ഹൃദയത്തിന്റെ കരയിലേക്കത് കടന്ന് വരുമ്പോൾ ഞാനറിയാതെന്റെ കണ്ണുകൾ നക്ഷത്രമായി തിളങ്ങി….

പ്രണയാഗ്നി

എഴുത്ത്: ശ്രീതു ശ്രീ

===========

“”ഒന്ന് നിർത്തോ……..

നിർത്താതെ  പെയ്തുകൊണ്ടിരുന്ന മഴയെ വകവെയ്ക്കാതെ ബസ്സിന് നേരെ ഒരു പെൺകുട്ടി ഓടി വരുന്നത് കണ്ട് ഞാൻ ബെല്ലടിച്ചു നിർത്തി…..

സ്റ്റാൻഡിൽ നിന്നും ബസ് ഇറങ്ങേണ്ട സമയം കഴിഞ്ഞിരുന്നു…അതുകൊണ്ട് തന്നെ ഡ്രൈവർ എന്നെ തിരിഞ്ഞൊന്നു രൂക്ഷമായി നോക്കി…പെട്ടെന്ന്  തന്നെ  അവളോടി വന്ന് ബസ്സിൽ കയറി…മഴയാകെ അവളെ നനച്ചിരുന്നു…സ്റ്റെപ്പിൽ നിന്നും മുകളിലേയ്ക്ക്  കയറുന്നതിനിടയ്ക്ക് ബസ് മുന്നോട്ടെടുത്തു.

ഒന്ന് വീഴാൻ ആഞ്ഞെങ്കിലും എന്റെ ഒരു കൈ അവൾക്ക് താങ്ങാവാൻ ഞാൻ നീട്ടിക്കൊടുത്തു….

ആ കയ്യിൽ  പിടിച്ച ശേഷം  അടുത്ത് സീറ്റിന്റെ കമ്പിയിൽ പിടിച്ചു…ആ നിമിഷം തന്നെ എന്റെ കയ്യിലെ പിടുത്തവും  ഉപേക്ഷിച്ചു……

മഴയായിരുന്നെങ്കിലും  ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു….ഞാൻ ആൾക്കാർക്ക്  ടിക്കറ്റ് കൊടുക്കാൻ തുടങ്ങി….ഒടുവിൽ  ആ  പെൺകുട്ടിയുടെ അടുത്തെത്തിയപ്പോൾ  സാദാരണ കോളേജ്  പിള്ളേരോടൊക്കെ  ചോദിക്കുന്ന പോലെ “”കാർഡ് ഉണ്ടോ? എവിടെ “” എന്ന് തിരക്കി…

“ഉണ്ട് “എന്ന് പറഞ്ഞുകൊണ്ടവൾ   കൺസെഷൻ കാർഡെടുത്തു എനിക്ക്  നേരെ നീട്ടി….നെറ്റിയിലെ  ചന്ദനക്കുറി മഴത്തുള്ളികൾ കവർന്നെടുത്തെങ്കിലും   കരിമഷി പടർന്ന  കുസൃതി കണ്ണുകൾ ആ മുഖത്ത്  ഒരഴകായിരുന്നു…….

കാർഡിൽ നിന്ന് ഞാൻ  അവളുടെ പേര്  മനസിലാക്കി…. “അവനി ” കാർഡ് തിരികെ കൊടുക്കുമ്പോൾ   ഞാനൊരു പുഞ്ചിരി കൂടി നൽകിയെങ്കിലും   അവളത് സ്വീകരിക്കാതെ  പെട്ടെന്ന്  മുഖം തിരിച്ചു കളഞ്ഞു……

അവനിയിറങ്ങുന്ന സ്റ്റോപ്പ്  ഞാൻ മനസിലാക്കി…അത് എന്റെ വീടിനടുത്ത സ്റ്റോപ്പ്‌ തന്നെയായിരുന്നു….

ആ റൂട്ടിൽ കൂടി ഒന്ന് രണ്ട്  ബസ്സുകൾ മാത്രം ഉള്ളതിനാൽ രാവിലെയും അവളിതിനാവണം പോകുന്നത്…രാവിലെ  കണ്ടെങ്കിലും ശ്രദ്ധിച്ചു കാണില്ല…ഇനിയെന്നും  ശ്രദ്ധിക്കണം എന്ന് എന്റെ  മനസിനെ ഞാൻ ഓർമ്മപ്പെടുത്തി…

കളക്ഷൻ കുറവാണെങ്കിലും ഇനി മറ്റു റൂട്ട് സ്വീകരിക്കാതെ ഇത് തന്നെ സ്ഥിരം ആക്കിയേക്കാം  എന്ന്  മനസിലിരുന്നാരോ  പറയും പോലെ തോന്നി…….

പിറ്റേ ദിവസവും   അവളുടെ  സ്റ്റോപ്പിലേക്ക്  ബസ്സ് ഓടിയടുക്കും തോറും നെഞ്ചിടിപ്പിന്റെ താളം  ദ്രുതഗതിയിൽ കൊട്ടിക്കയറുന്നത് എന്നിലൊരു  പ്രണയാവേശമായി നിറഞ്ഞു…

ബസ്സിൽ കയറിയാൽ അവൾ ആരോടെങ്കിലുമൊക്കെ കലപില സംസാരിക്കുന്നതു കാണാം….മറ്റു ചിലപ്പോഴാകട്ടെ മൂകതയുടെ രാജകുമാരിയാവും അവൾ..എല്ലാവരോടുമൊന്നും  അധികം അടുക്കുന്ന  സ്വഭാവം അല്ലവൾക്കെന്നു എനിക്ക് തോന്നി…..

കാർഡൊക്കെ കൈവശം ഉണ്ടെന്നറിയാമെങ്കിലും   പലപ്പോഴും ഞാൻ അവളോട്‌ കാർഡുണ്ടോ എന്ന് ചോദിക്കും…..ചിലപ്പോൾ “എവിടിറങ്ങാനാ “എന്നു ചോദിക്കും….എപ്പോഴും  പ്രസ്സന്നതയോടെയുള്ള   മറുപടിയിൽ എന്നുള്ളിലെ  പ്രണയമുകുളങ്ങൾ വിരിയാൻ വെമ്പി……

കാത്തിരിക്കാൻ കാലമേകിയവൾ എന്നവളെ ഉള്ളിൽ മുദ്രകുത്തിയിട്ടു……

അവളരികത്തു നിൽക്കുമ്പോൾ ആയിരം  പ്രണയത്തിരകൾ ഉള്ളിൽ  ആർത്തിരമ്പി….ഹൃദയത്തിന്റെ കരയിലേക്കത് കടന്ന് വരുമ്പോൾ ഞാനറിയാതെന്റെ കണ്ണുകൾ നക്ഷത്രമായി തിളങ്ങി…..

കാണാതിരിക്കുമ്പോൾ  പിടയ്ക്കുന്ന  ഹൃദയത്തിന്റെ താളം ആത്മാവിലലിയുമ്പോൾ അതിനെ പ്രണയമെന്ന് ആരോ ഉള്ളിലിരുന്നു വിളിച്ചു…

കോളേജ് അവധിയുള്ള   ദിവസങ്ങളിൽ അവളെ ബസ്സിൽ കാണാറേ ഇല്ലായിരുന്നു….

ഒരുമാത്ര തനിക്ക് കാണാനായിട്ടെങ്കിലും  ഒന്നാവഴി എത്തിയെങ്കിൽ  എന്ന പാഴ് മോഹത്തെ പല  ദിവസവും നെഞ്ചേറ്റി ബസ്സിൽ അവൾക്കായി  കാത്തുനിന്നു….

ഒരു ഹർത്താൽ ദിവസം   വളരെ സങ്കടത്തോടെ  ആയിരുന്നു എഴുന്നേറ്റത്…..അവനിയെകണ്ടിട്ട് നാലു ദിവസം  ആയി…വെള്ളിയാഴ്ച പൊതു അവധി ആയിരുന്നു…പിന്നെ  ശനിയും ഞായറും…തിങ്കളാഴ്ച കാണാമല്ലോ  എന്നോർത്തപ്പോൾ ഒരു പ്രമുഖ പാർട്ടി ഹർത്താലും  പ്രഖ്യാപിച്ചു…..

“”എന്നും വണ്ടിയിൽ  പോകുന്നതല്ലേ..ഇടയ്ക്കൊക്കെ അമ്പലത്തിൽ പോകണം “” എന്ന അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ അമ്പലത്തിൽ  പോകാനിറങ്ങി..വീട്ടിൽ നിന്നും അധികം ദൂരം അവിടേയ്ക്ക്  ഉണ്ടായിരുന്നില്ല..എങ്കിലും  മനസ്സില്ലാമനസോടെ   ഞാൻ അമ്പലത്തിൽ എത്തി……

തൊഴുതിറങ്ങുമ്പോൾ   പരിചിതമായൊരു ശബ്ദം കേട്ട് ഞാൻ പരിസരം ഒന്ന്  വീക്ഷിച്ചു. നിർഭാഗ്യവശാൽ ആരെയും കണ്ടില്ല…പുറത്തിട്ട  ചെരുപ്പ്  എടുക്കാൻ   നടക്കുന്നതിനിടയിലാണ് ഒരു കൊച്ചുകുട്ടി  ഓടിവന്ന്  മണലിൽ വീണത്…

ഞാനോടിച്ചെന്നവളെ വാരിയെടുത്തു..എങ്കിലും  കരച്ചിൽ നിർത്താൻ അവളൊരുക്കാമായിരുന്നില്ല…

അവൾക്ക് പിന്നാലെ മറ്റൊരാൾ കൂടി  അവിടേയ്ക്ക് പാഞ്ഞെത്തി….അവനി…

അവളെക്കണ്ടതും    എന്റെയുള്ളിലാരും  കാണാതൊരു ചിരി  വിരിഞ്ഞു…സഖിയെ മുന്നിൽക്കണ്ട നിമിഷം   തോന്നിയ നിർവൃതിയിൽ ഇതളിട്ട ആത്മാവിൻ മായാപ്പുഞ്ചിരി…….

“”ചേച്ചീടെ  മുത്തിങ്ങു വന്നേ…ഓടി വീണോ..” കൊഞ്ചിക്കൊണ്ടവൾ ആ  കുഞ്ഞിനായി എന്റടുക്കൽ വന്ന് കൈനീട്ടി…..അപ്പോൾ ഉള്ളം കയ്യിലിരുന്ന ചന്ദനം  അവളുടെ നെറ്റിയിലും  ചാർത്തിക്കൊടുത്തു…

“”മാമനും കൊടുത്തോ….”” എന്നുള്ള  കുഞ്ഞിന്റെ  പറച്ചിൽ കേട്ട്  അവൾ  ബാക്കി വന്ന ചന്ദനം   വിരലിൽ എടുത്ത ശേഷം  എന്നെയൊന്നു നോക്കി….ഞാനപ്പോഴും മുഖത്ത് ഭാവഭേദം  ഏതുമില്ലാതെ നിൽക്കുകയായിരുന്നു….അവളെ കണ്ടപ്പോളുണ്ടായ അങ്കലാപ്പ് മനസിന്റെ  അകത്തളങ്ങളിൽ  അതി വിദഗ്ധമായി ഞാനൊളിപ്പിച്ചിരുന്നു……

സമയമൊട്ടും കളയാതെ അവളാ ചന്ദനം എന്റെ  നെറ്റിയിൽ ചാർത്തി……..

എന്നിലപ്പോൾ പടർന്ന  കുളിര് ചന്ദനത്തിന്റെ ആയിരുന്നുവോ…അതോ   മൗനത്തിൻ മഷിയാലെഴുതിയ  പ്രണയത്തിന്റെയോ?

കുഞ്ഞിനെ അവളുടെ കയ്യിലേയ്ക്ക്  വച്ചു കൊടുത്തിട്ട് ഞാൻ  തിരിഞ്ഞു നടന്നു…അമ്പലമുറ്റം  കഴിയാറായപ്പോൾ  ഒന്നവളെ തിരിഞ്ഞു നോക്കി…പക്ഷെ  അവളപ്പോഴേയ്ക്കും   കണ്ണുകൾക്ക്‌  കടന്ന് ചെല്ലാവുന്ന ഭാഗത്തൊന്നും ഇല്ലായിരുന്നു…..

പിന്നെയും ദിവസങ്ങൾ   കൊഴിഞ്ഞു വീണു….

കുസൃതിയോളിപ്പിച്ച   മിഴികളുമായി അവൾ പിന്നെയും ബസ്സിൽ  കയറിയിറങ്ങി….

പുലർവെയിലിനെത്തേടി   മഞ്ഞുതുള്ളിയും  കവിളിലണിഞ്ഞെത്തുന്ന പുലരിയെപ്പോലെ, ഞാനും  എന്റെ പ്രണയത്തെ  നെഞ്ചോടടക്കിപിടിച്ച്  അവളെ കാത്തിരുന്നു……

എല്ലാം അറിയാമെങ്കിലും  എന്റെ പതിവ് ചോദ്യങ്ങൾ ഒരിക്കലും  അവൾക്ക് മുന്നിൽ നിരത്താതിരുന്നില്ല…ഞാൻ  ചോദിക്കുമെന്ന്  ഉറപ്പുള്ളതിനാലാവണം   അവളും കാർഡെപ്പോഴും കയ്യിൽ കരുതും…പൈസ നീട്ടുമ്പോളെ  സ്ഥലപ്പേരും പറയും….

ചിലപ്പോളൊക്കെ  ശബ്ദത്തിൽ ഇത്തിരി ഗൗരവം നിറയാറുണ്ട്…അത് കേൾക്കുമ്പോൾ എത്ര അടക്കിവച്ചാലും   അനുസരണ ഇല്ലാത്ത  മനസ് എന്റെ ചുണ്ടിലും  ഒരു ചെറുപുഞ്ചിരി വിതറും….അവളത്   കാണുന്നുണ്ടോയെന്നറിയില്ലായിരുന്നു…ആര് കണ്ടാലും  അതിന്റെ  ഭാഷ  അവൾക്ക് മാത്രമേ  മനസ്സിലാവൂ എന്നും എനിക്കുറപ്പായിരുന്നു…എന്റെ പ്രണയത്തിന്റെ ഭാഷ……

ഇതിനിടയിൽ ഗൾഫിൽ  എനിക്കൊരു കമ്പനിയിൽ ജോലി ശരിയായി…പോകുന്നതിനു മുൻപ്  അവനിയോട്  എന്റെ ഇഷ്ടം തുറന്നു പറയണം എന്ന് വിചാരിച്ചിരുന്നു……

പതിവ് പോലെ ഒരു ദിവസം ഞാൻ ബസ്സിലെ ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് വരികയായിരുന്നു……

ഏതെക്കെയോ  കുറേ കോളേജ് പിള്ളേരെന്നെ തടഞ്ഞു നിർത്തി  മർദ്ദിച്ചു…കാരണം ആയി  അവർ പറഞ്ഞത് ഞാൻ  ബസ്സിൽ ഒരു പെൺകുട്ടിയോടെന്നും  കാർഡും മറ്റും  ചോദിക്കുന്നു..ആ കുട്ടി അവരുടെ സഹപാഠി ആയതുകൊണ്ടവർ   എന്നോട്  അത് ചോദിക്കാനിറങ്ങിയത് ആണെന്നാണ്…….

ഞാനെന്റെ  ഇഷ്ടം  കൊണ്ടാണ് ആ  കുട്ടിയോടിതൊക്കെ   ചോദിക്കുന്നത് എന്നവർക്കറിയില്ലല്ലോ..അവരുടെ കണ്ണിൽ  എനിക്കൊരു പൂവാലന്റെ  സ്ഥാനമേ ഉള്ളുവത്രെ…അതെന്തെങ്കിലും ആയിക്കോട്ടെ….പക്ഷെ  അവനിക്കും  എന്നെ കുറിച്ച് അതേ  ചിന്തയാണല്ലോ മനസിലുണ്ടായത്   എന്നോർത്തപ്പോൾ  ഉള്ള് പിടഞ്ഞു….നെഞ്ചിലാരോ പാറക്കല്ല് കയറ്റി വച്ചത് പോലെ ഒരു ഭാരം  അനുഭവപ്പെട്ടു…….

മർദ്ദനം കാരണം ഞാൻ അന്ന് തന്നെ ആശുപത്രിയിൽ ആയി..പിറ്റേന്ന് അമ്മ  മരുന്ന് വാങ്ങാൻ പുറത്ത് പോയ സമയത്ത്, വാതിൽ  തുറക്കുന്ന  ശബ്ദം കേട്ട്  ഞാൻ  തലയുയർത്തി  നോക്കി…

അവനി!!!

എന്തിനാവും വന്നത് എന്ന ആകാംക്ഷയോടെ ഞാൻ  അവളെ നോക്കി….

പതിയെ നടന്ന് എന്റെ  അടുത്ത് വന്നതും പെണ്ണ് ഒറ്റക്കരച്ചിൽ…….

“”ഞാനൊന്നും പറഞ്ഞിട്ടല്ല  അവർ ചേട്ടനെ തല്ലിയത്…ഇന്ന്…കോളേജിൽ  എത്തിയപ്പോൾ  അവര്….പറഞ്ഞാ ഞാനെല്ലാം അറിഞ്ഞത്…ഞാൻ കൂട്ടുകാരികളോട് എന്നും   കാർഡൊക്കെ ചോദിക്കുന്ന കാര്യം വെറുതെ പറഞ്ഞിരുന്നു..അവരാരോ ആണ് അവന്മാരോട്
പറഞ്ഞത്….”””

കണ്ണീരിൽ കുതിർന്ന  വാക്കുകൾ എനിക്ക്  നേരെ പറക്കിയിടുമ്പോൾ  എന്റെ ഹൃദയവും അവൾക്കൊപ്പം തേങ്ങി…..

“”അത് ശരി….താനൊന്നും  അറിഞ്ഞില്ല അല്ലെ??, ഇപ്പൊ എനിക്ക്  സമാധാനമായി…

കണ്ണുകൾ  തുടച്ചുകൊണ്ടെന്റെ  മുഖത്തേക്കവൾ മിഴി നട്ടു…ഞാൻ തുടർന്നു…

“”അതേയ്…അടിയുടെ കാര്യമൊക്കെ വിട്…ഞാനൊരു കാര്യം   ചോദിക്കട്ടെ….???സാഹിത്യമൊന്നും എനിക്ക് വശമില്ല…..

“”എനിക്ക് അവനിയെ വല്ലാത്ത ഇഷ്ടാടോ…കൂടെക്കൂട്ടാൻ   ഒരുപാട്  ആഗ്രഹവും ഉണ്ട്…തന്നെപ്പോലെ   എന്നെയും   സ്നേഹിക്കാൻ തനിക്ക്  കഴിയുമെങ്കിൽ കാത്തിരിയ്ക്യോ…കുറച്ച് കാലം…..????

“”ഇഷ്ടമാണോ എന്നൊക്കെ ചോദിച്ചാൽ…ഞാനെന്താ പറയ്യാ…കാണാതിരിക്കുമ്പോൾ  ഉള്ള്  പിടയുന്നതാണോ …??അരികെയെത്തുമ്പോൾ  അറിയാതെ ഹൃദയമിടിപ്പുയിരുന്നതാണോ പ്രണയം….?അതോ…ആരുമറിയാതെ   തന്നിലേക്കൂർന്നിറങ്ങുന്ന   മിഴികളുടെ ആഴം തിരയുന്നതാണോ    പ്രണയം..??? ഇതൊക്കെ ചേർന്നൊരു  അനുഭൂതി ആണെങ്കിൽ..അതിനായി  ഞാനിനിയും  കാത്തിരിക്കാം…….”””

പറഞ്ഞു തീരുന്നവരെയും  അവളെന്റെ  മുഖത്തേയ്ക്ക് നോക്കിയതേയില്ല…..അവളുടെ കണ്ണിലെ തിളക്കത്തിൽ എന്റെ  വേദനകളൊക്കെ  അലിഞ്ഞു പോയിരുന്നു…

“”ഞാൻ അടുത്താഴ്ച  ഗൾഫിൽ പോകുവാ..എന്റെ  വീട്ടിൽ  അമ്മയും ഒരു പെങ്ങളും  ഉണ്ട്…അവളെക്കൂടി  ആരുടെയെങ്കിലും  കയ്യിലേൽപ്പിക്കണം…പിന്നെ നമുക്കൊരു കൊച്ചു വീടും വയ്ക്കണം…ഇതൊക്കെ  ഒന്ന്  ശരിയാക്കിയിട്ട്  വേണം നിന്റെ  കൈപിടിച്ചു കൂടെക്കൂട്ടാൻ…അത് വരെയും കാത്തിരിക്കണം…..

“” തന്റെ  ഉത്തരവാദിത്വങ്ങൾ   മറക്കാതെ   പ്രണയിക്കുമ്പോൾ  ആ  പ്രണയത്തിനും കുറച്ചു  ഉത്തരവാദിത്വം   കൂടുതലായിരിക്കും…പോയി  തിരികെ വാ…ഞാനെന്നും  കൂടുണ്ടാകും…കുറച്ചു നാളായി എനിക്കറിയാമായിരുന്നു  എന്നെ ഇഷ്ടമാണെന്ന്..ആ കണ്ണുകൾ  അന്നമ്പലത്തിൽ  വച്ചെന്നോട്  മൗനമായി അത് പറഞ്ഞിരുന്നു….

“”ഉവ്വോ..എന്നിട്ടെന്തേ  എന്നോടൊന്നും  മിണ്ടാഞ്ഞേ…??

“”അതെന്തോ….അപ്പോൾ  തോന്നിയില്ല..ശരത്തേട്ടൻ  എന്നെ തിരിഞ്ഞു നോക്കിയതൊക്കെഞാൻ  ദൂരെയിരുന്നു കണ്ടിരുന്നു….

“”എന്റെ പേര്..അതെങ്ങനെ….??

“”അതൊക്കെ  ബസ്സിലാരോ വിളിക്കുന്നത് കേട്ടതാ…..

“”എന്തായാലും നല്ല ശ്രദ്ധയാ…. “” ഞാൻ ചിരിച്ചു…

“”എന്നെ എപ്പോഴും  ശ്രദ്ധിക്കുന്ന ആളെ ഞാനല്ലാതെ പിന്നാരാ ശ്രദ്ധിക്യാ……..

പിന്നെയും കുറെ ഓർമ്മകൾ പങ്കുവച്ചു…

അവസാനം ഫോൺ  നമ്പറും കൈമാറി പിരിയാൻ നേരം അവളെന്റെ കയ്യിൽ ഒരു ആയിരം രൂപയും വച്ചു തന്നു….

ഞാൻ അത് തിരിച്ചേൽപ്പിക്കാൻ ശ്രമിച്ചു…

“”എന്റെ മാഷേ…ഈ  പ്രണയം എന്ന് പറയുന്നത്  കാത്തിരിപ്പും സ്വപ്നം കാണലും മാത്രല്ല….പങ്കുവയ്ക്കൽ കൂടിയാണ്…ഇത് ഞാൻ ട്യൂഷനെടുത്തു അധ്വാനിച്ചുണ്ടാക്കിയ കാശാ…ഇവിടിങ്ങനെ സുഖിച്ചു കിടക്കാതെ മരുന്നൊക്കെ വാങ്ങി  വേഗന്ന് ഇവിടം  കാലിയാക്കാൻ നോക്ക്….അപ്പോഴേ…ഇനിയും കാണണം…””

കൈ വീശി അവളിറങ്ങിപ്പോയപ്പോൾ  ഉള്ളിലെ കനവിൻ ചില്ലയിൽ  ഒരായിരം  മോഹക്കിളികൾ ചേക്കേറി……

അങ്ങനെ വർഷങ്ങൾ  പൂത്തും തളിർത്തും കടന്നുപോയി…മരുഭൂവിലെ ചൂടിൽ  ശരീരം ഉരുകുമ്പോൾ ഉള്ളിൽ  പ്രണയാഗ്നി അത്യധികം    ശക്തിയോടെ  ജ്വലിച്ചു…അതിന്റെ  ജ്വാലാകണങ്ങൾ പകർന്ന  വെളിച്ചം ജീവിത പ്രതീക്ഷകളെ മുന്നോട്ടുള്ള  വഴി നടത്തി……

ആദ്യം അവളുടെ  വീട്ടിൽ  നിന്നുയർന്ന എതിർപ്പുകളെയൊക്കെ  സ്നേഹത്തിന്റെ  ചായം പൂശിയവൾ  ഇല്ലാതെയാക്കി….

ഒടുവിൽ അഞ്ചു വർഷത്തെ  കാത്തിരിപ്പിനൊടുവിൽ  എന്റെ സ്വപ്നങ്ങളെ സ്വന്തമാക്കിയവളെ, താലി ചാർത്തി ഇന്ന് ഞാനെന്റെയും      സ്വന്തമാക്കി…….

ഇരു ഹൃദയങ്ങളിലും  പടർന്നു കയറി  ജ്വലിച്ച   പ്രണയാഗ്നിയിൽ  മനസും ശരീരവും  ഉരുകിയൊന്നായി     പരസ്പരം തളർന്നു കിടക്കുമ്പോൾ , പ്രണയത്തിനോടും  എനിക്കിന്ന്  പ്രണയം  തോന്നുന്നു…..

ഞങ്ങളുടെ ഉള്ളിലെ  പ്രണയാഗ്നി എന്നും കെടാവിളക്കായി  ജീവിതത്തിലുടനീളം പ്രകാശിക്കട്ടെ……അത് മോഹിപ്പിക്കുന്ന   പുലർവെയിലായും  കനവുകൾ നെയ്യുന്ന നിലാവായും   പൊഴിയട്ടെ……

?സ്നേഹപൂർവ്വം ?ശ്രീതു ?