വീണ്ടും തളിർക്കുമ്പോൾ….
Story written by Treesa George
===============
അമ്മേ സ്കൂളിൽ നിന്ന് എല്ലാവരും ടൂർ പോകുന്നുണ്ട്. ചേട്ടനും പോകാൻ അമ്മ പൈസ കൊടുത്തല്ലോ. ഞാനും ആ കൂടെ പൊക്കോട്ടേ
അവൻ ഒരു ആണ് അല്ലേ. അത് പോലെ ആണോ നീ. നിനക്ക് അത്ര ആഗ്രഹം ആണേൽ കല്യാണം കഴിഞ്ഞു നീ കെട്ടിയോന്റെ കൂടെ പോക്കോ.
അമ്മേ എനിക്ക് ഇപ്പോൾ പോകാൻ ആണ് ആഗ്രഹം.
നാളെ വല്ല വീട്ടിലും ചെന്നു കേറണ്ട പെണ്ണ് ആണ്. ഇപ്പളെ നിന്റെ ആഗ്രഹത്തിന് കിടന്നു തുള്ളിയാൽ നാളെ ഒരു വീട്ടിൽ ചെന്ന് കേറുമ്പോൾ അമ്മായിഅമ്മ പണി എടുപ്പിച്ചു, കെട്ടിയോൻ നോക്കിയില്ല എന്ന് പറഞ്ഞു അവിടെ നിക്കാതെ തിരിച്ചു പോരും.
ഇവിടെ കിടന്നു എന്നോട് മല്ലു പിടിക്കാതെ പോയി നിന്റെ ചേട്ടന് അടുത്ത ആഴ്ച ടൂർ കൊണ്ട് പോകാൻ ഉള്ള തുണി അലക്കി ഇടാൻ നോക്കു. ഇപ്പോഴേ അവനെ പിണക്കാതെ അവന്റെ കാര്യം നന്നായി നോക്കിയാൽ നിനക്ക് കൊള്ളാം. ആണ് ആയിട്ട് അവൻ ഒന്നേ ഉള്ളു. നാളെ ഒരു കാലത്ത് നിന്നെ ഒക്കെ കെട്ടിച്ചു വിട്ടാൽ നിന്റെ ഒക്കെ കാര്യം അനോഷിക്കാൻ അവൻ മാത്രമേ ഉള്ളു എന്ന് ഓർത്താൽ നിനക്ക് കൊള്ളാം.
അമ്മയുടെ മറുപടി കേട്ട് നിവിയ വിഷമത്തോടെ ചേട്ടന്റെ തുണി അലക്കാൻ ആയി പോയി. അമ്മ എപ്പോഴും അങ്ങനെ ആണ്. ചേട്ടനെ മാത്രമേ അമ്മ മകനായി കൂട്ടിയിട്ടൊള്ളു. ഡ്രസ്സ് എടുക്കുന്ന കാര്യം തൊട്ട് ഭക്ഷണത്തിന്റെ കാര്യത്തിൽ വരെ ആ വേർതിരിവ് ഉണ്ട്. നല്ലത് എല്ലാം ചേട്ടന്. മോശം എല്ലാം തനിക്കും അനിയത്തിമ്മാർക്കും. അതിന് അമ്മയുടെ കാരണം ചേട്ടൻ വേണം നാളെ ഒരു കാലത്ത് കുടുംബം നോക്കാൻ എന്ന് ആണ്. അവളെക്കാൾ 5 വയസ് മൂത്ത ചേട്ടന്റെ തുണി അലക്കാനും തേക്കാനും മുറി തുടച്ചു വൃത്തിയാക്കനും ഒക്കെ അവൾ വേണം. ചേട്ടന് അച്ഛൻ കൊണ്ട് വരുന്ന പലഹാരവും വീട്ടിലെ ഭക്ഷണവും എല്ലാം കഴിച്ചു സ്വന്തം പുസ്തകവും വായിച്ചു സുഖമായി നടന്നാൽ മതി.
കാലം പിന്നെയും മുന്നോട്ടു പോയി. പ്രീഡിഗ്രിയുടെ റിസൾട്ട് അറിഞ്ഞ അന്ന് അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു. പക്ഷെ അവളുടെ ആ സന്തോഷം വീട്ടിൽ എത്തണ വരെയെ ഉണ്ടായിരുന്നുള്ളു.
ഡി നിനക്ക് ഒരു ആലോചന വന്നിട്ട് ഉണ്ട് എന്ന അമ്മയുടെ പറച്ചിലിൽ അവൾ ഒന്ന് വല്ലാതെ ആയി.
എനിക്ക് ഇനിയും പഠിക്കണം എന്ന അവളുടെ പറച്ചിലിൽ അവർ അവളെ പുച്ഛിച്ചു. പിന്നെ പെണ്ണ് പിള്ളെരെ പഠിപ്പിച്ചാൽ സ്വന്തം വീടിനു പത്തു പൈസയുടെ ഗുണം ഇല്ല. വല്ല വീട്ടുകാരുമേ അതിന്റെ ഗുണം അനുഭവിക്കും. ഇനി ചെല്ലുന്ന വീട്ടിൽ പ്രായം ആയ മാതാപിതാക്കൾ ഉണ്ടേൽ അവരെ നോക്കണം. പിന്നെ സ്വന്തം പിള്ളേർ ഉണ്ടായാൽ അവരെയും നോക്കണം. അപ്പോഴും ജോലിക്ക് പോവാൻ പറ്റില്ല. പെണ്ണ് പിള്ളേർക്ക് പഠനത്തിനു മുടക്കുന്ന കാശ് തന്നെ നഷ്ടം ആണ്.
അമ്മേ ഞാൻ പഠിച്ചാൽ അത്രേം അറിവ് കിട്ടില്ലേ.
ഓഹ്…കുറച്ച് പഠിച്ചു ഡിഗ്രി സർട്ടിഫിക്കറ്റ് വീട്ടിൽ വെച്ചിട്ട് എന്തിനാ. അതിന് വെറും കടലാസ്സിന്റെ വില മാത്രെമേ ഉള്ളു. അത് കൊണ്ട് ഉള്ള നേരത്ത് ഈ കല്യാണത്തിന് സമ്മതം മൂളിക്കോ. അല്ലേൽ കെട്ടിക്കാത്ത പെങ്ങൾ ഉള്ള അങ്ങള്ക്ക് നല്ല വീട്ടിൽ നിന്ന് കല്യാണം നടക്കില്ല. നിന്റെ മല്ലിന് അവന്റെ ജീവിതം കളയാൻ പറ്റില്ല. പിന്നെ പഠിക്കാൻ ശെരിക്കും ആഗ്രഹം ഉള്ളവർ കല്യാണം കഴിഞ്ഞു ആയാലും പഠിക്കും. അങ്ങനെ എത്രെയോ പെണ്ണ് പിള്ളേർ ഉണ്ട്.
അങ്ങനെ ശാന്തനുവിന്റെ ഭാര്യ ആയി അവൾ ആ വീട്ടിൽ വലതു കാലു വെച്ച് കേറി. തന്റെ വീടിന്റെ തുടർച്ച തന്നെ ആയിരുന്നു അവിടെ. അത് കൊണ്ട് അവൾക്ക് ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല. ആകെ ഒരു വ്യത്യാസം ശാന്തനു കു ടിച്ചിട്ട് വന്നിട്ടു അവളെ എന്നും പൊതിരെ തല്ലുമായിരുന്നു. സ്വന്തം അമ്മയോട് പരാതി പറഞ്ഞപ്പോ നീ അവനെ ദേഷ്യം പിടിപ്പിച്ചിട്ട് ആവും എന്ന് ആയിരുന്നു മറുപടി. പിന്നെ ഒന്നും അവൾ പറയാൻ പോയില്ല. കുടി കഴിഞ്ഞു വരുന്ന അവന്റെ അടുത്ത് നിന്നും ചിലവിനു പൈസ വാങ്ങാൻ ബുദ്ധിമുട്ട് ആയിരുന്നു. എന്നാൽ എന്തേലും ജോലിക്ക് വിടാൻ അവന്റെ ദുർ അഭിമാനം അവനെ സമ്മതിച്ചതും ഇല്ല. അതിനിടയിൽ അവൾ ഒരു പെണ്ണ് കുഞ്ഞിന് അവൾ ജന്മം നൽകി. പട്ടിണിയും ദാരിദ്യവും അവളെ തളർത്തി. തനിക്ക് പിടിപ്പ് ഇല്ലാഞ്ഞിട്ട് ആണ് എന്ന അമ്മയുടെ കുറ്റപ്പെടുത്തൽ വേറെയും. അത് കൊണ്ട് തന്നെ പെട്ടെന്നൊരുനാൾ അയാൾ മരിച്ചപ്പോൾ അവൾക്ക് ഒന്നും തോന്നിയില്ല. സമാധാനം ഇല്ലാത്ത ജീവിതത്തിൽ നിന്നുള്ള മോചനം ആയിരുന്നു അവന്റെ മരണം അവൾക്ക്.
ഇനി എന്ത് എന്ന ചോദ്യവും ആയി തളർന്നിരിക്കാൻ അവൾ തയാർ അല്ലായിരുന്നു. പഠിപ്പ് ഇല്ലാത്ത കൊണ്ട് തന്നെ കുറച്ച് കഷ്ടപാട് ഉള്ള ജോലി ആണ് കിട്ടിയത് എങ്കിലും അവൾ എത് ജോലിക്കും അതിന്റെ മഹത്വം ഉണ്ട് വിശ്വസിക്കുന്ന കൊണ്ട് അവൾക്ക് അതിൽ പരാതി ഇല്ലായിരുന്നു. ആ കാലത്ത് ആണ് അവൾ തുടർപഠനത്തിന് ചേരുന്നത്.
അവളെ പോലെ ചെറുപ്പകാലത്ത് വീട്ടിലെ ബാധ്യതകൾ കാരണം തുടർന്ന് പഠിക്കാൻ പറ്റാതെ പോയ മനുവിനെ പരിചയപെടുന്നത് ആ കാലത്ത് ആണ്
ആ പരിചയം എപ്പോളോ പ്രണയം ആയപ്പോൾ ആണ് അവൾ അവനെ കല്യാണം കഴിക്കാൻ തീരുമാനിച്ചത്. അത് വരെ അവൾ ജീവിച്ചോ മരിച്ചോ എന്ന് പോലും അനോഷിക്കാത്ത വീട്ടുക്കാർ എത്തിർപ്പും ആയി വന്നു.
ഇപ്പത്തെകാലത്തു സ്വന്തം അപ്പൻമാർ വരെ സ്വന്തം മക്കളെ പിടിപ്പിക്കുമ്പോൾ ഒരു അന്യ പുരുഷന്റെ വീട്ടിലേക്ക് എങ്ങനെ ആണ് പെണ്ണ് കുട്ടി ഉള്ള അവൾ കല്യാണം കഴിച്ചു പോകുക എന്ന് അവർ ചോദിച്ചു. അവൾ അത് അത്ര കാര്യം ആക്കുന്നില്ല എന്ന് കണ്ടപ്പോൾ അവർ അവളോട് പറഞ്ഞു. നിന്റെ കണ്ടിട്ട് അല്ല നിന്റെ മകളെ കണ്ടിട്ട് ആണ് അവൻ ഈ ആലോചന മുന്നോട്ട് കൊണ്ട് വന്നത് എന്ന് പറഞ്ഞു. അതോടെ അവളുടെ അമ്മ മനസിലും ആധി നിറഞ്ഞു.
പിന്നീട് അവൾ അവളുടെ ജീവിതം മകളിലോട്ട് മാത്രം ആയി ഒതുക്കി. ആ ഇടക്ക് ആണ് അവളുടെ ചേട്ടന്റെ ഭാര്യ മരിക്കുന്നത് അതോടെ ഇരുപതും പതിനെട്ടും വയസ് ആയ ചേട്ടന്റെ രണ്ടു ആണ്മക്കളുടെ കാര്യം ആര് നോക്കും എന്ന് പറഞ്ഞു വീട്ടുകാർ അവർ മരിച്ചു മൂന്ന് മാസം ആകുന്നതിനു മുമ്പ് തന്നെ പുതിയ കല്യാണം ആലോചിച്ചു തുടങ്ങിയത്
അവൾ ആലോചിച്ചപ്പോൾ ശെരി ആണ് ആ വീട്ടിലെ സകല പണിയും രാപകൽ വെത്യാസം ഇല്ലാതെ ചെയുന്ന വേലക്കാരി പോകുമ്പോൾ പുതിയ ആള് വരേണ്ടത് അത്യാവശ്യം തന്നെ. അത് കൊണ്ട് ആകും ഭാര്യ മരിക്കുമ്പോൾ പുരുഷനെ മറ്റൊരു കല്യാണം കഴിക്കാൻ സമൂഹം നിർബന്ധിക്കുന്നത്.
മകളുടെ കല്യാണം കഴിഞ്ഞു ജീവിതത്തിൽ ഒറ്റക്ക് ആയപ്പോൾ അവൾ വീണ്ടും ഒരു കൂട്ടിനെ പറ്റി ആലോചിച്ചു തുടങ്ങിയത്. അപ്പോൾ ആളുകൾ വീണ്ടും എതിർപ്പും ആയി അവളുടെ മുന്നിൽ വന്നു. വയസ് കാലത്ത് ഈ തള്ളക്ക് ഇത് എന്തിന്റെ
സൂക്കേട് എന്ന് ആയിരുന്നു ചിലർ.
പക്ഷെ അനുഭവങ്ങളുടെ തീ ചുളയിൽ കുടി കടന്നു വന്ന അവൾക്കു അപ്പോൾ തന്റെ ജീവിതത്തെ പറ്റി അപ്പോൾ അവൾക്ക് സ്വന്തം തീരുമാനം ഉണ്ടായിരുന്നു.
തന്നെ എതിർത്തവരോട് അവൾ പറഞ്ഞു. ഒരു പെണ്ണ് കുട്ടിക്ക് പതിനെട്ടു വയസ് ആകുമ്പോൾ തന്നെ കല്യാണം കഴിച്ചു ബാധ്യത ഒഴിപ്പിക്കുന്ന വീട്ടുകാർ അവൾ പിന്നീട് ഭർത്താവ് മരിച്ചോ അല്ലേൽ ഡിവോഴ്സ് ആയി ജീവിതത്തിൽ ഒറ്റക്ക് ആയി ഇനി ഒരു കൂട്ടു വേണം എന്ന് തീരുമാനിക്കുമ്പോൾ അവളെ എതിർക്കുകയും ഒറ്റപ്പെടുത്തുകയും ചെയുന്നു.
കുഞ്ഞുങ്ങളുടെ കാര്യം എന്റെ മാത്രം ഉത്തരവാദിത്തം അല്ല എനിക്കും ജോലിക്ക് പോകണം എന്ന് പറയുമ്പോൾ അവൾ മക്കളെ സ്നേഹം ഇല്ലാത്ത അമ്മ ആകുന്നു, ഭർത്താവിന്റെ കിടപ്പിൽ ആയ മാതാപിതാക്കളെ നോക്കി ഞാൻ ക്ഷീണിച്ചു. അല്ലേൽ എനിക്ക് ജോലിക്ക് പോണം. ഒരു ഹോം നഴ്സിനെ വെക്കണം എന്ന് പറഞ്ഞാൽ അവൾ അഹങ്കാരി ആവുന്നു. അപ്പോഴും സ്വന്തം മാതാപിതാക്കളെ നോക്കാൻ ആണ് മക്കൾക്ക് ജോലി കളയാൻ വയ്യ. വന്ന് കേറുന്ന പെണ്ണിന്റ മാത്രം ഉത്തരവാദിത്തം ആണ് ജോലി .അതിന് ആണുങ്ങൾ പറയുന്ന ന്യയം ഞാൻ ജോലിക്ക് പോയി നിനക്കും ചിലവിനു തരുന്നൂല്ലോ. നിനക്ക് കൊണ്ട് വരുന്നത് വെച്ചു ഉണ്ടാക്കി ചുമ്മാ അങ്ങ് ഇരുന്നാൽ പോരേ എന്ന് ആണ്. അവന്റെ മാതാപിതാക്കളെ നോക്കിയും തങ്ങൾക്ക് രണ്ട് പേർക്കും ഉത്തരവാദിത്തം ഉള്ള കുഞ്ഞുങ്ങളെ തന്നെ നോക്കിയും എല്ലാവരും ഉൾപ്പെടുന്ന കുടുംബത്തിന്റെ ആഹാരം തന്നെ പാകം ചെയിതു ആണ് അവൾ അവൾക്ക് ജോലിക്ക് പോകാൻ പറ്റാതെ വരുന്നത് എന്ന് ആരും ചിന്തിക്കുന്നില്ല
ഒരു പെണ്ണ്കുട്ടി വിവാഹപ്രായം ആയി അവൾക്ക് ഇഷ്ടം ഉള്ള ആളെ കല്യാണം കഴിച്ചാൽ സ്വന്തം വീട്ടിൽ നിന്നും എന്നേക്കും ആയി അവൾ പുറത്ത്.
തന്റെ ഭർത്താവ് രണ്ടാമത് ആദ്യ ഭാര്യ ഉള്ളപ്പോൾ തന്നെ കല്യാണം കഴിക്കുമ്പോൾ ഭർത്താവിന്റെയും അവന്റെ രണ്ടാം ഭാര്യയുടെ കൂടെയും ചിരിച്ചു കളിച്ചു അവരുടെ കൂടെ നടക്കുന്ന ചില പെണ്ണുങ്ങളെ കണ്ടിട്ട് ഇല്ലേ. അവർക്ക് അതിൽ സന്തോഷം ആയിട്ട് ഒന്നും അല്ല. അവർ തിരിച്ചു വന്നാൽ അവരെ ചേർത്ത് നിർത്താൻ ഉള്ള വീട്ടുകാർ ഇല്ലാത്ത കൊണ്ട് അവർ സങ്കടം പുറമേ കാണിക്കാതെ മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു ഒരു പൊട്ടിയെ പോലെ മറ്റുള്ളവരുടെ മുന്നിൽ നിക്കുന്നു . മറ്റൊരു വീട്ടിൽ ചെന്ന് കേറേണ്ടവൾ ആണ് പെണ്ണ് മക്കൾ എന്ന് പറഞ്ഞു പഠിപ്പിക്കുന്ന നമ്മൾ ജീവിതത്തിൽ സ്വന്തം കാലിൽ നിക്കാൻ പഠിപ്പിക്കാത്ത കൊണ്ട് ആണ് ഇത് ഇങ്ങനെ സംഭവിക്കുന്നത്.
അവൾ ഒന്ന് നിർത്തി. അല്ല ഞാൻ ഇത് ആരോട് ആണ് പറയുന്നത്.കണ്ണ് അടച്ചു ഇരുട്ട് ആക്കുന്ന നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.
മറ്റുള്ളവരുടെ വാക്ക് കേൾക്കാതെ അവൾക്ക് ശെരി എന്ന് തോന്നുന്ന വഴിയിൽ കൂടി അവൾ സഞ്ചരിച്ചു തുടങ്ങുക ആയിരുന്നു. നഷ്ടപെട്ട വർഷങ്ങളെ ഓർത്തു അവൾക്ക് വിഷമം ഇല്ല. ഇപ്പോഴും കാലിൽ ചങ്ങല ആണെന്ന് തിരിച്ചു അറിയാൻ പറ്റാത്ത ആളുകൾക്ക് ഇടയിൽ അത് ഇപ്പോൾ എങ്കിലും തിരിച്ചു അറിയാൻ പറ്റിയ താൻ ഭാഗ്യവതി തന്നെ….