അങ്ങനെ ഒരവധിക്കാലത്ത്…
Story written by Lis Lona
===============
“എന്റെ പൊന്നമ്മായി…ഒന്നങ്ങട് നീങ്ങിയിരുന്നെ”
തൊണ്ട പൊട്ടും വിധത്തിലാണ് താനത് പറഞ്ഞതെങ്കിലും ശബ്ദം ചുണ്ട് വിട്ടു ഒരിഞ്ച് പുറത്തു വന്നില്ലെന്ന് അമ്മായിയുടെ പാല്പുഞ്ചിരിയിൽ അനിലന് മനസ്സിലായി. കാറിലിരുന്ന് ശ്വാസം മുട്ടുമ്പോളും അവനെല്ലാരെയും ചിരിച്ചു സന്തോഷം കാണിച്ചു…
രണ്ടു കൊല്ലം കഴിഞ്ഞിട്ടാണ് നാട്ടിലേക്ക് വരുന്നത്. വരുന്ന തീയതിയും സമയവും , അമ്മയും അച്ഛനും ഒരു മാസം മുൻപേ വിളിക്കുമ്പോളൊക്കെ ചോദിച്ചോണ്ടിരുന്നത് കുടുംബക്കാരെ മുഴുവൻ അറിയിക്കാൻ വേണ്ടിയാണെന്നറിഞ്ഞില്ല…
ഹോ ഒരു റ്റാറ്റാ സുമോയിൽ ഇത്രേം പേരെ കൊള്ളുമോ…അത്ഭുതം !!!അവൻ ചുറ്റും നോക്കി …
ഒന്ന് രണ്ട് വട്ടം സിന്ധുവിനോട് വഴിയിൽ വച്ച് മിണ്ടുന്നത് കണ്ടപ്പോൾ അവളെന്റെ മുറപ്പെണ്ണാണെന്ന പരിഗണന പോലും തരാതെ , വെട്ടാൻ വരുന്ന പോ ത്തിന്റെ ശൗര്യത്തോടെ “ആദ്യം , വല്ല പണിക്കും പൊക്കൂടെ നിനക്കെന്ന് ” ന്നു നൂറു വട്ടം കൂട്ടുകാരുടെ മുൻപിൽ നാണം കെടുത്താറുള്ള മാമൻ , മുൻപിലെ സീറ്റിൽ തന്നെയുണ്ട്….സിന്ധുവിന്റെ കൊച്ചിനെയും മടിയിൽ വച്ച്…
“മോനെ…ടോർച്ചും എമെർജൻസിയും മറന്നില്ലല്ലോ ” കുഞ്ഞമ്മയാണ് , തലയൊന്നാട്ടിയപ്പോൾ കുഞ്ഞമ്മയുടെ മുഖത്തു പൗർണമി…
“അളിയാ…കുപ്പി പെട്ടിയിലാണോ??കയ്യിലെ ബാഗിലാണോ ?” പട്ടിണിപാവങ്ങളായ എയർപോർട്ട് ജോലിക്കാരെ വെറുതെ പ്രലോഭിപ്പിക്കണ്ട എന്നു കരുതി അവരെ തോൽപ്പിക്കാൻ ഞാനൊരു ഇരുപത്താറു കെട്ടിട്ട് പൂട്ടികൊണ്ട് വന്ന അട്ടപെട്ടി , പുറത്തിറങ്ങിയപ്പോ തൊട്ട് ഒറ്റ ഒരാളെയും തൊടീപ്പിക്കാതെ കെട്ടിപിടിച്ചു പിന്നിലിരിക്കുന്ന അളിയനാണ്…
“ഓ കയ്യിലുണ്ട് അളിയാ ” പറഞ്ഞു കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോളുള്ള അളിയന്റെ മുഖത്തെ ആശ്വാസം…പെങ്ങളെ കെട്ടി കൊല്ലം ഏഴു കഴിഞ്ഞൊരു കുട്ടി ജനിച്ചപ്പോൾ പോലും ഞാൻ കണ്ടിട്ടില്ല…
അമ്മക്കെന്നെ സ്നേഹിച്ചു കൊതി തീരാത്തോണ്ട് ഇടക്കിടെ തലയിലൊന്നുഴിയുന്നുണ്ട്…എത്രെ തവണ രാത്രി നേരം വൈകി വീട്ടിൽ വരുന്നതിന് , കിട്ടിയ പാത്രമെടുത്തെറിഞ്ഞ കൈയാണത്…കുറിയടക്കാൻ തന്ന പൈസ അടിച്ചു മാറ്റിയതിന് ഈ കൈ കൊണ്ടാണ് പട്ടമടലെടുത്തു വീശിയത്…അച്ഛൻ മാത്രേം ഗൾഫുകാരൻ മകനെ കൂട്ടികൊണ്ടു വരുന്ന തറവാടി അച്ഛനായി പുറത്തേക്ക് നോക്കിയിരിക്കുന്നുണ്ട്…
“എന്തിനാ എല്ലാരും ഉറക്കം കളഞ്ഞത് “
എന്റെ ചോദ്യത്തിനുത്തരം ആര് പറഞ്ഞു ഇവരോടൊക്കെ ഉറക്കം കളയാൻ…വണ്ടി വന്നപ്പോളെ ചാടികേറീതല്ലേ ന്ന് അതിദയനീയമായി കൂട്ടുകാരനായ ഡ്രൈവർ കണ്ണന്റെ കണ്ണുകൾ കണ്ണാടിയിലൂടെ പറയാതെ പറയുന്നു..
നേരം പരപരാ വെളുത്തു…പോയിട്ട് കൊല്ലം രണ്ടേ ആയുള്ളൂ എങ്കിലും പുറമെ കാണുന്ന മാറ്റങ്ങൾ അതിഗംഭീരമാണെന്ന് ചിന്തിച്ചതേയുള്ളൂ…. “പ് ധീം ….,”
മുന്നിൽ കണ്ട വലിയൊരു ഗട്ടറിൽ നിന്നും വണ്ടിയെ അതിസാഹസികമായി തലനാരിഴക്ക് കണ്ണൻ രക്ഷിക്കാൻ ശ്രെമിച്ചതാ , ഒരിഞ്ച് ഇപ്പുറമുള്ള ഇരട്ടഗട്ടർ സഹോദരനെ അവൻ കണ്ടില്ലാ…ഇല്ലാ മാറിയിട്ടില്ല…നാടിപ്പോളും പഴയത് തന്നെ…മാറ്റം കിട്ടിയാൽ കൊള്ളാമെന്നു കരുതുന്ന മനസ്സേ…ഒന്നു ചുമ്മാതിരിന്നു കൂടെ…
എന്താ കഥ….മുറ്റം നിറയെ ആൾക്കാരുണ്ടല്ലോ പോരാത്തേന് അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും വേറേം തലകൾ . ഇതൊരുമാതിരി പീ ഡനക്കേസിലെ പ്രതിയെ കൊണ്ടുവരും പോലായല്ലോ ന്ന് അവന്റെ സന്തോഷം നിറഞ്ഞ കണ്ണുകൾ അച്ഛനോട് വിളിച്ചു പറഞ്ഞു…
അച്ഛൻ കൊള്ളാഞ്ഞിട്ടാ…അല്ലെങ്കിൽ ന്റെ വീട്ടിന്നും ആളെ കൂട്ടി ഞാൻ കാണിച്ചു തന്നേനെ ന്ന് അമ്മയുടെ ഗദ്ഗദം…
സ്കൂൾ ബസീന്നു പിള്ളാര് ഇറങ്ങും പോലെ ഓരോരുത്തരായി ഇറങ്ങി വണ്ടിയിൽ നിന്നും , താഴെയിറങ്ങാൻ കാല് പുറത്തേക്ക് നീട്ടി മണ്ണിൽ തൊട്ടു തൊട്ടില്ല അതിനു മുൻപേ…
“എന്നാ തിരിച്ചു പോണേ അനിലാ “
ഞാനൊന്ന് ഈ കാലു നിലത്തു കുത്തട്ടെടോ കള്ളകിളവാ ന്ന് മനസ്സിൽ പറഞ് ചോദ്യകർത്താവ് രാമേട്ടനോടായി “ഒരുമാസം ഉണ്ടാവുംട്ടാ നാട്ടിൽ “
ഇപ്പോളാണ് നാടിന്റെ മണമൊന്നു മൂക്കിൽ കയറുന്നത് …ഇത്രേം നേരം ചന്ദ്രികേം മെഡിമിക്‌സും കുട്ടികൂറയും പോരാതെ നല്ല അസ്സൽ വിയർപ്പുമണവും മാത്രേ മൂക്കിന് കൂട്ടായി നെടുമ്പാശ്ശേരി മുതൽ ഇങ്ങു കുന്നംകുളം വരെ ഉണ്ടായിരുന്നുള്ളു….പാവം മൂക്ക്…
മഴ പെയ്തു തോർന്നതേയുള്ളൂ..കുതിർന്ന മണ്ണിന്റെയും നനഞ്ഞ മുല്ലപൂക്കളുടെയും വാസനയിടകലർന്ന് ഒഴുകിയെത്തുന്നു….ഇതിനൊക്കെ ഇത്രേം മണമുണ്ടായിരുന്നോ ദൈവമേ…
“മോനേ ഷൂസ് ഊരണ്ട അകത്തേക്ക് കേറിക്കോ “
ആഹാ…അറിയാതെ ചെരിപ്പിട്ട് അകത്തു കയറിയതിനു പണ്ട് ചൂലെടുത്തു പുറം പൊളിച്ച പെങ്ങളാണ്..
എന്തായാലും ഈ പ്രവാസവും അവധിക്കാലവും അടിപൊളിയാണ്…
നാട് വിടും മുൻപേ മനസ്സറിയാതെ പോലും കയറാത്ത തെങ്ങിന്തോപ്പിൽ ചെന്നിരിക്കാൻ വല്ലാത്ത പൂതി..പറമ്പിലൊക്കെ അലഞ്ഞു നടന്നു കുറച്ചു നൊസ്റ്റാൾജിക് ചിത്രങ്ങളും എടുക്കണം….അതെല്ലാം ഫേസ്ബുക്കിലിട്ടില്ലെങ്കിൽ എന്ത് പ്രവാസി..
വിശന്നിട്ട് കുടല് കത്തുന്നു അവിടെ പത്തു പേരുള്ള ബെഡ്സ്പേസില് ഇങ്ങനൊന്നും തോന്നാറില്ലാത്തതാണ്…രാവിലെ കഴിച്ചാലായി..പക്ഷേ ഇവിടങ്ങിനെ പറ്റില്ലല്ലോ പ്രഭാതഭക്ഷണം നിര്ബന്ധാ…ഒന്ന് കുളിച്ചു ഡ്രസ്സ് മാറണം….അല്ലാ പെട്ടിയെവിടെ പോയി..
“അളിയാ ന്റെ പെട്ടികളെവിടെ ? മാറിയുടുക്കാനുള്ള ഡ്രെസ്സൊക്കെ അതിലാ “
“അളിയനിപ്പോ തൽകാലം ഈ ലുങ്കിയുടുക്ക് ഞാൻ പെട്ടി മച്ചിന്റകത്തു പൂട്ടി വച്ചേക്കാ…ആളൊന്നു ഒഴിഞ്ഞിട്ട് പൊട്ടിക്കാം “
ഓ ശരി…വീട്ടിലെത്തിയാൽ പെട്ടി പ്രവാസിക്കന്യമാണല്ലേ മറന്നു…പാസ്സ്പോർട്ടെടുത്തു പിള്ളാര് ഡയറി എഴുതണ്ട അത് മാറ്റി വച്ചേക്കാം..പെട്ടി പൊട്ടിക്കാതെ ആളൊഴിയില്ലെന്നു വന്നപ്പോൾ എല്ലാർക്കും ആളാംവീതം ടൈഗർബാമും ,പൗഡറും കുറച്ചു മിട്ടായിയും എടുത്ത് പങ്കു വച്ചു കൊടുത്തു…എല്ലാവരും ഹാപ്പിയല്ലേ ന്ന് സന്തോഷം നിറഞ്ഞ കണ്ണോടെ നോക്കിയപ്പോ ചില കണ്ണുകൾ ഇതേ ഉള്ളൂ എന്ന ഭാവം…
അണ്ടിപരിപ്പും ബദാമുമൊക്കെ അമ്മ പാക്കറ്റ് പൊട്ടിച്ചു വീതം വക്കുന്നതിനിടക്ക് ഞാനൊന്നു കയ്യിട്ട് രണ്ടെണ്ണം എടുത്ത് വായിലിട്ടപ്പോൾ അമ്മായിയുടെ നോട്ടത്തിൽ നീ ഇതൊക്കെ എന്നും തിന്നുന്നതല്ലേ എന്തിനിത്ര ആക്രാന്തമെന്ന്…വല്ലപ്പോളും തിന്നുന്ന ബിരിയാണിയിലല്ലാതെ ഞാനെവിടെ അണ്ടിപ്പരിപ്പ് കാണാൻ…
“ആകെ ഇത്ര സാധനങ്ങളെ കൊണ്ടുവന്നുള്ളു ” ചിറ്റയാണ് …അല്ലാ ഞാനിത്തിരി മണലും കൂടി കൊണ്ട് വരുമായിരുന്നു , ഒരാൾക്ക് മുപ്പത് കിലോയിൽ കൂടുതൽ കൊണ്ടുവരാൻ പറ്റുമെങ്കിൽ…അല്ലെങ്കിൽ ഗൾഫിപ്പോ വീട്ടിലിരുന്നേനെ…പറഞ്ഞില്ല ഞാൻ സാധനങ്ങൾ വാങ്ങുമ്പോളും പെട്ടി കെട്ടുമ്പോളും ഇഷ്ടം പോലെ സാധനങ്ങൾ ഉണ്ടായിരുന്നതാണല്ലോ ഇവിടെ വന്ന് തുറന്നപ്പോളേക്കും ആവിയായോ , അതായിരുന്നു തലയിൽ..
പെട്ടിയിലുള്ളത് മുഴുവൻ പങ്കു വച്ചു കഴിഞ്ഞിട്ടും കുറച്ചു മുഖമൊഴിച്ചു ബാക്കിയുള്ള മുഖങ്ങളിൽ പതിനാറുതരം കൂട്ടി സദ്യയുണ്ടിട്ടും നാരങ്ങ അച്ചാറില്ലായിരുന്നെന്നു പറയുന്ന ഭാവം…
നാട്ടിലെ തുണിയാ നല്ലത്…അതോണ്ട് തുണി നമുക്ക് ഇവിടെ നിന്നുമെടുക്കാമെന്നു കരുതി…പറഞ്ഞത് അബദ്ധമായി…പെങ്ങൾടെ കല്യാണത്തിനാരുന്നു ഇത്രേം തുണി വാങ്ങിയതെന്ന് ഓർത്തു ദീർഘനിശ്വാസം വിടുമ്പോൾ കണ്ടു . മാമൻ…വരയൻ ട്രൗസറടിക്കാനുള്ള തുണി മുറിച്ചു വാങ്ങുന്നത്..വാങ്ങിക്കട്ടെ രണ്ടു കൊല്ലത്തേക്ക് ട്രൗസറിടാതെ നടക്കണ്ട. ഗൾഫിലെ മിന്നുന്ന സാരി സ്വപ്നം കണ്ട അമ്മക്കും പെങ്ങന്മാർക്കും വല്ല്യേ തൃപ്തിയില്ല മുഖങ്ങളിൽ…
കുപ്പിയും തപ്പി കൂട്ടുകാർ വന്നപ്പോ അളിയന്റേം മാമന്റേം , മുഖത്തും കണ്ണിലും ചോദിക്കാതേം പറയാതേം ആരാന്റെ പറമ്പിലെ ചക്കയിടാൻ ചെന്ന എന്നെ കയ്യോടെ പിടിച്ച ഭാവം…തന്നില്ല…ബാറിൽ കൊണ്ടുപോയി കൂട്ടുകാരെ സല്കരിച്ച വകയിലും പൊട്ടി കുറച്ചു നീക്കിയിരുപ്പ്…
“നിന്റേല് ചില്ലറ വല്ലതുമുണ്ടെങ്കിൽ തന്നേ..ഓട്ടോക്കാരന് കൊടുക്കാൻ ചില്ലറയില്ല “
മൂത്ത പെങ്ങളാണ്…ചില്ലറ ഇരുന്നൂറു നീട്ടിയിട്ടും മുഖത്തു തന്നെ തുറിച്ചു നോക്കി നിന്ന അവളെ നോക്കി പോക്കറ്റിൽ കയ്യിട്ടു രണ്ടായിരത്തിന്റെ നോട്ടെടുത്തു കൊടുത്തു…പെങ്ങളായി പോയി അല്ലെങ്കി ഋഷിരാജ് സിങ്ങിനെ വിളിച്ചു പറയാരുന്നു ഇന്നാളും കൂടി എഫ്ബിയിൽ പുള്ളീടെ നമ്പർ കണ്ടതാ….
ശ്ശ്…തുറിച്ചു നോക്കാൻ പാടില്ലാത്തതു പെണ്ണുങ്ങളെ ആണല്ലോ ല്ലേ ആണുങ്ങൾക്കിത് നിയമപരിധിയിൽ പെടില്ല…മറന്നുപോയി…
നാളെയോ മറ്റന്നാളോ അങ്ങോട്ടേക്ക് ഇറങ്ങാൻ…ചിരിച്ചു കൊണ്ട് പറഞ് അവൾ പൈസ വാങ്ങിയപ്പോൾ നാട്ടിലിപ്പോ ചില്ലറയുടെ റേഞ്ച് മാറിയല്ലോന്നോർത്തു…
അല്ലാ ഇങ്ങോട്ടു വന്നപ്പോൾ അവൾ ബസിലല്ലേ വന്നത്..മുഖത്തെ സംശയം കണ്ടപ്പോളാവും സാരല്ല്യ അവൾടെ ആങ്ങള ഗൾഫിലല്ലേടാ….അമ്മ പറയാതെ പറഞ്ഞു.
ദിവസങ്ങളോരോന്നായി കൊഴിഞ്ഞു വീണു…കല്യാണവും കാതുകുത്തും വീട് കൂടലും പതിനാറടിയന്തിരവും എണ്ണം പറഞ്ഞു കൂടുമ്പോളും ഒരു മാസത്തെ ശമ്പളം മുൻകൂർ വാങ്ങി നിറച്ച പോക്കറ്റ്, ഓട്ട വീണ ബക്കറ്റിലെ വെള്ളം പോലെ ചോരുന്നത് അറിഞ്ഞിട്ടല്ല. പിന്നൊരു സമാധാനം…എവിടെ പോയാലും…എന്നാ മടക്കം…എന്ന ചോദ്യത്തിലൂടെ നാട്ടുകാർ ഒറ്റയാളു വിടാതെ ഒറ്റക്കെട്ടായി ഓര്മിപ്പിക്കുന്നുണ്ട് മടങ്ങാനായി ന്ന്…ഹർത്താലിനും പണിമുടക്കിനും പഞ്ഞമില്ലാത്തോണ്ട് വിചാരിച്ച ഒരു സ്ഥലങ്ങളിലൊന്നും പോവാൻ പറ്റിയില്ല…
ഇനിയിപ്പോ ഇതൊന്നുമില്ല എങ്കിലും പേമാരിയായി പെയ്യുന്ന മഴയും , മഴയില്ലാത്തപ്പോൾ അവിടെ അമ്പതു ഡിഗ്രി ചൂടുണ്ടായിട്ടും തോന്നാത്ത പുകച്ചിലുള്ള ചൂടും…അടിപൊളി…
ഒരു വിധേനയാണ് കൂട്ടുകാർ കൊടുത്തയച്ച സാധനങ്ങൾ അവരുടെ വീട്ടിലെത്തിച്ചു കൊടുത്തത്…ആർക്കും വന്നു വാങ്ങാൻ പറ്റുന്ന സാഹചര്യമല്ല പക്ഷേ എത്തിക്കാൻ വൈകിയപ്പോൾ അന്വേഷിക്കുന്ന രീതി കണ്ടാൽ ഒന്നുകിൽ ഞാൻ കൊറിയർ സർവീസ് അല്ലെങ്കിൽ കൊണ്ടുവന്നതിൽ നിന്നും അടിച്ചു മാറ്റുമോ എന്ന ഭയം…
വന്നിട്ട് ഇത്രേം ദിവസമായി ഇന്നെങ്കിലും പാടത്തും പറമ്പിലും ഒക്കെ ഒന്നു പോയി കുറച്ചു നേരം മനസ്സ് തണുപ്പിക്കണം ഇനിയും രണ്ടുകൊല്ലം കഴിയണ്ടേ മടക്കത്തിന്…പുറത്തേക്കിറങ്ങിയതും അമ്മ വന്ന് “അതേ നീ ഒന്നു തല കാണിച്ചു പോരെ…കാര്യം അവര് വന്നു താമസിക്കുന്നോരാ എന്നാലും ആ കൊച്ചിനെ ഇന്ന് പ്രസവത്തിനു കൂട്ടി കൊണ്ടോവലാ…നീ ചെല്ലുമ്പോൾ അവർക്കും സന്തോഷാവും അല്ലെങ്കി ഞാൻ അച്ഛനെ വിട്ടേനെ ….” ശ്ശെടാ…ഇതിപ്പോ നാട്ടിലെ ചടങ്ങു മൊത്തം എന്റെ തലക്കാണോ കൊട്ടേഷൻ…മുൻപായിരുന്നേൽ ഒറ്റ ഒരു ചടങ്ങും അറിഞ്ഞിരുന്നു പോലുമില്ല അല്ലാ അറിയിച്ചാലും ആര് പോവാൻ…ആകെ കുറച്ചു ദിവസമേ ഇനി ബാക്കിയുള്ളു അതിനിടക്ക് പിണങ്ങാൻ വയ്യ…കൂട്ടുകാരെ കാണാനും ഒന്നു കറങ്ങാനും വിചാരിച്ചതാ ഇനീപ്പോ പുളിയൂണു സദ്യ നടക്കട്ടെ…
നാല് ദിവസം കൂടിയേ ഉള്ളൂ മടങ്ങി പോവാൻ വരുന്നതിനു മുൻപേ ഈ വരവിന് കല്യാണം നടത്താൻ പറ്റുകയാണെങ്കിൽ നടത്തണമെന്ന് ഇടക്കിടെ ഓർമിപ്പിച്ചിരുന്ന വീട്ടുകാര് ഇവിടെത്തിയപ്പോ മറന്നെന്നു തോന്നുന്നു….ഓർമ്മിപ്പിക്കാൻ വേണ്ടി കിടക്ക പായ പകുതി മടക്കി കിടന്ന് എനിക്ക് കിടക്കാൻ ഇത്രേം സ്ഥലം മതിയെന്ന് കാണിച്ചു കൊടുത്തിട്ടും ഒരു പെണ്ണ് കാണൽ പോലുമുണ്ടായില്ല…എല്ലാവര്ക്കും അംനേഷ്യ….
തവള ചത്തുവീർത്ത പോലിരുന്ന പോക്കറ്റിനെ ഇപ്പോൾ തലോടുമ്പോൾ സോമാലിയയിലെ പിള്ളേരുടെ വയറാ ഓർമ്മ വരണേ…
“നീ വന്നിട്ട് എനിക്കും അച്ഛനും ചിലവ് കാശൊന്നും തന്നില്ലാട്ടാ ” ങേ!!! അപ്പൊ കല്യാണങ്ങൾക്കും ചോറൂട്ടിനും പാൽകാരനും പറ്റു തീർക്കാൻ കടക്കാരനും എന്തിന് വീട്ടിലേക്കുള്ള അരിയും പലവ്യഞ്ജനവും കഴിഞ്ഞില്ല മീൻകാരന് കൊടുക്കാൻ വരെ ഞാൻ തന്നത് പൈസയുടെ ഗണത്തിൽ വരില്ലായിരുന്നു ല്ലേ…മിണ്ടിയില്ല…
ദൈവമേ…ഒന്നു മടങ്ങി ചെന്നു രണ്ടു നിലയുള്ള കട്ടിലിൽ സ്വന്തമായി പതിച്ചു കിട്ടിയ മുകൾ നിലയിൽ ഒന്നു കിടന്നാ മതി അത്രേം ക്ഷീണം…
നാളെ വൈകീട്ടാണ് ഫ്ലൈറ്റ്…അവിടുന്നു കൊണ്ടുവന്ന പൊതികളെ തോൽപ്പിച്ച് സ്നേഹം കാണിക്കാൻ വേണ്ടി കൂട്ടുകാരുടെ വീട്ടിൽ നിന്നും അതിനേക്കാൾ വലിയ പൊതികൾ വീട്ടിലെത്തിയിട്ടുണ്ട്…ഇത്തിരി അച്ചാറും പപ്പടവും സ്വന്തം തുണികളും വക്കാനെങ്കിലും സ്ഥലമുണ്ടായാ മതിയാരുന്നു…
ഇന്നിനി ആരും വരാനില്ലെന്നു തോന്നുന്നു എന്തായാലും ഒന്ന് മുങ്ങാം…ഫോണും പിടിച്ചു വയൽവരമ്പിലൂടെ നടക്കുമ്പോൾ കാലുകൾ തെന്നി പോകുന്നു..മഴ തിമിർത്തു പെയ്തിട്ടുണ്ട് രാത്രിയിൽ…ഞാറു നടുന്നവർ നേരത്തെ വയലിലിറങ്ങിയിട്ടുണ്ട്..തലയിൽക്കൂടി പ്ലാസ്റ്റിക് കവറിട്ട് മൂടിയവരും കുട്ടികളുടെ പഴയ മഴക്കോട്ടിട്ടവരും നിരന്നു നിൽക്കുന്നു. വരമ്പിൽ വരി വരിയായി കഞ്ഞിപാത്രങ്ങൾ നിരത്തി വച്ചിട്ടുണ്ട്.
“നീ നാളെ പോവില്ലേ അനിലാ “പാട്ട് പാടുന്ന പോലെ കൂക്കി വിളിച്ചാണ് നാണിത്തള്ള ചോദിക്കുന്നത് , “ആ ” തള്ളേടെ മോളെ ഞാൻ പിന്നാലെ നടന്നു ശല്യം ചെയ്തു പൊറുതി മുട്ടിയപോലാ തള്ളേടൊരു ചോദ്യം . പറമ്പിന്റെ അതിരിൽ നിൽക്കുന്ന കൊന്നത്തെങ്ങിൽ നിന്നും കള്ളു ചെത്തിയിറങ്ങുന്ന പുഷ്കരനെ കണ്ട് നടത്തം ഓട്ടമാക്കിയതേ ഓർമയുള്ളു…മുണ്ടിപ്പോളും വരമ്പിലും ചെരിപ്പൊരെണ്ണം അപ്പുറത്തെ വയലിലും…
ഭാഗ്യം വീണെങ്കിലും പുഷ്ക്കരൻ കണ്ടു എന്നെ… “എന്താടാ ഒരു സർക്കസ് കളി വേം വാ വേണെങ്കിൽ “
തിത്തൈ തകതൈ വച്ച് അവനടുത്തേക്ക് നടക്കുമ്പോൾ കണ്ടു വയലിനങ്ങേ അറ്റത്തു നിന്നും നടന്നു വരുന്നു ദേവകി…അവളടുത്തെത്തും മുൻപേ പുഷ്‌കരന്റെ കയ്യീന്ന് ഇത്തിരി ക ള്ളു വാങ്ങി പെട്ടെന്ന് കുടിച്ചു , ഹൈ ഈച്ചയെയും പ്രാണിയെയും കളയാൻ വിട്ടു , തിക്കുംതിരക്കിൽ…
” ഡാ അനീ നീ വല്ല്യേ ഗൾഫുകാരനായല്ലേ…നല്ലോണം വെളുത്തു തടിച്ചു സായിപ്പിന്റെ പോലായി കാണാൻ “
“നമ്മടെ കൂടെ പഠിച്ച എല്ലാരേം കെട്ടിച്ചല്ലോ നിന്റെ കഴിഞ്ഞില്ലേ ദേവു ?”
“ഇല്ലെടാ…അനിയത്തിനെ കെട്ടിച്ചത് ഞാൻ ആണിക്കമ്പനിയിൽ പണിക്ക് പോയിട്ടാ..അനിയനും സ്കൂളിൽ പോണണ്ടെ…അച്ഛനിപ്പോ വീട്ടിലേക്ക് വരലെ ഇല്ലാ..ന്നെ കേറിപിടിക്കാൻ വന്നപ്പോ ഞാൻ വെട്ടോ ത്തി എടുത്ത് വീശി അപ്പൊ ഇറങ്ങിപോയതാ…ഇപ്പൊ ആ മറ്റോളടെ കൂടെത്തന്നെയാ.. “
ഗ്രാമത്തിന്റെ നിഷ്കളങ്കതയുടെ വേഗതയിൽ അവള് ലിമിറ്റഡ് സ്റ്റോപ്പ് ബസിനെ തോല്പിച്ച് പറഞ്ഞു നിർത്തിയപ്പോൾ കണ്ണൊന്നു നീറിപുകഞ്ഞു അറിയാതെ ഒരു നനവ് പടർന്നു…
ഇത്തിരി നേരം കൊണ്ട് വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും അവൾ പറഞ്ഞു…ഗൾഫിലെ ചൂടും പണിയുമൊക്കെ ഞാനും… “പോട്ടേ…ട്ടാ നേരം വൈകിയാ മുതലാളി ചീത്ത പറയും ഇനിയത്തെ വരവിന് കാണാം “
എന്നെയും മറികടന്നു വീതി കുറഞ്ഞ വരമ്പിലൂടെ അവൾ എന്റെ മേലെ പതുക്കെയൊന്നുരസി കടന്നുപോയപ്പോൾ ഞാനവളെ ഒന്നുകൂടി തിരിഞ്ഞു നോക്കി പട്ടിണിയാണെങ്കിലും ചന്തത്തിനൊട്ടും കുറവില്ല പെണ്ണിന്….
“അതേ നിനക്ക് ഫേസ്ബുക് ഇണ്ടാ “
“അതെന്തൂട്ടാ സാധനം “
അവള് ചോദിച്ചപ്പോൾ പത്താം ക്ലാസ്സിൽ…സ്കൂളിൽ തന്നെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പാസ്സായ അവളെവിടെ , മോഡറേഷനിൽ കടന്നു കൂടിയ ഞാനെവിടെ എന്നോർത്ത് പോയി..
ഓ ഇനിയിപ്പോ ഫേസ്ബുക്കും വാട്സ്ആപ്പും പഠിപ്പിക്കാനൊന്നും നേരമില്ല …
“ഡി… നിന്നെ ഞാൻ കെട്ടിക്കോട്ടെ ” പെട്ടെന്ന് ഇടി വെട്ടിയ പോലെ അവളൊന്നു നിന്നു പണ്ടത്തെ പഠിക്കുമ്പോളത്തെ ഇളക്കം ഇപ്പോളുമുണ്ടോ എന്നോർത്താവാം
“നിനക്കെന്താ പ്രാന്തുണ്ടോ ഇപ്പോളും…അല്ല പിന്നെ “
വിശ്വാസം വരാത്ത പോലെ കണ്ണുകളിലീറൻ…
“അല്ല ശരിക്കും ചോദിച്ചതാ സമ്മതമാണെങ്കിൽ നീ നാളെ ന്നോട് പറയണം…നാളെ ഞാൻ പോവും ..മ്മ്‌ടെ ദിനേശനെ ഞാൻ ഒന്നരാടം വിളിക്കും അവിടുന്ന് ഇനി വിളിക്കുമ്പോ നിനക്കു തരാൻ പറയാം “
ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞു നടന്നു..
വരമ്പിലവളെയും നോക്കി ഞാനും എനിക്ക് തുണയായി വരമ്പിലെ പൊത്തിൽ നിന്നുമെത്തി നോക്കുന്ന താവളക്കുഞ്ഞുങ്ങളും…നാണം കൊണ്ട് ഓടിപ്പോവുന്ന ഞണ്ടിൻകുഞ്ഞുങ്ങളും ..
ചുണ്ടിലൊരു മൂളിപ്പാട്ടുമായി ഞാൻ തിരികെ എന്റെ പെട്ടികളുടെയും പാസ്സ്പോർട്ടിന്റെയും അടുത്തെത്തുമ്പോളേക്കും മനസ്സിൽ ഉറപ്പിച്ചു എനിക്ക് നിന്നെ തന്നെ മതി മോളെ….
വീട്ടുകാരും കുടുംബക്കാരും സീൻ കോൺട്രാ ആക്കും , ന്നാലും വേണ്ടീല്ല നീ തന്നെ ന്റെ പെണ്ണ്…
പിറ്റേന്ന് എയർപോർട്ടിൽ കൊണ്ട് പോയാക്കാൻ ആൾക്കൂട്ടമൊന്നുമില്ല….ഇഷ്ടം പറഞ്ഞോണ്ടാവും എല്ലാരുടെയും മുഖത്തൊരനിഷ്ടം….അച്ഛൻ മാത്രം കയ്യിൽ പിടിച്ചു നല്ല തീരുമാനമാണ് മോനേ ഞാൻ കൂടെയുണ്ടാവും ന്നു പറഞ്ഞു…അതുമതിയെനിക്ക്…കാറിൽ കയറാൻ നേരം ദിനേശൻ ഓടി വന്നു…
“ഡാ അവൾക്ക് ഇഷ്ടാണെന്നു പറയാൻ പറഞ്ഞു…പറ്റിക്കല്ലേ ട്ടാ പാവാ അത് “
സന്തോഷത്തോടെ അവനത് പറഞ്ഞു നിർത്തുമ്പോൾ എന്റെ തലയിൽ കാൽകുലേറ്ററിനെയും തോൽപ്പിക്കുന്ന കണക്കുകൂട്ടലുകൾ…ഇനി രണ്ടു കൊല്ലം കാത്തിരിക്കാൻ പറ്റില്ല ഒരു കൊല്ലമാവുമ്പോളേക്കും ലീവിന് കൊടുക്കണം…നാലാളറിയേ ഒരു മിന്നു വാങ്ങി കെട്ടി ന്റെ പെണ്ണിനെ പെട്ടെന്ന് കെട്ടണം ന്നായിരുന്നു മനസ്സിൽ….
അപ്പോളങ്ങു ദൂരെ ആണികമ്പനിയിൽ അവൾക്കു ചുറ്റും പൂമ്പാറ്റകൾ പാറികളിക്കുന്നുണ്ടായിരുന്നു…തനിയെ ചിരിക്കുമ്പോൾ തെളിഞ്ഞ അവളുടെ നുണക്കുഴികളെ ഉമ്മ വച്ച്….
~ലിസ് ലോന (06.06.2018)