സിസ്സേറിയൻ…
Written by Aswathy Joy Arakkal
============
കുറച്ചു കാശു ചിലവായാലെന്താ ദേവി, നിന്റെ മോളു കഷ്ടപെടാതെ കാര്യം സാധിച്ചില്ലേ..ബാക്കിയുള്ളവരൊക്കെ എന്തു വേദന തിന്നാലാ തള്ളേനേം, കുഞ്ഞിനേം ഒരു കേടില്ലാതെ കിട്ടാന്നറിയോ..ഇതിപ്പോ കഷ്ടപാടൂല്ല്യാ, വേദനയും അറിഞ്ഞില്ല..ചുളിവിലങ്ങട് കാര്യം നടന്നു കിട്ടീലെ…
(എന്റെ പ്രസവം നോക്കാൻ, അമ്മക്ക് സഹായത്തിനു വന്ന അകന്ന ബന്ധത്തിലുള്ള രാധമ്മായിയാണ് ഇതു മൊഴിയാണത്…കേൾവിക്കാരായി എന്റെ അമ്മയും, ഭർത്താവും നേഴ്സ്മായ വൈശഖേട്ടനും, സിസ്സേറിയനും, ഒബ്സർവേഷനും കഴിഞ്ഞു എന്നെ ICU നു റൂമിലേക്ക് മാറ്റിയിട്ടു മണിക്കൂറുകളേ ആയിട്ടുള്ളു…)
പറയാണത്ര എളുപ്പമൊന്നും അല്ല രാധേച്ചി കാര്യങ്ങള്..ഒന്നുല്ലെങ്കിലും വയറു കീ റിയതല്ലേ..അതിന്റെ വേദന എങ്കിലും ഇല്ലാതിരിക്കോ..സിസ്സേറിയന്റെ സുഖം ശെരിക്കും അറിഞ്ഞിട്ടുള്ള അമ്മ പതുക്കെപറഞ്ഞു..
നീയതല്ലേ പറയു ദേവി…നീയും എളുപ്പ വഴിലു അല്ലേ കാര്യം നേടിയത്..അപ്പൊ നിനക്കതല്ലെ പറയാൻ പറ്റു..അമ്മായി വിടാൻ ഭാവം ഇല്ല…
(ഇതെല്ലാം, കണ്ടും കേട്ടും അക്ഷമനായി ഇരിക്കുന്ന ഏട്ടന്റെ നേരെ ആയിരുന്നു വേദനക്കിടയിലും എന്റെ നോട്ടം, മിണ്ടല്ലേ, ഇതൊരു ഹോസ്പിറ്റൽ ആണെന്ന് ഞാൻ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു, രണ്ടു ദിവസമായി ഞാൻ പെട്ട കഷ്ടപ്പാടെല്ലാം അമ്മയേക്കാൾ നേരിട്ട് കണ്ടത് ഏട്ടൻ തന്നെയായിരുന്നു..ഓപ്പറേഷൻ തിയേറ്റർലും ഏട്ടൻ ഉണ്ടായിരുന്നു..)
എന്തായാലും ഏട്ടൻ ഒന്നും മിണ്ടിയില്ല..കുറച്ചു നേരം അങ്ങനെ പോയി. മരുന്നിൻ്റെ ഡോസ് കുറയും തോറും സഹിക്ക വയ്യാത്ത വേദനയായി…വീണ്ടും ഡോക്ടർ വന്നു മരുന്ന് വെച്ചു പോയി.
ഒരു മുറിവിന്റെ വേദന സഹിക്കാൻ പറ്റാത്ത കുട്ട്യാ ഇപ്പൊ പേറാൻ നിക്കണ, ഈ ചെറിയ വേദന പോലും സഹിക്കാൻ പറ്റില്ലേ പെണ്ണെ നിനക്ക്..അമ്മായി വീണ്ടും തുടങ്ങി…
നീ അവളെ വിട് കുട്ടാ, അവള് തന്നെ എണിക്കട്ടെ…കുഞ്ഞിന് പാല് കൊടുക്കാനായി എന്നെ എണീപ്പിച്ചിരുത്താൻ നോക്കുന്ന ഏട്ടനെ നോക്കി അമ്മായി പറഞ്ഞു…കൂടെ ഞങ്ങടെ കാലത്തു പ്രസവിച്ചിട്ടു നെല്ല് കുത്താൻ പോയ പതിവ് കഥയും…
എന്നെ എണീപ്പിച്ചട്ടു ഏട്ടൻ അമ്മായിയെ അടുത്തേക്ക് വിളിച്ചു, ഒരു സങ്കോചവും കൂടാതെ കീറി, തുന്നി വെച്ചിരിക്കുന്ന മുറിവ് അവരെ കാണിച്ചു കൊടുത്തു…ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ഏട്ടൻ..
നിങ്ങള് കണ്ടല്ലോ ഈ മുറിവ്, ഒരറ്റത്തുന്നു മറ്റേ അറ്റം വരെ കീറി തുന്നി വെച്ചേക്കാ…ഈ മുറിവ് നിങ്ങടെ കൈയില് ആണെങ്ങി പോലുംനിങ്ങള് സഹിക്കൂല…ഇതു കയ്യും കാലൊന്നല്ല, വയറാണ്..ഒരു അശ്രദ്ധ മതി. ഏതെങ്കിലും അന്തരാവയവത്തിനു വല്ലതും പറ്റിയാൽ ഒരു ജീവിതത്തിലേക്കുള്ള നഷ്ടാ എനിക്ക്..കേട്ടട്ടില്ലേ എത്ര ജീവനാ അങ്ങനെ പോയേക്കാണെന്നു. നിങ്ങള് വിചാരിക്കണ പോലെ സിമ്പിൾ ആയി കീറി എടത്തിട്ടു തുന്നി വെക്കലല്ല…ഏറ്റോം അധികം റിസ്ക് ഉള്ള ഓപ്പറേഷൻ തന്നെ ആണ് സിസ്സേറിയൻ…
പിന്നെ നിങ്ങള് പറയണ പോലെ വേദന സഹിക്കാൻ പറ്റാതാകുമ്പോ വെറുതെ അങ്ങു കീറി തരാന്ന് ഒരു ഡോക്ടറും പറയില്ല…ഇന്നലെ അതിരാവിലെ കയറ്റിയതാണിവളെ ലേബർ റൂമില്, രാത്രി പത്തുമണി വരെ വേദന സഹിച്ചു, കുഞ്ഞിന് അനക്കം കുറഞ്ഞപ്പൊഴാ ഇതു ചെയ്തത്..നെടു നീളെയുള്ള മുറിവും വെച്ചു ഇനി ഒന്ന് നേരെ ഇരിക്കാൻ ദിവസങ്ങൾ എടുക്കും…
സുഖം പ്രസവം…എന്നു പറയുമെങ്കിലും പ്രസവവും നല്ല ബുദ്ധിമുട്ട് തന്നെയാണ്..പക്ഷെ എന്നുവെച്ചു സിസ്സേറിയൻ പൂ ഇറുക്കണ പോലെ എളുപ്പാന്ന് പറയരുത്…അവർക്ക് ബുദ്ധിമുട്ടറിയാതെ കുഞ്ഞിനെ കിട്ടിയെന്നും പറഞ്ഞു നടക്കരുത്.
അറിയാത്ത കാര്യങ്ങളെ കുറിച്ചു വായിൽ തോന്നിയത് വിളിച്ചു പറയാതിരിക്കാ…നോക്കാൻ വന്നു നിൽക്കുമ്പോൾ പ്രസവിച്ചു കുഞ്ഞുമായി തളർന്നു കിടക്കണ പെൺകുട്ടിക്ക് ഒരു സമാധാനം കൊടുക്കാൻ പറ്റാത്തൊരു ഇവിടെ നിക്കണ്ട..അവളേം, മോനേം നോക്കാൻ അമ്മയും, ഞാനും മതി..നിങ്ങള് ബാഗ് എടുത്ത് സ്ഥലം വിട്ടോ എന്നു പറഞ്ഞു ഏട്ടൻ അവരെ കൂട്ടി റൂമിനു പുറത്തേക്കിറങ്ങി..
ഞാൻ നോക്കുമ്പോൾ അമ്മയുടെ കണ്ണു നിറഞ്ഞിട്ടുണ്ടായിരുന്നു..വർഷങ്ങൾക്കു മുൻപ് ആരാലും മനസ്സിലാക്കപ്പെടാതെ പോയ ദുഖത്തിന്റെ ഉപ്പു ആ കണ്ണീരിനുണ്ടായിരുന്നു…
(ഞാൻ അനുഭവിക്കാത്ത വേദനയെല്ലാം കഥകളാണെന്ന ഒരു വിഭാഗത്തിന്റെ ചിന്താഗതിക്കെതിരായി തന്നെ എഴുതിയതാണ്..അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും പങ്കു വെക്കുമല്ലോ )
~Aswathy Joy Arakkal