രണ്ടുമണിക്കൂർ യാത്രയ്ക്കൊടുവിൽ നീനയുടെ വീട്ടിലെത്തി, എബി വാതിൽക്കൽ വന്നു ബെല്ലടിച്ചു…

നീന…

Story written by Parvathy Jayakumar

============

ഫോണിലൂടെ പ്രേമം പൊളിച്ചു ഗുഡ്ബൈ പറഞ്ഞു അവൾ പോയി!!!

എന്തിന് ഏതിന് എന്ന് ചോദിച്ച് തീരും മുന്നേതന്നെ അതിനുശേഷം അയാൾ അവളെ കാണാനോ വിളിക്കാനോ ശ്രമിച്ചില്ല. നമ്മളെ വേണ്ടാത്തവരുടെ പിന്നാലെ പോയിട്ട് എന്ത് കാര്യം, ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും നീനയുടെ ഓർമ്മകൾ എബിയെ അലട്ടി കൊണ്ടേയിരുന്നു..

വീടിനകത്ത് അടഞ്ഞിരുന്നു ഡിപ്രഷൻ അടിച്ചു ചാവും എന്ന് ഉറപ്പായപ്പോൾ, ഇളയപ്പന്റെ കയ്യും കാലും പിടിച്ച് എബി മിഡിൽ ഈസ്റ്റിൽ ഒരു ജോലി തരപ്പെടുത്തി…

അടിമപ്പണി ആയിരുന്നെങ്കിലും ജീവിതത്തിൽ തോറ്റു കൊടുക്കില്ല എന്ന വാശി ഉള്ളതുകൊണ്ട് അയാൾ രണ്ടു മൂന്നു നാലു വർഷം കൊണ്ടുതന്നെ ഒരുപാട് കഷ്ടപ്പെട്ടിട്ട് ആണെങ്കിലും ഫിനാൻഷ്യലി നല്ലൊരു പൊസിഷനിലേക്ക് ഉയർന്നു..

നീണ്ട നാളത്തെ പ്രവാസ ജീവിതത്തിന് ശേഷം അവധിക്ക് നാട്ടിൽ വന്നയാൾ കൂട്ടുകാരുമൊത്ത് അർമാദിക്കുക ആയിരുന്ന ഒരു ദിവസം നീനയുടെ മെസ്സേജ് എബിയുടെ ഫോണിലേക്ക് വന്നു.

“എബി..നീ നാട്ടിൽ ഉണ്ട് എന്ന് അറിഞ്ഞു. ഫ്രീ ആകുബോൾ ഒന്ന് വീട് വരെ വരാമോ..”

അയാൾക്ക് അതിശയം തോന്നി..ഇത്ര നാളും ഒരു ഒരു കോൺടാക്ട് ഇല്ലാതിരുന്നിട്ട് പെട്ടെന്ന് ഇപ്പോൾ…

എബി കൂട്ടുകാരുടെ ഇടയിൽ നിന്നു അല്പം ഒന്ന് മാറി. എന്റെ മുഖം പോലും കാണണ്ട, മേലിൽ ഇനി എന്റെ മുന്നിൽ വന്നു പോകരുത് എന്ന് പറഞ്ഞു പോയതാണ്…ഏതെങ്കിലും കാശുള്ള കഷണ്ടി തലയനെ കെട്ടി പൊറുതി തുടങ്ങി കാണും, അത് എന്നെ ഒന്ന് കാണിക്കാൻ ആയിരിക്കും, അത് കാണാൻ ഞാൻ എന്തിന് പോണം, എബി ഇങ്ങനെ ഓരോന്ന് മനസ്സിലോർത്തു..നീനയുടെ മെസ്സേജിന് മറുപടി ഒന്നും കൊടുത്തില്ല.

അല്ലേൽ ഒന്നു പോയേക്കാം ഞാനിപ്പോൾ നല്ല രീതിയിൽ ആണ് ജീവിക്കുന്നതെന്ന് അവൾ ഒന്ന് കാണട്ടെ, ഗതി പിടിക്കില്ല എന്ന് കരുതി എന്നെ തേച്ചത് ആയിരിക്കും. പോകുമ്പോൾ പഴയതിനെ കുറിച്ച് ഓർത്ത് താൻ സെന്റ്അടിച്ചു നടക്കുന്നില്ല എന്ന് അവളെ കാണിക്കുകയും വേണം…

അയാൾ പിറ്റേന്ന്  കുളിച്ചു റെഡിയായി ഉള്ളതിൽ ഏറ്റവും കോസ്റ്റലി ആയ ഷർട്ടും പാന്റും ഷൂസും ഇട്ടു വാച്ചും കെട്ടി.

അമ്മേ…മുറ്റത്ത് പണിക്കാർ ഉണ്ടെങ്കിൽ ആ കാർ ഒന്ന് കഴുകി ഇടാൻ പറയ് എനിക്ക് ഒരിടം വരെ പോണം…എബി ഒരു ബോട്ടിൽ സ്പ്രേയിൽ മുങ്ങി നീരടി.

ഓഹ് മോനെ…എന്തൊരു മണവാ തല പെരുക്കുന്നു,

ഇരിക്കട്ടെ അമ്മേ ഒരു വഴിക്ക് പോവുകയല്ലേ, യാത്ര പറഞ്ഞ് അയാൾ ഇറങ്ങി..

രണ്ടുമണിക്കൂർ യാത്രയ്ക്കൊടുവിൽ നീനയുടെ വീട്ടിലെത്തി, എബി വാതിൽക്കൽ വന്നു ബെല്ലടിച്ചു…

അവളുടെ അമ്മയാണ് വന്നു ഡോർ തുറന്നു കൊടുത്തത്..ആ മോനെ എബി നീയോ? നിനക്ക് സുഖമാണോ?? നീ ഇപ്പോൾ എവിടാ അവർ എന്തൊക്കെയോ കുശലം ചോദിച്ചു…

ആന്റി നീന എവടെ അവൾക്ക് എന്നെ കാണാം എന്നു പറഞ്ഞിരുന്നു…

അഹ് അവൾ അവളുടെ മുറിയിൽ ഉണ്ട്, മോൻ മേളിലോട്ട് ചെല്ല്…

ഞാൻ അവളുടെ റൂമിന്റെ ഡോറിൽ ഒന്ന് മുട്ടി പിന്നെ തള്ളി തുറന്നു അകത്തേക്ക് കയറി..

കട്ടിലിന്റെ ഒരു മൂലയ്ക്ക് ചുരുണ്ടുകൂടി കിടക്കുന്ന നീനയെയാണ് എബിക്ക് കാണാൻ സാധിച്ചത്..

നീന…നീന…എബി നീനയെ പതുക്കെ തട്ടിവിളിച്ചു,

വളരെ ബന്ധപ്പെട്ട്‌ അവൾ കണ്ണുകൾ തുറന്നു. അവൾ പതിയെ എഴുന്നേറ്റിരുന്നു,

നിനക്കെന്തു പറ്റി നീന..നിന്റെ മുടിയൊക്കെ എവിടെ പോയി, നീനയുടെ കോലം കണ്ടു അയാൾ ആകെ പകച്ചു നിന്നു….

അവളുടെ മുഖതെ പ്രസരിപ്പും ഭംഗിയും തേജസും ഒക്കെ നഷ്ടപ്പെട്ടിരിക്കുന്നു, നീന നിനക്ക് എന്തുപറ്റി വിറയാർന്ന ശബ്ദത്തോടുകൂടി എബി ചോദിച്ചു..

കാൻസർ ആണ് ലാസ്റ്റ് സ്റ്റേജ്, അവൾ അത് പറഞ്ഞു നിർത്തുമ്പോൾ അവന്റെ ഹൃദയം ഒരു നിമിഷത്തേക്ക് നിന്നു പോയത് പോലെ അനുഭവപ്പെട്ടു, ആ കാഴ്ച അയാൾക്ക് താങ്ങാൻ പറ്റുന്ന അതിനപ്പുറവും ആയിരുന്നു. അയാൾ ചുണ്ടുകൾ മുറുകെ കടിച്ചു പിടിച്ചു കരച്ചിൽ അടക്കാൻ സാധിക്കാതെ കൈകൾ കൊണ്ട് മുഖം പൊത്തി പിടിച്ചു നിന്നു വിങ്ങിപ്പൊട്ടി..

എനിക്ക് ഇങ്ങനെ കാണാൻ വയ്യഡീ നിന്നെ..ഞാൻ ഓർത്തു നീ നല്ല നിലയിൽ എത്തി കാണുമെന്ന്..പക്ഷേ ഇതിപ്പോ..

നിനക്കെന്നോട് ഇത്രയും നാളും ദേഷ്യം ആയിരുന്നോ, അസുഖം നേരത്തെ തന്നെ ഡയഗ്നോസ് ചെയ്തിരുന്നു, പിന്നീട് നിനക്കൊരു ബുദ്ധിമുട്ട് ആകും എന്ന് ഓർത്താണ് ഞാൻ നമ്മുടെ റിലേഷൻഷിപ് പോലും വേണ്ട എന്ന് വെച്ചത്, സർജറിയും മരുന്നും ഒക്കെയായിട്ട് നാളിതുവരെ തള്ളിനീക്കി ഇനി വയ്യ..ഞാൻ ഇനി അധികനാൾ ഉണ്ടാവില്ല..ചത്തു പോകുന്നതിനു മുന്നേ എനിക്ക് നിന്നെ ഒന്ന് കാണണമെന്ന് തോന്നി..

അയാൾ സകല നാഡീഞരമ്പുകലും നിലച്ചതുപോലെ നിന്നു…

ഇപ്പൊ ഇപ്പൊ ഭയങ്കര വേദനയാഡാ എന്നെക്കൊണ്ട് സഹിക്കാൻ പറ്റുന്നില്ല..നിനക്കറിയുമോ ഞാൻ ഒന്ന് ഉറങ്ങിയിട്ട് എത്ര ദിവസം ആയി എന്ന്…

ഇത്രയും കേട്ടതും എബി പരിസരം മറന്നു അവളെ ചേർത്തു പിടിച്ചു. നീ എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ…ഞാൻ നിന്നെ എവിടാന്ന് വച്ചാൽ കൊണ്ടുപോയി ട്രീറ്റ്‌ ചെയ്യില്ല ആയിരുന്നോ??

ഏയ്..ഇനി ഇതിനപ്പുറം ഒന്നുമില്ലെടാ ഒക്കെ കഴിഞ്ഞു…നീ എന്റെ അടുത്ത് കുറച്ചു സമയം ഇരിക്കോ??

നിർജീവമായ അവളുടെ കണ്ണുകളിലെ നോട്ടം എബിയെ പിടിച്ചുലച്ചു, നീ എന്നെ ഒന്ന് പുറത്തു കൊണ്ടു പോകുമോ, എനിക്കൊന്നു ശുദ്ധവായു ശ്വസിക്കണം, ആശുപത്രിയുടെയും മരുന്നിന്റെ മണം എന്നെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു..എന്നെ പുറത്തു കൊണ്ടു അവൾ കെഞ്ചി..

അമ്മ അവളുടെ ആഗ്രഹത്തിന് എതിരു നിന്നില്ല. എബി നീനയും കൊണ്ട് ഒരുപാട് ദൂരം യാത്ര ചെയ്തു…

യാത്രാമധ്യേ അവർ തമ്മിൽ ഒന്നും സംസാരിച്ചില്ല, രാത്രിയിൽ ആണ് തിരിക വന്നത്.

എബി നീ ഇന്ന് ഇവിടെ എന്റെ കൂടെ ഇരിക്കണം, ഞാനിന്ന് ഉറങ്ങും നീ നോക്കിക്കോ, എബിയുടെ മടിയിൽ തല ചായ്ച്ച് അവൾ പറഞ്ഞു…

നീ ഉറങ്ങിക്കോ ഞാൻ കൂടെ ഇരിക്കാം…മെല്ലെ മെല്ലെ അവൾ ഉറങ്ങി, വേദന ഇല്ലാത്ത ഒരു ലോകത്തിലേക്ക് നീന യാത്രയായത് അറിയാതെ എബി അവളുടെ നെറ്റിയിൽ തലോടി…അപ്പോഴും അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

~പാർവ്വതി ജയകുമാർ