കൃഷ്ണന്‍ നമ്പൂതിരിയുടെ വഷളന്‍ ചിരിയോടെയുള്ള ചോദ്യം കേട്ട് മാധവന്‍ നായര്‍ പള്ള കുലുക്കി ചിരിച്ചു കൊണ്ട് തലയാട്ടി.

തീണ്ടാപെണ്ണ്…

Story written by Dhipy Diju

================

ഉണക്കാനായി നിരത്തിയിട്ട മല്ലിക്കുരുക്കള്‍ക്കിടയില്‍ എങ്ങനെയോ കടന്നു കൂടിയ തേങ്ങാപൂള് കട്ടെടുക്കാന്‍ പറന്നു താഴുന്ന കാക്കകളില്‍ നിന്ന് രക്ഷ നേടാന്‍ ഒളിച്ചു നില്‍ക്കും പോലെ നക്ഷത്രക്കൂട്ടത്തിനിടയില്‍ ചന്ദ്രന്‍ മേഘങ്ങളുടെ മറ തേടുന്ന നേരത്താണ് അവര്‍ വയലോരം ചേര്‍ന്ന് മാതുവിന്‍റെ ചെറ്റപ്പുരയില്‍ എത്തിയത്.

വെറ്റില മുറുക്കിയ തുപ്പല്‍ മുറ്റത്തേയ്ക്ക് നീട്ടി തുപ്പി ചുവന്ന കറ പുരണ്ട പല്ലുകള്‍ ഇളിച്ചു കാട്ടി അയാള്‍ മുന്നോട്ടാഞ്ഞു.

‘അവളെവിടെ കുഞ്ഞേലി…???’

‘ഓള് പൊറത്താ അമ്പ്രാ…’

‘ഓ…എന്നാ പിന്നെ ഇന്ന് ചോന്നന്‍റെ പൊരേലാക്കാം അന്തിക്കൂട്ട്…എന്താ നായരേ…??? അങ്ങനെ തന്നല്ല്യേ…???’

കൃഷ്ണന്‍ നമ്പൂതിരിയുടെ വഷളന്‍ ചിരിയോടെയുള്ള ചോദ്യം കേട്ട് മാധവന്‍ നായര്‍ പള്ള കുലുക്കി ചിരിച്ചു കൊണ്ട് തലയാട്ടി.

ഓലയാല്‍ മേഞ്ഞ തീണ്ടാപെണ്ണുങ്ങളുടെ മറപ്പുരയിലിരുന്ന് കരിനിഴല്‍ രൂപങ്ങള്‍ രാത്രിയുടെ കഥ പാവക്കൂത്തായി പകര്‍ന്നാടുന്നതും നോക്കി കിടക്കുകയായിരുന്ന കുഞ്ഞേലി അവരുടെ കാലടികള്‍ അകന്നു പോകുന്നത് ശ്രദ്ധിച്ചു കിടന്നു.

അടി വയര്‍ പിളര്‍ന്ന് ഒഴുകുന്ന ആ ര ക്തതുള്ളികള്‍ മാത്രമാണ് അമ്പ്രാക്കന്മാരുടെ കാ മലീലകള്‍ ഒരു തവണകൂടി തന്‍റെ ഉള്ളില്‍ മറ്റൊരു നാമ്പു നാട്ടാതെ കൊഴിഞ്ഞു പോയി എന്ന ആശ്വാസം ജനിപ്പിക്കുന്നത്. പല തവണ കരുതിയതാണ് അടിയാത്തി പെണ്ണായി ഇങ്ങനെ രാത്രികളില്‍ ആഗ്രഹപൂര്‍ത്തീകരണത്തില്‍ മാത്രം തീണ്ടാരികളാകാത്ത ഈ ജീവിതം അവസാനിപ്പിച്ചു കളയരുതോ എന്ന്. പക്ഷെ അമ്മയ്ക്ക് താന്‍ മാത്രമേ ഉള്ളൂ എന്ന ചിന്ത പിന്‍വിളിക്കുന്നു വീണ്ടും വീണ്ടും.

ഓടിയടുക്കുന്ന കാലടികളും പോലീസേമാന്മാരുടെ ചൂളമടികളും പെട്ടെന്ന് കേട്ടുതുടങ്ങി.

‘ന ക്സലുകള്‍ വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നാ തോന്നണേ….കുഞ്ഞേലി…മ്മടെ ചിണ്ടനും അവര്‍ക്കൊപ്പം ചേര്‍ന്നൂന്നു പറയണകേട്ടു നാണിത്തള്ള…അവനെ പിടിക്കാനാവുള്ളൂ ഈ ചൂളമടിയും ബഹളങ്ങളും…’

മറപ്പുറയ്ക്കരികില്‍ വന്നു നിന്ന് മാതു ഉറക്കെ വിളിച്ചു പറയുമ്പോള്‍ പഴുതുകള്‍ക്കിടയിലൂടെ കുഞ്ഞേലി പുറത്തേയ്ക്ക് ഒളിഞ്ഞു നോക്കി.

എവിടെയൊക്കെയോ ആയി കാണുന്ന ടോര്‍ച്ചിന്‍റെ നേര്‍ത്ത മഞ്ഞ വെളിച്ചം തീര്‍ക്കുന്ന വരകള്‍ കായലില്‍ തുഴവഞ്ചിയുടെ പങ്കായം പതിക്കുമ്പോള്‍ ഇളകി തെറിക്കുന്ന ഓളങ്ങളെ പോലെ അങ്ങിങ്ങായി ഇരുട്ടിന്‍റെ മറയെ ഭേദിക്കുന്നു. ആ നേര്‍ത്ത ജ്യോതിര്‍രേഖകള്‍ തീണ്ടാരികളില്‍ ചിലര്‍ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേയ്ക്ക് നടക്കാന്‍ ശ്രമിക്കുമ്പോള്‍ അവരെ വീണ്ടും അന്ധകാരത്തിലേയ്ക്ക് തള്ളിയിടാനുള്ള ഓട്ടത്തില്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്ളിലൊരു പൊള്ളല്‍ അനുഭവപ്പെടും പോലെ തോന്നി കുഞ്ഞേലിക്ക്.

കുഞ്ഞായിരുന്നപ്പോള്‍ അമ്മയോട് പല തവണ ചോദിച്ചിട്ടുണ്ട് തന്‍റെ അച്ഛന്‍ ആരാണെന്ന്. അപ്പോഴെല്ലാം അമ്മയുടെ മൗനത്തില്‍ പൊതിഞ്ഞ കണ്ണീര്‍കണങ്ങള്‍ തനിക്ക് മറുപടി ഒന്നും നല്‍കിയിരുന്നില്ല. പോകെ പോകെ മനസ്സിലായി തുടങ്ങി, പകല്‍ വെളിച്ചത്തില്‍ ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി തമ്പ്യാക്കന്മാര്‍ക്ക് അശുദ്ധി ഉണ്ടാക്കാതെ മാറി നടക്കേണ്ടിയിരുന്ന അടിയാത്തികളുടെ മടികുത്തഴിക്കാന്‍ തല ഉയര്‍ത്തി തന്നെ ആ തമ്പ്രാന്മാര്‍ ഇരുളുന്ന നേരങ്ങളില്‍ തൊട്ടു കൂടായ്മ മാറ്റി വച്ച് വിരുന്നു വരുന്നതിന്‍റെ ശേഷക്കുറിപ്പുകള്‍ ആണ് തന്നെ പോലെ ഒരു പാടു പേര്‍ എന്ന്.

പ്രായം അറിയിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ഇപ്പോള്‍ താനും!

‘പകല്‍ കണ്ടാല്‍ മാത്രമേ ഏങ്ങള്‍ക്ക് അശുദ്ധി ഉള്ളോ തമ്പ്രാ…???’

ഒരിക്കല്‍ മാത്രമേ ചോദിച്ചുള്ളൂ, വെറ്റില  മുറുക്കിന്‍റെ അവശേഷിപ്പുകള്‍ മുഖമാകെ ചുവപ്പിച്ചു കൊണ്ടുള്ള മറുപടി ലഭിക്കാന്‍ കാത്തിരിക്കേണ്ടി വന്നില്ല.

‘കുഞ്ഞേലി…മുണ്ടല്ലേ…തു ഞാളാ…ചിണ്ടന്‍…’

ശരം പോലെയാണ് ചിണ്ടന്‍ മറപ്പുരയ്ക്കുള്ളിലേയ്ക്ക് കയറി വന്ന് അവളുടെ വായ പൊത്തിയത്. പേടിച്ചരണ്ടെങ്കിലും ചെവിയില്‍ അവന്‍ മന്ത്രിച്ച വാക്കുകള്‍ കേട്ട് അവള്‍ സ്വബോധം വീണ്ടെടുത്തു.

‘ചിണ്ടാ…ഞാള് പൊറത്താ…ഈയെന്തേ ഇങ്ങട്ട് കയറി…ഇങ്ങനേള്ളപ്പ ആണുങ്ങ കാണാമ്പാടില്ലാന്ന്…’

‘കുഞ്ഞേലി…ഇങ്ങനോരോന്ന് പറഞ്ഞ് ഇങ്ങളെ പോരേല്‍ ഇരുത്താന്‍ പടച്ചൊണ്ടാക്കുമ്പ, ഇയ്യെല്ലാം അയിന് കൊട പിടിക്കാ…??? എല്ലാമ്മാറും ഏന കൊണ്ട് പറ്റണ പോലെ മാറ്റും ഏന്‍…നോക്കിക്കോ…’

‘എന്തേ ചിണ്ടാ…പോലീസാര് ഓടിക്കണേ…?’

അവര്‍ ഇരുവരും താഴെ ഇരുന്നു. മറ്റാരും ശ്രദ്ധിക്കാതിരിക്കാന്‍ കുഞ്ഞേലി വിളക്കിലെ തിരി സ്വല്‍പം കൂടി താഴ്ത്തി.

‘ഏന്‍ കൊന്നു കുഞ്ഞേലി ചോന്നന്‍റെ പൊരേലേക്ക് പോണ വഴി…അമ്പ്രാക്കമാരെ വെട്ടി വെട്ടി കൊ ന്നു…ഇനി അടിയാന്‍റെ പൊരേല് പെണ്ണിന്‍റെ ചേല പൊക്കാന്‍ ആരും  കേറൂല്ല പെണ്ണേ…’

‘പോലീസാര് പിടിച്ചാ…???’

‘കൊ ല്ലുവാര്‍ക്കും…ഏന്‍ ചത്താ ആ ചോ രേന്ന് വരും കുഞ്ഞേലി ഏന പോലെ ആയിരങ്ങ വേറ…’

സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്നാണ് മറപ്പുരയിലേയ്ക്ക് രണ്ടു പോലീസുകാര്‍ ഇരച്ചു കയറിയത്.

‘ഒളിച്ചിരിക്കാന്നു കരുതിയോടാ ****…???’

പറഞ്ഞു തീരും മുന്‍പേ ഒരുവന്‍റെ കൈ ചിണ്ടന്‍റെ ചെകിടത്തു പതിഞ്ഞു.

ചീറി കൊണ്ടവര്‍ക്കടുത്തേയ്ക്ക് ക ത്തിയുമായി പാഞ്ഞ ചിണ്ടന്‍ അവര്‍ ഇരു കുഴല്‍ തോക്കിലെ കാഞ്ചിയില്‍ പിടഞ്ഞു വീണു.

‘ഒളിപ്പിച്ചു വച്ചതോ…അതോ…???’

ചുണ്ടുകള്‍ വശങ്ങളിലേയ്ക്ക് കടിച്ചു കൊണ്ടവര്‍ കുഞ്ഞേലിക്ക് നേരെ തിരിഞ്ഞു. ആരാദ്യം എന്ന തര്‍ക്കത്തിനുശേഷം അവളുടെ മാ റിനെ ലക്ഷ്യമാക്കി ആഞ്ഞ ഒരുവന്‍റെ കൈകള്‍ തറയില്‍ കിടന്നു പിടഞ്ഞപ്പോഴാണ് പുറത്തേയ്ക്ക് പോകാനൊരുങ്ങിയ രണ്ടാമന്‍ തിരിഞ്ഞു നോക്കിയത്.

സംഹാര രുദ്രയുടെ രൂപം പൂണ്ട്, അഴിഞ്ഞു വീണ മുടിയുമായി നിന്ന അവളുടെ കൈയ്യില്‍ രക്തം പുരണ്ട വാ ള്‍  ഇരുന്നു തിളങ്ങി.

പെട്ടെന്നുണ്ടായ ഞെട്ടലില്‍ നിന്ന് മുക്തരാകും മുന്‍പ് അവള്‍ അവരെ ആഞ്ഞാഞ്ഞ് വെ ട്ടി. വാളുമായി പുറത്തേയ്ക്ക് ഇറങ്ങിയ അവളെ മാതു ഞെട്ടലോടെ നോക്കി.

‘കുഞ്ഞേലി…ഇയ്യ് പൊറത്തല്ലേ..??’

മാതുവിന്‍റെ മുഖത്തേയ്ക്ക് പുച്ഛത്തോടെ ഒന്നു നോക്കിയശേഷം കുഞ്ഞേലി ഇരുളിലേയ്ക്ക് നടന്നകന്നു.

ചിണ്ടന്‍റെ വാക്കുകള്‍ അവളുടെ ചെവികളില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

‘ഏന്‍ ചത്താ ആ ചോരേന്ന് വരും കുഞ്ഞേലി ഏന പോലെ ആയിരങ്ങ വേറ…’

~ദിപി ഡിജു