അമ്മു പോയി കുഞ്ഞിൻറെ ഉടുപ്പുകളും കരിവളയും എടുത്തുകൊണ്ട് വന്നു…ആ കരിവളകളും കുഞ്ഞുടുപ്പുകളും…

കരിവളയും കുഞ്ഞുടുപ്പും കുപ്പിവളകളും

Story written by Arun Nair

===============

“”അമ്മു, പൊന്നിന്റെ കരിവളകൾ എടുത്ത് എന്റെ കൈകളിലേക്ക് തരുമോ….???അച്ഛന്റെ പൊന്നുമോളുടെ വളകൾ അച്ഛനൊന്നു കാണട്ടെ…… “”

“”അതിനു അരുണേട്ടന് ഇപ്പോൾ അതൊക്കെ കാണാൻ കാഴ്ചയുണ്ടോ…വെറുതേ എന്നെകൊണ്ട് ഇപ്പോൾ പഴയതൊക്കെ എടുപ്പിക്കാൻ വേണ്ടിയിട്ടു…എടുക്കണോ ഏട്ടാ….??? “”

“”വേണം അമ്മുവേ….ഞാൻ നിന്നോട് അവൾക്കു കുഞ്ഞിലേ മേടിക്കുമ്പോൾ തന്നെ പറഞ്ഞിരുന്നില്ലേ അതൊക്കെ സൂക്ഷിച്ചു വെക്കാൻ…നീ അത് ഇങ്ങു എടുക്കു…എനിക്കു അതു കയ്യിൽ പിടിച്ചാൽ മതി അപ്പോൾ തന്നെ നമ്മുടെ പൊന്നിന്റെ കയ്യിൽ കിടന്ന ആ കാലവും ചെറുപ്പവുമെല്ലാം ഇങ്ങു ഓടിയെത്തും….””

“”എങ്കിൽ ഞാനെടുക്കാം ഏട്ടാ…ഞാൻ വിചാരിച്ചു ഏട്ടന് അതൊന്നും ഓർമ്മ ഉണ്ടാകില്ലായെന്നു…പക്ഷെ ഏട്ടന്റെ ഓർമ്മ എനിക്കു അത്ഭുതം ഉളവാക്കി കളഞ്ഞു…ഞാനെന്ന പോയി എടുത്തോണ്ട് വരാം….””

“”അമ്മു, കരിവള എടുക്കുമ്പോൾ കൂടെ നമ്മുടെ പൊന്നിന്റെ കുഞ്ഞുടുപ്പുകളും കൂടി എടുത്തോ…എനിക്കു നമ്മുടെ പൊന്നിനെ എടുക്കുന്നത് പോലെയാ അതൊക്കെ കാണുമ്പോൾ…….””

അമ്മു പോയി കുഞ്ഞിൻറെ ഉടുപ്പുകളും കരിവളയും എടുത്തുകൊണ്ട് വന്നു…ആ കരിവളകളും കുഞ്ഞുടുപ്പുകളും ഞങ്ങൾ രണ്ടു പേരും മാറി മാറി എടുത്തു നോക്കി അതിനെ ലാളിച്ചോണ്ട് ഇരുന്നു…

എന്തോ അമ്മുവിന്റെ സന്തോഷവും കുഞ്ഞിൻറെ കുഞ്ഞു ഉടുപ്പുകളും എന്നെയും അവളെയും ഞങ്ങളുടെ നല്ല കാലത്തേ ഓർമകളിലേക്ക്  കൂട്ടി കൊണ്ടു പോയി….

എന്റെ നെഞ്ചിൽ തല വച്ചു അമ്മുവും അവൾ കൂടെയുള്ള സന്തോഷത്തിൽ ഞാനും ഓർമകളിൽ പൂത്തുലഞ്ഞു……

അമ്മു ഗർഭിണി ആയി പ്രസവത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകുമ്പോൾ എനിക്കു ജോലിയും കൂലിയും ഒന്നുമില്ലാത്ത ദയനീയ അവസ്ഥ ആയിരുന്നു…ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോക്ടറുമാരുടെ ഉത്തരവാദിത്ത കൂടുതൽ കൊണ്ട് അവസാന നിമിഷം സിസേറിയൻ ആണ് ചെയ്യാൻ പോകുന്നത് അറിഞ്ഞപ്പോളും,,,എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഉതിർന്നപ്പോളും അമ്മു തളർന്നില്ല…എനിക്കായി എന്റെ ആഗ്രഹം പോലൊരു പെൺപൂവിനെ തരാനുള്ള ഉറച്ച വിശ്വാസത്തിലായിരുന്നു അവൾ…

കുഞ്ഞു ഉണ്ടായി കഴിഞ്ഞു അവൾക്കായി ആദ്യമായി കുഞ്ഞു ഉടുപ്പ് മേടിക്കുമ്പോളും കരിവളകൾ മേടിക്കുമ്പോളും ഞാൻ അമ്മുവിനോട് പറഞ്ഞു

“”അമ്മു ഒന്നും കളയരുത്…എനിക്കു കാണണം ഇതെല്ലാം എന്റെ അവസാന നാളുകളിലും…പ്രായം തിരിച്ചു വരില്ല. പക്ഷെ മനസ്സിനും ഓർമകൾക്കും അതിനു ആകാമല്ലോ….. “”

അമ്മുവിന് അന്ന് ഞാൻ പറയുന്നത് കേൾക്കുന്ന സ്വഭാവം ഉണ്ടായിരുന്നതുകൊണ് എല്ലാം കേട്ടു…സൂക്ഷിച്ചു വച്ചു…

മനുഷ്യന്റെ കാര്യം പൂവിന്റെ കാര്യം പോലെയാണ്…നല്ല ഭംഗി പൂവിന് ഉള്ളപ്പോൾ വില ഉണ്ടെങ്കിൽ മനുഷ്യന് പൈസയും ആരോഗ്യവും ആണെന്ന് മാത്രം അത് പോയി കഴിയുമ്പോൾ ആർക്കും വേണ്ടാത്ത അവസ്ഥ ആരും കേൾക്കാത്ത അവസ്ഥ…ഒട്ടു മിക്കവാറും എല്ലാ ജന്മങ്ങളും ഈ അവസ്ഥയിൽ കൂടി സഞ്ചരിച്ചേ ആറടി മണ്ണിൽ വിശ്രമിക്കു…..

നേരത്തെ പറഞ്ഞുവല്ലോ കുഞ്ഞു ജനിച്ചപ്പോൾ ഉള്ള എന്റെ സാമ്പത്തിക അവസ്ഥ….ശോകാമെന്ന വാക്കിന്റെ നേർരൂപമായിരുന്നു ഞാനന്ന്…പിന്നെയെന്റെ ജീവിതം അതിനുള്ള പ്രായശ്ചിത്തം ആയി മാറി…അവൾക്കു എല്ലാം വേണമെന്നുള്ള വാശിയിൽ എല്ലാം പിടിച്ചെടുക്കുമ്പോൾ,,,പൈസക്ക് പുറകെ ഓടുമ്പോൾ അറിഞ്ഞിരുന്നില്ല ഞാൻ,,,പോകുന്നതിന്റെ യൗവനം ആണെന്ന്…ലോകത്തിൽ എനിക്കൊരു ലക്ഷ്യം മാത്രമായി ചുരുങ്ങിയ കാലം…അമ്മുവിനെ പോലും ശരിക്കും നോക്കാൻ സമയം കിട്ടാത്ത കാലം……

അങ്ങനെ കുഞ്ഞിനൊരു വീട്  വച്ചു കഴിഞ്ഞപ്പോൾ അമ്മു അടുത്ത ഒരു കുഞ്ഞിനെ കുറിച്ചു ആഗ്രഹം പറഞ്ഞപ്പോൾ അതൊന്നും വേണ്ട,,,നമ്മുടെ സ്നേഹം ഒരിക്കലും പൊന്നിൽ നിന്നും പോകരുത്…മുഴുവനായി അവൾക്കു കൊടുക്കണം അത് വീതിച്ചു പോകുന്നതെനിക്ക് സഹിക്കാൻ കഴിയില്ല പറഞ്ഞപ്പോൾ എന്റെ വാക്കുകൾ ശരി വക്കാൻ മാത്രമേ അമ്മുവിന് കഴിഞ്ഞുള്ളു…….

അത് മാത്രമായിരുന്നില്ല രണ്ടാമതൊരു കുഞ്ഞിനെ വേണ്ട എന്നു വെക്കാൻ എന്നെ പ്രേരിപ്പിച്ച കാര്യം..ഇതിപ്പോൾ എന്റെ സമ്പാദ്യം മുഴുവൻ എന്റെ പൊന്നുവിന് ഉള്ളതാണ് ഒരാളും കൂടെ ഉണ്ടായാൽ അവരു തമ്മിൽ ഭാവിയിൽ വഴക്കും ഉണ്ടാക്കുമെന്ന് എന്നുള്ള ഭയവും എന്നിൽ ഉണ്ടായിരുന്നു…..

എന്തായാലും ആയ കാലത്തെ എന്റെ എല്ലാ തീരുമാനങ്ങളും അംഗീകരിച്ചു അമ്മു കൂടെ ഉണ്ടായിരുന്നതിനാൽ ഒരു കുഞ്ഞു മതിയെന്ന എന്റെ തീരുമാനവും അതിനു ശേഷം കുഞ്ഞിന് സന്തോഷം മാത്രം കൊടുത്തു വളർത്തിയാൽ മതിയെന്ന തീരുമാനവും ഉഷാറായി നടന്നു….

കുഞ്ഞിന് സന്തോഷം മാത്രം കൊടുത്താൽ മതിയെന്ന് പറഞ്ഞതിനും ഒരു  കാരണം ഉണ്ടായിരുന്നു എന്റെ അച്ഛൻ ഒരുമാതിരി പട്ടാള ചിട്ട ഉള്ള ആളായിരുന്നു അതുകൊണ്ട് തന്നെ അച്ഛന്റെ മുഖത്തു നോക്കി സന്തോഷം എന്തെന്ന് അറിയാനുള്ള ഭാഗ്യം എനിക്കോ എന്റെ സഹോദരങ്ങൾക്കോ ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം..ആ ഒരു ഗതികേട് എന്റെ കുഞ്ഞിന് ഒരിക്കലും ഉണ്ടാകരുതെന്നുള്ള വാശിയായിരുന്നു എനിക്കു…….

ഞങ്ങളുടെ പൊന്നുമോളുടെ കുഞ്ഞുടുപ്പുകളും കരിവളകളും കുപ്പിവളകളും എല്ലാം എടുത്തു സൂക്ഷിച്ചു വെക്കണം പറയാനും കാരണം എന്റെ ജീവിതം തന്നെ ആയിരുന്നു…എന്റെ ചെറുപ്പത്തിലേ ഒരു ഫോട്ടോ പോലും എനിക്കു പ്രായമായപ്പോൾ ഒന്നു കാണാൻ കഴിഞ്ഞിട്ടില്ല…അതുകൊണ്ട് ഓരോ വർഷം കഴിയുമ്പോളും കുഞ്ഞിൻറെ ഫോട്ടോയും ആ വർഷത്തെ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ഡ്രസ്സും വളയും മാലയുമെല്ലാം എടുത്തു ഒരു പെട്ടിയിൽ ആക്കി വെക്കും…

ഇപ്പോൾ അമ്മു ആ പെട്ടിയാണ് എടുത്തുകൊണ്ട് വന്നിരിക്കുന്നത്…അതിൽ നിന്നും കുറച്ചെടുത്ത് കണ്ടിട്ട് അതു എന്റെ നെഞ്ചോടു ചേർത്തു വച്ചു കെട്ടിപിടിച്ചു കിടക്കുകയാണ് അമ്മു…ഞാൻ എന്റെ യൗവന ഓർമയിൽ പുളകിതനായും…ഓർമയിൽ നിന്നും തിരിച്ചു വന്ന ഞാൻ അമ്മുവിനെ വിളിച്ചു

“”അമ്മു,,,പൊന്നൂസ് ഈ ഓണത്തിന് വരുമോ…??? എനിക്കു മോളെ കാണാൻ കൊതിയായിട്ടുണ്ട്…എന്തോ മനസ്സ് പറയുന്നു ഇനിയൊരു ഓണം ഉണ്ടാവില്ല എന്നു…. “”

“”അവൾ വരുമെന്നാണ് ഏട്ടാ പറഞ്ഞത്…അവളുടെ അച്ഛന്റെ പിറന്നാൾ അല്ലേ,,അവൾക്കു വരാതെയിരിക്കാൻ പറ്റുമോ….??? പിന്നെ വേണ്ടാത്ത ചിന്തകളൊന്നും വേണ്ട…പൊന്നു അറിഞ്ഞാൽ ഇതൊന്നും സഹിക്കില്ല…പിന്നെ എവിടെ പോയാലും ഞാനും കൂടെ വരും…ഇനി ഓണം ഏട്ടന് ഇല്ലെങ്കിൽ എനിക്കും ഉണ്ടാവില്ല…അവളെ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ അങ്ങോട്ടും പോകാമല്ലോ…..””

“”അല്ല അമ്മു, നമ്മൾ കഷ്ടപ്പെട്ട് ഈ വീടും കാറും എല്ലാം ഉണ്ടാക്കി ഇട്ടിട്ടു അവൾക്കു ഇതൊന്നും ആവശ്യം ഇല്ലല്ലോ…കഷ്ടപ്പെട്ടു ഉണ്ടാക്കിയത് ആയതുകൊണ്ട് ഇട്ടിട്ടു പോകാനും മടി….. “”

“”ഇതൊന്നുമവൾക്കു വേണ്ടെങ്കിൽ എന്താണ് ഏട്ടാ,,അവൾ നമ്മളെക്കാൾ നന്നായിട്ടു അവളുടെ മക്കളെയും നോക്കി ബാംഗ്ലൂരിൽ ജീവിക്കുകയല്ലേ..രണ്ടാൾക്കും നല്ല ജോലിയുമുണ്ട്..അതൊക്കെ പോരെ നമുക്ക് സന്തോഷിക്കാൻ…. “”

“”നീ എന്നാൽ പൊന്നൂസിനെ ഒന്ന് വിളിച്ചേ..എന്നിട്ടു എന്നാണ് വരുന്നതെന്ന് ചോദിക്കു..ഇത്തവണ കുഞ്ഞു വന്നിട്ട് പോകുമ്പോൾ കൂടെ പോകണം..കുറച്ചു കാലം അവരോടൊത്ത് സന്തോഷിക്കണം നമുക്ക് ഇനി….. “”

അമ്മു എന്റെ വാക്കുകൾ കേൾക്കാൻ നോക്കിയിരുന്നതുപോലെ ഫോൺ വിളിക്കാൻ പോയി…വിളിച്ചിട്ട് വന്നപ്പോൾ വലിയ സന്തോഷം മുഖത്തു ഇല്ലായിരുന്നു…വന്നതും ആ വാടിയ മുഖം കണ്ടപ്പോൾ ഞാൻ ചോദിച്ചു….

“”എന്താടോ മുഖം വല്ലാതെ…പൊന്നൂസ് എന്ത് പറഞ്ഞു…. “”

“”അതു ഏട്ടാ,,അവൾ വരുമെന്ന് തോന്നുന്നില്ല…അവളുടെ മൂത്തവൾക്കു ചെറിയ പനി ഉണ്ടെന്നു…സ്കൂളിൽ പോലും വിടുന്നില്ല അതുകൊണ്ട് യാത്ര ബുദ്ധിമുട്ട് ആകുമെന്ന്….. “”

“”അത് കുഴപ്പമില്ല അമ്മു,,,നീ എന്തിനാ അതോർത്തു വിഷമിക്കുന്നത്…അവളുടെ കുഞ്ഞിന് വയ്യാത്തതുകൊണ്ട് അല്ലേ…ഈ ഓണം കൂടി ഇവിടെ ആഘോഷിച്ചിട്ടു നമുക്കും അവളുടെ അടുത്തേക്ക് പോകാം…കുഞ്ഞിനെ കുറ്റം പറയരുത്…എനിക്കു നീയും നിനക്ക് ഞാനും ഇല്ലേ,,,മണ്മറയും കാലം വരെ…പിന്നെ ഓണം കഴിഞ്ഞാൽ പിന്നെ ഈ വീടിനോടുള്ള സെന്റിമെന്റ്സ് ഒക്കെ നമുക്ക് ഒഴിവാക്കണം,,,അന്നേരം അമ്മു നീ കഷ്ടപ്പെട്ടു ഉണ്ടാക്കിയതല്ല പറയരുത് അതിലും കഷ്ടപ്പെട്ട് വളർത്തിയതല്ലേ നമ്മുടെ പൊന്നിനെ നമ്മൾ…””

അമ്മു ഒന്നു മൂളിയിട്ടു എന്നോട് കഴിക്കാൻ ചോറെടുത്തു വെക്കാം പറഞ്ഞു നടന്നു…അവൾ നടന്നു പോകുമ്പോൾ ഞാൻ പറഞ്ഞു… “”ഇനി ഈ കുഞ്ഞു ഉടുപ്പുകൾ എടുത്തു വെക്കേണ്ട നമുക്ക് ഇനിയുള്ള കുറച്ചു ദിവസം ഇതും കെട്ടിപിടിച്ചു കിടന്നു ഉറങ്ങാം…ബാംഗ്ലൂർ ഒക്കെ പോകുമ്പോൾ ഇതു കൊണ്ടു ചെന്നാൽ അവൾക്കു ഇഷ്ടപ്പെടാൻ സാധ്യത ഇല്ല…. “”

ദിവസങ്ങൾ കഴിഞ്ഞു പോയി…ഓണവും മഹാബലിയും ഓണത്തപ്പനുമെല്ലാം വന്നു…..ആഘോഷവും ആരവങ്ങളും അടക്കി ഞാനും അമ്മുവും ഞങ്ങളുടെ പൊന്നിന്റെ കുഞ്ഞുടുപ്പിനോടും കുപ്പിവളകളോടും കരിവളകളോടും കഥ പറഞ്ഞു….

അങ്ങനെ ആ വർഷത്തെ ഓണം പതിവിനു വിപരീതമായി ഞാനും അമ്മുവും മാത്രമായി കഴിച്ചു…അതിനു ശേഷം ഞങ്ങളുടെ പൊന്നു മകളെ വിളിച്ചു ഞങ്ങൾ പറഞ്ഞു….

“”പൊന്നുസേ നാളെ ഞങ്ങളും അങ്ങോട്ട്‌ വരുന്നുണ്ട്…മോൾ റെഡി ആയി ഇരുന്നോ ഞങ്ങളെ, രണ്ടു ശല്യങ്ങൾ സ്വീകരിക്കാൻ….””

“”ഒന്നു പോ അച്ഛാ, എനിക്കു ശല്യം ഒന്നും ആയിട്ടല്ല,,,,ഈ വർഷം വരാൻ ഒരു വഴിയും ഇല്ലായിരുന്നു അതല്ലേ..ചുമ്മാ സെന്റി അടിക്കാതെ പെട്ടെന്ന് ഇങ്ങോട്ട് വാ…. “”

അത് കഴിഞ്ഞു മൂന്ന് ദിവസം കഴിഞ്ഞിട്ടും ഞങ്ങളുടെ അനക്കം ഒന്നുമില്ലായിരുന്നതുകൊണ്ട് അടുത്തുള്ള ബന്ധുക്കളെ വിളിച്ചു കാര്യം അന്വേഷിക്കാൻ പൊന്നൂസ് പറഞ്ഞു എങ്കിലും അവരു നോക്കിയപ്പോൾ വീട് പൂട്ടി ഇട്ടിരിക്കുകയും,,,വിളിച്ചിട്ട് ആരും കേൾക്കുകയും ചെയ്യുന്നില്ലായിരുന്നു…പെട്ടെന്ന് തന്നെ ബാംഗ്ലൂരിൽ നിന്നും ഫ്ലൈറ്റ് വിളിച്ചു അങ്ങോട്ട്‌ എത്തിയ പൊന്നു കണ്ടത്  അവൾ ജനിച്ചപ്പോൾ പണി കഴിപ്പിച്ച ആ കട്ടിലിൽ അവളുടെ അച്ഛനും അമ്മയും കിടന്നു ഉറങ്ങുന്നതാണ്…….

അമ്മ അച്ഛന്റെ  നെഞ്ചിൽ തല വച്ചാണ് കിടക്കുന്നത്,,,അച്ഛന്റെ  നെഞ്ചിൽ പൊന്നൂസിന്റെ കുഞ്ഞു ഉടുപ്പുകൾ ഉണ്ടായിരുന്നു….ആ കുഞ്ഞു ഉടുപ്പുകളെയും അമ്മയെയും ചേർത്തു പിടിച്ചു അച്ഛൻ യാത്ര ആയി കഴിഞ്ഞിരുന്നു…അച്ഛന്റെ നെഞ്ചിൽ തല വെച്ചു അമ്മയും…കുറച്ചു കുപ്പി വളകളും കരി വളകളും താഴെ പൊട്ടി വീണു കിടക്കുന്നുണ്ടായിരുന്നു…..

രണ്ടു പേരും ഒരുമിച്ചു മരിച്ചത് കൊണ്ട് പോസ്റ്റുമാർട്ടം നടത്തേണ്ടി വന്നപ്പോൾ സ്വാഭാവിക മരണം ആണെന്നും അച്ഛന്റെ ഹൃദയം നിലച്ചു മിനുമുട്ടുകൾക്കു ഉള്ളിൽ അമ്മയുടെയും നിലച്ചു എന്നു ഡോക്ടർ വിധി എഴുതി…അതിനു ശേഷം ആരും കാണാനും വരാനുമില്ലാത്ത ലോകത്തേക്ക് ആ ജന്മങ്ങൾ യാത്രയായി…..

പക്ഷെ അപ്പോളും ആ കുഞ്ഞു ഉടുപ്പുകളും കുപ്പിവളകളും കരിവളകളും അവിടെ  കിടക്കുന്നുണ്ടായിരുന്നു…അവർ വരും ആ നെഞ്ചിലെ ചൂടിൽ കിടത്തും പ്രതീക്ഷിച്ചു……

~അരുൺ നായർ 

അഭിപ്രായം പ്രതീക്ഷിക്കുന്നു, പിന്തുണയും സൗഹൃദങ്ങളെ….