Story written by Anoop
===========
18000 കൊടുത്ത് വാങ്ങിയ പുതിയ ഫോണിന്റെ ക്യാമറ ടെസ്റ്റിങ്ങ് നടത്തികൊണ്ടിരിക്കവേയാണ് കടയിൽ നിന്നും എന്തൊക്കെയോ സാധനങ്ങൾ വാങ്ങിക്കൊണ്ട് അമ്മയുടെ വരവ്…
മുറ്റത്തേക്ക് കേറിയ അമ്മയും ഫോട്ടോയിൽപ്പെട്ടു. ഓരോ ഫോട്ടോയും എടുത്ത് സൂം ചെയ്ത് അതിന്റെ ക്ലാരിറ്റിയും മറ്റും നോക്കി കൊണ്ടിരിക്കെ അമ്മയുടെ ഫോട്ടോയും വന്നു. നാൽപ്പത്തെട്ടു വയസായിട്ടുണ്ട് അമ്മയ്ക്ക്. കൈയിൽ കാടുതെളിക്കാൻ കൊണ്ടുപോയ കത്തി ഉണ്ട്. നൈറ്റിയാണ് വേഷമെങ്കിലും അതിന്റെ മേലെ എന്റെയൊരു പഴയ നരച്ച ഷർട്ടും ഉണ്ട്. ബട്ടൻസിന്റെ സ്ഥാനത്ത് പിൻ കുത്തിയിരിക്കുന്നു. മറു കൈയ്യിൽ സഞ്ചിയിൽ എന്തൊക്കെയോ സാധനങ്ങൾ അത് കടയിൽ നിന്നും വാങ്ങിച്ചതാവാനേ സാധ്യതയുള്ളൂ. ഒരു പ്ലാസ്റ്റിക്ക് ചെരുപ്പ്…
സൂം ചെയ്യവേ കാലിലേയും കൈയ്യിലേയും നഖത്തിന്റെ സൈഡിലൊക്കെ മണ്ണ് പറ്റിയിരിക്കുന്നു. തൊഴിലുറപ്പ് ജോലിക്ക് പോയി വരുന്നതാണ്. വന്ന ഉടനേ തന്നെ പൈപ്പിന്റെ ചുവട്ടിൽ നിന്നും കാലിലെയും ചെരുപ്പിലേയും ചളി കഴുകി മുഖവും കഴുകി കൊണ്ട് അടുക്കളയിലേക്ക് പോയി.
ഇനി കൊറേ ബഹളം കേൾക്കാം പാത്രം കഴുകുന്നതിന്റെയും അലക്കാൻ ഓടുന്നതിന്റെയും ഒക്കെ….
ആലോചനകളിൽ മുഴുകവേ ഭാര്യ കട്ടൻ ചായയും കൊണ്ട് വന്നു
”അമ്മയ്ക്കില്ലേ ?” ഗ്ലാസ് വാങ്ങിക്കുന്നതിനിടയ്ക്ക് അഞ്ചുവിനോട് ചോദിച്ചു.
“ആ ഉണ്ട്, ഞാൻ അധികം വെച്ചിരുന്നു” മറുപടി പറഞ്ഞുകൊണ്ട് അവർ അടുക്കളയിലേക്ക് നടന്നു.
”കഴിക്കാൻ ഒന്നൂല്ലേ ? വെറും ചായ എങ്ങനാ കുടിക്ക…”
“ഇപ്പൊ കൊണ്ടുവരാം.” അടുക്കളയിൽ നിന്നും അവളുടെ ശബ്ദം. അതിനു പിറകെ തന്നെ അമ്മയും അവളും അവർക്കുള്ള ചായയും അമ്മ കടയിൽ നിന്നും കൊണ്ടുവന്ന പഴംപൊരിയുമായി വന്നു.
ചായ കുടിച്ചു കൊണ്ടിരിക്കെ അമ്മ ആ പഴയ നോക്കിയയുടെ കീപാട് ഫോണെടുത്ത് അഞ്ചുവിനു നേരെ നീട്ടി…
“നീ ഇതൊന്നു നോക്കിയേ, ആരൊ വിളിച്ചിരുന്നു. റോഡിലായകൊണ്ട് ഞാനെടുത്തില്ല. ആരാന്നു നോക്ക്” അഞ്ചു ഫോൺ കൈയ്യിൽ വാങ്ങി.
“ഇത് കമ്പനി ആണെന്നു തോന്നുന്നു” മിസ് കാൾ നോക്കി മറുപടി പറഞ്ഞു
ഇപ്പൊഴും അമ്മയ്ക്ക് മിസ്കോൾ നോക്കാനോ മെസേജ് നോക്കാനോ ഒന്നും അറിയില്ല. എല്ലാം വീട്ടിൽ വന്നു കഴിഞ്ഞ് അഞ്ചുവിനേക്കൊണ്ട് നോക്കിക്കും.
“ഓ ഇനി ആ ഫോൺ വാങ്ങിയ കൊണ്ട് ഏതുനേരവും അതിൽ തോണ്ടിക്കൊണ്ടിരിക്കയല്ലെ വേണ്ടൂ. ഒരാഴ്ചകൊണ്ട് അതും വെള്ളത്തിലിടണം” പതിവ് ഡയലോഗ് വന്നു.
ഒരു ഫോൺ വെള്ളത്തിൽ വീണതിൽപിന്നെയാണ് നശിച്ചത്. അതു കാരണം എപ്പൊഴും പറഞ്ഞുകൊണ്ടിരിക്കും. ചായയും കഴിഞ്ഞ് മുകളിൽ കയറിയിരുന്നു വീണ്ടും ഫോട്ടോകളിലേക്ക് നോക്കവേ അമ്മയുടെ രൂപം. ഒരു പക്ഷേ ഈ ഫോട്ടോയിലാവണം അമ്മയെ ഒക്കെ ഞാൻ കുറച്ച് കൂടുതൽ ശ്രദ്ധിക്കുന്നത്. ഓർമ്മവച്ച നാൾ മുതൽ കാണുന്നതാണ് ഈ ഒരു വേഷത്തിൽ. എന്നും ജോലി തന്നെ…മിക്കവാറും ഉച്ചവരെ ജോലി ഉണ്ടാകും. വന്നു കയറിയ ഉടനെ മഴക്കാലം ആണെങ്കിൽ ഡ്രസ്സ് ഒന്നും മാറാതെ തന്നെ അലക്കാൻ തുടങ്ങും എന്നിട്ട് കുളിച്ചതിനു ശേഷാവും ഭക്ഷണം കഴിക്കുക. വേനൽ കാലത്താണെങ്കിൽ അടുത്തുള്ള പറബിൽ പോയി ഓലയും മടലും വിറകുമൊക്കെ എടുത്ത് കൊണ്ട് വരും അടുപ്പിൽ വെക്കാൻ. തലയിൽ ഒരു വലിയ കെട്ട് വിറകുമായി വിയർത്തൊലിച്ച് വരുന്നത് കാണാം. അച്ചൻ മരിച്ച് വർഷങ്ങൾ എത്രയായിരിക്കുന്നു. എന്റെ അറിവിൽ അമ്മ ചെയ്യാത്ത ജോലികൾ ഒന്നുമില്ല. ഒന്നുകിൽ അടുത്തുള്ള വല്യ ആൾക്കാരുടെ പറബിലെ കാടുതെളിക്കാൻ അതുമല്ലെങ്കിൽ വയലിൽ അതും അല്ലെങ്കിൽ വാർക്ക പണി കല്ല് ചുമക്കാൻ ഒടുവിൽ നടുവേദന കൂടി കൂടി വന്നപ്പോഴാണ് കല്ല് ചുമക്കുന്നത് നിർത്തിയത്.
ഞാൻ ഒരു വിധം കരപറ്റി വന്നപ്പോൾ ഇനി പോകണ്ട എന്നു പറഞ്ഞതാണ്. എന്നാലും പോകും വെറുതെയിരിക്കാൻ പറ്റില്ല അതാണ്.
“എന്താണൊരാലോചന ?” ഓർമ്മകളെ ഉണർത്തികൊണ്ട് അഞ്ചു അടുത്ത് വന്നിരുന്നു.
“ഏയ്…വെറുതെ “
“ഇതെപ്പൊഴാ അമ്മയുടെ ഫോട്ടോ എടുത്തേ ? അമ്മ കാണാതെ എടുത്തത് പോലെ ഉണ്ടല്ലോ. അതും ഈ കോലത്തിൽ “
“ഇതിനെന്താ കുഴപ്പം ? ” അഞ്ചുവിന്റെ മുഖത്ത് തറപ്പിച്ചു നോക്കിയതുകൊണ്ട് തന്നെ ആ ചോദ്യം എനിക്ക് അത്ര പിടിച്ചില്ല എന്ന് അവൾക്കും മനസിലായി.
“അല്ല ആ കാലിലൊക്കെ മണ്ണല്ലെ നഖമൊക്കെ കണ്ടോ” എനിക്ക് താരതമ്യം ചെയ്യാൻ എന്നോണം അവൾ അവളുടെ കൈനഖം കാണിച്ചു. നീട്ടി വളർത്തിയ ആ നഖം കാണാൻ ഭംഗിയൊക്കെ ഉണ്ട്.
“ഇത് രണ്ടും വേറെയാണ് “
“അതെന്താ ?” അവൾക്ക് വീണ്ടും സംശയം
“എന്റെ അമ്മ എന്നെ പട്ടിണിക്കിടാതെ പോറ്റിയത് പോലെ നിന്റെ ഈ കൈ വെച്ച് നാളെ നമ്മുടെ മക്കളെ പോറ്റി വളർത്താൻ നിനക്കാവില്ല ” അവളുടെ കൈയ്യിൽ പിടിച്ചുകൊണ്ട് തന്നെയാണ് മറുപടി കൊടുത്തത്.
“അതെന്താ ? ” അവളുടെ സംശയം.
“നിനക്ക് ആ കാണുന്ന അലക്കുകല്ല് ഒന്നു മാറ്റിയിടാൻ ആകുമോ ? അതുമല്ലെങ്കിൽ നാളെ ഒരു ദിവസം എങ്കിലും 10 കല്ല് ചുമന്ന് അവിടെ വരെ കൊണ്ടുപോകാൻ പറ്റുമോ ? “
“ന്റമ്മോ എന്നെക്കൊണ്ടാവില്ല “
“നിനക്കിപ്പൊ എത്ര വയസായി…?”
“ഇരുപത്തി ഒന്ന് ” അവൾ മറുപടി പറഞ്ഞു.
“ഹാ…അതാണ് ഒരു പക്ഷേ അമ്മ ഉണ്ടല്ലോ 18 അല്ലെങ്കിൽ 19 വയസിൽ അന്നത്തെക്കാലത്ത് ജോലിക്ക് പോകാൻ തുടങ്ങിയതാ. അതാണ് കാര്യം മനസിലായോ ” കാര്യങ്ങൾ വിശദീകരിക്കുംബോഴും അമ്മകൊണ്ടുവന്ന സഞ്ചിയിൽ നിന്നും എടുത്ത ചോക്ലേറ്റ് പാക്കറ്റ് അവൾ പുറത്തെടുത്തു പൊളിക്കാൻ തുടങ്ങി. എന്നിട്ട് എന്നെ കാണിച്ചുകൊണ്ട് ഒരു മ്യൂസിക്കും “ടേം ടെ ടേം… “
“കല്യാണം കഴിഞ്ഞ് ഒരു വർഷം ആയി ഇതിനൊക്കെ എപ്പൊഴാണാവോ ഇത്തിരി എങ്കിലും ബോധം വരുക ” മനസിൽ പറഞ്ഞുകൊണ്ട് അവളുടെ മുഖത്ത് നോക്കി ചിരിക്കുംബോഴും ആസ്വദിച്ച് തിന്നുകയാണ് അവൾ
“എന്തേ? ” അവൾ പൂരികമുയർത്തി
“ഒന്നൂല്ല…വെറുതെ ചിരിച്ചതാ “
“അല്ല എന്തോ ഉണ്ട്…പറ ” വിടാനുള്ള ലക്ഷണമില്ല.
“വേറൊന്നും അല്ലെടീ നീ നിന്റെ അച്ചനോട് പറയണം പെൺകുട്ടികൾ ഉണ്ടെന്നു കരുതി സ്കൂളിൽ വിടേണ്ടതിനെ ഒന്നും പിടിച്ച് കല്യാണം കഴിപ്പിക്കരുത് എന്ന്. ഞാൻ പറഞ്ഞു എന്നു പറഞ്ഞാൽ മതി ” അതും പറഞ്ഞ് അവൾക്ക് കാര്യം മനസിലാകും മുൻപ് ഞാൻ റൂമിലേക്ക് കേറി വാതിലടച്ചുകഴിഞ്ഞിരുന്നു.
“മനു ഏട്ടാ മര്യാദയ്ക്ക് വാതിൽ തുറന്നോ കെട്ടോ”
ഹാവൂ, അതെങ്കിലും അവൾക്ക് മനസിലായെന്നു തോന്നുന്നു. സമാധാനം…ഒരു ചിരിയോടെ ഞാൻ കണ്ണടച്ചു…
ഓർമ്മകൾക്ക് എല്ലായ്പ്പോഴും വല്ലാത്തൊരു ഫീലാണ്…
~Anu Knr KL 58
26.10.2019