സത്യത്തിൽ പെണ്ണ് കാണൽ ചടങ്ങു വല്ല കോഫി ഷോപ്പിലും മതിയെന്ന് പറഞ്ഞു  നോക്കിയതാ. അവളുടെ മുത്തശ്ശിക്ക് കാണണമത്രേ..

പൂവമ്പഴവും ഈന്തപ്പഴവും…

Story written by Ammu Santhosh

============

സത്യത്തിൽ പെണ്ണ് കാണൽ ചടങ്ങു വല്ല കോഫി ഷോപ്പിലും മതിയെന്ന് പറഞ്ഞു  നോക്കിയതാ. അവളുടെ മുത്തശ്ശിക്ക് കാണണമത്രേ…അങ്ങനെ ഞങ്ങൾ പുറപ്പെട്ടു. (ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും  എന്റെ സുഹൃത്ത് മനുവും)

നഗരത്തിൽ നിന്ന്‌ കുറച്ചു മാറിയാണ് ഫ്ലാറ്റ് വാതിൽ തുറന്നതു പെൺകുട്ടി തന്നെയാണ്. ഫോട്ടോയിൽ കാണുന്ന പോലെയല്ല..ഞാൻ അന്തം വിട്ടു കുന്തം വിഴുങ്ങി പണ്ടാരമടങ്ങി പോയി. അത്ര സുന്ദരി…നമ്മുടെ ദീപിക പദുക്കോണിന്റെ ഒരു ലെവൽ. ഞാൻ നോക്കുമ്പോൾ മനുവിന്റെ വാ തൊണ്ണൂറു ഡിഗ്രി ആംഗിളിൽ പൊളിഞ്ഞിരിക്കുന്നു…

“അടയ്ക്കെട ശവി, ഈച്ച കേറി മുട്ടയിടും” ഞാൻ അവന്റെ കാതിൽ പിറുപിറുത്തു.

“അച്ഛൻ , അമ്മ, മുത്തശ്ശി എവിടെ ?” ഞാൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു .

“ഞങ്ങളുടെ ഒരു റിലേറ്റീവ് മരിച്ചു പോയി. അവരൊക്കെ അങ്ങോട്ടേക്ക് പോയി. ഇപ്പോളെത്തും” മറുപടി

“ഹേ ധൃതി ഇല്ല പതിയെ വന്നാലും മതി അല്ലേടാ?” മനു

മനു ഇത് കൊളമാക്കുമോ കൃഷ്ണ!

ഞാൻ ചമ്മിയ ഒരു ചിരി പാസാക്കി. എന്റെ  ഉള്ളിൽ ട്രിപ്പിൾ ലഡു പൊട്ടി..

“കുടിക്കാൻ ജ്യൂസ് എടുക്കട്ടേ?” (വീണ്ടും കിളിനാദം…കിളിനാദം എന്ന്  വെച്ചാൽ നല്ല കിളി. കാക്ക അല്ല )

കണ്മുന്നിൽ വന്ന തവിട്ടു നിറമുള്ള ദ്രാവകത്തെ ഞാൻ ഒന്ന് നോക്കി. ഇതേതു ഫ്രൂട്ട്…ചോദിച്ചില്ല .

“ഞാനുണ്ടാക്കിയതാണ് മിക്സഡ് ഫ്രൂട്ട് ജ്യൂസ്. സോറി എനിക്ക് പാചകം ഇത് മാത്രേ അറിയൂ. ഒട്ടും ഇന്ററസ്റ്റ്  ഇല്ലാത്ത ഏരിയ ആണ് “

“കഴിക്കാൻ ഇന്ററസ്റ്റ് ഉണ്ടോ ?” മനു

“അല്ല കഴിക്കാനും  ഇന്ററസ്റ്റ് ഇല്ലേൽ എളുപ്പമായി അതാ” മനു കൂട്ടിച്ചേർത്തു

അവളുട മുഖം ചുവക്കുന്നു…

ഒരു തുള്ളി കുടിച്ചതേയുള്ളു. അതേ  സ്പീഡിൽ ഉദരം വായിലോട്ടു തള്ളുന്നു…

ദൈവമേ ! ഇനി വിഷം വല്ലോമാണോ ?

മനു ഒറ്റ വലിക്കു കുടിച്ചിട്ട് എന്നെ നോക്കി

“കൊല്ലാൻ കൊണ്ട് വന്നതാ അല്ലേടാ ?” എന്ന ഭാവം…ഷൂസ് ഇട്ടു സാമാന്യം ശക്തിയായി ഒരു ചവിട്ടും.

പാവം…ഇവനെങ്ങനെ കുടിച്ചു ഈശ്വര !

കാളിംഗ് ബെൽ അടിച്ചത് രക്ഷ. അവൾ പോയതും ഒറ്റ ഓട്ടത്തിന് അത് വാഷ്‌ബേസിനിൽ ഒഴിച്ച് തിരികെ കസേരയിൽ വന്നിരുന്നു.

ഗുല്ഗുലു തിക്തക കഷായത്തെ വെല്ലുന്ന ജ്യൂസ്. ആയുർവേദ ഡോക്ടർ ആയതു  കൊണ്ട് ഇനി ഇവൾ ഇതിൽ വല്ല പൊടിം ചേർത്തിട്ടുണ്ടാകുമോ ?രുചിക്ക്.

വാതിൽ തുറന്നു അകത്തേക്ക് വന്നത് ഒരു പെൺകുട്ടി ആയിരുന്നു. ഇരു നിറത്തിൽ ഒരു സാധാരണ പെൺകുട്ടി

“എന്റെ ഫ്രണ്ട് ആണ് “

“പൂവൻ പഴവും ഈന്തപ്പഴവും പോലെ” മനു എന്റെ കാതിൽ പറഞ്ഞു

“മിണ്ടാതിരിയെട ” അല്ലാതെന്തു പറയാൻ !

ഞങ്ങൾ സംസാരിക്കുമ്പോൾ കൂട്ടുകാരി ചിതറിക്കിടക്കുന്ന പത്രമാസികകൾ അടുക്കി വെച്ച് ഒഴിഞ്ഞ ജ്യൂസ് ഗ്ലാസ്സുകൾ എടുത്തു ഉള്ളിലേക്ക് പോയി അകത്തു വെച്ചിട്ട് വന്നു ഞങ്ങൾക്കരികിൽ ഇരുന്നു.

രണ്ടു ഇഡലി കഴിച്ചിട്ടു വീട്ടിൽ നിന്നിറങ്ങിയത് ആണ്, വയറ്റിൽ പൂവങ്കോഴി എഴുനേറ്റു നിന്ന്‌ കൂവുന്നു. ഞാനിന്നു വിശന്നു മരിക്കും.

“നമുക്കു ഹോട്ടലിൽ വിളിച്ചു പാർസൽ പറയാം. ഇവിടെ ഒന്നുമുണ്ടാക്കിയില്ല. എനിക്ക് കുക്കിംഗ്‌ അറിയുകയുമില്ല “

ഉച്ച ആയപ്പോൾ നായിക  കൂട്ടുകാരിയോടും ഞങ്ങളോടുമായി പറഞ്ഞു

“ഹോട്ടൽ ഫുഡ് എന്തിന്‌? ഞാൻ ഫുഡ്‌ എടുത്തിട്ട് വരാം. ഇന്ന് വീട്ടിൽ എന്റെ പാചകം ആയിരുന്നു..ഒരു പത്തു മിനിറ്റ് ”  കൂട്ടുകാരി സ്വന്തം ഫ്ലാറ്റിലേക്ക് പോയി

“അവൾ എന്നെ പോലല്ല കേട്ടോ നല്ല കുക്ക് ആണ്. നല്ല കുക്ക് മാത്രമല്ല, നന്നായി പാടും, നൃത്തം ചെയ്യും. വരയ്ക്കും. നല്ല ഒരു സോഷ്യൽ വർക്കർ കൂടിയാണ്. ഇവിടെ മിണ്ടാതിരുന്നത് കണക്കാക്കേണ്ട. നന്നായി പ്രസംഗിക്കും ഒറ്റ കുഴപ്പം ഉള്ളു ആദർശമിച്ചിരി കൂടി പോയി. ഒട്ടും ബിസിനസ് മൈൻഡ്ഡ് അല്ല. എം ബി എ ക്കാരിയാ കക്ഷി. പക്ഷെ ആ ജോലി ഇഷ്ടമല്ല. ഇടക്ക് പാചകം ചെയ്തു കൊണ്ട് തരും. നന്നായി ചെയ്യും ട്ടോ ” നമ്മുടെ നായിക മൊഴിഞ്ഞു.

“ഇനി അതെങ്ങനെയാവും നമുക്ക് കുറേ ദൂരം പോകാനുള്ളതാ.. ” മനു പിറുപിറുത്തു

സംഗതി ശരിയായിരുന്നു. അവൾ നല്ല പാചകക്കാരിയായിരുന്നു. എന്റെ അമ്മയുണ്ടാക്കുന്ന ഉള്ളിത്തീയലിന്റെ രുചി തന്നെയായിരുന്നു അതിനും. കയ്പക്ക മെഴുക്കുപുരട്ടിയും പുളിശേരിയും സംഗതി ഉഷാറായി.

അപ്പോളേക്കും കറന്റ് പോയി .

“ഓ മൈ ഗോഡ് ഇതാ ഇവിടുത്തെ പ്രോബ്ലം ഇനി ഉടനെ വരുമോ ആവൊ ?”

നായിക ആകെ പരിഭ്രമിക്കുന്നു വീശുന്നു വിയർക്കുന്നു. എനിക്ക് ചിരി വന്നു

കൂട്ടുകാരി ജനാലകൾ തുറന്നിട്ടു കർട്ടനുകൾ ഒതുക്കി വെച്ചു. അകത്തേക്ക് നല്ല ഉഗ്രൻ കാറ്റ് വീശി തുടങ്ങി.

അമ്മയും അച്ഛനുമൊക്കെ വരാൻ വൈകുന്നത് കണ്ടു ഞങ്ങൾ പോകാൻ എഴുനേറ്റു..

പോകാൻ നേരം ഒരു കുപ്പി ജീരകവെള്ളം തന്നു കൂട്ടുകാരി മെല്ലെ ഒന്ന് ചിരിച്ചു.

ഈ നേരമത്രയും അവൾ ഞങ്ങളൊടു ഒന്നും ചോദിച്ചില്ല

“താങ്ക്സ് ” മനു അവളോട് നന്ദി പറഞ്ഞു

എനിക്കെന്തോ ഒന്നും പറയാൻ തോന്നിയില്ല

“എടാ എന്നാണ്  കല്യാണം ?പൂവൻപഴത്തിനു നിന്നെ ഇഷ്ടം ആയി കേട്ടോ. അവളുട നോട്ടം കണ്ടാരുന്നോ. അല്ല ആരും നോക്കി പോകും നീ സുന്ദരനല്ലേ? ഞാൻ നീ കൈ കഴുകാൻ പോയപ്പോൾ ചോദിച്ചു..”

“പോടാ…പൂവമ്പഴമല്ല, ഈന്തപ്പഴം..ഈന്തപ്പഴത്തിനാണ് ഗുണം കൂടുതൽ അറിയില്ലേ ?” ഞാൻ മെല്ലെ പറഞ്ഞു 

“എന്തോന്ന് എന്തോന്ന് ?” മനു

“എനിക്ക് ആ കൂട്ടുകാരി മതി. നീ അതൊന്നു പ്രെസെന്റ്  ചെയ്യ് വീട്ടിൽ” ഞാൻ മനുവിനെ നോക്കി

“എടാ അവളു സമ്മതിക്കുമോ…?”

“സമ്മതിക്കും “

ഉറപ്പു എന്റെ മനസിനായിരുന്നു. ഓരോ തവണ എന്റെ കണ്ണുകൾ അവളിലെത്തുമ്പോളും ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അവളെയാണ് എനിക്കിഷ്ടമായത്…അവസരോചിതമായി പെരുമാറുന്ന ഒരാൾ മതി. നിറത്തിലല്ല ഗുണത്തിലല്ലേ കാര്യം .?

“എടാ നിനക്ക് അവളെ ഇഷ്ടമായതല്ലേ ?പൂവമ്പഴത്തിനെ…നമുക്ക് ആലോചിച്ചാലോ?”

ഞാൻ മനുവിനോട് ചോദിച്ചു

“ഞാൻ ഇങ്ങനെ സമാധാനമായി ജീവിക്കുന്നത് സഹിക്കുന്നില്ല അല്ലെ ?കഷായം തന്നു അവളെന്നെ കൊ ല്ലും. ഒന്ന് പോടാപ്പാ…നമുക്കു വല്ല സാധാരണക്കാരും മതിയേ.”

മനു തലയിൽ കൈ വെച്ച് പറയുന്നത് കണ്ടു ഞാൻ ചിരിച്ചു പോയി…