അല്പ സമയത്തിനു ശേഷം പുഞ്ചിരിക്കുന്ന മുഖവുമായി ഒരു ആറ്‌ വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടി വാതില്‍ തുറന്നു…

മാലാഖയെപ്പോലെ ഒരു പെണ്ണ്…

Story written by Shaan Kabeer

==============

“കുട്ടികളേയും കൊ ല്ലണോ…?”

മൗനമായിരുന്നു അവളുടെ ഉത്തരം. അവളെയൊന്ന് നോക്കി അയാൾ അവിടെ നിന്നും ഇറങ്ങി. അയാൾ തന്റെ കാമുകി ഏല്പിച്ച ദൗത്യവുമായി ആത്മവിശ്വാസത്തോടെ മുന്നോട്ട് നടന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടിനെ വരവേൽക്കുന്ന പുതു വർഷത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് അയാള്‍ ആ ഗ്രാമത്തില്‍ ബസ്സിറങ്ങി. തന്റെ കയ്യിലുള്ള ബാഗില്‍ നിന്നും അയാള്‍ ഒരു പേപ്പര്‍ പുറത്തെടുത്തു. അതില്‍ തന്റെ ലക്ഷ്യത്തിലേക്കുള്ള വഴി വളരെ വ്യക്തമായി വരച്ചിട്ടുണ്ടായിരുന്നു.‍ ആ പേപ്പറില്‍ നോക്കി അയാൾ മുന്നോട്ട് നടന്നു. പാടങ്ങളും, ഇടവഴികളും കടന്ന് അയാള്‍ ഒരു വീടിനു മുന്നിലെത്തി. തന്റെ കയ്യിലുള്ള ബാഗ് ഒന്ന് മുറുക്കി പിടിച്ച് കോളിംഗ് ബെല്ലിൽ തന്റെ വിറക്കുന്ന വിരൽ അമര്‍ത്തി.

അല്പ സമയത്തിനു ശേഷം പുഞ്ചിരിക്കുന്ന മുഖവുമായി ഒരു ആറ്‌ വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടി വാതില്‍ തുറന്നു. അവളോട് അച്ഛന്‍ എവിടെ എന്ന് അയാള്‍ തിരക്കി

” അച്ഛന്‍ കുളിക്കുകയാണ്, മാമൻ വാ” എന്നും പറഞ്ഞ് അവള്‍ അയാളുടെ കൈകള്‍ പിടിച്ച് അകത്തോട്ട് ക്ഷണിച്ചു

“അമ്മൂമ്മേ, ദേ അച്ഛനെ കാണാന്‍ ഒരു മാമൻ വന്നിരിക്കുന്നു”

വീടിന്റെ പിൻ വശത്ത് തന്റെ ഒന്നര വയസ്സ് പ്രായമുള്ള കൊച്ചു മോനെ കൊഞ്ചിച്ചു നടക്കുകയായിരുന്ന മുത്തശ്ശിയോട് അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. മുത്തശ്ശി വന്നു അയാളോട് ആരാണ് എവിടുന്നാണ് എന്നൊക്കെ ചോദിച്ചറിഞ്ഞു

“ഞാന്‍ അമ്മയുടെ  മകന് അവന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ന്യൂ ഇയർ സമ്മാനവുമായി വന്നതാണ്” ഇത് കേട്ട അമ്മ ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് അയാളോട് പറഞ്ഞു

“മോന്‍ ഇപ്പോ വരും അവന്‍ കുളിക്കാണ്, മോന് കുടിക്കാന്‍ ചായ മതിയല്ലോ അല്ലേ…?”

അതെ എന്ന അര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി. അമ്മ  അടുക്കളയിലേക്ക് പോയി.

അമ്മ ചായയുമായി വന്നതും, അമ്മയുടെ മകന്‍ കുളി കഴിഞ്ഞ് വന്നതും ഒരുമിച്ചായിരുന്നു. മകനെ കണ്ടതും അയാള്‍ ചാടി എഴുന്നേറ്റ് തന്റെ ബാഗില്‍ നിന്നും ഒരു പൊതിയെടുത്തു, ആ പൊതിയിൽ മുളക് പൊടി ആയിരുന്നു. ആ മുളക് പൊടി അയാള്‍ അവന്റെ കണ്ണില്‍ എറിഞ്ഞു. എന്നിട്ട് ബാഗില്‍ നിന്നും ഒരു ഇരുമ്പ് ദണ്ഡ് എടുത്ത് അവനെ അടിച്ചു വീഴ്ത്തി, അവന്‍ മ രിച്ചു എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം അയാള്‍ അമ്മയെയും ആ പിഞ്ചു കുഞ്ഞിനെയും അ ടിച്ചു കൊ ന്നു.

ഇതെല്ലാം കണ്ട് പേടിച്ച് വിറച്ച് നിൽക്കുകയായിരുന്ന ആ പെൺകുട്ടി ആയിരുന്നു അയാളുടെ അവസാനത്തെ ഇ ര. അവള്‍ ഉറക്കെ നിലവിളിച്ച് ഓടാന്‍ ശ്രമിച്ചു പക്ഷെ മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത അയാള്‍ വളരെ എളുപ്പത്തില്‍ അവളെ കീഴ്പ്പെടുത്തി.

അയാള്‍ അടിച്ച ആദ്യത്തെ അടി കൊണ്ടത് അവളുടെ ചെവിയിലായിരുന്നു. ആ അടിയില്‍ അവളുടെ ബോധം നഷ്ടപ്പെട്ടു. അവള്‍ മരിച്ചെന്ന് തെറ്റിദ്ധരിച്ച് അയാള്‍ തന്റെ ലക്ഷ്യം പൂർത്തിയാക്കിയ സന്തോഷത്തിൽ അവിടെ നിന്നും രക്ഷപ്പെട്ടു….

വര്‍ഷങ്ങള്‍ക്ക് ശേഷം…

ജയശ്രീ വയസ്സ് 22, കാണാന്‍ സുന്ദരിയാണ് പഠിക്കാന്‍ മിടുമിടുക്കി, പക്ഷെ പഠിത്തം പൂര്‍ത്തിയാക്കാൻ അവള്‍ക്ക് സാധിച്ചില്ല. അവളുടെ  കുടുംബത്തിന്റെ അത്താണി ആയ അച്ഛന്‍ കിടപ്പിലായതാണ് കാരണം. അച്ഛന്‍ കിടപ്പിലായത് മുതല്‍ അവള്‍ അച്ഛന്റെ കുല തൊഴില്‍ ഏറ്റെടുത്തു.

അവളുടെ അച്ഛന്‍ ആ ഗ്രാമത്തിലെ പേരു കേട്ട പാചകക്കാരൻ ആയിരുന്നു. ആ നാട്ടിലെ കല്യാണം, വിരുന്ന്, കുടിയിരിക്കൽ എന്നീ സകല ആഘോഷങ്ങൾക്കും അവളുടെ അച്ഛനെ ആയിരുന്നു വിളിച്ചിരുന്നത്. അച്ഛന്‍ കിടപ്പിലായതോടെ അവരുടെ കാര്യം ഇത്തിരി കഷ്ടത്തിലായി. അങ്ങനെ കുടുംബത്തിനു വേണ്ടി അവള്‍ പാചകക്കാരിയായി. കുടുംബത്തിന് വേണ്ടി സന്തോഷത്തോടെ ആ ജോലി അവള്‍ ഏറ്റെടുത്തു. അവളുടെ താഴെ രണ്ട് അനിയത്തിമാരും, ഒരു അനിയനുമായിരുന്നു.

അച്ഛന്റെ ചികിത്സാ ചിലവ് തന്നെ അവള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കൂടാതെ സഹോദരങ്ങളുടെ വിദ്യാഭ്യാസം, വീട്ടിലെ കാര്യങ്ങള്,‍ അങ്ങനെ എടുത്താല്‍ പൊങ്ങാത്ത ഭാരവും പേറിയാണ് ജീവിക്കുന്നത് എങ്കിലും അവള്‍ എല്ലാവരോടും ചിരിച്ച മുഖവുമായേ സംസാരിക്കാറൊള്ളൂ..എപ്പോഴും സന്തോഷത്തോടെയിരിക്കാനാണ് അവള്‍ ആഗ്രഹിക്കുന്നത്.

അവൾക്ക് ആകെയുള്ള ഒരു വിഷമം അവളുടെ ഒരു ചെവിക്ക് കേൾവി ശക്തി ഇല്ല എന്ന കാര്യത്തിലാണ്. ഒരു ചെവി കേൾക്കാത്തത് കാരണം അവള്‍ പലപ്പോഴും അപമാനിതയായിട്ടുണ്ട്. ചെവി കേൾക്കാത്തതിനെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ അവള്‍ക്ക് സഹിക്കാന്‍ പറ്റില്ലായിരുന്നു. അവള്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും കരഞ്ഞിട്ടുണ്ടെങ്കിൽ അത് തന്റെ ചെവിയെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ മാത്രമാണ്.

അവളുടെ വീടിന്റെ തൊട്ടടുത്തെ വീട്ടില്‍ വാടകയ്ക്ക് മൂന്ന് ചെറുപ്പക്കാര്‍ താമസിച്ചിരുന്നു. അതില്‍ ഒരാള്‍ക്ക് അവളോട് പ്രണയമാണ്. അത് അവളോട് അവന്‍ പറഞ്ഞതുമാണ്. പക്ഷെ അവള്‍ നല്ല രണ്ട് ചീ ത്ത പറഞ്ഞു അവനെ ഓടിച്ചു വിട്ടു.

അനൂപ് എന്നായിരുന്നു അവന്റെ പേര്, ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിരുന്നു അവന്‍. ഓട്ടമില്ലാത്ത സമയത്ത് വേറെ പല ജോലികളും അവന്‍ ചെയ്തിരുന്നു.  അനാഥനാണ്, കഠിനാധ്വാനിയാണ് എല്ലാത്തിനും ഉപരി നല്ല രസികനും കൂടി ആയിരുന്നു അവന്‍. അവരുടെ നാട്ടിലെ ഉത്സവത്തിന് അവന്റെയും കൂട്ടുകാരുടെയും നാടകവും, കോമഡി സ്കിറ്റും പതിവായിരുന്നു.

രാത്രിയില്‍ അതിന്റെ റിഹേയ്സൽ അവരുടെ വീട്ടില്‍ നടക്കുമ്പോള്‍ ജയശ്രീയും അവന്റെ കൂട്ടുകാരും തമ്മില്‍ വാക്കേറ്റം പതിവായിരുന്നു. ആ സമയത്ത് അവന്‍ അവളുടെ മുന്നില്‍ പോയി നിൽക്കാറില്ല, കാരണം അവളുടെ കണ്ണുരുട്ടിയുള്ള ആ നോട്ടം സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്.

അവന്‍ സ്വന്തമായി ഒരു വീട് പണിയുന്നുണ്ട്. പകുതിയോളം പണി കഴിഞ്ഞിട്ടുണ്ട് വീടിന്റെ. വീടിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് അവന്‍ കാണുന്ന ജോലിയെല്ലാം ചെയ്ത് കാശുണ്ടാക്കുന്നത്. വീടിന്റെ പണി പൂര്‍ത്തിയായാൽ ജയശ്രീയുടെ കഴുത്തില്‍ താലിയും കെട്ടി, അവളുടെ കയ്യും പിടിച്ച് വലതു കാല്‍ വെച്ച് കയറി വീടിന്റെ പാലു കാച്ചൽ ചടങ്ങ് നടത്തെണം എന്നതാണ്‌ അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. അവള്‍ക്കും അവനെ ഇഷ്ടമായിരുന്നു, പക്ഷെ എന്തോ അവള്‍ അത് പ്രകടമാക്കിയില്ല. അവനില്‍ നിന്നും അവള്‍ മനപ്പൂർവ്വം ഒഴിഞ്ഞു മാറി. പക്ഷെ അവള്‍ക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ അവന്‍ തയ്യാറായിരുന്നു.

അങ്ങനെ ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും നേരിട്ട് ഒരുവിധം സന്തോഷത്തോടെ ജീവിച്ചു പോവുമ്പോഴാണ് പാചക സാമഗ്രികളുമായി പോവുകയായിരുന്ന അവളുടെ വാഹനം അപ്രതീക്ഷിതമായി  ഒരു സ്ത്രീയുടെ മേല്‍ ഇടിക്കുന്നത്. ഒരു നാല്പ്പത്തി അഞ്ച് വയസ്സ് പ്രായം തോന്നിക്കും അവരെ കണ്ടാല്‍. അവളും കൂട്ടരും ഉടന്‍ ആ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചു. ചെറിയ പരിക്കുകളേ ഉണ്ടായിരുന്നൊള്ളൂ അവര്‍ക്ക്.

ആ ത്മഹത്യ ചെയ്യാന്‍ പോയ തന്നെ എന്തിനാ രക്ഷിച്ചത് എന്ന് ചോദിച്ച് ആ സ്ത്രീ അവളുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു. അവള്‍ അവരെ ആശ്വസിപ്പിച്ചു. ഇരട്ട ജീവപര്യന്തം കഴിഞ്ഞ് ഇറങ്ങിയതാണ് ആ സ്ത്രീ ‍ എന്നറിഞ്ഞപ്പോൾ അവള്‍ എന്തിനാണ് ജയിലില്‍ പോയത് എന്ന് അവരോട് തിരക്കി, പക്ഷെ അവരുടെ മറുപടി ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു. അവള്‍ അവരോട് പിന്നെ ഒന്നും ചോദിച്ചില്ല. ആ സ്ത്രീയെ അവള്‍ തന്റെ വീട്ടിലേക്ക് കൊണ്ടു പോയി. ആദ്യമൊക്കെ ആ സ്ത്രീ ആരുമായും ഒന്നും മിണ്ടാതെ ഒറ്റയ്ക്ക് മാറി നിൽക്കുമായിരുന്നു. പിന്നെ മെല്ലെ മെല്ലെ അവര്‍ എല്ലാവരുമായും അടുത്തു. ജയശ്രീ അവർക്ക് മകളെ പോലെയായി, ജയശ്രീക്ക് തിരിച്ചും.

അത് വരെ മരണത്തെ കുറിച്ച് മാത്രം ചിന്തിച്ച അവര്‍ ജീവിതത്തെ കുറിച്ച് നല്ല സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. ജയശ്രീ അവർക്ക് ഒരു പോസിറ്റീവ് എനർജിയായി മാറി. ജയശ്രീ അവരെ ജീവിക്കാന്‍ മോഹിപ്പിച്ചു. ജയശ്രീയുടെ കൂടെ അവര്‍ ജോലിക്ക് പോയി തുടങ്ങി. കളിയും, ചിരിയും, സന്തോഷവുമായി അവരുടെ ജീവിതം കടന്നു പോയി. ഇതിനിടയില്‍ അനൂപിന് ജയശ്രീയോടുള്ള പ്രണയത്തെ കുറിച്ച് അവർ അറിഞ്ഞു. അനൂപ് നല്ല പയ്യനാണ് എന്ന് മനസ്സിലാക്കിയ അവര്‍ അനൂപിന്റെ ഹംസമായി മാറി. ആദ്യമൊക്കെ ജയശ്രീ ഒന്നും പറയാതെ ഒഴിഞ്ഞു മാറിയെങ്കിലും ഒടുവില്‍ അവള്‍ തന്റെ മനസ്സില്‍ ഒളിപ്പിച്ചു വെച്ചിരുന്ന അനൂപിനോടുള്ള പ്രണയം പ്രകടമാക്കി തുടങ്ങി.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആ സ്ത്രീ ജയശ്രീയോട് തന്റെ മനസ്സിലുള്ള ഒരു ആഗ്രഹം പറഞ്ഞു. കുറച്ച് പുണ്യ സ്ഥലങ്ങളില്‍ പോകണമെന്നും താന്‍ ചെയ്ത മഹാ പാപങ്ങൾ ഗംഗയിൽ മുങ്ങി  കഴുകി കളയണമെന്നും എന്നിട്ട് പുതിയ ഒരു മനുഷ്യ സ്ത്രീയായി ജയശ്രീയുടെ അമ്മയായി മരിക്കുന്നത് വരെ ജീവിക്കണമെന്നും അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ജയശ്രീ ഒന്നും മിണ്ടിയില്ല പകരം അവള്‍ ഒന്നു പുഞ്ചിരിച്ചു.

പിറ്റേ ദിവസം ആ സ്ത്രീക്ക് പോകാനുള്ള ബസ്സ് ടിക്കറ്റ് ജയശ്രീ അവരുടെ കയ്യില്‍ കൊണ്ടു കൊടുത്തു. എല്ലാ പുണ്യ സ്ഥലങ്ങളും സന്ദർശിക്കാനുള്ള ഒരു പാക്കേജ് ടിക്കറ്റ് ആയിരുന്നു അത്. എന്നിട്ട് ചിലവിനായ് കുറച്ച് കാശും അവരുടെ കയ്യില്‍ കൊടുത്തു.

അന്ന് വൈകുന്നേരം അവരെ ബസ്സ് സ്റ്റാന്റിൽ കൊണ്ടു വിട്ടു. ബസ്സ് പുറപ്പെടാൻ അര മണിക്കൂര്‍ കൂടി സമയം ഉണ്ടായിരുന്നു. ആ സ്ത്രീ ജയശ്രീയുടെ കയ്യില്‍ പിടിച്ചു പൊട്ടിക്കരഞ്ഞു

“എനിക്ക് നിന്നെ വിട്ടു പോവാന്‍ തോന്നുന്നില്ല, നീ നല്ലവളാണ്, നിന്റെ അച്ഛനും അമ്മയും പുണ്യം ചെയ്തവരാണ് നിന്നെ ദൈവം ഒരിക്കലും കൈ വിടില്ല”

ജയശ്രീയുടെ കണ്ണുകള്‍ നിറഞ്ഞു, അവള്‍ക്ക് കരച്ചില്‍ നിർത്താൻ സാധിച്ചില്ല. അവള്‍ ആ സ്ത്രീയുടെ കണ്ണിലേക്ക് നോക്കി ദയനീയമായി പറഞ്ഞു

“എന്നെ മാത്രം എന്തിനാ അമ്മേ അമ്മയുടെ കാമുകൻ ബാക്കി വെച്ചേ..?എന്നെയും കൂടെ അങ്ങ് കൊ ല്ലാ മായിരുന്നില്ലേ..?”

ജയശ്രീയുടെ വാക്കുകള്‍ കേട്ടതും ആ സ്ത്രീക്ക് ബോധം നഷ്ടപ്പെടുന്നത് പോലെ തോന്നി. അവര്‍ അവിടെ ഉണ്ടായിരുന്ന ചെയറിൽ ഇരുന്നു. ജയശ്രീ തുടർന്നു

“അമ്മ വരച്ചു കൊടുത്ത സ്കെച്ചുമായി അമ്മയുടെ ഓഫീസിലെ സഹ പ്രവർത്തകൻ വന്ന് എന്റെ തലമുറ തന്നെ ഇല്ലാതാക്കിയ ആ ന്യൂ ഇയർ ദിവസം എനിക്ക് ഇന്നും ഭയമാണമ്മേ…എന്റെ കുഞ്ഞനുജൻ എന്റെ മുന്നില്‍ കിടന്ന് പിടയുമ്പോഴും അവന്‍ അമ്മയെ കാണണം എന്ന് പറഞ്ഞു പറഞ്ഞാണ് മരിച്ചത്. അവനറിയില്ലല്ലോ ഒരു കാ. മ പി ശാചാണ് അവന്റെ അമ്മ എന്ന്…എന്റെ അച്ഛനെയും, മുത്തശ്ശിയെയും , അനിയനെയും കൊ ന്നിട്ട് നിങ്ങള്‍ കാമുകനും കാമുകിയും എന്ത് നേടി…?അയാളെ തൂക്കിലേറ്റി…നിങ്ങള്‍ക്ക് ഇരട്ട ജീവപര്യന്തവും കിട്ടി അതോടെ എല്ലാം തീര്‍ന്നു.

പക്ഷെ നഷ്ടങ്ങൾ എല്ലാം എനിക്കായിരുന്നു. ജീവിതത്തില്‍ സഹായത്തിന് ആരുമില്ലാതെ വിശന്ന് വലഞ്ഞ് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി തെ ണ്ടിയ എനിക്ക് വയറു നിറയെ ആഹാരവും, നല്ല വസ്ത്രങ്ങളും തന്ന് സ്വന്തം മകളെ പോലെ കരുതി കൂടെ കൂട്ടിയ ആ വലിയ മനുഷ്യനാണ് എന്റെ വീട്ടില്‍ ശരീരം തളർന്ന് കിടക്കുന്നത്, പെരുവഴിയിലായ എന്നെ ആ നല്ല മനുഷ്യന്‍  സംരക്ഷിച്ചില്ലായിരുന്നെങ്കിൽ ഇന്ന് എവിടെയെങ്കിലും ഒരു വേ ശ്യയായോ, ഭിക്ഷ തെണ്ടിയോ ജീവിക്കേണ്ടി വന്നേനെ എനിക്ക്. ആ അച്ഛനും കുടുംബത്തിനും വേണ്ടിയാണ് ഞാന്‍ ഇന്ന് ജീവിക്കുന്നത് തന്നെ. നിങ്ങളോട് എനിക്ക് വെറുപ്പാണ്, അറപ്പാണ്.”

രണ്ട് കൈകളും കൂപ്പി മാപ്പപേക്ഷിച്ച് ആ സ്ത്രീ നിറകണ്ണുകളോടെ അവളോട് എന്തോ പറയാന്‍ ശ്രമിച്ചു, പക്ഷെ അവള്‍ അത് തടഞ്ഞു

“എനിക്ക് ഒന്നും കേൾക്കേണ്ട, എന്റെ കേൾവി കുറവിനെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ ദേഷ്യപ്പെടുന്നതും സങ്കടപ്പെടുന്നതും പൊട്ടി ആണന്നുള്ള അപമാനം കൊണ്ടൊന്നുമല്ല, ചെവിയെ കുറിച്ച് ആരെങ്കിലും പറയുമ്പോള്‍ കാ. മ പിശാ ചായ നിങ്ങളുടെ മുഖമാണ് എന്റെ മനസ്സില്‍ തെളിയുന്നത്. നിങ്ങളുടെ കാമുകൻ എനിക്ക് തന്ന സമ്മാനമാണ് ഈ കേൾവി കുറവ്. നിങ്ങള്‍ എന്താ കരുതിയേ നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ്‌ ഞാന്‍ നിങ്ങളെ ആശുപത്രിയില്‍ കൊണ്ടു പോയി ശുശ്രൂശിച്ച് കൂടെ  കൂട്ടിയതെന്നോ..?

എന്റെ വണ്ടിയുടെ മുന്നിലേക്ക് ചാവാൻ വേണ്ടി ചാടിയ നിങ്ങളെ എന്നെ പെറ്റ തള്ളയാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാന്‍ രക്ഷിച്ചത്. നിങ്ങളുടെ മുഖം എനിക്കങ്ങനെ മറക്കാന്‍ സാധിക്കില്ലല്ലോ…നിങ്ങള്‍ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് വരുന്ന ദിവസവും എണ്ണി കാത്തിരിക്കുകയായിരുന്നു ഞാന്‍. നിങ്ങളെ തേടി ഞാന്‍ വരാനിരിക്കുമ്പോഴാണ് ദൈവം നിങ്ങളെ എന്റെ മുന്നിലേക്ക് ഇട്ടു തന്നത്.  അങ്ങനെ ഈ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചത് കൊണ്ട് നിങ്ങള്‍ മരിക്കാൻ പാടില്ല. നാളെയെ കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ കണ്ട്, ജീവിച്ച് കൊതി തീരാതെ നിങ്ങള്‍ മരിക്കണം, എന്റെ അച്ഛനും, മുത്തശ്ശിയും, കൊച്ചനുജനും മരിച്ച പോലെ. അതിനു വേണ്ടി മാത്രമാണ് ഞാന്‍ നിങ്ങളോട് സ്നേഹം നടിച്ചതും, മങ്ങിയ നിങ്ങളുടെ ജീവിതത്തിന് പുതിയ നിറങ്ങൾ പകർന്നതും. ഏത് ഗംഗയിൽ മുങ്ങി കുളിച്ചാലും നിങ്ങളുടെ മനസ്സിന്റെ അഴുക്ക് ശുദ്ധിയാവില്ല…പോ…എവിടെയെങ്കിലും പോയി ചാവ്”

ഇത്രയും പറഞ്ഞ് അവള്‍ തിരിഞ്ഞു നടന്നു. കുറച്ച് ദൂരം നടന്നതിന് ശേഷം ഒന്നു നിന്നിട്ട് അവള്‍ അമ്മയെ നോക്കി പറഞ്ഞു

“ടിക്കറ്റിന്റെ കൂടെ നിങ്ങള്‍ക്ക് ഞാന്‍ കാശ് തന്നത് നാലുനേരം വെട്ടി വിഴുങ്ങാനല്ല, വി ഷം മേടിക്കാൻ കാശില്ലാതെ തെ ണ്ടേണ്ട എന്ന് കരുതിയാണ്”.

പക്ഷെ ആ പാപിയായ അമ്മക്ക് ഇനി ഒരിക്കലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. ആ അമ്മ ഒരിക്കല്‍ കൂടി തന്റെ മകളെ തേടി പോകും, കാരണം ആയിരം പുണ്യ നദികളിൽ കുളിച്ചാലും കിട്ടാത്ത ഒരു ശക്തി തന്റെ മകളുടെ “ക്ഷമിച്ചു” എന്ന വാക്കിനുണ്ട് എന്ന് അവര്‍ക്ക് അറിയാമായിരുന്നു, ആ ഒരു പ്രതീക്ഷയാണ് ഇനി ആ അമ്മയെ ജീവിക്കാന്‍ പ്രേരിപ്പിക്കുക.അന്ന് അവള്‍ തന്റെ അമ്മയോട് പൊറുക്കുമോ എന്ന് കാലം തെളിയിക്കട്ടെ…..

~ഷാൻ കബീർ