ആ യാത്രയിലുടനീളം കല്യാണം കഴിഞ്ഞ നാൾ തൊട്ടുള്ള ആരോടും പറയാത്ത എന്റെ നോവുകളെക്കുറിച്ചായിരുന്നു ആലോചിച്ചത് മുഴുവൻ…

നല്ല പാതി ❤❤

Story written by Bindhya Balan

============

“ഈ ചുരിദാർ വേണ്ട മോളെ..ഈ കല്ലും മുത്തും ഒക്കെ വച്ചത് ഇട്ടോണ്ട് പോയാൽ അച്ഛന് അതൊന്നും ഇഷ്ടം ആവില്ല..ഇവിടെ നിന്റെ നാത്തൂനും ഇങ്ങനെയുള്ളതൊന്നും അത്‌ കൊണ്ട് തന്നെ ഇടാറില്ലായിരുന്നു. മോളൊരു കാര്യം ചെയ്യ്, കഴിഞ്ഞയാഴ്ച എടുത്ത ആ പച്ച കോട്ടൺ ചുരിദാർ ഇട്ടാ മതി..നിനക്കതു നല്ല ചേർച്ചയാണ് .. “

നാത്തൂന്റെ വീട്ടിലെ ഒരു കല്യാണത്തിന് പോകാനായി  ഇഷ്ടത്തോടെ അത്രയും പ്രിയപ്പെട്ട ചുരിദാർ അലമാരയിൽ നിന്നെടുക്കുമ്പോഴാണ് അമ്മ വന്ന് പതിയെ എന്നോടങ്ങനെ പറയുന്നത്

അച്ഛന്റെ ഇഷ്ട്ടത്തിന്നാണോ ഞാൻ വസ്ത്രം ധരിക്കേണ്ടത് എന്ന് ചോദിക്കാൻ നാവു തരിച്ചെങ്കിലും, ഉണ്ടായേക്കാവുന്ന പൊട്ടിത്തെറികൾ ഓർത്ത് ഞാൻ ഒന്നും മിണ്ടിയില്ല. മനസില്ലാ മനസോടെ അമ്മ പറഞ്ഞ, എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പച്ച നിറത്തിലുള്ള  ചുരിദാർ ധരിച്ചു പുറത്തേക്കിറങ്ങിയ എന്നോട് ജീവേട്ടൻ ചോദിച്ചു

“ഇതെന്താ ഈ ചുരിദാർ…നിനക്ക് ഇഷ്ട്ടം ആ പിങ്ക് കളർ ചുരിദാർ ആണെന്ന് പറഞ്ഞിട്ട് ഇതെന്താ എടുത്തിട്ടത്… “

“എടാ മോനേ..ഞാനാ പറഞ്ഞത് ഈ ചുരിദാർ ഇടാൻ. ഇത് ഇവൾക്ക് നന്നായി ചേരും..”

പുറത്തേക്കിറങ്ങിയ അമ്മയാണ് മറുപടി പറഞ്ഞത്.

ഞാൻ ഒന്നും മിണ്ടിയില്ല..

ഉള്ളിൽ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു….

ജീവേട്ടനൊപ്പം കാറിൽ  പോകുമ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല…

പുറത്തെ കാഴ്ചകളിലേക്കു കണ്ണും മനസുമെറിഞ്ഞ് ആ യാത്രയിലുടനീളം കല്യാണം കഴിഞ്ഞ നാൾ തൊട്ടുള്ള ആരോടും പറയാത്ത എന്റെ നോവുകളെക്കുറിച്ചായിരുന്നു ആലോചിച്ചത് മുഴുവൻ..

കല്യാണം കഴിഞ്ഞു വെറും ആഴ്ചകൾക്കിപ്പിറമുള്ളൊരു രാത്രിയിൽ, അത്താഴത്തിനുള്ള കറിക്കഷ്ണം നുറുക്കുന്നതിനടയ്ക്കാണ് വളരെ നാളായുള്ള എന്റെ ഒരു കുഞ്ഞ് ആഗ്രഹത്തെക്കുറിച്ച് ഏട്ടന്റെ അമ്മയോട് ഞാൻ പറഞ്ഞത്.

“കുറച്ചു നാളായിട്ടൊരാഗ്രഹം അമ്മേ….ഒരു മൂക്കുത്തിയിടാൻ…കല്യാണത്തിന് മുന്നേയുള്ള ആഗ്രഹം ആയിരുന്നു..എന്തോ ഓരോ ഓരോ തിരക്കുകൾ വന്ന് അന്നൊന്നും  അതിന് പറ്റിയില്ല.പിന്നെ കല്യാണം കൂടി ആയപ്പോ ഒട്ടും സാധിച്ചില്ല…ജീവേട്ടനോട് അന്ന് പറഞ്ഞപ്പോ, കല്യാണം കഴിഞ്ഞു ഒന്നിച്ചൊരു തട്ടാന്റെ അടുത്ത് പോയി കുത്താം എന്നാ പറഞ്ഞത്… “

എന്റെ ആ ഇഷ്ടത്തിന് നേരെ കണ്ണടച്ച് കൊണ്ട് അന്ന് അമ്മ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്

“മൂക്കുത്തിയൊന്നും വേണ്ട..ഈ കുടുംബത്ത് പെൺകുട്ടികൾ ആരും ഇങ്ങനെ മൂക്കൊന്നും കുത്തിയിട്ടില്ല..ജീവന്റെ പെങ്ങള്, ന്റെ  മോള്.. അവളും ഇങ്ങനെയുള്ള വച്ച് കെട്ടൊന്നും ചെയ്യാതെയാ ജീവിക്കുന്നത്..അതുമല്ല , മൂക്കുത്തി തമിഴത്തികളുടെ ആചാരമല്ലേ..നമുക്കെന്തിനാ അതൊക്കെ…വേണ്ട..വേണ്ട..അതുതന്നെയല്ല , ഇവിടെ ജീവന്റെ അച്ഛന് അതൊന്നും ഇഷ്ടമല്ല…ഇങ്ങനെയുള്ള കോപ്രായം കാണിക്കാനുള്ള ആഗ്രഹം ഒന്നും ഈ വീട്ടിൽ മിണ്ടിയെക്കരുത്….വേഗം അത്താഴത്തിനുള്ളതൊക്കെ ഉണ്ടാക്കാൻ നോക്ക്..അച്ഛന് കൃത്യം ഒൻപതു മണിക്ക് ആഹാരം കഴിക്കണം..അത് നിർബന്ധം ആണ്…. “

അന്ന് അതും പറഞ്ഞു കൊണ്ട് അമ്മയെഴുന്നേറ്റ് പോകുന്നത് കണ്ട് കണ്ണുകൾ നിറഞ്ഞു എന്റെ..

എന്നെയത് ഒരുപാട് വേദനിപ്പിച്ചു..

എന്റെ ഒരിഷ്ടങ്ങൾക്കും വിലക്ക് കല്പിച്ചിട്ടില്ലാത്ത, തെറ്റില്ലാത്ത എന്റെ ഏത് ആഗ്രഹങ്ങൾക്കും കൂടെയുണ്ടാവാറുള്ള എന്റെ അച്ഛനെയും അമ്മയെയും ആണ്  എനിക്കന്നേരം ഓർമ്മ വന്നത്.   

എന്തൊക്കെയോ ഒക്കെ നഷ്ടപ്പെടാൻ പോകുന്നു എന്നൊരു തോന്നൽ..

അതിലേക്കുള്ള ആദ്യ വിലക്കാണ്, ഏറെ നാളത്തെ എന്റെ കുഞ്ഞ് ഇഷ്ട്ടത്തോടുള്ള എതിർപ്പ് എന്ന് ഉള്ളിലിരുന്നാരോ പറയുന്നത് പോലെ തോന്നിയെനിക്ക്

എന്തോ കണ്ണുകൾ പെട്ടന്ന് നിറഞ്ഞൊഴുകി…

ജീവേട്ടനോട് അതേപ്പറ്റി പറഞ്ഞപ്പോൾ

“അവരൊക്കെ പഴയ ആളുകൾ അല്ലേ മോളെ..നമുക്ക് എതിർക്കാൻ പറ്റോ…സാരമില്ല. പോട്ടെ..നമ്മുടെ അമ്മയല്ലേ…വിട്ടേക്ക്…”

എന്ന് പറഞ്ഞ് ഏട്ടനും കയ്യൊഴിഞ്ഞു.

എങ്കിലും ഞാൻ ഏട്ടനോട് വെറുതെ ചോദിച്ചു

“അപ്പൊ എന്റെ ഇഷ്ട്ടങ്ങളൊന്നും ഇനി പഴയ പോലെ നടക്കില്ലേ ജീവേട്ടാ….എന്റെ ഇഷ്ട്ടങ്ങളൊക്കെ ഞാൻ വേണ്ടാന്ന് വയ്ക്കണോ “

“അങ്ങനെ അല്ലല്ലോ ഏട്ടൻ പറഞ്ഞത്…ഒന്നും മാറില്ല..ഏട്ടൻ കൂടെയുള്ളപ്പോ..എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്..ഇപ്പൊ തൽക്കാലം അമ്മ പറയുന്നത് കേൾക്കാം നമുക്ക്.. “

അത്രയും പറഞ്ഞ് അന്ന് ആ സംഭാഷണം അവിടെ അവസാനിക്കുമ്പോൾ എനിക്കറിയില്ലായിരുന്നു ആ വീട്ടിൽ ഇഷ്ട്ടങ്ങളെല്ലാം മാറ്റി വച്ച് മറ്റൊരാളായി ജീവിക്കാനുള്ളതാണ് എന്റെ ആയുർരേഖയിലെ ഇനിയുള്ള ദിവസങ്ങൾ അത്രയുമെന്ന്..

ജീവേട്ടന്റെ വീട്ടിലെ അന്തരീക്ഷം പൊതുവേ ശാന്തമായിരുന്നെങ്കിലും,ആ ശാന്തതയ്ക്കുള്ളിലും എന്തിനെന്നറിയാത്തൊരു പിടച്ചിൽ തോന്നിയിരുന്നെനിക്ക്.

ആദ്യമാദ്യമൊക്കെ വ്യക്തിപരമായ കാര്യങ്ങളിലേക്കുള്ള അമ്മയുടെ കടന്ന് കയറ്റം ഞാൻ കണ്ടില്ലെന്നു നടിച്ചു..സ്നേഹം കൊണ്ടല്ലേ എന്ന് സമാധാനിച്ചു. പക്ഷെ പതിയെ പതിയെ അതെന്നേ വീർപ്പു മുട്ടിക്കാൻ തുടങ്ങി..

കഴിക്കാൻ ഇഷ്ടമില്ലാത്തെതെന്തോ നിർബന്ധിച്ചു കഴിപ്പിക്കുമ്പോൾ ഉണ്ടാകുന്നൊരു മനംപുരട്ടൽ പോലെ അതെന്നിൽ തികട്ടിക്കൊണ്ടിരുന്നു.

ജീവേട്ടനോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ പിന്നെ ഒന്നും പറയാതെ ആയി

ഒരിക്കൽ അമ്മ വിളിച്ചപ്പോ അമ്മയോട് കാര്യങ്ങൾ പറഞ്ഞെങ്കിലും ‘ഇനി നീ അവരുടെ ഇഷ്ട്ടങ്ങൾ കൂടി നോക്കി വേണം ജീവിക്കാൻ ‘ എന്ന് പറഞ്ഞ് അമ്മയും കയ്യൊഴിഞ്ഞു.

എന്റെ കുഞ്ഞ് കുഞ്ഞ് ഇഷ്ട്ടങ്ങൾ മറ്റുള്ളവർക്ക് വെറും നിസ്സാരം എന്ന് തോന്നുന്നിടത്തു മറ്റൊന്നും പ്രതീക്ഷിക്കാനില്ലല്ലോ.. അത് കൊണ്ട് തന്നെ വിവാഹം കഴിഞ്ഞു മൂന്ന് മാസങ്ങൾക്കിപ്പുറം താരയെന്ന പെണ്ണ് മറ്റാരോ ആയി..എത്ര വേഗമായിരുന്നു ആ വച്ച് മാറൽ..

സ്വന്തം ഇഷ്ട്ടത്തിനു വസ്ത്രം ധരിക്കാനാകാതെ, എവിടേക്കെങ്കിലും യാത്ര പോകുമ്പോൾ അമ്മയ്ക്ക് ഇഷ്ടമുള്ളത് ധരിച്ചു പോകേണ്ടി വരുന്ന അവസ്ഥ…

ഇഷ്ട്ടമുള്ള ചെരുപ്പ് ഇട്ടാൽ പറയും ഇത്രയും ഉയരുമുള്ള ചെരുപ്പൊന്നും ഇടണ്ട, അച്ഛൻ കണ്ടാൽ പിന്നെ അത് മതി..ഞാൻ ഉടനെ അത് മാറ്റും..

ഒന്നുറക്കെ ചിരിച്ചു പോയാൽ, അച്ഛനുണ്ടെങ്കിൽ അപ്പൊ അമ്മ പറയും പെൺകുട്ടികൾ ഇങ്ങനെ ഉറക്കെ ചിരിക്കുന്നത് അച്ഛന് ഇഷ്ട്ടമല്ല എന്ന്…

അതോടെ ചിരിക്കാൻ പേടിയായി.

കറിയിൽ അല്പം എരിവ് കൂടിയാലോ ചോറ് വേവ് കുറച്ചു കുറഞ്ഞു പോയാലോ ഒക്കെ അമ്മ പതം പെറുക്കും  “ദൈവമേ അച്ഛനിതെങ്ങനെ കഴിക്കാൻ കൊടുക്കും ” എന്ന്..അത് കേൾക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടും..

എങ്കിലും ഞാൻ ആരോടുമൊന്നും പറഞ്ഞില്ല.. എന്റെ വീർപ്പു മുട്ടലുകളെക്കുറിച്ച് ആവലാതിപ്പെട്ടില്ല…

പകരം, പൊരുത്തപ്പെടാൻ ശ്രമിച്ചു, കല്യാണം കഴിഞ്ഞാൽ എല്ലാ പെൺകുട്ടികളും ഇങ്ങനെ തന്നെ ആയിരുക്കുമെന്ന പൊള്ളയായ സത്യത്തോട്…

*******************

“നീയിത് എന്താ ഇതിന് മാത്രമീ ആലോചിച്ചു കൂട്ടുന്നത്..സ്ഥലം എത്തി..വാ ഇറങ്.. “

ജീവേട്ടന്റെ സ്വരമാണ്  എന്നെ  ചിന്തകളിൽ നിന്നുണർത്തിയത് . ചുറ്റും കണ്ണുകൾ കൊണ്ട് പരതി ഞാൻ ചോദിച്ചു

“ഇതേതാ ഏട്ടാ സ്ഥലം….കല്യാണവീടല്ലല്ലോ   “

“ആദ്യം നമുക്ക് ആ ജുവലറിയിൽ ഒന്ന് കയറാം..കല്യാണപെണ്ണിനൊരു വള വാങ്ങിക്കാം “

ഡോർ തുറന്നു പുറത്തിറങ്ങിക്കൊണ്ട് ജീവേട്ടൻ പറഞ്ഞു.

ഒന്നും മിണ്ടാതെ ഞാൻ ജീവേട്ടനൊപ്പം ജൂവലറിയിലേക്ക് കയറി.

ഒരു പവൻ വരുന്നൊരു വള നോക്കി സെലക്ട്‌ ചെയ്തു വാങ്ങി ബിൽ ചെയ്യാൻ സെയിൽസ് മാനേ ഏൽപ്പിച്ചു കൊണ്ട് പെട്ടന്നാണ് ജീവേട്ടൻ ചോദിച്ചത്

“ഇവിടെ നിങ്ങൾ മൂക്ക് കുത്തിക്കൊടുക്കുമോ? “

“ഉവ്വ് സർ… ഷൂട്ടിങ്ങും ഉണ്ട്..സൂചി കൊണ്ടും കുത്തും.. “

ഒരു ഞെട്ടലോടെ ഞാൻ ജീവേട്ടനെ നോക്കി.

എന്നെ നോക്കി ചിരിച്ചു കൊണ്ട് ജീവേട്ടൻ ആ പയ്യനോട് പറഞ്ഞു

“എന്നാ ദേ എന്റെ പ്രിയതമയുടെ മൂക്കൊന്ന് കുത്തിക്കെ…സൂചി കൊണ്ട് കുത്തിയാൽ മതി..അതാകുമ്പോ അപ്പോഴത്തെ വേദനയല്ലേ ഉണ്ടാകൂ..ഷൂട്ടിങ് ചെയ്യുമ്പോൾ വെല്ല ഞരമ്പിലും കൊണ്ടാലോ… “

ആ പയ്യൻ എന്നെ നോക്കി ഒരു ചിരിയോടെ പറഞ്ഞു

“ശരി സർ… “

“താരേ..ദേ ഇവിടെ ഇരിക്ക് നീ..ഇയാൾ മൂക്ക് കുത്തട്ടെ “

മിഴിച്ചു നിന്ന എന്നെ പിടിച്ചു ആ സോഫയിലേക്കിരുത്തി ജീവേട്ടൻ പറഞ്ഞു.

ഏത് ടൈപ്പ് മൂക്കുത്തിയാണ് വേണ്ടതെന്നു സെയിൽസ്മാൻ ചോദിച്ചപ്പോൾ എനിക്ക് പകരം ഏട്ടനാണ് മറുപടി പറഞ്ഞത്

“ഒറ്റക്കല്ലു വെള്ള മൂക്കുത്തി..അതാ താരയ്ക്ക് ഇഷ്ടം.. “

ഏട്ടൻ പറഞ്ഞത് കേട്ടപ്പോൾ, മൂക്ക് കുത്തിയപ്പോൾ വേദനിച്ചു കരയാൻ പോലും മറന്നു പോയി..

ബില്ലുകൾ എല്ലാം കൊടുത്തു തിരികെ വന്ന് കാറിൽ കയറിയപ്പോൾ, ഒന്നും മനസിലാകാത്തത് പോലെ ഏട്ടനെ തന്നെ നോക്കിയിരുന്ന എന്നെ നോക്കിയൊരു ചിരിയോടെ ഏട്ടൻ വണ്ടിയെടുത്തു.

കല്യാണത്തിലെല്ലാം പങ്കെടുത്തു, തിരിച്ചു പോരും വഴി ഒരു സിനിമയും കണ്ട് തിരികെ വീട്ടിൽ വന്ന് കയറുമ്പോൾ അമ്മയും അച്ഛനും ഉമ്മറത്തുണ്ട്. ഞങ്ങളെ കണ്ടതും അച്ഛൻ ചിരിച്ചു. അമ്മയുടെ മുഖം കുത്തി വീർത്തിട്ടുണ്ട്.

“എവിടേക്കെങ്കിലും ഇറങ്ങിപ്പോയാൽ തിരിച്ചു കുടുംബത്ത് വരണമെന്നൊരു ചിന്തയും ഇല്ലേ ജീവാ നിനക്ക്…അതെങ്ങാനാ അതൊക്കെ വകതിരിവോടെ കണ്ട് പെരുമാറാൻ കൂടെപ്പോയവൾക്കും അറിയില്ലല്ലോ “

എന്നെ നോക്കി ദേഷ്യത്തോടെ അമ്മ പറഞ്ഞു.

ഞാൻ ഒന്നും മിണ്ടിയില്ല. അകത്തേക്ക് പോകാനൊരുങ്ങുമ്പോൾ ആണ് അമ്മ എന്റെ മൂക്കിലേക്ക് നോക്കിയത്.

“നിന്നോട് മൂക്ക് കുത്തരുതെന്നു അന്നേ ഞാൻ പറഞ്ഞതല്ലേ താരേ. ഇവിടെ അച്ഛന് അതൊന്നും ഇഷ്ടം അല്ല..വേണ്ട..ഇതൊന്നും വേണ്ട..വേഗം ഊരിക്കൊ.. .. “

“അച്ഛനിഷ്ടമല്ലെങ്കിൽ എന്താ..എന്റെ ഭാര്യ മൂക്ക് കുത്തുന്നത് അവളുടെ ഇഷ്ടം ആണ്..ആ ഇഷ്ടത്തിന് അച്ഛനെന്നല്ല ഈ ഞാൻ പോലും എതിര് പറയാൻ ആരുമല്ല..എന്റെ ഭാര്യ എന്തിടണം എന്ത് കഴിക്കണം എങ്ങനെ മുടി കെട്ടണം എന്നൊക്കെ തീരുമാനിക്കുന്നത് അച്ഛനോ അമ്മയോ ഞാനോ ഒന്നുമല്ല..ഇവൾ തന്നെയാണ്..കേട്ടല്ലോ.. “

അമ്മ പറഞ്ഞതിന് ജീവേട്ടനാണ് മറുപടി പറഞ്ഞത്.

അങ്ങനെയൊരു മറുപടി ജീവേട്ടനിൽ നിന്ന് അമ്മ ഒട്ടും പ്രതീക്ഷിച്ചില്ല

“മോനേ..ജീവാ..നീ..നീ തന്നെയാണോ അമ്മയോടിങ്ങനെ പറഞ്ഞത്… “

“ആ ഞാൻ തന്നെയാണ് പറഞ്ഞത്. കുറച്ചു ദിവസമായി പറയണം പറയണം എന്നോർത്തിട്ട്..ഇതെവിടം വരെ പോകുമെന്നറിയാൻ ഞാൻ കാത്തതാണ് “

“ജീവേട്ടാ..എന്താ ഇങ്ങനെയൊക്കെ അമ്മയോട് പറയണേ..വേണ്ട..പ്ലീസ്.. “

ജീവേട്ടന്റെ കയ്യിൽ പിടിച്ചുലച്ചു കൊണ്ട് ഞാൻ ചോദിച്ചു.

“മതി താരേ നിന്റെ അഭിനയം…ഇല്ലാത്തതൊക്കെ എന്റെ മോന് പറഞ്ഞു കൊടുത്തു ഇവനെ എനിക്കെതിരെ തിരിച്ചപ്പോ നിനക്ക് സന്തോഷം ആയില്ലേ..ഇന്ന് വരെ എന്നോട് മുഖം കറുത്ത് പറയാത്തവനാ ന്റെ മോൻ…”

അതും പറഞ്ഞു കൊണ്ട് അമ്മ കരയാൻ തുടങ്ങി.

“അമ്മ വെറുതെ ഇവളുടെ മെക്കിട്ട് കേറണ്ട ഇനി. അവളെന്നോട് ആകെ ഒരു കാര്യമേ പറഞ്ഞുള്ളൂ, അന്ന് മൂക്ക് കുത്തുന്ന കാര്യം അമ്മ എതിർത്തത്..അന്ന് ഞാൻ അമ്മയുടെ പക്ഷം പറഞ്ഞ് തടിതപ്പി. പക്ഷെ കാര്യങ്ങൾ അങ്ങനെ അല്ലയെന്ന് പോകെപ്പോകെ എനിക്ക് മനസ്സിലായി. ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നൊരു സ്വഭാവം അമ്മ ഇവളോട് കാണിക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്മ ഒരിക്കൽ ഇവളോട് പറയുന്നത് ഞാൻ കേട്ടിരുന്നു, എനിക്കൊരു തുണയ്ക്കും ഈ വീടിനൊരു  ചേർന്നൊരു മരുമകളായും നീ തന്നെ മതിയെന്നു അമ്മയാണ് തീരുമാനിച്ചതെന്ന്..അച്ഛന്റെയും എന്റെയും ഒക്കെ തലമുറ നിലനിർത്താനാണ് ഇവൾ എന്നൊക്കെ…”

ഇത്ര നാളും കണ്ണിലും കാതിലും വീണ കാര്യങ്ങൾ ജീവേട്ടൻ എണ്ണിയെണ്ണി പറയുന്നത് കേട്ട് ഞെട്ടിപ്പോയി ഞാൻ.

“എല്ലാവരും കല്യാണം കഴിക്കുന്നത് ഇങ്ങനെയൊക്കെ ജീവിക്കാൻ ആണ്. കല്യാണം കഴിഞ്ഞാൽ എല്ലാ പെണ്ണുങ്ങളും ഭർത്താവിന്റെ വീട്ടുകാരുടെ ഇഷ്ട്ടം നോക്കി വേണം ജീവിക്കാൻ. ഞാനൊക്കെ അങ്ങനെയാണ് ജീവിച്ചത് “

അമ്മ വാശിയോടെ പറഞ്ഞു

“അമ്മ അങ്ങനെ ജീവിചെന്ന് കരുതി എന്റെ പെണ്ണും അങ്ങനെ ആവണോ..അതിന് ഞാനുള്ളിടത്തോളം ഞാൻ സമ്മതിക്കില്ല. ഒരു പെണ്ണ്, അതും കല്യാണം കഴിഞ്ഞ പെണ്ണ് സ്വന്തം ഇഷ്ട്ടങ്ങൾക്കനുസരിച്ചു ജീവിക്കാൻ പാടില്ല എന്ന പൊട്ട സിദ്ധാന്തം  അതീ ജീവനോട് അമ്മ പറയണ്ട. താരയ്ക്ക് അവളുടേതായ ഇഷ്ട്ടങ്ങൾ ഉണ്ട്. എന്റെ ഭാര്യയായി എന്ന ഒറ്റക്കാരണം കൊണ്ട് അതൊന്നും വേണ്ടാന്ന് വയ്ക്കണ്ട ആവശ്യം അവൾക്കില്ല..അവൾ അവളുടെ വീട്ടിൽ എങ്ങനെയാണോ ജീവിച്ചത്, അത് പോലെ തുടർന്നും ജീവിച്ചോളും. ഇല്ലാത്ത സ്നേഹം നടിച്ചു അമ്മ വെറുതെ ആരുടേയും സ്വാതന്ത്ര്യത്തിൽ കൈ കടത്തരുത്.. “

വളരെ ശാന്തനായാണ് ജീവേട്ടൻ സംസാരിച്ചത്.

“മോനേ…ജീവാ..അമ്മ സ്നേഹം കൊണ്ട്..അല്ലാതെ.. “

“മതി അമ്മേ നിർത്തു..ഇഷ്ടമില്ലാത്തത് നിർബന്ധിച്ചു തീറ്റിച്ചിട്ട് സ്നേഹം കൊണ്ടല്ലേ എന്ന് ന്യായം പറയരുത്. ആണായാലും പെണ്ണായാലും ആരായാലും അവർക്ക് അവരുടേതായ വ്യക്തിത്വംവും ഇഷ്ട്ടാനിഷ്ടങ്ങളും ഉണ്ട്..ആ പ്രൈവറ്റ് സ്പേസിൽ ഇടിച്ചു കയറി സർവ്വ സന്തോഷവും നശിപ്പിച്ചിട്ട് അത് സ്നേഹം കൊണ്ടാണെന്ന് മേലാൽ പറയരുത്.. “

അമ്മ ഒന്നും മിണ്ടാനില്ലാതെ തല കുനിച്ചു.

നിന്നറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു എന്ത് പറയണമെന്നറിയാതെ നിന്ന എന്നെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ച് അച്ഛനോടും അമ്മയോടുമായി ജീവേട്ടൻ പറഞ്ഞു

“എന്നെ മാത്രം വിശ്വസിച്ചു കൂടെ വന്നവളാണ്..ഇത്രയും ദിവസം ആരോടും ഒന്നും പറയാതെ ഇവളുരുകി..ശരിയാണ്, പുറമെ നിന്ന് നോക്കുമ്പോൾ ആർക്കും ഇവളുടെ സങ്കടം അനാവശ്യമെന്നെ തോന്നൂ..സ്വന്തം ഇഷ്ട്ടങ്ങൾ മാറ്റി വയ്‌ക്കേണ്ടി വരുമ്പോൾ ഒരു പെണ്ണുമുണ്ടാകുന്ന വേദന മറ്റാര് മനസിലാക്കിയില്ലെങ്കിലും അമ്മ മനസിലാക്കണമായിരുന്നു..അതൊരിക്കലും ഉണ്ടാവില്ല എന്ന് എനിക്ക് ബോധ്യം വന്നത് കൊണ്ടാണ് ഇപ്പൊ ഞാൻ ഇതൊക്കെ പറഞ്ഞത്..ഇനിയും ആവർത്തിക്കാതിരിക്കാൻ. കാരണം ജോലിക്കെന്നും പറഞ്ഞു വീട്ടിൽ നിന്നിറങ്ങിപ്പോകുന്ന ആണുങ്ങൾക്ക് ഇതൊന്നും അറിയാൻ കഴിയണമെന്നില്ലല്ലോ..അത് കൊണ്ട് ഞാൻ വേറൊന്നു കൂടി തീരുമാനിച്ചു, ഇനി തൊട്ട് താര വീട്ടിൽ ഇരിക്കുന്നില്ല. എന്റെ ഓഫിസിൽ അവൾക്കൊരു ജോലി ഞാൻ റെഡി ആക്കിയിട്ടുണ്ട്. ഒന്നിച്ചു പോയി വരാം.. “

“ജീവേട്ടാ.. “

വിശ്വാസം വരാത്തത് പോലെ ഞാൻ ഏട്ടനെ നോക്കി.

“എനിക്കറിയാം നിനക്ക് ജോലിക്ക് പോകാൻ ഇഷ്ടം ഉണ്ടെന്ന്. കല്യാണത്തിന് മുൻപ് നീയെന്നോട് പറഞ്ഞിട്ടുണ്ട്..നാളെ മുതൽ നിനക്ക് ഓഫിസിൽ പോയി തുടങ്ങാം.. “

അത്രയും പറഞ്ഞിട്ട് കുറ്റബോധത്തോടെ നിൽക്കുന്ന അമ്മയെ ഇരുത്തിയൊന്നു നോക്കിയിട്ട് ജീവേട്ടൻ മുറിയിലേക്ക് പോയി.

“ജീവേട്ടാ ഞാൻ ജോലിക്ക് പോയാലു എങ്ങനെ ശരിയാകും അപ്പൊ വീട്ടിൽ..ഇവിടെ..ആര് നോക്കും..അച്ഛൻ..അമ്മയ്ക്ക് ഒറ്റയ്ക്ക് പറ്റോ “

പിന്നാലെ മുറിയിലേക്ക് ചെന്ന ഞാൻ ഏട്ടനോട്‌ ചോദിച്ചു

“അതിനല്ലേ അമ്മ..നീ വരുന്നതിനു മുൻപും ഇവിടെ കാര്യങ്ങൾ എല്ലാം പ്രോപ്പർ ആയിരുന്നു..നീ നിന്റെ കാര്യവും എന്റെ കാര്യവും നോക്കിയാ മതി..പിന്നെ അത്യാവശ്യം ഇടയ്ക്ക് അമ്മയെ ഒന്ന് സഹായിച്ചാൽ മതി..പിന്നെ അച്ഛൻ..അച്ഛന്റെ കാര്യങ്ങൾ നോക്കാൻ ഇവിടെ അമ്മയുണ്ട്..അമ്മ നോക്കിക്കോളും.  “

ഷർട് ഊരി ഹാങ്ങറിൽ കൊളുത്തി, അലമാരയിൽ നിന്നൊരു ടീഷർട്ട് എടുത്തിട്ട് കൊണ്ട് ജീവേട്ടൻ പറഞ്ഞത് കേട്ട് ഓടിച്ചെന്നു  കെട്ടിപിടിച്ചു ആ നെഞ്ചിലേക്ക് ചേർന്ന് നിന്ന് ഏങ്ങിക്കരയുമ്പോൾ എന്റെ നെറുകിൽ തലോടി ഏട്ടൻ പറയുന്നുണ്ടായിരുന്നു

“കരയിക്കില്ല എന്ന് വാക്ക് തന്ന് കൊണ്ട് വന്നതാണ് നിന്നെയീ ജീവൻ..ഞാൻ ഉള്ളിടത്തോളം നിന്നെ കരയിക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല താരാ….അത്രയ്ക്ക് അത്രയ്ക്ക് ഇഷ്ട്ടമാണ് മോളെ നിന്നെയെനിക്ക്.. “

ഇതിൽ കൂടുതൽ ഒരു പെണ്ണിന് എന്ത് വേണം..അല്ലേ..? ഞാനോർത്തു..ആ നിർവൃതിയിൽ ജീവേട്ടന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി ചേർന്ന് നിൽക്കുമ്പോൾ എനിക്കറിയാമായിരുന്നു അപ്പോൾ, നമ്മളെ മനസിലാക്കുന്നൊരു നല്ല പാതിയെ കിട്ടാൻ അത്രമേൽ പുണ്യം ചെയ്യണം..ആ പുണ്യം ഞാൻ ചെയ്തിട്ടുണ്ട്..

വാൽക്കഷ്ണം: കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നുന്ന പലതും  അതിനുള്ളിൽ നിൽക്കുന്നവർക്ക് നിസ്സാരമല്ലായിരിക്കും..അതോർമ്മിപ്പിക്കാൻ മാത്രമാണീ എഴുത്ത്..

~ബിന്ധ്യ ബാലൻ