നിങ്ങളോട് അപ്പോഴേ ഞാൻ പറഞ്ഞതല്ലേ ഇവളെ പഠിപ്പിച്ചു കാശു കളയാതെ അന്നേ കെട്ടിച്ചു വിടാൻ…

വിവാഹപ്രായം

Story written by Kannan Saju

==============

“നിന്റെ ഈ പൊണ്ണത്തടിയും കറുത്ത് ഇരുണ്ട തൊലിയും കണ്ടിട്ട് ആര് വരൂന്നോർത്താ മോളിരിക്കണേ???? “

അവളുടെ കണ്ണുകൾ നിറഞ്ഞു..എങ്കിലും തോറ്റു കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു…അവളുടെ ഓർമയിൽ ഉള്ള അച്ഛനും അങ്ങനെ തന്നായിരുന്നു…

“എനിക്ക് കല്ല്യാണം വേണോന്നു ഞാൻ പറഞ്ഞോ? ” വിഷമവും ദേഷ്യവും കലർന്ന സ്വരത്തിൽ അവൾ കൊച്ചച്ചനു നേരെ നോക്കി ചോദിച്ചു.

“അല്ലെ!!! അത് കൊള്ളാലോ…അപ്പനില്ലാത്ത കൊച്ചല്ലെന്നും വെച്ച് എല്ലാരും കൂടി അതങ്ങു നടത്തി കൊടുക്കാം എന്ന് വെച്ചപ്പോ…അവളുടെ ഒരു അഹങ്കാരം കണ്ടില്ലേ?”

കൊച്ചച്ചൻ മുഷ്ടി ചുരുട്ടി…

“ഞാൻ എന്നാ അഹങ്കാരം കാണിച്ചൂന്നാ ചാച്ചാ??? ഇത്രേം നാളും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചല്ലേ ഞാൻ ജീവിച്ചേ..ഇതെന്റെ ലൈഫിലെ ഏറ്റവും വലിയ കാര്യമാണ്…അതിൽ തീരുമാനം എടുക്കാൻ ഉള്ള അവകാശം എന്റേതല്ലേ?? “

“കണ്ടോ കണ്ടോ !!!! അവള് പറയണത് നിങ്ങള് കണ്ടോ???? ഇപ്പോ എന്തായി…???”

കൊച്ചച്ചന്റെ ഭാര്യ താടയിൽ കൈ വെച്ച് കൊണ്ട് അയ്യാളെ നോക്കി പറഞ്ഞു…

“നിങ്ങളോട് അപ്പോഴേ ഞാൻ പറഞ്ഞതല്ലേ ഇവളെ പഠിപ്പിച്ചു കാശു കളയാതെ അന്നേ കെട്ടിച്ചു വിടാൻ…?ഇപ്പൊ പഠിച്ചു ജോലി ആയി സ്വന്തം കാലിൽ നിക്കാറായപ്പോ അവളുടെ തടി മല്ലു കണ്ടോ??? നിനക്കിതെത്ര വയസ്സായിന്നോർത്താ??? കെട്ടാ ചരക്കായി നിന്നു പോവത്തെ ഉള്ളു “

അവർ പറഞ്ഞു നിർത്തി…..

“അവളുടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് ചോദിക്കട ചെറുക്കാ നീ… ” കയ്യിലിരുന്ന പുകല തിരുമ്മിക്കൊണ്ട് മുത്തശ്ശി കൊച്ചച്ചനോട് പറഞ്ഞു…..

അദ്ദേഹം അവളെ നോക്കി….അതിന്റെ അർത്ഥം മനസ്സിലായതുകൊണ്ടാവണം കൊച്ചച്ചൻ ചോദിക്കും മുന്നേ മറുപടി വന്നു

“എന്റെ മനസ്സിൽ ആരും ഇല്ല ! ഒരു പെണ്ണിപ്പോ കല്യാണം വേണ്ടാന്ന് പറഞ്ഞ അതിനർത്ഥം അവളുടെ മനസ്സിൽ ആരെങ്കിലും ഉണ്ടെന്നല്ല..അവളിപ്പോ തയ്യാറല്ലെന്നു മാത്രമാണ്..അതിനു പല കാരണങ്ങൾ കാണും അതവൾക്കെ അറിയൂ… “

“പിന്നെ ഞങ്ങൾക്കൊക്കെ സമ്മതം ഉണ്ടായിട്ടല്ല ഞങ്ങളെ ഒക്കെ കെട്ടിച്ചതും നിന്റെ അച്ഛനും കൊച്ചച്ചനും ഒക്കെ ഉണ്ടായതും…കല്യാണം കഴിഞ്ഞു കുറച്ചു കഴിയുമ്പോ എല്ലാം ശരിയാവും…കുട്ടികളും ഭർത്താവും അവരുടെ സന്തോഷവും ഒക്കെ ആയി സുഖമായി ജീവിക്കാൻ തുടങ്ങിക്കോളും” മുത്തശ്ശി അടിവരയിട്ടു..

ലച്ചു ദീർഘാമായൊന്നു നിശ്വസിച്ചു…കൊച്ചച്ചനു മുന്നിലേക്ക്‌ കുറച്ചൂടെ കയറി നിന്നു…

“ചാച്ച…എനിക്കിങ്ങനെ പറ്റില്ല…ആദ്യം എനിക്ക് സന്തോഷമായി ഇരിക്കാൻ കഴിയണം..എങ്കിലേ മറ്റുള്ളവരെ സന്തോഷത്തോടെ വെക്കാൻ എനിക്ക് കഴിയു..ഞാൻ ഒരു സ്വതന്ത്ര വ്യക്തിയാണ്..ഭർത്താവിന്റെ സന്തോഷം മാത്രം എന്റെ സന്തോഷമായി കണ്ടു ജീവിക്കാൻ എനിക്ക് കഴിയില്ല..അദ്ദേഹത്തിന്റേത് പോലെ എന്റെയും ഇഷ്ടങ്ങളെയും സന്തോഷങ്ങളെയും സ്വകാര്യതകളെയും മാനിക്കുന്ന ഒരാളെ എനിക്ക് സ്നേഹിക്കാൻ കഴിയു..അങ്ങനൊരാൾ ഇതുവരെ എന്റെ ലൈഫിൽ വന്നിട്ടില്ല..ഇനി വന്നാൽ അപ്പൊ ചിന്തിക്കാം “

അവൾ അദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി….

“ഓ..അവള് പിന്നെ കരഞ്ഞു കൊറച്ചു പൂങ്കണ്ണീർ ഒലിപ്പിച്ചാ മതിയല്ലോ…നിങ്ങള് പണ്ടേ അങ്ങനാ “

ഭാര്യ കൊച്ചച്ചനെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു…

“ഇളയമ്മേ…നിങ്ങക്ക് കല്യാണം എന്നൊക്കെ പറഞ്ഞ പുതിയ ഉടുപ്പും പന്തലും ബഹളവും ഭക്ഷണവും ഒക്കെ ആയി ഒരുത്സവം ആയിരിക്കും..പക്ഷെ എനിക്കതു ഉത്സവപ്പറമ്പിൽ കൂട്ടം തെറ്റി പോയ ഒരു കുട്ടിയെ പോലാവും ഞാൻ നോക്കുക! “

“എന്താന്നു പറഞ്ഞാലും കല്യാണം കഴിക്കാതെ ജീവിക്കാൻ പറ്റുവോ? “

ഇളയമ്മ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു

“എന്താ ജീവിച്ചാൽ..വിദ്യാഭ്യാസം ഇല്ലേ? ജോലി ഇല്ലേ??? അല്ലെങ്കിൽ അതിനു പ്രേപ്പർഡ് ആയിന്നു എനിക്ക് തന്നെ തോന്നണം…പ്രേമിച്ചു കെട്ടിയാലും വീട്ടുകാര് കെട്ടിച്ചാലും ഒക്കെ ശരി തന്നെയല്ലേ? എന്റെ അച്ഛനും അമ്മേം എല്ലാരേം എതിർത്തു പ്രേമിച്ചു കെട്ടിയതല്ലേ? എന്നിട്ടെന്തായി??? മൂന്നു വയസുള്ള എന്നെ ഇട്ടിട്ടു അമ്മ പോയി…കുറച്ചു കഴിഞ്ഞു അച്ഛൻ ഈ ലോകത്തുന്നും പോയി…കൊച്ചച്ചൻ എന്നെ നോക്കിയില്ലായിരുന്നെങ്കിലോ??? പോട്ടെ..വീട്ടുകാര് തന്നെ കണ്ടു പിടിച്ചു സ്ത്രീധനവും വാരിക്കോരി കൊടുത്തു കെട്ടിച്ചു വിട്ടിട്ടും വി ഷം കഴിച്ചു ചാവാനും പാമ്പ് കൊത്തി ചാ വാനും ഒക്കെ അല്ലെ പെണ്ണുങ്ങളുടെ വിധി…കല്യാണം വേണ്ട എന്ന് ഞാൻ പറയുന്നില്ല…അതിനു ഞാൻ തയ്യാറായി എന്ന് തോന്നുമ്പോ അങ്ങനൊരാളെ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്..എനിക്കതിനുള്ള സമയം വേണം “

“എത്ര സമയം? ” ഇളയമ്മ വീണ്ടും പിടുത്തം മുറുക്കി

“അതെനിക്കറിയില്ല! “

“കൊള്ളാം…ഞങ്ങക്കെ രണ്ടു പെൺപിള്ളേരാ..അത് നീ മറക്കണ്ട…നിന്നെ കെട്ടിച്ചു വിടാതെ അതുങ്ങളെ കെട്ടിച്ചു വിട്ടാ നാട്ടുകാരുടെ മുന്നിൽ ഞങ്ങക്ക് തല ഉയർത്തി നടക്കാൻ പറ്റുവോ?? മാത്രല്ല നിന്നെ കണ്ടല്ലേ അതുങ്ങളും വളരുന്നെ? നാളെ ഇത് പോലെ അവരും വന്നു നിന്നു പറഞ്ഞാൽ? “

ലച്ചു ഒന്നും മിണ്ടാതെ നിന്നു….

“കൊച്ചച്ചൻ പറയാണ കേക്കാൻ നീ തയ്യാറല്ലങ്കിൽ ഇനി നീ ഈ വീട്ടിൽ നിക്കാൻ പറ്റില്ല..അതെന്റെ പിള്ളേരെ കൂടെ ചീത്തയാക്കും… “

“ലതേ…” കൊച്ചച്ചൻ ഞെട്ടലോടെ തന്റെ ഭാര്യയെ വിളിച്ചു….

“ഇത്രേം കാലം നിങ്ങള് പറയണ ഞാൻ കേട്ടു..ഇനി വയ്യ….അവൾക്കു നല്ല ജോലി ഉള്ളതല്ലേ വെല്ല ഹോസ്റ്റലിലും പോയി നിക്കട്ടെ…എന്നിട്ട് നമ്മള് പറഞ്ഞതായിരുന്നു ശരി എന്ന് എന്നെങ്കിലും തോന്നുവാണേൽ അന്ന് വരട്ടെ…”

എല്ലാവരും നിശബ്ദരായി…

അവൾ ബാഗുമെടുത്തു ഉമ്മറത്തേക്കു ഇറങ്ങി…കൊച്ചച്ചനു നേരെ ഒന്ന് നോക്കി..മുത്തശ്ശി തല താഴ്ത്തി ഇരുന്നു…അനിയത്തിമാർ ലതയെ പേടിച് അകത്ത് നിന്നു എത്തി നോക്കി….കൊച്ചച്ചൻ അവളെ കൊണ്ട് വിടാൻ പോകാതിരിക്കാൻ ലത അയ്യാളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു…

അവൾ മെല്ലെ നടന്നു നീങ്ങി…കൺവെട്ടത് നിന്നു മറയും വരെ അദ്ദേഹം അവളെ നോക്കി നിന്നു…

ലച്ചു ബസിൽ കയറി…ഫോണെടുത്തു കൊച്ചച്ചനെ വിളിച്ചു…

“താങ്ക്സ് ചാച്ചാ ” അവളുടെ കണ്ണുകൾ നിറഞ്ഞു

“ഹ..അതൊന്നും സാരല്ലടാ…നിന്നെ പിരിഞ്ഞിരിക്കുന്നതിൽ ഉള്ള വിഷമമേ ഉള്ളു…ബാംഗ്ലൂർ പോയി ജോയിൻ ചെയ്തിട്ട് വിളിക്കു…ഞാൻ നോക്കിട്ട് ഇതല്ലാതെ വേറെ വഴിയൊന്നും കണ്ടില്ല..മോൾക്ക് വിഷമായോ വഴക്ക് പറഞ്ഞപ്പോ? “

“ഏയ്‌… “

“അല്ലെങ്കിൽ ലതയും അമ്മേം കൂടെ നിന്നെ എങ്ങനേലും പിടിച്ചു കെട്ടിച്ചു വിടും…ബാംഗ്ളൂർ പോവാനൊന്നും അവര് സമ്മതിക്കൂല…ഇതിപ്പോ നിനക്ക് ആവശ്യത്തിന് സമയം ഉണ്ട്…നന്നായി വാ..എന്താവശ്യം വന്നാലും വിളിക്കാൻ മടിക്കരുത്..പിന്നെ ചാച്ചൻ തന്ന അവസരം ദുരുപയോഗം ചെയ്യരുത് “

“ഇല്ല ചാച്ചാ “

“അപ്പൊ എന്റെ മോളു പോയി മിടുക്കി ആയിട്ട് വാ… “

അവളുടെ മുഖത്ത് അറിയാതെ ഒരു ചിരി വിടർന്നു…

ശുഭം 😜