരു ടോർച് കൂടി വേണോടാ നിന്നെ കണ്ടുപിടിക്കാനെന്നു നാട്ടുകാർ പറയുമ്പോൾ അത് തിരിച്ചു കൊണ്ടിട്ടു പഴയൊരു ഷർട്ട് എടുത്തു ഇടുമ്പോൾ ഉള്ളിലെ സങ്കടം ഞാൻ കടിച്ചമർത്തുമായിരുന്നു.
അമ്മാവന്റെ മകളുടെ കല്യാണത്തലേന്നു വിറക് കൊണ്ടു വരാനും തേങ്ങ പൊതിക്കാനും പന്തൽ പുറം പണിയൊക്കെ എന്നെ വിളിച്ച് ഏൽപ്പിക്കുമ്പോൾ മനസ്സിൽ അമ്മാവനോട് സന്തോഷം തോന്നിയിരുന്നു.
പക്ഷേ, ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ചെന്ന എന്നെ പിടിച്ചു മാറ്റി നിന്റെ ഫോട്ടോ ഇക്കൂട്ടത്തിൽ വേണ്ട വേറെ എടുത്തു തരാമെന്നു പറയുമ്പോൾ എന്റെ നിറം തന്നെയാണതിന് കാരണമെന്ന് എനിക്ക് രണ്ടാമതൊന്നുകൂടി ആലോചിക്കേണ്ടി വന്നില്ല.
പ്ലസ് ടുവിന് പഠിക്കുമ്പോൾ പ്രണയം പോയിട്ട് ഒരു പെണ്ണുമായി ഫ്രണ്ട്ഷിപ് പോലുമില്ലാതിരുന്ന എനിക്ക് എന്റെ കൂട്ടുകാരന്റെ കാമുകിയുടെ സ്വരം ഫോണിലൂടെ കേൾപ്പിക്കുമ്പോൾ ഞാനും കൊതിക്കുമായിരുന്നു എന്നെ സ്നേഹിക്കാനും ഒരു പെണ്ണുണ്ടായിരുന്നെങ്കിലെന്ന്…
സഹപാഠിയുടെ കറുമ്പാന്നുള്ള വിളിയും ദേഹത്തെ തോണ്ടലും അസഹനീയമായപ്പോൾ വലതുകൈ ചുരുട്ടി അവന്റെ മൂക്കിനിടിച്ചു ചോ ര വന്നപ്പോൾ ഒരാഴ്ചയാണ് ആ പേരിൽ എനിക്ക് സസ്പെൻഷൻ കിട്ടിയത്.
ഇനിയും ഈ കറുമ്പ വിളി കേൾക്കാനായി പഠിക്കാൻ പോണില്ലെന്ന് പറഞ്ഞു ഞാനെന്റെ അമ്മയുടെ മടിത്തട്ടിൽ കിടന്നു കരഞ്ഞപ്പോൾ എന്തു പറയണമെന്നറിയാതെ അമ്മ എന്റെ തീരുമാനത്തിന് സമ്മതം മൂളുന്നുണ്ടായിരുന്നു.
പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു തലയിൽ സിമെന്റ്ചാക്ക് ഏറ്റുവാങ്ങി രാജൻ മേസ്തിരിയുടെ കൂടെ പണിയ്ക്കിറങ്ങുമ്പോഴും പുറത്തുചുട്ടു പൊള്ളുന്ന വെയിലുണ്ടായിരുന്നു. ഉച്ചിയിലടിക്കുന്ന സൂര്യനെ നോക്കി ഞാൻ അപ്പോഴും പറയുന്നുണ്ടായിരുന്നു ഇത് ഗ്യാരണ്ടികളറാണെന്നു, എത്ര വെയിലടിച്ചാലും ഇത് മാറൂലാന്ന്…..
രണ്ടാമത്തെ ആഴ്ച എന്നെ പഠിപ്പിച്ച ക്ലാസ്സ്സാറിന്റെ വീട്ടിൽ ചട്ടിയും തൂമ്പയുമായി ചെന്നു കയറുമ്പോൾ എന്റെ കയ്യിൽ നിന്നും അത് പിടിച്ചു വാങ്ങി തിരിച്ചു പഠിക്കാൻ വരണമെന്ന് സാർ പറഞ്ഞത് കേട്ട് നിസ്സഹായതയോടെ ഞാൻ തലതാഴ്ത്തി നിന്നു.
എന്റെ മനസ്സ് മനസിലാക്കിയെന്നോണം സാറ് പറഞ്ഞു നിറത്തിലല്ല കഴിവിലാണ് വിശ്വാസം വേണ്ടതെന്ന്..
നശ്വരമായ ദേഹത്തെ നോക്കി വിലപിക്കാതെ അനശ്വരമായ കഴിവുകളെ പുറത്തെടുക്കാൻ വിദ്യാഭ്യാസം തുടരണമെന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ടോ എനിക്ക് ആ വാക്കുകൾ നിഷേധിക്കാനാകുമായിരുന്നില്ല…
പല മഹാന്മാരും തൊലിയുടെ നിറം നോക്കി വിലപിച്ചിരുന്നെങ്കിൽ ഇന്ന് ഈ കാണുന്ന ചരിത്രമൊന്നും സൃഷ്ടിക്കാനാകുമായിരുന്നില്ലെന്ന് സാറെന്നെ ഉപദേശിക്കുമ്പോൾ എനിക്ക് അതൊരു രണ്ടാം ജന്മത്തിനുള്ള തുടക്കമായിരുന്നു..
തിരിച്ചു വന്ന് വാശിയോടെ പഠിക്കുമ്പോൾ കറുമ്പനെന്ന വിളി എന്നെ സ്പർശിച്ചതേയില്ല. സാറിന്റെ ഉപദേശവും എന്റെ കഠിനാധ്വാനവും നല്ല രീതിയിൽ വിനിയോഗിച്ചപ്പോൾ ഉയർന്ന ജോലി തന്നെ എന്നെ തേടിയെത്തി.
സഹപ്രവർത്തകരുടെ ആദരവും പിന്തുണയും വീട്ടിൽ നിന്നുള്ള സ്നേഹവും എനിക്കു ലഭിച്ചപ്പോൾ നാട്ടുകാർക്കിടയിൽ ഈ കറുമ്പൻ അവരുടെ കറുത്ത മുത്ത് ആയി മാറുകയായിരുന്നു..
ഒടുവിൽ സാമ്പത്തികമായി തകർന്ന അമ്മാവൻ ഇളയ മകളെ എനിക്കായി ആലോചിച്ചതും ചിലപ്പോൾ കാലത്തിന്റെ തിരിച്ചടിയായി എനിക്ക് തോന്നിയെങ്കിലും അവരോടു എനിക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു.
ദൈവം തരുന്ന നിറത്തെ പുച്ഛിച്ചു തള്ളരുത്. ഞാൻ അതിനെ അതിജീവിച്ചു മുന്നേറിയെങ്കിലും അതിനെ പരിഹസിച്ചു തള്ളുന്ന നിങ്ങളെ പോലത്തെ സമൂഹത്തെ അഭിമുഖീകരിക്കാനാവാതെ ഒരുപാട് കറുമ്പൻമാർ ഇപ്പോഴും ജീവിക്കുന്നുണ്ടാവും….അവരുടെ കഴിവും ആത്മവിശ്വാസവുമാണ് നിങ്ങൾ ഇല്ലാതാക്കുന്നത്….
അമ്മാവന്റെ സമീപത്തു നിന്നിരുന്ന മകളെ നോക്കി ഞാൻ പറഞ്ഞു, നിന്നെപോലെ നിറമുള്ള പെണ്ണിനെ ഒരുകാലത്തു ഞാനും സ്വപ്നം കണ്ടിരുന്നു. പക്ഷെ ഇപ്പോൾ എനിക്കു കൂട്ടായി ഒരു കറുമ്പിപെണ്ണിനെ മതി….കാരണം ഞാൻ നിറമല്ല മനസ്സാണ് സ്നേഹിക്കുന്നത്….
എന്റെ നിറത്തിൽ അഭിമാനം തോന്നിയ സമയമായിരുന്നു അത്..തിരികെ വീടിനുള്ളിലേക്ക് കയറി ചുമരിലെ തൂക്കിയിട്ടിരുന്ന കണ്ണാടിയിൽ നോക്കി ചെറുചിരിയോടെ ഞാൻ പതിയെ പറഞ്ഞു.
“ഈ കറുമ്പൻ ആളൊരു കുറുമ്പനാണെന്ന്……”
~കാർത്തിക് (19/01/2021)