സ്നേഹാലയത്തിന്റെ പടികൾ ഇറങ്ങുമ്പോൾ കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരിയോടെ അവൾ  എനിക്ക് നേരെ കൈകൾ വീശി…

അനിയത്തിക്കുട്ടി…

Story written by Keerthi S Kunjumon

=========

“ഉണ്ണ്യേട്ടാ…എന്നോടൊന്ന് മിണ്ട് ഉണ്ണ്യേട്ടാ…ഞാൻ അറിയാതെ വിളിച്ചതാ…..”

“ഇനി ഞാനങ്ങനെ വിളിക്കൂല്ല, സത്യായിട്ടും വിളിക്കൂല്ല…കണ്ണന്റെ ഓടക്കുഴലാണ്, മഞ്ചാടിക്കുരുവാണ്‌ സത്യം…”

കണ്ണ് നിറച്ചു , വിങ്ങിപ്പൊട്ടി അമ്മൂട്ടൻ അത് പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്ന് നീറിയെങ്കിലും, ഞാനാ കള്ള പിണക്കം വെറുതെ തുടർന്നു….

“സീതമ്മേ, ഈ ഉണ്ണ്യേട്ടനോട് ഒന്ന് മിണ്ടാൻ പറ…എന്നോട് പിണങ്ങി… “

“അച്ഛാ, ഉണ്ണ്യേട്ടൻ അമ്മുനോട് പിണങ്ങി…”

അവൾ അച്ഛനോടും അമ്മയോടും പരിഭവങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങി….

“എന്തിനാ ഉണ്ണ്യേ…നീ ന്റെ കുട്ട്യോട് പിണങ്ങിയെ??  അവളുടെ സങ്കടം കണ്ടില്ലേ നീയ്…”

“ആ അപ്പൂന്റെയും മാളൂന്റെയും കൂടെ കൂടി ഇവളും എന്നെ കളിയാക്കി..ചെകിടൻ ന്ന് വിളിച്ചു “

അതുകേട്ട് സീതമ്മയുടെയും അച്ഛന്റെയും മുഖം മ്ലാനമായി…

“ഞാൻ അറിയാതെ വിളിച്ചതാ സീതമ്മേ,  അപ്പുവേട്ടനും മാളുവേച്ചിം വിളിച്ചപ്പോ…നിക്ക് അറീല്ലാർന്നു  കളിയാക്കണതാ ന്ന്….. “

അതും പറഞ്ഞവൾ ചിണുങ്ങിയപ്പോൾ ഞാൻ മനസ്സിലാക്കിയിരുന്നു. ആറ് വയസ്സിന്റെ അറിവില്ലായ്മയിൽ നിന്നുള്ള വിളി മാത്രമാണതെന്ന്…ഈ ചെകിട് പൊട്ടനെ ആരൊക്കെ ആ പേരിൽ കളിയാക്കിയാലും ന്റെ അമ്മൂട്ടൻ അങ്ങനെ വിളിക്കില്ലെന്ന്…

“അമ്മുമോള് എന്തിനാ ഏട്ടനെ അങ്ങനെ വിളിച്ചേ…അവന് സങ്കടാവില്ലേ…മോള് കണ്ടിട്ടില്ലേ ഉണ്ണിക്കുട്ടന്റെ ഒരു ചെവിയലെ ആ യന്ത്രം…നമ്മൾ പറയണതെല്ലാം അവൻ കേൾക്കുന്നില്ലേ…അപ്പൊ ആ കുട്ട്യോള് വിളിക്കണ കേട്ട് നീയും കൂടെ അങ്ങനെ വിളിക്കല്ലേ അമ്മുവേ….”

സീതമ്മയുടെ വാക്കുകൾ കേട്ട് അമ്മു കരഞ്ഞു കൊണ്ട് സിസ്റ്ററമ്മയുടെ മുറിയിലേക്ക് ഓടി…

കുട്ട്യോള് കുരുത്തക്കേട് കാണിക്കുമ്പോ പേടിപ്പിക്കാൻ, സിസ്റ്ററമ്മ കരുതിവെച്ച ചൂരൽ  എന്റെ കയ്യിൽ കൊണ്ടോന്ന്, “ഉണ്ണ്യേട്ടൻ ന്നെ തല്ലിക്കൊ, അപ്പോ പിണക്കം തീരൂല്ലേ….എന്നാലും മിണ്ടാതിരിക്കല്ലേ ഏട്ടാ” എന്ന് പറയുമ്പോൾ ആ ഉണ്ടക്കണ്ണുകളിൽ നിന്നും കുടുകുടാ കണ്ണുനീർ ഒലിച്ചിറങ്ങി…

അതിൽ കൂടുതൽ എനിക്ക് പിണക്കം കാണിക്കാൻ കഴിഞ്ഞില്ല…ആ ചൂരൽ വാങ്ങി ദൂരെക്ക് വലിച്ചെറിഞ്ഞുകൊണ്ട്  അവളെ ചേർത്ത് പിടിച്ചു ആ കുഞ്ഞിക്കവിളിലും നെറ്റിമേലും തുരുതുരാ ഉമ്മ വെയ്ക്കുമ്പോൾ, മനസ്സിൽ ഒരായിരം തവണ ഞാൻ പറഞ്ഞു… “ന്റെ അമ്മൂട്ടനെ ഒന്ന് നുള്ളി നോവിക്കാൻ പോലും ഈ ഏട്ടനാവില്ല…ന്റെ കുട്ട്യോട് ഒരു പരിഭവവും ഇല്ല എനിക്ക്…”

*************

ഓർമവെച്ച നാൾ മുതൽ ഈ സ്നേഹാലയത്തിന്റെ നാല് ചുവരുകളും ഇവിടുത്തെ സിസ്റ്ററമ്മയും  മറ്റ് അന്തേവാസികളുമാണ് എല്ലാ സ്നേഹവും സന്തോഷവും നൽകിയത്…കൂടെ കളിച്ചുവളർന്ന കുട്ടികൾ ചെകിടൻ എന്ന് കളിയാക്കുമ്പോൾ  ആ ശ്രവണ സഹായി വലിച്ചെറിഞ്ഞു, ഒറ്റക്ക് മാറിയിരുന്ന് കരഞ്ഞിട്ടുണ്ട് പലപ്പോഴും..അപ്പോഴൊക്കെ ഉള്ളിലെ അനാഥൻ എന്ന ബോധം തികട്ടി വരും…

പക്ഷെ ആരോ തെരുവിൽ വലിച്ചെറിഞ്ഞ ആ ചോ.ര കുഞ്ഞുമായി സിസ്റ്ററമ്മ സ്നേഹാലയത്തിൽ വന്ന നാൾ മുതൽ ഞാൻ ഒറ്റക്ക് അല്ലെന്നൊരു തോന്നൽ വന്നു തുടങ്ങി…ആ കുഞ്ഞു കളിചിരികളിൽ, എന്നിലെ ഏഴ് വയസ്സുകാരന്റെ സങ്കടങ്ങൾ  അലിഞ്ഞില്ലാതെ ആയി….അങ്ങനെ അവളെന്റെ അമ്മൂട്ടനായി…

പിന്നെ ഒരുനാൾ സീതമ്മയും അച്ഛനും സ്നേഹാലയത്തിന്റെ പടികടന്നു വന്നു…ഹൃദ്രോഗിയായ ഭർത്താവിന് വേണ്ടി സീതമ്മ ഒരുപാട് കഷ്ടപ്പെട്ടു…വീടും സർവ്വ സ്വത്തുക്കളും വിറ്റ് ചികിത്സനടത്തി…ഒടുവിൽ അദ്ദേഹം  ജീവിതത്തിലേക്ക് പതിയെ തിരികെ വരാൻ തുടങ്ങുമ്പോഴേക്കും, കിടക്കാടം നഷ്ടപ്പെട്ടിരുന്നു…

ഒരു ആശ്രയം തേടി ഈ സ്നേഹാലയത്തിൽ എത്തിയ അവർ എന്ന് തൊട്ടാണ് ഞങ്ങൾക്ക് അച്ഛനമ്മമാർ ആയതെന്നുപോലും ഓർമ്മയില്ല…പക്ഷെ അന്ന് മുതൽ  ജീവിതത്തിൽ സ്വന്തം എന്നൊരു തോന്നൽ വന്നു…ഞാനും അമ്മൂട്ടനും സനാഥരായി…..

ഏത് ദിവസത്തെ ഞാൻ ഏറെ ഭയപ്പെട്ടിരുന്നോ ആ ദിവസം വന്നെത്തി….പതിനഞ്ച് വയസ്സായ ഓരോ ആൺകുട്ടിയെയും സ്നേഹാലയത്തിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിക്കുമായിരുന്നു…അതിലൊരാളായി ഞാനും മാറിയ ആ ദിവസം…

എന്നെ വേർപിരിയുന്ന കാര്യം ഓർത്തിട്ടാവണം, ഒരാഴ്ച്ചയായി എന്റെ അമ്മൂട്ടൻ ആകെ വിഷമത്തിൽ ആയിരുന്നു..ഞാനും അധികം മിണ്ടാതെ ആയി…

പക്ഷെ ഇന്നവൾ ഒരു ചിത്രശലഭത്തെ പോലെ പാറിപ്പറന്നു നടക്കുന്നു..മുഖത്ത് ആ പഴയ സങ്കടം ഒന്നുമില്ല…എനിക്ക് പോകാൻ വസ്ത്രങ്ങളും പുസ്തകങ്ങളും അടുക്കി വെക്കാൻ എന്നേക്കാൾ മുന്നെ ആവേശത്തോടെ നിൽക്കുന്നവളെ കണ്ട് എന്റെ നെഞ്ച് വിങ്ങി…

“ന്നെ പിരിയാൻ അമ്മൂട്ടന് പറ്റുന്നോ…എങ്ങനെ ഇങ്ങനെ സന്തോഷായി ഇരിക്കാൻ ന്റെ കുട്ടിക്ക് കഴിയുന്നു..”

എന്റെ കൺകോണിൽ പടർന്ന നനവ് ഒളിപ്പിക്കാൻ തിരിഞ്ഞുനടന്നപ്പോൾ എന്റെ കൈകളിൽ  സീതമ്മ പിടുത്തമിട്ടു…നിറഞ്ഞു തുളുമ്പിയ എന്റെ കണ്ണുകളെ ഒപ്പി, ആ നെഞ്ചോട് ചേർത്തണക്കുമ്പോൾ,  ദൂരെ മാറി നിന്ന അച്ഛന്റെ കണ്ണിലും നോവ് പടർന്നു….അമ്മൂട്ടൻ മാത്രം അപ്പോഴും കളിചിരികളുടെ നടക്കുമ്പോൾ, അച്ഛൻ പറയുന്നുണ്ടാർന്നു…

“കുറച്ചു നാൾ കഴിഞ്ഞു നീ പഠിച്ചു മിടുക്കനായി, ജോലിയൊക്കെ വാങ്ങി വന്ന് അമ്മുനെയും അച്ഛനേം അമ്മയേം കൂട്ടിക്കൊണ്ട് പോകും…ഇപ്പൊ അതുകൊണ്ട് ഉണ്ണിക്കുട്ടൻ പഠിക്കാൻ പോകുമ്പോ കരയരുത്…അപ്പൊ സന്തോഷയായിട്ട് ഏട്ടനെ പറഞ്ഞുവിടണം…എന്നൊക്കെ ഞങ്ങൾ അമ്മുമോളോട് പറഞ്ഞു ഉണ്ണ്യേ…. “

“പാവം ന്റെ കുട്ടി, കരയാതെ നിനക്ക് വേണ്ടി സന്തോഷായിരിക്കാ… “

പിറ്റേന്ന് പോകാനൊരുങ്ങുമ്പോൾ, അമ്മൂട്ടൻ എന്റെ കൺവെട്ടത്ത് പോലും വന്നില്ല..അവളെ ഒരുനോക്ക് കാണാതെ പോകാൻ എന്റെ മനസ്സ് അനുവദിച്ചില്ല..

അമ്മൂട്ടാ എന്ന് വിളിച്ചു സ്നേഹാലയത്തിന് ചുറ്റും നടന്ന് ആ മാഞ്ചോട്ടിൽ ഞാൻ എത്തുമ്പോൾ,  അവിടെ ഒരു കടലാസ്സ് നെഞ്ചോട് ചേർത്ത് അവൾ കൂനിക്കൂടി ഇരിപ്പുണ്ടായിരുന്നു…അടുത്ത് ചെന്ന് ആ മുഖം പിടിച്ചു ഉയർത്തുമ്പോൾ,  ആ ചോന്ന് തുടുത്ത കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി…

ആ കടലാസ്സ് എനിക്ക് നേരെ നീട്ടി അവൾ പറഞ്ഞു, “എന്നെ മറക്കല്ലേ ഉണ്ണ്യേട്ടാ…. “

അതിൽ അമ്മൂട്ടൻ വരച്ച എന്റെയും അവളുടെയും  ചിത്രമായിരുന്നു….കണ്ണീരാൽ പടർന്ന മഷിയിൽ നിന്നും  ‘എന്റെ ഉണ്ണ്യേട്ടന് ‘ എന്ന് ഞാൻ വായിച്ചെടുക്കുമ്പോൾ,  അവൾ എന്റെ നെഞ്ചോട് ചേർന്ന് വിങ്ങിപ്പൊട്ടി…

“ന്റെ അമ്മൂട്ടനെയും സീതമ്മേയും അച്ഛനെയും കൂട്ടാൻ ഈ ഏട്ടൻ വരും മോളെ…നിങ്ങളെ ഒക്കെ മറന്ന് എനിക്കൊരു നല്ല നാൾ ഉണ്ടാവില്ല ” എന്ന് പറഞ്ഞോപ്പിക്കുമ്പോഴേക്കും എന്റെ വാക്കുകൾ സങ്കടത്താൽ മുറിഞ്ഞു പോയിരുന്നു…

സ്നേഹാലയത്തിന്റെ പടികൾ ഇറങ്ങുമ്പോൾ കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരിയോടെ അവൾ  എനിക്ക് നേരെ കൈകൾ വീശി…പക്ഷെ എന്റെ കാഴ്ച്ചയെ മറക്കുംവിധം കണ്ണുകൾ വികൃതി കാട്ടി….

പിന്നെയൊരു കാത്തിരിപ്പായിരുന്നു,  ക്രിസ്മസ് കാലത്തിനായി….അമ്മൂട്ടനെയും, സീതാമ്മേം, അച്ഛനേം കാണാൻ വേണ്ടി…അന്ന് ആ ദിവസം അമ്മൂട്ടാ എന്ന് വിളിച്ചു സ്നേഹാലയത്തിലേക്ക് ചെല്ലുമ്പോൾ ഉള്ളിൽ പറഞ്ഞറീക്കാനാകാത്ത ആവേശമായിരുന്നു….

പക്ഷെ എന്റെ വിളികൾക്കൊന്നും മറുപടി ലഭിച്ചില്ല…എല്ലാവരും നിശബ്ദത പാലിച്ചപ്പോൾ  സീതമ്മയായിരുന്നു ആ സത്യം എന്നോട് പറഞ്ഞത്…..

എന്റെ അമ്മൂട്ടനെ ഒരു സമ്പന്ന കുടുംബം  ദത്തെടുത്തു…അവളെ എനിക്ക് ഉടനെ കാണണം എന്ന് വാശിപിടിച്ചു അലറിയപ്പോൾ സീതമ്മ എന്നെ സമാധാനിപ്പിക്കാൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു….

“അവളെന്നും നിന്റെ അനിയത്തികുട്ടിയാ..കുറച്ചു നാൾ കഴിയട്ടെ, നമുക്ക് പോയി കാണാം”  എന്ന ആ വാക്കുകളിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു, എന്റെ അമ്മൂട്ടൻ ഇന്ന് മറ്റാരുടെയോ സ്വന്തം ആണെന്ന്…എനിക്കിനി അവളിൽ യാതൊരു അവകാശവും ഇല്ലെന്ന്…

പിന്നീട് പരിശ്രമങ്ങളുടെ നാളുകൾ ആയിരുന്നു….നല്ല രീതിയിൽ പഠനം പൂർത്തിയാക്കിയപ്പോൾ, പിന്നെ ലക്ഷ്യം ശാശ്വതമായൊരു ജോലിയായിരുന്നു….ബാങ്കിൽ ജോലി ലഭിച്ച ദിവസം, വീണ്ടും സ്നേഹാലയത്തിൽ ചെന്ന്, സീതമ്മയുടെയും അച്ഛന്റെയും അനുഗ്രഹം വാങ്ങി മടങ്ങുമ്പോൾ അവർക്ക് ഒരു വാക്ക് കൊടുത്തിരുന്നു…അടുത്ത വരവിൽ അവർ ഇരുവരും എന്റെ ഒപ്പം ഉണ്ടാകുമെന്ന്…

അത് സഫലീകരിച്ചു കൊണ്ട് സ്നേഹാലയത്തിൽ നിന്ന് ഞാൻ അവരെ ഞങ്ങളുടെ പുതിയ വീട്ടിലേക്ക് കൊണ്ടു വന്നു….

ഈ കഴിഞ്ഞ പതിനഞ്ചു കൊല്ലവും ഞാൻ അമ്മൂട്ടന്റെ എല്ലാ ഉയർച്ചയും സന്തോഷവും കണ്ട് അവളറിയാതെ അവൾക്കൊപ്പം ഉണ്ടായിരുന്നു…അവളുടെ നല്ല ഭാവിക്കായി, എന്നിലെ ഏട്ടന്റെ മനസ്സിനെ ഞാൻ  കുഴിച്ചുമൂടി….

എന്നാൽ കഴിഞ്ഞ ദിവസം സിസ്റ്ററമ്മ വിളിച്ചിരുന്നു….

“ന്റെ അമ്മൂട്ടന്റെ വിവാഹമാണത്രെ….അവൾ വന്നിരുന്നു…എല്ലാരേയും ക്ഷണിച്ചു…എന്നെയും സീതമ്മയെയും അച്ഛനെയും അവൾ മറന്നില്ല, പ്രത്യേകം ക്ഷണിച്ചു..ഒരുപാട് അന്വേഷിച്ചത്രേ…. “

അച്ഛനേം അമ്മയേം ഈ വിവരം അറീക്കുമ്പോൾ,  ആ നാല് മിഴികളിൽ ആനന്ദാശ്രുക്കൾ തുളുമ്പുന്നത് ഞാൻ അറിഞ്ഞു…

“നമുക്ക് പോകണ്ടേ ഉണ്ണ്യേ…ന്റെ കുട്ട്യേ ആ വേഷത്തിൽ എനിക്കൊന്ന് കൺകുളിർക്കെ കാണണം…അവൾ സുമംഗലി ആകുന്ന നിമിഷം ദൂരെ നിന്നെങ്കിലും മനസ്സറിഞ്ഞൊന്ന് പ്രാർത്ഥിക്കണം”

സീതമ്മ അത് പറയുമ്പോൾ അച്ഛനും അത് ഏറെ ആഗ്രഹിക്കുന്നു എന്ന് എനിക്ക് തോന്നി…..

ആ വലിയ വിവാഹ മണ്ഡപത്തിന് മുന്നിൽ അലങ്കരിച്ച ആഡംബര കാറിൽ നിന്നും സർവാഭരണ വിഭൂഷിതയായി അവൾ ഇറങ്ങിയപ്പോൾ തന്നെ മനസ്സിൽ ആനന്ദം അലതല്ലി… 

“ഇത് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ഉള്ള വഴിയാണ്..നിങ്ങളെ പോലെ ഉള്ളവർക്ക് അപ്പുറം സർവാണി സദ്യ വിളമ്പുന്നുണ്ട്..വേണേൽ അത് ഞണ്ണീട്ട് പോകാൻ നോക്ക് കിളവാ…ഓസിന് കിട്ടുന്നിടത്തൊക്കെ ആളാകാൻ ഓരോന്ന് ഇറങ്ങിക്കോളും “

എന്ന് പറഞ്ഞു സെക്യൂരിറ്റി അച്ഛനെ പിടിച്ചു തള്ളിയപ്പോൾ, അരിശം ഇരച്ചു കയറി…പക്ഷെ പെട്ടന്ന് അമ്മൂട്ടന്റെ മുഖം ഓർത്തപ്പോൾ ചുരുട്ടിയ മുഷ്ടി അയഞ്ഞു…സീതമ്മയുടെ ഈറനണിഞ്ഞ കണ്ണുകൾ കണ്ടപ്പോൾ പിന്നെ അവിടെ നില്ക്കാൻ തോന്നിയില്ല….

“വാ നമുക്ക് പോകാം…ദൂരെ നിന്നെങ്കിലും ഒരു നോക്ക് കാണാൻ കഴിഞ്ഞല്ലോ….അതുകൊണ്ട് സംതൃപ്തിപ്പെടാം….എന്നും ഈ മൂന്നു മനസ്സിന്റെ പ്രാർത്ഥനകൾ അവളോടൊപ്പം ഉണ്ടാകും “

മനസ്സിൽ ഒരായിരം വട്ടം എന്റെ നിർഭാഗ്യത്തെ ശപിച്ചുകൊണ്ട് തിരിഞ്ഞു നടന്നപ്പോൾ, അച്ഛൻ പിന്നിൽ നിന്നും വിളിച്ചു…

“ഉണ്ണ്യേ…നമ്മുടെ അമ്മുമോൾടെ വിവാഹം അല്ലെ…ഒരുപിടി ചോറ് കഴിച്ചിട്ട് പോകാം…അതെന്റെ ഒരു അഗ്രഹാ…നീ എതിര് പറയരുത്… “

മറുത്തൊന്നും പറയാതെ ഞങ്ങൾ ആ സർവാണി സദ്യയിൽ പങ്കുചേരുമ്പോൾ എന്റെ മനസ്സ് പറയുന്നുണ്ടാർന്നു….

“അല്ലേലും, ഞങ്ങൾക്ക് ഉചിതമായ സ്ഥാനം ഇവിടെ തന്നെ…ആരോരുമില്ലാത്തവരല്ലേ…”

പെട്ടന്ന് അവിടേക്ക് എന്റെ അമ്മൂട്ടനും വരനും കടന്ന് വന്നു..നിറഞ്ഞുതുളുമ്പിയ കണ്ണുകളെ മറക്കാൻ ഞാൻ പ്രയാസപ്പെടുമ്പോൾ,  അവൾ എനിക്കരികിൽ എത്തി..സദ്യ വിളിമ്പുമ്പോൾ ഞാൻ ആ മുഖത്ത് തന്നെ കണ്ണെടുക്കാതെ നോക്കിയിരുന്നപ്പോൾ, അവളും തിരിച്ചു നോക്കി ഒന്ന് പുഞ്ചിരിച്ചു..ആ  ചിരി എന്റെ മനസ്സ് നിറച്ചു…എന്നെ മനസ്സിലാകാതെ അവൾ കടന്ന് പോയി…

പക്ഷെ അച്ഛനും സീതമ്മക്കും അരികിൽ എത്തിയ എന്റെ അമ്മൂട്ടൻ പൊടുന്നനെ സ്തംഭിച്ചു പോയി…മുഖത്തെ പുഞ്ചിരി, അടക്കിപിടിച്ച തേങ്ങലുകൾക്ക് വഴിമാറി…ഒടുവിൽ ആർത്തലച്ചു കരഞ്ഞുകൊണ്ടവൾ ആ കാലുകളിൽ വീഴുമ്പോൾ, സീതമ്മ അവളെ എഴുന്നേൽപ്പിച്ചു മാറോടണച്ചു…അച്ഛൻ ആ നെറുകയിൽ തലോടി….

“ശ്രീയേട്ടാ, ഞാൻ പറഞ്ഞിട്ടില്ലേ ഇതാണെന്റെ സീതമ്മയും അച്ഛനും” എന്ന് പറഞ്ഞുകൊണ്ട് അവൾ അവരെ വരന് പരിചയപ്പെടുത്തി…പെട്ടന്ന് ചോദ്യഭാവത്തിൽ, ‘ഏട്ടൻ??’ എന്ന് തിരക്കിയപ്പോൾ അച്ഛൻ എനിക്ക് നേരെ വിരൽ ചൂണ്ടി…

എന്റെ നിറഞ്ഞു തുളുമ്പിയ മിഴികൾ മതിയായിരുന്നു, ന്റെ അമ്മൂട്ടന് ഈ നെഞ്ചിലേക്ക് ഓടിവന്നണയാൻ….ഉണ്ണ്യേട്ടാ എന്ന് വിളിച്ചു എന്റെ നെഞ്ചിൽ വീണവൾ പൊട്ടിക്കരയുമ്പോൾ, ന്റെ അമ്മൂട്ടൻ ആ പഴയ ആറ് വയസ്സുകാരി ആയി മാറി…

“ശ്രീയേട്ടാ…ന്റെ ഉണ്ണ്യേട്ടൻ…ഇതാ ന്റെ ഉണ്ണ്യേട്ടൻ എന്ന് അവൾ വിങ്ങിപ്പൊട്ടി പറയുമ്പോൾ,  അയാളുടെ കണ്ണുകളും നിറഞ്ഞു…”

ഒടുവിൽ ഞങ്ങൾ, അവർ ഇരുവരുടെയും വലത് കരങ്ങൾ ചേർത്ത് വെച്ച്, നെറുകയിൽ തൊട്ട് പ്രാർത്ഥിച്ചപ്പോൾ ചുറ്റും കൂടി നിന്നവരും കണ്ണീർ വാർത്തു…

~കീർത്തി എസ് കുഞ്ഞുമോൻ