ഇൻസ്പെക്ടർ ഒന്നു ശങ്കിച്ചു. ഈ അവസ്ഥയിൽ അയാളെ ഇതറിയിക്കേണ്ട എന്നയാൾ തീരുമാനിച്ചു….

മുഖം മൂടികൾ….

Story written by Praveen Chandran

============

ഇൻസ്പെക്ടർ അലക്സ് പോൾ എത്ര തല പുകഞ്ഞാലോചിട്ടും ആ കേസിനു ഒരു തുമ്പു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല..

“ഹി ഈസ് എ ബോൺ ക്രിമിനൽ” എസ്. ഐ, സുരേഷ് തമ്പാനോടു പറഞ്ഞു…

സുരേഷ് തമ്പാൻ അയാൾ നഗരത്തിലെ ഒരു പ്രധാന വ്യവസായിയാണ്…അയാളുടെ ഒമ്പത് വയസ്സുളള ഏക മകൾ കൊ ല്ലപെട്ടിരിക്കുന്നു..

പ്രഥമ ദൃഷ്ടിയാൽ അപകടമരണമാണെന്നു കരുതിയിരുന്നെങ്കിലും പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊ ലപാതകമാണെന്നു തെളിയുകയായിരുന്നു..

കുട്ടിയുടെ ദേഹത്തുളള ഒരു മുറിവാണ് ആ സംശയത്തിനു കാരണമായത്..

ടെറസ്സിൽ നിന്നു കാൽ വഴുതിയാണ് കുട്ടി നിലത്തു വീണിട്ടുളളത് എന്നതായിരുന്നു ആദ്യ നിഗമനം..

പക്ഷേ വീഴുന്നതിനു മുമ്പേ ആരോ ശ്വാസം മുട്ടിച്ച് കുട്ടിയെ കൊ ന്നിരിക്കുന്നു..മെഡിക്കല്‍  കോളേജില്‍  നടത്തിയ മൃതദേഹപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

വായും മുഖവും പൊത്തിപ്പിടിച്ചാണ് കൃത്യം നടത്തിയതെന്നാണ്  നിഗമനം.

കൃത്യം നടന്നു എന്നു പറയുന്ന സമയത്ത് ആ വീട്ടിൽ അയാളും അയാളുടെ അമ്മയും ഭാര്യയും ഡ്രൈവർ പയ്യനും മാത്രമാണ് ഉണ്ടായിരുന്നത്…

ആ കുട്ടിയെ അവർക്കു ജീവനായിരുന്നു..തന്നെയുമല്ല അയാളും ഭാര്യയും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലതാനും.

കുട്ടിയുടെ ആഭരണങ്ങളൊക്കെ അതുപോലെ തന്നെയുണ്ടായിരുന്നു..അതു കൊണ്ട് മോഷണ ശ്രമത്തിനിടെ പറ്റിയതാവാനും തരമില്ല…സ്വാഭാവികമായും ഡ്രൈവറെ കസ്റ്റഡിയിലെടുക്കേണ്ടി വന്നു അവർക്ക്..

സംഭവം നടക്കുന്ന സമയത്ത് പുറത്ത് നിന്ന് അവിടെയുണ്ടായിരുന്നത് അയാൾ മാത്രമാണ്..പക്ഷെ അയാൾ കാർ കഴുകുന്നതിനിടയിലാണ് ബോഡി നിലത്തു വീണിട്ടുളളത് എന്നു പറയുന്നു…പക്ഷെ ചോദ്യം ചെയ്യലിൽ അവൻ നിരപരാധിയാണെന്നു പോലീസിനു മനസ്സിലായി..

രണ്ടു നിലയുളള ആ വീടിന്റെ ബാൽക്കണിയിൽ നിന്നാണ് ബോഡി നിലത്തു വീണിട്ടുളളത്…അപ്പോൾ അയാളും ഭാര്യയും അയാളുടെ അമ്മയും താഴത്തെ നിലയിലായിരുന്നു എന്നു പറയുന്നു…മകൾ  മുകളിലത്തെ മുറിയിൽ ഉറങ്ങുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്.

“സംഭവ ദിവസത്തിനു തലേന്ന് നിങ്ങൾ ഡെൽഹിക്കു പോയതല്ലേ…പിന്നെ അന്ന് തന്നെ തിരിച്ചുവരാൻ കാരണം?… ” ഇൻസ്പെക്ടർ സുരേഷ് തമ്പാനോടായി ചോദിച്ചു…

“പുലർച്ചെ ഒരു മണിക്കായിരുന്നു ഫ്ലൈറ്റ്..പക്ഷെ ഫ്ലൈറ്റ് കാൻസലായതു കാരണം തിരിച്ചു പോരുകയായിരുന്നു..” അയാൾ പറഞ്ഞു…

ഇൻസ്പെക്ടർ: “എത്ര മണിക്കാണ് തിരിച്ചു വീട്ടിലെത്തിയത്?..”

സുരേഷ് തമ്പാൻ: “ഒരു മൂന്ന് മണി ആയിക്കാണും”

“ആ സമയം നിങ്ങളുറങ്ങിയിരുന്നോ?” ഇൻസ്പെക്ടർ അയാളുടെ ഭാര്യയോടായി ചോദിച്ചു..

“ഇല്ല” അവർ മറുപടി പറഞ്ഞു..

“നിങ്ങളോ?” അയാളുടെ അമ്മയോടായിരുന്നു ആ ചോദ്യം..

“ഉറങ്ങിയിരുന്നു..” അവർ പറഞ്ഞു..

ഇൻസ്പെക്ടർ: “ഏകദേശം രാവിലെ എഴരയോടെ ആണ് കുട്ടിയുടെ മരണം നടന്നിരിക്കുന്നത്…ആരാണ്‌ ആദ്യം ബോ ഡി കണ്ടത്?..

സുരേഷ് തമ്പാൻ: “ഞാനും ഡ്രൈവറുമാണ്. ഞാൻ സിറ്റൗട്ടിലിരുന്ന്  ന്യൂസ് പേപ്പർ വായിക്കുകയായിരുന്നു..അവൻ കാർ കഴുകുകയായിരുന്നു..മോൾ മുകളിൽ നിന്നും ഞങ്ങളുടെ മുന്നിലേക്കു വീഴുകയായിരുന്നു..”

അതു പറയുമ്പോൾ അയാളുടെ കണ്ണു നനയുന്നത് ഇൻസ്പെക്ടർ ശ്രദ്ധിച്ചു…

ഇൻസ്പെക്ടർ ആകെ കൺഫ്യൂഷനിലായി…മൂന്നു പേരും താഴെയാണ് ഉണ്ടായിരുന്നത് എന്നു പറയുന്നു…അങ്ങനെയെങ്കിൽ ആ കൊ ലപാതകി പുറത്തു നിന്നുളള ആൾ തന്നെയായിരിക്കണം..എന്ന നിഗമനത്തിൽ അയാളെത്തി..

വിരലടയാള വിദഗ്ധന്റെ  നിരീക്ഷണം അതു ശരിവയ്ക്കുന്ന തരത്തിലായിരുന്നു..മൂന്നാമതൊരാളുടെ വിരലടയാളം അവരുടെ ബെഡ്റൂമിൽ നിന്നും കുട്ടിയുടെ മുറിയിൽ നിന്നും ലഭിച്ചു..

അപ്പോൾ അവരെക്കൂടാതെ അവിടെയുണ്ടായിരുന്ന മറ്റെയാൾ ആര്? ഇൻസ്പെക്ടറിനുണ്ടായ ചെറിയൊരു സംശയം കേസിൽ നിർണ്ണായകമായ വഴിത്തിരിവുണ്ടാക്കുന്നതായിരുന്നു….

ഇൻസ്പെക്ടർ കുറച്ചു ദിവസത്തിനുളളിൽ തന്നെ സുരേഷ് തമ്പാനെ വിളിച്ചു…

“കൊലപാതകി ഞങ്ങളുടെ കസ്റ്റഡിയിലുണ്ട് നിങ്ങൾ ഭാര്യയേയും കൂട്ടി ഉടൻ സ്റ്റേഷൻ വരെ ഒന്നു വരണം..”

അയാൾ ഭാര്യയേയും കൂട്ടി ഉടൻ സ്റ്റേഷനിലെത്തി.

“ഇൻസ്പെക്ടർ ഉടനെ വരും നിങ്ങൾ ആ മുറിയിലിരുന്നോളൂ..” അവർക്കിരിക്കാനുളള സ്ഥലം കാണിച്ചുകൊണ്ട് കോൺസ്റ്റബിൾ പറഞ്ഞു…

അവർ ആകാംക്ഷാഭരിതരായി കാത്തിരുന്നു..

തങ്ങളുടെ പൊന്നോമനയെ  നിഷ്കരുണം കൊന്നു തളളിയ ആ ദുഷ്ടൻ  ആരാണെന്നറിയാൻ…

അധികം വൈകാതെ ഇൻസ്പെക്ടർ അവിടേക്ക് വന്നു ..

“കോൺസ്റ്റബിൾ അയാളെ കൊണ്ടു വരൂ”..

തലകുമ്പിട്ടുകൊണ്ടു  വന്ന അയാളെ കണ്ടതും സുരേഷ് തമ്പാന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..

അയാൾ അവിടന്നെഴുന്നേറ്റു പ്രതിയുടെ കോളറിൽ കയറി പിടിച്ചു..

“നീയെന്തിനാടാ ദുഷ്ടാ ഞങ്ങളോടീ കടും കൈ ചെയ്തത്”..

രംഗം വഷളാവുമെന്നു കണ്ട കോൺസ്റ്റബിൾ അയാളെ പിടിച്ചു മാറ്റി…

“അവനെ കൊണ്ടു പോയ്ക്കോളൂ” ഇൻസ്പെക്ടർ  പറഞ്ഞു…

ഇൻസ്പെക്ടർ: “നിങ്ങൾക്ക് അയാളെ അറിയാമോ? “

“അറിയാം സാർ ഞങ്ങളുടെ കാർ അവരുടെ കമ്പനിയിൽ നിന്നാണ് എടുത്തിരുന്നത്..അവനായിരുന്നു സെയിൽസ് മാൻ..അതിനു ശേഷം പല തവണ അവൻ വീട്ടിൽ വന്നിട്ടുണ്ട്..എന്റെ അകന്ന ബന്ധു കൂടിയാണ് അവൻ…

സ്വന്തം അനിയനെ പോലെയാണ് ഞാനവനെ കണ്ടിരുന്നത്. എന്നിട്ടും അവനെന്തിനാണ് ഇത് ചെയ്തത്? പണത്തിനായിരുന്നേൽ എത്ര വേണമെങ്കിലും ഞാൻ കൊടുക്കുമായിരുന്നല്ലോ?” അയാൾ വിതുമ്പി…

ഇൻസ്പെക്ടർ പതിയെ തല തിരിച്ച് അയാളുടെ ഭാര്യയുടെ മുഖത്തേക്കു നോക്കി..തലകുമ്പിട്ടിരിക്കുകയാണവർ..മുഖത്ത് പ്രത്യേകിച്ച്  ഒരു ഭാവ വൃത്യാസങ്ങളൊന്നുമില്ല..

“മാഡത്തിന് ഇതിൽ എന്താണ് പറയാനുളളത്?” ഇൻസ്പെക്ടർ  അവരോടത് ചോദിച്ചതും അവർ കുഴഞ്ഞു വീണതും ഒരുമിച്ചായിരുന്നു..അവരുടെ വായിൽ നിന്നും പതയും നുരയും
വരുന്നുണ്ടായിരുന്നു..

ഉടനടി ഹോസ്പിറ്റലിലെത്തിച്ചിരുന്നെങ്കിലും അവരുടെ ജീവൻ രക്ഷിക്കാനായില്ല..വിഷം ഉളളിൽ ചെന്നതായിരുന്നു മരണകാരണം..

ദിവസങ്ങൾക്കുളളിൽ ഭാര്യയേയും മകളേയും നഷ്ടപ്പെട്ട സുരേഷ് തമ്പാൻ എന്ന മനുഷ്യന്റെ  അവസ്ഥ പരിതാപകരമായിരുന്നു…

പുറത്തുപോലും ഇറങ്ങാതെ വാതിലുകളടച്ച് ഇരിക്കുകയാണയാൾ

കുറച്ചു ദിവസങ്ങൾക്കുളളിൽ ഇൻസ്പെക്ടർ കേസിന്റെ തുടർനടപടികൾക്കായി അയാളുടെ വീട്ടിലെത്തി..

അയാളുടെ രൂപം കണ്ട ഇൻസ്പെക്ടർ ഞെട്ടിപോയി..താടിയെല്ലാം വളർന്ന ജട പിടിച്ചൊരു കോലമായിരിക്കുന്നു..

“വരൂ ഇരിക്കൂ സാർ..” അയാൾ ഇൻസ്പെക്ടറെ സ്വീകരിച്ചിരുത്തി..

ഇൻസ്പെക്ടർ അയാളെ ദയനീയതയോടെ നോക്കി..

“എന്നെ തനിച്ചാക്കി അവരു രണ്ടുപേരും പോയില്ലേ സാർ…” വിങ്ങിപൊട്ടികൊണ്ട് അയാൾ പറഞ്ഞു…

അയാളാകെ നിരാശനായിരുന്നു..

മറ്റെന്തിനേക്കാളും അയാൾ അവരെ സ്നേഹിച്ചിരുന്നെന്ന് ഇൻസ്പെക്ടർക്കു ബോധ്യമായി…

ഈയൊരവസ്ഥയിൽ അയാളോട് എങ്ങനെ പറയും അയാളുടെ ഭാര്യ അയാളെ വഞ്ചിച്ചതിനുളള പ്രതിഫലമാണ് മകളുടെ മരണം എന്ന്..

മാസങ്ങൾക്കു മുമ്പാണ് അവർ ആ കാർ വാങ്ങുന്നത്..

അദ്ദേഹത്തിനേക്കാൾ പത്തു വയസ്സിന് താഴെയായിരുന്ന അയാളുടെ ഭാര്യ കാണാൻ സുന്ദരിയായിരുന്നു..

കുടുംബത്തെ ജീവനു തൂല്ല്യം സ്നേഹിച്ചിരുന്നെ ങ്കിലും അവരോടൊപ്പം ചിലവഴിക്കാൻ അയാൾക്കു സമയമില്ലായിരുന്നു എന്നുളളതാണ് സത്യം…

അങ്ങനെയിരിക്കെയാണ് ആ സെയിൽസ് മേനുമായി അവർ അടുത്തത്..അകന്ന ബന്ധുകൂടിയായതു കൊണ്ട് പലപ്പോഴും അയാൾ അവരുടെ വീട്ടിൽ വരുമായിരുന്നു…ബിസിനസ്സ് മാനായിരുന്ന സുരേഷ് തമ്പാൻ നാട്ടിലില്ലാത്ത സമയത്തൊക്കെ രാത്രി അവൻ പിന്നാമ്പുറത്തു കൂടെ വീട്ടിൽ വരുക പതിവായിരുന്നു..

അങ്ങനെയാണ് സംഭവദിവസത്തിന്റെ തലേ ദിവസം അയാൾ അവിടെ എത്തിയത്..പക്ഷെ അവരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് സുരേഷ് തമ്പാൻ യാത്ര മുടങ്ങി തിരിച്ചു വരുന്നത്..

ഗേറ്റ് കടന്നെത്തിയ കാറിന്റെ ശബ്ദം കനത്ത മഴ കാരണം അവർ കേട്ടതുമില്ല..

കോളിംഗ് ബെല്ലിന്റെ ഒച്ച കേട്ടതും പേടിച്ചിരണ്ട അവർ അവനെ മകളുടെ മുറിയിലാക്കി  ഡോറടക്കുകയായിരുന്നു…അദ്ദേഹം ഉറങ്ങിയതിനു ശേഷം കാമുകനെ തുറന്നു വിടാനായിരുന്നു അവരുടെ പ്ലാൻ..

ഒന്നും സംഭവിക്കാത്തത് പോലെ വാതിൽ തുറന്ന് അവർ ഭർത്താവിനെ സ്വീകരിച്ചു..

പക്ഷെ അവരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അദ്ദേഹം അന്ന് ഉറങ്ങിയതേ ഇല്ല..ലാപ് ടോപ്പിൽ എന്തൊക്കെയോ ജോലികൾ ചെയ്തിരുന്നു..

സമയം പുലർച്ചെയായതിനാൽ അവനെ രക്ഷപെടുത്താൻ അവർക്ക് പഴുതുമില്ലായിരുന്നു..

നേരം വെളുക്കുന്നതു വരെ അവൻ കുട്ടിയുടെ മുറിയുടെ കട്ടിലിനിടയിൽ കിടന്നു..

രാവിലെ സുരേഷ്  പേപ്പർ വായിക്കാനിരുന്ന സമയം പിൻവാതിൽ തുറന്നിട്ട് മുകളിലെത്തിയ അവർ അവന് രക്ഷപെടാനുളള വഴി പറഞ്ഞു കൊടുത്തു..

പിന്നീട് താഴത്തു ചെന്ന് അമ്മയെ മുന്നിലത്തെ മുറിയിലേക്ക് ബുദ്ധിപൂർവ്വം കൊണ്ടുവരുകയും ചെയ്തു…

“ആ സമയത്ത് അടുക്കള വാതിലിലൂടെ പുറത്തു കടന്ന് രക്ഷ പെടണം..” അതായിരുന്നു അവരുടെ പ്ലാൻ..പക്ഷെ അവരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ച് കൊണ്ട് കുട്ടി അപ്പോൾ ഉണരുകയായിരുന്നു..

അവനെ കണ്ടതും കുട്ടി അങ്കിൾ എന്നു വിളിച്ച് അവന്റെ  അടുത്തു വന്നു..പരിഭ്രമം കൊണ്ട് അവൻ കുട്ടിയുടെ വായ് പൊത്തി..ആ വെപ്രാളത്തിനിടയിൽ കുട്ടി കൊ ല്ലപെടുന്നു..

അതു ബോധ്യപ്പെട്ടതും അവന്റെ  പരിഭ്രാന്തി കൂടി..അബദ്ധത്തിൽ സംഭവിച്ചതായിരുന്നു അത്..

എന്തു ചെയ്യണമെന്നറിയാതെ നിന്ന അവന് പെട്ടെന്ന് തോന്നിയ കുബുദ്ധിയായിരുന്നു കുട്ടിയെ താഴേക്കിടുക എന്നുളളത്..

അബദ്ധത്തിൽ വീണതാണെന്ന് തെറ്റിധരിച്ചു കൊളളുമെന്നാണ് അവൻ കരുതിയത്..

ബോഡി നിലത്തു വീണതു കണ്ട് എല്ലാവരും പുറത്തേക്കോടിയ തക്കത്തിൽ അവൻ താഴേക്കിറങ്ങി പിന്നാമ്പുറത്തു കൂടി രക്ഷപെടുകയായിരുന്നു..

തന്റെ മകളുടെ കൊ ലപാതകി താൻ തന്നെയെന്നു അവർക്ക് ബോധൃമാവാൻ അധിക സമയം വേണ്ടി വന്നില്ല..അവരുടെ മനസ്സും ശരീരവും മരവിച്ചു പോയിരുന്നു..

കൊലപാതകിയെ കണ്ടെത്താൻ സാധിച്ചത് തനിക്കുണ്ടായ നേരിയ ഒരു സംശയമായിരുന്നു..

പ്രതി വീട്ടിലുളള അരോ ഒരാൾ അല്ലെങ്കിൽ അവരോട് അടുപ്പമുളള ആരെങ്കിലും ആണെന്നുളള സംശയം അതായിരുന്നു തുടക്കം..

തുടക്കം മുതലേ ആ സ്ത്രീയുടെ പെരുമാറ്റം സംശയമുളവാക്കുന്നതായിരുന്നു..അവരെന്തോ മറച്ചു പിടിക്കുന്നുണ്ടെന്നു ആദ്യമേ താൻ നോട്ട് ചെയ്തിരുന്നു..

പിന്നീട് ആ സ്ത്രീയുടെ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ കാര്യങ്ങൾ ഒന്നു കൂടെ വ്യക്തമാകുകയായിരുന്നു..

വിരലടയാളം ഒത്തു നോക്കേണ്ട ആവശ്യമേ പിന്നീടുണ്ടായിരുന്നുളളൂ…

ഇൻസ്പെക്ടർ ഒന്നു ശങ്കിച്ചു..ഈ അവസ്ഥയിൽ അയാളെ ഇതറിയിക്കേണ്ട എന്നയാൾ തീരുമാനിച്ചു…

“ഓക്കെ മിസ്റ്റർ സുരേഷ് ഞാനിറങ്ങുന്നു…പിന്നീട് വരാം…ഇൻസ്പെക്ടർ പറഞ്ഞു…

അയാളുടെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവവുമില്ലായിരുന്നു…നിർവികാരനായിട്ടുളള ആ ഇരിപ്പു കണ്ട് ഇൻസ്പെക്ടർ അവിടന്നിറങ്ങാൻ തുടങ്ങവെ അയാൾ പിന്നിൽ നിന്ന് വിളിച്ചു…

: ” സാർ” ഇതു കൂടെ കൊണ്ടു പോയ്ക്കൊളളൂ… എന്നു പറഞ്ഞ് കൊണ്ട് ഒരു കത്ത്  അയാൾ ഇൻസ്പെക്ടർക്കു നേരെ നീട്ടി…”

ആകാംക്ഷയോടെ ആ കത്ത് ഇൻസ്പെക്ടർ വാങ്ങി..അത് ആ സ്ത്രീയുടെ കത്തായിരുന്നു..

അതിൽ ഇപ്രകാരം എഴുതിയിരുന്നു…

“ചേട്ടാ മാപ്പ്! ശപിക്കപ്പെട്ട ജന്മമാണ് എന്റേത്..ചേട്ടനെ വഞ്ചിച്ചതിനു ദൈവം എനിക്കു തന്ന ശിക്ഷയാണ് നമ്മുടെ പൊന്നോമനയുടെ മരണം..ഒരർത്ഥത്തിൽ അവളെ കൊന്നത് ഞാൻ തന്നെയാണ്…വിനോദ് ചതിയനായിരുന്നു…അവന്റെ കയ്യിൽ എന്റെ അരുതാത്ത പല വീഡിയോസും ഉണ്ട്..

അതു കാണിച്ച് ഭീഷണി പെടുത്തിയാണ് അവൻ എന്നെ കീഴ്പെടുത്തിയിരുന്നത്..എല്ലാം ചേട്ടനോട് തുറന്നു പറയണമെന്നു പല തവണ കരുതിയതാണ്. പക്ഷെ ചേട്ടനെ നഷ്ടപെടുമോയെന്നുളള ഭയം എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു..

ഞാൻ പോകുകയാണ് ഈ നശിച്ച ലോകത്ത് നിന്ന്…ഇനിയും ചേട്ടനെ വഞ്ചിക്കുവാൻ ഞാനൊരുക്കമല്ല..

കാരണം ഈ കേസന്വേഷിക്കുന്ന ഇൻസ്പെക്ടർ ഇന്നലെ എന്നെ വിളിച്ചിരുന്നു..വിനോദിന്റെ കയ്യിൽ നിന്നും അയാൾക്ക് ആ വീഡിയോസ് ലഭിച്ചിരിക്കുന്നു…അയാളുടെ ആഗ്രഹത്തിനു വഴങ്ങിയാൽ ഈ കേസിൽ നിന്നു എന്നെ രക്ഷപെടുത്താമെന്നായിരുന്നു അയാളുടെ വാഗ്ദാനം..

എന്റെ ശിക്ഷ ഞാൻ സ്വയം വിധിക്കുകയാണ്..ഞാൻ പോകുകയാണ്..ഒരിക്കൽ കൂടി മാപ്പ്…

കത്തുവായിച്ചു കഴിഞ്ഞതും ഇൻസ്പെക്ടറുടെ മുഖം വിളറിവെളുത്തിരുന്നു.

തിരിഞ്ഞുനോക്കാനുളള ശേഷിയില്ലാതെ അയാൾ മുന്നോട്ട് നടന്നു…

~പ്രവീൺ ചന്ദ്രൻ