ഹരി ആശുപത്രിയിൽ കിടക്കുന്നതറിഞ്ഞപ്പോൾ ആതിര  കേസ് പിൻവലിക്കുന്നതാണ് നല്ലതെന്നു ചിന്തിച്ചു…

ഋതു ഭേദങ്ങൾ -03

എഴുത്ത്: കർണൻ സൂര്യപുത്രന്‍

==============

“നിനക്ക് എഴുന്നേൽക്കാനായില്ലേ?”..

സുജാതയുടെ ശബ്ദം കേട്ടാണ് ആതിര ഉണർന്നത്..ഓർമകളിൽ നിന്ന് മോചിതയായി ഉറങ്ങിയത് വളരെ വൈകിയാണ്…കണ്ണുകൾ ആയാസപ്പെട്ടു തുറന്ന് അവൾ മൊബൈൽ എടുത്ത് സമയം നോക്കി…

ഏഴര…കീർത്തനയുടെ  മിസ്സ്ഡ് കാൾ കിടപ്പുണ്ട്…അഡ്വക്കറ്റ് ചിൻമയിയുടെയും ഷബീറിന്റെയും സുഹൃത്താണ് അവൾ…ഐ ടി കമ്പനിയിൽ ജോലി..സാമൂഹ്യ പ്രവർത്തക..സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പോരാടുന്നവൾ…മൂന്ന് മാസത്തെ ആശുപത്രി വാസം കഴിഞ്ഞ് കീർത്തനയുടെ ഫ്ലാറ്റിലായിരുന്നു താമസം..

ഒരു കൂടപ്പിറപ്പിന്റെ സ്നേഹം തന്ന് പരിചരിക്കുകയും  പോരാടാനുള്ള ആത്മവിശ്വാസം പകർന്ന് തരികയും ചെയ്തത് കീർത്തനയായിരുന്നു…ആതിര കീർത്തനയെ തിരിച്ചു വിളിച്ചു..

“എടീ..നീ ഓക്കേ അല്ലേ?” അവളുടെ  ശബ്ദം കേട്ടു..

“അതെ…ഇന്നലെ നല്ല ക്ഷീണമുണ്ടായിരുന്നു..അതാ ഫോണെടുക്കാഞ്ഞത്.”

“അത് സാരമില്ല….നീ സേഫ് അല്ലേ എന്ന് ചോദിക്കാൻ വിളിച്ചതാ..”

“ഉം “

“രാജീവ് ഇത് വരെ പിടികൊടുത്തിട്ടില്ല എന്നറിയാല്ലോ…? നീ ഒന്ന് സൂക്ഷിക്കണം..”

“ഏയ്‌..ഇതെന്റെ നാടല്ലേ? ഇവിടുന്നു ഒന്നും സംഭവിക്കില്ല…..”

“എന്നാലും കുറച്ചു ശ്രദ്ധിക്ക്…അവനെ  നിസ്സാരനായി കാണരുത്..”

“അറിയാം..ഞാനും തനിച്ചല്ലല്ലോ…നിങ്ങളൊക്കെയില്ലേ?”

“ഇതാണ് എന്റെ ആതിര…നിന്റെ ഈ  ധൈര്യമുണ്ടല്ലോ…ഇതുപോലെ നരകിക്കുന്ന ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനമാകും..”   കീർത്തനയുടെ ചിരി ഫോണിലൂടെ മുഴങ്ങി.

“അതുപോട്ടെ..ഹരി എന്ത് പറഞ്ഞു?”

“അവൻ പണ്ടത്തെ പോലെ തന്നെ…”

“ജീവിതം ഒരുപാട് ബാക്കിയുണ്ടെടീ..നഷ്ടപ്പെട്ടതൊക്കെ തിരിച്ചെടുക്കാൻ ദൈവം അവസരം തന്നതാ “

“ശരിയാവില്ലെടീ…അവൻ മാറിയില്ലെങ്കിലും ഞാൻ പഴയ ആതിര അല്ലല്ലോ..എന്റെ മനസ്സിൽ ഇപ്പോ അതൊന്നും ഇല്ല.. “

“ശരി..ഞാൻ വെക്കുവാണേ…ഓഫീസിൽ പോകാൻ റെഡിയാകുവാ..പിന്നെ വിളിക്കാം..”

അവൾ ഫോൺ വച്ചു..ആതിര കണ്ണുമടച്ചു കിടന്നു…

എസ് പി മാണിക്യവേലിന്റെ ശാസന ഏറ്റു വാങ്ങേണ്ടി വന്നതോടെ പോലീസുകാർക്ക് വേറെ വഴിയൊന്നും  ഉണ്ടായില്ല..അവർ രാജീവിനെതിരെ കേസ് എടുത്തു..രക്ഷപ്പെടാനുള്ള പഴുതുകൾ അടഞ്ഞപ്പോൾ രാജീവ് ഒളിവിൽ പോയി..പിന്നെ അനുനയിപ്പിക്കാനുള്ള ശ്രമം…ഊർമിളയും ശേഖറുമാണ് ആദ്യം വന്നത്…

“സത്യമായിട്ടും അവനിങ്ങനൊക്കെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല മോളേ..”.

ഊർമിള മൂക്ക് പിഴിഞ്ഞു…

“അവള് കണ്ണും കയ്യും കാണിച്ച് വശീകരിച്ചതാ അവനെ…അല്ലാതെ ഇത്രേം പ്രായമുള്ള ഒരു സ്ത്രീയെ അവൻ…ഛെ…ഒരിക്കലും ഇല്ല…”

ആതിര മിണ്ടാതെ കെട്ടിരിക്കുകയായിരുന്നു.

“മോളോട് കാണിച്ചത് ക്രൂരത തന്നാ..ദേഷ്യം വന്നാൽ കണ്ണു കാണില്ല…അതാണ്‌ അവന്റെ കുഴപ്പം…ഈ ഒരു പ്രാവശ്യം മോള് ക്ഷമിച്ചേക്ക്…ഇനി ഇങ്ങനൊന്നും ഉണ്ടാവാതെ നോക്കി കൊള്ളാം…”

അവൾ ഊർമിളയെ നോക്കി പുച്ഛത്തോടെ ചിരിച്ചു..

“പുന്നാര മോൻ ഇപ്പൊ എവിടാന്ന് അമ്മയ്ക്ക് അറിയാം അല്ലെ? “

“അത്…” അവർ പരുങ്ങി..

“തമിഴ്നാട് പോലീസ് അരിച്ചു പെറുക്കിയിട്ടും കിട്ടിയില്ല..അതോണ്ട് ചോദിച്ചതാ..പിന്നെ ക്ഷമിക്കുന്ന കാര്യം…ക്ഷമിച്ചേനെ…ആന്റിയുമായുള്ള ബന്ധം ഒരു അബദ്ധം പറ്റിയതാണെന്ന് പറഞ്ഞു മാപ്പ് ചോദിച്ചിരുന്നെങ്കിൽ….പക്ഷെ ഉണ്ടായില്ല..പകരം എന്നെ ഈ അവസ്ഥയിലാക്കി…അതും ആ സ്ത്രീയെ ഫോണിൽ വിളിച്ച് അവരെ കാണിച്ചു കൊണ്ട്..വേറെയും പെൺകുട്ടികളുമായി ബന്ധമുണ്ടെന്നു എന്റെ മുഖത്ത് നോക്കി പറഞ്ഞു…ഇതൊന്നും ക്ഷമിക്കാനുള്ള വിശാലമനസ്സ് തല്ക്കാലം ഇല്ല…നിങ്ങളെപ്പോലെയുള്ളവർക്ക് ഇതൊക്കെ നിസ്സാരമായിരിക്കും..ഞാനൊരു സാധാരണക്കാരിയാ…ഒരു സ്കൂൾ ടീച്ചറുടെ മകൾ…..ആ ചെറ്റയ്ക്ക് വേണ്ടി എന്നോട് സംസാരിക്കാൻ വന്നതിനു നിങ്ങളുടെ മുഖത്ത് നോക്കി ആട്ടേണ്ടതാണ്…ചെയ്യാതിരിക്കുന്നത് നിങ്ങൾ എന്റെ അമ്മയുടെ സുഹൃത്ത് ആയതു കൊണ്ട് മാത്രമാ…”

അപമാനം കൊണ്ട് ഊർമിളയുടെ ശിരസ് താണു..അവർ എഴുന്നേറ്റു..പിന്നാലെ ശേഖറും…

“മോനോട് നേരിൽ വന്ന് എന്റെ കാല്  പിടിച്ചു മാപ്പ് ചോദിക്കാൻ പറ..എന്നിട്ട് ആലോചിക്കാം..കേസ് പിൻ വലിക്കുന്ന കാര്യം…”

രൂക്ഷമായി അവളെ നോക്കി ഊർമിള പുറത്തേക്ക് നടന്നു…

പിന്നെ വന്നത് അഡ്വക്കറ്റ് ആണ്..അയാളോട് സംസാരിക്കുമ്പോൾ കൂടെ ചിൻമയിയും ഉണ്ടായിരുന്നു…

“ആതിരാ…ഈ കേസും കൂട്ടവുമൊക്കെ വേണോ? നമുക്ക് ഒരു ഒത്തു തീർപ്പിൽ എത്തിക്കൂടെ?”

അഡ്വക്കറ്റ് കെ കെ അയ്യങ്കാർ സൗമ്യമായി ചോദിച്ചു…

അവൾ കസേരയിൽ ചാഞ്ഞിരുന്നു കൈകൾ നെഞ്ചിൽ കെട്ടി..

“സാർ പറ..എന്തൊക്കെയാ ഓഫർ?”

“കേസുകൾ പിൻവലിച്ചാൽ  മാന്യമായ ഡിവോഴ്സിന് രാജീവ് റെഡിയാണ്..പിന്നെ നഷ്ടപരിഹാരമായി നല്ലൊരു തുകയും  തരും..”

ഇടതു ചെവിയിൽ ഘടിപ്പിച്ച ഹിയറിങ് എയ്ഡ് അവൾ ഊരിയെടുത്തു…

“ഈ  ചെവി പഴയത് പോലെ ആക്കി തരണം..ഞാനിത്രയും നാൾ അനുഭവിച്ച  വേദനയൊക്കെ തിരിച്ചെടുക്കണം…പിന്നെ ക്യാഷ്..എന്നോട് കാണിച്ചതിനൊക്കെയുള്ള നഷ്ടപരിഹാരം തരാൻ  രാജീവ് ശേഖറിന്റെ മുഴുവൻ സമ്പാദ്യവും മതിയാവില്ല…അതുകൊണ്ട് ആ കാര്യം വിട്..മാന്യമായ നഷ്ടപരിഹാരം കോടതി മേടിച്ചു തന്നോളും.”

അയ്യങ്കാർ കണ്ണട ഒന്ന് തുടച്ചു വീണ്ടും വച്ചു.

“ആതിരാ..ബീ പ്രാക്റ്റിക്കൽ…ഇത് ഇന്ത്യയാണ്…കേസൊക്കെ വിധിയാകുമ്പോഴേക്ക് ഒരുപാട് കാലം കഴിയും..വെറുതെ ജീവിതം കോടതി വരാന്തയിൽ കയറിയിറങ്ങി  തീർക്കണോ?”

“സാരമില്ല…ഞാൻ കാത്തിരുന്നോളാം..”

അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു..എന്തോ സംസാരിക്കാനോങ്ങിയ അയ്യങ്കാരെ തടഞ്ഞു കൊണ്ട് ചിൻമയി ഇടപെട്ടു..

“സർ..പ്ലീസ്…നീങ്ക പോകലാം.,”

അയാൾ എഴുന്നേറ്റു നടന്നു…

പിന്നെ ഭീഷണികൾ…ആദ്യം ചിന്മയിക്ക്..അവൾ ഭയക്കുന്നില്ല എന്ന് കണ്ടപ്പോൾ കീർത്തനയ്ക്ക് നേരെ…ആതിരയെ ഇറക്കി വിട്ടില്ലെങ്കിൽ റേപ്പ് ചെയ്യും എന്നൊക്കെ പല നമ്പറിൽ നിന്നും വിളികൾ  വന്നു…ചിലത്  ഗൾഫിൽ നിന്നുള്ള കാൾ ആയിരുന്നു…ഷബീറിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ അതിന്റെ ഉറവിടങ്ങളിൽ ഒന്ന് രണ്ടെണ്ണം കണ്ടെത്തി..അവിടുത്തെ നിയമമനുസരിച്ചുള്ള ശിക്ഷ കിട്ടിയപ്പോൾ കുറച്ചു കുറഞ്ഞു…പിന്നെ അടുത്തത് ഹരിയെ ലക്ഷ്യം വച്ചായിരുന്നു..കൊയമ്പത്തൂരിൽ നിന്ന്  തിരിച്ചു വരും വഴി വണ്ടി തടഞ്ഞു നിർത്തി ആക്രമിച്ചു…പിന്നാലെ വന്ന ലോറി ഡ്രൈവർമാർ ഇടപെട്ടത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി…

ഹരി ആശുപത്രിയിൽ കിടക്കുന്നതറിഞ്ഞപ്പോൾ ആതിര  കേസ് പിൻവലിക്കുന്നതാണ് നല്ലതെന്നു ചിന്തിച്ചു..താൻ കാരണം മറ്റുള്ളവർ നന്നായി ബുദ്ധിമുട്ടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ അതാണ് നല്ലതെന്ന് അവൾക്ക് തോന്നി..വിവരമറിഞ്ഞ് ഹരി അവളെ ഫോൺ വിളിച്ചു…

“നീ എന്തൊക്കെയോ തീരുമാനിച്ചു എന്ന് ഷബീർ പറഞ്ഞു…സത്യമാണോ?”

“ഉം…തോറ്റു കൊടുക്കാം…എല്ലാർക്കും വേണ്ടി…”

“എടീ കോ പ്പേ…ഞങ്ങളൊക്കെ ഇത്രയും കഷ്ടപ്പെട്ടത് പാതിവഴിയിൽ നിർത്താനല്ല..എന്റെ കാര്യം വിട്..നിനക്ക് വേണ്ടി മരിക്കാനും ഞാൻ  തയ്യാറാ..പക്ഷേ ഷബീർ, ശിവ, അവന്റെ കൂട്ടുകാർ…ചിൻമയി..കീർത്തന…ഇവരൊക്കെ നിനക്ക് വേണ്ടി ഉറക്കമൊഴിക്കുന്നത് ഒന്നും പ്രതീക്ഷിക്കാതെയാ..അത് കണ്ടില്ലെന്നു നടിച്ചു പിന്മാറിയാൽ ദൈവം പോലും പൊറുക്കില്ല…”

അവൾ നിശബ്ദയായി…..

“ആതൂ…ഇനി നമ്മൾ പിന്നോട്ടില്ല..ഒരു ദിവസമെങ്കിലും അവനെ ജയിലിൽ കിടത്തും..പിന്നെ എന്റെ കണക്കുകൾ ഞാൻ വേറെ തീർത്തോളാം…അതിന് അവസരം വരും..”

“ഹരീ…നിനക്കിപ്പോ കുഴപ്പമൊന്നുമില്ലല്ലോ?”

“ഇല്ല..കാലിനായിരുന്നു വെട്ട് കിട്ടിയത്….കുറച്ചു നാൾ കഴിഞ്ഞാൽ മാറിക്കോളും..പക്ഷെ എന്റെ മനസ്സിൽ ഒരു മുറിവുണ്ട്..അതങ്ങനെ എളുപ്പത്തിൽ ഉണങ്ങില്ല…”

ആ സ്വരം അവൾക്ക് അപരിചിതമായിരുന്നു…സ്നേഹാസമ്പന്നനായ, നിഷ്കളങ്കനായ  നാട്ടിൻപുറത്തുകാരൻ ഹരികൃഷ്ണനല്ല അത്…പ്രതികാരദാഹിയായ  മറ്റൊരാൾ…

പിന്നെയും എട്ട് മാസങ്ങൾ കടന്ന് പോയി…രാജീവിനെ പിടികിട്ടാത്തത് കൊണ്ട് കേസുകൾ നീണ്ടു പോയി…ഒരു മാറ്റത്തിന് വേണ്ടി നാട്ടിലേക്ക് പോകാൻ  അവൾ തീരുമാനിച്ചു..അടുത്തെവിടെങ്കിലും ജോലി കണ്ടു പിടിക്കണം…അതുകൊണ്ടാണ് വിവാഹമോചനം കിട്ടി എന്നൊരു കള്ളം പ്രചരിപ്പിച്ചു തിരിച്ചു വന്നത്…സത്യാവസ്ഥയൊക്കെ അറിയുന്നത് മോഹനനും ഹരിയ്ക്കും മാത്രം…

*****************

ചായകുടിയൊക്കെ കഴിഞ്ഞ് ആതിര  ഹരിയുടെ വീട്ടിലേക്ക് പോയി…മോഹനൻ വരാന്തയിലിരുന്നു പേപ്പർ വായിക്കുന്നുണ്ടായിരുന്നു.

“ഞാൻ വിചാരിച്ചു നീ ഇങ്ങോട്ടുള്ള വഴി മറന്നു പോയെന്ന്…”

മോഹനൻ പരിഭവം പറഞ്ഞു.. അവൾ ചിരിച്ചു..

“വാ..ഞാൻ ചായ തരാം..”

“വേണ്ട..ഇപ്പൊ കുടിച്ചതേയുള്ളൂ..”

“അത് സാരമില്ല… “

“എന്നാൽ ഞാനിടാം…” അവൾ അടുക്കളയിലേക്ക് നടന്നു..മോഹനൻ പിന്നാലെ ചെന്നു അവിടെയുള്ള സ്റ്റൂളിൽ ഇരുന്നു..

“ശ്വാസംമുട്ടൽ നല്ലോണം ഉണ്ടെന്ന് ഹരി പറഞ്ഞു…”

“ങാ…ഏകദേശം സമയമായെന്നു തോന്നുന്നു.”

“വേണ്ടാത്ത വർത്താനം പറയല്ലേ” അവൾ  ശാസിച്ചു…

ആതിര നീട്ടിയ ചായ ഊതിക്കുടിച്ചു കൊണ്ട് അയാൾ അവളെ തന്നെ നോക്കി.

“ടീച്ചർ എന്ത് പറഞ്ഞു?”

“എന്ത് പറയാൻ? എന്നെ കുറ്റപ്പെടുത്തി..ആത്മസുഹൃത്തിന്റെ മകനെ ഒഴിവാക്കി വന്നതിലുള്ള ദേഷ്യം…”

“നിനക്ക് കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞൂടെ? അവർക്കിപ്പോഴും നടന്നത് മുഴുവനായും അറിയില്ല. “

“ചോദിക്കണം മോഹനേട്ടാ…മോളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നു തുറന്നു ചോദിക്കണം…അമ്മയ്ക്ക് ആ കടമയുണ്ട്…ഈ കേരളത്തിൽ തന്നെ ഓരോ വർഷവും എത്ര പെൺകുട്ടികൾ ഭർത്താവിന്റെയും അയാളുടെ വീട്ടുകാരുടെയും പീ ഡനം സഹിക്കാനാവാതെ ആ ത്മഹത്യ ചെയ്യുന്നുണ്ട്? അവരുടെയൊക്കെ മാതാപിതാക്കളുടെ കഴിവുകേട് കൊണ്ട് മാത്രമാണ്…പെണ്മക്കൾ ബാധ്യത ആണെന്ന് ചിന്തിക്കുന്നവർ…അനുഭവിക്കുന്ന ദുരിതത്തെ പറ്റി ചങ്കു തകർന്നു പറയുമ്പോൾ  “കുടുംബമായി കഴിയുമ്പോൾ ഇതൊക്കെ സാധാരണമാണ്..കണ്ടില്ലെന്നു നടിക്കണം..” ഇതാണ് ചില അമ്മമാരുടെ മറുപടി..”

അവൾ ചായഗ്ലാസ് കഴുകി വച്ചു..

“ഭർത്താവിന്റെ വീട്ടിലേക്കാളും മാനസിക പീ ഡനമായിരിക്കും രക്ഷപ്പെട്ടു സ്വന്തം വീട്ടിൽ വരുന്ന പെണ്ണിന് കിട്ടുന്നത്…അതറിയാവുന്ന കൊണ്ടാ ഒരു മുഴം കയറിലോ, കുറച്ചു വിഷത്തിലോ സ്വപ്നങ്ങളൊക്കെ അവസാനിപ്പിക്കുന്നെ..എല്ലാർക്കും തനിച്ചു പോരാടാനുള്ള ധൈര്യം ഉണ്ടാവണമെന്നില്ലല്ലോ… “

മോഹനൻ അവളെ തന്നെ നോക്കിയിരുന്നു..

പണ്ടത്തെ വായാടിപ്പെണ്ണല്ല ഇത്….ഒരുപാട് മാറിയിരിക്കുന്നു..

“ഹരി എവിടെ പോയതാ?”

“നിന്റെ ജോലിക്കാര്യം അന്വേഷിക്കണമെന്നും പറഞ്ഞു പോയതാ..ചിലപ്പോൾ അതു വഴി  കോഴിക്കോടേക്കും പോകും..എന്തോ കച്ചവടം…”

“ഞാൻ പിന്നെ വരാട്ടോ…ഒന്ന് റൂമൊക്കെ വൃത്തിയാക്കട്ടെ “

അവൾ തിരിച്ചു പോയി.

***********

രണ്ടു ദിവസം  കഴിഞ്ഞു..ഹരി ഇടയ്ക്കിടെ ഫോണിൽ വിളിച്ചു സംസാരിക്കും…അപ്രതീക്ഷിതമായ ഒന്ന് സംഭവിച്ചു..രാജീവ്‌ കീഴടങ്ങി..പക്ഷെ ചെന്നൈ വിട്ടുപോകരുതെന്ന വ്യവസ്ഥയിൽ  ജാമ്യവും നേടി..അതിൽ ഒരു ചതിയുള്ളത് പോലെ എല്ലാവർക്കും തോന്നി..              

ഉച്ചഭക്ഷണം കഴിഞ്ഞ് സർട്ടിഫിക്കറ്റുകൾ അടുക്കി വയ്ക്കുമ്പോൾ സുജാതയുടെ കൂടെ  ഊർമിളയും അവളുടെ മുറിയിലേക്ക് കയറി വന്നു…അവരെ കണ്ടപ്പോൾ ആതിരയുടെ മുഖമിരുണ്ടു…

“സുജേ..ഞാനിവളോടൊന്നു തനിച്ചു സംസാരിച്ചോട്ടെ..?”

സുജാത പുറത്തേക്കിറങ്ങി..

“നിങ്ങളെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്?” പരുഷമായി അവൾ ചോദിച്ചു..

“നീ നിയമപരമായി ഇപ്പോഴും എന്റെ മകന്റെ ഭാര്യയല്ലേ? ആ  അവകാശത്തിൽ വന്നതാ..ഒന്നുകൂടെ അപേക്ഷിക്കാൻ…”

“കേസ് കോടതിയിൽ എത്തിയല്ലോ..ഇനി അവർ നോക്കട്ടെ..”

“മോള് ഒന്നൂടെ ആലോചിച്ചു നോക്ക്…വെറുതെ രണ്ടും പേരുടെയും ജീവിതമല്ലേ നശിക്കുന്നത്?”

“നശിക്കട്ടെ..നാലു വർഷത്തോളമായി നശിച്ചോണ്ടിരിക്കുകയാ എന്റെ ജീവിതം. അതിനുത്തരവാദി ആയവനും ഇനി നശിക്കട്ടെ…”

“മോളേ..അവന് കുറ്റബോധം ഉണ്ട്‌..ഇനിയൊരിക്കലും മോളുടെ മുന്നിൽ വരില്ല..കാനഡയിൽ അവന്റെ ചേട്ടന്റെ കൂടെ  താമസിക്കാനാ  ഇപ്പൊ തീരുമാനിച്ചത്…”

“ആഹഹാ…” ആതിര കൈകൊട്ടി ചിരിച്ചു…

“മോന് കാനഡയിൽ പോകണം..കേസ് ഉണ്ടായാൽ ആ പ്ലാൻ നടക്കില്ല…അതിന് വേണ്ടി യാചിക്കാൻ അമ്മയെ പറഞ്ഞയച്ചു…അഭിനയം കൊള്ളാം പക്ഷെ ഇവിടെ ഏൽക്കത്തില്ല..നിങ്ങൾക്ക് പോകാം..ഇനി ഈക്കാര്യവും പറഞ്ഞോണ്ട് ഈ പടി ചവിട്ടരുത്..”

അവർ പുറത്തിറങ്ങി അമ്മയോട് എന്തൊക്കെയോ കരഞ്ഞു പറയുന്നത്  അവൾ കേട്ടു….കുറേ കഴിഞ്ഞപ്പോൾ സുജാത അകത്തേക്ക് വന്നു.

“അമ്മയുടെ കൂട്ടുകാരി പോയോ?”

“നിനക്കെന്താ കേസ് പിൻവലിച്ചു കൊടുത്താൽ? അവരോടൊക്കെ മത്സരിച്ചിട്ട് എന്ത് കിട്ടാനാ?”

“ഒരുപാട് നേട്ടങ്ങളുണ്ട്…അവസാനം വരെ ഞാൻ തോറ്റു പിന്മാറാതിരുന്നാൽ കല്യാണകച്ചവടത്തിൽ  ജീവിതം തുലഞ്ഞ പെൺകുട്ടികളിൽ ആർകെങ്കിലും അതൊരു ഊർജ്ജമാകും….”

സുജാത എന്തോ സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ ഇടയ്ക്ക് കയറി..

“എന്റെ നാശത്തിന് കാരണം അമ്മ മാത്രമാണ്..ഈ വിവാഹം നടന്നില്ലെങ്കിൽ മരിക്കുമെന്ന് ഭീഷണിപ്പെടുത്തി..എന്നിട്ട് ഇപ്പൊ എന്റെ ജീവിതം തുലഞ്ഞു…ഇനി ഉപദേശിക്കാൻ അമ്മയ്ക്ക് ഒരു യോഗ്യതയുമില്ല…ഇവിടുന്ന് ഇറങ്ങിപ്പോകാൻ പറയാനും പറ്റില്ല..ഇതെന്റെ അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീടാ…”

“നീയെന്താ  ഇങ്ങനെ?” സുജാതയ്ക്ക് സങ്കടം വന്നു..

“കാരണം അറിയണോ…? എന്നാൽ കേട്ടോ.”

അവൾ എല്ലാം തുറന്നു പറഞ്ഞു…നേരിട്ട ചതി, പീ ഡനങ്ങൾ…എല്ലാം…കേട്ടുകഴിഞ്ഞപ്പോൾസുജാത വിങ്ങിപ്പൊട്ടി..

“നിനക്ക് എന്നോട് പറഞ്ഞൂടായിരുന്നോ?”

“എങ്ങനെ പറയും? സ്കൂളിലെ കുട്ടികളോട് പെരുമാറും പോലെയാ അമ്മ വീട്ടിലും..ഇന്നേവരെ സ്നേഹത്തോടെ സംസാരിച്ചിട്ടുണ്ടോ? അതു പോട്ടെ എന്നെയൊന്നു ചേർത്തു പിടിച്ചു മോളേ എന്ന് വിളിച്ചിട്ടുണ്ടോ??ഞാനെത്ര കൊതിച്ചിട്ടുണ്ട് എന്നറിയോ അമ്മയ്ക്ക്?”

അവൾ കരഞ്ഞു….

“സ്വന്തം മാതാപിതാക്കളോട് എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിൽ ഒരു പെൺകുട്ടിക്കും സുഹൃത്തുക്കളെ ആശ്രയിക്കേണ്ടി വരില്ല…പക്ഷേ എനിക്ക് ഇന്നും അമ്മയോട് സംസാരിക്കുമ്പോൾ പരിചയമില്ലാത്ത ആരോടോ സംസാരിക്കുമ്പോലെയാണ്…” കണ്ണു തുടച്ചു കൊണ്ട് ആതിര മുറിവിട്ടിറങ്ങി..

അവൾ പോയിട്ടും സുജാത ശിലപോലെ ഇരുന്നു…ഏറെ നേരം..

**************

“അവളെന്തു പറഞ്ഞു?” രാജീവ്‌ ഫോണിലൂടെ ഊർമിളയോട് ചോദിച്ചു..

“സമ്മതിക്കുന്നില്ലെടാ…ഇനിയെന്ത് ചെയ്യും?”

“അമ്മ ഫോൺ വച്ചോ..ഇനി എന്ത് ചെയ്യണമെന്ന് എനിക്കറിയാം..കേസ് വിളിക്കുമ്പോൾ അവൾ ഹാജരാവരുത്. അങ്ങനെ സംഭവിച്ചാൽ ഇത് കെട്ടിച്ചമച്ചതാണെന്ന് വക്കീൽ തെളിയിച്ചോളും..അതിന് വഴിയുണ്ട്…”

“മോനേ…നീ വേണ്ടാത്തതൊന്നും ചെയ്തേക്കല്ലേ…കൂടുതൽ പ്രശ്നമാവും..”

അവർ പറഞ്ഞു തീരും മുൻപ് രാജീവ്‌ കട്ട് ചെയ്തു..എന്നിട്ട് വേറൊരു നമ്പറിലേക്ക് വിളിച്ചു..

“സർ പറഞ്ഞോ…” അപ്പുറത്ത് നിന്നും ശബ്ദം കേട്ടു..

“റസാഖേ…ഞാൻ ശ്രമിച്ചിട്ട് നടന്നില്ല..ഇനി നിന്റെ ഊഴമാണ്…”

“സാറു പേടിക്കാതിരി…ഇതൊക്കെ നിസ്സാരകാര്യമല്ലേ…പിന്നേ..കാശ് കുറച്ചു പൊടിയും…”

“അതു സാരമില്ല…”

“എന്നാ ഇനി ഒന്നും ഫോണിൽ  പറയണ്ട..ഞാൻ എല്ലാം കഴിഞ്ഞിട്ട് ചെന്നൈക്ക് വരാം…”

ഫോൺ പോക്കറ്റിലിട്ട ശേഷം റസാഖ് മുന്നിൽ നിന്നായാളെ നോക്കി..

“ഡാ കൊമ്പാ…നാളെ തന്നെ ആ  ചടങ്ങ് കഴിഞ്ഞോട്ടെ…പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ..ആർക്കും സംശയം തോന്നരുത്…പിന്നിലുള്ള പുള്ളി അല്ലെങ്കിലേ പെട്ടിരിക്കുകയാ…”

പറ്റെ വെട്ടിയ മുടിയുള്ള മെലിഞ്ഞ ഒരു നാൽപതുകാരനായിരുന്നു അത്…മൃ തദേഹത്തിന്റെതു പോലെ മരവിച്ച മുഖം..അയാൾ  ഒന്ന് തലയാട്ടി കൊണ്ട് പോക്കറ്റിൽ നിന്നും ഒരു ബീഡിയെടുത്തു കത്തിച്ചു..എന്നിട്ട് തിരിഞ്ഞു നടന്നു…

**************

രാത്രി പത്തുമണി കഴിഞ്ഞു..പുറത്തു മഴ ആർത്തലച്ചു പെയ്യുന്നു…സുജാതയും ആതിരയും രണ്ടു മുറികളിലായി കിടക്കുകയാണ്…കട്ടിലിൽ കിടന്ന് അവൾ ഹരിയെ വിളിച്ചു…

“നീ എവിടാ ഹരീ?”

“എടീ ഒന്ന് പയ്യോളി വരെ പോയതാ..കുറച്ചു കാശ് കിട്ടാനുണ്ടായിരുന്നു..നാളെ രാവിലെ എത്തും…അവിടെ മഴ പെയ്യുന്നുണ്ടോ..?”

“ഉണ്ടോന്നോ…നല്ല മഴയാ…വൈകിട്ട് തുടങ്ങിയതാ.. ഇതുവരെ  തോർന്നില്ല..”

“നീ വല്ലതും കഴിച്ചോ?”

“ആ കഴിച്ചു…നീയോ?”

“ഇപ്പൊ കഴിച്ചിറങ്ങിയതേ ഉള്ളൂ..ആ പിന്നേ..അടുത്തയാഴ്ച്ച ചെന്നൈക്ക് പോകേണ്ടി വരും…ചിൻമയി വിളിച്ചിരുന്നു..ഇനി കേസൊക്കെ ഒന്ന് ഒതുങ്ങട്ടെ..എന്നിട്ട് ജോലി അന്വേഷിക്കാം..ഇല്ലേൽ ഇടയ്ക്കിടെ ലീവെടുക്കേണ്ടി വരും..”

“ഉം..”

“ആതൂ…”

“എന്താടാ..?”

“ഏയ്‌ ഒന്നുമില്ല..എന്തോ പറയാൻ വന്നതാ..മറന്നു പോയി..”

“ഓർത്ത് വയ്ക്ക്..നാളെ വന്നിട്ട് പറഞ്ഞാൽ മതി…”

ഫോൺ കട്ട് ചെയ്ത് അവൾ മേശമേൽ വച്ചു…കണ്ണടച്ചപ്പോൾ ഹരിയുടെ മുഖം മനസ്സിൽ തെളിഞ്ഞു…യുവരാജ് സിങ്… പഴയ ഓർമയിൽ അവൾ പുഞ്ചിരിച്ചു..

സമയം രാത്രി രണ്ടു മണി…ഒന്ന് വിശ്രമിച്ച ശേഷം മഴ വീണ്ടും ശക്തി പ്രാപിച്ചു..ലൈറ്റ് ഓഫ്‌ ചെയ്തുകൊണ്ട് ഒരു മഹേന്ദ്ര സ്കോർപിയോ വളരെ സാവധാനം ആതിരയുടെ വീടിന്റെ അര കിലോമീറ്റർ ഇപ്പുറം നിന്നു…

“പറഞ്ഞതോർമ്മയുണ്ടല്ലോ…മോഷണശ്രമം…അതിനുള്ള തെളിവുകൾ ഉണ്ടാക്കണം…”

മുൻസീറ്റിൽ നിന്നും ജലദോഷം പിടിച്ചയാളുടെ പോലുള്ള സ്വരം..നാലു പേർ മഴയിലേക്കിറങ്ങി…പതിഞ്ഞ ചുവടുകളുമായി അവർ ആതിരയുടെ വീട് ലക്ഷ്യമാക്കി നീങ്ങി..ഡ്രൈവിംഗ് സീറ്റിൽ ഇരുന്നയാൾ വണ്ടി മെല്ലെ തിരിച്ചിട്ടു…

രണ്ടര മണി…മഴ സംഹാരരുദ്രയായി  പെയ്യുകയാണ്..ആ പ്രദേശത്തെ വൈദ്യതി നിലച്ചു…എല്ലാവരും ഗാഢനിദ്രയിലാഴ്ന്നു വീണ ആ  സമയത്ത് കൊമ്പൻ ഡേവിസ് എന്ന ക്രി മിനലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ആതിരയുടെ വീടിന്റെ പിൻവാതിൽ കുത്തിതുറന്ന് അകത്തു കയറി…

**************

“ജീവൻ രക്ഷിക്കാൻ പറ്റി..പക്ഷെ…”

ഡോക്ടർ സതീഷ് ചന്ദ്രൻ ഹരിയെ നോക്കി.

“എഴുന്നേറ്റു നടക്കാനുള്ള ചാൻസ് വളരെ കുറവാ….”

ഹരി വേദനയോടെ ഡോക്ടറെ നോക്കി…

“സർ..വേറെവിടെങ്കിലും കൊണ്ടുപോയാൽ..”

“എവിടെ പോയാലും ഇത് തന്നെയാ പറയുക..പിന്നെ നിങ്ങളുടെ മനസമാധാനത്തിന് വേണ്ടി വേണമെങ്കിൽ ട്രൈ ചെയ്തോ..ബട്ട്‌ ഇപ്പോൾ വേണ്ട..തലയ്ക്കു പിന്നിൽ ഏറ്റ അടി…ന ട്ടെല്ലിനോട് ചേർന്ന് പിറകിൽ  നിന്നും ഒരു കു ത്ത്..സ്വാഭാവികമായും ആള് മ രിച്ചു പോകേണ്ടതായിരുന്നു..എന്തോ ഈശ്വരാധീനം കൊണ്ട് രക്ഷപെട്ടെന്നേയുള്ളൂ..ഈ അവസ്ഥയിൽ ഒരിടത്തേക്കും കൊണ്ടുപോകാൻ ഞാൻ സമ്മതിക്കില്ല…

ഡോക്ടർ പറഞ്ഞു നിർത്തി…

“ആതിരയ്ക്ക് എങ്ങനെയുണ്ട്..?”

“ഏയ്‌..ആ കുട്ടിക്ക് കുഴപ്പമൊന്നുമില്ല.. വീണപ്പോൾ തലയിൽ ചെറുതായിട്ട് മുറിഞ്ഞിട്ടുണ്ട്. പിന്നെ കണ്മുന്നിൽ ഇതൊക്കെ കണ്ട ഷോക്കും…ഷീ വിൽ ബി ഓക്കേ..”

ഡോക്ടറോട് നന്ദി പറഞ്ഞു ഹരി  എഴുന്നേറ്റു പുറത്തിറങ്ങി..അവിടെ മോഹനനും ഹരിയുടെ കൂട്ടുകാരും ഇരിക്കുന്നുണ്ട്…

“എന്ത് പറഞ്ഞെടാ..?” മോഹനൻ  ചോദിച്ചു..

“ടീച്ചറുടെ അവസ്ഥ കുറച്ചു മോശമാണ്..എഴുന്നേറ്റു നടക്കാനുള്ള സാധ്യത ഇല്ലെന്നാ പറയുന്നത്…”

“ദൈവമേ..” മോഹനൻ  നെഞ്ചിൽ കൈ വച്ചു…

“മോൾക്കോ?”.

“അവൾക്കു കുഴപ്പമില്ല…”

മോഹനൻ കസേരയിൽ ഇരുന്നു..ഇന്നലെ രാത്രി ശ്വാസം മുട്ടൽ അധികമായപ്പോൾ  ഉറക്കം മുറിഞ്ഞതാണ്…മരുന്നെടുക്കാൻ  എഴുന്നേറ്റപ്പോൾ ആതിരയുടെ വീട്ടിൽ നിന്ന് അലർച്ച കേട്ടു…കറന്റ് ഇല്ലായെന്ന് മനസിലായി ടോർച്ചുമെടുത്തു അങ്ങോട്ട് ഓടി…ആരൊക്കെയോ പറമ്പിലൂടെ പായുന്നത്  കണ്ടു..മുൻവാതിൽ  തട്ടിയിട്ടും തുറക്കാഞ്ഞപ്പോൾ അടുക്കളഭാഗത്തേക്ക്‌ ഓടി..അവിടെ കതക് തുറന്നിട്ടിട്ടുണ്ടായിരുന്നു…അകത്തു കയറിയപ്പോൾ  ടോർച്ചു വെളിച്ചത്തിൽ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു…റൂമിന്റെ വാതിൽക്കൽ നിലത്തു വീണു കിടക്കുന്ന ആതിരയും സുജാതയും…വേഗം അവരുടെ അടുത്ത് പോയി…രണ്ടുപേർക്കും അനക്കമില്ല…കാലിൽ നനവ് അനുഭവപ്പെട്ടപ്പോൾ  ടോർച് നിലത്തേക്കടുപ്പിച്ചു….ര ക്തം…ചുടു ചോരയുടെ വൃത്തം വലുതായി വരികയാണ്….തട്ടി വിളിച്ചപ്പോൾ ടീച്ചർ ഒന്ന് ഞരങ്ങി…

“ന്റെ മോളെ.” എന്നൊരു പതിഞ്ഞ കരച്ചിൽ മാത്രം..ഒരു നിമിഷം പകച്ചു നിന്നശേഷം തിരിച്ചു പുറത്തേക്കോടി..അടുത്ത വീട്ടിലുള്ളവരെ വിളിച്ചുണർത്തി…അഞ്ചു മിനിറ്റിനുള്ളിൽ ആ നാട്ടിൻപുറം ഉണർന്നു..ചെറുപ്പക്കാർ വണ്ടിയിൽ ആതിരയെയും സുജാതയെയും കയറ്റി  അടുത്തുള്ള ഹോസ്പിറ്റലിലേക്ക്…പിന്നെ അവിടുന്ന് മെഡിക്കൽ കോളേജിലേക്ക്…..കൈകളിൽ ഇപ്പോഴും ര ക്തത്തിന്റെ ഗന്ധം മോഹനന് അനുഭവപ്പെട്ടു….

***************

ഇരുട്ടിൽ നാലു നിഴൽ രൂപങ്ങൾ…ആതിര മൊബൈലിൽ ടോർച് ഓണാക്കി ഉയർത്തി നോക്കി…മുഖം മറച്ചു കെട്ടിയിട്ടുണ്ട്…മുന്നിൽ നിന്നയാളുടെ കൈയിൽ നീളമുള്ള ഒരു ഇരുമ്പ് പൈപ്പ്..അയാൾ പതിയെ അടുത്തേക്ക് വരികയാണ്..പെട്ടെന്ന് അടുത്ത റൂമിൽ  നിന്ന് അമ്മ ഓടിവന്നു…

“എന്റെ മോളെ ഒന്നും ചെയ്യല്ലേ ” എന്ന് അലറിക്കൊണ്ട് അമ്മ അവളെ കെട്ടിപ്പിടിച്ചതും അയാൾ പൈപ്പ് വീശിയടിച്ചതും ഒന്നിച്ചായിരുന്നു….

അമ്മയുടെ കണ്ണുകൾ അടയുകയാണ്..

“രക്ഷപ്പെട് മോളേ…” അമ്മയുടെ ചുണ്ടുകൾ മന്ത്രിച്ചു…അവൾക്ക് അനങ്ങാൻ പറ്റിയില്ല…കാലുകൾ നിലത്തുറച്ചിരിക്കുകയാണ്….ഉറക്കെ കരയണമെന്നുണ്ട്…ശബ്ദം പുറത്ത് വരുന്നില്ല…പെട്ടെന്ന് അമ്മ ഒന്ന് ഉലഞ്ഞു..അമ്മയുടെ പിന്നിൽ നിന്ന് അയാൾ വലിച്ചൂരിയെടുത്ത കത്തി ഒന്ന് കുടഞ്ഞു..എന്നിട്ട് കാലുയർത്തി ആഞ്ഞു ചവിട്ടി.. ആതിരയും അമ്മയും നിലത്തു പതിച്ചു..വീഴ്ചയിൽ അവളുടെ  തല വാതിൽപ്പടിയിൽ ഇടിച്ചു…

“എന്റെ മോളെ വെറുതെ വിടൂ..” എന്ന് പറഞ്ഞ് അമ്മ പിടഞ്ഞു നിശ്ചലമാകുന്നതും…നാല് പേരും ഇരുട്ടിലേക്ക് മറയുന്നതും അവ്യക്തമായി അവൾ കണ്ടു..പതിയെ അവളുടെ കാഴ്ചകൾ മങ്ങി…

“അമ്മേ…” ആതിര നിലവിളിച്ചു…

“ആതൂ…പേടിക്കണ്ട.” അടുത്തുനിന്നും ആരോ പറയുന്നു.

അവൾ കണ്ണുകൾ ആയാസപ്പെട്ടു തുറന്നു…ഹരി മുന്നിലുണ്ട്….

“ഹരീ…അമ്മയെ അവർ…”

“ടീച്ചർക്ക് കുഴപ്പമൊന്നുമില്ല…അപ്പുറത്തുണ്ട്.. “.

“എനിക്കിപ്പോ അമ്മയെ കാണണം…” അവൾ കരഞ്ഞു..

അവൻ പതിയെ അവളുടെ അടുത്തിരുന്നു..കവിളിൽ അരുമയായി തലോടി..

“ആതൂ…അമ്മയെ ഇപ്പോൾ കാണാൻ പറ്റില്ല..ഐ സി യുവിൽ ആണ്…പക്ഷേ  ആള് ഓക്കേയാണ്…നീയൊന്നടങ്ങ്..ഡോക്ടറോട് പെർമിഷൻ വാങ്ങി നമുക്ക് കാണാം….”

ഒലിച്ചിറങ്ങുന്ന അവളുടെ കണ്ണുനീർ ഹരി  തുടച്ചു കളഞ്ഞു..ആ നെറുകയിൽ ഒന്ന് ചുംബിക്കാൻ മനസ് കൊതിച്ചപ്പോൾ അവൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു..

*************

പിന്നെ സംഭവിച്ചതെല്ലാം  അവിശ്വസനീയമായത് ആയിരുന്നു…മോഷണശ്രമത്തിനിടെ സ്കൂൾ ടീച്ചർക്ക് ഗുരുതരമായി പരിക്കേറ്റു എന്ന വാർത്തയാണ് പത്രങ്ങളിലും ന്യൂസ്‌ചാനലുകളിലും  വന്നത്..

ബംഗാൾ സ്വദേശിയായ  സുഹൈർ ഹസൻ എന്ന ഇരുപതു കാരനെ  പോലീസ് അറസ്റ്റ് ചെയ്തു…അവന്റെ കയ്യിൽ സുജാത ടീച്ചറുടെ സ്വർണമാലയും വളയുമുണ്ടായിരുന്നു…ഒരെതിർപ്പുമില്ലാതെ അവൻ കുറ്റം സമ്മതിച്ചു..കൂടെയുണ്ടായിരുന്നവർ കർണാടകയിലേക്ക് കടന്നെന്നും അവൻ പറഞ്ഞു..കുറച്ചു ദിവസം അതായിരുന്നു വാർത്തകളിൽ  നിറഞ്ഞത്…

അന്യസംസ്ഥാനതൊഴിലാളികൾ കേരളത്തിൽ നടത്തുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും മറ്റും ചൂടു പിടിച്ചു……

ഏഴു മാസം കഴിഞ്ഞു…അരയ്ക്ക് കീഴ്പോട്ട് ചലനശേഷി നഷ്ടപ്പെട്ട സുജാത ടീച്ചറെയും ആതിരയെയും ഹരി ഒറ്റയ്ക്കാക്കിയില്ല..തന്റെ അവശതകൾ വകവെയ്ക്കാതെ മോഹനനും  എന്നും അവർക്ക് കൂട്ടായിരുന്നു…രണ്ടു മൂന്ന് തവണ കേസിന്റെ ആവശ്യത്തിനായി  ആതിരയും ഹരിയും ചെന്നൈ വരെ യാത്ര ചെയ്തു..പക്ഷേ നിരാശയായിരുന്നു ഫലം…

കാരണം ആതിരയ്ക്ക് മർദനമേറ്റ സമയത്ത് രാജീവ്‌ തിരുച്ചിയിൽ ആയിരുന്നു എന്ന് തെളിവ് സഹിതം  അഡ്വക്കറ്റ് വാദിച്ചു…എതിർക്കുവാനുള്ളതൊന്നും ചിൻമയിയുടെ പക്കൽ ഉണ്ടായിരുന്നില്ല.. അങ്ങനെ രാജീവ് കുറ്റവിമുക്തനായി.!

“ഐആം സോറി ആതിരാ…നാൻ മാക്സിമം ട്രൈ പണ്ണിട്ടേൻ….” ചിൻമയി  വിഷമത്തോടെ പറഞ്ഞു..

“ഏയ്‌ സാരമില്ല…വിട്ടേക്ക്..” അവൾ  ആശ്വസിപ്പിച്ചു…

കാറിൽ കേറാൻ ഒരുങ്ങവേ പിന്നിൽ നിന്നും ഒരു വിളി..

“ആതിരാ..” അവൾ  തിരിഞ്ഞു നോക്കി..നിറഞ്ഞ ചിരിയോടെ രാജീവ്…

“ഒരു മിനിട്ട്…ഒന്ന് സംസാരിക്കണം…” സൗമ്യതയോടെ അവൻ പറഞ്ഞു..അവൾ ഹരിയെ നോക്കി…അവൻ ശരി എന്ന് തലയാട്ടി…ആതിര രാജീവിന് പിന്നാലെ നടന്നു…കുറച്ചു മാറി  ഒരു മരച്ചുവട്ടിൽ രാജീവ് നിന്നു. എന്നിട്ട് അവളെ അടിമുടി നോക്കി…

“നീ ഒന്ന് കൊഴുത്തിട്ടുണ്ടല്ലോടീ…” അവന്റെ സ്വരം കനത്തു..

“വിവരങ്ങളൊക്കെ ഞാനറിഞ്ഞു….എന്ത് ചെയ്യാനാ? എല്ലാം വിധി.” സങ്കടം ഭാവിച്ചു അവൻ പറഞ്ഞെങ്കിലും അതിന് പിന്നിലെ പരിഹാസം അവൾ തിരിച്ചറിഞ്ഞു…ഒരു ചുവടു കൂടി മുന്നോട്ട് വച്ച് രാജീവ് അവളുടെ തൊട്ടടുത്ത് എത്തി..എന്നിട്ട് ശബ്‌ദം താഴ്ത്തി.

“നിനക്കിട്ടു വച്ച പണിയാരുന്നു..പക്ഷേ നിന്റെ ത ള്ള ഇടയ്ക്ക് കേറി..”

അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി…

“എന്നെ നീ കുറേ ഓടിച്ചു…പോലീസ് പിടിക്കുമോ എന്ന് ഭയന്ന് ഊണും ഉറക്കവുമില്ലാതെ കുറേ നാൾ. എന്റെ സൽപ്പേര് പോയി…ഹോസ്പിറ്റലിലെ ജോലി പോയി…എല്ലാം നീ കാരണമാ..ആ നിന്നോട് ഇത്രയെങ്കിലും ചെയ്യണ്ടേ…?”

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…

“അടുത്തയാഴ്ച ഞാൻ കാനഡയ്ക്ക് പറക്കും..അതിന്  മുൻപ് ഒരു ആഗ്രഹം…”

അവൻ ഒന്ന് നിർത്തി അശ്ലീലച്ചിരിയോടെ അവളുടെ ചുണ്ടുകളിലേക്ക് നോക്കി…

“നിന്നെ ഒരിക്കൽ കൂടി എന്റെ കട്ടിലിൽ എത്തിക്കണം..നീ വരും…എനിക്കറിയാം..ഇല്ലെങ്കിൽ അടുത്ത പണി ദുബായിൽ ഉള്ള നിന്റെ ചേച്ചിക്കാണ്..ഒരേ വീട്ടിൽ രണ്ടു മുറിയിൽ അമ്മയും ചേച്ചിയും ജീവച്ഛവമായി കിടക്കുന്നത് ഒന്നാലോചിച്ചു നോക്കിക്കേ…എന്തൊരു കഷ്ടമായിരിക്കും…”

അവൻ മുഖം അവളുടെ കാതുകളിലേക്ക് അടുപ്പിച്ചു…

“ഇനി ഇതിന്റെ പേരിലെങ്ങാനും പുതിയ തലവേദന ഉണ്ടാക്കിയാൽ..വേറെയും ശവങ്ങൾ വീഴും…നീ അതു കാണും…”

അവൻ നിവർന്നു നിന്ന് മനോഹരമായി  പുഞ്ചിരിച്ചു…

“എന്നാൽ ഞാൻ പോട്ടെ ഭാര്യേ…ഞാൻ  കാത്തിരിക്കും..അടുത്ത ശനിയാഴ്ച ഞാൻ പോകും..വെള്ളിയാഴ്ച നീ  വീട്ടിൽ ഉണ്ടാകണം….”

അവൻ മുന്നോട്ട് നടന്നു..

കണ്ണുകൾ തുടച്ച് അവൾ കാറിൽ കയറി…കുറേ കഴിഞ്ഞിട്ടും കാർ അനങ്ങുന്നില്ല എന്ന് മനസിലായപ്പോൾ  അവൾ ഹരിയെ  നോക്കി…അവൻ  സ്റ്റീയറിങ്ങിൽ മുറുകെ പിടിച്ച് വെറുതെ ഇരിക്കുകയാണ്…അവൾ ഹരിയുടെ കൈയിൽ സ്പർശിച്ചു..

“നമ്മൾ തോറ്റു പോയി ഹരീ ..”

“അവനാണല്ലേ ഇതിന്റെയും പുറകിൽ?”

മുരൾച്ച പോലെ ഹരി ചോദിച്ചു…ആതിര ഞെട്ടി..

“നിനക്കെങ്ങനെ മനസിലായി..?”

“അവന്റെ മുഖഭാവത്തിൽ നിന്നും…പിന്നെ നിന്റെ കണ്ണിൽ നിന്നും…”.

“പോട്ടെ ഹരീ…തോൽവി സമ്മതിക്കുന്നതാണ് നല്ലത്…ഇനിയൊരു യുദ്ധത്തിന് എനിക്ക് കരുത്തില്ലെടാ….”

ഹരി അത് അവഗണിച്ചു..

“എന്താ അവൻ പറഞ്ഞത്?”

കുറച്ചു നിമിഷങ്ങൾ അവൾ  ഒന്നും മിണ്ടിയില്ല…

“എന്നെ ഒരിക്കൽ കൂടി  വേട്ടയാടണമെന്ന്..ഇല്ലെങ്കിൽ എന്നെ സ്നേഹിക്കുന്നവർ  നഷ്ടപ്പെടുമെന്ന്…”

“നീയെന്ത് തീരുമാനിച്ചു..?”.

“എന്റെ വിധിയല്ലേ…അനുഭവിക്കാം…നീ വണ്ടിയെടുക്ക്..നമുക്ക് നാട്ടിലേക്ക് പോകാം..”

ഹരി വണ്ടി മുന്നോട്ട് എടുക്കുമ്പോൾ ഷബീറും ശിവയും  വന്നു…

“ഷബീറെ, രാജീവ്‌ തന്നാ..നമ്മുടെ ഊഹം  തെറ്റിയില്ല…”

“നീ ഇവളേം കൊണ്ട് തിരിച്ചു പൊയ്ക്കോ..നിന്നെ കാണാൻ ഷാജഹാൻ എന്നൊരാൾ വരും…നാട്ടിലെ കളി കഴിഞ്ഞ് ഇങ്ങോട്ട് വാ..”

ഹരി തലയാട്ടി…ശിവ ആതിരയുടെ അടുത്ത് വന്നു…

“സിസ്റ്റർ..തപ്പു പണ്ണിയവന് ദണ്ഡന  കിടയ്ക്കും…കവലപ്പെടാതെ..”

അവർ സംസാരിച്ചതിന്റ അർത്ഥം മനസിലാവാതെ ആതിര മിഴിച്ചിരുന്നു…ഹൈവേയിലൂടെ കാർ പായുമ്പോൾ അവൾ  ചോദിച്ചു..

“എന്താ ഹരീ നിങ്ങള് പറഞ്ഞത്.?”

“ഒന്നുമില്ല…”

“എനിക്ക് പേടിയാകുന്നു…നിങ്ങൾക്ക് എന്തൊക്കെയോ പ്ലാനുകൾ ഉണ്ട്‌..ഒന്നും വേണ്ടെടാ…ഇനിയാരും  വേദനിക്കരുത്…”

“ആതൂ..നീ എനിക്കൊരു ഉപകാരം ചെയ്യണം..കുറച്ച് ദിവസം അച്ഛനെ ഒന്ന് ശ്രദ്ധിക്കണം…”

പിന്നെയും എന്തൊക്കെയോ ചോദിക്കണമെന്ന് അവൾ ആഗ്രഹിച്ചെങ്കിലും ഹരിയുടെ വലിഞ്ഞു മുറുകിയ മുഖവും ചുവന്ന കണ്ണുകളും  കണ്ടപ്പോൾ  അതിന് തോന്നിയില്ല…

**************

സാമാന്യം പൊക്കവും അതിനൊത്ത വണ്ണവും ഉള്ള ഒരു മധ്യവയസ്കനായിരുന്നു ഷാജഹാൻ….

“പല്ലൻ റസാഖ്‌…ആളിച്ചിരി മുറ്റ് ആണ്.. കേരളത്തിൽ നടന്ന ഒരുപാട് ക്വട്ടേഷന്റെ പിറകിൽ അവനാ…അവന്റെ പണിയുടെ ശൈലി വ്യത്യസ്തമാണ്…ഒരിക്കലും ഒറിജിനൽ പ്രതികൾ പിടിയിലാകില്ല..ഏതേലും പാവത്തിന് കാശ് കൊടുത്ത് കുറ്റം ഏൽക്കാൻ പറയും…ഈ കേസിൽ നടന്നതും അതാണ്…ആ ബംഗാളി പയ്യന് ഒരു പങ്കുമില്ല…കൈ നിറയെ ക്യാഷ് അവന്റെ കുടുംബക്കാർക്ക് കൊടുത്തിട്ടുണ്ട്…”

ഷാജഹാൻ ഒരു സി ഗരറ്റിനു തീ കൊളുത്തി..

“ചെയ്തത് കൊമ്പൻ ഡേവിസ് ആണ്…ഒരു സൈക്കോ…പൊളിറ്റിക്കൽ ക്രൈ മുകളാ കൂടുതൽ..അതോണ്ട് തന്നെ നല്ല പിടിപാടുകൾ  ഉണ്ട്‌…കൂടെ ഉണ്ടായിരുന്നത് കന്നഡക്കാരാ..അവര് അന്ന് രാത്രി ഇവിടുന്ന് വിട്ടു..”

“ഇതൊന്നും കണ്ടു പിടിക്കാൻ പോലീസിന് പറ്റിയില്ലല്ലോ?” ഹരി അത്ഭുതപ്പെട്ടു..

“അവർക്ക് പ്രതിയെ കിട്ടി..കുറ്റസമ്മതവും നടത്തി..പിന്നെന്താ പ്രശ്നം? ഇത് ഷബീർ പറഞ്ഞിട്ട് ഞാൻ അന്വേഷിച്ചു കണ്ടുപിടിച്ചതാ…കേരളാപോലീസിൽ കേറാൻ പറ്റാത്ത മിടുക്കന്മാർ നിരവധി എന്റെ കൂടെയുണ്ട്…”

ഷാജഹാൻ ചിരിച്ചു…

“അപ്പൊ മോനേ ഹരീ…എന്താ അന്റെ പരുപാടി?”

“ഒന്ന് വൃത്തിയാക്കിയെടുക്കണമല്ലോ ഇക്കാ..ആദ്യം വേ ട്ടപ ട്ടികളെ…പിന്നെ യജമാനനെ…”

ഷാജഹാൻ കാറിൽ കയറി…കൂടെ ഹരിയും….

****************

മുഖത്ത് തണുത്ത വെള്ളം വീണപ്പോഴാണ്  ഡേവിസ് കണ്ണു തുറന്നത്…അയാൾ ചുറ്റും നോക്കി.. ഒരു സിമന്റ് ഗോഡൗൺ ആണ്…അരണ്ട മഞ്ഞ വെളിച്ചം പരത്തി ഒരു ബൾബ് പ്രകാശിക്കുന്നു..മരക്കസേരയിൽ കൈ കാലുകൾ ബന്ധിക്കപ്പെട്ട നിലയിലാണ് താനെന്ന് മനസ്സിലായതോടെ അയാൾ ഭയന്നു…ആരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്…കണ്ണുകൾ മിഴിച്ച് അയാൾ മുന്നിൽ നിൽക്കുന്ന ആളെ  നോക്കി…ഒരു ചെറുപ്പക്കാരൻ….ബാഴ്സലോണയുടെ ജേഴ്‌സിയും ട്രാക് സ്യൂട്ടുമാണ് വേഷം…

“ആരാടാ നീ?” ഡേവിസ് അലറി…

പക്ഷെ ശബ്ദം പുറത്ത് വന്നില്ല…ചുണ്ടുകൾക്ക് മീതെ പ്ലാസ്റ്റർ ഒട്ടിച്ചിട്ടുണ്ട് എന്ന് അയാൾക്ക് തിരിച്ചറിഞ്ഞു…കുതറാൻ നോക്കിയിട്ട് കഴിഞ്ഞില്ല…കെട്ടുകൾ ശക്തമാണ്…അവിടെ അങ്ങിങ്ങായി വേറെയും ആൾക്കാർ നില്കുന്നുണ്ട് എന്ന് ഡേവിസ് കണ്ടു…പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ വേറെ രണ്ടു പേർ അങ്ങോട്ട് വന്നു…

“ആന്റോ…ഇവൻ വല്ലതും പറഞ്ഞോ?” അതിലൊരാൾ ചോദിച്ചു.

“അവന്റെ ലോക്ക് ഇതുവരെ തുറന്നില്ല ഇക്കാ….നിങ്ങ വന്നിട്ടാവാമെന്നു വച്ചു…”ബാഴ്സലോണക്കാരൻ മറുപടി പറഞ്ഞു..അവൻ ഡേവിസിന്റെ വായിൽ ഒട്ടിച്ച പ്ലാസ്റ്റർ വലിച്ചെടുത്തു…മീശരോമങ്ങളും ഒന്നിച്ചു വന്നതോടെ വേദനയിൽ ഡേവിസ് ഞരങ്ങി…

“അപ്പൊ ഡേവിസേ…നേരെ കാര്യത്തിലേക്ക് കടക്കാം..അർച്ചന ബാറിൽ നിന്ന് നാലെണ്ണം വിട്ടിട്ട് ബൈക്കിൽ ലോഡ്ജിലേക്ക് പോയിക്കൊണ്ടിരുന്ന നീഎങ്ങനെ ഇവിടെ എത്തി എന്നാലോചിക്കുന്നുണ്ടാകും..അതൊന്നും പറഞ്ഞു തരാൻ  സമയമില്ല..ഞാൻ ഷാജഹാൻ..നിന്റെ അത്ര വരില്ലെങ്കിലും ഒരു ചെറിയ തെമ്മാടിയാ…അത്യാവശ്യം വണ്ടി പിടുത്തവും മറ്റും…എന്ന് വച്ച് പാവങ്ങളെ ഉപദ്രവിക്കാറൊന്നുമില്ല കേട്ടോ..ഇത് ഹരി…ഇവന് വളരെ വേണ്ടപ്പെട്ട ഒരാളെ കുറച്ചു മാസങ്ങൾക്കു മുൻപ് നീ  കിടത്തി…സുജാത ടീച്ചർ..കാവിൻപറമ്പ് അമ്പലത്തിന്റെ അടുത്ത്…അതിന്റെ പിറകിൽ ആരാന്ന് ചോദിക്കുന്നില്ല..അതൊക്കെ ഞങ്ങൾക്കറിയാം…”

ഷാജഹാൻ ഹരിയെ നോക്കി..

“നിനക്ക് വല്ലോം ചോദിക്കാനുണ്ടെങ്കിൽ ചോദിക്ക്..ട്രെയിൻ വരാൻ  സമയമായി…” ഹരി കസേരയുടെ രണ്ടു കയ്യിലും പിടിച്ച് ഡേവിസിന്റെ കണ്ണുകളിലേക്ക് നോക്കി…

“ടീച്ചറുടെ തലയ്ക്കു അടിച്ചതും  കത്തി കേറ്റിയതും ആരാ? നീയോ അതോ കൂടെയുണ്ടായിരുന്നവരോ? കള്ളം പറഞ്ഞാലോ സമയമെടുത്താലോ  നിന്റെ ജീവിതം ഇപ്പൊ അവസാനിക്കും…അതുകൊണ്ട് സത്യം പറ…”

അവന്റെ നിശ്വാസത്തിനു മരണത്തിന്റെ തണുപ്പാണെന്ന് ഡേവിസിനു തോന്നി…

“ഞാനാ ചെയ്തത്..കൂടെ ഉണ്ടായിരുന്നവർ മോഷണശ്രമമാണെന്ന് വരുത്തി തീർക്കാൻ എല്ലാം വാരി വലിച്ചിട്ടു..”

ഡേവിസ് വെപ്രാളത്തോടെ പറഞ്ഞു…

“കഴിഞ്ഞു  ഇക്കാ…”

ഹരി ഷാജഹാനെ നോക്കി…ട്രെയിനിന്റെ ചൂളം വിളി കേട്ടു…ഗോഡൗണും റെയിൽവേ ട്രാക്കും തമ്മിൽ  ഇരുന്നൂറ് മീറ്ററോളമേ ദൂരമുള്ളൂ…

“ഡേവിസേ…എല്ലാം പറഞ്ഞത് പോലെ..നിന്റെ പണി നമ്മൾക്കു ഇഷ്ടമായി..അതിന്റെ സമ്മാനം തരാൻ പോവുകയാ…”

“എന്നെ ഒന്നും ചെയ്യരുത്…ഞാൻ പോലീസിനോട് എല്ലാം തുറന്നു പറയാം..” കരച്ചിലിന്റെ സ്വരത്തിൽ അയാൾ അപേക്ഷിച്ചു..

“അയ്യേ..പേരുകേട്ട ഗുണ്ട കൊമ്പൻ ഡേവിസ് കരയുകയോ…? ആൾക്കാരുടെ പള്ളയ്ക്ക് ക ത്തികേറ്റുമ്പോൾ ഉള്ള സുഖം നീയും അറിയണ്ടേ…? പിന്നെ ഈ പിള്ളേരുടെ പരിപാടിയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ വന്നാൽ  ക്ഷമിക്കണം..പ്രൊഫഷണൽസ് ഒന്നുമല്ല…”

ഒരു ചെറുപ്പക്കാരൻ  ഡേവിസിന്റെ വായ വീണ്ടും ഒട്ടിച്ചു…മറ്റുള്ളവർ വന്ന് കസേരയിൽ നിന്നും അയാളെ അഴിച്ചു നിലത്തു വിരിച്ച പ്ലാസ്റ്റിക് ഷീറ്റിൽ കമിഴ്ത്തി കിടത്തി…അയാൾ കുതറിയെങ്കിലും നാലുപേരുടെ കരുത്തിനെ തോല്പിക്കാൻ കഴിഞ്ഞില്ല…വേറൊരു ചെറുപ്പക്കാരൻ അറ്റം വളഞ്ഞ കനമുള്ള ഒരു ഇരുമ്പ് പൈപ്പ് എടുത്തു കൊണ്ടു വന്നു ഹരിക്ക് നേരെ നീട്ടി….

“വാങ്ങിച്ചോടാ….നിന്റെ ടീച്ചറെ ഈ അവസ്ഥയിലാക്കിയവനല്ലേ…അപ്പൊ അവകാശം നിനക്കാ…”

ഹരി അത് വാങ്ങി..ട്രെയിൻ ചൂളം വിളിച്ചു കൊണ്ട് അടുത്ത് വന്നു…ഷാജഹാൻ കണ്ണു കാണിച്ചതും  ഹരി  ഇരുമ്പ് പൈപ്പ് കൊണ്ട് ആഞ്ഞടിച്ചു…അരക്കെട്ടിനു തൊട്ടു മുകളിലാണ് അടി വീണത്..കഴുത്ത റ ക്കപ്പെട്ട മൃ ഗത്തെ പോലെ ഡേവിസ് പിടഞ്ഞു.. ഗുഡ്സ് ട്രെയിനാണ് കടന്ന് പോകുന്നത്…ഗോഡൗൺ കുലുങ്ങുന്നുണ്ട്….റോഡിലൂടെ പോകുന്ന ആരും  ബഹളം കേൾക്കരുത് എന്ന് കരുതിയാണ് ആ സമയത്ത് ഇത് നടത്തുന്നത്…ഹരി  വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരുന്നു…ആതിരയുടെയും ടീച്ചറിന്റെയും മുഖം മനസ്സിൽ തെളിഞ്ഞതോടെ  അവന്റെ കൈകളിൽ ഊർജ്ജം പ്രവഹിച്ചു..കാലിന്റെ ഉപ്പൂറ്റി മുതൽ അരക്കെട്ടൂ വരെ  ഇരുമ്പ് പൈപ്പ് ഇടവിട്ട് പതിച്ചു…ഒടുവിൽ ട്രെയിൻ പോയി…ഹരി അടി നിർത്തി നിലത്ത് തളർന്നിരുന്നു കിതച്ചു..ഒരു ചെറുപ്പക്കാരൻ വാട്ടർ ബോട്ടിൽ അവന്  നൽകി..ആർത്തിയോടെ അവൻ  വെള്ളം കുടിച്ചു…

ഡേവിസിനു അനക്കമൊന്നും ഇല്ലായിരുന്നു..

“മയ്യത്തായോന്ന് നോക്കിക്കേ മക്കളേ..” ഷാജഹാൻ പറഞ്ഞത് കേട്ട് ഒരാൾ പോയി പരിശോധിച്ചു..

“ജീവനുണ്ട് ഇക്കാ..”

“ഭാഗ്യം…അങ്ങനെ ചാകരുത്….കുറച്ചു നരകിക്കട്ടെ…ഇവന്റെ ബൈക്ക് എവിടാ?”

“റെയിൽവേസ്റ്റേഷന്റെ അടുത്തുണ്ട് “

“ഇവനെ എടുത്ത് വണ്ടിയിലിട്…ആ പാർക്കിന്റെ അടുത്ത് കൊണ്ട് തട്ടിയേക്ക്…രാവിലെ നടക്കാൻ വരുന്നവർ കണ്ടാൽ ഏതേലും ഹോസ്പിറ്റലിൽ എത്തിച്ചേക്കും..ഇവന്റെ വണ്ടിയും അവിടിട്ടോ…സിസിടിവി ശ്രദ്ധിച്ചാൽ മതി….”

ഒരു ട്രാവലർ വാൻ റിവേഴ്‌സ് എടുത്ത് വന്നു…പിന്നിലെഡോർ തുറന്ന് ഡേവിസിനെ അകത്തേക്കു ഇട്ടു…ഒരു ബൈക്കിൽ രണ്ടു ചെറുപ്പക്കാർ ആദ്യം പുറത്തേക്ക് പോയി…അകലം വിട്ട് ട്രാവലറും….മറ്റുള്ളവർ അവിടം  വൃത്തിയാക്കാൻ തുടങ്ങി.

“അത് കഴിഞ്ഞു..റസാഖ്‌ ചെന്നൈയിലാ..രാജീവിന്റെ കൂടെ…ഇനിയെന്താ പരിപാടി? “

“അവന് എന്റെ പെണ്ണിന്റെ കൂടെ  ഒന്നൂടെ കിടക്കണമെന്നല്ലേ പറഞ്ഞത്…ആ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ പോവുകയാ..”

ഹരി പല്ലുകൾ ഞെരിച്ചു…

“ഞാൻ വരണോ ചെന്നൈക്ക്?”

“വേണ്ട ഇക്കാ…അവിടുള്ളവർ തന്നെ ധാരാളം…ഇക്ക ചെയ്തു തന്ന ഉപകാരത്തിന് ഒത്തിരി നന്ദി..”

“താങ്ക്സ് പറഞ്ഞു നീയെന്നെ ചെറുതാക്കല്ലേ…ഇമ്മാതിരി പണിയൊന്നും ഞാൻ ഏൽക്കാത്തതാ..പക്ഷേ കാര്യം അറിഞ്ഞപ്പോൾ കൈ വിടാൻ  തോന്നിയില്ല..തോറ്റവർക്ക് വേണ്ടി പോരാടാനും ആരെങ്കിലും വേണ്ടേ?”

പുഞ്ചിരിയോടെ ഷാജഹാൻ  ഹരിയെ  ചേർത്തു പിടിച്ചു…

“പോയി വാ…ഇവിടെ ആ  കൊച്ചും അമ്മയും പിന്നെ നിന്റെ അച്ഛനും സുരക്ഷിതരായിരിക്കും…അതു എന്റെ ഉറപ്പ്… “

ഷാജഹാൻ ആന്റോയെ അടുത്തേക്ക് വിളിച്ചു..

“ഇവന്റെ വണ്ടി മിൽമയുടെ അടുത്ത് നിർത്തിയിട്ടുണ്ട്. അവിടെ എത്തിച്ചേക്ക്..”

ആന്റോ തലയാട്ടികൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..ഹരി  പിറകിൽ  കയറി…ഗോഡൗണിന്റെ വലിയ ഇരുമ്പ് വാതിൽ കടന്നു ബൈക്ക് പുറത്തേക്ക് പാഞ്ഞു…

ബാക്കി ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ….