മുറച്ചെറുക്കൻ…
Story written by Praveen Chandran
============
“ഏട്ടാ ഏട്ടനെന്നോട് ഒട്ടും ദേഷ്യമില്ലല്ലോ അല്ലേ?എട്ടൻ ചെയ്ത് തന്ന ഉപകാരം ഞാനൊരിക്കലും മറക്കില്ലാട്ടോ..ഒന്നും മനസ്സിൽ വയ്ക്കരുത്..വിഷമിക്കരുത്…നല്ലൊരു പെണ്ണിനെ തന്നെ കണ്ണേട്ടന് കിട്ടാൻ ഞാൻ പ്രാർത്ഥിക്കാട്ടോ”
ഇന്ദുവിന്റെ ആ ആശ്വാസവാക്കുകൾക്ക് ചെവികൊടുക്കാതെ അവൻ നിന്നു..
“രാമേട്ടാ പായസത്തിനുളള തേങ്ങ ചരുകി മുഴുവനായിട്ടുണ്ട്…സമയായിച്ചാ തുടങ്ങാം” രാമേട്ടനോടായി അവൻ ഉച്ചത്തിൽ പറഞ്ഞു..
അവന്റെ മറുപടിയ്ക്കായി അവൾ കാത്തു നിൽക്കുന്നുണ്ടെന്ന് അവനറിയാമായിരുന്നു..
സത്യത്തിൽ അവൾ മറുപടിയർഹിക്കുന്നുണ്ടോ?തന്റെ സ്നേഹം മനസ്സിലാക്കിയിട്ടും മനസ്സിലാവാത്ത പോലെ നടിക്കുകയായിരുന്നോ അവൾ…
അന്ന് ആ പെരുമഴയത്ത് ഒരു കുടയിൽ ഭാസ്കരമാമയുടെ വീട്ടിൽ നിന്ന് തറവാട്ടിലേക്ക് വരുന്ന വഴി അവളോടുളള ഇഷ്ടം താൻ പറയാനൊരുങ്ങിയതാണ്..
പക്ഷെ അവളത് മനസ്സിലാക്കിയെന്നോണം വിഷയം മറ്റൊന്നിലേക്ക് തിരിച്ചു..ആ വിഷയമാണ് ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നത്…
ഇന്ദുവിന്റെ കല്ല്യാണമാണ് നാളെ..അവൾക്കിഷ്ടപെട്ട ചെറുക്കനുമായി. കണ്ണൻ അവളുടെ മുറച്ചെറുക്കനാണ്…ഈ കല്ല്യാണം മുന്നിൽ നിന്ന് നടത്തുന്നത് അവനാണ്..
കണ്ണന്റെ അടുക്കൽ നിന്ന് മറുപടിയൊന്നും കിട്ടില്ലെന്നുറപ്പായതോടെ ഇന്ദു അകത്തേക്ക് കയറിപ്പോയി…
ചട്ടുകം കൊണ്ട് സാമ്പാറിളക്കുകയായിരുന്നദാമോദരേട്ടനോട് ഉപ്പ് നോക്കാൻ പറഞ്ഞ് കണ്ണൻ തിരിഞ്ഞ് ഇന്ദുവിനെ നോക്കി…
അപ്പോഴേക്കും അവൾ അകത്തേക്ക് കയറിപ്പോയിരുന്നു..
ഇത്രയും കാലം അവൾക്കാരായിരുന്നു താൻ..സഹോദരനോ, അച്ഛനോ, അതിനുമപ്പുറത്തേക്ക് അവൾ ഇതുവരെ തന്നെ കണ്ടിട്ടില്ലായിരുന്നെന്ന് പറഞ്ഞപ്പോൾ താൻ ശരിക്കും വിഡ്ഢിയാവുകയായിരുന്നു..
അമ്മായിയും അതിന് കൂട്ടു നിന്നു എന്നോർക്കു മ്പോൾ ചങ്കു നീറിയതാണ് ഒരിക്കൽ…
എത്രയോ തവണ അമ്മായി തന്നെ പറഞ്ഞ് മോഹിപ്പിച്ചിരിക്കുന്നു..ഇന്ദു തന്റേത് മാത്രമാണെന്ന് പറഞ്ഞ്..
അച്ഛനില്ലാത്ത അവൾക്ക് എന്തിനും ഏതിനും താൻ വേണമായിരുന്നു…അവൾക്ക് പുതിയ വസ്ത്രങ്ങളെടുത്തുകൊടുക്കാൻ, കോളേജിൽ കൊണ്ട്പോകാൻ, സിനിമയ്ക്ക് കൊണ്ട്പോകാൻ അങ്ങനെ എല്ലാത്തിനും…അവസാനം..
അന്ന് ആ ദിവസം വരെ താനവളെ പ്രണയിച്ചിരുന്നു..
അവളൊരുത്തനെ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ അന്ന് വരെ..
“ഏട്ടാ എനിക്ക് ഒരാളെ ഇഷ്ടമാണ്..അശോക് എന്നാണ് അയാളുടെ പേര്..സോഫ്റ്റ് വെയർ എൻജിനീയറാണ്..അദ്ദേഹത്തിനും എന്നെ ഇഷ്ടമാണ്..”
അത് കേട്ടതും താനാകെ തകർന്നു പോയിരുന്നു..
പക്ഷെ എന്നിട്ടു താനവളുടെ കൂടെ നിന്നു..തന്റെ തെറ്റിധാരണയായിരുന്നു എല്ലാം എന്ന് കരുതി സമാധാനിച്ചു..
അവളുടെ ഇഷ്ടത്തിനല്ലേ പ്രധാന്യം എന്ന് കരുതി എല്ലാം മറക്കാൻ തന്നെ തീരുമാനിച്ചു..
അവരുടെ ബന്ധത്തിന് താൻ കൂട്ടു നിൽക്കുകയും ചെയ്തു..
അവളുടെ ഇഷ്ടം അമ്മായിയോട് പറഞ്ഞ് കാര്യങ്ങൾ സമ്മതിപ്പിച്ചതും താനായിരുന്നു..
അവരുടെ വിവാഹം തീരുമാനിച്ചുറപ്പിക്കാൻ തീരുമാനിച്ചിരുന്ന ദിവസം..അവൾ കരഞ്ഞുകൊണ്ട് തന്റെ അടുത്തേക്ക് ഓടി വന്നു.
വിവരം തിരക്കിയപ്പോൾ അശോക് അവളെ ചതിച്ചെന്നും വിവാഹത്തിൽ നിന്ന് അവൻ പിന്തിരിയുകയാണെന്നും അറിയാൻ കഴിഞ്ഞു..
തന്റെ രക്തം തിളച്ചുകയറി..അവനെ കൊ ല്ലണമെന്നാണ് ആദ്യം തോന്നിയത്..
ആ ദേഷ്യത്തിൽ നേരെ അശോകിന്റടുത്തേക്ക് പോയി അവനെ നന്നായിട്ടൊന്ന് പെരുമാറി…
“പ്രേമിക്കാൻ നിന്നാ പിന്നെ കെട്ടണം..അല്ലാതെ മോഹിപ്പിച്ച് കടന്ന് കളയുന്നത് ആണുങ്ങൾക്ക് ചേർന്നതല്ല..”
തന്റെ ദേഷ്യത്തിനു മുന്നിൽ പേടിയോടെയാണെങ്കിലും കല്ല്യാണത്തിന് അശോക് സമ്മതം മൂളുകയായിരുന്നു..
അങ്ങനെ ഇവിടം വരെയെത്തി..അവൻ ഒരു നെടുവീർപ്പോടെ ഓർത്തു..നാളെ അവരുടെ വിവാഹമാണ്..
അവരുടെ വിവാഹം മംഗളമായിത്തന്നെ നടന്നു..എല്ലാറ്റിനും മുന്നിൽ നിന്നു തന്നെ കണ്ണൻ കാര്യങ്ങൾ നോക്കി..
കല്ല്യാണം കഴിഞ്ഞ് ഇറങ്ങാൻ നേരം ഇന്ദു അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു..അവൾക്ക് പിറക്കാതെ പോയ ഏട്ടനാണ് അവൻ എന്നു പറഞ്ഞ്..പക്ഷെ അശോക് അവനെ നോക്കി ദയനീയമായി ചിരിക്കുക മാത്രമാണ് ചെയ്തത്..
അതിന്റെ അർത്ഥം അവന് മനസ്സിലാക്കാൻ കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നു.
കണ്ണന്റെ വീട്ടിലേക്ക് വിരുന്നിനായി വന്നതായിരുന്നു അശോക്..
“അളിയനോട് എനിക്കൊന്ന് സംസാരിക്കണം”
അശോകിന്റെ സംസാരത്തിൽ നിന്ന് എന്തോ അവന് തന്നോട് പറയണമെന്നുണ്ടെന്ന് മനസ്സിലാക്കിയ കണ്ണൻ അവനേയും കൂട്ടി പുഴയരികിലേക്ക് നടന്നു..
“നിങ്ങൾ അവളെ ഇത്ര മാത്രം സ്നേഹിച്ചിരു ന്നല്ലേ? സ്വന്തം ചേട്ടനല്ലാഞ്ഞിട്ട് പോലും ഒരേട്ടന്റെ സ്ഥാനത്ത് നിന്ന് ഭംഗിയായി കല്ല്യാണം നടത്തി കൊടുത്തു..സ്വന്തം സ്വത്ത് വിറ്റ് നൂറു പവൻ സ്വര്ണ്ണം കൊടുത്തു..പക്ഷെ നിങ്ങൾക്ക് ഒരു കാര്യം അറിയുമോ?അവൾക്കറിയായിരുന്നു നിങ്ങൾക്ക് അവളെ ഇഷ്ടമാണെന്നുളളത്..
നിങ്ങൾക്ക് പഠിപ്പില്ല, നല്ല ജോലിയില്ല, സൗന്ദര്യമില്ല എന്നുളള കാരണങ്ങൾ മെനഞ്ഞാണ് നിങ്ങളെ അവൾ ഒഴിവാക്കിയത്…അവർക്കാവശ്യം നിങ്ങളുടെ പണം മാത്രമായിരുന്നു..നിങ്ങൾ ഒന്നും അറിയാതെ വിഡ്ഢിയാവുകയായിരുന്നു.പമ്പര വിഡ്ഢി..”
ഞെട്ടൽ പ്രതീക്ഷിച്ചിരുന്ന അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു..
“അനിയാ..നീ എന്താ കരുതീത്..എനിക്ക് പഠിപ്പില്ലന്നേയുളളൂ..നിങ്ങളേക്കാ കുറച്ചോണം കൂടുതലുണ്ടതല്ലേ ഞാൻ..ഇതൊക്കെ എനിക്കെന്നേ മനസ്സിലായതാ..”
അശോക് അമ്പരപ്പോടെ അവന്റെ മുഖത്ത് നോക്കി..
“പക്ഷെ ഇതൊക്കെ അറിഞ്ഞിട്ടും നിങ്ങളെന്തേ ഈ കല്ല്യാണത്തിന് കൂട്ട് നിന്നു..എന്നെക്കൊണ്ടെ ന്തിന് ഈ വിവാഹത്തിന് സമ്മതിപ്പിച്ചു..അവൾക്കങ്ങനെ തന്നെ വേണം എന്ന് കരുതാരുന്നില്ലേ?”
അശോകിനോട് അവന് അപ്പോ സഹതാപമാണ് തോന്നിയത്..
“അനിയാ..ഞങ്ങളെപ്പോലെ കുറച്ച് മുറചെറുക്ക ന്മാരുണ്ട്..ഇങ്ങിനെ ഒരു പ്രശ്നത്തിൽ തന്റെ മുറപ്പെണ്ണ് അകപ്പെട്ടെന്നറിഞ്ഞാ രണ്ടും കയ്യും നീട്ടി അവരെ സ്വീകരിക്കുന്നവർ. കഥയറിയാതെ ആട്ടം ആടുന്ന വിഡ്ഡികൾ..ഞാനങ്ങനെയാവാൻ തയ്യാറല്ലായിരുന്നു..അതാ”
“നിങ്ങൾ പറഞ്ഞു വരുന്നത്? ” അശോക് ആകാംക്ഷയോടെ അവനെ നോക്കി..
“എടാ..നീയവളെ ഉപേക്ഷിച്ച് പോയാ സ്വാഭാവികമായും ഞാനവളെ കെട്ടേണ്ടിവരും ..ഇത്പോലെയുളള ഒരുത്തിയെ കെട്ടി ജീവിതം നാശാക്കുന്നതിലും ഭേദം നിന്നെത്തന്നെ ഏൽപ്പിക്കുന്നതാണെന്ന് എനിക്ക് തോന്നി…അതാ നിന്നെക്കൊണ്ട് ഇതിന് ഞാൻ സമ്മതിപ്പിച്ചത്..സോറി അളിയാ ഈ ട്രോഫി നീ തന്നെ വച്ചോ..പിന്നെ ആ സ്വർണ്ണം എവിടേലും കൊണ്ട് ഉരച്ചു നോക്കിയാ നിനക്ക് മനസ്സിലാവും പമ്പര വിഡ്ഢി ആരായിരുന്നെന്ന്.. “
അത് പറഞ്ഞപ്പോൾ അശോകിന്റെ മുഖത്ത് വെട്ടിയാൽ പോലും ഒരിറ്റ് ചോ ര കിട്ടുമോന്ന് സംശയമായിരുന്നു..
~പ്രവീൺ ചന്ദ്രൻ