“അപ്പൊ ഇനിയുള്ള കാര്യങ്ങളെങ്ങാനാ?
ചായക്കപ്പ് ടീപ്പോയിയുടെ മുകളിൽ വച്ച് ബ്രോക്കർ മുരളി ചോദിച്ചു…
“അതിപ്പോ, ഞാനൊറ്റയ്ക്ക് എടുക്കേണ്ട തീരുമാനമല്ല മുരളീ…” യശോദ പറഞ്ഞു..
“പ്രദീപിനോട് ചോദിക്കട്ടെ…അവന്റെ ഇഷ്ടം എന്താണോ അത് നടക്കും..”
“ആയിക്കോട്ടെ…ഞങ്ങൾ കുട്ടിയെ ഒന്ന് കാണാൻ വന്നെന്നെയുള്ളൂ..വിവേക് അടുത്ത മാസം തിരിച്ചു പോകും…അതിന് മുൻപ് നിങ്ങളുടെ തീരുമാനം അറിയിച്ചാൽ മതി..”
സരസ്വതിയമ്മ എഴുന്നേറ്റു… വിവേക് മാനസയെ തന്നെ നോക്കിയിരിക്കുകയാണ്…
“നിനക്ക് വല്ലതും കുട്ടിയോട് സംസാരിക്കണോ മോനേ?”
അവൻ ഒന്ന് ചിരിച്ചതേയുള്ളൂ…
“അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ സരസ്വതീ….നമ്മൾ മുന്നറിയിപ്പില്ലാതെ വന്ന ഷോക്കിലാ ആ കുട്ടി…”
വിവേകിന്റെ അച്ഛൻ ഭാസ്കരൻ പറഞ്ഞു. എല്ലാവരും യാത്ര പറഞ്ഞു പുറത്തിറങ്ങി…കാർ മുറ്റത്തു നിന്നും നീങ്ങിയതോടെ മാനസയുടെ ശബ്ദമുയർന്നു..
“ചിറ്റ എന്നോടീ ചതി ചെയ്യരുതായിരുന്നു..”
“ഞാനെന്തു ചെയ്തെന്നാ?”
“മംഗലാപുരത്തു നിന്നും എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് പെണ്ണുകാണൽ ചടങ്ങിനു വേണ്ടിയാ അല്ലേ?”.
“അല്ല മോളെ…ഇന്നലെ രാത്രിയാ മുരളി എന്നെ വിളിച്ചു പറഞ്ഞേ ഇവരിന്നു വരുമെന്ന്…”.
“രാവിലെ എന്നോട് പറയരുന്നല്ലോ..?”
“എന്നിട്ട് നിനക്ക് മുങ്ങാനല്ലേ?.. എടീ പെണ്ണേ..നിനക്കിപ്പോ എല്ലാ തട്ടിപ്പുമുണ്ട്..നിന്റെ ഫോണിൽ കുത്തിക്കളിയും മാറി നിന്നുള്ള സംസാരവുമൊക്കെ ഞാൻ കാണുന്നുണ്ട്…നിന്നെ പറഞ്ഞിട്ട് കാര്യമില്ല, വളം വച്ചു തരുന്നത് അവനാണല്ലോ”
“ഞാനാരെ വിളിച്ചെന്നാ? ദേ വേണേൽ എന്റെ ഫോൺ നോക്കിക്കോ..”
“വേണ്ട…എനിക്കീ കുന്ത്രാണ്ടത്തെ കുറിച്ചൊന്നും അറിയില്ല…”
മാനസ ദേഷ്യപ്പെട്ട് അകത്തേക്ക് നടന്നു..ഉച്ചക്ക് ഭക്ഷണത്തിന്റെ സമയമായിട്ടും അവളെ കാണാതായപ്പോൾ യശോദ മുറിയിൽ പോയി നോക്കി..അവൾ കട്ടിലിൽ ഇരുന്ന് മേശപ്പുറത്തു തലവച്ചു കിടക്കുകയാണ്..അവർ അരികിലിരുന്ന് മെല്ലെ അവളുടെ മുടിയിൽ തലോടി…
“എനിക്കിപ്പോ കല്യാണം വേണ്ട ചിറ്റേ…” തലയുയർത്താതെ അവൾ പറഞ്ഞു..
“അതിനിപ്പോ ആര് കല്യാണം നടത്തുന്നു? എടീ ആ കൊച്ചൻ അടുത്ത മാസം പോകും. പിന്നെ ഒരു വർഷം കഴിഞ്ഞു കല്യാണം…”
“അപ്പൊ എന്റെ പഠിപ്പ്? ഏട്ടൻ പറഞ്ഞ പോലെ ജോലി? “
“നിന്റെ ക്ലാസ്സ് തീരാൻ ഒരു വർഷമല്ലേ ഉള്ളൂ…അത് കഴിഞ്ഞേ കല്യാണം നടത്തൂ..പിന്നെ ജോലി..എടീ ആ ചെറുക്കൻ മലേഷ്യയിൽ കുട്ടികളുടെ ഡോക്ടറാണ്..നിന്റെ ജോലിക്കാര്യവും അവർ ഉറപ്പ് തന്നിട്ടുണ്ട്…”
മാനസ സമ്മതമല്ല എന്ന അർത്ഥത്തിൽ തലയാട്ടികൊണ്ടിരുന്നു…
“മോളെ…നിന്റെ അമ്മയുടെയും അച്ഛന്റെയും കാര്യമൊക്കെ അറിഞ്ഞിട്ടും ഇത്രയും നല്ലോരു കുടുംബത്തിൽ നിന്ന് ആലോചന വന്നത് തന്നെ വലിയ ഭാഗ്യമാണ്…നീ നിന്റെ ഏട്ടനെ കുറിച്ച് ചിന്തിച്ചു നോക്ക്….ചെറുപ്പം മുതൽ നിനക്ക് വേണ്ടി മാത്രമാ ജീവിക്കുന്നെ..ഏതോ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെടുന്നതും നിനക്ക് വേണ്ടിയാ..അവന്റെ സമപ്രായക്കാരൊക്കെ കല്യാണം കഴിഞ്ഞ് കുടുംബമായി…അവനതൊന്നും ആലോചിക്കാറേയില്ല…നീ അവനെ വിളിച്ചു കരഞ്ഞു കാണിച്ചാൽ ഈ ആലോചന വേണ്ടെന്നേ അവൻ പറയൂ..പക്ഷെ എന്റെ മോള് ഒന്നോർക്കണം, അവനും ഒരു ജീവിതമുണ്ട്…നിനക്ക് അവന്റെ കാര്യത്തിൽ ഉത്തരവാദിത്തവും ഉണ്ട്…നിന്റെ പിടിവാശികളിൽ നശിക്കുന്നത് അവന്റെ നല്ല പ്രായമാണ്….”
യശോദ എഴുന്നേറ്റ് പുറത്തേക്ക് നടന്നു
**************
അൽ റായ്…കുവൈറ്റ്..
ലുലുമാളിനോട് ചേർന്ന ആലുക്കാസ് ജ്വല്ലറിയിൽ നിന്നും പ്രദീപ് പുറത്തിറങ്ങി…ഫോൺ എടുത്ത് തുറന്നു.. ചിറ്റ നേരത്തെ വിളിച്ചപ്പോൾ എടുത്തില്ല…തിരിച്ചു വിളിച്ചു..
“കണ്ണാ…വല്ലതും കഴിച്ചോ മോനേ..?” സ്നേഹത്തോടെയുള്ള ചോദ്യം…
“ഇല്ല ചിറ്റേ…റൂമിലേക്ക് പോയി കഴിക്കും..ഇപ്പോൾ പുറത്താ…കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു..”
“വാവ നിന്നെ വിളിച്ചായിരുന്നോ..?”
“ഇന്നലെ രാത്രി വിളിച്ചു…പെണ്ണ് കാണാൻ വന്നതൊക്കെ പറഞ്ഞു..”
“അവൾക്കു സമ്മതമല്ലാ എന്ന് പറഞ്ഞിട്ടുണ്ടാകുമല്ലോ?”
“ഏയ് ഇല്ല…എന്റെ നെറ്റ് തീർന്നത് കൊണ്ട് പെട്ടെന്ന് കാൾ കട്ടായി….എന്താ ചിറ്റേ..അവൾക്കു ഇഷ്ടമില്ലേ..? എന്നാൽ വേണ്ട..”
“എല്ലാം അവളുടെ മാത്രം ഇഷ്ടത്തിന് വിട്ടാൽ പറ്റില്ല മോനേ…ഇതൊരു നല്ല ബന്ധമാ….അത് പോട്ടെ…അതൊക്കെ ഞാനിന്നലെ തന്നെ പറഞ്ഞതല്ലേ…ഇപ്പൊ വിളിച്ചത് വേറൊരു കാര്യം പറയാനാ…”
“ചിറ്റ പറഞ്ഞോ..” പ്രദീപ് ലുലുമാളിന്റെ മുന്നിലുള്ള പാർക്കിംഗ് ഏരിയയിലേക്ക് മാറി നിന്നു..വെള്ളിയാഴ്ച ആയതു കൊണ്ട് നല്ല തിരക്കാണ്…ബഹളമയം..
“ഇന്നലെ ഞാൻ പറഞ്ഞത് തന്നെ…വിവേകിന്റെ അനിയത്തി വിനീതയുടെ കാര്യം…അവർക്കതിനു താല്പര്യമുണ്ട്..”
“ചിറ്റയ്ക്ക് വേറെ പണിയൊന്നുമില്ലേ..?ആ കുട്ടി ടീച്ചറാണ്…ഞാൻ വെറുമൊരു മെക്കാനിക്കും…വിവേകിനു വാവയെ ഇഷ്ടപ്പെട്ടു, അവർ പെണ്ണ് ചോദിച്ചു വന്നു. അത് മനസിലാക്കാം..പക്ഷേ ആ കുട്ടി എന്നെ ഇത് വരെ കണ്ടിട്ട് പോലുമില്ല..നാട്ടിൽ നല്ല ചെറുപ്പക്കാർ വേറെയുണ്ടല്ലോ?”
“ആ അതൊന്നും എനിക്കറിയില്ല..നിന്റെ നമ്പർ വിവേകിന്റെ അച്ഛന് കൊടുത്തിട്ടുണ്ട്..അവർ വിളിക്കും..എന്താന്ന് വച്ചാൽ നീ സംസാരിച്ചോ…ഞാൻ വയ്ക്കുവാ….വാവയ്ക്ക് ഇന്ന് തിരിച്ചു പോണം…കുറച്ച് അച്ചാർ ഉണ്ടാക്കിയിട്ടുണ്ട്..അതൊന്നു കുപ്പിയിലാക്കട്ടെ…അവളോട് നിന്നെ വിളിക്കാൻ പറയാം…”
ചിറ്റ ഫോൺ വച്ചു…പാർക്കിങ്ങിന്റെ അങ്ങേ തലയ്ക്കൽ വച്ച കാർ ലക്ഷ്യമാക്കി അവൻ നടന്നു…കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നാസർ ചാരിയിയിരുന്നു പാട്ട് കേൾക്കുകയായിരുന്നു..പ്രദീപ് ഡോർ തുറന്നു അകത്തു കയറി..
“എന്താ വാങ്ങിച്ചത്..? നോക്കട്ടെ…” നാസർ പറഞ്ഞു..
അവൻ കയ്യിലിരുന്ന ബോക്സ് നീട്ടി..അയാൾ അത് വാങ്ങി തുറന്നു..ഒരു സ്വർണത്തിന്റെ വള…
“എത്ര പവനാടാ?”
“രണ്ടരയിൽ കുറച്ച് കുറവുണ്ട്…”
“അനിയത്തിക്ക് വേണ്ടി അല്ലേ?”
“അതേ ഇക്കാ…”
“മോനേ പ്രദീപേ…ഇക്ക നിന്നോട് ഒരു കാര്യം പറയാം…നിന്നെ നാലു വർഷത്തോളമായി ഞാൻ കാണുന്നു..ഇന്നേ വരെ നിനക്ക് വേണ്ടി ഒന്നും നീ വാങ്ങിയില്ല….എല്ലാം അനിയത്തിക്ക് മാത്രം…നയാപൈസ നിനക്ക് വേണ്ടി മാറ്റി വച്ചിട്ടില്ല എന്നറിയാം..ഇരുപത്തി മൂന്ന് വർഷമായി ഞാനീ കുവൈറ്റിൽ…നിന്നെ പോലെ ഒരുപാട് പേരെ കണ്ടിട്ടുണ്ട്…മറ്റുള്ളവർക്ക് വേണ്ടിയങ്ങ് ജീവിക്കും…സ്വന്തം ജീവിതത്തെ പറ്റി ചിന്തിക്കില്ല…അവസാനം ആർക്കും വേണ്ടാതെ എവിടേലും നരകിക്കും…ഞാനും അതിലൊരുത്തനാ…മൂന്നു പെങ്ങമ്മാരെ
കെട്ടിച്ചു…അവരുടെ കെട്ടിയോൻമാർക്ക് ജോലി ആക്കി കൊടുത്തു…മറ്റുള്ളവർക്ക് വേണ്ടതെല്ലാം ചെയ്തു. അവസാനം നാട്ടിലെത്തിയപ്പോൾ ഞാനൊരധികപ്പറ്റായി. അതാ ഇങ്ങോട്ട് തിരിച്ചു വന്നേ…” ജ്വല്ലറി ബോക്സ് പ്രദീപിന്റെ കൈയിലേക്ക് നാസർ വച്ചു കൊടുത്തു..
“നമ്മൾ പ്രവാസികൾക്കെല്ലാം പറ്റുന്നതാ ഇത്…കുറച്ചെങ്കിലും നമ്മളെ പറ്റി ചിന്തിക്കണം. നഷ്ടപ്പെടുന്ന ജീവിതം തിരിച്ച് കിട്ടില്ല…ത്യാഗം ചെയ്യുന്നതിനൊക്കെ പരിധിയുണ്ട്..നിന്നോട് ഇത് പറയുന്നത് കൊണ്ട് ദേഷ്യമൊന്നും തോന്നിയെക്കല്ലേ..അനുഭവങ്ങളിൽ നിന്നു പാഠം പഠിച്ച ഒരു പ്രവാസി തന്നെ പോലെ മറ്റൊരാൾ ആകരുത് എന്നേ ചിന്തിക്കൂ..”
സ്നേഹം കൊണ്ടാണ് നാസറിക്ക പറയുന്നതെന്ന് പ്രദീപിന് അറിയാം..സനീഷിന്റെ കൂട്ടുകാരനാണ് നാസർ..കുവൈറ്റിലേക്കുള്ള വിസ ശരിയാക്കിയത് നാസറാണ്..കുറ്റിപ്പുറം കാരൻ..ഒരേ സ്ഥലത്ത് ജോലി…ഒരേ മുറിയിൽ താമസം…പ്രദീപിനോട് സ്വന്തം മകന്നോടെന്നപോലെ വാത്സല്യവും അവന്റെ അനിയത്തിയോടുള്ള സ്നേഹത്തിൽ ബഹുമാനവും അദ്ദേഹത്തിനുണ്ട്..
“ശരി…ഇനിയെങ്ങോട്ടാ…എനിക്ക് ഒന്ന് സിറ്റിയിൽ പോണം..ഒരാളെ കാണാനുണ്ട്..”
“ഇക്കാ എന്നെയൊന്നു സാൽമിയയിൽ ഇറക്കി വിടുമോ? നാട്ടിലുള്ള ഒരാൾ ലീവിന് പോകുന്നുണ്ട്…അവരുടെ കൈയിൽ ഇത് കൊടുത്തു വിടാനാ?”
“അതാരാടാ…?”
“അമീറി ഹോസ്പിറ്റലിൽ നേഴ്സ് ആണ്. മിനി ചേച്ചി…ഞങ്ങളുടെ വീടിന്റെ അടുത്താ..”
“സൽമീയയിൽ എവിടെ? “
“മറീന മാളിലേക്ക് വന്നാൽ മതിയെന്ന് പറഞ്ഞു…”
“അത് കഴിഞ്ഞ് നീ എന്റെ കൂടെ സിറ്റിയിലേക്ക് വരുന്നോ?”
“ഇല്ല…ഇക്ക പോയിട്ട് വാ… “
കാർ റോഡിലേക്ക് കയറി…
****************
മംഗലാപുരത്തേക്ക് ഉള്ള ട്രെയിൻ യാത്രയിലായിരുന്നു മാനസ…പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കവേ ഫോണടിച്ചു..പരിചയമില്ലാത്ത നമ്പർ..
“മാനസ…ഇത് ഞാനാ വിവേക്..” മൃദുലമായ സ്വരം..അവൾക്ക് എന്തു പറയണം എന്നറിയില്ലായിരുന്നു..
“നേരിട്ടൊന്നും സംസാരിക്കാൻ പറ്റിയില്ല..അതാ ഫോൺ വിളിച്ചത്..താനിപ്പോ എവിടാ?”
“ഞാൻ മംഗലാപുരത്തേക്ക് തിരിച്ച് പോവുന്നു…ട്രെയിനിൽ…”
“ആകസ്മികമായി വന്ന ഒരു പ്രൊപ്പോസൽ ആണെന്ന് താൻ കരുതുന്നുണ്ടാകും…അല്ലേ?.. പക്ഷേ സത്യമതല്ല..തന്നെ ഞാൻ കണ്ടിട്ടുണ്ട്…”
“എവിടെ?”
“ഡോക്ടർ രാമകൃഷ്ണയെ അറിയോ?”
“അറിയാം..പ്രൊഫസർ..”
“അദ്ദേഹത്തിന്റെ മകൻ എന്റെയൊപ്പം മലേഷ്യയിലാണ്..അവന്റെ കൂടെ വന്നപ്പോഴാ തന്നെ ആദ്യം കണ്ടത്…ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടമായി…അന്വേഷിച്ചു…നാട്ടിലെ അഡ്രസ്സ് തപ്പി പിടിച്ച് ബ്രോക്കർ മുരളിയെ ഏല്പിച്ചു…”
അവളൊന്നും മിണ്ടിയില്ല…
“എനിക്കീ റൊമാൻസ് അത്ര പരിചയമില്ലാത്ത സംഗതിയാണ് കേട്ടോ…എന്നാലും പറയാം..മാനസയെ ഒത്തിരി ഇഷ്ടമായി…എന്നും കൂടെയുണ്ടാവണമെന്നാ എന്റെ ആഗ്രഹം…പേടിക്കണ്ട, തന്റെ ഒരു സ്വപ്നങ്ങൾക്കും ഞാൻ തടസ്സമാവില്ല…അതൊക്കെ നേടിയെടുക്കാൻ തോളോട് ചേർന്നു നില്കും….”
എന്ത് മറുപടി നൽകാനാണെന്നറിയാതെ മാനസ പകച്ചു…
“ഇനി തന്റെ ഊഴം…എന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ?”
“ഞാൻ…എനിക്ക്….” അവൾ എന്തോ പറയാൻ തുടങ്ങവേ പെട്ടെന്ന് വിവേക് ഇടയിൽ കയറി..
“മാനസ..സോറി…എന്റെ ഹോസ്പിറ്റലിൽ നിന്ന് ഒരു കാൾ വരുന്നുണ്ട്..ഞാൻ പിന്നേ വിളിക്കാം..”
ഫോണും കയ്യിൽ പിടിച്ച് നിശ്ചലയായി ഇരിക്കവേ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….
*****************
മറീന മാളിൽ നിന്നും തിരിച്ചു ഫർവാനിയയിലെ റൂമിൽ വന്നു കയറിയതേ ഉള്ളൂ..കട്ടിലിൽ വച്ച പ്രദീപിന്റെ മൊബൈൽ ശബ്ദിച്ചു..നാട്ടിലെ നമ്പറാണ്…
“പ്രദീപല്ലേ..?”
“അതേ…ആരാ?”
“ഞാൻ ഭാസ്കരൻ…വിവേകിന്റെ അച്ഛൻ..”
“ആ മനസിലായി…സാർ പറഞ്ഞോ..” അവന്റെ സ്വരത്തിൽ വിനയം കലർന്നു…അപ്പുറത്ത് നിന്നും ചിരിക്കുന്ന ശബ്ദം കേട്ടു..
“എന്നേ സാർ എന്നൊന്നും വിളിക്കണ്ട..അത് അകലം കൂട്ടും..പ്രദീപിന്റെ തീരുമാനം അറിയാനാ വിളിച്ചത്…”
“അവളുടെ ഇഷ്ടമാ എനിക്ക് വലുത്..ഞാനവളോട് ഇതേ പറ്റി ചോദിച്ചില്ല..”
“മാനസയുടെ കാര്യമല്ല പ്രദീപേ ഞാൻ ചോദിച്ചത്…അത് വിവേക് നോക്കിക്കോളും…ഞാൻ തന്റെ കാര്യമാ ചോദിച്ചത്…എന്റെ മോളെ വിവാഹം കഴിക്കാൻ തനിക്കു ഇഷ്ടമാണോ?”
“ഞാനിതു വരെ എന്നെ കുറിച്ചു ചിന്തിച്ചിട്ടില്ല.. അത് മാത്രമല്ല. ആ കുട്ടിക്ക് ഞാനൊട്ടും ചേരില്ല…നിങ്ങളുടെ നിലയ്ക്ക് ചേരുന്ന ഒരാളല്ല ഞാൻ…പത്താം ക്ലാസ്സ് വരെ പഠിച്ച ഒരു മെക്കാനിക്..നാലാളുടെ മുന്നിൽ പറയാൻ നിങ്ങൾക്ക് നാണക്കേടാവും..എന്തിനാ വെറുതെ..”
ഒരു നിമിഷം അപ്പുറം നിശബ്ദത…
“പ്രദീപേ..ഞാൻ എട്ടാം ക്ലാസ്സ് വരെയേ പഠിച്ചിട്ടുള്ളൂ…അച്ഛൻ ക ള്ള് ചെത്ത് തൊഴിലാളി ആയിരുന്നു…അച്ഛൻ മരിച്ചപ്പോൾ രണ്ടു അനിയത്തിമാരെയും അമ്മയെയും നോക്കാൻ പഠിപ്പ് മതിയാക്കി ജോലി തുടങ്ങി..ഉന്തുവണ്ടിയിൽ പഴക്കച്ചവടം ആയിരുന്നു പണി…നല്ല പോലെ കഷ്ടപ്പെട്ടു…പട്ടിണി കിടന്നു…പക്ഷേ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ, അതായിരുന്നു ഊർജ്ജം..പടിപടിയായി മുന്നോട്ട് വന്നു..അനിയത്തിമാരെ പഠിപ്പിച്ചു. അവർക്ക് ചേർന്ന ബന്ധവും കണ്ടെത്തി കൊടുത്തു..പിന്നെയാ സരസ്വതിയെ വിവാഹം കഴിച്ചത്..മക്കളെയും നല്ല നിലയിൽ പഠിപ്പിച്ചു…അവർക്ക് ജോലിയുമായി…”
ഭാസ്കരൻ ഒന്ന് നിർത്തി..
“അതായത്, താനിപ്പോ ജീവിക്കുന്ന ജീവിതം വർഷങ്ങൾക് മുൻപേ ജീവിച്ചവനാ ഈ ഞാൻ. അതുകൊണ്ടു തന്നെ, പ്രദീപിനെ എനിക്ക് മനസിലാകും…എന്റെ മോള് കഷ്ടപ്പാട് അറിയാതെ വളർന്നവളൊന്നും അല്ലെടോ…ഉയർച്ചയും താഴ്ചയുമൊക്കെ അവളും അനുഭവിച്ചിട്ടുണ്ട്…അനിയത്തിയെ ഇത്രയും സ്നേഹിക്കുന്ന ഒരു ചേട്ടൻ സ്വന്തം ഭാര്യയെയും അതേ പോലെ സ്നേഹിക്കുമെന്ന് അവൾക്കറിയാം..താൻ പറഞ്ഞത് പോലെ കാശും നല്ല ജോലിയുമുള്ള ചെക്കന്മാരെ കിട്ടും…പക്ഷെ കലർപ്പില്ലാത്ത സ്നേഹം തരുന്നവർ കുറവായിരിക്കും..കൈഎത്തും ദൂരത്തു താനുണ്ടാവുമ്പോൾ മറ്റൊരാളെ ഞാനെന്തിന് തേടി നടക്കണം?…പണവും പദവിയുമൊക്കെ എപ്പോ വേണമെങ്കിലും നഷ്ടപ്പെടാം..പക്ഷേ സ്നേഹിക്കാനുള്ള മനസ്സ് മരണം വരെ ഉണ്ടാകും…”
പ്രദീപ് കേട്ടിരിക്കുകയായിരുന്നു…
“എന്തായാലും ഞാൻ ഫോൺ മോൾക്ക് കൊടുക്കാം…നിങ്ങൾ സംസാരിച്ചു നോക്ക്..പ്രദീപിന് താല്പര്യം ഉണ്ടെങ്കിൽ മുന്നോട്ട് പോകാം..ഇല്ലെങ്കിൽ വിവേകിന്റെയും മാനസയുടെയും കാര്യം മാത്രം നടത്താം…ജീവിതം നിങ്ങളുടേതാണ്.. തീരുമാനവും നിങ്ങളുടേത് തന്നെ…”
അവനെന്തെങ്കിലും പറയാൻ പറ്റുന്നതിനു മുൻപ് തന്നെ ഫോൺ കൈ മാറപ്പെട്ടു എന്ന് മനസിലായി…അപ്പുറത്തു മൗനം…
“ഹലോ…” വിറയാർന്നതെങ്കിലും മധുരമായ സ്വരം…
“വിനീത പറഞ്ഞോ…”
പിന്നെയും മൗനം..
“വീട്ടുകാർ നിർബന്ധിച്ചിട്ടാണെങ്കിൽ പേടിക്കണ്ട കേട്ടോ. ഞാൻ തന്റെ അച്ഛനോട് എന്തെങ്കിലും കള്ളം പറഞ്ഞു ഒഴിയാം..പോരാഞ്ഞിട്ട് ഞാനിന്നേവരെ എന്റെ കല്യാണത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല..”
“അയ്യോ അതൊന്നുമല്ല…എന്ത് പറഞ്ഞു തുടങ്ങണം എന്നറിയാത്തത് കൊണ്ടാ…”
അവൾ പരിഭ്രമത്തോടെ സംസാരിച്ചു തുടങ്ങി…
“പിന്നെ നിർബന്ധിച്ചിട്ടൊന്നുമില്ല…അങ്ങനെ ഒരുകാര്യത്തിനും മക്കളെ നിർബന്ധിക്കുന്നവരല്ല എന്റെ പേരന്റസ്…ഞാൻ അറിഞ്ഞിടത്തോളം എനിക്ക് ചേർന്ന ബന്ധമാണെന്ന് തോന്നി…അതുകൊണ്ട് സമ്മതിച്ചു…”
“നമ്മൾ ഇത് വരെ നേരിട്ട് കണ്ടിട്ട് പോലുമില്ലല്ലോ വിനീതാ…”
“കാണാനും അടുത്തറിയാനുമുള്ള സമയമൊക്കെ ഇനിയുമുണ്ടല്ലോ…”
അവൻ ഫോണും ചെവിയിൽ വച്ച് ബാൾക്കണിയിലേക്ക് നടന്നു…പുറത്തെ കൊടും ചൂട് അവനു അനുഭവപ്പെട്ടില്ല…സ്നേഹിക്കുന്ന കുറച്ചു മനുഷ്യരുടെ കടന്ന് വരവ് കുളിർമഴപോലെ തന്നിൽ പെയ്തിറങ്ങുന്നതായി അവനു അനുഭവപ്പെട്ടു…വിനീത സംസാരിച്ചു കൊണ്ടിരിരിക്കുകയാണ്…..
*****************
രാത്രി,
മാനസ ഫോണെടുത്തു പ്രദീപിനെ വിളിച്ചു..
“വാവേ…ഭക്ഷണം കഴിച്ചോ?” സ്നേഹത്തോടെയുള്ള ചോദ്യം…
“കഴിച്ചു…ഏട്ടനോ?”
“ഇല്ല..ഡ്യൂട്ടി കഴിഞ്ഞ് എത്തിയതേ ഉള്ളൂ…ആ പിന്നേ, മിനിചേച്ചി നാട്ടിലെത്തിയിട്ടുണ്ട്..ഒരു സാധനം ഞാൻ മോൾക്ക് തരാൻ ഏല്പിച്ചിട്ടുണ്ട്..നാളെ ചിറ്റയുടെ കയ്യിൽ കൊടുക്കും..”
“ഉം..”
“എന്തു പറ്റി ഏട്ടന്റെ വാവയ്ക്ക്? എന്തു സാധനമാണെന്ന് പറയാതെ എന്നെ ഉറങ്ങാൻ വിടാറില്ലല്ലോ പണ്ടൊക്കെ..കല്യാണം ഉറപ്പിച്ചേ പിന്നെ ആളാകെ മാറി..”
അവൻ പരിഭവിച്ചു…
“എനിക്ക് വയ്യ ഏട്ടാ..തലവേദന..”
“അയ്യോ…ഡോക്ടറേ കാണിക്ക് വാവേ…”
“സാരമില്ല ഏട്ടാ…മരുന്ന് കഴിച്ചു..മാറിക്കോളും..”
“എന്നാ ഉറങ്ങിക്കോ…തല വേദനിക്കുമ്പോൾ ഫോൺ ഉപയോഗിക്കേണ്ട..നാളെ കുറവില്ലെങ്കിൽ ലീവെടുത്തു ഹോസ്പിറ്റലിൽ പോണം…”
“ഉം…”
“ശരി വച്ചോ..”
“ഏട്ടാ…”
“എന്താ മോളൂ…”
“എനിക്ക് എന്റെ ഏട്ടനെ ഒത്തിരി ഇഷ്ടമാണ്..” ഇടർച്ചയോടെ അവൾ പറഞ്ഞു..
“അതെനിക്കറിയാം വാവേ…മോള് ഉറങ്ങിക്കോ..ഏട്ടൻ അടുത്തുണ്ട്..പണ്ടത്തെ പോലെ ഏട്ടന്റെ മടിയിൽ തലവച്ചു കിടക്കുന്നതായി വിചാരിച്ചോ…”
അവനും കരച്ചിൽ വന്നു…ഫോൺ കട്ട് ചെയ്ത് രണ്ടു പേരും രണ്ടിടത്ത് വ്യത്യസ്ത കാരണങ്ങളാൽ സ്വയം മറന്നു കരഞ്ഞു….
****************
വിനീതയുടെ വിളിക്കായി കാത്തിരിക്കുകയായിരുന്നു പ്രദീപ്…നാസർ റൂമിലേക്ക് കയറി വന്നു…മ്ലാനമായ മുഖം..സൂപ്പർവൈസർ പാക്കിസ്ഥാനി വഴക്ക് പറഞ്ഞാലാണ് സാധാരണ ഇങ്ങനെ…
“എന്താ ഇക്കാ..ഇന്നും കിട്ടിയോ..?സാരമില്ല..അടുത്ത മാസം അങ്ങോരു പോകും…പിന്നെ വരില്ല..അത് വരെ സഹിച്ചാൽ മതിയല്ലോ…”
“പ്രദീപേ..നീ നാട്ടിലേക്ക് വിളിച്ചോ?”
“വിളിച്ചു…എടുക്കുന്നില്ല..ചിറ്റയ്ക്ക് ഇന്ന് ആശുപത്രിയിൽ പോണം..വാവ തിരക്കിലായിരിക്കും…കോഴ്സ് കഴിയാറായില്ലേ…രാത്രി വിളിക്കും…”
നാസർ അവന്റെ അടുത്തിരുന്നു തോളിൽ കൈ വച്ചു.
“മോനെ…ഒരു കാര്യം പറയാനുണ്ട്..എങ്ങനെ പറയുമെന്ന് ഇക്കായ്ക്ക് അറിയില്ല..പക്ഷേ..പറയാതിരിക്കാനും പറ്റൂല…നീ പതറരുത്…”
“എന്താ ഇക്കാ….?”..
“അത്..”
“പറഞ്ഞോ..?”
“സനീഷ് വിളിച്ചിരുന്നു. ഒരു പ്രശ്നമുണ്ട്…”
പ്രദീപിന്റെ ഹൃദയം വല്ലാത്തൊരു വേഗത്തിൽ മിടിച്ചു…എന്തോ സംഭവിച്ചിട്ടുണ്ട്…നാസർ അവന്റെ തോളിലെ പിടി മുറുക്കി..
“മാനസ …”
“അവൾക്കെന്ത് പറ്റി?” കരയുന്നത് പോലെ അവൻ ചോദിച്ചു..
“അവൾക്ക് കൂടെ പഠിക്കുന്ന ഒരു പയ്യനോട് ഇഷ്ടമുണ്ടായിരുന്നു..ഇന്ന് രാവിലെ മുതൽ രണ്ടാളും മിസ്സിങ് ആണ്…ഉച്ചയ്ക്ക് അവരുടെ ഏതോ ഫ്രണ്ട് സനീഷിന്റെ കസിൻശരണ്യയെ വിളിച്ചു. അവര് വിവാഹം കഴിച്ചത്രേ…”
പ്രദീപ് കുറച്ചു നേരം അയാളെ തന്നെ നോക്കിയിരുന്നു…പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി…
“ഇക്ക എന്തൊക്കെയാ ഈ പറയുന്നത്? എന്റെ വാവയോ ..? ഒന്ന് പോ ഇക്കാ…ആരോ കളിപ്പിക്കുന്നതാ…മിക്കവാറും സനിയേട്ടന്റെ പണി തന്നാ…മൂപ്പർക്ക് പണ്ടും ഇമ്മാതിരി സൂക്കേടുണ്ട്..എന്റെ വാവ ഒളിച്ചോടാനോ? അതിന് വേറെ ആളെ നോക്കണം…ഈ നെഞ്ചിൽ കിടത്തി വളർത്തിയ മോളാ അത്…അവളുടെ അച്ഛനും അമ്മയും എല്ലാം ഞാനാ…എന്നോട് ചോദിക്കാതെ ഒന്നും അവൾ ചെയ്യില്ല…ഇക്കയ്ക്ക് സംശയം മാറിയില്ലേൽ ഇപ്പൊ മാറ്റി തരാം…”
അവൻ ഫോണെടുത്തു മാനസയെ വിളിച്ചു.. സ്വിച്ച്ഡ് ഓഫ്…
“ചാർജ് തീർന്നിട്ടുണ്ടാകും…ഈ പെണ്ണിന് ഒരു ശ്രദ്ധയുമില്ല…എപ്പഴും ഞാൻ പറയും കുത്തി വയ്ക്കണണമെന്ന്….അവളെ പറഞ്ഞിട്ട് കാര്യമില്ല…കുറച്ച് പഴയ ഫോണാ…ഇപ്രാവശ്യം പോകുമ്പോൾ പുതിയൊരെണ്ണം വാങ്ങി കൊടുക്കണം..”
നാസർ വേദനയോടെ അവനെ നോക്കിയിരുന്നു…അവൻ യശോദയുടെ നമ്പറിലേക്ക് അടിച്ചു. എടുക്കുന്നില്ല..
“ഇത് വേറൊരു അവതാരം..എപ്പോ നോക്കിയാലും സൈലന്റ് ആക്കി വയ്ക്കും..”
അവൻ പിന്നെയും അടിച്ചു കൊണ്ടിരുന്നു..ഒൻപതാമത്തെ ശ്രമത്തിൽ അപ്പുറത്ത് നിന്നും ഫോണെടുത്തു. ഒരു നിലവിളി ശബ്ദം..
“കണ്ണാ…എല്ലാം പോയെടാ….അവള് നമ്മളെ ചതിച്ചു…”
“എന്താ ചിറ്റേ…?എന്തു പറ്റി..?”
“അവളാരുടെയോ കൂടെ പോയെടാ…നീ കണ്ട സ്വപ്നങ്ങളെല്ലാം തകർത്ത് അവള് പോയി മോനേ.,”
അലറിക്കരച്ചിൽ…ആരൊക്കെയോ ചിറ്റയെ സമാധാനിപ്പിക്കുന്നുണ്ട്…പക്ഷെ കരച്ചിൽ കൂടിയതേ ഉള്ളൂ…
“നീ തോറ്റു പോയി കണ്ണാ…അവള് തോൽപിച്ചു…ഇതിലും ഭേദം അവൾക്ക് നിന്നെ കൊ ല്ലുന്നതായിരുന്നില്ലേ….എന്റെ മോനേ….ഇതിനും മാത്രം എന്തു പാപമാ നീ ചെയ്തേ…”
അവന്റെ കയ്യിൽ നിന്നും ഫോൺ ഊർന്നു നിലത്തു പതിച്ചു. തളർന്ന മിഴികളുള്ള രണ്ടാം ക്ലാസ്സുകാരിയുടെ മുഖം മുന്നിൽ തെളിഞ്ഞു. നെഞ്ചോട് ചേർന്നു കിടന്ന് അവൾ വിളിക്കുകയാണ്..
‘ഏട്ടാ… “
പ്രദീപിന്റെ കണ്ണുകളിൽ ഇരുട്ട് കയറി…തലച്ചോറിൽ ഒരു മുഴക്കം…കാലുകൾ കുഴഞ്ഞ് അവൻ നിലത്തേക്ക് വീണു..ഇരുമ്പ് കട്ടിലിൽ തലയിടിച്ചു…നാസർ ഓടി വന്ന് അവനെ താങ്ങി പിടിക്കുമ്പോൾ ആ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു..
“വാവേ…മോളേ….”
തുടരും….