ഞങ്ങളുടെ വെഡിങ് ആനിവേഴ്സറിക്കു വാങ്ങിച്ച പുതിയ മുണ്ടും ഷർട്ടും കൂടെ ഇട്ടപ്പോൾ ആള്…

Story written by Manju Jayakrishnan

===========

“കണ്ടാ ഈ വീട്ടിലെ വേലക്കാരൻ ആണെന്ന് പറയും…കെട്ടിയൊരുങ്ങി വന്നിട്ടെന്തിനാ…”

വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോകുന്നതിനിടയിൽ ആണ് ഞാൻ അനിയനും അമ്മയും തമ്മിലുള്ള സംസാരം കേൾക്കുന്നത്…

“നമുക്ക് കുറച്ചു നേരത്തെ അമ്പലത്തിലക്കെന്നു പറഞ്ഞു ഇറങ്ങാം. അവനോട് ഇവിടെ റെഡിയായി നിൽക്കാനും പറയാം..എന്നിട്ട് നമുക്ക് നേരിട്ടങ്ങു പോകാം..സമയം വൈകിയെന്നു വല്ലോം പറയാം…അമ്മയുടെ ഭാഗത്തു നിന്നും ഒരിക്കലും അങ്ങനെ ഒരു സംസാരം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല

നാളെ അനിയന്റെ വിവാഹം ഉറപ്പിക്കാൻ എല്ലാവരും പോകാൻ ഇരിക്കുവായിരുന്നു…എവിടെയും പോകാത്ത മനുവേട്ടനായിരുന്നു ഏറ്റവും കൂടുതൽ ഉത്സാഹം…

“പുതിയ ഒരു ഷർട്ട് വാങ്ങാം” എന്ന് ഞാൻ പറഞ്ഞിട്ടും കേൾക്കാതെ അനിയന്റെ ഷർട്ട് വാങ്ങി ഇസ്തിരി ഇടാൻ എന്റെ കയ്യിൽ തന്നിരുന്നു മനുവേട്ടൻ…

കല്യാണം കഴിച്ചു വന്നപ്പോൾ മുതൽ ഞാൻ കാണുന്നതാണ് സ്വന്തമായി ഒന്നും വാങ്ങിക്കുന്ന പതിവ് മനുവേട്ടന് ഇല്ല…അനിയൻ ഇട്ടു നിറം മങ്ങിയ ഷർട്ട്, പാകമല്ലെങ്കിലും അവൻ ഉപേക്ഷിച്ച ചെരുപ്പ്…

“എന്തോരം ചെലവാടി ഒള്ളെ…” എന്ന് പറഞ്ഞു സ്വയം ചുരുക്കുന്നതാണ് എന്ന് എനിക്ക് പിന്നീട്  മനസ്സിലായി.

കൃഷിപ്പണി, പ്ലമ്പിങ്, വയറിംഗ്, വാർക്കപ്പണി..അങ്ങനെ മനുവേട്ടൻ കൈ വയ്ക്കാത്ത ഒന്നും ആ  നാട്ടിൽ ഉണ്ടായിരുന്നില്ല എന്നതാണ് നേര്..എല്ലാ പണിയും ചെയ്തു കിട്ടുന്നത് മുഴുവൻ വീട്ടിലേക്കു ചിലവാക്കും…

അനിയന്റെ ജോലിക്കു നല്ലൊരു തുക ആദ്യമേ കമ്പനിയിൽ കൊടുക്കണമായിരുന്നു…അതിനു ഏട്ടൻ ലോൺ എടുത്തു…നല്ലൊരു ശമ്പളത്തോടൊപ്പം ജോലി കിട്ടി എങ്കിലും ലോൺ അടക്കാൻ ഒന്നും അവൻ  നിന്നില്ല…

രണ്ടു പെങ്ങന്മാരിൽ മൂത്തവളുടെ കല്യാണത്തിനു ഏട്ടൻ അധ്വാനിച്ചുണ്ടാകിയ സ്ഥലം വിറ്റു…ജോലിയുണ്ടായിരുന്ന അനിയനോ ഒന്നും ആ ഭാഗത്തേക്ക്‌ എത്തി നോക്കിയതേ ഇല്ല

പിന്നെ അനിയത്തിയുടെ  പ്രസവം…കുഞ്ഞിനുള്ള ആഭരണം…ഒക്കെ ഏട്ടൻ നോക്കി…എല്ലാം ഏട്ടൻ റെഡിയാക്കി വയ്ക്കുമ്പോൾ ആൾക്കാരുടെ മുന്നിൽ ആളാവാൻ ഒക്കെ മറ്റു പലരും വരും…

ചിലവുകളും ബാധ്യതകളും ഒക്കെ ഏട്ടന്റെ തലയിൽ എല്ലാരും കൂടെ നൈസ് ആയിട്ട് അങ്ങ് വച്ചു കൊടുക്കും…അല്ലേലും നനഞ്ഞയിടം കുഴിക്കാൻ ആൾക്കാർ കുറേ കാണുമല്ലോ?

ഓരോ മാസവും നല്ലൊരു തുക ചിലവാകുന്നതു  കൊണ്ട് പ ട്ടിയെ പോലെ ഏട്ടൻ പണിയെടുക്കേണ്ടി  വന്നു…

സ്വന്തം ആരോഗ്യം പോലും നോക്കാതെ ജോലി ചെയ്തതു കൊണ്ട് ഉള്ളതിനേക്കാൾ കൂടുതൽ പ്രായം തോന്നിയിരുന്നു…..ഏട്ടന്റെ ജോലിയും ഏട്ടനും വീട്ടിലുള്ള പലർക്കും ഒരു കുറവായി തോന്നി….ഏട്ടൻ അത്രക്കും പാവം ആയതു കൊണ്ട് അതൊന്നും മനസ്സിലായില്ല എന്നതാണ്  നേര്…

“നേരത്തെ കിടക്കാടീ..നാളെ നേരത്തെ ഇറങ്ങേണ്ടേ…” എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു..

“ഏട്ടാ…..ഞാൻ ഒരു കാര്യം പറയട്ടെ” എന്നു പറഞ്ഞു, വിക്കി വിക്കി കാര്യം അവതരിപ്പിച്ചു..

“പോട്ടേടി…” എന്ന് പറഞ്ഞു ഏട്ടൻ ഒന്നും മിണ്ടാതെ കിടന്നു…ആ കണ്ണിൽ നിന്നും കണ്ണുനീർ എന്റെ കയ്യിൽ വീണു..

“അവർക്ക് വേണ്ടെങ്കിൽ നമുക്ക് എന്തിനാടീ “…എന്ന് ചോദിച്ചെങ്കിലും ആ മനസ്സ് ഞാൻ വായിച്ചു

പതിവിലും നേരത്തെ ഉണർന്നു ഏട്ടനെ കുട്ടപ്പനക്കാൻ ഞാൻ തീരുമാനിച്ചു. ബ്യൂട്ടീഷൻ കോഴ്സ് പാസ്സ് ആയത് കൊണ്ട് മുടിയിൽ ഡൈ ഒക്കെ തേച്ചു മുടി വെട്ടി മിടുക്കനാക്കി….

ഞങ്ങളുടെ വെഡിങ് ആനിവേഴ്സറിക്കു വാങ്ങിച്ച പുതിയ മുണ്ടും ഷർട്ടും കൂടെ ഇട്ടപ്പോൾ ആള് ചൊങ്കനായി..

അവർ അമ്പലത്തിലേക്ക് ഇറങ്ങിയപ്പോൾ തന്നെ  ഞങ്ങളും റെഡിയായിരുന്നു….

ഏട്ടനെ കണ്ടപ്പോൾ തന്നെ എല്ലാവരും ഒന്ന് ഞെട്ടി…

“ആളാകെ മാറിപ്പോയി ” എന്ന് അനിയൻ തന്നെ പറയുകയും ചെയ്തു….

“പോകാം…” എന്നു പറഞ്ഞു അനിയൻ വിളിച്ചപ്പോൾ ഏട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു

“ഞാനില്ലെടാ…ഞാൻ വന്നാ മറ്റുള്ളവരുടെ മുന്നിൽ  നിനക്കതൊരു കുറവായാലോ…”

അവൻ ഞെട്ടി അമ്മയെ നോക്കി…

“നിന്റെ ആവശ്യത്തിനായി എടുത്ത ലോൺ ഞാൻ അടക്കുമ്പോഴും വീട്ടുചെലവുകൾ നോക്കുമ്പോഴും ഒന്നും ഈ കുറവ് ഞാൻ കണ്ടിട്ടില്ല “

“നിങ്ങളൊക്കെ നന്നായി നടക്കുന്നതായിരുന്നു എന്റെ സന്തോഷം…

അതു കൊണ്ടു തന്നെ സ്വയം ഞാൻ ശ്രദ്ധിച്ചില്ല..

എന്തിനു..ദേ ഈ നിൽക്കണ എന്റെ ഭാര്യയെ പോലും നന്നായി നോക്കിയില്ല…ഇനി എനിക്കും കൂടി വേണ്ടി ജീവിക്കണം

“ഇവളുടെ അനിയത്തിടെ കല്യാണം ഉറപ്പിക്കലും ഇന്നാണ് “

അവിടുത്തെ അച്ഛൻ വിളിച്ചെങ്കിലും ഞാൻ ഒഴിവാക്കുകയായിരുന്നു..അതിനു പോകാൻ ആണ് ഞാൻ റെഡിയായത്

“നോക്കാത്ത തേവരെ ഒരിക്കലും തൊഴരുത് “

ഞാനും അവളും  നടന്നകലുമ്പോൾ കുറ്റബോധത്തോടെ അനിയനും അമ്മയും  പരസ്പരം നോക്കി നിന്നു