ഹരി കുറച്ച് കൂടി അടുത്തെത്തിയത് അറിഞ്ഞ് അവൾ പിന്നിലേക്ക് മാറി. പക്ഷേ ചുവരിൽ തട്ടി…

ഋതു ഭേദങ്ങൾ

എഴുത്ത്: കർണൻ സൂര്യപുത്രന്‍

==============

ട്രെയിൻ കിതപ്പോടെ സ്റ്റേഷനിൽ എത്തുമ്പോൾ ചാറ്റൽമഴ ഉണ്ടായിരുന്നു…ആതിര ബാഗുമെടുത്ത് പുറത്തിറങ്ങി…മുന്നോ നാലോ  യാത്രക്കാർ മാത്രമേ ആ  കൊച്ചു സ്റ്റേഷനിൽ ഇറങ്ങിയുള്ളൂ..സാരിത്തുമ്പ് തലയിലേക്ക്  വലിച്ചിട്ട് അവൾ  പുറത്തേക്കുള്ള വാതിലിനു  നേരെ നടന്നു…പുറത്ത് അക്ഷമയോടെ  നിൽക്കുന്ന ഹരികൃഷ്ണനെ കണ്ടപ്പോൾ തെല്ലൊരു ആശ്വാസം തോന്നി…അവന്റെ മുഖത്തും  സന്തോഷം തെളിഞ്ഞു..

“കുറേ നേരമായോ വന്നിട്ട്?” നേർത്ത പുഞ്ചിരിയോടെ അവൾ  ചോദിച്ചു…

“ഉവ്വ്…ഏഴു മണിക്ക് എത്തി…കാണാഞ്ഞപ്പോൾ ഞാൻ  കരുതി വരില്ലാന്ന്…പത്തുമണിയുടെ ട്രെയിൻ കൂടെ നോക്കി തിരിച്ചു പോകാമെന്നു വിചാരിച്ചതാ…ഇത് കഴിഞ്ഞാൽ നാളെ രാവിലെയേ ഇവിടെ നിർത്തുന്ന ട്രെയിൻ വരൂ…നിന്റെ ഫോണിനെന്തു പറ്റി? വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ..?”

“ചാർജില്ല ഹരീ…”

അവൻ ആതിരയുടെ ബാഗ് വാങ്ങി പുറത്തേക്ക് നടന്നു..സ്റ്റേഷന് പുറത്ത് വെളിച്ചം കുറവാണ്….പടർന്നു പന്തലിച്ച ആൽമരത്തിനു കീഴെ  നിർത്തിയിട്ട പഴയ  ജീപ്പിൽ ഹരി  അവളുടെ ബാഗ് വച്ചു..

“ഒരു ബാഗ് മാത്രമേ ഉള്ളോ?” അവൻ അവളെ നോക്കി..

“ഞാൻ ഗൾഫിൽ നിന്നല്ല വരുന്നത്…”

ആതിരയുടെ മറുപടി കേട്ട് അവൻ  പൊട്ടിച്ചിരിച്ചുകൊണ്ട് ഒരു ടൗവൽ എടുത്ത് നീട്ടി…

“തല തോർത്ത്‌…പനി പിടിക്കണ്ട..”

ജീപ്പ് റോഡിലൂടെ ഓടിക്കൊണ്ടിരിക്കെ  ആതിര  ചോദിച്ചു…

“ഇതാരുടെ  വണ്ടിയാ?”

“അതെന്താ എനിക്ക് സ്വന്തം വണ്ടി വാങ്ങിച്ചൂടെ?”

“അയ്യോ അങ്ങനല്ല…ഹരിക്ക് കാർ വാങ്ങുന്നതായിരുന്നില്ലേ സ്വപ്നം? അതുകൊണ്ട് ചോദിച്ചതാ…”

“അതിലും വലിയ  സ്വപ്‌നങ്ങൾ കൈവിട്ടു പോയിട്ടില്ലേ?..”

ആവാക്കുകൾ അവളിൽ പതർച്ച ഉണ്ടാക്കി..ഭാവമാറ്റം  ഹരി കാണാതിരിക്കാൻ അവൾ പാട് പെട്ടു.

“കുറച്ചു കൃഷിയൊക്കെ  തുടങ്ങിയിട്ടുണ്ട്. അവിടേക്ക് വളവും മറ്റും കൊണ്ടു പോകാൻ ഇതാ നല്ലത്…”

അവളൊന്നും പറഞ്ഞില്ല…മഴതുള്ളികൾ  ശരീരത്തിൽ വീഴുന്നുണ്ട്….കുറച്ചു ദൂരം  പോയതിനു ശേഷം ഒരു ചെറിയ ഹോട്ടലിനു മുൻപിൽ അവൻ  ജീപ്പ് നിർത്തി..

“വാ എന്തേലും കഴിച്ചിട്ട് പോകാം… “

എതിരൊന്നും പറയാതെ അവളിറങ്ങി…ഹോട്ടലിൽ ആൾക്കാറൊന്നുമില്ല…ഒരാൾ കസേരകൾ ടേബിളിന് മേലെ കമഴ്ത്തി വയ്ക്കുന്നു…

“അബ്ദുക്കാ എന്തേലും ഉണ്ടോ?”.. ഹരി ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി..പിന്നാലെ അവളും…

“അല്ലാ ഹരിയോ? നിന്നെ കുറേ ആയല്ലോ  കണ്ടിട്ട്…? “

“ഈ ഭാഗത്തേക്ക്‌ ഇറങ്ങാറില്ല…എന്തൊക്കെയോ തിരക്കുകൾ..വല്ലാതെ വിശക്കുന്നു അബ്ദുക്കാ..എന്താ കഴിക്കാൻ?”

“ഞാൻ അടയ്ക്കാൻ തുടങ്ങുവായിരുന്നു…പുട്ടും ബീഫും  ഉണ്ട്‌…ചൂടാക്കി തരാം..”

“എനിക്ക് ബീഫ് എടുത്തോ…ഇവള് കഴിക്കില്ല…വേറെന്തെലും ഉണ്ടോ..?”

“മീൻ കറി കുറച്ചുണ്ടാകും…നോക്കട്ടെ..ഇതാരാ?”

“സുജാത ടീച്ചറുടെ  മോളാ …”

“ഏത്? ദുബായിക്കാരൻ കെട്ടിയ കൊച്ചോ? “

“അല്ല…അതിവളുടെ ചേച്ചി…”

“ആ മനസിലായി…പണ്ടെങ്ങാണ്ട് കണ്ടതാ..മോളിപ്പോ എന്ത് ചെയ്യുന്നു…?”

“ഇക്കാ..അതൊക്കെ പിന്നീട് വിശദമായി പറയാം..ഇപ്പൊ വിശന്നിട്ടു കണ്ണുകാണുന്നില്ല…”

അബ്ദുക്ക ചിരിയോടെ  അകത്തേക്ക് നടന്നു…

ഭക്ഷണം കഴിക്കവേ അവൾ മുഖമുയർത്തിയപ്പോൾ  അവൻ  തന്നെത്തന്നെ നോക്കിയിരിപ്പുണ്ട്..

“എന്താ?”.

“നീ ആളാകെ മാറിപ്പോയി…”

“വയസ്സ് കൂടിക്കൂടി വരികയല്ലേ…എന്നും ചെറുപ്പമാകില്ലല്ലോ…നീയും  മാറിയിട്ടുണ്ട്…കുറച്ചു തടിച്ചു…. “

“സുജാതച്ചേച്ചി ഇന്നലെ വീട്ടിൽ വന്നിരുന്നു..നീ വിളിച്ചതൊന്നും ഞാൻ പറഞ്ഞിട്ടില്ല..അച്ഛനോട് നിന്റെ കാര്യം സംസാരിച്ചു കരയുന്നത് കണ്ടു…”

അവൾ ഗ്ലാസിൽ അവശേഷിച്ചിരുന്ന ചൂടു വെള്ളം വലിച്ചു കുടിച്ചു…

“കെട്ടിച്ചു വിടുന്നതോടെ ഉത്തരവാദിത്തം കഴിഞ്ഞു  എന്ന് ചിന്തിക്കുന്ന ആയിരക്കണക്കിന് മാതാപിതാക്കളിൽ  ഒരാളാണ് എന്റെ അമ്മ…ഡിവോഴ്സ് കഴിഞ്ഞ് മോള് തിരിച്ചു വരുമ്പോൾ ആരതിയുഴിഞ്ഞു സ്വീകരിക്കില്ല എന്നറിയാം…”

അവൾ  എഴുന്നേറ്റു…

ജീപ്പ് പിന്നെയും യാത്ര തുടങ്ങി….മെയിൻ റോഡിൽ നിന്നും വലത്തോട്ടിറങ്ങുന്ന ഇടുങ്ങിയ പാതയിലേക്ക്  പ്രവേശിച്ചപ്പോൾ എന്തെന്നറിയാത്ത ഒരു വേദന അവൾക്കനുഭവപ്പെട്ടു..ഒരുതരം അസ്വസ്ഥത….പത്തു മിനിട്ട് ആടിയുലഞ്ഞ് യാത്ര ചെയ്ത് വീട്ടുമുറ്റത്തേക്ക് ജീപ്പ് കയറിയപ്പോൾ പടിക്കെട്ടിലിരിക്കുന്ന അമ്മയെ ആതിര കണ്ടു…

“ഞാൻ പോയേക്കാം…ഇനിയുള്ള സീനിൽ ഞാൻ ഇല്ലാതിരിക്കുന്നതാ നല്ലത്..”

“നീ പൊയ്ക്കോ…ഞാൻ വിളിച്ചോളാം..”

അവൾ ജീപ്പിൽ നിന്നും ഇറങ്ങി…ഹരി റോഡിലേക്ക് റിവേഴ്സ് എടുത്തു…തൊട്ട് മുന്നിൽ തന്നെയാണ് അവന്റെ വീട്…ജീപ്പ് നേരെ അവന്റെ ഗേറ്റിനുള്ളിൽ പ്രവേശിച്ചു.

“ഹരിയെ നിനക്കെവിടുന്ന് കിട്ടി?” സുജാത എഴുന്നേറ്റ് നിന്നു ആതിരയോട്  ചോദിച്ചു.

” ഞാൻ വിളിച്ചിട്ട് അവൻ സ്റ്റേഷനിൽ കൂട്ടാൻ വന്നതാ..വേറെന്തെങ്കിലും അറിയണോ?”

അവൾ അകത്തേക്ക് നടന്നു…റൂം തുറന്ന അവൾ  അമ്പരന്നു പോയി…ഒരുകാലത്തു തന്റെ സാമ്രാജ്യമായിരുന്ന ആ കൊച്ചു മുറി യിൽ നിറയെ പഴയ സാധനങ്ങൾ  കുത്തി നിറച്ചിരിക്കുന്നു.

“നീ എന്റെ കൂടെ കിടന്നോ…എനിക്ക് വൃത്തിയാക്കാനൊന്നും സമയം കിട്ടിയില്ല…”

“വേണ്ട..ചേച്ചിയുടെ റൂമിൽ  കിടന്നോളാം..ഇനി അവിടേം എനിക്ക് അയിത്തം ഉണ്ടോ?”

“നീയെന്താടീ ഇങ്ങനൊക്കെ പറയുന്നേ?”

അവൾ മറുപടി നൽകാതെ ചേച്ചി ചിത്രയുടെ മുറിയിലേക്ക് കയറി..ചിത്ര ഭർത്താവിന്റെ കൂടെ ദുബായിലാണ്….നാട്ടിലേക്ക് അപൂർവമായേ വരാറുള്ളൂ. ഇനി വന്നാലും ഭർത്താവിന്റെ വീട്ടിൽ തങ്ങും..അമ്മയെ കാണാൻ വന്നാൽ  പെട്ടെന്ന് തിരിച്ചു പോകും..

“അവൾടെ ഭർത്താവിന്റെ അമ്മ  ഇവിടെ നില്കാൻ സമ്മതിക്കില്ല…അവളടുത്ത്  തന്നെ വേണം…സ്വന്തം മോളെ പോലെയാ സ്നേഹിക്കുന്നേ…”

സുജാത അയൽക്കാരോട് പറയുന്നത്  ആതിര പണ്ട് കേട്ടിട്ടുണ്ട്….അമ്മയുടെ അഭിമാനമായിരുന്നു ചിത്രച്ചേച്ചി…സന്തുഷ്ടമായ കുടുംബജീവിതം ലഭിച്ചവൾ..താനോ..?  അവൾക്കു എന്തെന്നില്ലാത്ത ദേഷ്യവും  സങ്കടവും വന്നു….കുളിമുറിയിൽ കയറി  കുളിച്ചു ഡ്രസ്സ്‌ മാറി പുറത്തിറങ്ങുമ്പോൾ അമ്മ കട്ടിലിൽ ഇരിപ്പുണ്ട്….

“ചോറ് ചൂടാക്കിയിട്ടുണ്ട്…നീ ഇന്ന് വരുമെന്ന് ഉറപ്പ് പറഞ്ഞില്ലല്ലോ..അതോണ്ട് പ്രത്യേകിച്ചൊന്നും ഉണ്ടാക്കിയില്ല…സാമ്പാറും പാവയ്ക്കാ മെഴുക്കു പുരട്ടിയും ഉണ്ട്‌..”

“എനിക്ക് വേണ്ട..ഞാൻ കഴിച്ചു..”

കുറച്ച് നേരം രണ്ടുപേരും ഒന്നും സംസാരിച്ചില്ല…

“ഇനിയെന്താ നിന്റെ പരിപാടി?”

ഒടുവിൽ സുജാത  തുടങ്ങി..

“പ്രത്യേകിച്ച് ഒന്നുമില്ല..എന്തെങ്കിലും ജോലിക്ക് പോകണം..ഇനിയുള്ള കാലം മനസമാധാനത്തോടെ ജീവിക്കണം..അത്രേ ഉള്ളൂ….അമ്മ പേടിക്കണ്ട. ഞാൻ  കുറച്ചു ദിവസമേ ഇവിടുണ്ടാവൂ…സിറ്റിയിൽ ഒരു ഹോസ്റ്റലിൽ അഡ്മിഷൻ കിട്ടുമോന്ന് നോക്കുന്നുണ്ട്….”

“നിന്നോട് ഇവിടെ നിൽക്കണ്ട എന്ന് ഞാൻ പറഞ്ഞോ? “

“ഞാൻ വന്നത് അമ്മയ്ക്ക് ഇഷ്ടമായില്ല എന്നറിയാം..അമ്മ പറഞ്ഞത് കേൾക്കാതെ രാജീവിനെതിരെ പോലീസ് കേസ് കൊടുത്തതും  ഡിവോഴ്സ് ചെയ്തതുമൊക്കെ എന്നോടുള്ള ദേഷ്യത്തിന് കാരണമാണെന്നറിയാം…”

“അതു പിന്നെ, ആരായാലും ദേഷ്യം തോന്നും..ഭർത്താവ് തല്ലിയെന്നു പറഞ്ഞു കേസ് കൊടുക്കുകയാണേൽ  ഞാനൊക്കെ നിന്റെ അച്ഛനെ ദിവസവും സ്റ്റേഷനിൽ കയറ്റണമായിരുന്നല്ലോ…?”

ആതിരയുടെ കണ്ണുകൾ ചുവന്നു……

“അച്ഛൻ അമ്മയെ തല്ലിയിട്ടുണ്ടാവും…വഞ്ചിച്ചിട്ടുണ്ടോ?”

ആ ചോദ്യത്തിന് മുന്നിൽ സുജാത പകച്ചു പോയി…

“അമ്മയുടെ ബെഡിൽ വേറൊരു പെണ്ണിന്റെ കൂടെ അച്ഛനെ കണ്ടാൽ  അമ്മ സഹിക്കുമായിരുന്നോ? എന്റെ അറിവിൽ അച്ഛൻ അത്തരക്കാരനായിരുന്നില്ല. മക്കളെയും ഭാര്യയെയും ജീവന് തുല്യം സ്നേഹിച്ച ഒരു പാവം മനുഷ്യൻ…പക്ഷേ ദൈവം ആയുസ് കൊടുത്തില്ല…അദ്ദേഹത്തെയും ആ  മൃ ഗത്തെയും ഒരിക്കലും താരതമ്യം ചെയ്യരുത്…”

അവൾ ബാഗ് തുറന്ന് രണ്ടു ടാബ്‌ലറ്റസ് എടുത്ത് വായിലിട്ടു..മേശപ്പുറത്തെ ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചു.

“ഞാനൊന്നുറങ്ങട്ടെ…വല്ലാത്ത ക്ഷീണമുണ്ട്. വല്ലതുമുണ്ടെങ്കിൽ നാളെ  സംസാരിക്കാം.”

തന്റെ മകൾ ഒരുപാട് മാറിയിരിക്കുന്നു എന്ന് സുജാതയ്ക്ക് മനസ്സിലായി…ജീവിതാനുഭവങ്ങൾ കരിങ്കല്ലിന്റെ കാഠിന്യം വരുത്തിയ ഹൃദയം…ഇനി തർക്കിക്കാതിരിക്കുന്നതാണ്  നല്ലത്..അവർ എഴുന്നേറ്റു പുറത്തേക്ക് നടന്നപ്പോൾ ആതിര വാതിലടച്ചു  കുറ്റിയിട്ടു. എന്നിട്ട് ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോണുമെടുത്ത്  കട്ടിലിൽ കിടന്നു…സ്വിച്ച് ഓൺ ചെയ്തപ്പോൾ   കീർത്തനയുടെയും ഹരിയുടെയും  മിസ്സ്ഡ് കാളുകളും മെസ്സേജുകളും നിറയെ കണ്ടു..വീട്ടിലെത്തിയെന്നും, നാളെ വിളിക്കാമെന്നും പറഞ്ഞു കീർത്തനയ്ക്ക് മെസ്സേജ് വിട്ടു. അതിന്  ശേഷം ഹരികൃഷ്ണനെ വിളിച്ചു…

“അമ്മയും മോളും തമ്മിലുള്ള ഇമോഷണൽ സീൻസ് കഴിഞ്ഞോ?”

“ഉം…മോഹനേട്ടൻ ഉറങ്ങിയോ?”

“കിടന്നു…അച്ഛന് വയ്യെടീ…രാത്രിയാകുമ്പോൾ ശ്വാസം മുട്ടലിന്റെ പ്രശ്നം..നിന്നെ ചോദിച്ചിരുന്നു…”

“നാളെ  വരാം..”

“ഉം..”

“ഹരീ..”

“എന്താടീ?”

“താങ്ക്സ് “

“എന്തിനാ?”

“എന്നെ കൂട്ടാൻ വന്നതിന്…ഇനിയും ഇടയ്ക്കിടെ ബുദ്ധിമുട്ടിക്കും..”

“സന്തോഷമേയുള്ളൂ…ഒരു സഹായം ആവിശ്യം വന്നപ്പോൾ എന്റെ പേരോർത്തല്ലോ..അത് മതി… “.

“സുജാത ടീച്ചറുടെ മോള് കെട്യോനെ ഉപേക്ഷിച്ച വിവരം നാട്ടിൽ പരന്നോ.?”

“ഏയ്‌…അങ്ങനെ അധികമാരും അറിഞ്ഞില്ല. ഇനി അറിഞ്ഞാൽ തന്നെ  എന്താ? നാട്ടുകാരാണോ നിനക്ക് ചിലവിനു തരുന്നേ?പോകാൻ പറ…”

“എനിക്കാ പേടിയൊന്നുമില്ലെടാ..”

“അങ്ങനെയാണ് വേണ്ടത്..ജീവിതം തുടങ്ങുന്നതേയുള്ളൂ…നീ  കുറച്ചു ദിവസം റസ്റ്റ്‌ എടുക്ക്…മനസ്സൊക്കെ ഒന്ന് തണുക്കട്ടെ…നിന്റെ ജോലിയുടെ കാര്യം ചിലരോട് സംസാരിച്ചിട്ടുണ്ട്..പെട്ടെന്ന് ശരിയാകും..”

“ഉം..”

“ആതൂ …” ആ  വിളിയിൽ ഹൃദയത്തിലേക്ക് മഞ്ഞു പെയ്യുന്ന സുഖം അവളറിഞ്ഞു…

“ഞാനുണ്ട് കൂടെ…”.

“ഹരീ…നീ ഒന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്…എപ്പോഴായാലും..അങ്ങനെ എന്തെങ്കിലും നിന്റെ മനസ്സിലുണ്ടെങ്കിൽ തുറന്നു പറയണം..ഇനി ഞാൻ ബുദ്ധിമുട്ടിക്കില്ല..”

“എനിക്കറിയാം…ഒന്നും പ്രതീക്ഷിക്കുന്നില്ല..പണ്ട് ഞാൻ  നിനക്കൊരു വാക്ക് തന്നിരുന്നു. അത് ഇപ്പോഴും മറന്നിട്ടില്ല..എന്റെ ഇഷ്ടങ്ങളെ  കുഴിച്ചു മൂടിയിട്ട് വര്ഷങ്ങളായി…ആ പേടി വേണ്ട.. പോരേ? നീ ഉറങ്ങിക്കോ..രാവിലെ ഇങ്ങോട്ട് വാ..ബാക്കി നേരിൽ സംസാരിക്കാം..”

അവൻ ഫോൺ  വച്ചു…കുറച്ചു നേരം  അങ്ങിനെ തന്നെ കിടന്ന ശേഷം അവൾ  കണ്ണുകൾ ഇറുക്കിയടച്ചു…..ഉറക്കഗുളികകൾ  തോറ്റു പിന്മാറിയിട്ട് മാസങ്ങളായി…ഇന്നെങ്കിലും ഒന്നുറങ്ങണം…ഭയമേതുമില്ലാതെ…ഇവിടെ താൻ സുരക്ഷിതയാണ്…ഒരു വിളിപ്പാടകലെ ഹരിയുണ്ട്…മോഹനേട്ടനുണ്ട്…അവളൊന്ന് നിശ്വസിച്ചു…

ഹരികൃഷ്ണൻ അവൻ  ശരിക്കും തന്റെ ആരാണ്..? ഇന്നേ വരെ  ഉത്തരം കിട്ടാത്ത ചോദ്യം….അവന്റെ മുഖം മനസ്സിൽ തെളിഞ്ഞതും  ഉറക്കത്തിന്റെ നേർത്ത കണികപോലും ആവിയായി….ഉള്ളിലെങ്ങോ എന്നോ തളച്ചിട്ട ഓർമ്മകൾ അണമുറിഞ്ഞൊഴുകി മുന്നിൽ തെളിഞ്ഞു….ആതിരയുടെ  ആരായിരുന്നു ഹരികൃഷ്ണൻ…?

***************

“ടീച്ചറെ, ഈ  പൈസക്ക് ഇത്  നടക്കില്ലാട്ടോ..”

പെയിന്റിംഗ് മേസിരി  അയൂബ് നടുവിന് കയ്യും കൊടുത്ത് സുജാതയുടെ മുന്നിൽ നിന്നു..

“കരാറിൽ പറഞ്ഞപോലെയൊന്നുമല്ല പണി നടക്കുന്നെ…ഒരു കോട്ട് പ്രൈമറും രണ്ടു കോട്ട് എമൽഷനും മതിയെന്ന് പറഞ്ഞാ നമ്മൾ കരാറുണ്ടാക്കിയത്…മിനിയാന്ന് ടീച്ചറുടെ ചേട്ടൻ ഇവിടുണ്ടായിരുന്നല്ലോ…അങ്ങേര് എല്ലായിടത്തും രണ്ടു കോട്ട്  പ്രൈമർ അടിപ്പിച്ചു..മോളുടെ റൂമിൽ കളർ ചേഞ്ച്‌ ചെയ്യിച്ചു. എക്സ്ട്രാ വരുന്ന കാശ് എത്രയായാലും തരാമെന്ന് അങ്ങോരു പറഞ്ഞതിനാലാ എന്റെ പണിക്കാർ അടിച്ചത്…എന്നിട്ടിപ്പോ അയാൾ മുങ്ങി..ടീച്ചരോട് ചോദിക്കുമ്പോൾ കൈ മലർത്തുന്നു..ഇനി മതിലും  ഗേറ്റും കൂടെ ബാക്കിയുണ്ട്…അതിന് സാധനം വാങ്ങണം.. ഞാനിപ്പോ എന്താ ചെയ്യേണ്ടേ? ടീച്ചർ എനിക്ക് വേണ്ടപ്പെട്ട ആളായത് കൊണ്ടാ ഇത്രേം ചെറിയ കാശിനു കരാർ എടുത്തത്….”

അത് ശരിയാണെന്നു സുജാതക്കും അറിയാം…

“അയൂബിക്കാ…രാമേട്ടൻ അങ്ങനെയാ..എന്ത് ചെയ്യാനാ ഒരേയൊരു ചേട്ടനായിപ്പോയി. പിണക്കാനും പറ്റില്ല..നിങ്ങൾക്ക് നഷ്ടം വന്ന പണിക്കൂലി എത്രയായാലും ഞാൻ  തരാം…ഇനി വാങ്ങേണ്ട സാധനങ്ങളുടെ കാശും തരാം…പണി നടക്കട്ടെ…മറ്റന്നാൾ മോളുടെ മോതിരം മാറലാണ്…”

“അതൊക്കെ തീർത്തു തരാം..ശിഹാബേ, ഹരി എവിടെ?”

“വർക്ക്‌ ഏരിയയിൽ ഉണ്ട്‌…”

ജനാലഴികൾക്ക് പെയിന്റ് അടിച്ചുകൊണ്ടിരുന്ന ശിഹാബ് പറഞ്ഞു..

അയൂബ് അകത്തു കയറി വർക് ഏരിയയിലേക്ക് നടന്നു. പിന്നാലെ സുജാതയും…റൂമിൽ  നിന്ന് പുറത്തിറങ്ങിയ ആതിര അമ്മയെ കണ്ടപ്പോൾ ഒന്ന് പരുങ്ങി..

“നീ എന്തെടുക്കുകയാ? അടുക്കളയിൽ ചിത്ര തനിച്ചാ…പോയി സഹായിച്ചൂടെ?”

“എനിക്ക് പഠിക്കാനുണ്ട്…”

“ആ പേരും പറഞ്ഞു കതകടച്ചിരുന്നോ..ഇങ്ങനൊരു മടി…”

ആതിര ദേഷ്യത്തോടെ അടുക്കളയിലേക്ക് നടന്നു..

“ഇളയ കുട്ടിയാ അല്ലെ ടീച്ചറേ?” അയൂബ് ചോദിച്ചു.

“അതെ…പഠിക്കാൻ മിടുക്കിയാ..പക്ഷേ വീട്ടിലെ പണിയെടുക്കാൻ മടിയും..ഇവളുടെ ചേച്ചി നേരെ തിരിച്ചാ..എന്ത് ജോലിയും ചെയ്യും..പക്ഷെ പഠിക്കാൻ പുറകോട്ടും…”.

“അതു കൊള്ളാലോ…” അയൂബ് ചിരിച്ചു..ചിത്ര അടുക്കളയിൽ പച്ചക്കറി അരിയുന്നുണ്ട്..ആതിര അവളെ സഹായിക്കുന്നു..സുജാതയും അയൂബും  വർക്ക്‌ ഏരിയയിൽ  എത്തി…അവിടൊരു ചെറുപ്പക്കാരൻ പെയിന്റ് അടിക്കുന്നുണ്ട്..

“ഹരീ ഇനി എന്തൊക്കെ സാധനം വേണം?”

ആ ചെറുപ്പക്കാരൻ മുഖത്തു കെട്ടിയ തുണി അഴിച്ചു മാറ്റി..

“ഇരുപത് ലിറ്റർ പ്രൈമർ എടുത്തോ…പിന്നെ ഇരുപതിന്റെ അപ്പെക്സ്….ബാക്കിയെല്ലാം ഉണ്ട്‌…”

അവൻ പറയുമ്പോൾ സുജാത അവനെ തന്നെ നോക്കി നിന്നു…

“ഈ കുട്ടിയെ നല്ല പരിചയമുണ്ടല്ലോ  അയൂബിക്കാ..”.?

“ഇവൻ നമ്മുടെ പോസ്റ്റ് മാൻ മോഹനേട്ടന്റെ ഒറ്റപുത്രനാ..ഹരികൃഷ്ണൻ…”

“ആഹാ..അതെയോ…ഇവൻ കുറേ ആയോ നിങ്ങളുടെ കൂടെ?”

“ഇവൻ സ്ഥിരം വന്നാൽ  ഞാൻ രക്ഷപ്പെട്ട് പോയേനെ…പക്ഷെ വരില്ല..ഇത് മാത്രമല്ല, വേറൊരുപാട് ജോലിയുണ്ട് പഹയന്..അതിന്റെ കൂടെ തന്നെ പഠിത്തവും..വല്ലപ്പോഴും വരണമെങ്കിൽ തന്നെ ഞാനിവന്റെ കാല് പിടിക്കണം…”

അകത്തു നിന്നും കേട്ടുകൊണ്ടിരുന്ന ചിത്ര മെല്ലെ എത്തി വലിഞ്ഞു നോക്കി…ഹരിയെ കണ്ടതും അവൾ  ബീൻസ് കട്ട് ചെയ്യുകയായിരുന്ന ആതിരയെ  തോണ്ടി വിളിച്ചു…

“എടീ നീ ആ ചെറുക്കനെ നോക്കിക്കേ?”

“എന്തിനാ?” ആതിര  ദേഷ്യത്തോടെ ചോദിച്ചു, പുറത്തെ സംഭാഷണങ്ങൾ  കേൾക്കുന്നുണ്ടായിരുന്നുവെങ്കിലും കാര്യമാക്കിയിരുന്നില്ല.

“എടീ അവൻ  യുവരാജ് സിങ്ങിനെ പോലെ ഇല്ലേ?”

“ആരെപ്പോലെ?”

“ക്രിക്കറ്റ് കളിക്കാരൻ യുവരാജ് സിങ്ങിനെ പ്പോലെ “

“പോലെയല്ല, യുവരാജ് സിംഗ് തന്നെയാ..ഹർഭജൻ  സിങ്ങും സഹീർ ഖാനുമൊക്കെ വീടിനു മുൻപിലുണ്ട്…മറ്റന്നാൾ ഇവിടെ ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് കളിയുണ്ടല്ലോ അതിൽ പങ്കെടുക്കാൻ വന്നതാ… “

“നീ ഒന്ന് നോക്കിയിട്ട് പറ “

മനസ്സില്ലാമനസ്സോടെ ആതിര  എത്തി നോക്കി..ചേച്ചി പറഞ്ഞത് ശരിയാണ്..എവിടൊക്കെയോ യുവരാജ് സിംഗിന്റെ ഛായയുണ്ട്…സമ്മതിച്ചു കൊടുക്കാൻ  താല്പര്യമില്ലായിരുന്നു.

“ഒലക്കേടെ മൂടാണ്…ചേച്ചി കണ്ണട വയ്ക്കാൻ സമയമായി..”

അമ്മയുടെ കണ്ണ് തെറ്റിയപ്പോൾ ആതിര അടുത്ത വീട്ടിലൊക്കെ ഒന്നു കറങ്ങി….വീട് നിറയെ പണിക്കാരായതു കൊണ്ട് ശ്വാസം മുട്ടുന്നത് പോലെ…ഒരു സ്വാതന്ത്ര്യം ഇല്ല..ടിവി കാണാനും പറ്റില്ല…കുറച്ചു നേരം പറമ്പിലൊക്കെ നടന്നപ്പോൾ  പെയിന്റർമാർ ബൈക്കിൽ പോകുന്നത് കണ്ടു. ഇന്നത്തെ പണി തീർനെന്നു തോന്നി..അവൾ  വീട്ടിലേക്ക് നടന്നു..ചാരിയിരുന്ന തന്റെ മുറിയുടെ വാതിൽ തള്ളിത്തുറന്നു..പക്ഷേ…

വാതിലിനു പിറകിൽ  സ്റ്റാൻഡ് വച്ചു ലൈറ്റ് പൊതിഞ്ഞ് വച്ചിരുന്ന കടലാസ് എടുത്തു മാറ്റുകയായിരുന്നു ഹരി…വാതിൽ  വന്നിടിച്ചു സ്റ്റാൻഡ് ചെരിഞ്ഞു…വീഴും മുൻപ് അവൻ  താഴേക്ക് ചാടി…അവന്റെ കാൽമുട്ട് കട്ടിലിൽ വച്ചടിച്ചു…ആതിര  ഷോക്കടിച്ച പോലെ നില്കുകയാണ്…പണിക്കാരെല്ലാം പോയെന്നാ വിചാരിച്ചത്..

“കൊ ല്ലാൻ നോക്കുവാണോ?”

അവൻ ദേഷ്യപ്പെട്ടു..

“സോറി ,ഞാൻ  കണ്ടില്ലായിരുന്നു..ഞാനോർത്തു എല്ലാരും പോയിക്കാണുമെന്നു..”

“നിന്റെ മുഖത്തു കണ്ണില്ലേ? വാതിലിനു മുന്നിൽ തന്നെ പെയിന്റ് പാത്രവും ബ്രഷുമൊക്കെയുണ്ടല്ലോ? അതിവിടെ തുറന്നു വച്ചു എല്ലാരും പോകുമോ? കുറച്ചൊക്കെ ചിന്തിച്ചു നോക്ക്… “

അവൻ കാൽമുട്ട് തടവി…നല്ല വേദനയെടുത്തു എന്നവൾക്ക് മനസ്സിലായി.

“സോറി…പറ്റിപ്പോയി..”

അവൾ വീണ്ടും പറഞ്ഞു..എന്നിട്ട് അവിടുന്ന് സ്ഥലം കാലിയാക്കി..അടുക്കളപ്പുറത്തു എത്തിയപ്പോൾ ചിത്ര തല കുളിച്ചു മുടി തോർത്തുകയാണ്…

“എന്താടീ അകത്തൊരു ശബ്ദം കേട്ടത്…?”

“യൂവരാജ് സിംഗ് ഔട്ട്‌ ആയതാ…”

ചിത്രക്ക് അതിന്റെ അർത്ഥം മനസ്സിലായില്ല..കുറച്ച് കഴിഞ്ഞപ്പോൾ  ഹരി മുടന്തിക്കൊണ്ട് പുറത്തേക്കിറങ്ങി പോകുന്നത് അവൾ  കണ്ടു..അവൻ ആതിരയെ ഒന്ന് രൂക്ഷമായി  നോക്കി…എന്നിട്ട് പൈപ്പിൻ ചുവട്ടിൽ  നിന്ന് ബ്രഷും  ഒഴിഞ്ഞ പെയിന്റ് പാട്ടയും  കഴുകി…അപ്പോഴേക്കും സുജാത അങ്ങോട്ട് വന്നു..

“എന്തായി ഹരീ…?”

“നാളെ ഉച്ചയാകുമ്പോഴേക്കും തീരും  ടീച്ചറേ..” അവൻ  വിനയത്തോടെ പറഞ്ഞു..അവൻ  നടക്കുമ്പോൾ മുടന്തുന്നത് കണ്ടപ്പോൾ സുജാത ചോദിച്ചു..

“കാലിനെന്തു പറ്റി?”

“സ്റ്റാൻഡ് ഒന്ന് തെന്നിയതാ..”

അവൻ ഡ്രസ്സ് മാറ്റി ഗേറ്റിനു പുറത്തിറങ്ങി..ആതിര ഓടി അവന്റടുത്തെത്തി..

“വീണ്ടും സോറി..”

“സാരമില്ല പോട്ടെ, മറ്റന്നാൾ എൻഗേജ്മെന്റ് അല്ലേ…? അതുകൊണ്ട് ഞാൻ വിട്ടു…”

“എൻഗേജ്മെന്റ് എന്റെയല്ല…ചേച്ചിയുടേതാ..”

“ആദ്യം ഇവിടുന്ന് കെട്ടിച്ചു വിടേണ്ടത് നിന്നെയാ…”

“വലിയ പരിചയമൊന്നുമില്ലാത്ത ഒരു പെണ്ണിനെ നീ എന്ന് വിളിക്കുന്നത് മോശമല്ലേ?”

“നീ, നീ, നീ…നീ പോയി കേസ് കൊടുക്ക്…തള്ളിയിട്ടു കൊ ല്ലാൻ നോക്കിയിട്ട് മാന്യത പഠിപ്പിക്കുന്നോ?”

അവൻ ദേഷ്യപ്പെട്ടു…അവൾക്കും നല്ല ദേഷ്യം വന്നു..എന്തോ പറയാനോങ്ങിയത് പിന്നിൽ അമ്മ വരുന്നത് കണ്ട് അവൾ വിഴുങ്ങി…ഹരി  ഗേറ്റിനു പുറത്ത് നിർത്തിയിട്ടിരുന്ന തന്റെ ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്തു..അവളെ ഒന്ന് അടിമുടി നോക്കിയിട്ട് റോഡിലൂടെ പാഞ്ഞു പോയി….

*****************

ഫിനിഷിങ് വർക്കുകളൊക്കെ കഴിഞ്ഞപ്പോൾ സന്ധ്യയായി…സുജാത അയൂബിനു കണക്കു നോക്കി പൈസ കൊടുത്തു…കൂടാതെ നാലു പണിക്കാർക്കും അഞ്ഞൂറ് രൂപ വീതം നൽകി…എന്തെങ്കിലും സാധനങ്ങൾ ഒഴിഞ്ഞിട്ടുണ്ടോ എന്ന് ഓരോ റൂമിലും കയറി നോക്കുകയാണ്  ഹരി. ആതിരയുടെ റൂമിൽ കയറിയപ്പോൾ  അവൾ കട്ടിലിൽ ഇരുന്ന് എന്തോ വായിക്കുകയാണ്. അവൻ  അവളെ  ഗൗനിക്കാതെ ചുറ്റും ഒന്ന് നോക്കി…

“എന്താ നോക്കുന്നെ?”

“ഇതിനുള്ളിൽ നിധി വല്ലതും ഉണ്ടോന്ന് നോക്കിയതാ.. “

“അയ്യട…ഒരു ചീഞ്ഞ കോമഡി..കാൽ ശരിയായോ?”

“ഇപ്പോഴെങ്കിലും ചോദിച്ചല്ലോ…ആശ്വാസം…ശരിയായി..”

“മറന്നിട്ടൊന്നുമല്ല…ചോദിക്കാൻ  വന്നാൽ ഇങ്ങോട്ട് കടിച്ചു കീറും. അതു പേടിച്ചിട്ടാ..”

കട്ടിലിന്റെ അടിയിൽ കൂടി ഒന്ന് പരിശോധിച്ച ശേഷം അവൻ അവളെ  നോക്കി..

“സോറി..”

“എന്തിനാ?”

“നീ എന്ന് വിളിച്ചതിന്… “

“ഉം..സാരമില്ല..എനിക്കു ഒരബദ്ധം പറ്റിയതാ…കാല് നല്ലോണം വേദനിച്ചിട്ടുണ്ടാകും എന്നറിയാം…”

“ഞങ്ങള് പോട്ടെ, എപ്പോഴെങ്കിലും കാണാം..

അവൾ പുഞ്ചിരിച്ചു…ഹരി പുറത്തിറങ്ങി കതക് ചാരി…

**************

മാസങ്ങൾ കടന്നുപോയി..ചിത്രയുടെ  വിവാഹം കഴിഞ്ഞു…..വീടുറങ്ങിയത് പോലെ ആതിരയ്ക്ക് തോന്നി..എന്നും വഴക്കാണെങ്കിലും ചേച്ചി ഇല്ലാത്തത് അവളെ വല്ലാതെ ബാധിച്ചു…

അമ്മ വീട്ടിലും ടീച്ചറെ പോലെ തന്നെയാണ് പെരുമാറുന്നത്..ഹോസ്റ്റലിൽ നിന്നും അമ്മ തനിച്ചായതിനാൽ വീട്ടിലേക്ക് താമസം മാറ്റേണ്ടി വന്നു…

ഒരു ദിവസം രാവിലെ മുറ്റമടിക്കുകയായിരുന്നു അവൾ..ചപ്പുചവറുകൾ  മതിലിനു സമീപം  കൂട്ടിയിട്ട് അവൾ നിവരുമ്പോൾ റോഡിന് അപ്പുറത്തുള്ള വീട്ടിൽ ആരോ പണിയെടുക്കുന്നത് കണ്ടു..അവൾ  ഒന്നൂടെ സൂക്ഷിച്ചു നോക്കി…ഹരികൃഷ്ണൻ…നീളമുള്ള ഒരു വടിയുടെ അറ്റത്തു ചൂൽ കെട്ടി വച്ചു അവൻ മാറാല വൃത്തിയാക്കുകയാണ്…അമ്മ ഇല്ലാത്ത ധൈര്യത്തിൽ ആതിര റോഡ് മുറിച്ചു കടന്നു അപ്പുറത്തെ വീട്ടിലെത്തി..കുറേ കാലമായി അടച്ചിട്ട ഒരു ചെറിയ വീടാണത്..

“ഹലോ യുവരാജ് സിങ് “

അവൻ തിരിഞ്ഞു നോക്കി..

“ആഹാ…എന്നെ മറന്നില്ല അല്ലേ?”

“ഇല്ല…ഒറ്റയ്ക്കേ ഉള്ളോ?”

“സഹായത്തിന് വേറൊരാള് കൂടെ  ഉണ്ട്‌..ദേ അവിടെ “

അവൻ കൈ ചൂണ്ടി…അവിടെ മാവിൻ ചുവട്ടിൽ മധ്യവയസ്കനായ ഒരാൾ ഇരിക്കുന്നുണ്ട്…

“അയാളെന്താ പണിയെടുക്കാതെ  ഇരിക്കുന്നത്?”

“മടി…ഒരു വരുമാനം ആയിക്കോട്ടെ എന്ന് കരുതി ജോലിക്ക് കൂട്ടിയതാ…ഇപ്പൊ എനിക്ക് പാരയായി..”

“തനിക്കു പറഞ്ഞൂടെ?”.

“പ്രായമുള്ള മനുഷ്യനല്ലേ? എങ്ങനാ..”

“ഞാൻ പറഞ്ഞോളാം..” ആതിര  അയാളെ കൈ കാട്ടി വിളിച്ചു. അയാൾ  എഴുന്നേറ്റു വന്നു.

“അതേ, ചേട്ടാ..വിശ്രമിക്കാനാണേൽ പണിക്കു വരണോ? വീട്ടിലിരുന്നാൽ പോരേ? വീടിന്റെ ഉടമസ്ഥൻ കണ്ടാൽ  നിങ്ങളെയല്ല ഇവനെയാ വഴക്കു പറയുക…”

അയാൾ ഹരിയെയും അവളെയും   നോക്കി..

“എന്താ ഇങ്ങനെ നോക്കുന്നെ? “

അയാൾ ഒന്നുമില്ലെന്നു തലയാട്ടി..

കടയിൽ പോയ അമ്മ റോഡിലൂടെ നടന്നു വരുന്നത് അവൾ കണ്ടു.

“ഞാൻ പോട്ടെ ഹരീ..” അവൾ റോഡിൽ ഇറങ്ങിയതും സുജാത വിളിച്ചു..

“നീ എവിടെ പോയതാടീ?”

“ഞാൻ വെറുതെ, ഇങ്ങോട്ട്…” അവൾ പരുങ്ങി…

“ടീച്ചറേ…” വിളി കേട്ട് അമ്മയും മകളും  തിരിഞ്ഞു നോക്കി…നേരത്തെ കണ്ട പണിക്കാരൻ…

“ഇതാര് മോഹനേട്ടനോ…” സുജാത അത്ഭുതപ്പെട്ടു…

“എന്താ ഇവിടെ…”?

“ഞാനിനി നിങ്ങളുടെ അയൽകാരനാ..ഈ വീട് വാങ്ങി…ഒന്ന് വൃത്തിയാക്കാമെന്നു വച്ചു…”

“തനിച്ചാണോ?”.

“അല്ല മോനുണ്ട്…”

തലയിൽ വീണ മാറാല തുടച്ചു കൊണ്ട് ഹരിയും വന്നു..

“സുഖമാണോ ടീച്ചറേ…” ഹരി ചോദിച്ചു..

“അതേ…ഹരി ഇപ്പോഴും പെയിന്റിംഗ് പണി ആണോ?”

“എല്ലാമുണ്ട്…അങ്ങനെ ഇന്ന ജോലി എന്നൊന്നുമില്ല..” അവൻ  ചിരിച്ചു.

“മോഹനേട്ടാ…ഇത് എന്റെ മോള് ആതിര..”

“അറിയാം..ഞങ്ങള് പരിചയപ്പെട്ടു..നല്ല കുട്ടിയാ…എന്തെങ്കിലും സഹായം വേണോ എന്ന് ഞങ്ങളോട് ചോദിക്കുകയായിരുന്നു.”

“ആര് ഇവളോ? എന്നാൽ ഇന്ന് ലോകം അവസാനിക്കും…ശരി ഞാൻ പോട്ടെ മോഹനേട്ടാ…കുറച്ചു ജോലിയുണ്ട്…ഇനി എന്നും കാണാല്ലോ…എപ്പോഴാ ഇങ്ങോട്ട് താമസം മാറുന്നെ? “

“പെട്ടെന്നുണ്ടാകും…ഈയാഴ്ച തന്നെ..”

“ശരി കാണാം…” സുജാത  മുന്നോട്ട് നടന്നു..ആതിര നോക്കിയപ്പോൾ മോഹനനും ഹരിയും ചിരിക്കുകയാണ്…

“അച്ഛനും മോനും കൂടി എനിക്കിട്ട് താങ്ങിയതാണല്ലേ? ശരിയാക്കി തരാം..എന്തായാലും ഇവിടേക്ക് വരുവാണല്ലോ…ഇതിനു ഞാൻ പണി  തന്നിരിക്കും..നോക്കിക്കോ “

അവൾ വേഗം അമ്മയുടെ പുറകെയോടി…

************

ഹരിയും അച്ഛനും ആ  വീട്ടിലേക്ക് താമസം മാറുന്ന ദിവസം ആതിരയും  അമ്മയും പിന്നെ ഹരിയുടെ ചില കൂട്ടുകാരും മാത്രമേ അതിഥികളായി ഉണ്ടായിരുന്നുള്ളൂ…തികച്ചും ലളിതമായ ഒരു ചടങ്ങ്…

“തനിക്കു ബന്ധുക്കളൊന്നുമില്ലേ?”

എല്ലാം കഴിഞ്ഞപ്പോൾ  ആതിര അവനോടു ചോദിച്ചു..

“അങ്ങനെ എടുത്തു പറയാൻ ആരുമില്ല..ഒരുകണക്കിന് അതാണ്‌ നല്ലത്.”

“ഹരിയുടെ അമ്മ?”

“മരിച്ചിട്ട് കാലം കുറേ ആയി…”

ആ സ്വരത്തിലെ നഷ്ടബോധം കലർന്ന വേദന അവൾക്കു മനസിലാകുമായിരുന്നു..എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവളുടെ അച്ഛൻ മരിച്ചത്..ചില വേർപാടുകൾ ഉണ്ടാകുന്ന നൊമ്പരം മരണം വരെ പിന്തുടരും..

ആതിരയുടെ ജീവിതത്തിലേക്ക് അങ്ങനെ ഹരികൃഷ്ണനും റിട്ടയർഡ് പോസ്റ്റ്മാൻ മോഹനനും കടന്നു വന്നു…സുജാതയ്ക്കും വലിയൊരു ആശ്വാസമായിരുന്നു. എന്താവശ്യത്തിനും ഹരി ഓടിയെത്തും…ആരിലും മതിപ്പുളവാക്കുന്ന അവന്റെ ഹൃദ്യമായ പെരുമാറ്റം അവർക്ക് ഒരുപാട് ഇഷ്ടമായി…ആതിരയ്ക്ക് ഹരിയോടുള്ളതിനേക്കാൾ അടുപ്പം മോഹനനോട്‌ ആകാൻ അധികനാൾ വേണ്ടി വന്നില്ല..മണിക്കൂറുകളോളം അവർ മാവിൻച്ചുവട്ടിലിരുന്നു സംസാരിക്കും….

“നിങ്ങള് രണ്ടുപേരും നല്ല ഫ്രണ്ട്സിനെ പോലാ അല്ലേ?”

ഒരുദിവസം അവൾ അയാളോട് ചോദിച്ചു..പച്ചമാങ്ങ വാഴയിലയിൽ മുറിച്ചിട്ട് അതിൽ  ഉപ്പും മുളക് പൊടിയും വിതറി കഴിക്കുകയായിരുന്നു അവർ. ഹരി ജോലിക്ക് പോയിരുന്നു..

“എനിക്ക് അവനും, അവന്  ഞാനും മാത്രല്ലേ ഉളളൂ…അതുകൊണ്ടാ… “

“എന്നിട്ട് എന്റെ അമ്മ അങ്ങനൊന്നുമല്ലല്ലോ…കുട്ടിക്കാലം തൊട്ട് എല്ലാത്തിനും വഴക്കു പറയും…അമ്മയ്ക്ക് ചേച്ചിയോടാ ഇഷ്ടം…”

“അങ്ങനെ പറയല്ലേ മോളെ….ഒരമ്മയും  മക്കളെ രണ്ടു തരത്തിൽ കാണില്ല..പിന്നെ നിന്റെ കുറുമ്പ് കൊണ്ടായിരിക്കും ദേഷ്യപ്പെടുന്നേ…ഭർത്താവില്ലാതെ രണ്ടു പെണ്മക്കളെയും കൊണ്ട് കഷ്ടപ്പെടുന്ന ഒരു സ്ത്രീക്ക് എപ്പോഴും കൊഞ്ചിക്കാനൊന്നും പറ്റിയെന്നു വരില്ല..”

“അച്ഛൻ ഉണ്ടായിരുന്നപ്പോഴും  അങ്ങനൊക്കെ തന്നായിരുന്നു..അച്ഛന് എന്നോടാ കൂടുതൽ ഇഷ്ടം..അമ്മയ്ക്ക് ചേച്ചിയോടും…”

അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് മോഹനൻ കണ്ടു…

“അയ്യേ..വായാടിക്ക് സങ്കടം വന്നോ…സാരമില്ല കേട്ടോ…പോട്ടെ….ഇനി നിന്റെ ഭാവി പരിപാടി എന്താ? എം ബി എ കഴിഞ്ഞല്ലോ…?”

“എന്തെങ്കിലും ജോലി നോക്കാനാ തീരുമാനം…ഇവിടുന്ന് എങ്ങോട്ടേലും പോണം..എനിക്ക് ഈ  നാട് തീരെ ഇഷ്ടമല്ല…”

“അപ്പൊ അമ്മ തനിച്ചാവില്ലേ?”

“അമ്മയും കൂടെ വന്നോട്ടെ…”

ഗേറ്റ് കടന്ന് ഹരിയുടെ ബൈക്ക് മുറ്റത്തെത്തി..

“ഓ..ഇതിവിടെ ഇരിപ്പുണ്ടായിരുന്നോ..? ” അവൻ അവളെ  നോക്കി ചിരിച്ചു..

“പച്ചമാങ്ങ വേണേൽ വാ..” അവൾ  ക്ഷണിച്ചു..

“വേണ്ടായേ…പല്ല് പുളിക്കും…അച്ഛാ ഞാൻ വേഗം പോകും.. ഒരു ബെഡ്‌റൂം ഡിസൈൻ വർക്ക്‌ ഉണ്ട്‌…വരാൻ ലേറ്റ് ആകും…”

“മോഹനേട്ടാ…ഇവനെ ശ്രദ്ധിക്കണം കേട്ടോ..രാത്രിയിൽ എവിടെ പോകുവാണെന്ന് അന്വേഷിക്കുന്നത് നല്ലതാ..ചെറുക്കന്റെ പ്രായം പ്രശ്നമാണ്. ഏതേലും കാമുകിയെ കാണാനായിരിക്കും…”

“അങ്ങനെയെങ്കിലും ഏതേലുമൊരുത്തിയെ പ്രേമിച്ചാൽ ഞാൻ സന്തോഷത്തോടെ രണ്ടു കൈയും നീട്ടി സ്വീകരിക്കും…ഈ  അടുക്കളപ്പണിയിൽ നിന്നും രക്ഷപ്പെടാല്ലോ…”

“ഹരി കേട്ടല്ലോ…ആരേലും മനസ്സിലുണ്ടോ..തുറന്നു പറ…”

അവൻ അവർക്ക് നേരെ മുൻപിൽ ചെന്നു നിന്നു…

“ഉണ്ട്‌..പറയട്ടെ..”

“പറയെടോ….”

“നീ തന്നെ…”.

അവളുടെ മുഖം ചുവന്നു..ആ  മറുപടി തീരെ പ്രതീക്ഷിച്ചില്ല..അവളുടെ  മുഖഭാവം കണ്ട മോഹനൻ പൊട്ടിച്ചിരിച്ചു…

“മറുപടി പറയെടീ…നീ ചോദിച്ചതിന്റെ ഉത്തരം അവൻ തന്നില്ലേ?”

“അല്ലെങ്കിൽ ഇവള് ശരിയാവില്ലച്ഛ…ഒരു ചായപോലും മര്യാദയ്ക്ക് ഉണ്ടാക്കാനറിയില്ല എന്നാ സുജാതടീച്ചർ പറഞ്ഞിട്ടുള്ളത്…ഇവളെ  കെട്ടിയാൽ ഇവൾക്കും കൂടെ അച്ഛൻ ഭക്ഷണമുണ്ടാക്കേണ്ടി വരും…”

“അതിന് ആര് സമ്മതിക്കുന്നു…?”

ആതിര തന്റെ ശൗര്യം വീണ്ടെടുത്തു…

“എം ബി എക്കാരിയായ ഞാൻ തന്നെ കെട്ടാനോ ? നടന്നത്  തന്നെ….അമേരിക്കയിലോ, യുകെയിലോ നല്ല ജോലിയുള്ള ആരെയേലും കെട്ടി അവന്റെ കൂടെ അവിടെ സ്ഥിരതാമസമാക്കുന്നത് സ്വപ്നം കണ്ടു നടക്കുന്ന ഞാൻ ഈ പ ട്ടിക്കാട്ടിൽ ഒരു പെയിന്റ് പണിക്കാരനെ കെട്ടി അവനും അവന്റെ അച്ഛനും വച്ചു വിളമ്പി കൊടുക്കാനോ…? നല്ല കാര്യമായി..”

“എന്നാലും, അടുക്കളപ്പണി അറിയാഞ്ഞിട്ടാണെന്ന് സമ്മതിക്കരുത്….”

അവൻ ചിരിച്ചു…എന്നിട്ട് അകത്തേക്ക് നടന്നു…

“എനിക്ക് ചായ ഉണ്ടാക്കാൻ അറിയില്ല അല്ലേ…മോഹനേട്ടാ വെയിറ്റ്..അച്ഛനെയും മോനെയും ഇന്ന് ചായ കുടിപ്പിച്ചിട്ടു തന്നെ കാര്യം….”

അവളും  വീടിനു നേരെ നടന്നു,..

“അത്രേം വല്യ സാഹസമൊക്കെ വേണോ മോളേ…അവൻ ചുമ്മാ പറഞ്ഞതാ..നീ ശീലമില്ലാത്തതൊന്നും  ചെയ്യണ്ട..”

“ഓ..മോന്റെ സൈഡ് കൂടി എന്നെ കളിയാക്കുകയാണോ?. ഇന്ന്  ഉണ്ടാക്കിയിട്ട് തന്നെ കാര്യം..”

“എന്റെ വിധി.. ” മോഹനൻ ചിരിയോടെ എഴുന്നേറ്റു പറമ്പിലേക്ക് നടന്നു.

അവൾ ചായയ്ക്ക് വെള്ളം തിളപ്പിക്കുമ്പോൾ ഹരി  കുളിച്ചു ഡ്രസ്സ്‌ മാറി അവിടേക്ക് വന്നു.

“ചായ കുടിച്ചിട്ട് പോയാൽ  മതി..” അവൾ അവനെ നോക്കാതെ പറഞ്ഞു..

“ആയിക്കോട്ടെ….അമേരിക്കക്കാരനെ കെട്ടി പോയാൽ കുടിക്കാൻ പറ്റില്ലല്ലോ..”

ആ സ്വരത്തിൽ ചെറിയ പരിഭവം ഉള്ളത് പോലെ അവൾക്ക് തോന്നി…ചിരിയടക്കി അവൾ ചായ ഗ്ലാസിലേക്ക് പകർന്ന് അവന്  നൽകി…അവൻ ഒന്ന് ഊതികുടിച്ചു..

“എങ്ങനുണ്ട്?”

“ചായയ്ക്ക് പായസത്തിന്റെ രുചിയൊന്നും ഉണ്ടാവില്ലല്ലോ..”

“എന്നാലും ഒരു നല്ല വാക്കു പറയില്ല..അല്ലേ?”

“പറയട്ടെ…”

“ഉം “

അവൻ ആതിരയുടെ തൊട്ടു മുന്നിൽ വന്നു നിന്നു…കണ്ണുകളിലേക്ക് തന്നെ  നോക്കി..തന്റെ ഹൃദയതാളം ചടുലമാകുന്നത് അവളറിഞ്ഞു…

“ജീവിതകാലം മുഴുവൻ ഈ ചായ കുടിക്കാൻ ആഗ്രഹിക്കുന്നു…”

മന്ത്രിക്കുന്നത് പോലെ അവന്റെ സ്വരം….അവളൊന്നു ഞെട്ടി…

“ഹരീ..എന്താ?”

“ഇഷ്ടമാണ്…ഒത്തിരി…പറയാൻ ധൈര്യമില്ലാഞ്ഞിട്ടല്ല…പറഞ്ഞു കഴിഞ്ഞാൽ നിന്റെ കളിചിരികൾ കാണാൻ പറ്റില്ലല്ലോ എന്ന ഭയം..അതുകൊണ്ട് മാത്രം മിണ്ടാതിരുന്നു…”

അവൾക്ക് വാക്കുകളൊന്നും കിട്ടിയില്ല…

“എനിക്ക് പറയാൻ മാത്രമുള്ള യോഗ്യതകളൊന്നും  ഇല്ല..വിദ്യാഭ്യാസം കുറവാണ്…കൂലിപ്പണിക്കാരനാണ്…കുടുംബമഹിമയോ ബന്ധുബലമോ ഇല്ല…പക്ഷേ നിന്നെ എനിക്ക് ജീവനാടീ…”

ഹരി കുറച്ച് കൂടി അടുത്തെത്തിയത് അറിഞ്ഞ് അവൾ പിന്നിലേക്ക് മാറി. പക്ഷേ ചുവരിൽ തട്ടി…അവൻ  സാവധാനം കവിളിലേക്ക് വീണു കിടന്ന അവളുടെ മുടിയിഴകൾ ചെവിക്കു പിന്നിലേക്ക് ഒതുക്കി വച്ചു…

“ആതൂ…നിന്നെ ഞാൻ  സ്നേഹിക്കുന്നു…ഭ്രാ ന്തമായി….”

ഒരു നിമിഷം കൂടി അവളെ  നോക്കി നിന്ന ശേഷം ഹരി പുറത്തേക്കിറങ്ങി…അവന്റെ ബൈക്ക് സ്റ്റാർട്ടാവുന്ന ശബ്ദം ആതിര കേട്ടു…കണ്ണുനീർ തുള്ളികൾ അടർന്നു വീഴുന്നതറിഞ്ഞു അവൾ അമ്പരന്നു…എന്തിനാണ് താൻ കരയുന്നത്?..

കണ്ണുകൾ തുടച്ചു കൊണ്ട് ഒരു ഗ്ലാസ്‌ ചായയുമെടുത്ത്  അവൾ മുറ്റത്തേക്ക് നടന്നു..ഒരു വാഴക്കുലയുമായി മോഹനൻ വരുന്നത് അവൾ  കണ്ടു..

“ഇന്നാ..ചായ കുടിക്ക്…”

അയാൾ  വേഗം വാങ്ങിക്കുടിച്ചു..

“എങ്ങനുണ്ട്…?”

“സൂപ്പർ…അവൻ കുടിച്ചിട്ടാണോ പോയത്?”

“അതേ….”

“എന്ത് പറഞ്ഞു ..”.

“ഒന്നുമില്ല…മിണ്ടാതെ പോയി…”

അലസമായി ആതിര മറുപടി പറഞ്ഞു…

മോഹനൻ അവളുടെ  മുഖം പിടിച്ചു തിരിച്ചു..

“കുറുമ്പിക്ക് എന്താ പറ്റിയെ ? സത്യം പറ..ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ?”

അവൾ തലകുനിച്ചു…

“ഇഷ്ടമാണെന്നു പറഞ്ഞു അല്ലേ?”

അവൾ ഞെട്ടലോടെ അയാളെ  നോക്കി..ആ  മുഖത്ത് കുസൃതി നിറഞ്ഞ പുഞ്ചിരി..

“എങ്ങനറിഞ്ഞു?”

“ഞാൻ അവന്റെ അച്ഛനല്ലേ….ആ മനസ്സിൽ എന്താണെന്ന് എനിക്കറിയാം..എന്നിട്ട് നീ  എന്ത് പറഞ്ഞു.?”

“ഒന്നുമില്ല…”

“നിനക്ക് ഇഷ്ടമാണോ?”

“ഇഷ്ടക്കുറവൊന്നുമില്ല…പക്ഷേ അത് ഏതു തരമാണെന്ന് അറിയില്ല…”

മോഹനൻ അവളുടെ ചുമലിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു നടന്നു.. അവർ എന്നും ഇരിക്കാറുള്ള മാവിൻ ചുവട്ടിൽ ഇരുന്നു..

“പോസ്റ്റ്‌മാൻ മോഹനന്റെ  മകനെപറ്റി ആരും ഇന്നേവരെ ഒരു കുറ്റവും പറഞ്ഞിട്ടില്ല…ഞാനവനെ നിയന്ത്രിച്ചു വളർത്തിയത് കൊണ്ടൊന്നുമല്ല കേട്ടോ..എല്ലാ സ്വാതന്ത്ര്യവും കൊടുത്തിട്ടുണ്ട്…പക്ഷേ ഒന്നും അവൻ  ദുരുപയോഗം ചെയ്തിട്ടില്ല..ഒരു രൂപ പോലും അനാവശ്യമായി  ചിലവാക്കാറില്ല. ഈ വീട് അവൻ  ഒറ്റയ്ക്ക് ഉണ്ടാക്കിയ പൈസ കൊണ്ട് വാങ്ങിയതാ…വല്ലാത്തൊരു വാശിയാണ് എന്റെ കുട്ടിക്ക്….കുറേ കാലം  ഞാൻ  സുഖമില്ലാതെ കിടപ്പിലായിരുന്നു..സഹായത്തിന് ആരുമില്ലായിരുന്നു ബന്ധുക്കളൊന്നും തിരിഞ്ഞു നോക്കിയതുപോലുമില്ല…ഒടുവിൽ പഠിത്തം മതിയാക്കി അവൻ  ജോലിക്കിറങ്ങി…പുലർച്ചെ റബ്ബർ ടാപ്പിങ്…അതിന്  ശേഷം പത്രമിടാൻ പോകും..അതു കഴിഞ്ഞ് ഞങ്ങളുടെ പഴയവീടിന്റെ അടുത്തുള്ള മാർക്കറ്റിൽ ലോഡിങ്ങിന്റെ പണി…ഇങ്ങനെയാ  അവൻ തുടങ്ങിയത്…ആരോഗ്യം ക്ഷയിക്കുന്നത് കണ്ടപ്പോൾ ഞാൻ  വഴക്കു പറഞ്ഞു. അതിനുശേഷം പെയിന്റിംഗ് ജോലി തുടങ്ങി…എന്നാലും വെറുതെയിരിക്കില്ല…ആഴ്ചയിൽ മൂന്ന് നാലു ദിവസം നൈറ്റും ജോലി ചെയ്യും…ഇടയ്ക്ക് മറ്റ് പല ജോലിക്കും പോകും.. അങ്ങനെയാ ഈ  വീട് വാങ്ങാനുള്ള കാശുണ്ടാക്കിയത്…ഇനി ഒരു കാർ വാങ്ങണമെന്നും എന്നെയും കൂട്ടി ബന്ധുക്കളുടെ മുന്നിലൂടെ കറങ്ങണമെന്നുമാ അവന്റെ ആഗ്രഹം…. “

മോഹനൻ ഒന്ന് നിർത്തി അവളെ  നോക്കി…ദൂരെയെങ്ങോ കണ്ണും നട്ട് കേട്ടിരിക്കുകയാണ് അവൾ..

“അവന്റെ സ്വപ്നങ്ങളിലൊന്നും ഒരു പെണ്ണ് ഇതുവരെ ഉണ്ടായിട്ടില്ല. അതെനിക്കറിയാം..നീയാണ്  ആദ്യത്തേത്…നിന്നെ ഞാൻ  നിർബന്ധിക്കില്ല മോളേ….നീയും  അവനും എനിക്ക് അത്രയും പ്രിയപ്പെട്ടവരാ…നിന്റെ കുടുംബത്തെ അപേക്ഷിച്ചു ഞങ്ങൾ വളരെ താഴെയാണ്. പക്ഷേ എന്നെങ്കിലും നിനക്ക് അവന്റെ കൂടെ ജീവിക്കാൻ താല്പര്യമുണ്ടെങ്കിൽ തുറന്നു പറയണം…ആരെതിർത്താലും ഞാൻ  കൂടെ നില്കും…”

ആതിര എഴുന്നേറ്റു…സ്വപ്നത്തിലെന്ന പോലെ വീട്ടിലേക്ക് നടന്നു…കോളേജിൽ പഠിക്കുന്ന സമയത്ത് ഒരുപാട് പേർ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്..അതൊക്കെ പരിഹാസത്തോടെ അവഗണിച്ചിട്ടുമുണ്ട്..പക്ഷെ ഹരിയുടെ  കണ്ണുകളിലെ പ്രണയം  ഹൃദയത്തിലെങ്ങോ നുഴഞ്ഞു കയറിയതായി അനുഭവപ്പെടുന്നു…

അവൾ വീടിന്റെ വാതിൽ  തുറക്കാൻ തുടങ്ങിയതും  മുറ്റത്തു ഒരു കാർ വന്നു നിന്നു…അതിൽ  നിന്നും സുജാത  ഇറങ്ങി.. കൂടെ അപരിചിതയായ ഒരു സ്ത്രീയും പുരുഷനും..ഡ്രൈവിങ് സീറ്റിൽ നിന്നു സുമുഖനായ ഒരു യുവാവും..

അവൾ വേഗം വാതിൽ  തുറന്നു ലൈറ്റ് ഇട്ടു..സന്ധ്യമയങ്ങിയതേ ഉളളൂ…

അതിഥികളോട് ഇരിക്കാൻ പറഞ്ഞു സുജാത ആതിരയുടെ കയ്യും പിടിച്ച് അടുക്കളയിലേക്ക് വേഗം നടന്നു..

“ആരാമ്മേ  ഇത്?”

“പറയാം..നീ ഒന്ന് മുഖമൊക്കെ കഴുകി  മുടിയൊക്കെ ഒതുക്കി കെട്ട്…”

“എന്താ കാര്യം?”

“പറഞ്ഞത് കേൾക്ക്..കാര്യമൊക്കെ പറയാം…”

അസുഖകരമായ എന്തോ സംഭവിക്കാൻ പോകുമെന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും അവൾ അമ്മയെ അനുസരിച്ചു…ഫ്രഷ് ആയി വന്നപ്പോൾ സുജാത  ചായക്കപ്പുകൾ  ട്രേയിൽ വച്ചു അവൾക്കു കൊടുത്തു….

“അവർക്ക് കൊണ്ടു കൊടുക്ക്..”

നിവൃത്തിയില്ലാതെ അവൾ  അനുസരിച്ചു. ആരുടേയും  മുഖത്ത് നോക്കിയില്ല…ആ സ്ത്രീ എഴുന്നേറ്റ് അവളുടെ അടുത്തു വന്നു…

“ആതിരയ്ക്ക് ഞങ്ങളെ  മനസിലായിട്ടുണ്ടാവില്ല. ഞാൻ  ഊർമിള…മോളുടെ അമ്മയുടെ  ഫ്രണ്ട് ആണ്..കോളേജിൽ ഞങ്ങൾ  ഒരുമിച്ചായിരുന്നു..അത് എന്റെ ഹസ്ബന്റ് ശേഖർ…ഇത് ഞങ്ങളുടെ  ഇളയമകൻ രാജീവ്‌…ചെന്നൈയിൽ ഡോക്ടറാണ്…ഇവന്റെ ചേട്ടൻ  കാനഡയിൽ സെറ്റിൽഡാണ്..”

അവൾ കാര്യം മനസിലാക്കാതെ  ആ  സ്ത്രീയെയും അമ്മയെയും മാറി മാറി നോക്കി…

“ഞങ്ങൾ ഒരു വിവാഹലോചനയുമായി  വന്നതാ…”

ആതിരയുടെ തൊണ്ട വരണ്ടു…

“മോനേ നിനക്കിഷ്ടമായോ കുട്ടിയെ?”

ചെറുപ്പക്കാരൻ  തലയാട്ടി…

“ഞാനിവളോട് ഒന്നും പറഞ്ഞിരുന്നില്ല..അതിന്റെ അമ്പരപ്പാണ്..”  സുജാത പറഞ്ഞു..

“ഏയ്‌..അതൊന്നും സാരമില്ല…ഇനിയും സമയമുണ്ടല്ലോ…ഞങ്ങൾ വെറുതെ ഒന്ന് കുട്ടിയെ കാണാൻ വന്നെന്നേയുള്ളൂ…”

കുറച്ചു നേരം കൂടി  സംസാരിച്ചിരുന്ന ശേഷം എല്ലാവരും പോകാനിറങ്ങി..

“വേറൊരു ദിവസം ബന്ധുക്കളെയൊക്കെ കൂട്ടി വരാം…”  ഊർമിള ചിരിയോടെ അവളുടെ  കവിളിൽ തലോടി പുറത്തേക്ക് നടന്നു…രാജീവ്‌ അവളുടെ മുൻപിലെത്തി…അവൾക്കു വല്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടു…

“പോട്ടെ…കാണാം….” അവൻ പറഞ്ഞു….ഹരിയുടെ കണ്ണുകളിൽ കണ്ടത് പ്രണയമാണെങ്കിൽ  ആ  കണ്ണുകളിൽ ഇരയെ മുന്നിൽ കിട്ടിയ സിംഹത്തിന്റെ ഭാവമാണെന്ന് അവൾക്കു തോന്നി…

എല്ലാവരും പോയിട്ടും അവൾ  അതേ  നിൽപ് നിന്നു….കച്ചവടമുറപ്പിക്കപ്പെട്ട അ റവുമാടിന്റെ ദയനീയത ആരും മനസിലാക്കില്ല എന്ന് അവൾക്കുറപ്പായിരുന്നു..

ബാക്കി ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ…